വ്യാജോപദേഷ്ടാക്കന്മാരെ സൂക്ഷിക്കുക!
“നിങ്ങളുടെ ഇടയിൽ വ്യാജോപദേഷ്ടാക്കന്മാരും ഉണ്ടായിരിക്കും.”—2 പത്രൊസ് 2:1, NW.
1. എന്തിനെക്കുറിച്ച് എഴുതാനാണു യൂദാ ഉദ്ദേശിച്ചിരുന്നത്, അവൻ തന്റെ വിഷയം മാറ്റിയതെന്തുകൊണ്ട്?
എത്രയോ ഞെട്ടിക്കുന്ന ഒരു സംഗതി! ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിൽ വ്യാജോപദേഷ്ടാക്കന്മാരോ! (മത്തായി 7:15; പ്രവൃത്തികൾ 20:29, 30) ഈ സംഭവവികാസത്തെക്കുറിച്ചു യേശുവിന്റെ അർധസഹോദരനായ യൂദായ്ക്ക് അറിയാമായിരുന്നു. “നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു” സഹവിശ്വാസികൾക്ക് എഴുതാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, അവൻ ഇങ്ങനെ വിശദീകരിച്ചു: “വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.” യൂദാ തന്റെ വിഷയം മാറ്റിയതെന്തുകൊണ്ട്? “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി . . . അഭക്തരായ ചില മനുഷ്യർ [സഭകളിലേക്കു] നുഴഞ്ഞുവന്നിരിക്കുന്നു” എന്നതാണു കാരണമെന്ന് അവൻ പറഞ്ഞു.—യൂദാ 3, 4.
2. 2 പത്രൊസ് 2-ാം അധ്യായവും യൂദായും സാമ്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
2 പത്രൊസ് തന്റെ രണ്ടാം ലേഖനമെഴുതി താമസിയാതെതന്നെയാണ് യൂദാ എഴുതിയതെന്നു വ്യക്തം. പത്രൊസിന്റെ ലേഖനവുമായി യൂദാ പരിചിതനായിരുന്നുവെന്നതിൽ സംശയമില്ല. തന്റെ ശക്തമായ ഉദ്ബോധന ലേഖനത്തിൽ യൂദാ തീർച്ചയായും സമാനമായ ചില ആശയങ്ങൾ എഴുതിയിരുന്നു. അതുകൊണ്ട്, നാം 2 പത്രൊസ് 2-ാം അധ്യായം പരിചിന്തിക്കുമ്പോൾ അതിനു യൂദായുടെ ലേഖനത്തോട് എങ്ങനെ സാമ്യമുണ്ടെന്നും ശ്രദ്ധിക്കുന്നതായിരിക്കും.
വ്യാജോപദേശങ്ങളുടെ പരിണതഫലങ്ങൾ
3. വീണ്ടും സംഭവിക്കുമെന്നു പത്രൊസ് പറയുന്ന എന്താണു കഴിഞ്ഞകാലത്തു സംഭവിച്ചത്?
3 പ്രവചനത്തിനു ശ്രദ്ധ നൽകാൻ തന്റെ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചശേഷം പത്രൊസ് ഇങ്ങനെ പറയുന്നു: “എന്നാൽ [പുരാതന ഇസ്രായേലിൽ] കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ [“വ്യാജോപദേഷ്ടാക്കന്മാർ,” NW] ഉണ്ടാകും.” (2 പത്രൊസ് 1:14–2:1) പുരാതനകാലങ്ങളിലെ ദൈവജനത്തിനു യഥാർഥ പ്രവചനമാണു ലഭിച്ചത്. എന്നാൽ, കള്ളപ്രവാചകന്മാരുടെ ദുഷിപ്പിക്കുന്ന പഠിപ്പിക്കലുകളോട് അവർക്കു പോരാടേണ്ടതുണ്ടായിരുന്നു. (യിരെമ്യാവു 6:13, 14; 28:1-3, 15) “യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാൻ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്തു വ്യാജത്തിൽ നടക്കുന്നു” എന്ന് യിരെമ്യാവ് എഴുതി.—യിരെമ്യാവു 23:14.
4. വ്യാജോപദേഷ്ടാക്കന്മാർ നാശമർഹിക്കുന്നതെന്തുകൊണ്ട്?
4 ക്രിസ്തീയ സഭയിൽ വ്യാജോപദേഷ്ടാക്കന്മാർ എന്തു ചെയ്യുമെന്നു വർണിച്ചുകൊണ്ട് പത്രൊസ് പറയുന്നു: “അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ [യേശുക്രിസ്തുവിനെ] തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.” (2 പത്രൊസ് 2:1; യൂദാ 4) ഒന്നാം നൂറ്റാണ്ടിലെ അത്തരം വിഭാഗീയ ചിന്താഗതിയുടെ അന്തിമഫലമാണു നമുക്കിന്ന് അറിയാവുന്ന ക്രൈസ്തവലോകം. വ്യാജോപദേഷ്ടാക്കന്മാർ നാശത്തിനു തികച്ചും അർഹരായിരിക്കുന്നതിന്റെ കാരണം പത്രൊസ് കാട്ടിത്തരുന്നു: “അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.”—2 പത്രൊസ് 2:2.
