ലൂക്കോസ്
പഠനക്കുറിപ്പുകൾ—അധ്യായം 19
സക്കായി: ഒരു എബ്രായപേരിൽനിന്ന് വന്നത്. അതിന്റെ ഉത്ഭവം, “അഴുക്കില്ലാത്ത; ശുദ്ധമായ” എന്നൊക്കെ അർഥമുള്ള ഒരു പദത്തിൽനിന്നായിരിക്കാം. സക്കായി ഒരു മുഖ്യ നികുതിപിരിവുകാരൻ ആയിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹം യരീഹൊയിലും സമീപപ്രദേശങ്ങളിലും ഉള്ള മറ്റു നികുതിപിരിവുകാരുടെ മേലധികാരിയായിരുന്നിരിക്കാം. ആ നഗരം സ്ഥിതി ചെയ്തിരുന്ന ജില്ല വളരെ ഫലഭൂയിഷ്ഠമായിരുന്നതുകൊണ്ട് അവിടത്തെ വിളകളിൽനിന്ന് ധാരാളം നികുതിവരുമാനം കിട്ടിയിരുന്നു. വലിയ ധനികനായിരുന്ന സക്കായി സ്വത്തിൽ കുറെയെങ്കിലും സ്വന്തമാക്കിയതു തെറ്റായ വഴികളിലൂടെയായിരുന്നെന്ന് അദ്ദേഹത്തിന്റെതന്നെ വാക്കുകൾ സൂചിപ്പിക്കുന്നു.—ലൂക്ക 19:8.
അന്യായമായി ഈടാക്കിയത്: അഥവാ “വ്യാജാരോപണം നടത്തി ഈടാക്കിയത്.”—ലൂക്ക 3:14-ന്റെ പഠനക്കുറിപ്പു കാണുക.
നാല് ഇരട്ടിയായി: സാധ്യതയനുസരിച്ച്, താൻ ഓരോരുത്തരിൽനിന്നും എത്രത്തോളം തുക ഈടാക്കിയെന്നു സക്കായിക്ക് തന്റെ നികുതിരേഖകളിൽനിന്ന് കണക്കുകൂട്ടിയെടുക്കാൻ കഴിയുമായിരുന്നു. അതു നാല് ഇരട്ടിയായി തിരിച്ചുകൊടുക്കുമെന്നാണ് അദ്ദേഹം സത്യം ചെയ്തത്. ദൈവനിയമം ആവശ്യപ്പെട്ടതിനെക്കാൾപോലും കൂടുതലായിരുന്നു ആ തുക. ഇത്തരത്തിൽ പശ്ചാത്തപിച്ച് കുറ്റം സമ്മതിക്കുന്ന ഒരാൾ, വഞ്ചിച്ചെടുത്ത മുഴുവൻ തുകയും “അതിന്റെ അഞ്ചിലൊന്നുംകൂടെ (അതായത്, 20 ശതമാനം)” തിരികെ നൽകണമെന്നാണു ദൈവനിയമത്തിൽ പറഞ്ഞിരുന്നത്. എന്നാൽ തുക നാല് ഇരട്ടിയായി തിരിച്ചുനൽകാൻ സക്കായി തയ്യാറായി. സക്കായിയുടെ പശ്ചാത്താപം തെളിയിച്ച ഈ പ്രവൃത്തിയിൽ, ദരിദ്രരോട് അദ്ദേഹത്തിനുള്ള സ്നേഹം പ്രകടമായിരുന്നു. അതിലൂടെ അദ്ദേഹം, അടിച്ചമർത്തപ്പെട്ടവരോടു നീതിയും കാണിച്ചു.—ലേവ 6:2-5; സംഖ 5:7.
രാജാധികാരം നേടാൻ: അഥവാ “രാജ്യം സ്വന്തമാക്കാൻ.” മിക്കപ്പോഴും “രാജ്യം” എന്നു പരിഭാഷപ്പെടുത്താറുള്ള ബസിലേയ എന്ന ഗ്രീക്കുപദത്തിനു വിശാലമായ അർഥമാണുള്ളത്. ഒരു രാജാവിന്റെ ഭരണകൂടത്തെയോ രാജഭരണത്തിൻകീഴിലുള്ള പ്രദേശം, ജനങ്ങൾ എന്നിവയെയോ ഇതിന് അർഥമാക്കാനാകും. (മത്ത 3:2; 25:34 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) അതേ പദത്തിനു രാജാവെന്ന സ്ഥാനത്തെയും അതോടൊപ്പം ലഭിക്കുന്ന മഹത്ത്വത്തെയും ശക്തിയെയും അധികാരത്തെയും കുറിക്കാനുമാകും. രാജാവായി ഭരിക്കാനുള്ള അനുമതി തേടി കുലീനകുടുംബത്തിൽപ്പെട്ടവർ റോമിലേക്കു യാത്ര ചെയ്യുന്നതു റോമൻ സാമ്രാജ്യത്തിൽ സാധാരണമായിരുന്നു. യേശുവിന്റെ ദൃഷ്ടാന്തം കേട്ടപ്പോൾ ആളുകൾ മഹാനായ ഹെരോദിന്റെ മകനായ അർക്കെലയൊസിനെക്കുറിച്ച് ഓർത്തുകാണും. മരണത്തിനു മുമ്പ് മഹാനായ ഹെരോദ് തന്റെ മകനായ അർക്കെലയൊസിനെ യഹൂദ്യയുടെയും മറ്റു പ്രദേശങ്ങളുടെയും ഭരണാധികാരിയായി നാമനിർദേശം ചെയ്തിരുന്നു. എന്നാൽ ഭരണം ഏറ്റെടുക്കുന്നതിനു മുമ്പ് അർക്കെലയൊസ്, അഗസ്റ്റസ് സീസറിന്റെ അനുമതി തേടി റോമിലേക്കു നീണ്ട ഒരു യാത്ര നടത്തി.
