യിരെമ്യ
21 സിദെക്കിയ+ രാജാവ് മൽക്കീയയുടെ മകനായ പശ്ഹൂരിനെയും+ പുരോഹിതനായ മയസേയയുടെ മകൻ സെഫന്യയെയും+ യിരെമ്യയുടെ അടുത്ത് ഇങ്ങനെയൊരു അപേക്ഷയുമായി അയച്ചു: 2 “ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് ഞങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയാണ്.+ അതുകൊണ്ട് ദയവായി ഞങ്ങൾക്കുവേണ്ടി യഹോവയുടെ ഇഷ്ടം ചോദിച്ചറിയുക. ചിലപ്പോൾ, ഞങ്ങളുടെ കാര്യത്തിൽ യഹോവ എന്തെങ്കിലും ഒരു അത്ഭുതം ചെയ്തിട്ട് അയാൾ ഞങ്ങളെ വിട്ട് പിൻവാങ്ങിയാലോ.”+ അപ്പോൾ, യിരെമ്യക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം കിട്ടി.
3 യിരെമ്യ അവരോടു പറഞ്ഞു: “സിദെക്കിയയോടു നിങ്ങൾ പറയേണ്ടത് ഇതാണ്: 4 ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “നിങ്ങളെ ഉപരോധിച്ചുകൊണ്ട് മതിലിനു പുറത്ത് നിൽക്കുന്ന ബാബിലോൺരാജാവിനോടും+ കൽദയരോടും യുദ്ധം ചെയ്യാൻ നിങ്ങൾ കൈയിൽ എടുത്തിരിക്കുന്ന ആയുധങ്ങൾതന്നെ ഇതാ ഞാൻ നിങ്ങൾക്കെതിരെ തിരിക്കുന്നു. ഞാൻ അവ നഗരമധ്യത്തിൽ ഒന്നിച്ചുകൂട്ടും. 5 നീട്ടിയ കരംകൊണ്ടും ബലമുള്ള കൈകൊണ്ടും ഞാൻതന്നെ+ കോപത്തോടെ, ക്രോധത്തോടെ, കടുത്ത ധാർമികരോഷത്തോടെ നിങ്ങൾക്കെതിരെ യുദ്ധം ചെയ്യും.+ 6 ഈ നഗരത്തിൽ താമസിക്കുന്നവരെ ഞാൻ പ്രഹരിക്കും. മാരകമായ പകർച്ചവ്യാധിയാൽ മനുഷ്യനും മൃഗവും ഒരുപോലെ ചത്തൊടുങ്ങും.”’+
7 “‘യഹോവ പ്രഖ്യാപിക്കുന്നു: “അതിനു ശേഷം, യഹൂദയിലെ സിദെക്കിയ രാജാവിനെയും അവന്റെ ദാസന്മാരെയും, മാരകമായ പകർച്ചവ്യാധിയാലും വാളിനാലും ക്ഷാമത്താലും നശിച്ചുപോകാതെ നഗരത്തിൽ ബാക്കിയുള്ള എല്ലാവരെയും ഞാൻ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവരുടെ ജീവനെടുക്കാൻ നോക്കുന്നവരുടെ കൈയിലും ഏൽപ്പിക്കും.+ അവൻ അവരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തും. അവരോട് അവന് ഒരു കനിവും തോന്നില്ല; അവൻ അവരോട് അനുകമ്പയോ കരുണയോ കാണിക്കില്ല.”’+
8 “ജനത്തോടു നീ ഇങ്ങനെ പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഇതാ, ഞാൻ നിങ്ങളുടെ മുന്നിൽ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും വെക്കുന്നു. 9 ഈ നഗരത്തിൽത്തന്നെ കഴിയുന്നവർ വാളാലും ക്ഷാമത്താലും മാരകമായ പകർച്ചവ്യാധിയാലും മരിക്കും. പക്ഷേ നിങ്ങളെ ഉപരോധിച്ചിരിക്കുന്ന കൽദയരുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് അവർക്കു കീഴടങ്ങുന്നവൻ ജീവിക്കും; അവന്റെ ജീവൻ അവനു കൊള്ളമുതൽപോലെ കിട്ടും.”’*+
10 “‘“ഞാൻ ഈ നഗരത്തിന് എതിരെ തിരിഞ്ഞിരിക്കുന്നതു നന്മയ്ക്കായിട്ടല്ല ദുരന്തത്തിനായിട്ടാണ്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏൽപ്പിക്കും;+ അവൻ ഇതു ചുട്ടെരിക്കും.”+
11 “‘യഹൂദാരാജാവിന്റെ വീട്ടിലുള്ളവരേ, യഹോവയുടെ സന്ദേശം കേൾക്കൂ. 12 ദാവീദുഗൃഹമേ, യഹോവ പറയുന്നത് ഇതാണ്:
“രാവിലെതോറും നീതിയുടെ പക്ഷത്ത് നിൽക്കുക;
വഞ്ചിച്ചെടുക്കുന്നവന്റെ കൈയിൽനിന്ന് വഞ്ചിതനെ രക്ഷിക്കുക;+
അല്ലെങ്കിൽ നിങ്ങളുടെ ദുഷ്പ്രവൃത്തികൾ കാരണം+
എന്റെ ക്രോധം തീപോലെ ആളിക്കത്തും;+
അതു നിന്ന് കത്തും; ആരും കെടുത്തുകയുമില്ല.”’
13 ‘താഴ്വരയിൽ താമസിക്കുന്നവളേ, സമഭൂമിയിലെ പാറയേ,
ഇതാ ഞാൻ നിനക്ക് എതിരാണ്’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘“ആരാണു ഞങ്ങളുടെ നേർക്ക് ഇറങ്ങിവരുക?
ആരാണു ഞങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് അതിക്രമിച്ച് കടന്നുവരുക” എന്നു ചോദിക്കുന്നവരേ,
14 നിങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച്
ഞാൻ നിങ്ങളോടു കണക്കു ചോദിക്കും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘ഞാൻ അവളുടെ വനത്തിനു തീയിടും;
ആ തീ അവളുടെ ചുറ്റുമുള്ളതെല്ലാം ചുട്ടെരിക്കും.’”+