ഇയ്യോബ്
4 തേമാന്യനായ എലീഫസ്+ അപ്പോൾ പറഞ്ഞു:
2 “നിന്നോട് ഒരു കാര്യം പറഞ്ഞാൽ നിനക്കു ദേഷ്യം തോന്നുമോ?
പക്ഷേ ഇപ്പോൾ നിന്നോടു സംസാരിക്കാതിരിക്കാനാകില്ല.
3 ശരിയാണ്, നീ പലരെ നേർവഴിക്കു നടത്തിയിട്ടുണ്ട്,
തളർന്ന കൈകളെ ബലപ്പെടുത്തിയിട്ടുണ്ട്.
4 കാലിടറിവീണവരെ നിന്റെ വാക്കുകൾ എഴുന്നേൽപ്പിച്ചു,
കുഴഞ്ഞുപോകുന്ന കാൽമുട്ടുകൾക്കു നീ കരുത്തു പകർന്നു.
5 എന്നാൽ ഇതാ, നിനക്ക് ഇതു സംഭവിച്ചു, നീ നിരാശപ്പെട്ടിരിക്കുന്നു,*
അതു നിന്നെ കൈ നീട്ടി തൊട്ടു, നീ ആകെ തകർന്നുപോയി.
6 നിന്റെ ദൈവഭക്തി നിനക്കു ധൈര്യം തരുന്നില്ലേ?
നിഷ്കളങ്കതയോടെയുള്ള*+ നിന്റെ ജീവിതം നിനക്കു പ്രത്യാശ പകരുന്നില്ലേ?
7 ഒന്ന് ഓർത്തുനോക്കൂ: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ?
നേരോടെ ജീവിച്ചവർ എന്നെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ?
8 ദുഷ്ടത ഉഴുകയും* കഷ്ടത വിതയ്ക്കുകയും ചെയ്യുന്നവർ
അതുതന്നെ കൊയ്തുകൂട്ടുന്നതാണു ഞാൻ കണ്ടിട്ടുള്ളത്.
9 ദൈവത്തിന്റെ ശ്വാസമേറ്റ് അവർ നശിക്കുന്നു,
അവന്റെ ക്രോധനിശ്വാസത്തിൽ അവർ അവസാനിക്കുന്നു.
10 സിംഹം ഗർജിക്കുന്നു, യുവസിംഹം മുരളുന്നു.
എന്നാൽ കരുത്തരായ സിംഹങ്ങളുടെ* പല്ലുകൾപോലും തകർന്നിരിക്കുന്നു.
11 ഇര കിട്ടാതെ സിംഹം ചാകുന്നു,
സിംഹക്കുട്ടികൾ ചിതറിയോടുന്നു.
12 എനിക്കു രഹസ്യമായി ഒരു സന്ദേശം ലഭിച്ചു,
ഒരു മന്ദസ്വരമായി അത് എന്റെ കാതുകളിൽ എത്തി.
13 മനുഷ്യരെല്ലാം നിദ്രയിലേക്കു വീഴുന്ന രാത്രിയിൽ
ദിവ്യദർശനങ്ങളാൽ ഞാൻ ആകുലപ്പെട്ടിരിക്കുമ്പോൾ,
14 ഒരു വല്ലാത്ത വിറയൽ എന്നെ പിടികൂടി,
അത് എന്റെ അസ്ഥികളിൽ ഭീതി നിറച്ചു.
16 അത് എന്റെ മുന്നിൽ അനങ്ങാതെ നിന്നു,
എന്നാൽ അതിന്റെ രൂപം എനിക്കു മനസ്സിലായില്ല.
ആ രൂപം എന്റെ മുന്നിൽ നിന്നു.
ആകെ ഒരു നിശ്ശബ്ദത, പിന്നെ ഞാൻ ഒരു ശബ്ദം കേട്ടു:
17 ‘നശ്വരനായ മനുഷ്യൻ ദൈവത്തെക്കാൾ നീതിമാനാകുമോ?
തന്നെ നിർമിച്ചവനെക്കാൾ ഒരു മനുഷ്യൻ നിർമലനാകുമോ?’
18 ദൈവത്തിനു തന്റെ ദാസരെപ്പോലും വിശ്വാസമില്ല,
തന്റെ ദൂതന്മാരിലും* ദൈവം കുറ്റം കണ്ടുപിടിക്കുന്നു.
19 അങ്ങനെയെങ്കിൽ പൊടിയിൽ അടിസ്ഥാനമുള്ള,+
കളിമൺവീടുകളിൽ താമസിക്കുന്നവരുടെ കാര്യമോ?
ഒരു നിശാശലഭത്തെപ്പോലെ ചതഞ്ഞരഞ്ഞുപോകുന്നവരുടെ കാര്യമോ?
20 ഉഷസ്സിനും സന്ധ്യക്കും ഇടയിൽ അവർ ചതഞ്ഞരഞ്ഞ് ഇല്ലാതാകുന്നു,
എന്നേക്കുമായി അവർ നശിക്കുന്നു; ആരും അതു ശ്രദ്ധിക്കുന്നില്ല.
21 കയർ അഴിച്ചെടുത്ത ഒരു കൂടാരംപോലെയല്ലേ അവർ?
അറിവില്ലാതെ അവർ മരിക്കുന്നു.