പ്രശ്നങ്ങൾ പരിഹരിക്കുന്ന വിധത്തിൽ ഒരു പാഠം
ഇയ്യോബിനുണ്ടായ പ്രശ്നങ്ങൾ അത്രയും നേരിടേണ്ടിവന്നിട്ടുള്ളവരായി അധികമാളുകളുണ്ടാവില്ല. വളരെ കുറച്ചു സമയമേ വേണ്ടിവന്നുള്ളു അവനു നഷ്ടങ്ങളിൽ നീന്തിത്തുടിക്കാൻ. സമ്പത്ത്, വരുമാനം, ഒക്കെ പോയി. ഒരു ദുരന്തത്തിൽ മക്കളും. അവസാനം വളരെ വേദനാജനകമായ രോഗവുംകൂടി പിടിപെട്ട അവനെ സുഹൃത്തുക്കളും ബന്ധുക്കളും തിരിഞ്ഞുനോക്കിയില്ല. “ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക” എന്നു പറയുന്ന ഭാര്യ.—ഇയ്യോബ് 2:9; 19:13, 14.
എന്നാൽ, അതുപോലുള്ള പരിശോധനകൾ നേരിടുന്ന ഏതൊരാൾക്കും അനുപമമായ ഒരു പ്രോത്സാഹന ഉറവിടമാണ് ഇയ്യോബ്. പരിശോധനയുടെ പരിസമാപ്തി ശുഭകരമായിരുന്നു. വ്യക്തിപരമായ നേട്ടങ്ങൾ നോക്കാതെ യഥാർഥ ദൈവിക ഭക്തിയാൽ പ്രേരിതമായി പ്രതികൂല സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കുന്നതു യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നുവെന്ന് അതു പ്രകടമാക്കുന്നു.—ഇയ്യോബ്, അധ്യായങ്ങൾ 1, 2; 42:10-17; സദൃശവാക്യങ്ങൾ 27:11.
പ്രശ്നങ്ങൾ പരിഹരിക്കുന്നതു സംബന്ധിച്ചുള്ള മൂല്യവത്തായ പാഠങ്ങളും ഈ ബൈബിൾ വിവരണത്തിലുണ്ട്. പരിശോധനകൾ നേരിടുന്ന ഒരുവനെ എപ്രകാരം ബുദ്ധ്യുപദേശിക്കണം, എപ്രകാരം ബുദ്ധ്യുപദേശിക്കരുത് എന്നതിനൊക്കെയുള്ള മികച്ച ദൃഷ്ടാന്തങ്ങൾ ഇതു പ്രദാനം ചെയ്യുന്നു. മാത്രവുമല്ല, പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ അതിനോടു സമനിലയോടെ പ്രതികരിക്കാൻ ഇയ്യോബിന്റെ അനുഭവം നമ്മെ സഹായിക്കും.
നിഷേധാത്മക ബുദ്ധ്യുപദേശത്തിൽ ഒരു പാഠം
ദൗർഭാഗ്യകരമായ സമയത്തു സഹതപിക്കുന്നതിനുപകരം, എരിതീയിൽ എണ്ണ ഒഴിക്കുന്ന ആളുകൾക്ക് ഒരു പര്യായമായിരിക്കുകയാണ് “ഇയ്യോബിന്റെ ആശ്വാസകൻ” എന്ന പ്രയോഗം. ഇയ്യോബിന്റെ കൂട്ടുകാർക്കു കിട്ടിയ പേർ അവർ അർഹിക്കുന്നതുതന്നെയാണെങ്കിലും അവരുടെ ആന്തരം അത്രയങ്ങു മോശമായിരുന്നുവെന്നു നാം ചിന്തിക്കരുത്. തെററിദ്ധാരണകളിലധിഷ്ഠിതമെങ്കിലും, ഇയ്യോബിനെ സഹായിക്കണമെന്ന ഉദ്ദേശ്യമായിരുന്നിരിക്കണം ഒരു പരിധിവരെ അവർക്കുണ്ടായിരുന്നത്. എന്തുകൊണ്ടായിരുന്നു അവർ പരാജയപ്പെട്ടത്? അവർ ഇയ്യോബിന്റെ നിർമലതയെ തകർക്കാൻ ദൃഢനിശ്ചയം ചെയ്തിരുന്ന സാത്താന്റെ ചട്ടുകങ്ങളായിത്തീർന്നതെങ്ങനെ?
