യഹസ്കേൽ
33 എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, നിന്റെ ജനത്തിന്റെ+ പുത്രന്മാരോട് ഇങ്ങനെ പറയൂ:
“‘ഞാൻ ഒരു ദേശത്തിന് എതിരെ വാൾ വരുത്തുന്നെന്നിരിക്കട്ടെ.+ അപ്പോൾ, അവിടെയുള്ള ആളുകളെല്ലാം ചേർന്ന് ഒരാളെ തിരഞ്ഞെടുത്ത് അവരുടെ കാവൽക്കാരനാക്കുന്നു. 3 ദേശത്തിന് എതിരെ വാൾ വരുന്നതു കണ്ടിട്ട് അയാൾ കൊമ്പു വിളിച്ച് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നു.+ 4 ആരെങ്കിലും കൊമ്പുവിളി കേട്ടിട്ടും ആ മുന്നറിയിപ്പു കാര്യമാക്കുന്നില്ലെങ്കിൽ+ വാൾ വന്ന് അവന്റെ ജീവനെടുത്തേക്കാം;* അവന്റെ രക്തം അവന്റെ തലയിൽത്തന്നെ ഇരിക്കും.+ 5 അവൻ കൊമ്പുവിളി കേട്ടെങ്കിലും ആ മുന്നറിയിപ്പു കാര്യമാക്കിയില്ല. അവന്റെ രക്തം അവന്റെ മേൽത്തന്നെ ഇരിക്കും. മുന്നറിയിപ്പു കാര്യമായിട്ട് എടുത്തിരുന്നെങ്കിൽ അവന് അവന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
6 “‘പക്ഷേ, വാൾ വരുന്നതു കണ്ടിട്ടും കാവൽക്കാരൻ കൊമ്പു വിളിക്കുന്നില്ലെന്നിരിക്കട്ടെ.+ അങ്ങനെ, ആളുകൾക്കു മുന്നറിയിപ്പു കിട്ടാതെ വാൾ വന്ന് അവരിൽ ഒരാളുടെ ജീവനെടുത്താൽ ആ വ്യക്തി സ്വന്തം തെറ്റു കാരണം മരിക്കും. പക്ഷേ, ഞാൻ അവന്റെ രക്തം കാവൽക്കാരനോടു ചോദിക്കും.’*+
7 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന്റെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു. എന്റെ വായിൽനിന്ന് സന്ദേശം കേൾക്കുമ്പോൾ നീ എന്റെ പേരിൽ അവർക്കു മുന്നറിയിപ്പു കൊടുക്കണം.+ 8 ഞാൻ ദുഷ്ടനോട്, ‘ദുഷ്ടാ, നീ മരിക്കും’+ എന്നു പറഞ്ഞിട്ടും തന്റെ വഴി വിട്ടുമാറാൻ അവനു നീ മുന്നറിയിപ്പു കൊടുക്കാതിരുന്നാൽ അവൻ തന്റെ തെറ്റു കാരണം ഒരു ദുഷ്ടനായിത്തന്നെ മരിക്കും.+ എന്നാൽ അവന്റെ രക്തം ഞാൻ നിന്നോടു ചോദിക്കും. 9 പക്ഷേ, ദുഷിച്ച വഴികൾ വിട്ടുമാറാൻ നീ ദുഷ്ടനു മുന്നറിയിപ്പു കൊടുത്തിട്ടും അവൻ തന്റെ വഴി വിട്ടുമാറാൻ കൂട്ടാക്കുന്നില്ലെങ്കിൽ അവൻ തന്റെ തെറ്റു കാരണം മരിക്കും.+ എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.+
10 “മനുഷ്യപുത്രാ, നീ ഇസ്രായേൽഗൃഹത്തോടു പറയണം: ‘നിങ്ങൾ ഇങ്ങനെ പറഞ്ഞില്ലേ: “ഞങ്ങളുടെ ധിക്കാരവും പാപങ്ങളും ഒരു വലിയ ഭാരമായി ഞങ്ങളുടെ മേലുണ്ട്. അവ കാരണം ഞങ്ങൾ ക്ഷയിച്ചുപോകുന്നു.+ ആ സ്ഥിതിക്ക് ഞങ്ങൾ ഇനി എങ്ങനെ ജീവിച്ചിരിക്കും?”’+ 11 നീ അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ, ദുഷ്ടന്റെ മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല.+ പകരം, ദുഷ്ടൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ്+ ജീവിച്ചിരിക്കുന്നതാണ്+ എന്റെ സന്തോഷം. തിരിഞ്ഞുവരൂ! നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ട് തിരിഞ്ഞുവരൂ!+ ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കണം?”’+
12 “മനുഷ്യപുത്രാ, നീ നിന്റെ ജനത്തിന്റെ പുത്രന്മാരോടു പറയണം: ‘നീതിമാന്റെ നീതിനിഷ്ഠ, ധിക്കാരിയാകുമ്പോൾ അവനെ രക്ഷിക്കില്ല.+ ദുഷ്ടൻ തന്റെ ദുഷ്ടതയിൽനിന്ന് തിരിഞ്ഞുവരുമ്പോൾ താൻ ചെയ്ത ദുഷ്ടത കാരണം വീണുപോകില്ല.+ നീതിമാന്റെ നീതിനിഷ്ഠ, പാപം ചെയ്യുമ്പോൾ അവന്റെ ജീവൻ രക്ഷിക്കില്ല.+ 13 ഞാൻ നീതിമാനോട്, “നീ ജീവിച്ചിരിക്കും” എന്നു പറയുന്നെന്നിരിക്കട്ടെ. പക്ഷേ, അവൻ തന്റെ സ്വന്തം നീതിയിൽ ആശ്രയിച്ച് തെറ്റു* ചെയ്യുന്നെങ്കിൽ+ അവന്റെ നീതിപ്രവൃത്തികൾ ഒന്നുപോലും ഓർക്കില്ല. അവൻ തന്റെ തെറ്റു കാരണം മരിക്കും.+
14 “‘ഞാൻ ദുഷ്ടനോട്, “നീ മരിക്കും” എന്നു പറയുന്നെന്നിരിക്കട്ടെ. അപ്പോൾ, അവൻ തന്റെ പാപം വിട്ടുതിരിഞ്ഞ് നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുന്നെങ്കിൽ,+ 15 അവൻ പണയം വാങ്ങിയതു തിരികെ കൊടുക്കുന്നെങ്കിൽ,+ കവർന്നെടുത്തതു+ മടക്കിക്കൊടുക്കുന്നെങ്കിൽ, തെറ്റു ചെയ്യാതിരുന്നുകൊണ്ട് ജീവന്റെ നിയമങ്ങൾ അനുസരിച്ച് നടക്കുന്നെങ്കിൽ, അവൻ ജീവിച്ചിരിക്കും;+ അവൻ മരിക്കില്ല. 16 അവൻ ചെയ്ത പാപങ്ങളൊന്നുപോലും അവന്റെ പേരിൽ കണക്കിടില്ല.*+ നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ട് അവൻ ജീവിച്ചിരിക്കും.’+
17 “പക്ഷേ ‘യഹോവയുടെ വഴി നീതിയുള്ളതല്ല’ എന്നു നിന്റെ ജനം പറഞ്ഞല്ലോ. വാസ്തവത്തിൽ, അവരുടെ വഴിയല്ലേ നീതിക്കു നിരക്കാത്തത്?
18 “ഒരു നീതിമാൻ നീതിമാർഗം ഉപേക്ഷിച്ച് തെറ്റു ചെയ്താൽ അവൻ അതു കാരണം മരിക്കണം.+ 19 പക്ഷേ ഒരു ദുഷ്ടൻ ദുഷ്ടത വിട്ടുമാറി നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുന്നെങ്കിൽ അവൻ അതു കാരണം ജീവിച്ചിരിക്കും.+
20 “പക്ഷേ ‘യഹോവയുടെ വഴി നീതിയുള്ളതല്ല’+ എന്നു നിങ്ങൾ പറഞ്ഞല്ലോ. ഇസ്രായേൽഗൃഹമേ, ഞാൻ നിങ്ങളിൽ ഓരോരുത്തനെയും അവനവന്റെ വഴികളനുസരിച്ച് ന്യായം വിധിക്കും.”
21 അങ്ങനെ ഒടുവിൽ, ഞങ്ങളുടെ പ്രവാസത്തിന്റെ 12-ാം വർഷം പത്താം മാസം അഞ്ചാം ദിവസം, യരുശലേമിൽനിന്ന് ഓടിരക്ഷപ്പെട്ട ഒരു മനുഷ്യൻ എന്റെ അടുത്ത് വന്ന്+ “നഗരം വീണു!”+ എന്നു പറഞ്ഞു.