മിന: ഗ്രീക്ക് മിന ഒരു നാണയമായിരുന്നില്ല, മറിച്ച് തൂക്കത്തിന്റെ ഏകകം അഥവാ യൂണിറ്റ് ആയിരുന്നു. അത് ഏകദേശം 340 ഗ്രാം വരുമായിരുന്നു. പണത്തിൽ അതിന്റെ മൂല്യം 100 ദ്രഹ്മ വരുമായിരുന്നെന്നാണു ചില പുരാതന ഗ്രീക്ക് എഴുത്തുകാരുടെ അഭിപ്രായം. ഒരു ദ്രഹ്മയ്ക്ക് ഏതാണ്ട് ഒരു ദിനാറെയുടെ മൂല്യമുണ്ടായിരുന്നതുകൊണ്ട് ഒരു മിന വലിയൊരു തുകതന്നെയായിരുന്നു. (പദാവലിയിൽ “ദിനാറെ” കാണുക.) ഗ്രീക്കുകാരുടെ മിനയും എബ്രായരുടെ മിനയും രണ്ടും രണ്ടായിരുന്നു.—പദാവലിയും അനു. ബി14-ഉം കാണുക.
രാജാധികാരം: അഥവാ “രാജ്യം.”—ലൂക്ക 19:12-ന്റെ പഠനക്കുറിപ്പു കാണുക.
പണം: മത്ത 25:18-ന്റെ പഠനക്കുറിപ്പു കാണുക.
പണം: മത്ത 25:18-ന്റെ പഠനക്കുറിപ്പു കാണുക.
ബാങ്ക്: ലൂക്കോസിന്റെ സുവിശേഷത്തിലെ മിനകളെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയിലും മത്തായിയുടെ സുവിശേഷത്തിലെ താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിലും, നിക്ഷേപത്തുകയ്ക്കു പലിശ നൽകുന്ന ബാങ്കിനെയോ പണമിടപാടുകാരെയോ കുറിച്ച് യേശു സംസാരിക്കുന്നുണ്ട്. (മത്ത 25:14-30; ലൂക്ക 19:12-27) ഇവിടെ ‘ബാങ്ക്’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ട്രപെഡ്സാ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മേശ” എന്നാണ്. (മത്ത 15:27) നാണയം മാറ്റിക്കൊടുക്കുന്നതുപോലുള്ള സാമ്പത്തികയിടപാടുകളെക്കുറിച്ച് പറയുന്നിടത്ത് ആ പദത്തിന്റെ അർഥം, ഇടപാടുകാരെ നാണയങ്ങൾ കാണിക്കാനുള്ള മേശ, കൗണ്ടർ എന്നൊക്കെയാണ്. (മത്ത 21:12; മർ 11:15; യോഹ 2:15) പലിശയ്ക്കു പണമിടപാടു നടത്തുന്ന രീതി എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേലിലും ചുറ്റുമുള്ള ദേശങ്ങളിലും സാധാരണമായിരുന്നു.
പലിശ: ദരിദ്രരായ സഹജൂതന്മാർക്കു വായ്പ കൊടുക്കുമ്പോൾ പലിശ ഈടാക്കരുതെന്നു മോശയിലൂടെ കൊടുത്ത നിയമം ഇസ്രായേല്യരോട് ആവശ്യപ്പെട്ടിരുന്നു. (പുറ 22:25) എന്നാൽ വിദേശികളിൽനിന്ന് പലിശ ഈടാക്കാൻ (സാധ്യതയനുസരിച്ച് ബിസിനെസ്സ് ആവശ്യങ്ങൾക്കുവേണ്ടി കൊടുത്തിരുന്ന വായ്പകൾക്ക്.) അനുവാദമുണ്ടായിരുന്നു. (ആവ 23:20) പണമിടപാടുകാരുടെ പക്കൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിനു പലിശ വാങ്ങുന്നതു തെളിവനുസരിച്ച് യേശുവിന്റെ കാലത്ത് സർവസാധാരണമായിരുന്നു.