5. വ്യാജോപദേഷ്ടാക്കന്മാർ എന്തിന് ഉത്തരവാദികളായിരുന്നു?
5 അതൊന്നു ചിന്തിച്ചുനോക്കൂ! വ്യാജോപദേഷ്ടാക്കന്മാരുടെ സ്വാധീനഫലമായി സഭകളിലുള്ള പലരും ദുഷ്കാമപ്രവൃത്തികളിൽ ഉൾപ്പെടുമായിരുന്നു. ‘ദുഷ്കാമപ്രവൃത്തികൾ’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അർഥം കാമാസക്തി, സംയമനമില്ലായ്മ, അസഭ്യത, ഭോഗാസക്തി, നിർലജ്ജമായ നടത്ത എന്നൊക്കെയാണ്. ക്രിസ്ത്യാനികൾ ‘ലോകത്തിൽ മോഹത്താലുള്ള നാശം [“ദുഷിപ്പ്,” NW] വിട്ടൊഴിഞ്ഞതായി’ പത്രൊസ് മുമ്പു പറഞ്ഞിരുന്നു. (2 പത്രൊസ് 1:4) എന്നാൽ ചിലർ ആ ദുഷിപ്പിലേക്കു തിരിച്ചുപോയി, അതിനു പ്രധാനമായും ഉത്തരവാദികളോ സഭകളിലെ വ്യാജോപദേഷ്ടാക്കന്മാരും! ദുഷ്കീർത്തി ഏൽക്കുന്നത് സത്യമാർഗത്തിനായിരുന്നു. എത്രയോ ദുഃഖകരം! ഇന്നു യഹോവയുടെ സാക്ഷികളെല്ലാവരും ദത്തശ്രദ്ധ നൽകേണ്ട ഒരു കാര്യമാണത്. നമ്മുടെ പെരുമാറ്റത്തിന് യഹോവയാം ദൈവത്തിനും അവന്റെ ജനത്തിനും സ്തുതി കരേറ്റാനോ നിന്ദ കൈവരുത്താനോ സാധിക്കുമെന്ന കാര്യം നാമൊരിക്കലും മറക്കരുത്.—സദൃശവാക്യങ്ങൾ 27:11; റോമർ 2:24.
വ്യാജോപദേശങ്ങൾ അവതരിപ്പിക്കുന്നു
6. വ്യാജോപദേഷ്ടാക്കന്മാരെ പ്രചോദിപ്പിക്കുന്നത് എന്താണ്, തങ്ങളുടെ അഭിലാഷനിവൃത്തിക്കായി അവർ എങ്ങനെ ശ്രമിക്കുന്നു?
6 വ്യാജോപദേഷ്ടാക്കന്മാർ തങ്ങളുടെ അധമമായ ചിന്ത കൊണ്ടുവരുന്നതെങ്ങനെയെന്നു നാം മനസ്സിലാക്കുന്നതു ജ്ഞാനമാണ്. കോളിളക്കമൊന്നും കൂടാതെ നിശ്ശബ്ദമായി, കുടിലമായ വിധത്തിൽ അവരതു ചെയ്യുന്നുവെന്നു പത്രൊസ് ആദ്യം പറയുന്നു. അവൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും.” വ്യാജോപദേഷ്ടാക്കന്മാർക്കു പ്രചോദനം നൽകുന്നതു സ്വാർഥാഭിലാഷമാണ്. യെരുശലേം ബൈബിൾ (ഇംഗ്ലീഷ്) പരിഭാഷ അതിന് ഊന്നൽ നൽകിയിരിക്കുന്നു: “കപടമായ ഭാഷണത്താൽ തങ്ങൾക്കായി നിങ്ങളെ വിലയ്ക്കു വാങ്ങാൻ അവർ വ്യഗ്രത കാട്ടും.” സമാനമായി, ജയിംസ് മോഫറ്റിന്റെ ഭാഷാന്തരം ആ ഭാഗത്ത് ഇങ്ങനെ പറയുന്നു: “തന്ത്രപരമായ വാദങ്ങൾ നടത്തി കാമാർത്തി പൂണ്ട് അവർ നിങ്ങളെ ചൂഷണം ചെയ്യും.” (2 പത്രൊസ് 2:1, 3) ആത്മീയമായി ജാഗ്രത പാലിക്കാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം വ്യാജോപദേഷ്ടാക്കന്മാരുടെ വാക്കുകൾ നല്ലതാണെന്നു തോന്നിയേക്കാം. എന്നാൽ ആ വഞ്ചകരുടെ വാക്കുകൾ തങ്ങളുടെ സ്വാർഥോദ്ദേശ്യങ്ങൾക്ക് ഉതകുന്ന വിധത്തിൽ ആളുകളെ വശീകരിച്ച് “വിലയ്ക്കു വാങ്ങാൻ” ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
7. ഒന്നാം നൂറ്റാണ്ടിൽ പ്രചാരം നേടിയ തത്ത്വചിന്ത എന്താണ്?
