‘ധൈര്യമുള്ളവനായിരിക്കുക, യഹോവ നിന്നോടുകൂടെയുണ്ട്!’
“യഹോവ . . . നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക.”—യോശു. 1:9.
1, 2. (എ) പരിശോധനകളിൽ സഹിച്ചുനിൽക്കാൻ ഏതു ഗുണങ്ങൾ നമ്മെ സഹായിക്കും? (ബി) വിശ്വാസത്തെ നിങ്ങൾ എങ്ങനെ നിർവചിക്കും? ഉദാഹരിക്കുക.
യഹോവയെ സേവിക്കുക എന്നത് നമുക്കെല്ലാം സന്തോഷമുള്ള കാര്യമാണെങ്കിലും മനുഷ്യർക്കു പൊതുവെയുള്ള കഷ്ടപ്പാടുകൾ നമുക്കുമുണ്ട്; അതിനു പുറമേ ‘നീതിനിമിത്തവും നാം കഷ്ടം സഹിക്കേണ്ടിവരുന്നു.’ (1 പത്രോ. 3:14; 5:8, 9; 1 കൊരി. 10:13) അത്തരം പരിശോധനകളെ വിജയകരമായി നേരിടുന്നതിന് നമുക്കു വിശ്വാസവും ധൈര്യവും ആവശ്യമാണ്.
2 എന്താണ് വിശ്വാസം? പൗലോസ് അപ്പൊസ്തലൻ എഴുതി: “വിശ്വാസം എന്നതോ പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ചബോധ്യവും കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിലധിഷ്ഠിതമായ നിശ്ചയവുമാകുന്നു.” (എബ്രാ. 11:1) വിശ്വാസത്തെ ഒരു ആധാരവുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഒരു വസ്തു നമ്മുടേതാണ് എന്നതിന്റെ തെളിവാണ് ആധാരം. ദൈവം തന്റെ വാഗ്ദാനങ്ങൾ എല്ലായ്പോഴും നിവർത്തിക്കുമെന്ന വിശ്വാസം വാസ്തവത്തിൽ ഒരു ആധാരം നമ്മുടെ കയ്യിലുള്ളതുപോലെയാണ്. നമുക്ക് വിശ്വാസമുള്ളതിനാൽ നാം പ്രത്യാശിക്കുന്ന ബൈബിളധിഷ്ഠിത വാഗ്ദാനങ്ങളുടെ നിവൃത്തി നാം കാണുമെന്ന് ഉറപ്പാണ്. കണ്ണാൽ കാണാനാകുന്നില്ലെങ്കിലും ആത്മീയയാഥാർഥ്യങ്ങൾ സംബന്ധിച്ച് നമുക്കു പൂർണനിശ്ചയമുണ്ട്.
3, 4. (എ) എന്താണ് ധൈര്യം? (ബി) വിശ്വാസവും ധൈര്യവും ശക്തമാക്കാനുള്ള ഒരു മാർഗം ഏതാണ്?
3 എന്താണ് ധൈര്യം? ധൈര്യത്തെ ഒരു ബൈബിൾ നിഘണ്ടു നിർവചിക്കുന്നത് “പ്രതിബന്ധങ്ങളിലും ആപത്ഘട്ടങ്ങളിലും ഭയം കൂടാതെ സംസാരിക്കാനും പ്രവർത്തിക്കാനും ഉള്ള ആത്മീയവും വൈകാരികവും ധാർമികവും ആയ കരുത്ത്” എന്നാണ്. ധൈര്യമുണ്ടെങ്കിൽ നാം നിർഭയരും പതറാത്തവരും മനോദാർഢ്യമുള്ളവരും ആയിരിക്കും.—മർക്കോ. 6:49, 50; 2 തിമൊ. 1:7.
4 വിശ്വാസവും ധൈര്യവും ആകർഷണീയമായ ഗുണങ്ങളാണ്. പക്ഷേ നമുക്ക് വിശ്വാസം കുറവാണെന്നോ വേണ്ടത്ര ധൈര്യമില്ലെന്നോ തോന്നുന്നെങ്കിലോ? ഈ ഗുണങ്ങൾ ശ്രദ്ധേയമാംവിധം പ്രകടിപ്പിച്ച ആയിരക്കണക്കിനു വ്യക്തികളെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്. നമ്മുടെ വിശ്വാസവും ധൈര്യവും ശക്തമാക്കാനുള്ള ഒരു മാർഗം ഇവരിൽ ചിലരെക്കുറിച്ചു പരിചിന്തിക്കുന്നതാണ്.
യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു
5. തന്റെ നിയമനം നിർവഹിക്കാൻ യോശുവയ്ക്ക് എന്ത് ആവശ്യമായിരുന്നു?
5 നമുക്ക് സമയഘടികാരം ഏതാണ്ട് 35 നൂറ്റാണ്ടുകൾ പിന്നിലേക്കു തിരിക്കാം. യഹോവയുടെ ബലമുള്ള ഭുജത്താൽ ഈജിപ്തിൻറെ അടിമത്തത്തിൽനിന്ന് ലക്ഷങ്ങൾ വരുന്ന ഇസ്രായേല്യർ മോചിതരായിട്ട് 40 സംവത്സരം കഴിഞ്ഞിരിക്കുന്നു. ഇതുവരെ മോശയാണ് അവരെ നയിച്ചത്. പക്ഷേ, വാഗ്ദത്തദേശം ദൂരത്തുനിന്നു നോക്കിക്കണ്ട്, നെബോ പർവതത്തിൽ വെച്ച് 120-ാമത്തെ വയസ്സിൽ മോശ മരിക്കുന്നു. ഇനി മോശയുടെ പിൻഗാമി യോശുവയാണ്; ‘ജ്ഞാനാത്മപൂർണ്ണൻ’ എന്ന് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. (ആവ. 34:1-9) ഇപ്പോൾ ഇസ്രായേല്യർ കനാൻദേശത്തിന്റെ പടിവാതിൽക്കലാണ്. അവരെ വിജയകരമായി നയിക്കണമെങ്കിൽ യോശുവയ്ക്ക് ദൈവദത്തമായ ജ്ഞാനം ആവശ്യമാണ്. അവൻ യഹോവയിൽ വിശ്വാസമർപ്പിക്കുകയും ബലവും ധൈര്യവും ഉള്ളവനാണെന്നു തെളിയിക്കുകയും വേണം.—ആവ. 31:22, 23.
6. (എ) യോശുവ 23:6 അനുസരിച്ച് എന്തു ചെയ്യാനുള്ള ധൈര്യമാണ് നമുക്ക് ആവശ്യം? (ബി) പ്രവൃത്തികൾ 4:18-20; 5:29-ൽനിന്ന് നമുക്ക് എന്തു പഠിക്കാം?
6 കനാൻദേശം അവകാശമാക്കാൻ നടത്തിയ സുദീർഘമായ പോരാട്ടത്തിനിടെ യോശുവ കാണിച്ച ധൈര്യവും വിശ്വാസവും ജ്ഞാനവും ഇസ്രായേല്യരെ ബലപ്പെടുത്തിയിരിക്കണം. എന്നാൽ അവർക്ക് യുദ്ധക്കളത്തിലെ ശൗര്യം മാത്രം പോരായിരുന്നു; യോശുവ പറഞ്ഞ കാര്യങ്ങൾ ചെയ്യാനുള്ള ഉൾക്കരുത്തും അവർക്കാവശ്യമായിരുന്നു. ജീവിതാവസാനത്തോടടുത്ത് ജനത്തെ അഭിസംബോധന ചെയ്തുകൊണ്ട് യോശുവ പറഞ്ഞു: “മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിൻ.” (യോശു. 23:6) എല്ലായ്പോഴും യഹോവയെ അനുസരിക്കാൻ നമുക്കും ധൈര്യം ആവശ്യമാണ്. ദൈവേഷ്ടത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ മനുഷ്യർ നമ്മെ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളിൽ ഇതു വിശേഷാൽ സത്യമാണ്. (പ്രവൃത്തികൾ 4:18-20; 5:29 വായിക്കുക.) പ്രാർഥനാപൂർവം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ ഒരു ധീരനിലപാടെടുക്കാൻ അവൻ നമ്മെ സഹായിക്കും.
നമുക്ക് വിജയം വരിക്കാനാകുന്ന വിധം
7. ധൈര്യത്തോടെ പ്രവർത്തിക്കാനും വിജയം വരിക്കാനും യോശുവ എന്തു ചെയ്യേണ്ടിയിരുന്നു?
7 ദൈവേഷ്ടം ചെയ്യാനുള്ള ധൈര്യത്തിനായി നാം ദൈവത്തിന്റെ വചനം പഠിക്കുകയും പ്രാവർത്തികമാക്കുകയും വേണം. മോശയുടെ പിൻഗാമിയായി നിയോഗിക്കപ്പെട്ടപ്പോൾ യോശുവയോട് യഹോവ പറഞ്ഞതും അതുതന്നെയാണ്: “എന്റെ ദാസനായ മോശ നൽകിയിട്ടുള്ള എല്ലാ നിയമങ്ങളും അനുസരിക്കുകയും ശക്തനും ധീരനുമായിരിക്കുകയും ചെയ്യുക. . . . ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതിൽ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാൻ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോൾ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.” (യോശു. 1:7, 8, പി.ഒ.സി. ബൈബിൾ) യോശുവ ആ ഉദ്ബോധനം അനുസരിച്ചു, അവൻ വിജയം വരിച്ചു. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മളും ധൈര്യമാർജിക്കുകയും ദൈവസേവനത്തിൽ വിജയം വരിക്കുകയും ചെയ്യും.
2013-ലെ നമ്മുടെ വാർഷികവാക്യം: ‘നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക.’—യോശുവ 1:9
8. 2013-ലെ വാർഷികവാക്യം ഏതു തിരുവെഴുത്തിനെ ആധാരമാക്കിയുള്ളതാണ്, ആ വാക്കുകൾ ഏതു വിധത്തിൽ പ്രയോജനം ചെയ്യുമെന്നാണ് നിങ്ങൾക്കു തോന്നുന്നത്?
8 യഹോവ തുടർന്നു പറഞ്ഞ വാക്കുകൾ യോശുവയെ വളരെയധികം ബലപ്പെടുത്തിയിട്ടുണ്ടാകണം: “നിൻറെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുത്.” (യോശു. 1:9) യഹോവ നമ്മോടൊപ്പവുമുണ്ട്. അതുകൊണ്ട്, എന്തു പരിശോധനകൾ നേരിട്ടാലും നമുക്ക് ‘ഭയപ്പെടാതെയും ഭ്രമിക്കാതെയും’ ഇരിക്കാം. ‘നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക’ എന്ന പ്രസ്താവന വിശേഷാൽ ശ്രദ്ധേയമാണ്. യോശുവ 1:9-ലെ ആ വാക്കുകളാണ് 2013-ലെ വാർഷികവാക്യം. ഈ വാക്കുകൾ വരുംമാസങ്ങളിൽ നമ്മെ ബലപ്പെടുത്തുകതന്നെ ചെയ്യും. നമുക്കു കരുത്തു പകരുന്ന വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മറ്റു മാതൃകകളുമുണ്ട്.
അവർ ധീരനിലപാടെടുത്തു!
9. ഏതെല്ലാം വിധങ്ങളിലാണ് രാഹാബ് വിശ്വാസവും ധൈര്യവും കാണിച്ചത്?
9 യോശുവ രണ്ട് ഒറ്റുകാരെ കനാനിലേക്ക് അയച്ചപ്പോൾ, രാഹാബ് എന്ന വേശ്യ അവരെ ഒളിപ്പിക്കുകയും അവരെ പിന്തുടർന്നുവന്ന ശത്രുക്കളെ വഴി തിരിച്ചു വിടുകയും ചെയ്തു. അവൾ വിശ്വാസത്തോടെയും ധൈര്യത്തോടെയും പ്രവർത്തിച്ചതിനാൽ ഇസ്രായേല്യർ യെരീഹോ പട്ടണം കീഴടക്കിയപ്പോൾ അവളും കുടുംബവും സംരക്ഷിക്കപ്പെട്ടു. (എബ്രാ. 11:30, 31; യാക്കോ. 2:25) യഹോവയെ പ്രസാദിപ്പിക്കാനായി അവൾ തന്റെ അധാർമിക ജീവിതഗതി ഉപേക്ഷിച്ചു. ക്രിസ്ത്യാനികളായിത്തീർന്ന ചിലരും, ദൈവത്തെ പ്രസാദിപ്പിക്കാനായി സമാനമായ മാറ്റങ്ങൾ വരുത്തുന്നതിനുവേണ്ട ഉൾക്കരുത്തും ധൈര്യവും വിശ്വാസവും കാണിച്ചിട്ടുണ്ട്.
10. ഏതു സാഹചര്യത്തിലാണ് രൂത്ത് സത്യാരാധനയ്ക്കുവേണ്ടി നിലപാടെടുത്തത്, അതിന്റെ അനുഗ്രഹങ്ങൾ എന്തൊക്കെയായിരുന്നു?
10 യോശുവയുടെ കാലശേഷം സത്യാരാധനയ്ക്കുവേണ്ടി ഉറച്ച നിലപാടെടുത്ത മോവാബ്യസ്ത്രീയാണ് രൂത്ത്. ഒരു ഇസ്രായേല്യന്റെ വിധവയായിരുന്നതിനാൽ യഹോവയെക്കുറിച്ച് അവൾക്ക് എന്തെങ്കിലുമൊക്കെ അറിയാമായിരുന്നിരിക്കണം. അവളുടെ വിധവയായ അമ്മായിയമ്മ നൊവൊമി മോവാബ് ദേശത്താണ് താമസിച്ചിരുന്നത്. അവൾ ഇസ്രായേല്യ പട്ടണമായ ബേത്ത്ലെഹെമിലേക്ക് മടങ്ങാൻ തീരുമാനിച്ചു. വഴിക്കുവെച്ച് നൊവൊമി സ്വജനത്തിന്റെ അടുത്തേക്കു മടങ്ങാൻ രൂത്തിനെ നിർബന്ധിച്ചു. പക്ഷേ രൂത്തിന്റെ മറുപടി ഇതായിരുന്നു: “നിന്നെ വിട്ടുപിരിവാനും നിന്റെകൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; . . . നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത് 1:16) ആ വാക്കുകൾ അവൾ അന്വർഥമാക്കി. കാലാന്തരത്തിൽ നൊവൊമിയുടെ ഒരു ചാർച്ചക്കാരനായ ബോവസ് രൂത്തിനെ വിവാഹം കഴിച്ചു. അവർക്കൊരു മകൻ ജനിച്ചു. അങ്ങനെ ദാവീദിന്റെയും യേശുവിന്റെയും ഒരു പൂർവമാതാവായിത്തീരാനുള്ള പദവി അവൾക്കു ലഭിച്ചു. അതെ, വിശ്വാസത്തോടെയും ധൈര്യത്തോടെയും പ്രവർത്തിക്കുമ്പോൾ യഹോവ അനുഗ്രഹിക്കും.—രൂത്ത് 2:12; 4:17-22; മത്താ. 1:1-6.
അനേകരും ജീവൻപോലും അപകടത്തിലാക്കി!
11. യെഹോയാദായും യെഹോശേബയും ധൈര്യം കാണിച്ചത് എങ്ങനെ, അതിന് എന്തു ഫലമുണ്ടായി?
11 സ്വന്തം താത്പര്യങ്ങളെക്കാൾ ദൈവത്തിന്റെ ഇഷ്ടത്തിനും സഹവിശ്വാസികളുടെ ക്ഷേമത്തിനും മുൻതൂക്കം കൊടുത്തവരെ യഹോവ സഹായിച്ചിട്ടുണ്ട്. അത്തരം അനുഭവങ്ങൾ നമ്മുടെ വിശ്വാസവും ധൈര്യവും ഊട്ടിയുറപ്പിക്കും. മഹാപുരോഹിതനായിരുന്ന യെഹോയാദായുടെയും ഭാര്യ യെഹോശേബയുടെയും അനുഭവം ഇതിന് ഒരു ഉദാഹരണമാണ്. അഹസ്യാ രാജാവിന്റെ മരണശേഷം അവന്റെ അമ്മയായ അഥല്യാ, യോവാശ് ഒഴികെ രാജസന്തതിയിൽ ശേഷിച്ചവരെയെല്ലാം കൊന്ന് സിംഹാസനം പിടിച്ചടക്കി. യെഹോയാദായും യെഹോശേബയും സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട് അഹസ്യാവിന്റെ മകനായ യോവാശിനെ രക്ഷപ്പെടുത്തുകയും ആറു വർഷം ഒളിപ്പിക്കുകയും ചെയ്തു. ഏഴാം വർഷം യെഹോയാദാ യോവാശിനെ രാജാവായി പ്രഖ്യാപിക്കുകയും അഥല്യായെ വധിക്കുകയും ചെയ്തു. (2 രാജാ. 11:1-16) രാജാവായ യോവാശിനെ ആലയത്തിന്റെ അറ്റകുറ്റപ്പണി ചെയ്യാനും യെഹോയാദാ പിന്നീട് സഹായിക്കുകയുണ്ടായി. 130-ാം വയസ്സിൽ യെഹോയാദാ മരിച്ചപ്പോൾ, “യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ടു അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കംചെയ്തു.” (2 ദിന. 24:15, 16) യെഹോയാദായുടെയും ഭാര്യയുടെയും ധീരമായ നടപടികൾ ദാവീദു മുതൽ മിശിഹാ വരെയുള്ള രാജപരമ്പര സംരക്ഷിക്കപ്പെടാൻ ഇടയാക്കി.
12. ഏബെദ്-മേലെക്ക് ധീരതയോടെ പ്രവർത്തിച്ചത് എങ്ങനെ?
12 സിദെക്കീയാവിന്റെ രാജഗൃഹത്തിലെ ഏബെദ്-മേലെക്ക് എന്ന ഷണ്ഡൻ സ്വന്തജീവൻ പണയപ്പെടുത്തിക്കൊണ്ട് യിരെമ്യാവിന്റെ രക്ഷയ്ക്കെത്തി. രാജാവ് യിരെമ്യാവിനെ യെഹൂദയിലെ പ്രഭുക്കന്മാരുടെ കൈകളിൽ ഏൽപ്പിച്ചുകൊടുത്തിരുന്നു. അവർ അവനെ രാജ്യദ്രോഹക്കുറ്റം ചുമത്തി, കൊന്നുകളയാനായി ചെളിനിറഞ്ഞ കിണറ്റിലിട്ടു. (യിരെ. 38:4-6) ഇത് അറിഞ്ഞ ഏബെദ്-മേലെക്ക് സിദെക്കീയാരാജാവിന്റെ അടുക്കൽചെന്ന് യിരെമ്യാവിനു വേണ്ടി സംസാരിച്ചു. ജീവൻ അപകടപ്പെടുത്തിയാണ് അവൻ അതു ചെയ്തത്; കാരണം യിരെമ്യാവിനെതിരെ ജനവികാരം വളരെ ശക്തമായിരുന്ന ഒരു സാഹചര്യമായിരുന്നു അത്. സിദെക്കീയാവ് ഏബെദ്-മേലെക്കിന്റെ അപേക്ഷ കേട്ടു; യിരെമ്യാവിനെ രക്ഷിക്കാനായി 30 പുരുഷന്മാരെ അവനോടൊപ്പം അയച്ചു. ബാബിലോണ്യർ യെരുശലേം പിടിച്ചടക്കുമ്പോൾ ഏബെദ്-മേലെക്കിന് ജീവഹാനി സംഭവിക്കില്ലെന്ന് തന്റെ പ്രവാചകനിലൂടെ യഹോവ അവന് ഉറപ്പുനൽകി. (യിരെ. 39:15-18) ദൈവേഷ്ടം ചെയ്യാനായി ധൈര്യം കാണിക്കുന്നവർക്ക് പ്രതിഫലം നിശ്ചയം!
13. മൂന്ന് എബ്രായർ ഏതു ധീരനിലപാടു സ്വീകരിച്ചു, അവരുടെ അനുഭവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാം?
13 വിശ്വാസത്തിനും ധൈര്യത്തിനും ദൈവം പ്രതിഫലം നൽകും എന്നതിന്റെ സുവ്യക്തമായ തെളിവാണ് ബി.സി. ഏഴാം നൂറ്റാണ്ടിലെ മൂന്ന് എബ്രായർ ഉൾപ്പെട്ട സംഭവം. നെബൂഖദ്നേസർ രാജാവ് ബാബിലോണിലെ ഉന്നതോദ്യോഗസ്ഥരെയെല്ലാം വിളിച്ചുകൂട്ടി താൻ ഉണ്ടാക്കിയ ഒരു പടുകൂറ്റൻ സ്വർണബിംബത്തെ ആരാധിക്കണമെന്നു കൽപ്പിച്ചു. അങ്ങനെ ചെയ്യാത്തവരെ കാത്തിരുന്നത് തീച്ചൂളയിലെ മരണമായിരുന്നു. എന്നാൽ ആ മൂന്നു ദൈവദാസന്മാർ ആദരവോടെ രാജാവിനോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല.” (ദാനീ. 3:16-18) ദൈവം അവരെ വിടുവിച്ചതിനെക്കുറിച്ചുള്ള ഉദ്വേഗജനകമായ വിവരണം ദാനീയേൽ 3:19-30 വരെയുള്ള വാക്യങ്ങളിൽ കാണാം. ‘തീച്ചൂളയിൽ ഇട്ട്’ കൊന്നുകളയുമെന്ന ഭീഷണിയൊന്നും നാം നേരിടേണ്ടിവരികയില്ലായിരിക്കാം. പക്ഷേ നിർമലതയുടെ പലവിധ പരിശോധനകൾ നമുക്കുണ്ട്. നമ്മുടെ വിശ്വാസത്തെയും ധൈര്യത്തെയും പ്രതി ദൈവം നമുക്കു പ്രതിഫലം തരും എന്ന് ഉറപ്പുള്ളവരായിരിക്കാം.
14. ദാനീയേലിന്റെ പുസ്തകം ആറാം അധ്യായത്തിൽ കാണുന്നതുപോലെ ദാനീയേൽ ധൈര്യപൂർവം പ്രവർത്തിച്ചത് എങ്ങനെ, എന്തു ഫലമുണ്ടായി?
14 വിശ്വാസവും ധൈര്യവും കാണിച്ച മറ്റൊരു വ്യക്തിയാണ് ദാനീയേൽ. അവന്റെ ശത്രുക്കൾ ദാര്യാവേശ് രാജാവിനെക്കൊണ്ട് ഒരു കൽപ്പന പുറപ്പെടുവിച്ചു. “മുപ്പതുദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും” എന്നായിരുന്നു അത്. രാജാവ് ആ ഉത്തരവിൽ ഒപ്പുവെച്ചതായി മനസ്സിലാക്കിയ ഉടൻതന്നെ ദാനീയേൽ “വീട്ടിൽ ചെന്നു,—അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു—താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രംചെയ്തു.” (ദാനീ. 6:6-10) ധീരനായ ദാനീയേൽ സിംഹക്കുഴിയിൽ എറിയപ്പെട്ടു. പക്ഷേ യഹോവ അവനെ വിടുവിച്ചു.—ദാനീ. 6:16-23.
15. (എ) അക്വിലായും പ്രിസ്കില്ലയും വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ഏതു മാതൃക വെച്ചു? (ബി) യോഹന്നാൻ 13:34-ലെ യേശുവിന്റെ വാക്കുകളുടെ അർഥം എന്ത്, നിരവധി ക്രിസ്ത്യാനികൾ അത്തരം സ്നേഹം കാണിച്ചിരിക്കുന്നത് എങ്ങനെ?
15 സാഹചര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും അക്വിലായും പ്രിസ്കില്ലയും ‘പൗലോസിനുവേണ്ടി ജീവൻ പണയപ്പെടുത്തി’ എന്നു ബൈബിൾ പറയുന്നു. (പ്രവൃ. 18:2; റോമ. 16:3, 4) യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ അവർ ധൈര്യപൂർവം പ്രവർത്തിച്ചു: “ഞാൻ നിങ്ങൾക്ക് ഒരു പുതിയ കൽപ്പന നൽകുന്നു; നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്നുതന്നെ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം.” (യോഹ. 13:34) ഒരു വ്യക്തി തന്റെ അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കണമെന്ന് ന്യായപ്രമാണം നിഷ്കർഷിച്ചിരുന്നു. (ലേവ്യ. 19:18) എന്നാൽ “പുതിയ” കൽപ്പന അനുസരിച്ച്, യേശു ചെയ്തതുപോലെ, മറ്റുള്ളവർക്കായി ജീവൻ വെച്ചുകൊടുത്തുകൊണ്ട് നാം അവരെ സ്നേഹിക്കേണ്ടതുണ്ട്. ധൈര്യത്തോടെ സ്വന്തം ‘ജീവൻ പണയപ്പെടുത്തി’ സഹവിശ്വാസികളെ ക്രൂരരായ ശത്രുക്കളുടെ കയ്യിൽപ്പെടാതെ സംരക്ഷിച്ച നിരവധി ക്രിസ്ത്യാനികളുണ്ട്; അങ്ങനെ അവർ ക്രിസ്തു കാണിച്ചതുപോലുള്ള സ്നേഹം കാണിച്ചു.—1 യോഹന്നാൻ 3:16 വായിക്കുക.
16, 17. ആദിമകാല ക്രിസ്ത്യാനികളിൽ ചിലർക്ക് വിശ്വാസത്തിന്റെ ഏതു പരിശോധന നേരിടേണ്ടിവന്നു, നമ്മുടെ കാലത്തെ ചില ക്രിസ്ത്യാനികളുടെ അനുഭവവുമായി ഇതിന് എന്തു സാമ്യമുണ്ട്?
16 ആദിമക്രിസ്ത്യാനികളും യേശുവിനെപ്പോലെ യഹോവയെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. (മത്താ. 4:8-10) റോമൻ ചക്രവർത്തിയുടെ ബഹുമാനാർഥം ധൂപംകാട്ടാൻ അവർ ധൈര്യപൂർവം വിസമ്മതിച്ചു. (ചിത്രം കാണുക.) മരണത്തെ മുഖാമുഖം കണ്ടവർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡാനിയേൽ പി. മാനിക്സ് എഴുതി: “സാധാരണയായി ക്രിസ്ത്യാനികളുടെ സൗകര്യാർഥം തീ എരിയുന്ന ഒരു ബലിപീഠം പോർക്കളത്തിൽ സജ്ജമാക്കിയിരുന്നെങ്കിലും മിക്ക ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ചു. ഒരു തടവുകാരൻ ആകെക്കൂടി ചെയ്യേണ്ടിയിരുന്നത് ഒരു നുള്ള് ധൂപവർഗം തീയിൽ ഇടുക മാത്രമായിരുന്നു. അങ്ങനെ ചെയ്താൽ അയാൾക്ക് ബലിയർപ്പിച്ചതായുള്ള ഒരു സർട്ടിഫിക്കറ്റ് ലഭിക്കുകയും അയാൾ സ്വതന്ത്രനാക്കപ്പെടുകയും ചെയ്യും. അയാൾ ചക്രവർത്തിയെ ആരാധിക്കുകയല്ല മറിച്ച്, റോമിന്റെ അധിപൻ എന്നനിലയിൽ ചക്രവർത്തിയുടെ ദിവ്യത്വത്തെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അയാളോടു വിശദീകരിച്ചിരുന്നു. എന്നിരുന്നാലും ക്രിസ്ത്യാനികളിൽ ആരുംതന്നെ രക്ഷപ്പെടാനുള്ള ആ മാർഗം സ്വീകരിച്ചില്ല.”
17 ആധുനികകാല ക്രിസ്ത്യാനികൾ നാസി തടങ്കൽപാളയങ്ങളിൽ വെച്ച് മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. യഹോവയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒരു പ്രസ്താവനയിൽ ഒപ്പിട്ടാൽ അവർക്കു മോചിതരാകാമായിരുന്നു. ആവർത്തിച്ച് അവസരങ്ങൾ ലഭിച്ചിട്ടും വളരെക്കുറച്ചുപേർ മാത്രമേ അതിനു വഴങ്ങിയുള്ളൂ. അടുത്തകാലത്ത് റുവാണ്ടയിൽ നടന്ന വംശക്കുരുതിയിൽ ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ഹൂട്ടു-ടൂട്ട്സി സാക്ഷികൾ പരസ്പരം സംരക്ഷിച്ചു. അത്തരം പരിശോധനകൾ നേരിടുന്നതിന് വിശ്വാസവും ധൈര്യവും ആവശ്യമാണ്.
ഓർക്കുക, യഹോവ നമ്മോടുകൂടെയുണ്ട്!