—: തുടർന്നുള്ള വാക്കുകൾ മറ്റൊരാളുടേതാണെന്നു മനസ്സിലാക്കാൻ ഈ വര വായനക്കാരനെ സഹായിക്കുന്നു. 26-ാം വാക്യത്തിൽ കാണുന്നത് അടിമകളുടെ യജമാനന്റെ വാക്കുകളാണ്.
യഹോവയുടെ: ഇതു സങ്ക 118:26-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
കല്ലുകൾ ആർത്തുവിളിക്കും: ശിഷ്യന്മാർ ആർത്തുവിളിച്ചപ്പോൾ പരീശന്മാർ അതിന് എതിരെ സംസാരിച്ച സാഹചര്യത്തിലാണു യേശു ഈ വാക്കുകൾ പറയുന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. (ലൂക്ക 19:37-39) സങ്ക 118:26-ലെ വാക്കുകളാണ് ശിഷ്യന്മാർ ഉപയോഗിച്ചത്. യഹോവയുടെ വാക്കുകൾ “ഫലം കാണാതെ” മടങ്ങാത്തതുകൊണ്ട് സങ്കീർത്തനത്തിലെ ഈ പ്രവചനം ഈ സന്ദർഭത്തിൽ തീർച്ചയായും നിറവേറുമായിരുന്നു. (യശ 55:11) ശിഷ്യന്മാരെ നിശബ്ദരാക്കിയാൽപ്പോലും അവിടെയുള്ള കല്ലുകൾ ആർത്തുവിളിക്കുകയും ഈ പ്രവചനം നിറവേറുകയും ചെയ്തേനേ.
കരഞ്ഞു: “കരഞ്ഞു” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം, ശബ്ദം പുറത്ത് വരുന്ന രീതിയിൽ കരയുന്നതിനെയാണു പൊതുവേ കുറിക്കുന്നത്.
കൂർത്ത മരത്തൂണുകൾകൊണ്ട് കോട്ട കെട്ടി: അഥവാ “കൂർത്ത മരക്കുറ്റികൾകൊണ്ട് വേലി കെട്ടി.” ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ ഖാരക്സ് എന്ന ഗ്രീക്കുപദം കാണുന്നുള്ളൂ. “ഒരു പ്രദേശത്തിനു ചുറ്റും വേലി തീർക്കാനായി ഉപയോഗിക്കുന്ന കൂർത്ത വടി അഥവാ തൂണ്; സ്തംഭം” എന്നും “സൈന്യം സ്തംഭങ്ങൾ നാട്ടി ഉണ്ടാക്കുന്ന നിർമിതി; കൂർത്ത മരക്കുറ്റികൾകൊണ്ടുള്ള വേലി” എന്നും ഇതിനെ നിർവചിച്ചിട്ടുണ്ട്. എ.ഡി. 70-ൽ റോമാക്കാർ ടൈറ്റസിന്റെ നേതൃത്വത്തിൽ യരുശലേമിനു ചുറ്റും കൂർത്ത മരക്കുറ്റികൾക്കൊണ്ട് ഒരു ഉപരോധമതിൽ ഉണ്ടാക്കിയപ്പോൾ യേശുവിന്റെ വാക്കുകൾ നിറവേറി. ടൈറ്റസിനു മൂന്നു ലക്ഷ്യങ്ങളായിരുന്നു: ജൂതന്മാർ രക്ഷപ്പെടുന്നതു തടയുക, കീഴടങ്ങാൻ അവരെ നിർബന്ധിതരാക്കുക, പട്ടിണിക്കിട്ട് അതിലെ നിവാസികളെ അടിയറവ് പറയിക്കുക. യരുശലേമിനു ചുറ്റും ഈ കോട്ട കെട്ടുന്നതിനുവേണ്ടി റോമൻ പട്ടാളക്കാർ നാട്ടിൻപുറങ്ങളിലുള്ള മരങ്ങൾ മുഴുവൻ വെട്ടിവെളുപ്പിച്ചു.
വിൽപ്പന നടത്തിയിരുന്നവരെ പുറത്താക്കാൻതുടങ്ങി: എ.ഡി. 33 നീസാൻ 10-ാം തീയതി യേശു രണ്ടാമതും ദേവാലയം ശുദ്ധീകരിക്കുന്നു. ഈ സംഭവം മത്തായിയുടെയും (21:12-17) മർക്കോസിന്റെയും (11:15-18) ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യേശു മുമ്പ് ദേവാലയം ശുദ്ധീകരിച്ചത് എ.ഡി. 30-ലെ പെസഹയോടു ബന്ധപ്പെട്ടാണ്. അതെക്കുറിച്ച് യോഹ 2:13-17-ൽ വിവരിച്ചിരിക്കുന്നു.