യോഹന്നാൻ എഴുതിയത്
13 ഈ ലോകം വിട്ട് പിതാവിന്റെ അടുത്തേക്കു പോകാനുള്ള സമയം വന്നിരിക്കുന്നെന്നു+ പെസഹാപ്പെരുന്നാളിനു മുമ്പുതന്നെ യേശുവിന് അറിയാമായിരുന്നു.+ ഈ ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ യേശു സ്നേഹിച്ചു, അവസാനംവരെ സ്നേഹിച്ചു.+ 2 അവർ അത്താഴം കഴിക്കുകയായിരുന്നു.* യേശുവിനെ ഒറ്റിക്കൊടുക്കാൻ പിശാച് ശിമോന്റെ മകനായ യൂദാസ് ഈസ്കര്യോത്തിന്റെ+ ഹൃദയത്തിൽ തോന്നിച്ചിരുന്നു.+ 3 പിതാവ് എല്ലാം തന്റെ കൈയിൽ തന്നിരിക്കുന്നെന്നും ദൈവത്തിന്റെ അടുത്തുനിന്ന് വന്ന താൻ ദൈവത്തിന്റെ അടുത്തേക്കുതന്നെ പോകുന്നെന്നും അറിയാമായിരുന്ന യേശു,+ 4 അത്താഴത്തിന് ഇടയിൽ എഴുന്നേറ്റ് പുറങ്കുപ്പായം അഴിച്ചുവെച്ച് ഒരു തോർത്ത് എടുത്ത് അരയിൽ ചുറ്റി.+ 5 പിന്നെ ഒരു പാത്രത്തിൽ വെള്ളം എടുത്ത് ശിഷ്യന്മാരുടെ കാലു* കഴുകി അരയിൽ ചുറ്റിയിരുന്ന തോർത്തുകൊണ്ട് തുടയ്ക്കാൻതുടങ്ങി.+ 6 യേശു ശിമോൻ പത്രോസിന്റെ അടുത്ത് വന്നപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് എന്റെ കാലു കഴുകാൻപോകുന്നോ” എന്നു ചോദിച്ചു. 7 യേശു പറഞ്ഞു: “ഞാൻ ചെയ്യുന്നതു നിനക്ക് ഇപ്പോൾ മനസ്സിലാകില്ല, എല്ലാം കഴിയുമ്പോൾ മനസ്സിലാകും.” 8 പത്രോസ് യേശുവിനോട്, “അങ്ങ് എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു, “കാലു കഴുകാൻ സമ്മതിക്കുന്നില്ലെങ്കിൽ+ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവുമില്ല” എന്നു പറഞ്ഞു. 9 ശിമോൻ പത്രോസ് യേശുവിനോട്, “കർത്താവേ, എന്റെ കാലു മാത്രമല്ല, എന്റെ കൈയും തലയും കൂടെ കഴുകിക്കോ” എന്നു പറഞ്ഞു. 10 യേശു പത്രോസിനോടു പറഞ്ഞു: “കുളി കഴിഞ്ഞയാളുടെ കാലു മാത്രം കഴുകിയാൽ മതി. അയാൾ മുഴുവനും ശുദ്ധിയുള്ളയാളാണ്.+ നിങ്ങൾ ശുദ്ധിയുള്ളവരാണ്. എന്നാൽ എല്ലാവരുമല്ല.” 11 തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് അറിയാമായിരുന്നതുകൊണ്ടാണ്+ “നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല” എന്നു യേശു പറഞ്ഞത്.
12 അവരുടെ കാലു കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ച് വീണ്ടും മേശയുടെ മുന്നിൽ ഇരുന്നു. യേശു അവരോടു പറഞ്ഞു: “ഞാൻ എന്താണു ചെയ്തതെന്നു നിങ്ങൾക്കു മനസ്സിലായോ? 13 നിങ്ങൾ എന്നെ ‘ഗുരു’+ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നുണ്ടല്ലോ. അതു ശരിയാണ്. കാരണം ഞാൻ നിങ്ങളുടെ ഗുരുവും കർത്താവും ആണ്.+ 14 കർത്താവും ഗുരുവും ആയ ഞാൻ നിങ്ങളുടെ കാലു കഴുകിയെങ്കിൽ+ നിങ്ങളും തമ്മിൽത്തമ്മിൽ കാലു കഴുകണം.+ 15 ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്.+ 16 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അടിമ യജമാനനെക്കാൾ വലിയവനല്ല. അയയ്ക്കപ്പെട്ടവൻ അയച്ചവനെക്കാൾ വലിയവനുമല്ല.+ 17 ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ നിങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുകകൂടെ ചെയ്താൽ സന്തോഷമുള്ളവരായിരിക്കും.+ 18 നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാൻ ഇതു പറയുന്നത്. ഞാൻ തിരഞ്ഞെടുത്തവരെ എനിക്ക് അറിയാം. പക്ഷേ, ‘എന്റെ അപ്പം തിന്നുന്നവൻ എനിക്ക് എതിരെ തിരിഞ്ഞിരിക്കുന്നു’+ എന്ന തിരുവെഴുത്തു നിറവേറണമല്ലോ.+ 19 സംഭവിക്കാൻപോകുന്നതു ഞാൻ നിങ്ങളോടു മുൻകൂട്ടിപ്പറയുന്നതിന് ഒരു കാരണമുണ്ട്.+ അതു സംഭവിക്കുന്നതു കാണുമ്പോൾ, എഴുതപ്പെട്ടിരുന്നത് എന്നെക്കുറിച്ചായിരുന്നെന്നു നിങ്ങൾ വിശ്വസിക്കുമല്ലോ. 20 സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു.+ എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ച വ്യക്തിയെയും സ്വീകരിക്കുന്നു.”+