പാപം ചെയ്യുന്നവർക്കേ ദുരിതങ്ങളുണ്ടാവൂ എന്ന തെററായ ധാരണയിലധിഷ്ഠിതമായിരുന്നു വാസ്തവത്തിൽ അവരുടെ ബുദ്ധ്യുപദേശങ്ങളെല്ലാംതന്നെ. ആദ്യ സംസാരത്തിൽ എലീഫസ് പറഞ്ഞു: “നിർദ്ദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു? ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു.” (ഇയ്യോബ് 4:7, 8) നിർദോഷികൾ ദുരന്തത്തിനിരയാകില്ലെന്ന് എലീഫസ് തെററായി വിശ്വസിച്ചു. ഗുരുതരമായ പ്രശ്നങ്ങളാൽ നട്ടംതിരിയുകയായിരുന്ന ഇയ്യോബ് ദൈവത്തിനെതിരായി പാപം ചെയ്തിട്ടുണ്ടാകണമെന്നായിരുന്നു എലീഫസിന്റെ ന്യായവാദം.a സമാനമായി, ബിൽദാദും സോഫറും ഇയ്യോബ് തന്റെ പാപങ്ങളെക്കുറിച്ചു മനസ്തപിക്കണമെന്നു നിർബന്ധിച്ചു.—ഇയ്യോബ് 8:5, 6; 11:13-15.
ദൈവിക ജ്ഞാനത്തിനു പകരം വ്യക്തിപരമായ ആശയങ്ങൾ വിളമ്പിക്കൊണ്ട് അവന്റെ മൂന്നു കൂട്ടുകാർ പിന്നെയും ഇയ്യോബിന്റെ മനോവീര്യം കെടുത്തി. ‘സ്വദാസരിൽ ദൈവത്തിനു വിശ്വാസമില്ലെ’ന്നും ഇയ്യോബ് നീതിമാനായിരുന്നാലും അല്ലെങ്കിലും യഹോവക്ക് അതൊന്നും പ്രധാന്യമുള്ള കാര്യങ്ങളല്ലെന്നും എലീഫസ് പറഞ്ഞുകളഞ്ഞു. (ഇയ്യോബ് 4:18; 22:2, 3) ഇതിൽക്കൂടുതൽ നിരുത്സാഹജനകമായ—അല്ലെങ്കിൽ കൂടുതൽ അസത്യമായ—അഭിപ്രായം ആലോചിക്കാൻത്തന്നെ പ്രയാസം! ഈ ദൈവദൂഷണത്തിന് എലീഫസിനെയും അവന്റെ കൂട്ടുകാരെയും യഹോവ പിന്നീട് ശാസിച്ചതിൽ അത്ഭുതപ്പെടാനില്ല. “നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല,” അവൻ പറഞ്ഞു. (ഇയ്യോബ് 42:7) എന്നാൽ ഏററവും ഹാനികരമായ പ്രസ്താവന നടത്താനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.
അവസാനം, എന്തുംകൽപ്പിച്ചുള്ള ആരോപണങ്ങൾ നടത്തുന്ന അങ്ങേയററത്തെ ഘട്ടംവരെയെത്തി എലീഫസ്. ഇയ്യോബിനെക്കൊണ്ട് ഒരു കുററസമ്മതം നടത്തിക്കാൻ സാധിക്കാതായപ്പോൾ അവൻ ചെയ്തിരിക്കാമെന്ന് എലീഫസ് ഊഹിച്ച പാപങ്ങൾ കെട്ടിച്ചമക്കലായി അടുത്ത പടി. എലീഫസ് ചോദിച്ചു: “നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല. നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നൻമാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.” (ഇയ്യോബ് 22:5-7) ഈ ആരോപണങ്ങളെല്ലാംതന്നെ പച്ചക്കള്ളമായിരുന്നു. യഹോവതന്നെ ഇയ്യോബിനെ “നിഷ്കളങ്കനും നേരുള്ളവനു”മായ മനുഷ്യനെന്നു വിശേഷിപ്പിച്ചിരുന്നു.—ഇയ്യോബ് 1:8.
