ഉൽപത്തി
44 പിന്നെ യോസേഫ് വീട്ടിലെ കാര്യസ്ഥനോട് ഇങ്ങനെ കല്പിച്ചു: “അവർക്കു കൊണ്ടുപോകാൻ കഴിയുന്നത്ര ആഹാരം അവരുടെ സഞ്ചികളിൽ നിറയ്ക്കുക. സഞ്ചികളുടെ വായ്ക്കൽ അവരവരുടെ പണവും വെക്കുക.+ 2 എന്നാൽ ഏറ്റവും ഇളയവന്റെ സഞ്ചിയുടെ വായ്ക്കൽ ധാന്യത്തിനു തന്ന പണത്തോടൊപ്പം എന്റെ ആ വെള്ളിപ്പാനപാത്രവും വെക്കണം.” യോസേഫ് നിർദേശിച്ചതുപോലെ അവൻ ചെയ്തു.
3 പുലർച്ചെ വെളിച്ചം വീണപ്പോൾ അവർ കഴുതകളെയുംകൊണ്ട് യാത്രയായി. 4 അവർ നഗരത്തിൽനിന്ന് ഏറെ ദൂരം പിന്നിടുന്നതിനു മുമ്പ്, യോസേഫ് വീട്ടിലെ കാര്യസ്ഥനോട്: “വേഗമാകട്ടെ! അവരെ പിന്തുടർന്നുചെന്ന് അവർക്ക് ഒപ്പം എത്തുക. എന്നിട്ട് അവരോട് ഇങ്ങനെ പറയണം: ‘നിങ്ങൾ നന്മയ്ക്കു പകരം തിന്മ ചെയ്തത് എന്ത്? 5 ഇതിൽനിന്നല്ലേ എന്റെ യജമാനൻ കുടിക്കുന്നത്? ഇത് ഉപയോഗിച്ചല്ലേ യജമാനൻ കൃത്യമായി ലക്ഷണം നോക്കുന്നത്? നിങ്ങൾ ഈ ചെയ്തതു ദുഷ്ടതയാണ്.’”
6 അങ്ങനെ അയാൾ അവർക്കൊപ്പം എത്തി, ഈ വാക്കുകൾ അവരോടു പറഞ്ഞു. 7 എന്നാൽ അവർ അയാളോട്: “അങ്ങ് എന്താണ് ഈ പറയുന്നത്? ഇങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾക്കു ചിന്തിക്കാനേ കഴിയില്ല. 8 ഞങ്ങളുടെ സഞ്ചികളുടെ വായ്ക്കൽ കണ്ട പണം ഞങ്ങൾ കനാൻ ദേശത്തുനിന്ന് കൊണ്ടുവന്ന് അങ്ങയ്ക്കു തിരികെ തരുകപോലും ചെയ്തില്ലേ?+ ആ സ്ഥിതിക്ക്, ഞങ്ങൾ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് പൊന്നോ വെള്ളിയോ മോഷ്ടിക്കുമോ? 9 അതു ഞങ്ങളുടെ ആരുടെയെങ്കിലും കൈവശം കണ്ടാൽ അവൻ മരിക്കണം. ശേഷമുള്ളവരെല്ലാം അങ്ങയ്ക്ക് അടിമകളാകുകയും ചെയ്തുകൊള്ളാം.” 10 അപ്പോൾ അയാൾ പറഞ്ഞു: “നിങ്ങൾ പറഞ്ഞതുപോലെയാകട്ടെ. അത് ആരുടെ കൈവശം കാണുന്നോ അയാൾ എന്റെ അടിമയാകും. എന്നാൽ ബാക്കിയുള്ളവർ നിരപരാധികളായിരിക്കും.” 11 പെട്ടെന്നുതന്നെ അവർ ഓരോരുത്തരും സഞ്ചികൾ താഴെ ഇറക്കിവെച്ചിട്ട് അവ തുറന്നു. 12 അയാൾ മൂത്തവൻമുതൽ ഇളയവൻവരെ എല്ലാവരുടെയും സഞ്ചികൾ പരിശോധിച്ചു. ഒടുവിൽ ബന്യാമീന്റെ സഞ്ചിയിൽനിന്ന് പാനപാത്രം കണ്ടെടുത്തു.+
