മത്തായി എഴുതിയത്
14 അക്കാലത്ത്, ജില്ലാഭരണാധികാരിയായ ഹെരോദ് യേശുവിനെക്കുറിച്ചുള്ള വാർത്ത കേട്ടിട്ട്+ 2 ഭൃത്യന്മാരോടു പറഞ്ഞു: “ഇതു സ്നാപകയോഹന്നാനാണ്. അയാൾ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അയാൾക്ക് ഈ അത്ഭുതങ്ങൾ ചെയ്യാനാകുന്നത്.”+ 3 ഈ ഹെരോദാണു യോഹന്നാനെ പിടിച്ച് ബന്ധിച്ച് ജയിലിലാക്കിയത്. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ് അതു ചെയ്തത്.+ 4 “ഹെരോദ്യയെ ഭാര്യയാക്കിവെക്കുന്നതു ശരിയല്ല”*+ എന്നു യോഹന്നാൻ ഹെരോദിനോടു പലവട്ടം പറഞ്ഞിരുന്നു. 5 ഹെരോദ് യോഹന്നാനെ കൊന്നുകളയാൻ ആഗ്രഹിച്ചെങ്കിലും ജനത്തെ പേടിച്ച് അങ്ങനെ ചെയ്തില്ല. കാരണം, അവർ യോഹന്നാനെ ഒരു പ്രവാചകനായാണു കണ്ടിരുന്നത്.+ 6 എന്നാൽ ഹെരോദിന്റെ ജന്മദിനാഘോഷസമയത്ത്+ ഹെരോദ്യയുടെ മകൾ നൃത്തം ചെയ്ത് ഹെരോദിനെ വളരെ സന്തോഷിപ്പിച്ചു.+ 7 അതുകൊണ്ട് അവൾ ചോദിക്കുന്നത് എന്തും കൊടുക്കാമെന്നു ഹെരോദ് ആണയിട്ട് പറഞ്ഞു. 8 അപ്പോൾ അവൾ അമ്മ പറഞ്ഞതനുസരിച്ച്, “സ്നാപകയോഹന്നാന്റെ തല ഒരു തളികയിൽ എനിക്കു തരണം”+ എന്നു പറഞ്ഞു. 9 രാജാവ് ദുഃഖിതനായെങ്കിലും തന്റെ ആണയെയും വിരുന്നുകാരെയും മാനിച്ച് അതു കൊടുക്കാൻ കല്പിച്ചു. 10 രാജാവ് ജയിലിലേക്ക് ആളയച്ച് യോഹന്നാന്റെ തല വെട്ടി. 11 അത് ഒരു തളികയിൽ വെച്ച് ആ പെൺകുട്ടിക്കു കൊടുത്തു. അവൾ അത് അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു. 12 പിന്നെ ശിഷ്യന്മാർ ചെന്ന് യോഹന്നാന്റെ ശരീരം എടുത്തുകൊണ്ടുപോയി അടക്കം ചെയ്തു. എന്നിട്ട് വന്ന് യേശുവിനെ വിവരം അറിയിച്ചു. 13 ഇതു കേട്ടപ്പോൾ, കുറച്ച് നേരം തനിച്ച് ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത് അറിഞ്ഞ് നഗരങ്ങളിൽനിന്ന് കാൽനടയായി യേശു പോകുന്നിടത്തേക്കു ചെന്നു.+
14 കരയ്ക്ക് ഇറങ്ങിയപ്പോൾ യേശു വലിയൊരു ജനക്കൂട്ടത്തെ കണ്ടു; അവരോട് അലിവ് തോന്നിയിട്ട്+ അവർക്കിടയിലെ രോഗികളെ സുഖപ്പെടുത്തി.+ 15 വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി. ജനത്തെ പറഞ്ഞയയ്ക്കൂ. അവർ അടുത്തുള്ള ഗ്രാമങ്ങളിൽ ചെന്ന് എന്തെങ്കിലും വാങ്ങി കഴിക്കട്ടെ.”+ 16 എന്നാൽ യേശു അവരോടു പറഞ്ഞു: “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്.” 17 അവർ യേശുവിനോട്, “ഞങ്ങളുടെ കൈയിൽ ആകെ അഞ്ച് അപ്പവും രണ്ടു മീനും മാത്രമേ ഉള്ളൂ” എന്നു പറഞ്ഞു. 18 “അത് ഇങ്ങു കൊണ്ടുവരൂ” എന്നു യേശു പറഞ്ഞു. 19 പിന്നെ യേശു ജനക്കൂട്ടത്തോടു പുൽപ്പുറത്ത് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത് ആകാശത്തേക്കു നോക്കി പ്രാർഥിച്ചു.