തന്റെ വ്യക്തിപരമായ നിർമലതയിൻമേലുള്ള ഈ ആക്രമണങ്ങളോട് ഇയ്യോബ് എങ്ങനെയാണു പ്രതികരിച്ചത്? അവർ അവനെ ഏതാണ്ടു മനസ്സു തളർത്തി നിരാശയിലാഴ്ത്തി എന്നുതന്നെ പറയാം. എന്നാൽ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്നു തെളിയിക്കാൻ അവൻ സർവോപരി ദൃഢനിശ്ചയം ചെയ്തു. വാസ്തവത്തിൽ, അവന്റെ സർവ ശ്രദ്ധയും സ്വന്തം മുഖംരക്ഷിക്കുന്ന കാര്യത്തിലായി, ഒരുവിധത്തിൽ പറഞ്ഞാൽ അവൻ തന്റെ ദുർഗതിക്കു യഹോവയെ പഴിചാരാൻ തുടങ്ങി. (ഇയ്യോബ് 6:4; 9:16-18; 16:11, 12) ഉൾപ്പെട്ടിരുന്ന യഥാർഥ പ്രശ്നമൊക്കെ വിസ്മൃതമായി. ഇയ്യോബ് നീതിമാനായിരുന്നുവോ അല്ലായിരുന്നുവോ എന്ന വ്യർഥമായ സംവാദമായിത്തീർന്നു ആ സംഭാഷണം. ഇതുപോലെ ബുദ്ധ്യുപദേശത്തിനായുള്ള, നാശകരമായ കൂടിവരവുകളിൽനിന്നു ക്രിസ്ത്യാനികൾക്ക് എന്തു പാഠം പഠിക്കാനാവും?
1. ഒരു സഹോദരന്റെ പ്രശ്നങ്ങൾ അയാൾ സ്വയം വരുത്തിക്കൂട്ടിയതാണെന്ന് സ്നേഹവാനായ ഒരു ക്രിസ്ത്യാനി ആദ്യംതന്നെ ഊഹിക്കുകയില്ല. വാസ്തവത്തിലുള്ളതായാലും തോന്നുന്നതായാലും കഴിഞ്ഞകാല തെററുകളെ രൂക്ഷമായി വിമർശിക്കുന്നതു നേരെയാകാൻ പാടുപെടുന്ന ഒരു വ്യക്തിയെ തീർത്തും ഉലച്ചുകളയും. തളർന്ന വ്യക്തിയെ ശാസിക്കുകയല്ല, ‘ആശ്വസിപ്പിക്കുക’യാണു ചെയ്യേണ്ടത്. (1 തെസലോനിക്യർ 5:14, NW) മേൽവിചാരകൻമാർ “കാററിന്നു ഒരു മറ”വായിരിക്കാനാണു യഹോവ ആഗ്രഹിക്കുന്നത്, അല്ലാതെ എലീഫസ്, ബിൽദാദ്, സോഫർ എന്നിവരെപ്പോലെ “വ്യസനിപ്പിക്കുന്ന ആശ്വാസകൻമാർ” ആയിരിക്കാനല്ല.—യെശയ്യാവു 32:2; ഇയ്യോബ് 16:2.
