യിരെമ്യ
20 ഇമ്മേരിന്റെ മകനും യഹോവയുടെ ഭവനത്തിലെ പ്രധാനകാര്യാധിപനും ആയ പശ്ഹൂർ പുരോഹിതൻ, യിരെമ്യ പ്രവചിക്കുന്നതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. 2 അതു കേട്ടിട്ട് പശ്ഹൂർ വന്ന് യിരെമ്യ പ്രവാചകനെ അടിച്ചു. എന്നിട്ട് യിരെമ്യയെ യഹോവയുടെ ഭവനത്തിലെ മേലേ-ബന്യാമീൻ-കവാടത്തിങ്കൽ തടിവിലങ്ങിലിട്ടു.*+ 3 പക്ഷേ പിറ്റേന്നു പശ്ഹൂർ യിരെമ്യയെ തടിവിലങ്ങിൽനിന്ന് സ്വതന്ത്രനാക്കിയപ്പോൾ യിരെമ്യ അയാളോടു പറഞ്ഞു:
“യഹോവ താങ്കൾക്കു പശ്ഹൂർ എന്നല്ല ‘സർവത്ര ഭീതി’ എന്നു പേരിട്ടിരിക്കുന്നു.+ 4 കാരണം, യഹോവ പറയുന്നു: ‘ഞാൻ നിന്നെ നിനക്കുതന്നെയും നിന്റെ സുഹൃത്തുക്കൾക്കും ഭീതികാരണമാക്കും. നീ നോക്കിക്കൊണ്ടിരിക്കെ അവർ ശത്രുക്കളുടെ വാളാൽ വീഴും.+ യഹൂദയെ മുഴുവൻ ഞാൻ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അവൻ അവരെ ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോകുകയും വാളാൽ സംഹരിക്കുകയും ചെയ്യും.+ 5 ഞാൻ നഗരത്തിലെ സർവസമ്പത്തും അതിന്റെ എല്ലാ സ്വത്തുക്കളും അമൂല്യവസ്തുക്കളും യഹൂദാരാജാക്കന്മാരുടെ സകല സമ്പാദ്യവും ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കും.+ അവർ അവയൊക്കെയും കൊള്ളയടിച്ച് ബാബിലോണിലേക്കു കൊണ്ടുപോകും.+ 6 പശ്ഹൂരേ, നിന്നെയും നിന്റെ വീട്ടിലുള്ളവരെയും ബന്ദികളായി ബാബിലോണിലേക്കു കൊണ്ടുപോകും. നിന്റെ സുഹൃത്തുക്കളോടു നുണകൾ പ്രവചിച്ചതുകൊണ്ട് നീ അവിടെവെച്ച് മരിക്കും. സുഹൃത്തുക്കളോടൊപ്പം നിന്നെയും അവിടെ അടക്കും.’”+
7 യഹോവേ, അങ്ങ് എന്നെ വിഡ്ഢിയാക്കി; ഞാൻ വിഡ്ഢിയായിപ്പോയി.
അങ്ങ് എനിക്ക് എതിരെ അങ്ങയുടെ ശക്തി പ്രയോഗിച്ച് എന്നെ തോൽപ്പിച്ചുകളഞ്ഞു.+
ദിവസം മുഴുവൻ ഞാനൊരു പരിഹാസപാത്രമാകുന്നു;
എല്ലാവരും എന്നെ കളിയാക്കുന്നു.+
8 വായ് തുറക്കുമ്പോഴെല്ലാം “അക്രമം, നാശം!” എന്നൊക്കെ
എനിക്കു വിളിച്ചുപറയേണ്ടിവരുന്നല്ലോ.
യഹോവയുടെ സന്ദേശങ്ങൾ എനിക്കു ദിവസം മുഴുവൻ നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു.+
9 അതുകൊണ്ട് ഞാൻ പറഞ്ഞു: “ദൈവത്തെക്കുറിച്ച് ഞാൻ ഇനി ഒരു വാക്കുപോലും മിണ്ടില്ല;
ദൈവനാമത്തിൽ ഒന്നും സംസാരിക്കുകയുമില്ല.”+
പക്ഷേ എന്റെ ഹൃദയത്തിൽ അത്, അസ്ഥിക്കുള്ളിൽ അടച്ചുവെച്ച തീപോലെയായി;
അത് ഉള്ളിൽ ഒതുക്കിവെച്ച് ഞാൻ തളർന്നു;
എനിക്ക് ഒട്ടും സഹിക്കവയ്യാതായി.+
“കുറ്റം ആരോപിക്കാം; നമുക്ക് അവന്റെ മേൽ കുറ്റം ആരോപിക്കാം!”
എനിക്കു സമാധാനം ആശംസിച്ചവരെല്ലാം ഞാൻ വീഴുന്നതു കാണാൻ നോക്കിയിരിക്കുകയായിരുന്നു. അവർ പറഞ്ഞു:+
“അവൻ എന്തെങ്കിലും മണ്ടത്തരം കാണിക്കാതിരിക്കില്ല;
അപ്പോൾ നമുക്ക് അവനെ പിടികൂടാം, അവനോടു പകരം വീട്ടാം.”
11 പക്ഷേ യഹോവ അതിഭയങ്കരനായ ഒരു യുദ്ധവീരനെപ്പോലെ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു.+
അതുകൊണ്ടുതന്നെ, എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ വിജയിക്കില്ല.+
പരാജിതരാകുമ്പോൾ അവർക്കു വലിയ നാണക്കേടുണ്ടാകും.
ആ അപമാനം എന്നെന്നും നിലനിൽക്കും; അതു വിസ്മരിക്കപ്പെടില്ല.+
12 പക്ഷേ സൈന്യങ്ങളുടെ അധിപനായ യഹോവേ, അങ്ങ് നീതിമാനെ പരിശോധിക്കുന്നല്ലോ;
അങ്ങയെയാണല്ലോ ഞാൻ എന്റെ കേസ് ഏൽപ്പിച്ചിരിക്കുന്നത്;+
അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു ഞാൻ കാണട്ടെ.+
13 യഹോവയ്ക്കു പാട്ടു പാടൂ! യഹോവയെ സ്തുതിക്കൂ!
ദൈവം ദുഷ്ടന്മാരുടെ കൈയിൽനിന്ന് ഈ പാവത്തെ രക്ഷിച്ചല്ലോ.
14 ഞാൻ പിറന്ന ദിവസം ശപിക്കപ്പെട്ടത്!
അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതെപോകട്ടെ!+
15 “താങ്കൾക്ക് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു, ഒരു ആൺകുട്ടി!” എന്ന സന്തോഷവാർത്തയുമായി ചെന്ന്
എന്റെ അപ്പനെ അത്യധികം സന്തോഷിപ്പിച്ച മനുഷ്യനും ശപിക്കപ്പെട്ടവൻ!
16 ഒട്ടും ഖേദം തോന്നാതെ യഹോവ നശിപ്പിച്ചുകളഞ്ഞ നഗരങ്ങൾപോലെയാകട്ടെ ആ മനുഷ്യൻ.
രാവിലെ നിലവിളിയും ഉച്ചയ്ക്കു പോർവിളിയും അവന്റെ കാതിൽ പതിക്കട്ടെ.
17 ഗർഭപാത്രത്തിൽവെച്ചുതന്നെ അവൻ എന്നെ കൊന്നുകളയാഞ്ഞത് എന്ത്?
അങ്ങനെ ചെയ്തിരുന്നെങ്കിൽ, എന്റെ അമ്മതന്നെ എന്റെ ശവക്കുഴിയായേനേ;