ദിനവൃത്താന്തം രണ്ടാം ഭാഗം
36 പിന്നെ ദേശത്തെ ജനം യോശിയയുടെ മകൻ യഹോവാഹാസിനെ+ യരുശലേമിൽ അടുത്ത രാജാവാക്കി.+ 2 രാജാവാകുമ്പോൾ യഹോവാഹാസിന് 23 വയസ്സായിരുന്നു; യഹോവാഹാസ് മൂന്നു മാസം യരുശലേമിൽ ഭരണം നടത്തി. 3 എന്നാൽ ഈജിപ്തുരാജാവ് യഹോവാഹാസിനെ യരുശലേമിലെ രാജസ്ഥാനത്തുനിന്ന് നീക്കി. എന്നിട്ട് ദേശത്തിന് 100 താലന്തു* വെള്ളിയും ഒരു താലന്തു സ്വർണവും പിഴയിട്ടു.+ 4 ഈജിപ്തുരാജാവ് യഹോവാഹാസിന്റെ സഹോദരനായ എല്യാക്കീമിനെ യഹൂദയുടെയും യരുശലേമിന്റെയും രാജാവാക്കുകയും എല്യാക്കീമിന്റെ പേര് യഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. പക്ഷേ എല്യാക്കീമിന്റെ സഹോദരനായ യഹോവാഹാസിനെ നെഖോ+ ഈജിപ്തിലേക്കു കൊണ്ടുപോയി.+
5 രാജാവാകുമ്പോൾ യഹോയാക്കീമിന്+ 25 വയസ്സായിരുന്നു. യഹോയാക്കീം 11 വർഷം യരുശലേമിൽ ഭരണം നടത്തി. യഹോയാക്കീം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തു.+ 6 യഹോയാക്കീമിന്റെ കാലുകളിൽ ചെമ്പുവിലങ്ങുകളിട്ട് ബാബിലോണിലേക്കു കൊണ്ടുപോകാനായി ബാബിലോൺരാജാവായ നെബൂഖദ്നേസർ+ യരുശലേമിനു നേരെ വന്നു.+ 7 നെബൂഖദ്നേസർ യഹോവയുടെ ഭവനത്തിലെ ചില ഉപകരണങ്ങൾ എടുത്ത് ബാബിലോണിലെ സ്വന്തം കൊട്ടാരത്തിലേക്കു കൊണ്ടുപോയി.+ 8 യഹോയാക്കീമിന്റെ ബാക്കി ചരിത്രം, യഹോയാക്കീമിന്റെ മോശമായ ചെയ്തികളും യഹോയാക്കീമിന് എതിരെ കണ്ടെത്തിയ കാര്യങ്ങളും, ഇസ്രായേലിലെയും യഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യഹോയാക്കീമിന്റെ മകൻ യഹോയാഖീൻ അടുത്ത രാജാവായി.+
9 രാജാവാകുമ്പോൾ യഹോയാഖീന്+ 18 വയസ്സായിരുന്നു. മൂന്നു മാസവും പത്തു ദിവസവും യഹോയാഖീൻ യരുശലേമിൽ ഭരണം നടത്തി. യഹോയാഖീൻ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തു.+ 10 വർഷാരംഭത്തിൽ* നെബൂഖദ്നേസർ രാജാവ് ഭൃത്യന്മാരെ അയച്ച് യഹോയാഖീനെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി;+ യഹോവയുടെ ഭവനത്തിലെ വിലപ്പെട്ട വസ്തുക്കളും കൊണ്ടുപോയി.+ എന്നിട്ട് യഹോയാഖീന്റെ അപ്പന്റെ സഹോദരനായ സിദെക്കിയയെ യഹൂദയുടെയും യരുശലേമിന്റെയും രാജാവാക്കി.+
11 രാജാവാകുമ്പോൾ സിദെക്കിയയ്ക്ക്+ 21 വയസ്സായിരുന്നു. സിദെക്കിയ 11 വർഷം യരുശലേമിൽ ഭരണം നടത്തി.+ 12 സിദെക്കിയ തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തുപോന്നു. യഹോവയുടെ ആജ്ഞയനുസരിച്ച് സിദെക്കിയയോടു സംസാരിച്ച യിരെമ്യ പ്രവാചകന്റെ+ മുന്നിൽ സിദെക്കിയ താഴ്മ കാണിച്ചില്ല. 13 മാത്രമല്ല ദൈവനാമത്തിൽ തന്നെക്കൊണ്ട് സത്യം ചെയ്യിച്ച നെബൂഖദ്നേസർ രാജാവിനെ എതിർക്കുകയും ചെയ്തു.+ ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിയാതെ ദുശ്ശാഠ്യം കാണിച്ചുകൊണ്ട്* സിദെക്കിയ കഠിനഹൃദയനായിത്തന്നെ തുടർന്നു. 14 ജനതകളുടെ മ്ലേച്ഛമായ എല്ലാ ചെയ്തികളും പിൻപറ്റിക്കൊണ്ട് ജനവും പുരോഹിതന്മാരുടെ പ്രധാനികളും അങ്ങേയറ്റം അവിശ്വസ്തത കാണിച്ചു; യഹോവ വിശുദ്ധീകരിച്ച യരുശലേമിലെ ദൈവഭവനം അവർ അശുദ്ധമാക്കി.+
15 എന്നാൽ അവരുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു സ്വന്തം ജനത്തോടും വാസസ്ഥലത്തോടും അനുകമ്പ തോന്നിയതുകൊണ്ട് സന്ദേശവാഹകരെ അയച്ച് ദൈവം അവർക്കു പല തവണ മുന്നറിയിപ്പു കൊടുത്തു. 16 പക്ഷേ സുഖപ്പെടുത്താൻ പറ്റാത്ത അളവോളം,+ യഹോവയുടെ ഉഗ്രകോപം സ്വന്തം ജനത്തിനു നേരെ ജ്വലിക്കുവോളം, അവർ സത്യദൈവത്തിന്റെ സന്ദേശവാഹകരെ പരിഹസിക്കുകയും+ ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളുകയും+ ദൈവത്തിന്റെ പ്രവാചകന്മാരെ നിന്ദിക്കുകയും+ ചെയ്തുകൊണ്ടിരുന്നു.