2. വ്യക്തമായ തെളിവില്ലാതെ നാം ഒരിക്കലും ആരോപണങ്ങൾ ഉന്നയിക്കരുത്. എലീഫസിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, കേട്ടുകേൾവിയോ ഊഹാപോഹമോ ശാസന കൊടുക്കാനുള്ള കുററമററ ഒരു അടിസ്ഥാനമല്ല. ഉദാഹരണത്തിന്, ഒരു മൂപ്പൻ ഒരു തെററായ ആരോപണം ഉന്നയിക്കുന്നുവെന്നിരിക്കട്ടെ. എങ്കിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടാനാണു സാധ്യത. തന്നെയുമല്ല, അതു വൈകാരിക സമ്മർദമുളവാക്കുകയും ചെയ്യും. തെററിദ്ധാരണയിൽ അധിഷ്ഠിതമായ അത്തരം ബുദ്ധ്യുപദേശം ശ്രദ്ധിക്കേണ്ടിവന്ന ഇയ്യോബിന് എന്തു തോന്നി? അവന്റെ മനോവ്യഥ ഇങ്ങനെയൊരു പരിഹാസദ്യോതക വാചകത്തിലൂടെ പുറത്തുവന്നു: “നീ ശക്തിയില്ലാത്തവന് എന്തൊരു സഹായമായിരുന്നു!” (ഇയ്യോബ് 26:2, NW) ശ്രദ്ധവയ്ക്കുന്ന ഒരു മേൽവിചാരകൻ ‘തളർന്ന കയ്യുകളെ നിവർത്തും,’ അല്ലാതെ പ്രശ്നം വഷളാക്കുകയില്ല.—എബ്രായർ 12:12.
3. ബുദ്ധ്യുപദേശം വ്യക്തിപരമായ ആശയങ്ങളിലല്ല, ദൈവവചനത്തിൽ അധിഷ്ഠിതമായിരിക്കണം. ഇയ്യോബിന്റെ കൂട്ടുകാരുടെ വാദഗതികൾ തെററും നശീകരണാത്മകവുമായിരുന്നു. ഇയ്യോബിനെ യഹോവയിലേക്കു കൂടുതൽ അടുപ്പിക്കുന്നതിനുപകരം, സ്വർഗീയ പിതാവിൽനിന്ന് അവനെ അകററിനിർത്തുന്ന ഒരു പ്രതിബന്ധമുണ്ടെന്ന് അവനെക്കൊണ്ടു ചിന്തിപ്പിച്ചു. (ഇയ്യോബ് 19:2, 6, 8) നേരേമറിച്ച്, ബൈബിൾ വിദഗ്ധമായി ഉപയോഗിക്കുന്നുവെങ്കിൽ കാര്യങ്ങളെ നേരെയാക്കാനും മററുള്ളവരെ ഊർജസ്വലരാക്കാനും യഥാർഥ ആശ്വാസം പ്രദാനം ചെയ്യാനും സാധിക്കും.—ലൂക്കൊസ് 24:32; റോമർ 15:4; 2 തിമൊഥെയൊസ് 3:16; 4:2.
ഇയ്യോബിന്റെ പുസ്തകം ചില കുടുക്കുകൾ മനസ്സിലാക്കാൻ ക്രിസ്ത്യാനികളെ സഹായിക്കുമ്പോൾത്തന്നെ, ഫലപ്രദമായ ബുദ്ധ്യുപദേശം കൊടുക്കേണ്ട വിധം സംബന്ധിച്ചു പ്രയോജനകരമായ പാഠവും തരുന്നുണ്ട്.
ബുദ്ധ്യുപദേശം നൽകേണ്ടവിധം
ഇയ്യോബിനോട് എലീഹൂ ഇടപെട്ടവിധത്തിന്റെ മട്ടും ഭാവവും നോക്കുമ്പോൾ ഇയ്യോബിന്റെ മൂന്നു കൂട്ടുകാരിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു എലീഹൂവിന്റെ ബുദ്ധ്യുപദേശം. ന്യായാധിപനെപ്പോലെയല്ല, ഒരു സുഹൃത്തിനെപ്പോലെ അവൻ ഇയ്യോബിന്റെ പേരെടുത്തു സംസാരിച്ചു. “എങ്കിലോ, ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകല വാക്കുകളും ശ്രദ്ധിച്ചുകൊൾക. ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ.” (ഇയ്യോബ് 33:1, 6) ഇയ്യോബ് പിൻപററിയ നേരുള്ള ഗതിയെ അഭിനന്ദിക്കാൻ എലീഹൂ ഒട്ടും താമസിച്ചില്ല. “നിന്റെ നീതിയിൽ എനിക്ക് ആനന്ദം തോന്നിയിരിക്കുന്നു,” അവൻ ഇയ്യോബിനെ ആശ്വസിപ്പിച്ചു. (ഇയ്യോബ് 33:32, NW) ബുദ്ധ്യുപദേശം ഇങ്ങനെ ദയാപുരസ്സരമായ വിധത്തിൽ കൊടുത്തതിൽ മാത്രമല്ല, മററു പല കാരണങ്ങളാലും എലീഹൂ വിജയപ്രദനായിരുന്നു.
