രാജാക്കന്മാർ ഒന്നാം ഭാഗം
6 ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ+ 480-ാം വർഷം, ശലോമോന്റെ വാഴ്ചയുടെ നാലാം വർഷം, സീവ്* മാസത്തിൽ+ (അതായത്, രണ്ടാം മാസത്തിൽ) ശലോമോൻ യഹോവയുടെ ഭവനം*+ പണിയാൻതുടങ്ങി. 2 ശലോമോൻ രാജാവ് യഹോവയ്ക്കുവേണ്ടി നിർമിച്ച ഭവനത്തിന്റെ നീളം 60 മുഴവും* വീതി 20 മുഴവും+ ഉയരം 30 മുഴവും ആയിരുന്നു. 3 ദേവാലയത്തിന്റെ മുൻവശത്തുള്ള മണ്ഡപത്തിന്റെ നീളം* ഭവനത്തിന്റെ വീതിക്കു തുല്യമായി* 20 മുഴമായിരുന്നു.+ മണ്ഡപത്തിന്റെ വീതി ഭവനത്തിന്റെ മുൻഭാഗത്തുനിന്ന് പത്തു മുഴമായിരുന്നു.
4 ഭവനത്തിനു ശലോമോൻ വിസ്താരം കുറഞ്ഞുവരുന്ന ചട്ടക്കൂടുള്ള ജനലുകൾ+ ഉണ്ടാക്കി. 5 കൂടാതെ, ഭവനത്തിന്റെ ചുവരിനു സമാന്തരമായി ഒരു പുറംചുവരും ഉണ്ടാക്കി. ഭവനത്തിന്റെ ചുവരുകൾക്കു ചുറ്റും, അതായത് ദേവാലയത്തിന്റെയും* അകത്തെ മുറിയുടെയും+ ചുവരുകൾക്കു ചുറ്റും, ആണ് അത് ഉണ്ടാക്കിയത്. ചുറ്റോടുചുറ്റും അറകൾ+ ഉണ്ടാക്കി. 6 ഏറ്റവും താഴത്തെ നിലയിൽ ആ അറകളുടെ വീതി അഞ്ചു മുഴവും നടുക്കത്തെ നിലയിൽ ആറു മുഴവും മൂന്നാം നിലയിൽ ഏഴു മുഴവും ആയിരുന്നു. ഭവനത്തിനു ചുറ്റുമുള്ള ചുവരുകളിൽ ചില പടവുകൾ+ പണിതിരുന്നതിനാൽ യാതൊന്നും ഭവനത്തിന്റെ ചുവരുകളിൽ ഘടിപ്പിക്കേണ്ടിവന്നില്ല.
7 വെട്ടിയെടുത്ത കല്ലുകൾകൊണ്ടാണു ഭവനം പണിതത്. അവ നേരത്തേതന്നെ ചെത്തിയൊരുക്കിയിരുന്നതുകൊണ്ട്+ ഭവനം പണിത സമയത്ത് ചുറ്റികയുടെയോ മഴുവിന്റെയോ മറ്റ് ഏതെങ്കിലും ഇരുമ്പായുധത്തിന്റെയോ ശബ്ദം കേൾക്കാനില്ലായിരുന്നു. 8 താഴത്തെ നിലയിലെ അറയിലേക്കുള്ള പ്രവേശനകവാടം ഭവനത്തിന്റെ തെക്കുഭാഗത്തായിരുന്നു.*+ നടുവിലത്തെ നിലയിലേക്കും അവിടെനിന്ന് മൂന്നാമത്തെ നിലയിലേക്കും പോകാൻ ഒരു ചുറ്റുഗോവണിയും ഉണ്ടായിരുന്നു. 9 ശലോമോൻ ഭവനം പണിത് പൂർത്തിയാക്കി.+ ദേവദാരുകൊണ്ടുള്ള ഉത്തരങ്ങളും നിരനിരയായി വെച്ച ദേവദാരുപ്പലകകളും കൊണ്ട് അതിന്റെ മുകൾഭാഗം മറച്ചു.+ 10 ഭവനത്തിനു ചുറ്റും പണിത അറകൾക്ക്+ അഞ്ചു മുഴം ഉയരമുണ്ടായിരുന്നു. ദേവദാരുത്തടികൾകൊണ്ട് അവ ഭവനവുമായി ബന്ധിപ്പിച്ചു.