7 ഒന്നാം നൂറ്റാണ്ടിലെ വ്യാജോപദേഷ്ടാക്കന്മാരെ അന്നത്തെ ലൗകിക ചിന്താഗതി സ്വാധീനിച്ചിരുന്നുവെന്നതിൽ ഒട്ടും സംശയമില്ല. പത്രൊസ് എഴുതിയ സമയത്ത് ജ്ഞാനവാദമെന്ന തത്ത്വചിന്ത പ്രചാരത്തിലുണ്ടായിരുന്നു. സകല പദാർഥവും ദുഷ്ടമാണെന്നും ആത്മാവിനോടു ബന്ധപ്പെട്ടതു മാത്രമേ നല്ലതായിട്ടുള്ളുവെന്നും ജ്ഞാനവാദികൾ വിശ്വസിച്ചിരുന്നു. അതുകൊണ്ട്, ഒരു മനുഷ്യൻ ശരീരംകൊണ്ട് എന്തു ചെയ്താലും ഒരു കുഴപ്പവുമില്ലെന്ന് അവരിൽ ചിലർ പറഞ്ഞിരുന്നു. ഒടുവിൽ മനുഷ്യനു ശരീരമില്ലാതായിത്തീരുമെന്നായിരുന്നു അവരുടെ വാദം. അതിനാൽ, ലൈംഗിക പാപങ്ങൾ ഉൾപ്പെടെ ശരീരംകൊണ്ടു ചെയ്യുന്ന പാപങ്ങൾ അപ്രധാനമാണെന്ന് അവർ നിഗമനം ചെയ്തു. അത്തരം വീക്ഷണങ്ങൾ ക്രിസ്ത്യാനിത്വം അവകാശപ്പെട്ട ചിലരെപ്പോലും സ്വാധീനിച്ചിരുന്നുവെന്നതു സ്പഷ്ടം.
8, 9. (എ) ചില ആദിമ ക്രിസ്ത്യാനികളെ ബാധിച്ച വികലമായ ചിന്താഗതി എന്തായിരുന്നു? (ബി) യൂദാ പറയുന്നതനുസരിച്ച്, സഭകളിലെ ചിലർ എന്താണു ചെയ്തുകൊണ്ടിരുന്നത്?
8 “ദൈവകൃപ” അല്ലെങ്കിൽ “അനർഹദയ” “എന്ന പഠിപ്പിക്കലിനെ ദുഷിപ്പിച്ച സഭക്കാരുണ്ടായിരുന്നു”വെന്ന് ഒരു ബൈബിൾ പണ്ഡിതൻ അഭിപ്രായപ്പെട്ടു. (എഫെസ്യർ 1:5-7) അദ്ദേഹം പറയുന്നതനുസരിച്ച്, ചിലരുടെ വാദം ഇങ്ങനെയായിരുന്നു: “ദൈവത്തിന്റെ [അനർഹദയ] ഏതു പാപവും മറയ്ക്കാൻ കഴിയുന്നത്ര വിശാലമാണെന്നു നിങ്ങൾ പറയുന്നുവോ? . . . എങ്കിൽ നമുക്കു പാപത്തിൽ നീന്തിത്തുടിക്കാം, എന്തെന്നാൽ നമ്മുടെ ഏതു പാപത്തെയും തുടച്ചുനീക്കാൻ ദൈവത്തിന്റെ [അനർഹദയയ്ക്കു] കഴിയുമല്ലോ. വാസ്തവത്തിൽ, നാം എത്രയധികം പാപം ചെയ്യുന്നുവോ അത്രയധികം കൂടുതലായിരിക്കും ദൈവത്തിന്റെ [അനർഹദയ] ലഭിക്കാനുള്ള സാധ്യതയും.” അതിനെക്കാൾ വികലമായ വാദഗതികൾ നിങ്ങൾ കേട്ടിട്ടുണ്ടോ?
9 “കൃപ [അനർഹദയ] പെരുകേണ്ടതിന്നു [നാം] പാപം ചെയ്തുകൊണ്ടിരിക്ക എന്നോ?” എന്നു ചോദിച്ചുകൊണ്ട് പൗലൊസ് അപ്പോസ്തലൻ ദൈവത്തിന്റെ കരുണ സംബന്ധിച്ച തെറ്റായ ചിന്താഗതിയെ ചെറുത്തുനിന്നു. അവൻ ഇങ്ങനെയും ചോദിച്ചു: “ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രേ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ?” ആ ഓരോ ചോദ്യത്തിനും “ഒരുനാളും അരുതു” എന്ന് പൗലൊസ് ദൃഢമായി ഉത്തരം നൽകി. (റോമർ 6:1, 2, 15) യൂദാ പറയുന്നതുപോലെ, ചിലർ വ്യക്തമായും “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി”യിരുന്നു. എന്നിരുന്നാലും, അത്തരക്കാർക്കു വരാൻ പോകുന്ന ‘നാശം ഉറങ്ങുന്നില്ല’ എന്നു പത്രൊസ് പറയുന്നു.—യൂദാ 4; 2 പത്രൊസ് 2:3.
മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ
10, 11. പത്രൊസ് നൽകുന്ന മൂന്നു മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ ഏതൊക്കെ?
10 മനപ്പൂർവ ദുഷ്പ്രവൃത്തിക്കാർക്കെതിരെ ദൈവം നടപടിയെടുക്കുമെന്ന കാര്യം ഊന്നിപ്പറയാൻ പത്രൊസ് തിരുവെഴുത്തുകളിൽനിന്നു മൂന്നു മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ നൽകുന്നു. അവൻ ആദ്യം ഇങ്ങനെ എഴുതുന്നു: “പാപംചെയ്ത ദൂതൻമാരെ ദൈവം വെറുതേവിട്ടില്ല.” അവർ ‘തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയി’ എന്നു യൂദാ പറയുന്നു. അവർ ജലപ്രളയത്തിനു മുമ്പു ഭൂമിയിൽ വന്ന് മനുഷ്യപുത്രിമാരുമായി ലൈംഗികവേഴ്ചയിലേർപ്പെടുന്നതിനു ജഡശരീരം ധരിച്ചു. അനുചിതവും അസ്വാഭാവികവുമായ ഈ പ്രവൃത്തിക്കുള്ള ശിക്ഷയെന്നനിലയിൽ അവരെ ‘നരകത്തിലേക്ക്’ [“ടാർട്ടറസിലേക്ക്,” NW] തള്ളിയിരിക്കുകയാണ്. അല്ലെങ്കിൽ യൂദായുടെ വിവരണം പറയുന്നതുപോലെ അവരെ “മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.”—2 പത്രൊസ് 2:4, പി.ഒ.സി. ബൈ.; യൂദാ 6; ഉല്പത്തി 6:1-3.
11 അടുത്തതായി പത്രൊസ് പരാമർശിക്കുന്നത് നോഹയുടെ നാളിലെ ആളുകളെയാണ്. (ഉല്പത്തി 7:17-24) നോഹയുടെ കാലത്ത് ദൈവം ‘പുരാതനലോകത്തെ ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തി’യെന്ന് അവൻ പറയുന്നു. ഒടുവിൽ, “സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു . . . ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കി”വെച്ചുവെന്നു പത്രൊസ് എഴുതുന്നു. അവർ ‘ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നു’വെന്ന കൂടുതലായ വിശദാംശം യൂദാ നൽകുന്നു. (2 പത്രൊസ് 2:5, 6; യൂദാ 7) പുരുഷന്മാർ സ്ത്രീകളുമായി അവിഹിത ബന്ധങ്ങളിലേർപ്പെടുക മാത്രമല്ല, മറ്റു പുരുഷന്മാരുടെ ശരീരത്തോടും, സാധ്യതയനുസരിച്ച്, ക്രൂരമൃഗങ്ങളുടെ ശരീരത്തോടും കാമാവേശം പുലർത്തിയിരുന്നു.—ഉല്പത്തി 19:4, 5; ലേവ്യപുസ്തകം 18:22-25.
12. പത്രൊസ് പറയുന്നപ്രകാരം, നീതിനിഷ്ഠമായ പെരുമാറ്റത്തിനു പ്രതിഫലം ലഭിക്കുന്നതെങ്ങനെ?
12 എന്നാൽ, യഹോവയെ വിശ്വസ്തമായി സേവിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നുവെന്നും പത്രൊസ് പറയുന്നുണ്ട്. ഉദാഹരണത്തിന്, ദൈവം ജലപ്രളയം വരുത്തിയപ്പോൾ അവൻ “നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലി”ച്ചതെങ്ങനെയെന്ന് പത്രൊസ് വിവരിക്കുന്നു. കൂടാതെ, സോദോമ്യരുടെ കാലത്ത് “നീതിമാനായ ലോത്തിനെ” യഹോവ വിടുവിച്ചതിനെക്കുറിച്ചു പറയുന്ന അവൻ ഇങ്ങനെ നിഗമനം ചെയ്യുന്നു: “കർത്താവു [“യഹോവ,” NW] ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ . . . ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.”—2 പത്രൊസ് 2:5, 7-10.
ശിക്ഷാർഹമായ ചെയ്തികൾ
13. പ്രത്യേകിച്ച് ആരെയാണു ന്യായവിധിക്കായി മാറ്റിനിർത്തിയിരിക്കുന്നത്, അവർ പ്രകടമായും ഏതു സ്വപ്നങ്ങളിൽ മുഴുകിയിരിക്കുന്നു?