മററുള്ളവർ പറഞ്ഞുതീരുന്നതുവരെ ക്ഷമയോടെ കാത്തുനിന്ന എലീഹൂവിനു ബുദ്ധ്യുപദേശം കൊടുക്കുന്നതിനുമുമ്പു തർക്കത്തെക്കുറിച്ചു മെച്ചമായ രീതിയിൽ ഗ്രഹിക്കാൻ സാധിച്ചു. ഇയ്യോബ് നീതിമാനാണെന്നതു സത്യമാണെങ്കിൽ, യഹോവ അവനെ ശിക്ഷിക്കുമോ? “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല. എലീഹൂ ഇങ്ങനെ ഉദ്ഘോഷിച്ചു: “അവൻ നീതിമാൻമാരിൽനിന്നു തന്റെ കടാക്ഷം മാററുന്നില്ല.”—ഇയ്യോബ് 34:10; 36:7.
വാസ്തവത്തിൽ ഇയ്യോബിന്റെ നീതിയായിരുന്നോ പ്രധാന വാദവിഷയം? എലീഹൂ ഇയ്യോബിന്റെ ശ്രദ്ധയെ സമനിലയില്ലാത്ത ഒരു വീക്ഷണത്തിലേക്കു തിരിച്ചു. അവൻ വിശദീകരിച്ചു: “എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു. നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദർശിക്ക.” (ഇയ്യോബ് 35:2, 5) മേഘങ്ങൾ നമ്മെക്കാൾ വളരെ ഉയരത്തിൽ ആയിരിക്കുന്നതുപോലെ, യഹോവയുടെ വഴികൾ നമ്മുടെ വഴികളെക്കാൾ വളരെ ഉന്നതമാണ്. അവൻ സംഗതികൾ ചെയ്യുന്ന വിധത്തെ ന്യായംവിധിക്കാനുള്ള സ്ഥാനത്തല്ല നാം. “അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവൻ കടാക്ഷിക്കുന്നില്ല,” എലീഹൂ നിഗമനം ചെയ്തു.—ഇയ്യോബ് 37:24; യെശയ്യാവു 55:9.
എലീഹൂവിന്റെ ശരിയായ ബുദ്ധ്യുപദേശം ഹേതുവായി യഹോവയിൽനിന്നുതന്നെ കൂടുതലായ പ്രബോധനം സ്വീകരിക്കാൻ പററിയ മാനസികാവസ്ഥയിലായി ഇയ്യോബ്. വാസ്തവത്തിൽ, 37-ാം അധ്യായത്തിലെ “ദൈവത്തിന്റെ അത്ഭുത” പ്രവൃത്തികളെക്കുറിച്ചുള്ള എലീഹൂവിന്റെ അവലോകനവും 38 മുതൽ 41 വരെയുള്ള അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇയ്യോബിനോടായുള്ള യഹോവയുടെ വാക്കുകൾക്കും തമ്മിൽ ഒരു മികച്ച സമാന്തരമുണ്ട്. അപ്പോൾ യഹോവയുടെ കാഴ്ചപ്പാടിലാണ് എലീഹൂ സംഗതികളെ കണ്ടതെന്നു വ്യക്തമാണ്. (ഇയ്യോബ് 37:14) എലീഹൂവിന്റെ ഉത്തമ മാതൃക ക്രിസ്ത്യാനികൾക്ക് എങ്ങനെ അനുകരിക്കാനാവും?