11 ആ സമയത്ത് ശലോമോന് യഹോവയുടെ സന്ദേശം ലഭിച്ചു: 12 “എന്റെ നിയമങ്ങൾ അനുസരിക്കുകയും എന്റെ ന്യായത്തീർപ്പുകൾ പാലിക്കുകയും എന്റെ എല്ലാ കല്പനകളും പ്രമാണിച്ചുനടക്കുകയും ചെയ്താൽ+ നീ പണിയുന്ന ഈ ഭവനത്തെക്കുറിച്ച് നിന്റെ അപ്പനായ ദാവീദിനോടു ചെയ്ത വാഗ്ദാനം ഞാനും നിറവേറ്റും.+ 13 മാത്രമല്ല, ഞാൻ ഇസ്രായേല്യരുടെ മധ്യേ വസിക്കും;+ എന്റെ ജനമായ ഇസ്രായേലിനെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല.”+
14 അങ്ങനെ ശലോമോൻ ഭവനം പണിത് പൂർത്തിയാക്കി. 15 ഭവനത്തിന്റെ അകത്തെ ചുവരുകൾ മുഴുവൻ ദേവദാരുപ്പലകകൾകൊണ്ട് പണിതു. ഭവനത്തിന്റെ തറമുതൽ മുകളിലെ കഴുക്കോൽവരെ അകത്തെ ചുവരുകൾ തടികൊണ്ട് പൊതിഞ്ഞു. ഭവനത്തിന്റെ തറയിൽ ജൂനിപ്പർപ്പലകകൾ വിരിച്ചു.+ 16 ഭവനത്തിന്റെ പിൻഭാഗത്തുനിന്ന് 20 മുഴം നീളത്തിൽ ഒരു ഭാഗം, തറമുതൽ കഴുക്കോൽവരെ ദേവദാരുപ്പലകകൾകൊണ്ട് പണിതു. അതിന്റെ ഉള്ളിൽ* അകത്തെ മുറി,+ അതായത് അതിവിശുദ്ധം,+ നിർമിച്ചു. 17 അതിന്റെ മുന്നിലുള്ള ഭവനത്തിന്റെ ബാക്കി ഭാഗം, അതായത് ദേവാലയം,*+ 40 മുഴമായിരുന്നു. 18 ഭവനത്തിന്റെ അകത്തുള്ള ദേവദാരുത്തടിയിൽ കായ്കളും+ വിരിഞ്ഞ പൂക്കളും കൊത്തിയിരുന്നു.+ ഒരു കല്ലുപോലും പുറമേ കാണാത്ത വിധം അവയെല്ലാം ദേവദാരുകൊണ്ടാണു പണിതത്.
19 യഹോവയുടെ ഉടമ്പടിപ്പെട്ടകം+ വെക്കാനായി ഭവനത്തിന്റെ ഉള്ളിലുള്ള അകത്തെ മുറി+ ശലോമോൻ ഒരുക്കി. 20 അകത്തെ മുറിയുടെ+ നീളം 20 മുഴവും വീതി 20 മുഴവും ഉയരം 20 മുഴവും ആയിരുന്നു. അതു മുഴുവൻ തനിത്തങ്കംകൊണ്ട് പൊതിഞ്ഞു; യാഗപീഠം+ ദേവദാരുകൊണ്ടും പൊതിഞ്ഞു. 21 ഭവനത്തിന്റെ അകം മുഴുവൻ ശലോമോൻ തനിത്തങ്കംകൊണ്ട് പൊതിഞ്ഞു.+ സ്വർണംകൊണ്ട് പൊതിഞ്ഞിരുന്ന അകത്തെ മുറിയുടെ+ മുൻവശത്ത് അദ്ദേഹം സ്വർണച്ചങ്ങലകൾ കുറുകെ കൊളുത്തിവെച്ചു. 22 ഭവനം പൂർണമായും സ്വർണംകൊണ്ട് പൊതിഞ്ഞു; അകത്തെ മുറിയുടെ അടുത്തുള്ള യാഗപീഠവും സ്വർണംകൊണ്ട് പൊതിഞ്ഞു.+
23 അകത്തെ മുറിയിൽ ശലോമോൻ പൈൻ മരംകൊണ്ട്* രണ്ടു കെരൂബുകളെ+ ഉണ്ടാക്കി. അവയ്ക്ക് ഓരോന്നിനും പത്തു മുഴം ഉയരമുണ്ടായിരുന്നു.+ 24 കെരൂബിന്റെ ഒരു ചിറകിന്റെ നീളം അഞ്ചു മുഴമായിരുന്നു. മറ്റേ ചിറകിനും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്റെ അറ്റംമുതൽ മറ്റേ ചിറകിന്റെ അറ്റംവരെയുള്ള നീളം പത്തു മുഴമായിരുന്നു. 25 രണ്ടാമത്തെ കെരൂബിനും പത്തു മുഴം ഉയരമുണ്ടായിരുന്നു. രണ്ടു കെരൂബുകൾക്കും ഒരേ വലുപ്പവും ആകൃതിയും ആയിരുന്നു. 26 ഒരു കെരൂബിന്റെ ഉയരം പത്തു മുഴം; മറ്റേ കെരൂബിനും അത്രതന്നെ ഉയരമുണ്ടായിരുന്നു. 27 ശലോമോൻ കെരൂബുകളെ+ അകത്തെ മുറിയിൽ* വെച്ചു. കെരൂബുകളുടെ ചിറകുകൾ വിടർന്ന നിലയിലായിരുന്നതുകൊണ്ട് ഒരു കെരൂബിന്റെ ഒരു ചിറക് ഒരു ചുവരിലും മറ്റേ കെരൂബിന്റെ ഒരു ചിറകു മറ്റേ ചുവരിലും തൊട്ടിരുന്നു. കെരൂബുകളുടെ മറുവശത്തെ ചിറകുകൾ പരസ്പരം മുട്ടുന്ന വിധത്തിൽ ഭവനത്തിന്റെ മധ്യത്തിലേക്കും നീണ്ടിരുന്നു. 28 കെരൂബുകളെ സ്വർണംകൊണ്ട് പൊതിഞ്ഞു.