+ എന്നിട്ട് അപ്പം നുറുക്കി ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അതു ജനത്തിനു വിതരണം ചെയ്തു. 20 അങ്ങനെ ജനം മുഴുവൻ തിന്ന് തൃപ്തരായി. ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരിച്ചു. അത് 12 കൊട്ട നിറയെയുണ്ടായിരുന്നു.+ 21 കഴിച്ചവരിൽ ഏകദേശം 5,000 പുരുഷന്മാരുണ്ടായിരുന്നു, സ്ത്രീകളും കുട്ടികളും വേറെയും.+ 22 പെട്ടെന്നുതന്നെ, ശിഷ്യന്മാരെ വള്ളത്തിൽ കയറ്റി തനിക്കു മുമ്പേ അക്കരയ്ക്കു പറഞ്ഞുവിട്ടിട്ട് യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചു.+
23 ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം പ്രാർഥിക്കാൻവേണ്ടി യേശു തനിച്ചു മലയിലേക്കു പോയി.+ നേരം വളരെ വൈകിയിട്ടും യേശു അവിടെത്തന്നെ ഇരുന്നു. യേശു ഒറ്റയ്ക്കായിരുന്നു. 24 അപ്പോഴേക്കും വള്ളം കരയിൽനിന്ന് ഏറെ അകലെ എത്തിയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ അതു തിരകളോടു മല്ലിടുകയായിരുന്നു. 25 എന്നാൽ രാത്രിയുടെ നാലാം യാമത്തിൽ യേശു കടലിനു മുകളിലൂടെ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. 26 യേശു കടലിന്റെ മുകളിലൂടെ നടക്കുന്നതു കണ്ട് ശിഷ്യന്മാർ, “അയ്യോ! എന്തോ ഒരു രൂപം!”* എന്നു പറഞ്ഞ് പേടിച്ച് നിലവിളിച്ചു. 27 ഉടനെ യേശു അവരോടു സംസാരിച്ചു: “എന്തിനാ പേടിക്കുന്നത്? ഇതു ഞാനാണ്. ധൈര്യമായിരിക്ക്.”+ 28 അതിനു പത്രോസ്, “കർത്താവേ, അത് അങ്ങാണെങ്കിൽ, വെള്ളത്തിനു മുകളിലൂടെ നടന്ന് അങ്ങയുടെ അടുത്ത് വരാൻ എന്നോടു കല്പിക്കണേ” എന്നു പറഞ്ഞു. 29 “വരൂ” എന്ന് യേശു പറഞ്ഞു. അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു. 30 എന്നാൽ ആഞ്ഞുവീശുന്ന കൊടുങ്കാറ്റു കണ്ടപ്പോൾ പത്രോസ് ആകെ പേടിച്ചുപോയി. താഴ്ന്നുതുടങ്ങിയ പത്രോസ്, “കർത്താവേ, എന്നെ രക്ഷിക്കണേ” എന്നു നിലവിളിച്ചു. 31 യേശു ഉടനെ കൈ നീട്ടി പത്രോസിനെ പിടിച്ചിട്ട്, “നിനക്ക് ഇത്ര വിശ്വാസമേ ഉള്ളോ? നീ എന്തിനാണു സംശയിച്ചത് ”+ എന്നു ചോദിച്ചു. 32 അവർ വള്ളത്തിൽ കയറിയപ്പോൾ കൊടുങ്കാറ്റ് അടങ്ങി. 33 അപ്പോൾ വള്ളത്തിലുള്ളവർ, “ശരിക്കും അങ്ങ് ദൈവപുത്രനാണ് ”+ എന്നു പറഞ്ഞ് യേശുവിനെ വണങ്ങി. 34 ഒടുവിൽ അവർ അക്കരെയുള്ള ഗന്നേസരെത്തിൽ എത്തി.+
35 അവിടത്തെ ആളുകൾ യേശുവിനെ തിരിച്ചറിഞ്ഞ് ചുറ്റുമുള്ള നാട്ടിലെല്ലാം വിവരം അറിയിച്ചു. ആളുകൾ എല്ലാ രോഗികളെയും യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. 36 യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്തെങ്കിലും*+ തൊടാൻ അനുവദിക്കണമെന്ന് അവർ യാചിച്ചു. അതിൽ തൊട്ടവരുടെയെല്ലാം രോഗം പൂർണമായും ഭേദമായി.