13 ദൈവന്യായവിധിക്കായി പ്രത്യേകം മാറ്റിനിർത്തിയിരിക്കുന്നവരെ, അതായത് “മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ,” പത്രൊസ് വേർതിരിച്ചുകാണിക്കുന്നു. “ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല” എന്നു പറയുമ്പോഴുള്ള പത്രൊസിന്റെ അമർഷം നമുക്കു ശരിക്കും മനസ്സിലാക്കാൻ സാധിക്കും. ‘ഇവർ സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു’വെന്നു യൂദാ എഴുതുന്നു. (2 പത്രൊസ് 2:9, 11; യൂദാ 8) അവരുടെ സ്വപ്നങ്ങളിൽ അധാർമിക ലൈംഗികതൃപ്തിക്കു പിന്നാലെ പോകാൻ പ്രേരിപ്പിക്കുന്ന അശുദ്ധ രതിഭാവനകൾ ഉൾപ്പെട്ടിരിക്കാം. അവർ ഏതർഥത്തിലാണ് “കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും” ചെയ്യുന്നത്?
14. വ്യാജോപദേഷ്ടാക്കന്മാർ “കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും” ചെയ്യുന്നത് ഏതർഥത്തിൽ?
14 അവരങ്ങനെ ചെയ്യുന്നതു ദിവ്യനിയുക്ത അധികാരത്തെ നിന്ദിച്ചുകൊണ്ടാണ്. ക്രിസ്തീയ മൂപ്പന്മാർ മഹത്ത്വമുള്ള യഹോവയാം ദൈവത്തെയും അവന്റെ പുത്രനെയുമാണു പ്രതിനിധാനം ചെയ്യുന്നത്, തത്ഫലമായി ഈ മൂപ്പന്മാർക്കു കുറെ മഹത്ത്വം ലഭിച്ചിരിക്കുന്നു. പത്രൊസ് തെറ്റുകൾ ചെയ്തതുപോലെ അവരും തെറ്റുകൾ ചെയ്യുന്നുവെന്നതു സത്യമാണ്. എന്നാൽ മഹത്ത്വമുള്ള അത്തരക്കാർക്കു കീഴടങ്ങിയിരിക്കാൻ തിരുവെഴുത്തുകൾ സഭാംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. (എബ്രായർ 13:17) അവരുടെ പിഴവുകൾ, അവരെക്കുറിച്ചു മോശമായി സംസാരിക്കുന്നതിനു യാതൊരു അടിസ്ഥാനവും നൽകുന്നില്ല. ദൂതന്മാർ ‘[വ്യാജോപദേഷ്ടാക്കന്മാരുടെ] നേരെ ദൂഷണവിധി ഉച്ചരിക്കുന്നി’ല്ലെന്നു പത്രൊസ് പറയുന്നു, അവർ അത് ഏറെ അർഹിക്കുന്നെങ്കിലും. എന്നാൽ, പത്രൊസ് തുടരുന്നു, “ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ . . . നശിച്ചുപോകും.”—2 പത്രൊസ് 2:10-13.
‘നിങ്ങളോടുകൂടെ വിരുന്നുകഴിക്കവേ’
15. വ്യാജോപദേഷ്ടാക്കന്മാർ ഉപയോഗിക്കുന്ന രീതികൾ ഏതൊക്കെയാണ്, തങ്ങളുടെ വശീകരണതന്ത്രങ്ങൾ അവർ എവിടെ പരീക്ഷിക്കുന്നു?
15 ‘പട്ടാപ്പകൽ മദിരോത്സവത്തിൽ മുഴുകുന്നത് ആനന്ദമായെണ്ണുന്ന’ ഈ ദുഷിച്ച പുരുഷന്മാർ “കളങ്കവും വൈകല്യവും നിറഞ്ഞവർ” ആയിരിക്കെത്തന്നെ കുടിലബുദ്ധിക്കാരുമാണ്. പത്രൊസ് നേരത്തേ സൂചിപ്പിച്ചതുപോലെ, അവർ “രഹസ്യത്തിൽ” പ്രവൃത്തിക്കുകയും “വ്യാജം” പറയുകയും ചെയ്യുന്നു. (2 പത്രൊസ് 2:1, 3, 13, പി.ഒ.സി. ബൈ.) അതുകൊണ്ട്, ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള മൂപ്പന്മാരുടെ ശ്രമങ്ങളെ അവർ പ്രകടമായി വെല്ലുവിളിക്കുകയോ സ്വന്തം ലൈംഗികതൃപ്തി പ്രാപിക്കാൻ പരസ്യമായി അതിന്റെ പിന്നാലെ പോകുകയോ ചെയ്യുകയില്ലായിരിക്കാം. മറിച്ച്, അവർ ‘നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്നു [“തങ്ങളുടെ വ്യാജോപദേശങ്ങളിൽ അനിയന്ത്രിതമായി ആനന്ദിക്കുന്നു,” NW]’ എന്നു പത്രൊസ് പറയുന്നു. “ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ” എന്നാണ് യൂദാ എഴുതുന്നത്. (യൂദാ 12) അതേ, ജാഗ്രതയില്ലാത്ത തുഴക്കാർ മുങ്ങിമരിക്കാൻ ഇടയാക്കിക്കൊണ്ട് ഒരു ബോട്ടിന്റെ അടിഭാഗം പിളർത്തിക്കളഞ്ഞേക്കാവുന്ന കൂർത്ത ജലാന്തരപാറകൾപോലെ, വ്യാജോപദേഷ്ടാക്കന്മാർ “സ്നേഹസദ്യകളിൽ” സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് ജാഗ്രതയില്ലാത്തവരെ ദുഷിപ്പിച്ചുകൊണ്ടിരുന്നു.