29 ഭവനത്തിന്റെ ചുവരുകളിലെല്ലാം, അകത്തെ മുറിയിലും പുറത്തെ മുറിയിലും,* കെരൂബുകളുടെ രൂപവും+ ഈന്തപ്പനയും+ വിടർന്ന പൂക്കളും+ കൊത്തിവെച്ചു. 30 അകത്തെ മുറിയുടെയും പുറത്തെ മുറിയുടെയും തറയിൽ സ്വർണം വിരിച്ചു. 31 അകത്തെ മുറിയുടെ പ്രവേശനകവാടത്തിൽ പൈൻ മരംകൊണ്ടുള്ള വാതിലുകളും കട്ടിളക്കാലുകളും വശങ്ങളിലെ തൂണുകളും ഉണ്ടാക്കി. അത് അഞ്ചിലൊരു ഭാഗം* വരുമായിരുന്നു. 32 വാതിലുകൾ രണ്ടും പൈൻ മരംകൊണ്ടായിരുന്നു. അവയിൽ കെരൂബുകൾ, ഈന്തപ്പനകൾ, വിടർന്ന പൂക്കൾ എന്നിവ കൊത്തിവെച്ച് അവ സ്വർണംകൊണ്ട് പൊതിഞ്ഞു. കെരൂബുകളുടെ മേലും ഈന്തപ്പനകളുടെ മേലും അദ്ദേഹം സ്വർണം അടിച്ച് പതിപ്പിച്ചു. 33 അതേ വിധത്തിൽത്തന്നെ ദേവാലയത്തിന്റെ* പ്രവേശനകവാടത്തിലും, നാലിലൊരു ഭാഗം* പൈൻ മരംകൊണ്ടുള്ള കട്ടിളക്കാലുകൾ ഉണ്ടാക്കി. 34 ശലോമോൻ ജൂനിപ്പർത്തടികൊണ്ട് രണ്ടു വാതിലുകൾ ഉണ്ടാക്കി. ഓരോ വാതിലിനും കുടുമകളിൽ തിരിയുന്ന രണ്ടു പാളികൾ+ വീതമുണ്ടായിരുന്നു. 35 അതിൽ കെരൂബുകൾ, ഈന്തപ്പനകൾ, വിടർന്ന പൂക്കൾ എന്നിവ കൊത്തിവെച്ച് അവ നേർത്ത സ്വർണത്തകിടുകൊണ്ട് പൊതിഞ്ഞു.
36 ശലോമോൻ അകത്തെ മുറ്റത്തിനു+ ചുറ്റുമതിൽ പണിതു. അതിന്റെ മൂന്നു നിരകൾ വെട്ടിയൊരുക്കിയ കല്ലുകൾകൊണ്ടും ഒരു നിര ദേവദാരുത്തടികൊണ്ടും+ ആയിരുന്നു.
37 യഹോവയുടെ ഭവനത്തിന്, 4-ാം വർഷം സീവ്* മാസത്തിൽ അടിസ്ഥാനം ഇട്ടു.+ 38 ഭവനം അതിന്റെ രൂപരേഖയനുസരിച്ച്+ 11-ാം വർഷം ബൂൽ* മാസത്തിൽ (അതായത്, എട്ടാം മാസത്തിൽ) പണിതുതീർത്തു. അങ്ങനെ ഏഴു വർഷംകൊണ്ട്, ഒന്നൊഴിയാതെ എല്ലാ പണികളും ചെയ്ത് ശലോമോൻ അതു പൂർത്തിയാക്കി.