എലീഹൂവിനെപ്പോലെ, പ്രത്യേകിച്ചു മേൽവിചാരകൻമാർ, തങ്ങളും അപൂർണരാണെന്ന് ഓർത്തുകൊണ്ട് സമാനുഭാവവും ദയയും പ്രകടമാക്കുന്നവരാകാൻ ആഗ്രഹിക്കുന്നു. ബുദ്ധ്യുപദേശം കൊടുക്കുന്നതിനു മുമ്പു വസ്തുതകൾ ലഭിച്ച് വിഷയം മനസ്സിലാക്കാൻ അവധാനപൂർവം ശ്രദ്ധിക്കുന്നതാണ് അഭികാമ്യം. (സദൃശവാക്യങ്ങൾ 18:13) മാത്രവുമല്ല, ബൈബിളും തിരുവെഴുത്തു പ്രസിദ്ധീകരണങ്ങളും ഉപയോഗിച്ചുകൊണ്ട്, യഹോവയുടെ കാഴ്ചപ്പാടു നടപ്പിലാവുന്നുവെന്ന് ഉറപ്പുവരുത്താൻ അവർക്കു സാധിക്കും.—റോമർ 3:4.
മൂപ്പൻമാർക്ക് ഈ പ്രായോഗിക പാഠങ്ങൾ പ്രദാനം ചെയ്യുന്നതിനു പുറമേ, ഇയ്യോബിന്റെ പുസ്തകം സമനിലയുള്ള ഒരു വിധത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ട വിധം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.
പ്രതികൂല സാഹചര്യങ്ങൾ അനഭികാമ്യമായ പ്രതികരണവിധങ്ങൾ
ദുരിതങ്ങളാൽ നട്ടംതിരിയുന്ന ഇയ്യോബ്. നിരാശയിലാഴ്ത്തുന്ന വ്യാജ ആശ്വാസകർ. ആകപ്പാടെ ദുഃഖമയം, വിഷാദപൂരിതം. ഞരങ്ങിക്കൊണ്ട് അവൻ പറഞ്ഞു: ‘ഞാൻ ജനിച്ച ദിവസം . . . നശിച്ചുപോകട്ടെ. എന്റെ ജീവൻ എനിക്കു വെറുപ്പായി തോന്നുന്നു.’ (ഇയ്യോബ് 3:3; 10:1) കുററവാളി സാത്താനാണെന്ന് അറിയാതെ, തന്റെ ദുരിതങ്ങൾക്കെല്ലാം കാരണക്കാരൻ ദൈവമാണെന്ന് അവൻ ഊഹിച്ചു. അവൻ—നീതിമാനായ ഒരു മനുഷ്യൻ—കഷ്ടപ്പെടണമെന്നത് അന്യായമായി തോന്നി. (ഇയ്യോബ് 23:10, 11; 27:2; 30:20, 21) ഈ മനോഭാവം അവനെ അന്ധനാക്കി, മററു സാധ്യതകളൊന്നും അവനു കാണാനായില്ല. അതവനെ മനുഷ്യവർഗവുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെ വിമർശിക്കുന്നതിൽ കൊണ്ടെത്തിച്ചു. യഹോവ ചോദിച്ചു: “നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുററം പറയുമോ?”—ഇയ്യോബ് 40:8.
പ്രതികൂല സാഹചര്യത്തിലായിക്കഴിയുമ്പോൾ ഒരുപക്ഷേ പെട്ടെന്നുള്ള നമ്മുടെ പ്രതികരണം, ഇയ്യോബ് ചെയ്തതുപോലെ, താൻ ബലിയാടാകുകയാണല്ലോ എന്നു തോന്നുകയാണ്. സാധാരണമായ പ്രതികരണം ഇങ്ങനെ ചോദിക്കാനാണ്, ‘എന്തുകൊണ്ട് ഞാൻ? എന്നെക്കാൾ മോശമായ എത്രപേരുണ്ട്, കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അവർ, ഒരുതരത്തിൽ പറഞ്ഞാൽ, ജീവിതം ആസ്വദിക്കുന്നു. ഇതൊക്കെ അവർക്കു സംഭവിച്ചാലെന്താ?’ ഇതെല്ലാം നിഷേധാത്മകമായ ചിന്തകളാണ്. ദൈവവചനത്തെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് തരണം ചെയ്യാവുന്നതേയുള്ളൂ അവയെല്ലാം.
