ലൂക്കോസ്
പഠനക്കുറിപ്പുകൾ—അധ്യായം 20
ദീർഘകാലത്തേക്ക്: ക്രൂരരായ മുന്തിരികൃഷിക്കാരെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ ഈ വിശദാംശം ഉൾപ്പെടുത്തിയിരിക്കുന്നതു ലൂക്കോസ് മാത്രമാണ്.—മത്ത 21:33-ലെയും മർ 12:1-ലെയും സമാന്തരവിവരണങ്ങൾ താരതമ്യം ചെയ്യുക.
മുഖ്യ മൂലക്കല്ല്: മത്ത 21:42-ന്റെ പഠനക്കുറിപ്പു കാണുക.
സീസർ: മത്ത 22:17-ന്റെ പഠനക്കുറിപ്പു കാണുക.
ചിത്രവും എഴുത്തും: മത്ത 22:20-ന്റെ പഠനക്കുറിപ്പു കാണുക.
പുനരുത്ഥാനം: ഇവിടെ കാണുന്ന അനസ്താസിസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എഴുന്നേൽപ്പിക്കുക; എഴുന്നേറ്റ് നിൽക്കുക” എന്നെല്ലാമാണ്. മരിച്ചവരുടെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട് ഈ പദം 40-ഓളം പ്രാവശ്യം ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. (മത്ത 22:23, 31; ലൂക്ക 20:33; പ്രവൃ 4:2; 24:15; 1കൊ 15:12, 13) യശ 26:19-ലെ “നിങ്ങളുടെ മരിച്ചവർ ജീവിക്കും” എന്ന പദപ്രയോഗത്തിലെ “ജീവിക്കുക” എന്ന എബ്രായക്രിയ പരിഭാഷപ്പെടുത്താൻ സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്നത് അനസ്താസിസിന്റെ ക്രിയാരൂപമാണ്.—പദാവലി കാണുക.
സദൂക്യർ: സദൂക്യരെക്കുറിച്ച് ലൂക്കോസിന്റെ സുവിശേഷത്തിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. (പദാവലി കാണുക.) സാധ്യതയനുസരിച്ച് ഈ പേരിന് (ഗ്രീക്കിൽ, സദൗകൈയോസ്) ശലോമോന്റെ കാലത്ത് മഹാപുരോഹിതനായി നിയമിതനായ സാദോക്കുമായി (സെപ്റ്റുവജിന്റിൽ മിക്കയിടങ്ങളിലും സദൗക് എന്നു കാണുന്നു.) ബന്ധമുണ്ട്. അദ്ദേഹത്തിന്റെ പിൻതലമുറക്കാർ തെളിവനുസരിച്ച് നൂറ്റാണ്ടുകളോളം പുരോഹിതന്മാരായി സേവിച്ചു.—1രാജ 2:35.
ഈ വ്യവസ്ഥിതി: ഇതിന്റെ ഗ്രീക്കുപദമായ ഏയോൻ എന്നതിന്റെ അടിസ്ഥാനാർഥം “യുഗം” എന്നാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ഇതിനു കുറിക്കാനാകും. ഇവിടെ ഈ പദം, ഇപ്പോഴത്തെ വ്യവസ്ഥിതിയെയാണു കുറിക്കുന്നത്.—മത്ത 12:32; മർ 10:30 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതി(കൾ)” എന്നതും കാണുക.
മക്കൾ: അഥവാ “ആളുകൾ.” അക്ഷ. “പുത്രന്മാർ.” ഇവിടെ “പുത്രന്മാർ” എന്നതിന്റെ ഗ്രീക്കുപദം ആൺമക്കൾ എന്നതിനെക്കാൾ വിശാലമായ ഒരർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ആ പദം പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും കുറിക്കുന്നെന്ന്, വിവാഹം കഴിച്ചുകൊടുക്കുക എന്നതിന്റെ ഗ്രീക്കുപദം സൂചിപ്പിക്കുന്നു. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ടാണ് ഈ ഗ്രീക്കുപദം പൊതുവേ ഉപയോഗിക്കാറുള്ളത്. ഇവിടെ ഈ “വ്യവസ്ഥിതിയുടെ മക്കൾ” എന്ന പദപ്രയോഗം തെളിവനുസരിച്ച് ഒരു ഭാഷാശൈലിയാണ്. ഈ വ്യവസ്ഥിതിയുടേതായ മനോഭാവങ്ങളും ജീവിതശൈലിയും പകർത്തുന്നവരെയാണ് അതു കുറിക്കുന്നത്.
