യഹസ്കേൽ
18 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “‘പുളിയൻ മുന്തിരിങ്ങ തിന്നത് അപ്പന്മാർ; പല്ലു പുളിച്ചതു മക്കൾക്ക്’ എന്നൊരു പഴഞ്ചൊല്ല് ഇസ്രായേലിൽ പറഞ്ഞുകേൾക്കുന്നുണ്ടല്ലോ. എന്താണ് അതിന്റെ അർഥം?+
3 “പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: ‘ഞാനാണെ, ഇനി ഒരിക്കലും ഈ ചൊല്ല് ഇസ്രായേലിൽ പറഞ്ഞുകേൾക്കില്ല. 4 ഇതാ, എല്ലാ ദേഹികളും* എന്റേതാണ്. അപ്പന്റെ ദേഹിപോലെതന്നെ മകന്റെ ദേഹിയും എന്റേതാണ്. പാപം ചെയ്യുന്ന ദേഹിയാണു* മരിക്കുക.
5 “‘നീതിയും ന്യായവും പ്രവർത്തിക്കുന്ന നീതിമാനായ ഒരു മനുഷ്യൻ നിങ്ങളുടെ ഇടയിലുണ്ടെന്നു കരുതുക. 6 മലകളിൽവെച്ച് വിഗ്രഹങ്ങൾക്ക് അർപ്പിച്ച ബലിവസ്തുക്കൾ അയാൾ കഴിക്കുന്നില്ല;+ അയാൾ ഇസ്രായേൽഗൃഹത്തിന്റെ മ്ലേച്ഛവിഗ്രഹങ്ങളിൽ* ആശ്രയം വെക്കുന്നില്ല. അയാൾ അയൽക്കാരന്റെ ഭാര്യക്കു കളങ്കം വരുത്തുകയോ+ ആർത്തവകാലത്ത് സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല.+ 7 അയാൾ ആരെയും ദ്രോഹിക്കുന്നില്ല.+ പകരം, കടം വാങ്ങിയവനു പണയവസ്തു തിരികെ കൊടുക്കുന്നു.+ ആരിൽനിന്നും ഒന്നും പിടിച്ചുപറിക്കുന്നില്ല.*+ പകരം, വിശന്നിരിക്കുന്നവനു സ്വന്തം ഭക്ഷണം കൊടുക്കുന്നു.+ ഉടുതുണിയില്ലാത്തവനെ വസ്ത്രം ധരിപ്പിക്കുന്നു.+ 8 അയാൾ പണം പലിശയ്ക്കു കൊടുക്കുകയോ കൊള്ളപ്പലിശ ഈടാക്കുകയോ ചെയ്യുന്നില്ല.+ അന്യായം കാണിക്കുന്നില്ല.+ രണ്ടു പേർ തമ്മിലുള്ള പ്രശ്നത്തിൽ പക്ഷം പിടിക്കാതെ നീതി നടപ്പാക്കുന്നു.+ 9 കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്യാൻവേണ്ടി അയാൾ എന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുകയും എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റുകയും ചെയ്യുന്നു. ഇങ്ങനെയുള്ള മനുഷ്യൻ നീതിമാനാണ്. അവൻ നിശ്ചയമായും ജീവിച്ചിരിക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
10 “‘പക്ഷേ പിടിച്ചുപറിയോ+ കൊലപാതകമോ*+ അതുപോലുള്ള മറ്റ് ഏതെങ്കിലും കാര്യമോ ചെയ്യുന്ന ഒരു മകൻ അയാൾക്കുണ്ടെന്നു കരുതുക. 11 (അപ്പൻ ഇത്തരം കാര്യങ്ങളൊന്നും ചെയ്തിട്ടില്ലതാനും.) ഈ മകൻ മലകളിൽവെച്ച് വിഗ്രഹങ്ങൾക്ക് അർപ്പിച്ച ബലിവസ്തുക്കൾ കഴിക്കുന്നു. അയൽക്കാരന്റെ ഭാര്യയെ കളങ്കപ്പെടുത്തുന്നു. 12 പാവങ്ങളെയും ദരിദ്രരെയും ദ്രോഹിക്കുന്നു.+ ആളുകളിൽനിന്ന് പിടിച്ചുപറിക്കുന്നു. പണയവസ്തു തിരികെ കൊടുക്കുന്നില്ല. മ്ലേച്ഛവിഗ്രഹങ്ങളിൽ ആശ്രയം വെക്കുന്നു.+ വൃത്തികെട്ട ആചാരങ്ങളിൽ മുഴുകുന്നു.+ 13 കൊള്ളപ്പലിശ ഈടാക്കുകയും പണം പലിശയ്ക്കു കൊടുക്കുകയും ചെയ്യുന്നു.+ ഇങ്ങനെയൊക്കെ ചെയ്യുന്ന ഈ മകൻ ജീവിച്ചിരിക്കില്ല. അവൻ ഈ വൃത്തികേടുകളെല്ലാം ചെയ്തുകൂട്ടിയതുകൊണ്ട് അവനെ നിശ്ചയമായും കൊന്നുകളയും. അവന്റെ രക്തം അവന്റെ മേൽത്തന്നെ ഇരിക്കും.
14 “‘പക്ഷേ ഒരു മനുഷ്യന് ഒരു മകൻ ജനിക്കുകയും അപ്പൻ ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം അവൻ കാണുകയും ചെയ്യുന്നെന്നിരിക്കട്ടെ. അതെല്ലാം കണ്ടിട്ടും അവൻ പക്ഷേ, അത്തരം കാര്യങ്ങളൊന്നും ചെയ്യുന്നില്ല. 15 മലകളിൽവെച്ച് വിഗ്രഹങ്ങൾക്ക് അർപ്പിച്ച ബലിവസ്തുക്കൾ അവൻ കഴിക്കുന്നില്ല. ഇസ്രായേൽഗൃഹത്തിന്റെ മ്ലേച്ഛവിഗ്രഹങ്ങളിൽ ആശ്രയം വെക്കുന്നില്ല. അയൽക്കാരന്റെ ഭാര്യക്കു കളങ്കം വരുത്തുന്നില്ല. 16 അവൻ ആരെയും ദ്രോഹിക്കുന്നില്ല. പണയവസ്തു തിരികെ കൊടുക്കാതെ പിടിച്ചുവെക്കുന്നില്ല. അവൻ ആരുടെയും ഒന്നും പിടിച്ചുപറിക്കുന്നില്ല. വിശന്നിരിക്കുന്നവനു സ്വന്തം ഭക്ഷണം കൊടുക്കുന്നു. ഉടുതുണിയില്ലാത്തവനെ വസ്ത്രം ധരിപ്പിക്കുന്നു. 17 പാവപ്പെട്ടവരെ അവൻ ബുദ്ധിമുട്ടിക്കുന്നില്ല. കൊള്ളപ്പലിശ ഈടാക്കുകയോ പണം പലിശയ്ക്കു കൊടുക്കുകയോ ചെയ്യുന്നില്ല. അവൻ എന്റെ ന്യായത്തീർപ്പുകൾ പിൻപറ്റുകയും എന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു മനുഷ്യൻ അവന്റെ അപ്പന്റെ തെറ്റു കാരണം മരിക്കില്ല. അവൻ നിശ്ചയമായും ജീവിച്ചിരിക്കും. 18 പക്ഷേ അവന്റെ അപ്പൻ വഞ്ചന കാണിക്കുകയും സഹോദരനിൽനിന്ന് പിടിച്ചുപറിക്കുകയും തന്റെ ജനത്തിന് ഇടയിൽ കൊള്ളരുതായ്ക കാണിക്കുകയും ചെയ്തതുകൊണ്ട് തന്റെ തെറ്റു കാരണം മരിക്കും.
19 “‘പക്ഷേ “അപ്പൻ ചെയ്ത തെറ്റിന്റെ കുറ്റം മകന്റെ മേൽ വരാത്തത് എന്താണ്” എന്നു നിങ്ങൾ ചോദിക്കുന്നു. മകൻ നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ടും എന്റെ നിയമങ്ങളെല്ലാം പാലിക്കുകയും പിൻപറ്റുകയും ചെയ്തതുകൊണ്ടും അവൻ നിശ്ചയമായും ജീവിച്ചിരിക്കും.+ 20 പാപം ചെയ്യുന്ന ദേഹിയാണു* മരിക്കുക.+ അപ്പന്റെ തെറ്റിനു മകനോ മകന്റെ തെറ്റിന് അപ്പനോ കുറ്റക്കാരനാകില്ല. നീതിമാന്റെ നീതി അവന്റെ പേരിൽ മാത്രമായിരിക്കും കണക്കിടുക. ദുഷ്ടന്റെ ദുഷ്ടതയും അങ്ങനെതന്നെ.+
21 “‘പക്ഷേ ഒരു ദുഷ്ടൻ അവന്റെ പാപങ്ങളെല്ലാം വിട്ടുമാറി എന്റെ നിയമങ്ങൾ പാലിക്കുകയും നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്താൽ അവൻ നിശ്ചയമായും ജീവിച്ചിരിക്കും. അവൻ മരിക്കില്ല.+ 22 അവന്റെ ലംഘനങ്ങളൊന്നും മേലാൽ അവന് എതിരെ കണക്കിലെടുക്കില്ല.*+ നീതിക്കു ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ട് അവൻ ജീവിച്ചിരിക്കും.’+
23 “‘ഒരു ദുഷ്ടൻ മരിക്കുമ്പോൾ ഞാൻ അൽപ്പമെങ്കിലും സന്തോഷിക്കുമെന്നു തോന്നുന്നുണ്ടോ’+ എന്നു പരമാധികാരിയായ യഹോവ ചോദിക്കുന്നു. ‘അവൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിച്ചിരിക്കാനല്ലേ ഞാൻ ആഗ്രഹിക്കുന്നത്?’+
24 “‘പക്ഷേ ഒരു നീതിമാൻ നീതിമാർഗം ഉപേക്ഷിച്ച് തെറ്റു* ചെയ്താൽ, ദുഷ്ടന്മാർ ചെയ്യുന്ന വൃത്തികേടുകളെല്ലാം ചെയ്താൽ, അവൻ ജീവിച്ചിരിക്കുമോ? അവൻ ചെയ്ത നീതിപ്രവൃത്തികളൊന്നും ഓർക്കുകയില്ല.+ അവന്റെ അവിശ്വസ്തതയും അവൻ ചെയ്ത പാപവും കാരണം അവൻ മരിക്കും.+
25 “‘പക്ഷേ “യഹോവയുടെ വഴി നീതിയുള്ളതല്ല”+ എന്നു നിങ്ങൾ പറയും. ഇസ്രായേൽഗൃഹമേ, കേൾക്കൂ! വാസ്തവത്തിൽ നീതിക്കു നിരക്കാത്തത് എന്റെ വഴിയാണോ,+ നിങ്ങളുടെ വഴികളല്ലേ?+
26 “‘ഒരു നീതിമാൻ നീതിമാർഗം ഉപേക്ഷിച്ച് തെറ്റു ചെയ്തിട്ട് അതു കാരണം മരിക്കുന്നെങ്കിൽ, അവൻ സ്വന്തം തെറ്റു കാരണമായിരിക്കും മരിക്കുന്നത്.
27 “‘പക്ഷേ ഒരു ദുഷ്ടൻ അവന്റെ ദുഷ്ടതയെല്ലാം വിട്ടുമാറി നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കാൻ തുടങ്ങുന്നെങ്കിൽ അവൻ സ്വന്തം ജീവൻ രക്ഷിക്കും.+ 28 ചെയ്തുകൂട്ടിയ ലംഘനങ്ങളെല്ലാം തിരിച്ചറിഞ്ഞ് അവ വിട്ടുമാറുന്നെങ്കിൽ അവൻ നിശ്ചയമായും ജീവിച്ചിരിക്കും. അവൻ മരിക്കില്ല.
29 “‘പക്ഷേ “യഹോവയുടെ വഴി നീതിയുള്ളതല്ല” എന്ന് ഇസ്രായേൽഗൃഹം പറയും. ഇസ്രായേൽഗൃഹമേ, വാസ്തവത്തിൽ നീതിക്കു നിരക്കാത്തത് എന്റെ വഴികളാണോ,+ നിങ്ങളുടെ വഴികളല്ലേ?’
30 “‘അതുകൊണ്ട് ഇസ്രായേൽഗൃഹമേ, ഞാൻ നിങ്ങളെ ഓരോരുത്തനെയും അവനവന്റെ പ്രവൃത്തിക്കനുസരിച്ച് വിധിക്കും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘വിട്ടുതിരിയൂ! നിങ്ങളുടെ എല്ലാ ലംഘനങ്ങളും പൂർണമായി വിട്ടുതിരിയൂ! അങ്ങനെയെങ്കിൽ അവ നിങ്ങളെ കുറ്റക്കാരാക്കുന്ന ഒരു തടസ്സമായി നിൽക്കില്ല. 31 നിങ്ങൾ ചെയ്തിട്ടുള്ള ലംഘനങ്ങളെല്ലാം ഉപേക്ഷിച്ച്+ ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും* നേടൂ!*+ ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കണം?’+
32 “‘ആരുടെയും മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അതുകൊണ്ട് പിന്തിരിയൂ! അങ്ങനെ, ജീവിച്ചിരിക്കൂ!’”+