പത്രോസ് എഴുതിയ രണ്ടാമത്തെ കത്ത്
2 എന്നാൽ ദൈവജനത്തിന് ഇടയിൽ കള്ളപ്രവാചകന്മാരുമുണ്ടായിരുന്നു. നിങ്ങൾക്കിടയിലും വ്യാജോപദേഷ്ടാക്കൾ ഉണ്ടാകും.+ ആരും അറിയാതെ ഹാനികരമായ വിഭാഗീയത ഉണ്ടാക്കിക്കൊണ്ടും തങ്ങളെ വിലയ്ക്കു വാങ്ങിയ യജമാനനെപ്പോലും+ തള്ളിപ്പറഞ്ഞുകൊണ്ടും അവർ തങ്ങൾക്കുതന്നെ പെട്ടെന്നു നാശം വിളിച്ചുവരുത്തും. 2 അവരുടെ ധിക്കാരത്തോടെയുള്ള പെരുമാറ്റം*+ പലരും അനുകരിക്കും. അവർ കാരണം ആളുകൾ സത്യമാർഗത്തെ നിന്ദിക്കും.+ 3 കള്ളത്തരം പറഞ്ഞുകൊണ്ട് അത്യാഗ്രഹത്തോടെ അവർ നിങ്ങളെ ചൂഷണം ചെയ്യും. പണ്ടേ അവർക്കുവേണ്ടി തീരുമാനിച്ചുവെച്ചിരിക്കുന്ന ന്യായവിധി+ അവരുടെ മേൽ വരാൻ താമസിക്കില്ല; അവരുടെ നാശം ഉറങ്ങിക്കിടക്കുകയല്ല.+
4 പാപം ചെയ്ത ദൈവദൂതന്മാരെ+ ദൈവം വെറുതേ വിടാതെ, പിന്നീടു ന്യായം വിധിക്കാനായി ടാർട്ടറസിലെ*+ അന്ധകാരത്തിൽ ചങ്ങലയ്ക്കിട്ടു.*+ 5 പുരാതനലോകത്തെയും ദൈവം ശിക്ഷിക്കാതെ വിട്ടില്ല.+ എന്നാൽ ദൈവഭക്തിയില്ലാത്തവരുടെ ലോകത്തെ ഒരു ജലപ്രളയത്താൽ നശിപ്പിച്ചപ്പോൾ,+ നീതിയെക്കുറിച്ച് പ്രസംഗിച്ച നോഹയെ+ ദൈവം വേറെ ഏഴു പേരോടൊപ്പം സംരക്ഷിച്ചു.+ 6 അതുപോലെ സൊദോം, ഗൊമോറ എന്നീ നഗരങ്ങളെ ചുട്ടുചാമ്പലാക്കിക്കൊണ്ട് ദൈവം അവിടത്തെ നിവാസികളെയും കുറ്റം വിധിച്ചു.+ അങ്ങനെ ഭാവിയിൽ, ഭക്തിയില്ലാതെ ജീവിക്കുന്നവർക്ക് എന്തു സംഭവിക്കുമെന്നു കാണിച്ചുകൊടുത്തു.+ 7 എന്നാൽ ധിക്കാരികളുടെ* ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിൽ* ഏറെ മനോവിഷമം അനുഭവിച്ചിരുന്ന നീതിമാനായ ലോത്തിനെ ദൈവം രക്ഷിച്ചു.+ 8 അവർക്കിടയിൽ താമസിച്ചപ്പോൾ ദിവസവും കാണേണ്ടിവന്ന ധിക്കാരപ്രവൃത്തികളും* കേൾക്കേണ്ടിവന്ന കാര്യങ്ങളും ആ നീതിമാന്റെ നീതിനിഷ്ഠമായ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. 9 അതെ, ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്ക്ക്* അറിയാം.+ ന്യായവിധിദിവസത്തിൽ നശിപ്പിച്ചുകളയേണ്ട നീതികെട്ടവരെ,+ 10 വിശേഷിച്ച് അധികാരത്തെ പുച്ഛിക്കുന്നവരെയും+ മറ്റുള്ളവരുടെ ശരീരത്തെ മലിനപ്പെടുത്താൻ നോക്കുന്നവരെയും,+ എങ്ങനെ ന്യായവിധിക്കായി സൂക്ഷിക്കണമെന്നും ദൈവത്തിന് അറിയാം.