ആ വ്യവസ്ഥിതി: ഇതിന്റെ ഗ്രീക്കുപദമായ ഏയോൻ എന്നതിന്റെ അടിസ്ഥാനാർഥം “യുഗം” എന്നാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ഇതിനു കുറിക്കാനാകും. ഇവിടെ ഈ പദം, ഭാവിയിൽ ദൈവഭരണത്തിൻകീഴിൽ വരാനിരിക്കുന്ന വ്യവസ്ഥിതിയെയാണു കുറിക്കുന്നത്. മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം നടക്കുന്നത് അപ്പോഴായിരിക്കും.—മത്ത 12:32; മർ 10:30 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതി(കൾ)” എന്നതും കാണുക.
മക്കൾ: അക്ഷ. “പുത്രന്മാർ.” ഈ വാക്യത്തിൽ “പുത്രൻ” എന്നതിന്റെ ഗ്രീക്കുപദം രണ്ടു പ്രാവശ്യം കാണുന്നുണ്ട്. ചില സന്ദർഭങ്ങളിൽ, ആൺമക്കൾ എന്നതിനെക്കാൾ വിശാലമായ ഒരർഥത്തിലാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്.—ലൂക്ക 20:34-ന്റെ പഠനക്കുറിപ്പു കാണുക.
മോശതന്നെ സൂചിപ്പിച്ചിട്ടുണ്ട്: മർ 12:26-ന്റെ പഠനക്കുറിപ്പു കാണുക.
മോശ യഹോവയെ ‘അബ്രാഹാമിന്റെ ദൈവവും . . .’ എന്നാണല്ലോ വിളിച്ചത്: അഥവാ “‘അബ്രാഹാമിന്റെ ദൈവവും . . . ആയ യഹോവ’ എന്നാണല്ലോ മോശ പറഞ്ഞത്.” ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. കിരിയോസ് എന്ന പദം ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. ഈ വാക്യത്തിലെ വാക്കുകൾ എബ്രായതിരുവെഴുത്തുകളിലെ പുറ 3:6-ൽനിന്നുള്ള ഉദ്ധരണിയാണ്. ‘യഹോവയാണ്’ അവിടെ സംസാരിക്കുന്നതെന്ന് അതിന്റെ മുൻവാക്യങ്ങൾ സൂചിപ്പിക്കുന്നു. (പുറ 3:4, 5) അതിന്റെ അടിസ്ഥാനത്തിലാണ് ഈ വാക്യത്തിൽ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന, ഗ്രീക്ക് നിശ്ചായക ഉപപദം (definite article) ലൂക്ക 20:37-ൽ കാണുന്നില്ല എന്നും പണ്ഡിതന്മാർ പറയുന്നു. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേയമാണ്. കാരണം സെപ്റ്റുവജിന്റ് പരിഭാഷയുടെ കാര്യത്തിലും ഇതുപോലെതന്നെ സംഭവിച്ചിട്ടുണ്ട്. അതിന്റെ ആദ്യകാലപ്രതികളിൽ ദൈവനാമമുണ്ടായിരുന്നെങ്കിലും പിൽക്കാലപ്രതികളിൽ അതിനു പകരം കിരിയോസ് എന്ന പദം ഉപയോഗിച്ചപ്പോൾ വ്യാകരണനിയമം ആവശ്യപ്പെടുന്ന നിശ്ചായക ഉപപദം അതോടൊപ്പം ചേർത്തിട്ടില്ല. ഇത്തരത്തിൽ കിരിയോസിനു മുമ്പ് ഒരു നിശ്ചായക ഉപപദം പ്രതീക്ഷിക്കുന്ന ഈ വാക്യത്തിൽ അതു കാണുന്നില്ല എന്ന വസ്തുത സൂചിപ്പിക്കുന്നതും, കിരിയോസ് എന്ന പദം ഇവിടെ ദൈവനാമത്തിനു പകരമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റ് അനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്വെ, യഹ്വെ, יהוה (യ്ഹ്വ്ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (വല്യക്ഷരത്തിൽ LORD), അദോനായ് (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ആധികാരികമായ പല ഉറവിടങ്ങളും ഇതിനെ പിന്താങ്ങുന്നുമുണ്ട്.—അനു. സി കാണുക.
ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്: അഥവാ “ദൈവത്തിന്റെ വീക്ഷണത്തിൽ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.” ജീവിച്ചിരിക്കുന്നവർപോലും, ദൈവത്തിൽനിന്ന് അകന്നവരാണെങ്കിൽ ദൈവത്തിന്റെ വീക്ഷണത്തിൽ മരിച്ചവരാണെന്നു ബൈബിൾ പറയുന്നു. (എഫ 2:1; 1തിമ 5:6) അതുപോലെതന്നെ, ദൈവാംഗീകാരമുള്ള ദൈവദാസന്മാർ മരിച്ചാലും ദൈവത്തിന്റെ വീക്ഷണത്തിൽ ജീവനുള്ളവരാണ്. കാരണം അവരെ പുനരുത്ഥാനപ്പെടുത്തണമെന്ന ദൈവോദ്ദേശ്യം നടപ്പാകുമെന്ന് അത്രയ്ക്ക് ഉറപ്പാണ്.—റോമ 4:16, 17.
യഹോവ: ഇതു സങ്ക 110:1-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം. എന്നാൽ അനു. എ5-ൽ വിശദീകരിച്ചിരിക്കുന്നതുപോലെ, പുതിയനിയമം എന്നു പൊതുവേ അറിയപ്പെടുന്ന തിരുവെഴുത്തുഭാഗത്ത് മിക്ക ബൈബിൾ പരിഭാഷകളും ദൈവനാമം ഉപയോഗിച്ചിട്ടില്ല. എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളിൽപ്പോലും അവർ അത് ഒഴിവാക്കിയിരിക്കുന്നു. മിക്ക ബൈബിളുകളും അത്തരം സ്ഥലങ്ങളിൽ “കർത്താവ്” എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അനു. സി-യിൽ വിശദീകരിച്ചിരിക്കുന്നതുപോലെ ചില ഇംഗ്ലീഷ് ബൈബിൾഭാഷാന്തരങ്ങൾ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിലെ വാക്യങ്ങളിൽ യഹോവ, യാഹ്വെ, യഹ്വെ, יהוה (യ്ഹ്വ്ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (ദൈവനാമത്തിനു പകരമാണെന്നു കാണിക്കാൻ വല്യക്ഷരത്തിൽ LORD), അദോനായ് (ദൈവനാമത്തിനു പകരമാണെന്നു കാണിക്കാൻ വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിന്റെ 17-ാം നൂറ്റാണ്ടിലെ ചില പതിപ്പുകളുടെ കാര്യമെടുക്കുക. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ സങ്ക 110:1 ഉദ്ധരിച്ചിരിക്കുന്ന ലൂക്കോസിന്റെ സുവിശേഷത്തിലെ ഈ വാക്യത്തിലും മറ്റ് മൂന്ന് ഇടങ്ങളിലും (മത്ത 22:44; മർ 12:36; പ്രവൃ 2:34) അവയിൽ കർത്താവ് എന്ന് ഇംഗ്ലീഷിൽ വല്യക്ഷരത്തിലാണു (“the LORD”) കൊടുത്തിരിക്കുന്നത്. പിൽക്കാലത്ത് പുറത്തിറങ്ങിയ പതിപ്പുകളും ഇതേ രീതി പിന്തുടർന്നു. ആ ഭാഷാന്തരത്തിൽ എബ്രായതിരുവെഴുത്തുഭാഗത്ത് കർത്താവ് എന്ന് വല്യക്ഷരത്തിൽ (“the LORD”) കൊടുത്തിരിക്കുന്നത് മൂല എബ്രായപാഠത്തിൽ ദൈവനാമം വരുന്ന സ്ഥലങ്ങളിലാണ്. അതുകൊണ്ട് അതേ പരിഭാഷയുടെ ഗ്രീക്കുതിരുവെഴുത്തുഭാഗത്ത് കർത്താവ് എന്നു വല്യക്ഷരത്തിൽ (“the LORD”) കൊടുത്തിരിക്കുന്നതും യഹോവയെ കുറിക്കാനാണെന്നു ന്യായമായും നിഗമനം ചെയ്യാം. 1979-ൽ ആദ്യമായി പുറത്തിറങ്ങിയ ജയിംസ് രാജാവിന്റെ പുതിയ ഭാഷാന്തരത്തിൽ ഈ രീതി കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികളിൽ ദൈവനാമം വരുന്നിടത്തെല്ലാം, ആ ഭാഷാന്തരം കർത്താവ് എന്ന് വല്യക്ഷരത്തിലാണു (“the LORD”) കൊടുത്തിരിക്കുന്നത്.
ചന്തസ്ഥലങ്ങൾ: മത്ത 23:7-ന്റെ പഠനക്കുറിപ്പു കാണുക.
മുൻനിര: മത്ത 23:6-ന്റെ പഠനക്കുറിപ്പു കാണുക.