13 അപ്പോൾ അവർ വസ്ത്രം കീറി. ഓരോരുത്തരും അവരുടെ ചുമടു വീണ്ടും കഴുതപ്പുറത്ത് കയറ്റി നഗരത്തിലേക്കു തിരികെ പോയി. 14 യഹൂദയും+ സഹോദരന്മാരും യോസേഫിന്റെ വീട്ടിലേക്കു ചെന്നപ്പോൾ യോസേഫ് അവിടെത്തന്നെയുണ്ടായിരുന്നു. അവർ യോസേഫിന്റെ മുമ്പാകെ വീണ് നമസ്കരിച്ചു.+ 15 യോസേഫ് അവരോടു ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്തത്? എന്നെപ്പോലുള്ള ഒരാൾക്കു കൃത്യമായി ലക്ഷണം നോക്കാൻ+ കഴിയുമെന്നു നിങ്ങൾക്ക് അറിയില്ലേ?” 16 അപ്പോൾ യഹൂദ പറഞ്ഞു: “ഞങ്ങൾ യജമാനനോട് എന്തു ബോധിപ്പിക്കും? ഞങ്ങൾക്ക് എന്തു പറയാൻ കഴിയും? നേരുള്ളവരാണു ഞങ്ങളെന്ന് എങ്ങനെയാണു തെളിയിക്കുക? സത്യദൈവം ഞങ്ങളുടെ തെറ്റ് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നു.+ ഇതാ, ഞങ്ങളും ആരുടെ കൈവശമാണോ പാനപാത്രം കണ്ടത് അവനും ഇപ്പോൾ യജമാനന്റെ അടിമകളാണ്.” 17 പക്ഷേ യോസേഫ് പറഞ്ഞു: “അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല! പാനപാത്രം കണ്ടത് ആരുടെ കൈയിലാണോ അവൻ എന്റെ അടിമയായാൽ മതി.+ ബാക്കിയുള്ളവർക്കു സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുത്തേക്കു മടങ്ങിപ്പോകാം.”
18 അപ്പോൾ യഹൂദ യോസേഫിന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: “യജമാനനോടു ഞാൻ യാചിക്കുകയാണ്. അങ്ങയുടെ മുമ്പാകെ ഒരു കാര്യം ഉണർത്തിക്കാൻ അടിയനെ അനുവദിക്കേണമേ. അടിയനോടു കോപിക്കരുതേ; അങ്ങ് ഞങ്ങൾക്കു ഫറവോനെപ്പോലെയാണല്ലോ.+ 19 ഞങ്ങളുടെ യജമാനനായ അങ്ങ് അടിയങ്ങളോട്, ‘നിങ്ങൾക്ക് അപ്പനോ മറ്റൊരു സഹോദരനോ ഉണ്ടോ’ എന്നു ചോദിച്ചു. 20 അപ്പോൾ ഞങ്ങൾ യജമാനനോടു പറഞ്ഞു: ‘ഞങ്ങൾക്കു വയസ്സായൊരു അപ്പനും അപ്പനു വാർധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്. അവനാണ് ഏറ്റവും ഇളയവൻ.+ അവന്റെ ചേട്ടൻ മരിച്ചുപോയി.+ അവന്റെ അമ്മയുടെ മക്കളിൽ അവൻ മാത്രമേ ബാക്കിയുള്ളൂ.+ അപ്പന് അവനെ വളരെ ഇഷ്ടമാണ്.’ 21 അപ്പോൾ അങ്ങ് അടിയങ്ങളോട്, ‘അവനെ എന്റെ അടുത്ത് കൊണ്ടുവരൂ, എനിക്ക് അവനെ കാണണം’+ എന്നു പറഞ്ഞു. 22 എന്നാൽ ഞങ്ങൾ യജമാനനോട്, ‘അവന് അപ്പനെ വിട്ടുപിരിയാൻ കഴിയില്ല, അവൻ വിട്ടുപിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും’+ എന്ന് ഉണർത്തിച്ചു. 23 അപ്പോൾ അങ്ങ്, ‘നിങ്ങളുടെ ഇളയ സഹോദരൻ കൂടെയില്ലാതെ നിങ്ങൾ ഇനി എന്നെ മുഖം കാണിക്കരുത്’+ എന്നു പറഞ്ഞു.