22 ആ മനുഷ്യൻ വന്നതിന്റെ തലേ വൈകുന്നേരം യഹോവയുടെ കൈ എന്റെ മേൽ വന്നിരുന്നു. രാവിലെ ആ മനുഷ്യൻ എന്റെ അടുത്ത് എത്തുന്നതിനു മുമ്പുതന്നെ ദൈവം എന്റെ വായ് തുറന്നു. ഞാൻ പിന്നെ മൂകനായിരുന്നില്ല.+
23 അപ്പോൾ, എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 24 “മനുഷ്യപുത്രാ, നശിച്ചുകിടക്കുന്ന ഈ സ്ഥലത്ത്+ കഴിയുന്നവർ ഇസ്രായേൽ ദേശത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘അബ്രാഹാം ഏകനായിരുന്നിട്ടും ദേശം കൈവശമാക്കി.+ പക്ഷേ, നമ്മൾ അനേകരുണ്ട്. അതുകൊണ്ട്, ദേശം നമുക്ക് അവകാശമായി തന്നിരിക്കുന്നു, തീർച്ച!’
25 “അതുകൊണ്ട്, അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “നിങ്ങൾ രക്തം കളയാത്ത മാംസം കഴിക്കുന്നു.+ നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* നേർക്കു കണ്ണുകൾ ഉയർത്തുന്നു. പിന്നെയുംപിന്നെയും രക്തം ചൊരിയുന്നു.+ എന്നിട്ടും ദേശം കൈവശമാക്കണമെന്നോ? 26 നിങ്ങൾ വാളിൽ ആശ്രയിക്കുന്നു.+ വൃത്തികെട്ട ആചാരങ്ങളിൽ ഏർപ്പെടുന്നു. ഓരോരുത്തനും അയൽക്കാരന്റെ ഭാര്യക്കു കളങ്കം വരുത്തുന്നു.+ എന്നിട്ടും ദേശം കൈവശമാക്കണമെന്നോ?”’+
27 “നീ അവരോട് ഇങ്ങനെ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാനാണെ, നശിച്ചുകിടക്കുന്ന സ്ഥലത്ത് കഴിയുന്നവർ വാളാൽ വീഴും. വെളിമ്പ്രദേശത്തുള്ളവരെ ഞാൻ വന്യമൃഗങ്ങൾക്ക് ആഹാരമായി കൊടുക്കും. കോട്ടകളിലും ഗുഹകളിലും ഉള്ളവർ രോഗത്താൽ മരിക്കും.+ 28 ഞാൻ ദേശം ഒട്ടും ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കും.+ അതിന്റെ കടുത്ത അഹങ്കാരം ഞാൻ അവസാനിപ്പിക്കും. ഇസ്രായേൽമലകൾ വിജനമാകും.+ ആരും അതുവഴി കടന്നുപോകില്ല. 29 അവർ ചെയ്തുകൂട്ടിയ എല്ലാ വൃത്തികേടുകളും+ കാരണം ഞാൻ ദേശത്തെ ആൾപ്പാർപ്പില്ലാത്ത ഒരു പാഴ്നിലമാക്കുമ്പോൾ+ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”’
30 “മനുഷ്യപുത്രാ, നിന്റെ ജനം മതിലുകൾക്കരികിലും വീട്ടുവാതിൽക്കലും വെച്ച് നിന്നെക്കുറിച്ച് പരസ്പരം സംസാരിക്കുന്നു.+ ഓരോരുത്തനും തന്റെ സഹോദരനോട്, ‘വരൂ! നമുക്ക് യഹോവയിൽനിന്നുള്ള സന്ദേശം കേൾക്കാം’ എന്നു പറയുന്നു. 31 അവർ എന്റെ ജനമെന്നപോലെ വന്ന് നിന്റെ അടുത്ത് കൂട്ടംകൂടും. നിന്റെ മുന്നിൽ ഇരുന്ന് അവർ നിന്റെ വാക്കുകൾ കേൾക്കും; പക്ഷേ, അതുപോലെ ചെയ്യില്ല.+ വായ്കൊണ്ട് അവർ നിന്നെക്കുറിച്ച് ഭംഗിവാക്കു പറയും;* അവരുടെ ഹൃദയമോ അത്യാർത്തിയോടെ അന്യായലാഭം ഉണ്ടാക്കാൻ കൊതിക്കുന്നു. 32 ഇതാ, നീ അവർക്ക് ഒരു പ്രേമഗാനംപോലെയാണ്; ഹൃദ്യമായി തന്ത്രിവാദ്യം മീട്ടി മധുരസ്വരത്തിൽ പാടുന്ന ഒരു പ്രേമഗാനംപോലെ. അവർ നിന്റെ വാക്കുകൾ കേൾക്കും. പക്ഷേ, ആരും അതനുസരിച്ച് പ്രവർത്തിക്കില്ല. 33 പറഞ്ഞതൊക്കെ സംഭവിക്കുമ്പോൾ—അതു സംഭവിക്കുകതന്നെ ചെയ്യും—തങ്ങളുടെ ഇടയിൽ ഒരു പ്രവാചകനുണ്ടായിരുന്നെന്ന് അവർ അറിയേണ്ടിവരും.”+