16. (എ) ‘സ്നേഹസദ്യകൾ’ എന്തായിരുന്നു, സമാനമായ ഏതു സാഹചര്യങ്ങളിൽ അധാർമികർ ഇന്നു പ്രവർത്തിച്ചേക്കാം? (ബി) വ്യാജോപദേഷ്ടാക്കന്മാർ ആരിലാണ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതുകൊണ്ട് അത്തരക്കാർ എന്തു ചെയ്യണം?
16 പ്രത്യക്ഷത്തിൽ ഈ ‘സ്നേഹസദ്യകൾ’ തീറ്റിയും സഹവാസവും ആസ്വദിക്കുന്നതിനായി ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ കൂടിവന്നിരുന്ന സാമൂഹിക സന്ദർഭങ്ങളായിരുന്നു. വിവാഹസ്വീകരണച്ചടങ്ങുകൾ, പിക്നിക്കുകൾ, അല്ലെങ്കിൽ സായാഹ്നസഹവാസം എന്നിവയ്ക്കൊക്കെയായി ഇന്നു യഹോവയുടെ സാക്ഷികൾ ചിലപ്പോൾ ഒന്നിച്ചുകൂടാറുണ്ട്. ഇരകളെ വശീകരിക്കാൻ ദുഷിച്ച വ്യക്തികൾ അത്തരം സന്ദർഭങ്ങളെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത്? പത്രൊസ് എഴുതുന്നു: ‘വ്യഭിചാരാസക്തി നിറഞ്ഞതാണ് അവരുടെ കണ്ണുകൾ. അവർ ചഞ്ചലമനസ്കരെ വശീകരിക്കുന്നു.’ അവർ ‘അത്യാഗ്രഹത്താൽ തഴക്കംനേടിയ തങ്ങളുടെ ഹൃദയം’ കേന്ദ്രീകരിക്കുന്നത് സത്യം പൂർണമായും തങ്ങളുടേതാക്കാൻ പരാജയപ്പെട്ടിരിക്കുന്ന, ആത്മീയമായി ചഞ്ചലചിത്തരായ ആളുകളുടെമേലായിരിക്കും. അതുകൊണ്ട്, പത്രൊസിന്റെ നാളിൽ സംഭവിച്ചതു മുന്നറിയിപ്പായി സ്വീകരിച്ച് ജാഗ്രത പാലിക്കുക! അശുദ്ധമായ ഏതൊരു ശൃംഗാരശ്രമങ്ങളെയും ചെറുത്തുനിൽക്കുക, അധാർമിക ശൃംഗാരശ്രമങ്ങൾ നടത്തുന്ന ആരുടെയും വശ്യതയാലോ ശാരീരിക സൗന്ദര്യത്താലോ കബളിപ്പിക്കപ്പെടാതിരിക്കുക!—2 പത്രൊസ് 2:14.
“ബിലെയാമിന്റെ വഴി”
17. “ബിലെയാമിന്റെ വഴി” എന്തായിരുന്നു, അത് 24,000 ഇസ്രായേല്യരെ എങ്ങനെ ബാധിച്ചു?
17 ഈ “ശാപയോഗ്യന്മാർ” സത്യം അറിഞ്ഞിട്ടു കുറെക്കാലമായതാണ്. അവർ സഭയിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നവരായി കാണപ്പെട്ടേക്കാം. എന്നാൽ പത്രൊസ് ഇങ്ങനെ പറയുന്നു: “അവർ നേർവഴി വിട്ടു തെററി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു.” (2 പത്രൊസ് 2:14, 15) ബിലെയാമിന്റെ വഴി സ്വന്തം നേട്ടത്തിനു വേണ്ടി അധാർമിക വശീകരണത്തിന്റെ ഗതി ഉപദേശിച്ചുകൊടുക്കുക എന്നതായിരുന്നു. പരസംഗത്തിലേർപ്പെടാൻ ഇസ്രായേല്യരെ വശീകരിക്കുകയാണെങ്കിൽ ദൈവം അവരെ ശപിക്കുമെന്ന് അവൻ മോവാബ്യ രാജാവായ ബാലാക്കിനോടു പറഞ്ഞു. തത്ഫലമായി, മോവാബ്യസ്ത്രീകൾ ദൈവജനത്തിൽ പലരെയും വശീകരിച്ചു. അങ്ങനെ, അധാർമിക പെരുമാറ്റം നിമിത്തം 24,000 പേരാണ് കൊല്ലപ്പെട്ടത്.—സംഖ്യാപുസ്തകം 25:1-9; 31:15, 16; വെളിപ്പാടു 2:14.
