അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
6 ശിഷ്യന്മാരുടെ എണ്ണം വർധിച്ചുവന്ന കാലത്ത്, ദിവസവുമുള്ള ഭക്ഷ്യവിതരണത്തിൽ തങ്ങൾക്കിടയിലെ വിധവമാരെ അവഗണിച്ചതുകൊണ്ട്+ ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ എബ്രായ ഭാഷ സംസാരിക്കുന്ന ജൂതന്മാരെക്കുറിച്ച് പരാതി പറയാൻതുടങ്ങി. 2 അപ്പോൾ 12 അപ്പോസ്തലന്മാർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ദൈവവചനം പഠിപ്പിക്കുന്നതു നിറുത്തിയിട്ട് ഞങ്ങൾ ഭക്ഷണം വിളമ്പാൻ പോകുന്നതു ശരിയല്ല.+ 3 അതുകൊണ്ട് സഹോദരങ്ങളേ, ദൈവാത്മാവും ജ്ഞാനവും നിറഞ്ഞ,+ സത്പേരുള്ള+ ഏഴു പുരുഷന്മാരെ നിങ്ങൾക്കിടയിൽനിന്ന് തിരഞ്ഞെടുക്കുക. അവരെ ഞങ്ങൾ ഈ പ്രധാനപ്പെട്ട കാര്യത്തിനുവേണ്ടി നിയമിക്കാം.+ 4 എന്നാൽ ഞങ്ങൾ പ്രാർഥനയിലും ദൈവവചനം പഠിപ്പിക്കുന്നതിലും മുഴുകട്ടെ.”+ 5 അവർ പറഞ്ഞത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ സ്തെഫാനൊസിനെയും+ അതുപോലെ ഫിലിപ്പോസ്,+ പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമെനാസ്, ജൂതമതം സ്വീകരിച്ച അന്ത്യോക്യക്കാരനായ നിക്കൊലാവൊസ് എന്നിവരെയും അവർ തിരഞ്ഞെടുത്തു. 6 അവർ അവരെ അപ്പോസ്തലന്മാരുടെ മുമ്പാകെ കൊണ്ടുവന്നു. അവർ പ്രാർഥിച്ചിട്ട് അവരുടെ മേൽ കൈകൾ വെച്ചു.+
7 അങ്ങനെ ദൈവവചനം കൂടുതൽക്കൂടുതൽ പ്രചരിക്കുകയും+ യരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം വളരെ വർധിക്കുകയും ചെയ്തു.+ വലിയൊരു കൂട്ടം പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു.+
8 അക്കാലത്ത് സ്തെഫാനൊസ് ദൈവികമായ ദയയും ശക്തിയും നിറഞ്ഞവനായി ജനത്തിന് ഇടയിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. 9 ഒരു ദിവസം, വിമോചിതരുടെ സിനഗോഗ് എന്ന് അറിയപ്പെട്ടിരുന്ന സംഘത്തിൽനിന്നുള്ള ചിലരും കിലിക്യ, ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ചിലരും ചില കുറേനക്കാരും ചില അലക്സാൻഡ്രിയക്കാരും സ്തെഫാനൊസിനോടു തർക്കിക്കാൻ വന്നു. 10 എന്നാൽ സ്തെഫാനൊസിന്റെ സംസാരത്തിൽ നിറഞ്ഞുനിന്ന ജ്ഞാനത്തെയും ദൈവാത്മാവിനെയും എതിർത്തുനിൽക്കാൻ അവർക്കു കഴിഞ്ഞില്ല.+ 11 അപ്പോൾ അവർ, “ഇയാൾ മോശയെയും ദൈവത്തെയും നിന്ദിച്ച് സംസാരിക്കുന്നതു ഞങ്ങൾ കേട്ടു” എന്നു പറയാൻ രഹസ്യമായി ചിലരെ പ്രേരിപ്പിച്ചു.+ 12 കൂടാതെ, അവർ ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കിവിട്ടു. അവർ പെട്ടെന്നുതന്നെ സ്തെഫാനൊസിന്റെ നേരെ ചെന്ന് സ്തെഫാനൊസിനെ പിടിച്ച് ബലമായി സൻഹെദ്രിന്റെ മുമ്പാകെ കൊണ്ടുവന്നു. 13 എന്നിട്ട് അവർ കള്ളസാക്ഷികളെ കൊണ്ടുവന്ന് ഇങ്ങനെ പറയിച്ചു: “ഇയാൾ എപ്പോഴും ഈ വിശുദ്ധസ്ഥലത്തിനും നമ്മുടെ നിയമത്തിനും എതിരെ സംസാരിക്കാറുണ്ട്.+ 14 നസറെത്തുകാരനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശയിൽനിന്ന് നമുക്കു കൈമാറിക്കിട്ടിയ ആചാരങ്ങൾ യേശു മാറ്റിക്കളയുമെന്നും ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു.”+
15 സൻഹെദ്രിനിലുള്ള എല്ലാവരും സ്തെഫാനൊസിനെ സൂക്ഷിച്ചുനോക്കി. സ്തെഫാനൊസിന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലിരിക്കുന്നത് അവർ കണ്ടു.