ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജൂലൈ 17-23
ദൈവവചനത്തിലെ നിധികൾ | യഹസ്കേൽ 18-20
“യഹോവ ക്ഷമിക്കും, പക്ഷേ മറക്കുമോ?”
(യഹസ്കേൽ 18:19, 20) പക്ഷേ “അപ്പൻ ചെയ്ത തെറ്റിന്റെ കുറ്റം മകന്റെ മേൽ വരാത്തത് എന്താണ്” എന്നു നിങ്ങൾ ചോദിക്കുന്നു. മകൻ നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ടും എന്റെ നിയമങ്ങളെല്ലാം പാലിക്കുകയും പിൻപറ്റുകയും ചെയ്തതുകൊണ്ടും അവൻ നിശ്ചയമായും ജീവിച്ചിരിക്കും. പാപം ചെയ്യുന്ന ദേഹിയാണു മരിക്കുക. അപ്പന്റെ തെറ്റിനു മകനോ മകന്റെ തെറ്റിന് അപ്പനോ കുറ്റക്കാരനാകില്ല. നീതിമാന്റെ നീതി അവന്റെ പേരിൽ മാത്രമായിരിക്കും കണക്കിടുക. ദുഷ്ടന്റെ ദുഷ്ടതയും അങ്ങനെതന്നെ.’
w12-E 7/1 18¶2
യഹോവ ക്ഷമിക്കും, പക്ഷേ മറക്കുമോ?
യഹസ്കേൽ പ്രവാചകനെ ഒരു വക്താവായി ഉപയോഗിച്ച്, അവിശ്വസ്തരായ യഹൂദയ്ക്കും യരുശലേമിനും എതിരെ യഹോവ ന്യായവിധി പ്രഖ്യാപിച്ചു. ആ ജനത ഒന്നാകെ യഹോവയെ ആരാധിക്കുന്നത് നിറുത്തുകയും ദേശത്തെ അക്രമം കൊണ്ടു നിറയ്ക്കുകയും ചെയ്തു. ബാബിലോൺ യരുശലേമിനെ നശിപ്പിക്കുമെന്ന് യഹോവ മുൻകൂട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ ന്യായവിധിദൂതിനൊപ്പം യഹോവ പ്രത്യാശയുടെ സന്ദേശവും അവർക്ക് നൽകി. ഓരോ വ്യക്തിക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവരവരുടെ പ്രവൃത്തിക്ക് അവരവർ തന്നെ ഉത്തരവാദികളാകുമായിരുന്നു.—വാക്യങ്ങൾ 19, 20.
(യഹസ്കേൽ 18:21, 22) “പക്ഷേ ഒരു ദുഷ്ടൻ അവന്റെ പാപങ്ങളെല്ലാം വിട്ടുമാറി എന്റെ നിയമങ്ങൾ പാലിക്കുകയും നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്താൽ അവൻ നിശ്ചയമായും ജീവിച്ചിരിക്കും. അവൻ മരിക്കില്ല. അവന്റെ ലംഘനങ്ങളൊന്നും മേലാൽ അവന് എതിരെ കണക്കിലെടുക്കില്ല. നീതിക്കു ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ട് അവൻ ജീവിച്ചിരിക്കും.”
w12-E 7/1 18¶3-7
യഹോവ ക്ഷമിക്കും, പക്ഷേ മറക്കുമോ?
ഒരു വ്യക്തി തെറ്റു ചെയ്യുന്നത് നിറുത്തി ശരി ചെയ്യാൻ തുടങ്ങിയെങ്കിലോ? യഹോവ പറയുന്നു: “പക്ഷേ ഒരു ദുഷ്ടൻ അവന്റെ പാപങ്ങളെല്ലാം വിട്ടുമാറി എന്റെ നിയമങ്ങൾ പാലിക്കുകയും നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്താൽ അവൻ നിശ്ചയമായും ജീവിച്ചിരിക്കും. അവൻ മരിക്കില്ല.” (വാക്യം 21) പാപിയായ ഒരു വ്യക്തി തന്റെ തെറ്റായ ജീവിതരീതി ഉപേക്ഷിച്ച് യഥാർഥപശ്ചാത്താപം പ്രകടിപ്പിച്ചാൽ യഹോവ ‘ക്ഷമിക്കാൻ സന്നദ്ധനാണ്.’—സങ്കീർത്തനം 86:5.
അയാൾ ചെയ്ത തെറ്റുകൾ സംബന്ധിച്ചോ? ‘അവന്റെ ലംഘനങ്ങളൊന്നും മേലാൽ അവന് എതിരെ ഓർക്കില്ല’ എന്നു യഹോവ പറയുന്നു. (വാക്യം 22, അടിക്കുറിപ്പ്.) പശ്ചാത്തപിക്കുന്നവരുടെ പാപങ്ങൾ ‘മേലാൽ അവന് എതിരെ ഓർക്കില്ല‘ എന്നു പറയുന്നത് ശ്രദ്ധിക്കുക. എന്തുകൊണ്ടാണ് ഇത് പ്രധാനമായിരിക്കുന്നത്?
ബൈബിളിൽ, ‘ഓർക്കുക’ എന്നു പറഞ്ഞിരിക്കുന്ന പദത്തിന് വെറുതെ പഴയ കാര്യങ്ങൾ ഓർക്കുന്നതിലും അധികം അർഥവ്യാപ്തിയുണ്ട്. ഈ വാക്കിനെക്കുറിച്ച് ഒരു പുസ്തകം പറയുന്നത് ഇതാണ്: “പലപ്പോഴും അത് ഒരു പ്രവൃത്തിയെ സൂചിപ്പിക്കാനോ പ്രവൃത്തികളുടെ ഒരു പരമ്പരയെയോ സൂചിപ്പിക്കാനോ ആണ് ഉപയോഗിക്കുന്നത്.” അതുകൊണ്ട്, ‘ഓർക്കില്ല’ എന്നു പറയുമ്പോൾ “പ്രവൃത്തിക്കില്ല” എന്നൊരു അർഥംകൂടി അതിനുണ്ട്. പശ്ചാത്തപിക്കുന്ന പാപിയോടു ‘അയാളുടെ പാപങ്ങൾ മേലാൽ അയാൾക്കെതിരെ ഓർക്കില്ല’ എന്ന് യഹോവ പറയുന്നതിന്റെ അർഥം പാപം ചെയ്ത വ്യക്തിയെ കുറ്റപ്പെടുത്തിക്കൊണ്ടോ ശിക്ഷിച്ചുകൊണ്ടോ അയാൾക്കെതിരെ പ്രവൃത്തിക്കില്ല എന്നാണ്.
ദൈവത്തിന്റെ ക്ഷമയുടെ ആഴം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു വർണ്ണനാചിത്രം യഹസ്കേൽ 18:21, 22-ൽ കാണാം. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിച്ചാൽ പിന്നീട് അതോർത്തു വെക്കുന്നില്ല. ഭാവിയിൽ അതെപ്രതി നമുക്ക് എതിരെ പ്രവർത്തിക്കുന്നുമില്ല. പകരം പശ്ചാത്തപിക്കുന്ന വ്യക്തികളുടെ പാപങ്ങൾ യഹോവ പിന്നിലേക്ക് എറിഞ്ഞു കളയുന്നു. (യശയ്യ 38:17) ദൈവം പാപങ്ങളുടെ രേഖ മായ്ച്ചു കളയുന്നത് പോലെയാണ് അത്.—പ്രവൃത്തികൾ 3:19.
അപൂർണ മനുഷ്യരായതുകൊണ്ട് നമുക്ക് എല്ലാവർക്കും ദൈവത്തിന്റെ കരുണ ആവശ്യമാണ്. നമുക്കെല്ലാം പല ആവർത്തി തെറ്റു പറ്റുന്നു. (റോമർ 3:23) എന്നാൽ നമ്മളൊരു കാര്യം മനസ്സിലാക്കാൻ യഹോവ ആഗ്രഹിക്കുന്നു, ആത്മാർഥമായി മാനസാന്തരപ്പെടുന്നവരോടു ക്ഷമിക്കാൻ താൻ തയ്യാറാണെന്ന കാര്യം. യഹോവ ക്ഷമിച്ചാൽ അതോടുകൂടി അതൊക്കെ മറക്കും. നമ്മളെ കുറ്റപ്പെടുത്താനോ ശിക്ഷിക്കുന്നതിനോ വേണ്ടി നമ്മുടെ പാപങ്ങൾ ഓർത്തു വെക്കുന്നില്ല. എത്ര ആശ്വാസം നൽകുന്നതാണ് ഈ വാക്കുകൾ! ദൈവത്തിന്റെ ഈ കരുണ ദൈവത്തോടു കൂടുതൽ അടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നില്ലേ?
ജൂലൈ 31—ആഗസ്റ്റ് 6
ദൈവവചനത്തിലെ നിധികൾ | യഹസ്കേൽ 24-27
(യഹസ്കേൽ 26:4) “അവർ സോരിന്റെ മതിലുകൾ തകർക്കും; അവളുടെ ഗോപുരങ്ങൾ ഇടിച്ചുകളയും. ഞാൻ അവളുടെ മണ്ണു മുഴുവൻ ചുരണ്ടിക്കോരി അവളെ വെറുമൊരു പാറക്കെട്ടാക്കും.”
(യഹസ്കേൽ 26:12) “അവർ നിന്റെ സമ്പത്തു കവർച്ച ചെയ്യും. കച്ചവടച്ചരക്കുകൾ കൊള്ളയടിക്കും. മതിലുകൾ പൊളിച്ചുകളയും. മനോഹരഭവനങ്ങൾ ഇടിച്ചുകളയും. എന്നിട്ട്, നിന്റെ കല്ലും മണ്ണും തടികൊണ്ടുള്ള ഉരുപ്പടികളും വെള്ളത്തിൽ എറിയും.”
it-1-E 70
അലക്സാണ്ടർ
തുർക്കിക്കടുത്ത് നടന്ന നിർണായകമായ രണ്ടു യുദ്ധങ്ങളിലെ വിജയങ്ങൾക്കു ശേഷം പേർഷ്യക്കാരെ പിന്തുടരുന്നതിനു പകരം ദ്വീപ് നഗരമായ സോരിലേക്ക് അലക്സാണ്ടർ ശ്രദ്ധ തിരിക്കുന്നു. (ആദ്യത്തേത് ഗ്രാനിക്കസ് നദിയിൽവെച്ച്, രണ്ടാമത്തേത് ഇസ്സുസ് സമതലത്തിൽ, ഇവിടെ ഏകദേശം അഞ്ചു ലക്ഷത്തോളം വരുന്ന പേർഷ്യൻ സൈന്യം അമ്പേ പരാജയപ്പെട്ടു.) നൂറ്റാണ്ടുകൾക്കു മുമ്പേ സോരിന്റെ മതിലുകളും ഗോപുരങ്ങളും വീടുകളും സോരിലെ മണ്ണു പോലും കടലിൽ എറിഞ്ഞുകളയും എന്ന് മുൻകൂട്ടിപറഞ്ഞിരുന്നു. (യഹ 26:4, 12) നാളുകൾക്കു മുമ്പ് നെബൂഖദ്നേസർ നശിപ്പിച്ച സോരിലെ പ്രധാനനഗരത്തിന്റെ അവശിഷ്ടങ്ങൾകൊണ്ട്, ദ്വീപ് നഗരത്തിൽനിന്ന് പുറത്തേക്കു പോകാൻ അലക്സാണ്ടർ 800 മീറ്റർ നീളമുള്ള ഒരു നടപ്പാത നിർമിച്ചു. അദ്ദേഹം ബി.സി. 332 ജൂലൈയിൽ പ്രൗഢഗംഭീരമായ തന്റെ നാവികരെയും യുദ്ധായുദ്ധങ്ങളുടെ പിൻബലത്തോടെയും പ്രതാപനഗരിയായ സോരിനെ നശിപ്പിച്ചു.