18. ബിലെയാം എത്രകണ്ട് സ്ഥിരോത്സാഹം കാട്ടി, അവനുണ്ടായ അനന്തരഫലം വ്യാജോപദേഷ്ടാക്കന്മാർക്ക് എന്തു ഹാനി വരുമെന്നു സൂചിപ്പിക്കുന്നു?
18 ബിലെയാമിന്റെ കഴുത അവനോടു സംസാരിച്ചപ്പോൾ അവനു തടസ്സം നേരിട്ടുവെന്ന് പത്രൊസ് പറയുന്നു. എങ്കിലും, “അനീതിയുടെ കൂലി” വളരെ തീവ്രമായി “കൊതിച്ച”തിനാൽ കഴുത സംസാരിച്ചപ്പോൾപോലും അവൻ തന്റെ ‘ബുദ്ധിഭ്രമം’ നിറുത്തിയില്ല. (2 പത്രൊസ് 2:15, 16) എത്ര വലിയ ദുഷ്ടത്തരം! അധാർമികതയിലേർപ്പെടാൻ പ്രലോഭിപ്പിച്ചുകൊണ്ട് ദൈവജനത്തെ ദുഷിപ്പിക്കാൻ ശ്രമിക്കുന്ന ബിലെയാമിനെപ്പോലുള്ള ഏതൊരുവനും കഷ്ടം! ബിലെയാം തന്റെ അകൃത്യം നിമിത്തം മരിച്ചു. അവന്റെ വഴി പിന്തുടരുന്നവർക്കെല്ലാം സംഭവിക്കാനിരിക്കുന്നതിന്റെ ഒരു മുൻനിഴലാണത്.—സംഖ്യാപുസ്തകം 31:8.
അവരുടെ പൈശാചിക വശീകരണങ്ങൾ
19, 20. (എ) ബിലെയാമിനെപ്പോലുള്ളവരെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്, എന്തുകൊണ്ട്? (ബി) അവർ ആരെ വശീകരിക്കുന്നു, എങ്ങനെ? (സി) അവരുടെ വശീകരണശ്രമങ്ങൾ പൈശാചികമാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്, നമ്മെയും മറ്റുള്ളവരെയും അവരിൽനിന്ന് എങ്ങനെ സംരക്ഷിക്കാം?
19 ബിലെയാമിനെപ്പോലുള്ളവരെ വർണിച്ചുകൊണ്ട് പത്രൊസ് എഴുതുന്നു: “അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാററുകൊണ്ടു ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു.” ദാഹിച്ചുവലയുന്ന ഒരു മരുസഞ്ചാരിയെ സംബന്ധിച്ചിടത്തോളം വെള്ളമില്ലാത്ത കിണർ മരണത്തിന്റെ സൂചനയായിരിക്കാം. അത്തരം കാര്യങ്ങളോടു സാമ്യമുള്ളവർക്കായി “കൂരിരുട്ടു സംഗ്രഹിച്ചിരിക്കു”ന്നതിൽ തെല്ലും അതിശയമില്ല! പത്രൊസ് ഇങ്ങനെ തുടരുന്നു: “വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.” “തങ്ങൾ തന്നേ നാശത്തിന്റെ [“ദുഷിപ്പിന്റെ,” NW] അടിമകളായിരിക്കെ . . . സ്വാതന്ത്ര്യത്തെ വാഗ്ദത്തം” ചെയ്തുകൊണ്ട് അവർ അനുഭവജ്ഞാനമില്ലാത്തവരെ വശീകരിക്കുന്നുവെന്ന് പത്രൊസ് പറയുന്നു.—2 പത്രൊസ് 2:17-19; ഗലാത്യർ 5:13.
