യാക്കോബ് എഴുതിയ കത്ത്
4 നിങ്ങൾക്കിടയിലെ യുദ്ധത്തിനും ഏറ്റുമുട്ടലിനും കാരണം എന്താണ്? നിങ്ങളുടെ ഉള്ളിൽ* പോരാടുന്ന ജഡികമോഹങ്ങളല്ലേ?*+ 2 നിങ്ങൾ ആഗ്രഹിച്ചിട്ടും കിട്ടുന്നില്ല. നിങ്ങൾ കൊല്ലുകയും തെറ്റായ കാര്യങ്ങൾ മോഹിക്കുകയും ചെയ്തിട്ടും ഒന്നും നേടുന്നില്ല. നിങ്ങൾ യുദ്ധം ചെയ്യുകയും ഏറ്റുമുട്ടുകയും ചെയ്യുന്നു.+ നിങ്ങൾ ചോദിക്കാത്തതുകൊണ്ട് നിങ്ങൾക്കു ലഭിക്കുന്നില്ല. 3 ഇനി ചോദിക്കുന്നെങ്കിൽത്തന്നെ, നിങ്ങൾക്ക് ഒന്നും ലഭിക്കുന്നില്ല. കാരണം ജഡികമോഹങ്ങൾക്കായി ചെലവിടണമെന്ന ദുരുദ്ദേശ്യത്തോടെയാണു നിങ്ങൾ ചോദിക്കുന്നത്.
4 വ്യഭിചാരിണികളേ,* ലോകവുമായുള്ള സൗഹൃദം ദൈവത്തോടുള്ള ശത്രുത്വമാണെന്നു നിങ്ങൾക്ക് അറിയില്ലേ? അതുകൊണ്ട് ലോകത്തിന്റെ സുഹൃത്താകാൻ ആഗ്രഹിക്കുന്ന ഏതൊരാളും തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിത്തീർക്കുന്നു.+ 5 “നമ്മളിൽ വസിക്കുന്ന അസൂയയുടെ ആത്മാവ് എല്ലാത്തിനുംവേണ്ടി അതിയായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു”+ എന്നു തിരുവെഴുത്തു പറയുന്നത് ഒരു കാരണവുമില്ലാതെയാണ് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? 6 എന്നാൽ ദൈവം കാണിക്കുന്ന അനർഹദയ വളരെ വലുതാണ്. “ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു.+ എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാണിക്കുന്നു”+ എന്നു പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്.
7 അതുകൊണ്ട് നിങ്ങൾ ദൈവത്തിനു കീഴ്പെടുക.+ എന്നാൽ പിശാചിനോട് എതിർത്തുനിൽക്കുക.+ അപ്പോൾ പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും.+ 8 ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.+ പാപികളേ, കൈകൾ വെടിപ്പാക്കൂ.+ തീരുമാനശേഷിയില്ലാത്തവരേ,* ഹൃദയങ്ങൾ ശുദ്ധീകരിക്കൂ.+ 9 ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുക.+ നിങ്ങളുടെ ചിരി കരച്ചിലിനും സന്തോഷം നിരാശയ്ക്കും വഴിമാറട്ടെ. 10 യഹോവയുടെ* മുമ്പാകെ സ്വയം താഴ്ത്തുക.+ അപ്പോൾ ദൈവം നിങ്ങളെ ഉയർത്തും.+
11 സഹോദരങ്ങളേ, പരസ്പരം കുറ്റം പറയുന്നതു നിറുത്തുക.+ സഹോദരന് എതിരെ സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നയാൾ നിയമത്തിന് എതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കിൽ നിങ്ങൾ നിയമം അനുസരിക്കുന്നവരല്ല, ന്യായാധിപന്മാരാണെന്നുവരും. 12 നിയമനിർമാതാവും ന്യായാധിപനും ആയി ഒരുവനേ ഉള്ളൂ,+ രക്ഷിക്കാനും നശിപ്പിക്കാനും കഴിയുന്ന ദൈവംതന്നെ.+ അപ്പോൾപ്പിന്നെ അയൽക്കാരനെ വിധിക്കാൻ നിങ്ങൾ ആരാണ്?+
13 “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന നഗരത്തിൽ പോയി അവിടെ ഒരു വർഷം ചെലവഴിക്കും, അവിടെ കച്ചവടം നടത്തി ലാഭം ഉണ്ടാക്കും”+ എന്നു പറയുന്നവരേ, കേൾക്കുക: 14 നാളെ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു നിങ്ങൾക്ക് അറിയില്ലല്ലോ.+ കുറച്ച് നേരത്തേക്കു മാത്രം കാണുന്നതും പിന്നെ മാഞ്ഞുപോകുന്നതും ആയ മൂടൽമഞ്ഞാണു നിങ്ങൾ.+ 15 അതുകൊണ്ട്, “യഹോവയ്ക്ക്* ഇഷ്ടമെങ്കിൽ+ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും” എന്നാണു നിങ്ങൾ പറയേണ്ടത്. 16 എന്നാൽ അതിനു പകരം, നിങ്ങൾ അഹങ്കാരത്തോടെ വീമ്പിളക്കുന്നു. ഇങ്ങനെ വീമ്പിളക്കുന്നതു ദുഷ്ടതയാണ്. 17 അതുകൊണ്ട് ഒരാൾ ശരി എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യുന്നില്ലെങ്കിൽ അതു പാപമാണ്.+