17 അതുകൊണ്ട് ദൈവം കൽദയരാജാവിനെ അവർക്കു നേരെ വരുത്തി.+ കൽദയരാജാവ് അവരുടെ വിശുദ്ധമന്ദിരത്തിൽവെച്ച്+ അവർക്കിടയിലെ ചെറുപ്പക്കാരെ വാളുകൊണ്ട് വെട്ടിക്കൊന്നു.+ യുവാക്കളോടോ കന്യകമാരോടോ പ്രായമുള്ളവരോടോ അവശരോടോ കരുണ കാണിച്ചില്ല.+ ദൈവം സകലവും കൽദയരാജാവിന്റെ കൈയിൽ ഏൽപ്പിച്ചു.+ 18 ദൈവഭവനത്തിലെ ചെറുതും വലുതും ആയ എല്ലാ ഉപകരണങ്ങളും യഹോവയുടെ ഭവനത്തിലെ ഖജനാവിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും രാജാവിന്റെയും പ്രഭുക്കന്മാരുടെയും വിലപിടിപ്പുള്ള വസ്തുക്കളും കൽദയരാജാവ് ബാബിലോണിലേക്കു കൊണ്ടുപോയി.+ 19 കൽദയരാജാവ് സത്യദൈവത്തിന്റെ ഭവനം തീയിട്ട് നശിപ്പിച്ചു;+ യരുശലേമിന്റെ മതിൽ ഇടിച്ചുകളഞ്ഞ്+ അവിടത്തെ കോട്ടമതിലുള്ള മന്ദിരങ്ങളെല്ലാം ചുട്ടെരിച്ചു; വിലപിടിപ്പുള്ള സകലവും നശിപ്പിച്ചുകളഞ്ഞു.+ 20 വാളിന് ഇരയാകാതെ ശേഷിച്ചവരെ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയി.+ പേർഷ്യൻ സാമ്രാജ്യം* ഭരണം തുടങ്ങുന്നതുവരെ+ അവർ കൽദയരാജാവിന്റെയും മക്കളുടെയും ദാസന്മാരായി കഴിഞ്ഞു.+ 21 അങ്ങനെ, യഹോവ യിരെമ്യയിലൂടെ പറഞ്ഞതു നിറവേറി.+ ദേശം അതിന്റെ ശബത്തുകളെല്ലാം വീട്ടിത്തീർക്കുന്നതുവരെ അവർ അവിടെ കഴിഞ്ഞു.+ 70 വർഷം പൂർത്തിയാകുന്നതുവരെ, അതായത് വിജനമായിക്കിടന്ന കാലം മുഴുവൻ, ദേശം ശബത്ത് ആചരിച്ചു.+
22 യഹോവ യിരെമ്യയിലൂടെ പറഞ്ഞതു+ നിറവേറാനായി, പേർഷ്യൻ രാജാവായ കോരെശിന്റെ* വാഴ്ചയുടെ ഒന്നാം വർഷം+ യഹോവ കോരെശിന്റെ മനസ്സുണർത്തി. അങ്ങനെ പേർഷ്യൻ രാജാവായ കോരെശ് രാജ്യത്ത് ഉടനീളം ഇങ്ങനെയൊരു വിളംബരം നടത്തുകയും അതിലെ വാക്കുകൾ രേഖപ്പെടുത്തിവെക്കുകയും ചെയ്തു:+ 23 “പേർഷ്യൻ രാജാവായ കോരെശ് ഇങ്ങനെ പറയുന്നു: ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ എല്ലാ രാജ്യങ്ങളും എനിക്കു തന്നു.+ യഹൂദയിലെ യരുശലേമിൽ ദൈവത്തിന് ഒരു ഭവനം പണിയാൻ എന്നെ നിയോഗിക്കുകയും ചെയ്തു.+ ആ ദൈവത്തിന്റെ ജനത്തിൽപ്പെട്ടവർ ഇവിടെയുണ്ടെങ്കിൽ അവർക്ക് അവിടേക്കു പോകാവുന്നതാണ്; അവരുടെ ദൈവമായ യഹോവ അവരുടെകൂടെയുണ്ടായിരിക്കട്ടെ.’”+