ശമുവേൽ ഒന്നാം ഭാഗം
11 പിന്നെ, അമ്മോന്യനായ നാഹാശ്+ വന്ന് ഗിലെയാദിലെ യാബേശിന്+ എതിരെ പാളയമടിച്ചു. യാബേശുകാരെല്ലാം അപ്പോൾ നാഹാശിനോടു പറഞ്ഞു: “ഞങ്ങളോട് ഉടമ്പടി ചെയ്യുക.* ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.” 2 അപ്പോൾ അമ്മോന്യനായ നാഹാശ് അവരോടു പറഞ്ഞു: “ഉടമ്പടി ചെയ്യാം. പക്ഷേ, ഒരു വ്യവസ്ഥയുണ്ട്: നിങ്ങളുടെയെല്ലാം വലത്തെ കണ്ണു ഞാൻ ചൂഴ്ന്നെടുക്കും. ഇങ്ങനെ ഞാൻ ഇസ്രായേലിനെ ഒന്നടങ്കം അപമാനിക്കും.” 3 അപ്പോൾ, യാബേശിലെ മൂപ്പന്മാർ നാഹാശിനോടു പറഞ്ഞു: “ഞങ്ങൾക്ക് ഇസ്രായേൽപ്രദേശത്തെങ്ങും ദൂതന്മാരെ അയയ്ക്കാൻവേണ്ടി ഏഴു ദിവസം സമയം തരുക. ഞങ്ങളെ രക്ഷിക്കാൻ ആരുമില്ലെങ്കിൽ ഞങ്ങൾ അങ്ങയ്ക്കു കീഴടങ്ങും.” 4 അങ്ങനെ, ദൂതന്മാർ ശൗലിന്റെ ഗിബെയയിൽ+ ചെന്ന് ജനം കേൾക്കെ ഈ വാക്കുകളെല്ലാം അറിയിച്ചു. അപ്പോൾ, ജനമെല്ലാം വാവിട്ട് കരഞ്ഞു.
5 ആ സമയം, ശൗൽ വയലിൽനിന്ന് കന്നുകാലികളെയുംകൊണ്ട് വരുകയായിരുന്നു. ശൗൽ ചോദിച്ചു: “എന്തു പറ്റി? എന്തിനാണ് എല്ലാവരും കരയുന്നത്?” അപ്പോൾ അവർ, യാബേശുകാർ പറഞ്ഞതു ശൗലിനോടു വിവരിച്ചു. 6 അതു കേട്ടപ്പോൾ ദൈവാത്മാവ് ശൗലിനു ശക്തി പകർന്നു.+ ശൗൽ കോപംകൊണ്ട് ജ്വലിച്ചു. 7 അതുകൊണ്ട്, ശൗൽ ഒരു ജോടി കാളയെ കൊണ്ടുവന്ന് കഷണംകഷണമാക്കി. എന്നിട്ട്, അവ ദൂതന്മാരുടെ കൈവശം ഇസ്രായേൽപ്രദേശത്ത് എല്ലായിടത്തും കൊടുത്തയച്ചു; ഒപ്പം, ഇങ്ങനെയൊരു സന്ദേശവും: “ശൗലിനെയും ശമുവേലിനെയും അനുഗമിക്കാത്ത ഏതൊരുവന്റെ ആടുമാടുകളോടും ഇതുതന്നെയായിരിക്കും ചെയ്യുന്നത്.” അപ്പോൾ, യഹോവ വരുത്തിയ ഭയം ജനത്തെ ബാധിച്ചു. ഏകമനസ്സോടെ* അവരെല്ലാം എത്തി. 8 ബേസെക്കിൽവെച്ച് ശൗൽ അവരെ എണ്ണി. മൊത്തം 3,00,000 ഇസ്രായേല്യരും 30,000 യഹൂദാഗോത്രക്കാരും ഉണ്ടായിരുന്നു. 9 അപ്പോൾ, അവർ ആ ദൂതന്മാരോടു പറഞ്ഞു: “ഗിലെയാദിലെ യാബേശിലുള്ളവരോടു നിങ്ങൾ പറയേണ്ടത് ഇതാണ്: ‘നാളെ വെയിൽ ഉറയ്ക്കുമ്പോൾ നിങ്ങൾക്കു രക്ഷ വന്നിരിക്കും.’” ദൂതന്മാർ ചെന്ന് ഇക്കാര്യം യാബേശുനിവാസികളോടു പറഞ്ഞു. അതുകേട്ട് അവർക്കു സന്തോഷം അടക്കാനായില്ല. 10 അവർ പറഞ്ഞു: “നാളെ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങാം. ഇഷ്ടമുള്ളതെന്തും ഞങ്ങളോടു ചെയ്തുകൊള്ളുക.”+
11 പിറ്റേന്ന്, ശൗൽ ജനത്തെ മൂന്നു പടയായി തിരിച്ചു. അവർ പ്രഭാതയാമത്തിൽ* പാളയത്തിന്റെ നടുവിലേക്കു ചെന്ന് വെയിൽ ഉറയ്ക്കുന്നതുവരെ അമ്മോന്യരെ+ കൊന്നുവീഴ്ത്തി. രക്ഷപ്പെട്ടവരെയോ, രണ്ടു പേർ ഒരുമിച്ചുവരാത്ത രീതിയിൽ ചിതറിച്ചുകളഞ്ഞു. 12 അപ്പോൾ, ജനം ശമുവേലിനോടു പറഞ്ഞു: “‘ഈ ശൗലാണോ നമ്മുടെ രാജാവാകാൻ പോകുന്നത്’+ എന്നു പറഞ്ഞവർ എവിടെ? അവരെ ഞങ്ങൾക്കു വിട്ടുതരിക. ഞങ്ങൾ അവരെ കൊന്നുകളയും.” 13 പക്ഷേ, ശൗൽ പറഞ്ഞു: “ഇന്ന് ആരെയും കൊല്ലാൻ പാടില്ല.+ കാരണം, യഹോവ ഇന്ന് ഇസ്രായേലിനെ രക്ഷിച്ചിരിക്കുന്നു.”
14 ശമുവേൽ പിന്നീട് ജനത്തോടു പറഞ്ഞു: “വരൂ! നമുക്കു ഗിൽഗാലിലേക്കു+ പോയി രാജാധികാരം വീണ്ടും ഉറപ്പിക്കാം.”+ 15 അതുകൊണ്ട്, ജനമെല്ലാം ഗിൽഗാലിലേക്കു പോയി. അവിടെ, യഹോവയുടെ സന്നിധിയിൽവെച്ച് അവർ ശൗലിനെ രാജാവാക്കി. തുടർന്ന്, അവർ യഹോവയുടെ സന്നിധിയിൽ സഹഭോജനബലികൾ അർപ്പിച്ചു.+ വലിയ സന്തോഷത്തിലായ ശൗലും ഇസ്രായേല്യരും അന്നു ശരിക്കും ആഘോഷിച്ചു.+