20 അത്തരം വ്യാജോപദേഷ്ടാക്കന്മാരുടെ വശീകരണങ്ങൾ പൈശാചികമാണ്. ഉദാഹരണത്തിന്, അവർ ഇങ്ങനെയൊക്കെ പറഞ്ഞേക്കാം: ‘നാം ബലഹീനരാണെന്നും തീവ്രവികാരത്തിനു വശംവദരാണെന്നും ദൈവത്തിനറിയാം. അതുകൊണ്ട് നാം വികാരത്തിനു വഴങ്ങി നമ്മുടെ ലൈംഗികാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുന്നെങ്കിൽ, ദൈവം കരുണ കാണിക്കും. നാം ആദ്യം സത്യത്തിലേക്കു വന്നപ്പോൾ അവൻ നമ്മുടെ പാപങ്ങൾ ക്ഷമിച്ചു, നാം പാപം ഏറ്റുപറഞ്ഞാൽ അതുപോലെതന്നെ അവൻ നമ്മോടു ക്ഷമിക്കും.’ ഏറെക്കുറെ സമാനമായ ഒരു സമീപനമാണു പിശാച് ഹവ്വായുടെ അടുത്തും നടത്തിയതെന്ന് ഓർക്കുക. പാപം ചെയ്താലും ശിക്ഷിക്കപ്പെടുകയില്ലെന്നായിരുന്നു വാഗ്ദാനം. ഹവ്വായുടെ കാര്യത്തിൽ ദൈവത്തിനെതിരെയുള്ള പാപം അവൾക്കു പ്രബുദ്ധതയും സ്വാതന്ത്ര്യവും നൽകുമെന്നായിരുന്നു അവന്റെ അവകാശവാദം. (ഉല്പത്തി 3:4, 5) അത്തരമൊരു ദുഷിച്ച വ്യക്തി സഭയോടൊത്തു സഹവസിക്കുന്നുണ്ടെന്നു മനസ്സിലാക്കിയാൽ ആ വ്യക്തിയെക്കുറിച്ചു ക്രിസ്തീയ സഭയിലെ ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുകവഴി നമ്മെയും മറ്റുള്ളവരെയും സംരക്ഷിക്കാനുള്ള കടപ്പാടു നമുക്കുണ്ട്.—ലേവ്യപുസ്തകം 5:1.
സൂക്ഷ്മപരിജ്ഞാനത്താൽ സംരക്ഷിക്കപ്പെടുന്നു
21-23. (എ) സൂക്ഷ്മപരിജ്ഞാനം ബാധകമാക്കാൻ പരാജയപ്പെടുന്നതിന്റെ ഭവിഷ്യത്തുകളേവ? (ബി) പത്രൊസ് ചർച്ചചെയ്യുന്ന കൂടുതലായ ഏതു പ്രശ്നത്തെക്കുറിച്ച് അടുത്തതായി പരിചിന്തിക്കുന്നതായിരിക്കും?
21 “ജീവന്നും ഭക്ഷിക്കും” മർമപ്രധാനമാണെന്നു പത്രൊസ് നേരത്തേ പറഞ്ഞ പരിജ്ഞാനം ബാധകമാക്കാൻ പരാജയപ്പെടുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചു പറഞ്ഞുകൊണ്ട് അവൻ തന്റെ ലേഖനത്തിന്റെ ഈ ഭാഗം ഉപസംഹരിക്കുന്നു. (2 പത്രൊസ് 1:2, 3, 8) അവനെഴുതുന്നു: “കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (2 പത്രൊസ് 2:20) എത്രയോ ദുഃഖകരം! പത്രൊസിന്റെ നാളിലുണ്ടായിരുന്ന അത്തരക്കാർ ക്ഷണികമായ ലൈംഗികതൃപ്തിക്കു വേണ്ടി സ്വർഗീയജീവന്റെ അമൂല്യ പ്രത്യാശ തള്ളിക്കളഞ്ഞിരുന്നു.
22 അതുകൊണ്ട് പത്രൊസ് പറയുന്നു: “തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു. എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.”—2 പത്രൊസ് 2:21, 22; സദൃശവാക്യങ്ങൾ 26:11.
23 ഇന്നു ചിലരെ ബാധിക്കുന്നതിനു സമാനമായ മറ്റൊരു പ്രശ്നം സ്പഷ്ടമായും ആദിമ ക്രിസ്ത്യാനികളെ ബാധിക്കാൻ തുടങ്ങിയിരുന്നു. അന്ന്, ക്രിസ്തുവിന്റെ വാഗ്ദത്ത സാന്നിധ്യം സംഭവിക്കാതിരുന്നതു സംബന്ധിച്ചു ചിലർ വ്യക്തമായും പരാതിപ്പെട്ടിരുന്നു. ഈ സംഗതി പത്രൊസ് കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു നമുക്കു പരിശോധിക്കാം.
നിങ്ങൾ ഓർമിക്കുന്നുവോ?
□ പത്രൊസ് പരാമർശിക്കുന്ന മൂന്ന് മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളേവ?
□ വ്യാജോപദേഷ്ടാക്കന്മാർ “കർത്തൃത്വത്തെ തുച്ഛീകരിക്കു”ന്നതെങ്ങനെ?
□ ബിലെയാമിന്റെ വഴി എന്താണ്, അതു പിന്തുടരുന്നവർ മറ്റുള്ളവരെ വശീകരിക്കാൻ ശ്രമിച്ചേക്കാവുന്നതെങ്ങനെ?
□ സൂക്ഷ്മപരിജ്ഞാനം ബാധകമാക്കാൻ പരാജയപ്പെടുന്നതിന്റെ ഭവിഷ്യത്തുകളേവ?
[16,17 പേജുകളിലെ ചിത്രം]
ബിലെയാം ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാണ്