യിരെമ്യ
49 അമ്മോന്യരെക്കുറിച്ച്+ യഹോവ പറയുന്നു:
“ഇസ്രായേലിന് ആൺമക്കളില്ലേ?
അവന് അനന്തരാവകാശികളില്ലേ?
പിന്നെ എന്താണു മൽക്കാം+ ഗാദിന്റെ ദേശം കൈവശപ്പെടുത്തിയത്?+
അവന്റെ ആരാധകർ ഇസ്രായേൽനഗരങ്ങളിൽ താമസിക്കുന്നത് എന്താണ്?”
2 “‘അതുകൊണ്ട് അമ്മോന്യരുടെ+ രബ്ബയ്ക്കെതിരെ+ ഞാൻ
യുദ്ധഭേരി* മുഴക്കുന്ന കാലം ഇതാ, വരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘അപ്പോൾ, അവൾ ഉപേക്ഷിക്കപ്പെടും, നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാകും.
അവളുടെ ആശ്രിതപട്ടണങ്ങൾക്കു* തീയിടും.’
‘തന്നെ കുടിയൊഴിപ്പിച്ചവരുടെ ദേശം ഇസ്രായേൽ കൈവശപ്പെടുത്തും’+ എന്ന് യഹോവ പറയുന്നു.
3 ‘ഹെശ്ബോനേ, വിലപിക്കൂ! ഹായി നശിച്ചല്ലോ!
രബ്ബയുടെ ആശ്രിതപട്ടണങ്ങളേ, നിലവിളിക്കൂ!
വിലാപവസ്ത്രം ധരിക്കൂ!
വിലപിച്ചുകൊണ്ട് കൽത്തൊഴുത്തുകളുടെ* ഇടയിലൂടെ അലയൂ.
കാരണം, മൽക്കാമിനെ ബന്ദിയായി പിടിച്ചുകൊണ്ടുപോകും.
ഒപ്പം അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും ഉണ്ടാകും.+
4 “എന്റെ നേരെ ആരു വരാനാണ്” എന്നു പറഞ്ഞ്
സ്വന്തം സമ്പത്തിൽ ആശ്രയം വെക്കുന്ന
അവിശ്വസ്തയായ പുത്രിയേ, നിന്റെ താഴ്വരകളെക്കുറിച്ചും
ഫലപുഷ്ടിയുള്ള* സമതലത്തെക്കുറിച്ചും നീ വീമ്പിളക്കുന്നത് എന്താണ്?’”
5 “‘ചുറ്റുമുള്ള എല്ലാവരിൽനിന്നും
ഞാൻ ഇതാ, നിന്റെ നേർക്കു കൊടുംഭീതി അയയ്ക്കുന്നു’ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു.
‘നിന്നെ നാലുപാടും ചിതറിക്കും.
ജീവനുംകൊണ്ട് ഓടുന്നവരെ ഒന്നിച്ചുകൂട്ടാൻ ആരുമുണ്ടാകില്ല.’”
6 “‘പക്ഷേ പിന്നീട് അമ്മോന്യബന്ദികളെ ഞാൻ ഒന്നിച്ചുകൂട്ടും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
7 ഏദോമിനെക്കുറിച്ച് സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
“തേമാനേ, നിന്റെ ജ്ഞാനം എവിടെപ്പോയി?+
വകതിരിവുള്ളവരുടെ സദുപദേശം നിലച്ചുപോയോ?
അവരുടെ ജ്ഞാനം അഴുകിപ്പോയോ?
8 ജീവനുംകൊണ്ട് ഓടൂ! പിന്തിരിയൂ!
ദേദാൻനിവാസികളേ,+ ചെന്ന് ഗർത്തങ്ങളിൽ താമസിക്കൂ!
കാരണം, ഏശാവിന്റെ നേർക്കു തിരിയാനുള്ള കാലം വരുമ്പോൾ
ഞാൻ അവനു ദുരന്തം വരുത്തും.
9 മുന്തിരിപ്പഴം ശേഖരിക്കുന്നവർ നിന്റെ അടുത്ത് വന്നാൽ
കാലാ പെറുക്കാനായി* അവർ എന്തെങ്കിലും ബാക്കി വെക്കില്ലേ?
രാത്രിയിൽ കള്ളന്മാർ വന്നാൽ
തങ്ങൾക്കു വേണ്ടതല്ലേ അവർ എടുക്കൂ! അത്രയും നാശമല്ലേ അവർ വരുത്തൂ?+
10 പക്ഷേ ഞാൻ ഏശാവിന്റേതെല്ലാം ഉരിഞ്ഞുകളഞ്ഞ് അവനെ നഗ്നനാക്കും.
ഒളിച്ചിരിക്കാൻ കഴിയാതിരിക്കേണ്ടതിന്
അവന്റെ ഒളിയിടങ്ങളുടെ മറ ഞാൻ നീക്കും.
11 നിന്റെ അനാഥരായ* കുട്ടികളെ വിട്ടേക്കൂ.
ഞാൻ അവരുടെ ജീവൻ കാത്തുകൊള്ളാം.
നിന്റെ വിധവമാർ എന്നിൽ ആശ്രയമർപ്പിക്കും.”
12 യഹോവ പറയുന്നു: “ശിക്ഷയുടെ പാനപാത്രത്തിൽനിന്ന് കുടിക്കാൻ വിധിക്കപ്പെടാത്തവർക്കുപോലും അതിൽനിന്ന് കുടിക്കേണ്ടിവന്നെങ്കിൽ നിന്നെ ഞാൻ വെറുതേ വിടുമോ? ഒരു കാരണവശാലും നിന്നെ ശിക്ഷിക്കാതെ വിടില്ല. നീ അതു കുടിച്ചേ മതിയാകൂ.”+
13 “കാരണം, ബൊസ്ര പേടിപ്പെടുത്തുന്ന ഒരിടവും+ ഒരു നിന്ദയും നാശവും ശാപവും ആകുമെന്നും അവളുടെ നഗരങ്ങളെല്ലാം എന്നും ഒരു നാശകൂമ്പാരമായി കിടക്കുമെന്നും ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
14 യഹോവയിൽനിന്ന് ഞാൻ ഒരു വാർത്ത കേട്ടിരിക്കുന്നു.
ജനതകൾക്കിടയിലേക്ക് ഒരു സന്ദേശവാഹകനെ അയച്ചിരിക്കുന്നു.
അയാൾ പറയുന്നു: “ഒന്നിച്ചുകൂടി അവൾക്കെതിരെ വരൂ.
യുദ്ധത്തിന് ഒരുങ്ങിക്കൊള്ളൂ.”+
15 “ഇതാ! ഞാൻ നിന്നെ ജനതകൾക്കിടയിൽ നിസ്സാരയാക്കിയിരിക്കുന്നു;
ആളുകളുടെ കണ്ണിൽ നീ നിന്ദിതയായിരിക്കുന്നു.+
16 വൻപാറയിലെ സങ്കേതങ്ങളിൽ വസിക്കുന്നവളേ,
ഏറ്റവും ഉയരമുള്ള കുന്നിൽ താമസിക്കുന്നവളേ,
നീ വിതച്ച ഭീതിയും
നിന്റെ ഹൃദയത്തിലെ ധാർഷ്ട്യവും നിന്നെ വഞ്ചിച്ചിരിക്കുന്നു.
നീ കഴുകനെപ്പോലെ ഉയരങ്ങളിൽ കൂടു കൂട്ടിയാലും
നിന്നെ ഞാൻ താഴെ ഇറക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
17 “ഏദോം പേടിപ്പെടുത്തുന്ന ഒരിടമാകും.+ അതുവഴി കടന്നുപോകുന്ന എല്ലാവരും പേടിച്ച് കണ്ണു മിഴിക്കും, അവൾക്കു വന്ന എല്ലാ ദുരന്തങ്ങളെയുംപ്രതി അവർ അതിശയത്തോടെ തല കുലുക്കും.* 18 നശിപ്പിക്കപ്പെട്ട സൊദോമിന്റെയും ഗൊമോറയുടെയും അവയുടെ അയൽപ്പട്ടണങ്ങളുടെയും കാര്യത്തിൽ സംഭവിച്ചതുപോലെ അവിടെയും സംഭവിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ആരും അവിടെ താമസിക്കില്ല. ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.+
19 “യോർദാനു സമീപത്തെ ഇടതൂർന്ന കുറ്റിക്കാടുകളിൽനിന്നുള്ള സിംഹത്തെപ്പോലെ+ ഒരാൾ സുരക്ഷിതമായ മേച്ചിൽപ്പുറങ്ങളിലേക്കു കയറിവരും. പക്ഷേ ഞൊടിയിടയിൽ ഞാൻ അവനെ അവളുടെ അടുത്തുനിന്ന് ഓടിച്ചുകളയും. എന്നിട്ട്, ഞാൻ തിരഞ്ഞെടുത്ത ഒരാളെ അവളുടെ മേൽ നിയമിക്കും. കാരണം, എന്നെപ്പോലെ മറ്റാരുമില്ലല്ലോ. എന്നെ വെല്ലുവിളിക്കാൻ ആർക്കു കഴിയും? ഏത് ഇടയന് എന്റെ മുന്നിൽ നിൽക്കാനാകും?+ 20 അതുകൊണ്ട് പുരുഷന്മാരേ, ഏദോമിന് എതിരെ യഹോവ തീരുമാനിച്ചതും* തേമാനിൽ+ താമസിക്കുന്നവർക്കെതിരെ ആസൂത്രണം ചെയ്തതും എന്തെന്നു കേൾക്കൂ:
ആട്ടിൻപറ്റത്തിലെ കുഞ്ഞുങ്ങളെ ഉറപ്പായും വലിച്ചിഴയ്ക്കും.
അവർ കാരണം അവരുടെ താമസസ്ഥലങ്ങൾ അവൻ ശൂന്യമാക്കും.+
21 അവരുടെ വീഴ്ചയുടെ ശബ്ദത്തിൽ ഭൂമി പ്രകമ്പനംകൊണ്ടു.
അതാ, ഒരു നിലവിളി ഉയരുന്നു!
ആ ശബ്ദം ദൂരെ ചെങ്കടൽ വരെ കേട്ടു.+
22 ഉയർന്നുപൊങ്ങിയിട്ട് ഇരയെ റാഞ്ചാൻ പറന്നിറങ്ങുന്ന ഒരു കഴുകനെപ്പോലെ+
അവൻ ബൊസ്രയുടെ+ മേൽ ചിറകു വിരിക്കും.
അന്ന് ഏദോമിലെ വീരയോദ്ധാക്കളുടെ ഹൃദയം
പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയുടെ ഹൃദയംപോലെയാകും.”
23 ഇനി, ദമസ്കൊസിനെക്കുറിച്ച്:+
“ഹമാത്തും+ അർപ്പാദും
ദുർവാർത്ത കേട്ട് നാണംകെട്ടുപോയിരിക്കുന്നു.
അവർ പേടിച്ച് ഉരുകുന്നു.
കടൽ ഇളകിമറിയുന്നു; അതിനെ ശാന്തമാക്കാനാകുന്നില്ല.
24 ദമസ്കൊസിന്റെ ധൈര്യം ചോർന്നുപോയിരിക്കുന്നു.
അവൾ പിന്തിരിഞ്ഞ് ഓടാൻ നോക്കുന്നു; പക്ഷേ പരിഭ്രമം അവളെ കീഴടക്കിയിരിക്കുന്നു.
അവൾ പ്രസവിക്കാറായ ഒരു സ്ത്രീയെപ്പോലെയാണ്;
വേദനയും നോവും അവളെ പിടികൂടിയിരിക്കുന്നു.
25 ആ മഹനീയനഗരം, ആഹ്ലാദത്തിന്റെ പട്ടണം,
ഉപേക്ഷിക്കപ്പെടാത്തത് എന്താണ്?
26 അവളുടെ യുവാക്കൾ അവളുടെ പൊതുസ്ഥലങ്ങളിൽ* വീഴുമല്ലോ.
പടയാളികളെല്ലാം അന്നു നശിക്കും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
27 “ഞാൻ ദമസ്കൊസിന്റെ മതിലിനു തീയിടും.
അതു ബൻ-ഹദദിന്റെ ഉറപ്പുള്ള ഗോപുരങ്ങളെ ചുട്ടുചാമ്പലാക്കും.”+
28 ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് നശിപ്പിച്ച കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ച് യഹോവ പറയുന്നത് ഇതാണ്:
“എഴുന്നേറ്റ് കേദാരിലേക്കു പോകൂ!+
കിഴക്കിന്റെ മക്കളെ സംഹരിക്കൂ!
29 അവരുടെ കൂടാരങ്ങളെയും ആട്ടിൻപറ്റങ്ങളെയും അവർ അപഹരിക്കും.
അവരുടെ കൂടാരത്തുണികളും എല്ലാ സാധനങ്ങളും അവർ കൊണ്ടുപോകും.
അവരുടെ ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോകും.
‘എങ്ങും ഭീതി!’ എന്ന് അവർ അവരോടു വിളിച്ചുപറയും.”
30 “ജീവനുംകൊണ്ട് ദൂരേക്ക് ഓടൂ!
ഹാസോർനിവാസികളേ, ഗർത്തങ്ങളിൽ ചെന്ന് താമസിക്കൂ!” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“കാരണം, ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് നിങ്ങൾക്കെതിരെ കരുക്കൾ നീക്കിയിരിക്കുന്നു.
നിങ്ങൾക്കു വിരോധമായി അയാൾ ഒരു പദ്ധതിയിട്ടിട്ടുണ്ട്.”
31 “എഴുന്നേൽക്കൂ! സമാധാനത്തോടെ, സുരക്ഷിതരായി താമസിക്കുന്ന,
ജനതയുടെ നേർക്കു ചെല്ലൂ!” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
“അവർക്കു കതകുകളും പൂട്ടുകളും ഇല്ല; ആരുമായും സമ്പർക്കമില്ലാതെ അവർ ഒറ്റയ്ക്കു കഴിയുന്നു.
32 അവരുടെ ഒട്ടകങ്ങളെ കൊള്ളയടിച്ച് കൊണ്ടുപോകും;
അവരുടെ സമൃദ്ധമായ മൃഗസമ്പത്ത് അപഹരിക്കും.
ചെന്നിയിലെ മുടി മുറിച്ച അവരെ
ഞാൻ നാനാദിക്കിലേക്കും* ചിതറിക്കും.+
നാനാവശത്തുനിന്നും ഞാൻ അവർക്കു ദുരന്തം വരുത്തും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
33 “ഹാസോർ കുറുനരികളുടെ താവളമാകും.
അത് എന്നും ഒരു പാഴ്ക്കൂമ്പാരമായി കിടക്കും.
ആരും അവിടെ താമസിക്കില്ല.
ഒരു മനുഷ്യനും അവിടെ സ്ഥിരതാമസമാക്കില്ല.”
34 യഹൂദയിലെ സിദെക്കിയ രാജാവ്+ ഭരണം തുടങ്ങിയ സമയത്ത് ഏലാമിനെക്കുറിച്ച്+ യിരെമ്യ പ്രവാചകന് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം: 35 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഏലാമിന്റെ വില്ല് ഒടിച്ചുകളയുന്നു;+ അതാണല്ലോ അവരുടെ കരുത്ത്.* 36 ആകാശത്തിന്റെ നാല് അറുതികളിൽനിന്ന് ഞാൻ ഏലാമിന്റെ നേരെ നാലു കാറ്റ് അടിപ്പിക്കും. ഈ കാറ്റുകളുടെ ദിശയിൽ ഞാൻ അവരെ ചിതറിക്കും. ഏലാമിൽനിന്ന് ചിതറിക്കപ്പെട്ടവർ ചെന്നെത്താത്ത ഒരു ജനതയുമുണ്ടായിരിക്കില്ല.’”
37 “ഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെയും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെയും മുന്നിൽ ഭ്രമിപ്പിക്കും. ഞാൻ അവരുടെ മേൽ ദുരന്തം വരുത്തും, എന്റെ ഉഗ്രകോപം ചൊരിയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ഒരു വാൾ അയയ്ക്കും; അത് അവരുടെ പിന്നാലെ ചെന്ന് അവരെ നിശ്ശേഷം നശിപ്പിക്കും.”
38 “ഞാൻ ഏലാമിൽ എന്റെ സിംഹാസനം സ്ഥാപിക്കും.+ ഞാൻ അവരുടെ രാജാവിനെയും പ്രഭുക്കന്മാരെയും കൊന്നുകളയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
39 “പക്ഷേ ഏലാമിൽനിന്ന് ബന്ദികളായി കൊണ്ടുപോയവരെ അവസാനനാളുകളിൽ ഞാൻ കൂട്ടിച്ചേർക്കും” എന്നും യഹോവ പ്രഖ്യാപിക്കുന്നു.