21 ഇതു പറഞ്ഞശേഷം യേശു ഹൃദയവേദനയോടെ ഇങ്ങനെ പറഞ്ഞു: “സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.”+ 22 യേശു ആരെക്കുറിച്ചാണ് ഇതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാർ പരസ്പരം നോക്കി.+ 23 യേശു സ്നേഹിച്ച ശിഷ്യൻ+ യേശുവിനോടു ചേർന്ന് ഇരിപ്പുണ്ടായിരുന്നു. 24 ശിമോൻ പത്രോസ് അദ്ദേഹത്തെ തലകൊണ്ട് ആംഗ്യം കാണിച്ച്, “യേശു ആരെക്കുറിച്ചാണു പറഞ്ഞത്” എന്നു ചോദിച്ചു. 25 അപ്പോൾ ആ ശിഷ്യൻ യേശുവിന്റെ മാറിലേക്കു ചാഞ്ഞ്, “കർത്താവേ, അത് ആരാണ്” എന്നു ചോദിച്ചു.+ 26 യേശു പറഞ്ഞു: “ഞാൻ അപ്പക്കഷണം മുക്കി ആർക്കു കൊടുക്കുന്നോ, അവൻതന്നെ.”+ എന്നിട്ട് യേശു അപ്പക്കഷണം മുക്കി ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദാസിനു കൊടുത്തു. 27 അപ്പക്കഷണം വാങ്ങിക്കഴിഞ്ഞപ്പോൾ യൂദാസിൽ സാത്താൻ കടന്നു.+ യേശു യൂദാസിനോട്, “നീ ചെയ്യുന്നതു കുറച്ചുകൂടെ പെട്ടെന്നു ചെയ്തുതീർക്കുക” എന്നു പറഞ്ഞു. 28 എന്നാൽ യേശു ഇതു യൂദാസിനോടു പറഞ്ഞത് എന്തിനാണെന്നു ഭക്ഷണത്തിന് ഇരുന്ന ആർക്കും മനസ്സിലായില്ല. 29 പണപ്പെട്ടി യൂദാസിന്റെ കൈയിലായിരുന്നതുകൊണ്ട്,+ “നമുക്ക് ഉത്സവത്തിനു വേണ്ടതു വാങ്ങുക” എന്നോ ദരിദ്രർക്ക് എന്തെങ്കിലും കൊടുക്കണം എന്നോ മറ്റോ ആയിരിക്കും യേശു പറഞ്ഞതെന്നു ചിലർ വിചാരിച്ചു. 30 അപ്പക്കഷണം വാങ്ങിയ ഉടനെ യൂദാസ് പുറത്തേക്കു പോയി. അപ്പോൾ രാത്രിയായിരുന്നു.+
31 യൂദാസ് പോയശേഷം യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു.+ മനുഷ്യപുത്രൻ മുഖാന്തരം ദൈവത്തിനും മഹത്ത്വം ലഭിച്ചിരിക്കുന്നു. 32 ദൈവംതന്നെ മനുഷ്യപുത്രനെ മഹത്ത്വപ്പെടുത്തും;+ പെട്ടെന്നുതന്നെ മഹത്ത്വപ്പെടുത്തും. 33 കുഞ്ഞുങ്ങളേ, ഞാൻ ഇനി അൽപ്പസമയം മാത്രമേ നിങ്ങളുടെകൂടെയുണ്ടായിരിക്കൂ. നിങ്ങൾ എന്നെ അന്വേഷിക്കും. എന്നാൽ, ‘ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’+ എന്നു ഞാൻ ജൂതന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. 34 നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ+ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം.+ 35 നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”+
36 അപ്പോൾ ശിമോൻ പത്രോസ്, “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത്” എന്നു ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ പോകുന്നിടത്തേക്ക് എന്റെ പിന്നാലെ വരാൻ ഇപ്പോൾ നിനക്കു കഴിയില്ല. എന്നാൽ പിന്നീടു നീ വരും.”+ 37 പത്രോസ് യേശുവിനോടു ചോദിച്ചു: “കർത്താവേ, ഇപ്പോൾ എനിക്ക് അങ്ങയുടെ പിന്നാലെ വരാൻ പറ്റാത്തത് എന്താണ്? അങ്ങയ്ക്കുവേണ്ടി ഞാൻ എന്റെ ജീവൻപോലും കൊടുക്കും.”+ 38 അപ്പോൾ യേശു ചോദിച്ചു: “എനിക്കുവേണ്ടി ജീവൻ കൊടുക്കുമോ? സത്യംസത്യമായി ഞാൻ നിന്നോടു പറയുന്നു: കോഴി കൂകുംമുമ്പ്, നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും.”+