18, 19. പ്രസംഗവേല നിർവഹിക്കുന്നതിന് വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും ഏതു ബൈബിൾമാതൃകകൾ നമ്മെ സഹായിക്കും?
18 ദൈവത്തിന്റെ ഭൂമിയിലെ ദാസന്മാരെ ഭരമേൽപ്പിച്ചിരിക്കുന്ന, രാജ്യസുവാർത്ത ഘോഷിക്കുകയും ആളുകളെ ശിഷ്യരാക്കുകയും ചെയ്യുക എന്ന മഹത്തായ വേലയിൽ ഒരു പങ്കുണ്ടായിരിക്കാനുള്ള പദവി നമുക്കുണ്ട്. (മത്താ. 24:14; 28:19, 20) ഇക്കാര്യത്തിൽ ക്രിസ്തുവിന്റെ പകരംവെക്കാനില്ലാത്ത മാതൃകയും നമുക്കുണ്ട്. “അവൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ഘോഷിച്ചുംകൊണ്ട് . . . പട്ടണന്തോറും ഗ്രാമന്തോറും സഞ്ചരിച്ചു.” (ലൂക്കോ. 8:1) രാജ്യസന്ദേശം ഘോഷിക്കുന്നതിന് നമുക്കും അവനെപ്പോലെ വിശ്വാസവും ധൈര്യവും ആവശ്യമാണ്. ദൈവത്തിന്റെ സഹായമുണ്ടെങ്കിൽ, ഒരു ആഗോളപ്രളയത്തിൽ നശിക്കാനിരുന്ന ‘ഭക്തികെട്ട ലോകത്തോട്’ നിർഭയം പ്രസംഗിച്ച “നീതിപ്രസംഗിയായ” നോഹയെപ്പോലെ നമുക്കും ധീരരായിരിക്കാനാകും.—2 പത്രോ. 2:4, 5.
19 പ്രസംഗവേല നിർവഹിക്കുന്നതിന് പ്രാർഥന നമ്മെ സഹായിക്കും. പീഡനം നേരിട്ടപ്പോൾ ചില ക്രിസ്തുശിഷ്യന്മാർ ‘ദൈവവചനം ധൈര്യത്തോടെ ഘോഷിക്കാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ’ എന്നു പ്രാർഥിച്ചു. ആ പ്രാർഥനയ്ക്ക് ദൈവം ഉത്തരമരുളി. (പ്രവൃത്തികൾ 4:29-31 വായിക്കുക.) വീടുതോറും പ്രസംഗിക്കാൻ നിങ്ങൾക്ക് ഭയം തോന്നുന്നുണ്ടോ? എങ്കിൽ കൂടുതൽ വിശ്വാസത്തിനും ധൈര്യത്തിനും വേണ്ടി പ്രാർഥിക്കുക; യഹോവ ഉത്തരം നൽകും.—സങ്കീർത്തനം 66:19, 20 വായിക്കുക.a
20. യഹോവയുടെ ദാസന്മാരായ നമുക്ക് എന്തു പിന്തുണയുണ്ട്?
20 ദുഷ്ടതയും പ്രയാസവും നിറഞ്ഞ ഈ ലോകത്തിൽ പരിശോധനകളിന്മധ്യേ ദൈവഭക്തിയോടെ ജീവിക്കുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. എന്നാൽ നാം ഒറ്റയ്ക്കല്ല. ദൈവം നമ്മോടു കൂടെയുണ്ട്. അവന്റെ പുത്രൻ സഭയുടെ ശിരസ്സായി നമ്മോടൊപ്പമുണ്ട്. ഗോളമെമ്പാടുമുള്ള, 70 ലക്ഷത്തിലധികം വരുന്ന സഹവിശ്വാസികളും നമ്മോടു കൂടെയുണ്ട്. അവരോടു ചേർന്ന് വിശ്വാസത്തോടെ തുടർന്നും സുവാർത്ത ഘോഷിക്കവെ 2013-ലെ വാർഷികവാക്യം നമുക്ക് മനസ്സിൽപ്പിടിക്കാം: ‘നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക.’—യോശു. 1:9.
a ധൈര്യത്തിന്റെ കൂടുതലായ ദൃഷ്ടാന്തങ്ങൾക്ക് 2012 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ ‘നല്ല ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുക’ എന്ന ലേഖനം കാണുക.