ഇയ്യോബിനെപ്പോലെയല്ല നമ്മൾ. ഉൾപ്പെട്ടിരിക്കുന്ന ഇതിലും വലിയ വാദവിഷയങ്ങൾ ഗ്രഹിക്കാനുള്ള ഒരു സ്ഥാനത്താണു നാം. പിശാച് “അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു”വെന്നു നമുക്കറിയാം. (1 പത്രൊസ് 5:8) ഇയ്യോബിന്റെ പുസ്തകം വെളിപ്പെടുത്തുന്നതുപോലെ, പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ട് നമ്മുടെ നിർമലത തകർക്കുന്നതിൽ പിശാച് ആനന്ദം കൊള്ളും. യഹോവയുടെ അനുകൂലകാലാവസ്ഥാ സാക്ഷികൾ മാത്രമാണു നാം എന്ന വാദം തെളിയിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് അവൻ. (ഇയ്യോബ് 1:9-11; 2:3-5) യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാനും അങ്ങനെ പിശാച് ഒരു നുണയനാണെന്നു തെളിയിക്കാനുമുള്ള ധൈര്യമുണ്ടായിരിക്കുമോ നമുക്ക്?
ഈ വ്യവസ്ഥിതിയിൽ ഏതെങ്കിലും തരത്തിലുള്ള ദുരിതങ്ങൾ മിക്കവാറും ഒഴിച്ചുകൂടാൻ പററാത്തതാണ് എന്നാണ് യേശുവിന്റെയും പിന്നെ യഹോവയുടെ മററ് എണ്ണമററ വിശ്വസ്ത ദാസൻമാരുടെയും ദൃഷ്ടാന്തം പ്രകടമാക്കുന്നത്. തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, തന്റെ ശിഷ്യൻമാർ ‘തങ്ങളുടെ ദണ്ഡനസ്തംഭം എടുക്കാൻ’ മനസ്സുള്ളവരായിരിക്കണമെന്നു യേശു പറഞ്ഞു. (ലൂക്കോസ് 9:23, NW) ഇയ്യോബ് സഹിച്ച വിപത്തുകളിൽ ഒന്നോ അതിലധികമോ ആയിരിക്കാം നമ്മുടെ വ്യക്തിപരമായ “ദണ്ഡനസ്തംഭം.” മോശമായ ആരോഗ്യം, പ്രിയപ്പെട്ടവരുടെ മരണം, വിഷാദം, സാമ്പത്തിക പ്രയാസം, അവിശ്വാസികളിൽനിന്നുള്ള എതിർപ്പ് എന്നിവയൊക്കെ ആകാം അത്. നമുക്ക് ഏതുതരത്തിലുള്ള പ്രശ്നം നേരിട്ടാലും അതിന് ഒരു നല്ല വശമുണ്ട്. നമ്മുടെ സഹിഷ്ണുതയും യഹോവയോടുള്ള അചഞ്ചലമായ കൂറും പ്രകടമാക്കാനുള്ള ഒരവസരം എന്നനിലയിൽ നമുക്കു സാഹചര്യങ്ങളെ കാണാനാവും.—യാക്കോബ് 1:2, 3.
അങ്ങനെയായിരുന്നു യേശുവിന്റെ അപ്പോസ്തലൻമാർ പ്രതികരിച്ചത്. യേശുവിനെക്കുറിച്ചു പ്രസംഗിച്ചതിനു പെന്തക്കോസ്തു കഴിഞ്ഞയുടൻ അവർക്കു ചമ്മട്ടിയടിയേററു. അതിന്റെ പേരിൽ നിരുത്സാഹിതരാകുന്നതിനുപകരം അവർ “ആഹ്ലാദിച്ചുകൊണ്ടു” സ്ഥലംവിട്ടു. അവർ ആഹ്ലാദചിത്തരായത് കഷ്ടം അനുഭവിച്ചതിന്റെ പേരിലല്ല, “അവന്റെ [ക്രിസ്തുവിന്റെ] നാമത്തെപ്രതി അപമാനമേൽക്കാൻ യോഗ്യരായി അവർ എണ്ണപ്പെട്ടു” എന്നതിന്റെപേരിലാണ്.—പ്രവൃത്തികൾ 5:40, 41, NW.
