പുറപ്പാട്
38 കരുവേലത്തടികൊണ്ട് ദഹനയാഗത്തിനുള്ള യാഗപീഠം ഉണ്ടാക്കി. അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു അത്. അതിനു മൂന്നു മുഴം ഉയരവുമുണ്ടായിരുന്നു.+ 2 അതിന്റെ നാലു കോണിലും കൊമ്പുകൾ ഉണ്ടാക്കി. കൊമ്പുകൾ അതിൽനിന്നുതന്നെയുള്ളതായിരുന്നു. എന്നിട്ട് അതു ചെമ്പുകൊണ്ട് പൊതിഞ്ഞു.+ 3 അതിനു ശേഷം, തൊട്ടികൾ, കോരികകൾ, കുഴിയൻപാത്രങ്ങൾ, മുൾക്കരണ്ടികൾ, കനൽപ്പാത്രങ്ങൾ എന്നിങ്ങനെ യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും ഉണ്ടാക്കി. ചെമ്പുകൊണ്ടാണ് അതിന്റെ ഉപകരണങ്ങളെല്ലാം ഉണ്ടാക്കിയത്. 4 കൂടാതെ, യാഗപീഠത്തിന്റെ അരികുപാളിക്കു കീഴെ അതിന്റെ മധ്യഭാഗത്തേക്ക് ഇറങ്ങിയിരിക്കുന്ന രീതിയിൽ ഒരു ജാലവും, അതായത് ചെമ്പുകൊണ്ടുള്ള ഒരു വലയും, ഉണ്ടാക്കി. 5 തണ്ടുകൾ ഇടാൻ ചെമ്പുകൊണ്ടുള്ള ജാലത്തിന് അടുത്ത് യാഗപീഠത്തിന്റെ നാലു കോണിലുമായി നാലു വളയവും വാർത്തുണ്ടാക്കി. 6 അതിനു ശേഷം, കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി, അവ ചെമ്പുകൊണ്ട് പൊതിഞ്ഞു. 7 യാഗപീഠം എടുത്തുകൊണ്ടുപോകാനുള്ള ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ ഇട്ടു. പലകകൾകൊണ്ടുള്ള പൊള്ളയായ ഒരു പെട്ടിയുടെ രൂപത്തിലാണു യാഗപീഠം ഉണ്ടാക്കിയത്.
8 പിന്നെ വെള്ളം വെക്കാനുള്ള പാത്രവും+ അതു വെക്കാനുള്ള താങ്ങും ചെമ്പുകൊണ്ട് ഉണ്ടാക്കി. സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ ഊഴമനുസരിച്ച് സേവിച്ചിരുന്ന സ്ത്രീകളുടെ കണ്ണാടികൾ* അതിനുവേണ്ടി ഉപയോഗിച്ചു.
9 പിന്നെ മുറ്റം ഉണ്ടാക്കി.+ മുറ്റത്തിന്റെ തെക്കുവശത്തിനുവേണ്ടി, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ട് 100 മുഴം നീളത്തിൽ മറശ്ശീലകൾ ഉണ്ടാക്കി.+ 10 അവിടെ ചെമ്പുകൊണ്ടുള്ള 20 തൂണും 20 ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും അവയുടെ സംയോജകങ്ങളും* വെള്ളികൊണ്ട് ഉണ്ടാക്കി. 11 വടക്കുവശത്തും 100 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരുന്നു. അവയുടെ 20 തൂണും തൂണുകളുടെ 20 ചുവടും ചെമ്പുകൊണ്ടുള്ളതായിരുന്നു. തൂണുകളുടെ കൊളുത്തുകളും അവയുടെ സംയോജകങ്ങളും വെള്ളികൊണ്ട് ഉണ്ടാക്കി. 12 എന്നാൽ, പടിഞ്ഞാറുവശത്തെ മറശ്ശീലകളുടെ നീളം 50 മുഴമായിരുന്നു. അവിടെ പത്തു തൂണും പത്തു ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും അവയുടെ സംയോജകങ്ങളും വെള്ളികൊണ്ട് ഉണ്ടാക്കി. 13 കിഴക്കുവശത്തിന്റെ, അതായത് സൂര്യോദയത്തിനു നേരെയുള്ള വശത്തിന്റെ, വീതി 50 മുഴമായിരുന്നു. 14 പ്രവേശനകവാടത്തിന്റെ ഒരു വശത്ത്, മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരുന്നു. 15 മുറ്റത്തിന്റെ പ്രവേശനകവാടത്തിന്റെ മറുവശത്തും മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീലകളുണ്ടായിരുന്നു. 16 മുറ്റത്തിനു ചുറ്റുമുള്ള മറശ്ശീലകളെല്ലാം പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻകൊണ്ടാണ് ഉണ്ടാക്കിയത്. 17 തൂണുകൾ ഉറപ്പിക്കാനുള്ള ചുവടുകൾ ചെമ്പുകൊണ്ടുള്ളതായിരുന്നു. തൂണുകളുടെ കൊളുത്തുകളും അവയുടെ സംയോജകങ്ങളും വെള്ളികൊണ്ട് ഉണ്ടാക്കി. തൂണുകളുടെ മുകൾഭാഗം വെള്ളികൊണ്ട് പൊതിഞ്ഞിരുന്നു. മുറ്റത്തിന്റെ തൂണുകളുടെയെല്ലാം സംയോജകങ്ങൾ വെള്ളികൊണ്ടുള്ളതായിരുന്നു.+
18 മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക* നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ട് നെയ്തതായിരുന്നു. അതിന് 20 മുഴം നീളവും 5 മുഴം ഉയരവും ഉണ്ടായിരുന്നു; മുറ്റത്തിന്റെ മറശ്ശീലകളുടെ അതേ ഉയരംതന്നെ.+ 19 അവയുടെ നാലു തൂണും തൂണുകൾ ഉറപ്പിക്കാനുള്ള നാലു ചുവടും ചെമ്പുകൊണ്ടുള്ളതായിരുന്നു; അവയുടെ കൊളുത്തുകളും സംയോജകങ്ങളും വെള്ളികൊണ്ടും. തൂണുകളുടെ മുകൾഭാഗം വെള്ളികൊണ്ട് പൊതിയുകയും ചെയ്തിരുന്നു. 20 വിശുദ്ധകൂടാരത്തിന്റെ എല്ലാ കൂടാരക്കുറ്റികളും മുറ്റത്തിനു ചുറ്റുമുള്ള എല്ലാ കൂടാരക്കുറ്റികളും ചെമ്പുകൊണ്ടുള്ളതായിരുന്നു.+
21 വിശുദ്ധകൂടാരത്തിന്റെ, അതായത് ‘സാക്ഷ്യ’ത്തിന്റെ+ വിശുദ്ധകൂടാരത്തിന്റെ, ഇനവിവരപ്പട്ടികയാണു പിൻവരുന്നത്. മോശയുടെ കല്പനപ്രകാരം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ+ നേതൃത്വത്തിൽ ലേവ്യർക്കായിരുന്നു+ ഇതു തയ്യാറാക്കാനുള്ള ചുമതല. 22 യഹോവ മോശയോടു കല്പിച്ചിരുന്നതെല്ലാം യഹൂദാഗോത്രത്തിലെ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബസലേൽ+ ചെയ്തു. 23 ബസലേലിനോടൊപ്പം ദാൻ ഗോത്രത്തിലെ അഹീസാമാക്കിന്റെ മകൻ ഒഹൊലിയാബും+ ഉണ്ടായിരുന്നു. ഒഹൊലിയാബ് ഒരു ശില്പിയും നൂലുകൊണ്ട് ചിത്രപ്പണി ചെയ്യുന്നവനും നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവകൊണ്ട് നെയ്യുന്നവനും ആയിരുന്നു.
24 വിശുദ്ധസ്ഥലത്തെ എല്ലാ പണികൾക്കുമായി ഉപയോഗിച്ച മൊത്തം സ്വർണം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് 29 താലന്തും* 730 ശേക്കെലും ആയിരുന്നു. അത്രയും സ്വർണമാണു ദോളനയാഗമായി* അർപ്പിച്ചത്.+ 25 ഇസ്രായേൽസമൂഹത്തിൽ, രേഖയിൽ പേര് വന്നവർ നൽകിയ വെള്ളി വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് 100 താലന്തും 1,775 ശേക്കെലും ആയിരുന്നു. 26 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ളവരായി രേഖയിൽ പേര് വന്ന പുരുഷന്മാരെല്ലാം ആളോഹരി നൽകേണ്ട അര ശേക്കെൽ വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ തൂക്കമനുസരിച്ചുള്ളതായിരിക്കണമായിരുന്നു.+ മൊത്തം 6,03,550 പേരാണുണ്ടായിരുന്നത്.+
27 വിശുദ്ധസ്ഥലത്തിന്റെ ചുവടുകളും തിരശ്ശീലയുടെ ചുവടുകളും വാർത്തുണ്ടാക്കാൻ 100 താലന്തു വേണ്ടിവന്നു. ഓരോ ചുവടിനും ഓരോ താലന്തു വീതം 100 ചുവടിന് 100 താലന്ത്.+ 28 തൂണുകൾക്കുവേണ്ടി 1,775 ശേക്കെൽകൊണ്ട് കൊളുത്തുകൾ ഉണ്ടാക്കുകയും തൂണുകളുടെ മുകൾഭാഗം പൊതിയുകയും അവ കൂട്ടിയോജിപ്പിക്കുകയും ചെയ്തു.
29 കാഴ്ചയായി* ലഭിച്ച ചെമ്പ് 70 താലന്തും 2,400 ശേക്കെലും ആയിരുന്നു. 30 ഇത് ഉപയോഗിച്ച് സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിനുള്ള ചുവടുകളും ചെമ്പുയാഗപീഠവും അതിന്റെ ചെമ്പുജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും 31 മുറ്റത്തിനു ചുറ്റുമുള്ള ചുവടുകളും മുറ്റത്തിന്റെ പ്രവേശനകവാടത്തിനുള്ള ചുവടുകളും വിശുദ്ധകൂടാരത്തിന്റെ എല്ലാ കൂടാരക്കുറ്റികളും മുറ്റത്തിനു ചുറ്റുമുള്ള എല്ലാ കൂടാരക്കുറ്റികളും+ ഉണ്ടാക്കി.