24 “അങ്ങനെ ഞങ്ങൾ അങ്ങയുടെ അടിമയായ ഞങ്ങളുടെ അപ്പന്റെ അടുത്ത് ചെന്ന് യജമാനന്റെ വാക്കുകൾ അറിയിച്ചു. 25 പിന്നീട് ഞങ്ങളുടെ അപ്പൻ ഞങ്ങളോട്, ‘നിങ്ങൾ മടങ്ങിച്ചെന്ന് കുറച്ച് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരുക’+ എന്നു പറഞ്ഞു. 26 എന്നാൽ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾക്കു പോകാനാകില്ല. ഇളയ സഹോദരൻ ഞങ്ങളോടൊപ്പം വരുകയാണെങ്കിൽ ഞങ്ങൾ പോകാം. അവൻ കൂടെയില്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തെ മുഖം കാണിക്കാനാകില്ല.’+ 27 അപ്പോൾ അങ്ങയുടെ അടിമയായ ഞങ്ങളുടെ അപ്പൻ ഞങ്ങളോടു പറഞ്ഞു: ‘എന്റെ ഭാര്യ എനിക്കു രണ്ട് ആൺമക്കളെ പ്രസവിച്ചെന്നു+ നിങ്ങൾക്ക് അറിയാമല്ലോ. 28 എന്നാൽ അവരിൽ ഒരാൾ എന്നെ വിട്ട് പോയി. അപ്പോൾ ഞാൻ, “അവനെ ഒരു വന്യമൃഗം പിച്ചിച്ചീന്തിയിട്ടുണ്ടാകും”+ എന്നു പറഞ്ഞു. പിന്നെ ഞാൻ അവനെ കണ്ടിട്ടുമില്ല. 29 ഇവനെയും എന്റെ കൺമുന്നിൽനിന്ന് കൊണ്ടുപോയിട്ട് ഇവന് എന്തെങ്കിലും വലിയ അപകടം സംഭവിച്ചാൽ നിങ്ങൾ എന്റെ നരച്ച തല വേദനയോടെ ശവക്കുഴിയിൽ*+ ഇറങ്ങാൻ ഇടയാക്കും.’+
30 “ഞങ്ങളുടെ ഈ അനിയനെ അപ്പൻ സ്വന്തം ജീവനെപ്പോലെ സ്നേഹിക്കുന്നു. ഇപ്പോൾ ഇവനില്ലാതെ അങ്ങയുടെ അടിമയായ ഞങ്ങളുടെ അപ്പന്റെ അടുത്തേക്കു ഞാൻ മടങ്ങിച്ചെന്നാൽ, 31 ഇവൻ കൂടെയില്ലെന്നു കാണുന്ന നിമിഷംതന്നെ അപ്പൻ മരിച്ചുപോകും. അങ്ങനെ അങ്ങയുടെ അടിമയായ ഞങ്ങളുടെ അപ്പന്റെ നരച്ച തല അതിദുഃഖത്തോടെ ശവക്കുഴിയിൽ* ഇറങ്ങാൻ അടിയങ്ങൾ കാരണമാകും. 32 ‘അവനെ അപ്പന്റെ അടുത്ത് തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഞാൻ അപ്പനോടു കുറ്റക്കാരനായിരിക്കും’ എന്ന് അടിയൻ അപ്പന് ഉറപ്പു കൊടുത്തിട്ടുണ്ട്.+ 33 അതുകൊണ്ട് ഞങ്ങളുടെ ഈ അനിയനു പകരം എന്നെ യജമാനന്റെ അടിമയാക്കിയിട്ട് ഇവനെ ഇവന്റെ ചേട്ടന്മാരോടൊപ്പം പോകാൻ അനുവദിച്ചാലും. 34 അവൻ കൂടെയില്ലാതെ ഞാൻ എങ്ങനെ എന്റെ അപ്പന്റെ അടുത്ത് തിരിച്ചുചെല്ലും! അപ്പന് ഈ ആപത്തു വരുന്നതു കണ്ടുനിൽക്കാൻ എനിക്കു കഴിയില്ല!”