ധിക്കാരികളും തന്നിഷ്ടക്കാരും ആയ അവർക്കു മഹത്ത്വമാർന്നവരെപ്പോലും അധിക്ഷേപിക്കാൻ പേടിയില്ല. 11 എന്നാൽ കൂടുതൽ ബലവും ശക്തിയും ഉള്ള ദൈവദൂതന്മാർപോലും യഹോവയോടുള്ള* ആദരവ് കാരണം, അധിക്ഷേപവാക്കുകൾ ഉപയോഗിച്ച് അവരെ കുറ്റപ്പെടുത്താറില്ല.+ 12 പിടിയിലായി കൊല്ലപ്പെടാൻ മാത്രം പിറന്ന, സഹജജ്ഞാനത്താൽ ജീവിക്കുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണ് ഈ മനുഷ്യർ.+ തങ്ങൾക്ക് അറിയില്ലാത്ത കാര്യങ്ങളെ നിന്ദിക്കുന്ന ഇക്കൂട്ടർ നാശകരമായ അവരുടെ ജീവിതഗതി കാരണം നശിച്ചുപോകും. 13 അവരുടെ ദുഷിച്ച ജീവിതരീതിയുടെ പരിണതഫലം അവർ അനുഭവിക്കേണ്ടിവരും.
പട്ടാപ്പകൽപോലും ജീവിതസുഖങ്ങളിൽ ആറാടുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു.+ നിങ്ങളോടൊപ്പം വിരുന്നുകളിൽ പങ്കെടുക്കുന്ന അവർ വഞ്ചകമായ ഉപദേശങ്ങളിൽ മദിച്ചുരസിക്കുന്ന കറകളും കളങ്കങ്ങളും ആണ്.+ 14 അവരുടെ കണ്ണുകളിൽ വ്യഭിചാരം നിറഞ്ഞുനിൽക്കുന്നു.+ അവർക്കു പാപം ചെയ്യാതിരിക്കാനാകുന്നില്ല. വിശ്വാസത്തിൽ ഉറപ്പില്ലാത്തവരെ* അവർ വശീകരിച്ച് വശത്താക്കുന്നു. അവർ അത്യാഗ്രഹത്തിൽ പരിശീലനം നേടിയ ഹൃദയമുള്ളവരും ശപിക്കപ്പെട്ട സന്താനങ്ങളും ആണ്. 15 അവർ നേർവഴി വിട്ട് തെറ്റിപ്പോയിരിക്കുന്നു. അനീതിയുടെ കൂലി കൊതിച്ച,+ ബയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിലാണ്+ അവർ നടക്കുന്നത്. 16 ബിലെയാമിന് അയാളുടെ അപരാധത്തിനു തക്ക ശാസന കിട്ടി.+ മിണ്ടാപ്രാണിയായ കഴുത മനുഷ്യശബ്ദത്തിൽ സംസാരിച്ച് ആ പ്രവാചകന്റെ ഭ്രാന്തമായ ഗതിക്കു തടയിട്ടല്ലോ.+
17 അവർ, വെള്ളമില്ലാത്ത പൊട്ടക്കിണറുകളും കൊടുങ്കാറ്റു പറത്തിക്കൊണ്ടുപോകുന്ന മൂടൽമഞ്ഞും ആണ്. അവർക്കുവേണ്ടി കനത്ത കൂരിരുട്ടു കരുതിവെച്ചിരിക്കുന്നു.+ 18 അവർ പൊള്ളയായ വമ്പൻ പ്രസ്താവനകൾ നടത്തുന്നു; ജഡികമോഹങ്ങൾ ഉണർത്തിക്കൊണ്ടും+ ധിക്കാരത്തോടെ പെരുമാറിക്കൊണ്ടും,* വഴിപിഴച്ചവരുടെ ഇടയിൽനിന്ന് രക്ഷപ്പെട്ടുവരുന്നവരെ അവർ വശീകരിക്കുന്നു.+ 19 മറ്റുള്ളവർക്കു സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ഇവർതന്നെ ജീർണതയുടെ അടിമകളാണ്.+ കാരണം ഒരാളെ മറ്റൊരാൾ തോൽപ്പിക്കുന്നെങ്കിൽ തോൽക്കുന്നയാൾ മറ്റേയാളുടെ* അടിമയാണല്ലോ.+ 20 കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ* അറിവിലൂടെ ലോകത്തിന്റെ മാലിന്യങ്ങളിൽനിന്ന് രക്ഷപ്പെട്ടവർ+ വീണ്ടും അവയിൽ അകപ്പെട്ട് അവയ്ക്ക് അടിമപ്പെട്ടാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ വഷളായിത്തീരും.+ 21 നീതിയുടെ വഴി സൂക്ഷ്മമായി മനസ്സിലാക്കിയശേഷം, തങ്ങൾക്കു കിട്ടിയ വിശുദ്ധകല്പനയിൽനിന്ന് പിന്തിരിയുന്നതിനെക്കാൾ അത് അറിയാതിരിക്കുന്നതായിരുന്നു അവർക്കു നല്ലത്.+ 22 “നായ അതിന്റെ സ്വന്തം ഛർദിയിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളിയിൽ കിടന്നുരുളാൻ പോയി”+ എന്ന പഴഞ്ചൊല്ല് ഇവരുടെ കാര്യത്തിൽ സത്യമായിരിക്കുന്നു.