തീർച്ചയായും നമുക്കു നേരിടുന്ന എല്ലാ പ്രയാസങ്ങളും യഹോവയെ സേവിക്കുന്നതിന്റെ ഫലമായുണ്ടാകുന്നതല്ല. കുറഞ്ഞപക്ഷം ഒരു പരിധിവരെ നമ്മുടെ പ്രശ്നങ്ങൾ നാം സ്വയം വരുത്തിക്കൂട്ടുന്നതാണ്. അല്ലെങ്കിൽ ഒരുപക്ഷേ, നമ്മുടെ കുഴപ്പംകൊണ്ടല്ലെങ്കിൽക്കൂടി, പ്രശ്നം നമ്മുടെ ആത്മീയ സന്തുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ടാവാം. സംഗതി എന്തുതന്നെയായാലും, ഇയ്യോബിന്റേതുപോലെ താഴ്മയുള്ള ഒരു മനോഭാവം പാളിച്ച പററിയത് എവിടെയെന്നു വിവേചിക്കാൻ നമ്മെ പ്രാപ്തരാക്കും. “ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി,” ഇയ്യോബ് യഹോവയോടു സമ്മതിച്ചുപറഞ്ഞു. (ഇയ്യോബ് 42:3) ഈവിധം തന്റെ തെററുകൾ തിരിച്ചറിയുന്നവൻ ഭാവിയിൽ സമാനമായ കുഴപ്പങ്ങൾ ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. സദൃശവാക്യങ്ങൾ പറയുന്നതുപോലെ, “അനർഥം കണ്ട് സ്വയം ഒളിക്കാൻ ശ്രമിക്കുന്നവൻ വിവേകമുള്ളവനാണ്.”—സദൃശവാക്യങ്ങൾ 22:3, NW.
ഏററവും പ്രധാനമായി, നമ്മുടെ പ്രശ്നങ്ങൾ എല്ലാക്കാലത്തും ഉണ്ടായിരിക്കുകയില്ലെന്ന് ഇയ്യോബിന്റെ പുസ്തകം നമ്മെ അനുസ്മരിപ്പിക്കുന്നു. “സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാൻമാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.” (യാക്കോബ് 5:11) ഇന്നത്തെ തന്റെ ദാസൻമാരുടെ വിശ്വസ്തതയ്ക്കു യഹോവ സമാനമായി പ്രതിഫലം നൽകുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.
എല്ലാത്തരം പ്രശ്നങ്ങളും—“മുൻസംഗതികൾ”—കഴിഞ്ഞുപോകുന്ന സമയത്തിനായി നാമും നോക്കിപ്പാർത്തിരിക്കുകയാണ്. (വെളിപാട് 21:4, NW) ആ ദിനം വന്നെത്തുംവരെ, ജ്ഞാനത്തോടെയും മനക്കരുത്തോടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കുന്ന ഒരമൂല്യ ഗൈഡായിരിക്കും ഇയ്യോബിന്റെ പുസ്തകം.
[അടിക്കുറിപ്പുകൾ]
a “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്നു ബൈബിൾ പ്രസ്താവിക്കുന്നുണ്ടെങ്കിലും ഒരു വ്യക്തിയുടെ കഷ്ടപ്പാടുകൾ ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്ന് ഇതിനർഥമില്ല. (ഗലാത്യർ 6:7) സാത്താന്റെ ആധിപത്യത്തിലുള്ള ഈ ലോകത്തിൽ, ദുഷ്ടൻമാരെക്കാൾ നീതിമാൻമാരാണു കൂടുതൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നത്. (1 യോഹന്നാൻ 5:19) “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും,” യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു. (മത്തായി 10:22) രോഗവും മററു ദൗർഭാഗ്യങ്ങളും ദൈവത്തിന്റെ വിശ്വസ്ത ദാസരിൽ ആർക്കും നേരിടാം.—സങ്കീർത്തനം 41:3; 73:3-5; ഫിലിപ്പിയർ 2:25-27.
[28-ാം പേജിലുള്ള ചിത്രം]
“നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദർശിക്ക.” അങ്ങനെ ദൈവത്തിന്റെ വഴികൾ മമനുഷ്യന്റെ വഴികളെക്കാൾ ഉന്നതമാണെന്നു ഗ്രഹിക്കാൻ എലീഹൂ ഇയ്യോബിനെ സഹായിച്ചു