ഇയ്യോബ്
6 ഇയ്യോബ് മറുപടി പറഞ്ഞു:
2 “എന്റെ വേദന+ മുഴുവൻ ഒന്നു തൂക്കിനോക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
എന്റെ ദുരിതങ്ങളോടൊപ്പം അത് ഒരു ത്രാസ്സിൽ വെച്ചുനോക്കാൻ പറ്റിയിരുന്നെങ്കിൽ!
3 അതിന് ഇപ്പോൾ കടലിലെ മണലിനെക്കാൾ ഭാരമുണ്ട്.
അതുകൊണ്ടാണ് ഞാൻ ചിന്തിക്കാതെ* അങ്ങനെയൊക്കെ പറഞ്ഞുപോയത്.+
4 സർവശക്തന്റെ അമ്പുകൾ എന്നിൽ തുളച്ചുകയറിയിരിക്കുന്നു,
എന്റെ ഉള്ളം അവയുടെ വിഷം കുടിക്കുന്നു,+
ഭയപ്പെടുത്തുന്ന കാര്യങ്ങൾ ദൈവം എനിക്ക് എതിരെ അണിനിരത്തിയിരിക്കുന്നു.
6 രുചിയില്ലാത്ത ഭക്ഷണം ഉപ്പു ചേർക്കാതെ കഴിക്കുമോ?
കാട്ടുചെടിയുടെ നീരിനു സ്വാദുണ്ടോ?
7 അങ്ങനെയുള്ളവ തൊടാൻപോലും ഞാൻ മടിച്ചു,
അവ എനിക്ക് എന്റെ ഭക്ഷണത്തിലെ വിഷംപോലെയാണ്.
8 എന്റെ ആഗ്രഹം ഒന്നു സാധിച്ചുകിട്ടിയിരുന്നെങ്കിൽ!
എന്റെ അഭിലാഷം ദൈവം നിറവേറ്റിയിരുന്നെങ്കിൽ!
9 അതെ, എന്നെ കൊന്നുകളയാൻ ദൈവത്തിനു തോന്നിയിരുന്നെങ്കിൽ!
കൈ നീട്ടി എന്നെ കൊന്നുകളഞ്ഞിരുന്നെങ്കിൽ!+
10 അതുപോലും എനിക്ക് ആശ്വാസം നൽകിയേനേ;
അടങ്ങാത്ത വേദനയിലും ഞാൻ തുള്ളിച്ചാടിയേനേ.
പരിശുദ്ധനായവന്റെ+ വാക്കുകൾ ഞാൻ ധിക്കരിച്ചിട്ടില്ലല്ലോ.
11 ഇനി എനിക്കു പ്രതീക്ഷയ്ക്കു വകയുണ്ടോ?+
ഞാൻ എന്തിനാണ് ഇനിയും ജീവിക്കുന്നത്?
ഇനിയും കാത്തിരിക്കാൻ എനിക്കു ശക്തിയില്ല.
12 എനിക്ക് എന്താ പാറപോലെ ബലമുണ്ടോ?
എന്റെ ശരീരം ചെമ്പുകൊണ്ടുള്ളതാണോ?
13 എനിക്ക് ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
എനിക്കുണ്ടായിരുന്ന സഹായമെല്ലാം എന്നിൽനിന്ന് ആട്ടിയകറ്റിയില്ലേ?
15 എന്റെ സഹോദരന്മാർ എന്നെ വഞ്ചിക്കുന്നു,+
പെട്ടെന്നു വറ്റിപ്പോകുന്ന, മഞ്ഞുകാലത്തെ അരുവിപോലെയാണ് അവർ;
16 മഞ്ഞുകട്ടകൾകൊണ്ട് ഇരുണ്ടിരിക്കുന്ന അരുവികൾ.
ഉരുകുന്ന മഞ്ഞ് അവയിൽ ഒളിക്കുന്നു.
17 എന്നാൽ വേനലാകുമ്പോൾ അവ വറ്റിവരണ്ട് ഇല്ലാതാകുന്നു;
ചൂടേറുമ്പോൾ അവ ഉണങ്ങിപ്പോകുന്നു.
18 അവ വഴിമാറി ഒഴുകുന്നു;
മരുഭൂമിയിലേക്ക് ഒഴുകി അപ്രത്യക്ഷമാകുന്നു.
19 തേമയിലെ+ സഞ്ചാരിസംഘങ്ങൾ അവയെ തേടുന്നു,
ശേബയിൽനിന്നുള്ള+ സഞ്ചാരികൾ* അവയ്ക്കായി കാത്തിരിക്കുന്നു.
20 അവയിൽ ആശ്രയിച്ചതുകൊണ്ട് അവർ നാണംകെടുന്നു,
അവ തേടിവന്നതിൽ അവർ നിരാശരാകുന്നു.
21 നിങ്ങളും എന്നോട് അങ്ങനെതന്നെ ചെയ്തു;+
എനിക്കു വന്ന കഷ്ടതകളുടെ ഉഗ്രത കണ്ട് നിങ്ങൾ ഭയന്നുപോയി.+
22 ‘എനിക്ക് എന്തെങ്കിലും തരൂ’ എന്നു ഞാൻ പറഞ്ഞോ?
നിങ്ങളുടെ സമ്പത്തിൽനിന്ന് എന്റെ പേരിൽ ഒരു സമ്മാനം കൊടുക്കാൻ ഞാൻ ആവശ്യപ്പെട്ടോ?
23 ശത്രുവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കാനോ
മർദകരുടെ പിടിയിൽനിന്ന് എന്നെ മോചിപ്പിക്കാനോ ഞാൻ അപേക്ഷിച്ചോ?
24 എന്നെ ഉപദേശിക്കൂ, ഞാൻ മിണ്ടാതിരുന്ന് കേട്ടുകൊള്ളാം;+
എന്റെ തെറ്റ് എനിക്കു ബോധ്യപ്പെടുത്തിത്തരൂ.
25 വാസ്തവമായ കാര്യങ്ങൾ പറഞ്ഞാൽ വേദന തോന്നില്ല!+
എന്നാൽ നിങ്ങളുടെ ശാസനകൊണ്ട് എന്തു പ്രയോജനം?+
26 ആശയറ്റ ഒരാളുടെ വാക്കുകളെ,+
കാറ്റത്ത് പറന്നുപോകുന്ന വാക്കുകളെ, കുറ്റപ്പെടുത്താനല്ലേ നിങ്ങൾ പദ്ധതിയിടുന്നത്?
28 അതുകൊണ്ട് തിരിഞ്ഞ് എന്നെ നോക്കുക,
നിങ്ങളുടെ മുഖത്ത് നോക്കി ഞാൻ കള്ളം പറയില്ല.
29 ഒന്നുകൂടെ ചിന്തിക്കൂ! എന്നെ തെറ്റിദ്ധരിക്കരുതേ.
ഒന്നുകൂടി ആലോചിച്ചുനോക്കൂ! എന്റെ നീതി ഞാൻ വിട്ടുകളഞ്ഞിട്ടില്ല.
30 എന്റെ നാവ് സംസാരിക്കുന്നതു ന്യായമായ കാര്യങ്ങളല്ലേ?
എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ എന്റെ അണ്ണാക്ക് അതു തിരിച്ചറിയില്ലേ?