ലോകം 1914-നു ശേഷം
ഭാഗം 4: 1940-1943 ഭയത്താൽ നയിക്കപ്പെട്ട്, അതിവേദന അനുഭവിക്കുന്ന രാഷ്ട്രങ്ങൾ
അയാളുടെ വാക്കുകൾ ഏറ്റവും ധൈര്യശാലികളായ ആളുകളിൽപോലും ഭയം ഉണർത്താൻ മതിയായവ ആയിരുന്നു. “എനിക്ക് രക്തം, കഠിനാദ്ധ്വാനം, കണ്ണുനീര്, വിയർപ്പ് എന്നിവയല്ലാതെ മറ്റൊന്നും അർപ്പിക്കാനില്ല,” എന്ന് പുതിയ പ്രധാനമന്ത്രിയായി നിയമിതനായ വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് കോമൺ സഭയിലെ അംഗങ്ങളോട് പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവത്തിന് ഊന്നൽ നൽകിക്കൊണ്ട്, അയാൾ ഇപ്രകാരം പ്രഖ്യാപിച്ചു: “എന്തുവന്നാലും ശരി വിജയം, ഭീഷണികളെല്ലാം ഉണ്ടെങ്കിലും വിജയം, വഴി എത്ര ദീർഘവും കഠോരവും ആണെങ്കിലും വിജയം; എന്തുകൊണ്ടെന്നാൽ വിജയം കൂടാതെ അതിജീവനമില്ല.”
ഉവ്വ്, ആ ദിവസം, 1940 മെയ് 13-ന് ബ്രിട്ടീഷുകാർക്ക് ഭയവിഹ്വലരായിരിക്കാനുള്ള എല്ലാ കാരണങ്ങളുമുണ്ടായിരുന്നു. അടുത്ത ആറുമാസങ്ങളിൽ, ജർമ്മൻ ലുഫ്റ്റ്വാഫെ, ഒരു ജയിച്ചടക്കലിനുള്ള ഒരുക്കത്തിൽ, സൈനികവും അസൈനികവുമായ ലക്ഷ്യങ്ങളിൽ ടൺ കണക്കിനു ബോംബുകൾ വർഷിക്കുന്നതിനുവേണ്ടി അതിന്റെ നൂറുകണക്കിനു വിമാനങ്ങൾ അയയ്ക്കുമായിരുന്നു. ഇതു പിന്നീട് ബ്രിട്ടീഷ് യുദ്ധം എന്നറിയപ്പെട്ടു, ഇത് ബ്രിട്ടന്റെ വ്യോമ ശക്തിയെ തകർക്കുന്നതിനും അവിടുത്തെ ജനങ്ങളുടെ ധൈര്യം കെടുത്തുന്നതിനും രൂപകൽപ്പന ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ലുഫ്റ്റ്വാഫെ യുടെ പോരാട്ടം മോശമായിരുന്നു. ഹിറ്റ്ലർ കുഴങ്ങുകയും ഒക്ടോബറിൽ—കുറഞ്ഞപക്ഷം തൽക്കാലത്തേക്ക്—ജയിച്ചടക്കൽ പരിപാടി റദ്ദാക്കുകയും ചെയ്തു.
ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം?
അമേരിക്കയുടെ ഔദ്യോഗിക നിഷ്പക്ഷതാ നയത്തെ മാറ്റിക്കൊണ്ട് ഐക്യനാടുകളിൽ ബ്രിട്ടീഷുകാരോടുള്ള അനുകമ്പ വളർന്നുകൊണ്ടിരുന്നു. പ്രസിഡൻറ് റൂസ്വെൽറ്റ് തന്റെ ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് 1940-ൽ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ ബ്രിട്ടീഷുകാർക്ക് വമ്പിച്ച ഭൗതിക സഹായം നൽകി, ഭാവിയിൽ ഞങ്ങൾ ഇനിയും വളരെയധികം നൽകും.”
അയാൾ 1941 ജനുവരി 6-ാം തീയതി ഒരു പടികൂടി മുൻപോട്ടുപോയി. കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് നാലു സ്വാതന്ത്ര്യങ്ങൾ എന്ന് അയാൾ വിളിച്ചതിനെക്കുറിച്ച് പറഞ്ഞു. അവയിൽ ഒന്നു നേടുന്നതിനുവേണ്ടി—ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം—“ലോകത്ത് ഒരിടത്തും യാതൊരു അയൽക്കാരനും എതിരെ ഭൗതിക പോരാട്ടം നടത്തുന്ന ഒരു സ്ഥാനത്ത് ഒരു രാഷ്ട്രവും ആയിരിക്കാത്ത ഒരു നിലയിലും ഒരു പൂർണ്ണമായ വിധത്തിലും യുദ്ധായുധങ്ങളുടെ വെട്ടിച്ചുരുക്കൽ” ഒരു ആഗോളാടിസ്ഥാനത്തിൽ ഉണ്ടാകുന്നതിന് അയാൾ നിർദ്ദേശിച്ചു. ഇത്, യഥാർത്ഥത്തിൽ അച്ചുതണ്ടു ശക്തികളുടെ നയങ്ങൾക്കും ലാക്കുകൾക്കുമെതിരെയുള്ള ഒരു പരോക്തമായ യുദ്ധപ്രഖ്യാപനമായിരുന്നു.
രണ്ടു മാസത്തിനുശേഷം യു. എസ്സ്. കോൺഗ്രസ്സ് ലെൻഡ്-ലീസ് എന്നറിയപ്പെട്ട ഒരു പരിപാടിക്ക് അംഗീകാരം നൽകി. ഇത് യു. എസ്സ്. താല്പര്യങ്ങൾക്ക്a അത്യന്താപേക്ഷിതമെന്ന് പ്രസിഡണ്ടിന് തോന്നുന്ന ഏതു രാഷ്ട്രത്തിന്റെയും പ്രതിരോധത്തിനുവേണ്ടി ടാങ്കുകളും വിമാനങ്ങളും പോലുള്ള യുദ്ധോപകരണങ്ങളും ഭക്ഷണവും സേവനവും പ്രദാനം ചെയ്യുന്നതിന് അയാൾക്ക് അനുവാദം നൽകി. ആഭ്യന്തര എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ഐക്യനാടുകൾ അധികമധികം യൂറോപ്പിന്റെ യുദ്ധത്തിൽ ഉൾപ്പെടുന്നത് പ്രകടമായിരുന്നു.
ഇതിനിടയിൽ ജപ്പാൻ അതിന്റെ യൂറോപ്യൻ സഖ്യരാജ്യങ്ങളുടെ വിജയത്താൽ പ്രോത്സാഹിതമായി ബ്രിട്ടീഷുകാരുടെയോ ഡച്ചുകാരുടെയോ ഇടപെടലിനെക്കുറിച്ച് അമിതമായ ഭയം കൂടാതെ തെക്കുകിഴക്കെ ഏഷ്യയിലേക്കും ഇപ്പോൾ നീങ്ങാമെന്നു വിചാരിച്ചു. 1940 സെപ്റ്റംബറിൽ അത് ഇൻഡോനേഷ്യ പിടിച്ചപ്പോൾ വാഷിംഗ്ടൺ രൂക്ഷമായി പ്രതിഷേധിച്ചു. ജപ്പാൻ ആ രാജ്യത്തിന്റെ തെക്കോട്ട് നീങ്ങിയപ്പോൾ നടപടി എടുക്കുകയും ചെയ്തു. ഐക്യനാടുകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ജപ്പാന്റെ സ്വത്തുക്കൾ മരവിപ്പിക്കയും ജപ്പാനിലേക്കുള്ള എണ്ണ വിതരണം നിരോധിക്കുകയും ചെയ്തു. തങ്ങളുടെ മർമ്മപ്രധാനമായ താല്പര്യങ്ങൾക്ക് ഭീഷണി നേരിട്ടപ്പോൾ, ജപ്പാൻകാർ ഐക്യനാടുകളുടെ കൂടുതലായ ഏതു ഇടപെടലിന്റെയും അപകടത്തെ ഇല്ലായ്മ ചെയ്യാൻ നിർബന്ധിതരായിത്തീർന്നതായി വിചാരിച്ചു.
ജപ്പാന്റേതിനെക്കാൾ ഏകദേശം 30 ശതമാനം ശക്തി കൂടുതലുണ്ടായിരുന്ന യു. എസ്. നാവിക സേനയുടെമേൽ ഒരു നിർണ്ണായക വിജയം കൈവരിച്ചുകൊണ്ട് അതിന്റെ തിരിച്ചടിക്കുന്നതിനുള്ള ശേഷിയെ സാരമായി കുറയ്ക്കാൻ കഴിയുമായിരുന്നു എന്ന് പട്ടാള നേതാക്കൻമാർ വാദിച്ചു. പിന്നീട് അമേരിക്കൻ, ബ്രിട്ടീഷ്, ഡച്ച് പ്രദേശങ്ങൾ പിടിച്ചെടുത്തുകൊണ്ട് ജപ്പാന്, അത് പ്രത്യാക്രമണം നടത്തപ്പെടുമ്പോൾ സ്വയം പ്രതിരോധിക്കുന്നതിന് കരപ്രദേശം ഉണ്ടായിരിക്കുമായിരുന്നു. വായ്മോമിയിൽ അത് ആരംഭിക്കണമെന്ന് തീരുമാനിച്ചിരുന്നു.
ഇതിന്റെ അർത്ഥം “മുത്തു വെള്ളങ്ങൾ” എന്നാണ്, പേൾ നദീമുഖത്ത് വളർന്നിരുന്ന മുത്തുച്ചിപ്പികൾ നിമിത്തം ഹാവായ്ക്കാർ ഒരിക്കൽ അതിനെ വിളിച്ചിരുന്നതങ്ങനെയാണ്. ഇത് ഹോണോലുലു എന്ന താഴ്ന്ന പട്ടണത്തിന് ഏതാനും മൈൽ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. എന്നാൽ, 1941 ഡിസംബർ 7-ാം തീയതി ഞായറാഴ്ച രാവിലെ വായ്മോമിയിലെ വെള്ളം മുത്തുകളെക്കൊണ്ടല്ല പിന്നെയോ തകർന്ന കപ്പലുകളുടെ മുങ്ങിപ്പോയ നഷ്ടാവശിഷ്ടങ്ങളെക്കൊണ്ടും അവയിലെ യാത്രക്കാരുടെ അംഗച്ഛേദം ചെയ്യപ്പെട്ട ശരീരങ്ങളെക്കൊണ്ടും നിറഞ്ഞിരുന്നു. അവിടെ സ്ഥിതിചെയ്തിരുന്ന മുഖ്യ യു. എസ്സ് നേവൽ ബേസിനെ ആക്രമിച്ചുകൊണ്ട് ജപ്പാനീസ് യുദ്ധവിമാനങ്ങൾ ഗുരുതരമായ നഷ്ടം ഏല്പിച്ചു.
പേൾ ഹാർബർ ആക്രമണം പ്രായോഗികമായി പസഫിക്കിലെ അമേരിക്കൻ നാവിക സൈന്യത്തെ, വിമാന വാഹിനികൾ ഒഴികെ, നിർവീര്യമാക്കി. മണിക്കൂറുകൾക്കകം മറ്റു യു. എസ്സ്. എയർ ബേയ്സുകളും ബോംബു ചെയ്യപ്പെട്ടു, ഇത് യു. എസ്സ്-ന്റെ വിദൂര പൗരസ്ത്യ സൈനീക വിമാനങ്ങളിൽ 50 ശതമാനത്തെ ആകെ കുഴപ്പത്തിലാക്കി. മൂന്നു ദിവസങ്ങൾക്കുശേഷം ജപ്പാൻ ഫിലിപ്പൈൻസ് ആക്രമിച്ചു, ഒരു മാസത്തിനകം മാനിലാ പിടിച്ചടക്കി, മെയ് മദ്ധ്യത്തോടെ മുഴു ഫിലിപ്പൈൻ ദ്വീപുകളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അതിവേഗം ഒന്നിനുപിറകെ ഒന്നായി ഹോങ്കോംഗ്, ബർമ്മ, ജാവാ, സിംഗപ്പൂർ, തായ്ലൻഡ്, ഇൻഡോ ചൈന, ബ്രിട്ടീഷ് മലയാ, സുമാട്രാ, ബോർണിയോ, ന്യൂഗിനിയായുടെ ഭാഗങ്ങൾ, നെതർലാൻഡ്സ് ഈസ്റ്റ് ഇൻഡീസ്, ദശക്കണക്കിനു പസഫിക്ക് ദ്വീപുകൾ എന്നിവ ജപ്പാന്റെ കൈകളിൽ വീണു. ഏഷ്യൻ മിന്നലാക്രമണം അതിന്റെ യൂറോപ്യൻ ഘടകത്തിനു പിമ്പിലെ ഒരു കണികയായിരുന്നില്ല.
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിരണ്ടിന്റെ അവസാനത്തോടെ ലോകാവസ്ഥകൾ ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറയാൻ പറ്റിയതായിരുന്നില്ല. യേശുവിന്റെ പ്രാവചനിക വാക്കുകൾ കൂടുതൽ കൃത്യമായിരുന്നു: “ഭൂമിയിൽ രാഷ്ട്രങ്ങളുടെ അതിവേദന, . . . മനുഷ്യൻ ഭയത്താലും നിവസിതഭൂമിയിൽ വരാനിരിക്കുന്ന കാര്യങ്ങളുടെ പ്രതീക്ഷയാലും ബോധരഹിതരായിത്തീരും.”—ലൂക്കോസ് 21:25, 26.
ജർമ്മൻ മിന്നൽ ദുർബ്ബലമായിത്തീരുന്നു
ഇതിനിടയിൽ ജർമ്മനിയും ഇറ്റലിയും ബാൾക്കൻസിന്റെമേൽ തങ്ങളുടെ നിയന്ത്രണം വികസിപ്പിച്ചുകൊണ്ടിരുന്നു. ഹിറ്റ്ലർ 1941 ഏപ്രിൽ 6-ാം തീയതി തന്റെ സൈന്യത്തെ യുഗോസ്ലാവിയായിലേക്കും ഗ്രീസിലേക്കും മുട്ടുമടക്കാതെ മാർച്ച് ചെയ്യിച്ചു. രണ്ടാഴ്ചകൾക്കകം യുഗോസ്ലാവിയാ വീണു, തുടർന്ന് മെയ് മദ്ധ്യത്തിനു മുമ്പ് ഗ്രീസും വീണു.
ഹിറ്റ്ലറുടെ അടുത്ത നീക്കം അനേകം മോഹങ്ങളാൽ പ്രേരിതമായിരുന്നു. സാദ്ധ്യതയനുസരിച്ച് ഇംഗ്ലണ്ട് സമാധാനത്തിനുവേണ്ടി അപേക്ഷിക്കാൻ അതിനെ പ്രേരിപ്പിക്കണമെന്ന് അയാൾ അപ്പോഴും ഉദ്ദേശിച്ചിരുന്നു. ചൈനയിൽ സോവിയറ്റുകളോടു പോരാടിക്കൊണ്ടിരുന്ന ജപ്പാൻകാരുടെമേൽ സമ്മർദ്ദം ചെലുത്തണമെന്നും അപ്രകാരം അവർ തിരിച്ച് അമേരിക്കക്കാരോട് ചെറുത്തു നിൽക്കണമെന്നും അയാൾ കാംക്ഷിച്ചു. അതുകൊണ്ട് ഹിറ്റ്ലർ തന്റെ സൈന്യവ്യൂഹത്തെ സോവ്യറ്റ് യൂണിയനെതിരായി തള്ളിക്കയറുന്നതിന് തയ്യാറാക്കി, അയാളുടെ പോളീസ് സമരഘട്ടത്തിലെ സഖ്യത്തെ.
മുൻ വിജയങ്ങളാൽ പ്രേരിതരായ ഹിറ്റ്ലറുടെ ജനറൽമാർ, തങ്ങൾ ജൂണിൽ ആക്രമണം നടത്തുകയാണെങ്കിൽ ശീതകാലത്തിനു മുമ്പ് യൂറോപ്യൻ റഷ്യയും യുക്രേയ്നും തങ്ങളുടേതായിത്തീരുമെന്നു വിചാരിച്ചു. അതുകൊണ്ട് 1941 ജൂൺ 22-ന് അവർ അടിച്ചു. അവർ വിജയത്തിൽനിന്നു വിജയത്തിലേക്ക് മിന്നൽവേഗത്തിൽ നീങ്ങി. രണ്ടു സന്ദർഭങ്ങളിൽ അവർ വലിയ കൂട്ടം സോവ്യറ്റ് സൈന്യങ്ങളെ വളയുകയും ഓരോ തവണയും അക്ഷുലക്ഷത്തിൽപരം പേരെ വീതം തടവുകാരായി പിടിക്കയും ചെയ്തു. ലെനിൻ ഗ്രാഡ് വീഴുന്നതിനു തയ്യാറായി തോന്നി, ഡിസംബർ ആദ്യത്തോടെ ജർമ്മൻ പടയാളികൾ മോസ്കോയുടെ പുറംചട്ടയിലേക്ക് തള്ളിക്കയറുകയും ചെയ്തു.
എന്നിരുന്നാലും, ശീതകാലം സമീപിക്കുകയും ഒരു പ്രാവശ്യത്തേക്ക് ഹിറ്റ്ലറുടെ സൈന്യം പട്ടികയ്ക്ക് പിമ്പിലായിരിക്കയും ചെയ്തു. ലെനിൻഗ്രാഡും മോസ്കോയും ബലമായി പിടിച്ചു നിന്നു. ഇപ്പോൾ സോവ്യറ്റ് സൈന്യം തങ്ങളുടെ പ്രാരംഭ ഞെട്ടലിൽ നിന്ന് എഴുന്നേൽക്കുകയും തങ്ങളുടെ ജർമ്മൻ എതിരാളികളേക്കാൾ മെച്ചമായി ശീതകാല യുദ്ധത്തിനുവേണ്ടി ഒരുങ്ങുകയും ചെയ്തുകൊണ്ട് ജർമ്മൻ നരബലിക്ക് ഒരു വിരാമമിട്ടു. യഥാർത്ഥത്തിൽ, അവർ തിരിഞ്ഞോട്ടം നടത്തുന്നതിനുപോലും നിർബന്ധിതരായിത്തീർന്നു.
അടുത്ത ഗ്രീഷ്മ കാലത്ത് ജർമ്മൻകാർ വീണ്ടും വളഞ്ഞു. എന്നിരുന്നാലും സ്റ്റാലിൻഗ്രാഡിനു (ഇപ്പോൾ വോൾഗോഗ്രാഡ്) നേരെയുള്ള അവരുടെ മുഴുശക്തിയോടെയുള്ള ആക്രമണം തങ്ങളുടെ തകർച്ചയിലേക്കു നയിച്ചു. 1943-ന്റെ ആരംഭത്തിൽ നഗരത്തെ പിടിക്കുന്നതിനു നിലയുറപ്പിച്ചിരുന്ന ദശസഹസ്രക്കണക്കിനു സൈനികരെ സോവ്യറ്റുകൾ വളയുകയും കീഴടങ്ങാൻ നിർബ്ബന്ധിതരാക്കുകയും ചെയ്തു. സാൻഡ്ഹഴ്സ്റ്റിലെ റോയൽ മിലിററ്റി അക്കാഡമിയിലെ സീനിയർ ലക്ചറായ ജോൺ പിംലോട്ട് ഇപ്രകാരം പറയുന്നു: “അത് ജർമ്മൻകാരുടെ ആത്മവീര്യത്തിന് ഒരു ഞെട്ടിപ്പിക്കുന്ന ഊറ്റമായ പ്രഹരവും പൂർവ്വമുഖത്തെ യുദ്ധത്തിന്റെ നിർണ്ണായക ഘട്ടവുമായിരുന്നു. സ്റ്റാലിൻഗ്രാഡിനു മുമ്പ് റഷ്യാക്കാർക്ക് നിരുപാധികമായ വിജയങ്ങൾ ലഭിച്ചിരുന്നില്ല; അതിനുശേഷം അവർക്ക് ചുരുക്കം തോല്വികൾ അനുഭവിക്കേണ്ടിവന്നു.”
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിമൂന്നിന്റെ അവസാനത്തോടെ അതിനു മുമ്പിലത്തെ രണ്ടു വർഷങ്ങളിൽ ജർമ്മൻകാർ പിടിച്ചടക്കിയിരുന്ന വിപുലമായ പ്രദേശത്തിന്റെ മൂന്നിൽ രണ്ടു ഭാഗത്തോളം വീണ്ടെടുത്തു. ജർമ്മൻ മിന്നൽ അലസിപ്പോയിരുന്നു.
“മോണ്ടി” “മരുകുറുക്കനെ” വേട്ടയാടുന്നു
ആയിരത്തിത്തൊള്ളായിരത്തി പന്ത്രണ്ടിൽ സിറെനേഷ്യയും ട്രിപ്പോളിറ്റാനിയായും (ഇപ്പോൾ വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയാ) ഇറ്റലിക്കു വിട്ടുകൊടുത്തു. 1940-ന്റെ ഒടുവിൽ അവിടെ നിന്നിരുന്ന ഉദ്ദേശം 3,00,000 ഇറ്റാലിയൻ പടയാളികൾ, യുദ്ധതന്ത്രപ്രധാനമായ സൂയസ് കനാലിനെ സമീപിക്കുന്നതിനെ തടയുന്നതിനു ഈജിപ്റ്റിൽ ഉണ്ടായിരുന്ന വളരെ കുറഞ്ഞ ബ്രിട്ടീഷ് കാവൽ സേനയ്ക്കു ഒരു ഗുരുതരമായ ഭീഷണിയായിരുന്നു. ഈ അപകടത്തെ തരണം ചെയ്യുന്നതിന് ബ്രിട്ടീഷുകാർ ആദ്യം അടിക്കുന്നതിനു തീരുമാനിച്ചു. അവർ നിർണ്ണായക സഖ്യ വിജയങ്ങളിൽ ഒന്നു നേടുകയും ശതസഹസ്രക്കണക്കിന് തടവുകാരെ പിടിക്കുകയും ഇറ്റലിക്കാർ പൂർണ്ണമായി പിൻതിരിഞ്ഞ് ഓടാൻ ഇടയാക്കുകയും ചെയ്തു. കൃത്യം ആ സമയത്ത്, ഗ്രീസ് അതിന്റെ മേലുള്ള അച്ചുതണ്ടു ശക്തികളുടെ പടയേറ്റത്തിനെതിരെയുള്ള വിജയപ്രദമല്ലാത്ത സമരത്തെ സഹായിക്കുന്നതിനുള്ള ബ്രിട്ടന്റെ വാഗ്ദാനം സ്വീകരിച്ചില്ലായിരുന്നെങ്കിൽ വിജയം അതിലും വലുതായിരിക്കുമായിരുന്നു. തൽക്കാലത്തേക്ക് വടക്കെ ആഫ്രിക്കൻ സമരം നിർത്തിവെച്ചു. ഇത് അച്ചുതണ്ടു ശക്തികൾക്ക് പുനഃസംഘടിക്കാൻ സമയം അനുവദിച്ചു.
ജർമ്മൻ സൈന്യം ഇർവിൻ റോമ്മലിന്റെ, മരുക്കുറുക്കനെന്നു പിന്നീട് അറിയപ്പെട്ടയാൾ, നേതൃത്വത്തിൻ കീഴിൽ യുദ്ധത്തിന്റെ തിരമാല തിരിച്ചുവിടുന്നതിലും സാരവത്തായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിലും വിജയിച്ചു. അയാളുടെ സൈന്യ വ്യൂഹം അലക്സാൻഡ്രിയായുടെ 60 മൈൽ (100 കി. മീ.) ഉള്ളിൽ അലാമിനിലേക്ക് 1942 ജൂലൈ ആരംഭത്തിൽ കയറിയപ്പോൾ അയാളുടെ ഏറ്റവും വലിയ വിജയം കൈവന്നു. ആഫ്രിക്കൻ മിന്നലാക്രമണം ഇപ്പോൾ ഈജിപ്റ്റ് പിടിച്ചടക്കുന്നതിനും സൂയസ് കനാലിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനുംവേണ്ടി നിലയുറപ്പിച്ചു. എന്നാൽ ഒക്ടോബർ 23-ാം തീയതി ജനറൽ സർ ബർനാഡ് ലോ മോൺഗോമറിയുടെ നേതൃത്വത്തിൻ കീഴിൽ ബ്രിട്ടീഷ് സൈന്യം ഒരു കാലാൾപ്പടയുടെ ആക്രമണം തൊടുത്തുവിട്ടശേഷം റോമ്മൽ ഒരു സാവകാശമായ പിൻമാറ്റത്തിനും പെട്ടെന്ന് തീരെ തോറ്റുകൊണ്ടുള്ള പരക്കംപാച്ചിലിനും നിർബ്ബന്ധിതനായിത്തീർന്നു. പിന്നീട്, 1942-ൽ സഖ്യകക്ഷികൾ മൊറോക്കൊയിലും അൾജീറിയായിലും വിജയകരമായി ഇറങ്ങി. അടുത്ത മെയിൽ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും മുന്നേറിയ ശത്രു സൈന്യങ്ങൾക്കു മദ്ധ്യത്തിൽ പിടിക്കപ്പെട്ട അച്ചുതണ്ടു സൈന്യങ്ങളുടെ, വടക്കെ ആഫ്രിക്കയെ നിയന്ത്രിക്കുന്നതിനുള്ള ഉദ്യമം പരാജയപ്പെട്ടു.
ദക്ഷിണ പസഫിക്കിനു കുറുകെയുള്ള കുതിച്ചുചാട്ടം
ജപ്പാന് 1942 വസന്തത്തിൽ അതിന്റെ അത്യുച്ചത്തിൽ വളർച്ച പ്രാപിച്ച ഒരു സാമ്രാജ്യമെന്ന് വീമ്പിളക്കാൻ കഴിയുമായിരുന്നു. എന്നാൽ സഖ്യ കക്ഷികളുടെ ആസൂത്രണം ജപ്പാൻകാരിൽ നിന്ന് ഈ പ്രദേശം വീണ്ടെടുക്കുക, അന്തിമമായി ജപ്പാന്റെ മുഖ്യപ്രദേശത്തു എത്തിച്ചേരുന്നതുവരെ പസഫിക്കിനുകുറുകെ ദ്വീപുകളിൽനിന്നു ദ്വീപുകളിലേക്ക് അതിന്റെ സൈന്യങ്ങളെ കുതിച്ചു ചാടിക്കുക എന്നതായിരുന്നു. ഒരു സുദീർഘമായ ഉഗ്ര നാവിക പോരാട്ടങ്ങളുടെ പരമ്പര പിൻതുടർന്നു. സയ്പാൻ, ഗൗഡൽകനാൽ, ഐവോജിമാ, ഒക്കിനാവാ മുതലായ അറിയപ്പെടാത്ത പസഫിക്ക് ദ്വീപുകൾ, രണ്ടു ഭാഗത്തിനും ഗംഭീര ചെലവു വരുത്തിക്കൊണ്ട് ആക്രമിക്കപ്പെട്ടു. ദ്വീപ പരദീസകളെക്കുറിച്ചുള്ള ബാല്യകാല സങ്കല്പങ്ങൾ, രക്തപങ്കിലമായ തീരങ്ങളിലെ വികലമാക്കപ്പെട്ട ശവശരീരങ്ങളുടെ രൗദ്രമായ യാഥാർത്ഥ്യത്തിനും ദുഃസ്വപ്നത്തിനും വഴിമാറിക്കൊടുത്തു. പരാജയം കൈപ്പുള്ളതായിരുന്നു, എന്നാൽ വിജയംപോലും ഭയത്താൽ, വരാനിരുന്നതിനെക്കുറിച്ചുള്ള ഭയത്താൽ ബാധിക്കപ്പെട്ടിരുന്നു.
ഭാവിക്കുവേണ്ടിയുള്ള ആസൂത്രണങ്ങൾ
യുദ്ധത്തിനിടയിൽപോലും സമാധാനത്തിനുവേണ്ടി ആസൂത്രണങ്ങൾ ചെയ്യപ്പെട്ടിരുന്നു. ദൃഷ്ടാന്തത്തിന് 1942-ന്റെ മദ്ധ്യത്തോടെ 30-ൽ അധികം (യു. എസ്.) ഗവൺമെൻറ് ഏജൻസികൾ യുദ്ധാനന്തര ആസൂത്രണങ്ങളിൽ എർപ്പെട്ടിരുന്നതായി പറയപ്പെട്ടു—പൂർണ്ണമായും ഭയമോ ആശങ്കയോ ഇല്ലാതെ ആയിരുന്നില്ല. ചർച്ചിൽ വളരെ സന്ദർഭോചിതമായി അഭിപ്രായപ്പെട്ടതുപോലെ: “വിജയത്തിന്റെ പ്രശ്നങ്ങൾ പരാജയത്തിന്റേതിനെക്കാൾ അധികം യോജിക്കാവുന്നതാണ്, എന്നാൽ അവ പ്രയാസം കുറഞ്ഞവയല്ല.”
വിജയത്തിന്റെ പ്രശ്നങ്ങളിൽഏറ്റവുംപ്രയാസമുണ്ടായിരുന്നത് മൃതമായിത്തീർന്നിരുന്ന സർവ്വരാജ്യ സഖ്യത്തിന് ഒരു പകരം സംവിധാനം കണ്ടുപിടിക്കുക എന്നതായിരുന്നു എന്നതിനു സംശയമില്ലായിരുന്നു. ചിലയാളുകൾ സംശയാലുക്കളായിരുന്നിരിക്കാമെങ്കിലും അത്തരം ഒരു പകരം ഏർപ്പാട് കണ്ടുപിടിക്കുമെന്ന് യഹോവയുടെ സാക്ഷികൾക്ക് നിശ്ചയമുണ്ടായിരുന്നു. 1942-ൽ ഒഹായോയിലെ ക്ലീവ്ലാൻഡിൽ നടത്തപ്പെട്ട അവരുടെ കൺവെൻഷനിലെ ഒരു പ്രസംഗത്തിൽ പ്രസംഗകൻ ഇപ്രകാരം പറഞ്ഞു: “അർമ്മഗെദ്ദോൻ വരുന്നതിനുമുമ്പ്, ഒരു സമാധാനം വരുമെന്ന് തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്നു. . . . ജനാധിപത്യ മനസ്ഥിതിക്കാർ ഐക്യരാഷ്ട്രങ്ങളുടെ ഒരു ലോകം ‘രാഷ്ട്രങ്ങളുടെ ഒരു കുടുംബം,’ ഐക്യരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ‘ലോക സംഘടന’ക്കുവേണ്ടി പ്രത്യാശിച്ചു.” വെളിപ്പാട് 17:8-ലെ പ്രവചനം പരാമർശിച്ചുകൊണ്ട് അയാൾ ഇപ്രകാരം അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു: “ലോകരാഷ്ട്രങ്ങളുടെ സംഘടന വീണ്ടും രൂപം പ്രാപിക്കും.”
എന്നാൽ അത് നിലനിൽക്കുന്ന സമാധാനം കൈവരുത്തുമോ? “ദൈവത്തിന്റെ സുനിശ്ചിതമായ ഉത്തരം, ഇല്ല എന്നാണ്!” പ്രസംഗകൻ മറുപടി പറഞ്ഞു. എന്നിരുന്നാലും, അത് താല്ക്കാലിക പ്രകൃതിയുള്ളതാണെങ്കിലും, സമാധാനത്തിന്റെ വരും കാലം ഏറ്റവും സ്വാഗതാർഹമായിരിക്കും. ഭാവിയെ സംബന്ധിച്ചു ഭയമില്ലാതെ, യഹോവയുടെ സാക്ഷികൾ യുദ്ധം അവസാനിക്കുമ്പോൾ തങ്ങളുടെ പ്രസംഗവേല വികസിപ്പിക്കുന്നതിനുള്ള ആസൂത്രണങ്ങൾ ചെയ്തു തുടങ്ങി. 1942-ൽ മറ്റുരാജ്യങ്ങളിൽ സേവിക്കുന്നതിന് ക്രിസ്തീയ ശുശ്രൂഷകരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു മിഷനറി സ്കൂൾ സ്ഥാപിച്ചു. അടുത്ത വർഷം, ഒരു വിപുലമായ പരസ്യപ്രസംഗ പരമ്പര സാദ്ധ്യമാക്കിത്തീർക്കുന്നതിന് പരസ്യപ്രസംഗകരെ പരിശീലിപ്പിക്കുന്നതിനുള്ള പരിപാടിക്കു തുടക്കമിട്ടു.
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിമൂന്ന് അവസാനിച്ചപ്പോഴും രാഷ്ട്രങ്ങൾ അതിവേദനയിലും ഭയത്താൽ നയിക്കപ്പെട്ടും സ്ഥിതിചെയ്തിരുന്നു. സംഘട്ടനത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള ആളുകൾ, യുദ്ധത്താൽ ക്ഷീണിതരായി, യുദ്ധാനന്തര ലോകം പ്രദാനം ചെയ്യുന്ന വാഗ്ദത്തം ചെയ്യപ്പെട്ട ആശ്വാസത്തിനായി നോക്കാൻ തുടങ്ങിയിരുന്നു. ഇത് റൂസ്വെൽറ്റ് പറഞ്ഞ, “ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം” കൈവരുത്തുമോ? നേരെമറിച്ച്, ആഗോള ഭയം പെട്ടെന്ന് പുതിയ തലങ്ങളിലേക്ക് ഉയരുകയായിരുന്നു! തികച്ചും വിപരീതാർത്ഥം പ്രയോഗമായി, മുഖ്യ കുറ്റവാളി, ചിലരാൽ ദൈവാനുഗ്രഹമെന്നു പുകഴ്ത്തപ്പെട്ട, അന്തിമമായി യുദ്ധത്തിന്റെ കഠോരയാതനകളുടെ ആണ്ടുകൾക്ക് വിരാമമിട്ട അതേ ഉപകരണമായിരുന്നു. “രണ്ടാം ലോകമഹായുദ്ധം—അതിന്റെ ഘോരവും പൊള്ളുന്നതുമായ അവസാനം” എന്ന ലേഖനം ഞങ്ങളുടെ അടുത്ത ലക്കത്തിൽ വായിക്കുക. (g87 4/22)
[അടിക്കുറിപ്പുകൾ]
a മുഖ്യമായും ഗ്രേറ്റ് ബ്രിട്ടനും കോമൺവെൽത്തു രാഷ്ട്രങ്ങളുമാണ് അർത്ഥമാക്കിയിരുന്നത് എങ്കിലും ആ വർഷം ഏപ്രിലിൽ ചൈനയ്ക്കും സെപ്റ്റംബറിൽ സോവ്യറ്റുകൾക്കും സഹായം നീട്ടപ്പെട്ടു. യുദ്ധാവസാനമായപ്പോഴേക്ക് 38 വ്യത്യസ്ത രാഷ്ട്രങ്ങൾക്ക് സഹായമായി ഉദ്ദേശം 5,000 കോടി ഡോളർ നൽകിയിരുന്നു.
[21-ാം പേജിലെ ചതുരം]
വാർത്ത ഉളവാക്കിയ മറ്റ് ഇനങ്ങൾ
1941—ജർമ്മൻ കത്തോലിക്കാ ബിഷപ്പൻമാരുടെ ചർച്ചായോഗം സോവ്യറ്റ് യൂണിയനെതിരെയുള്ള യുദ്ധത്തിന് അതിന്റെ പിന്താങ്ങൽ പ്രഖ്യാപിക്കുന്നു
ആഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ ആദ്യത്തെ കൂട്ട വിഷവാതക പ്രയോഗം
1942—ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ഇൻഡ്യയിലെ ബോംബെയിൽ 40,000 പേരുടെ മരണത്തിനിടയാക്കുന്നു
ചിക്കാഗൊ യൂണിവേഴ്സിറ്റിയിൽ ആദ്യത്തെ ആണവ പ്രതിപ്രവർത്തന ശൃംഖല ഉല്പാദിപ്പിച്ചു
വാൻസി ചർച്ചായോഗം യഹൂദ പ്രശ്നത്തിനുള്ള “അന്തിമ നാസി പരിഹാരം” കൊന്നൊടുക്കൽ ആണെന്നു അംഗീകരിച്ചു
1943—ടർക്കിയിലെ ഭൂകമ്പം 1,800 പേരുടെ മരണത്തിനിടയാക്കി
ബംഗാളിൽ പത്തുലക്ഷത്തിലധികംപേർ പട്ടിണിയാൽ മരിച്ചു
യു. എസ്. സുപ്രീംകോടതി 1940-ലെ തീരുമാനം മാറ്റിക്കൊണ്ട് പബ്ലിക്ക് സ്കൂളുകളിൽ നിർബ്ബന്ധിത പതാകാവന്ദനം ഭരണഘടനാനുസരണമല്ലെന്ന് വിധിച്ചു
പ്രമുഖ യു. എസ്. നഗരങ്ങളിൽ വർഗ്ഗീയ കലാപം; ഡെട്രോയ്റ്റിൽ 25 പേർ മരിക്കയും 1,000 പേർക്ക് പരിക്കേല്ക്കയും ചെയ്തു
[20-ാം പേജിലെ ഭൂപടം/രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
1942-ാടെ ജപ്പാൻ പിടിച്ചടക്കിയ സ്ഥലങ്ങളുടെ വ്യാപ്തി
ചൈന
മഞ്ചൂറിയ
കൊറിയ
ജപ്പാൻ
ബർമ്മ
തായ്ലണ്ട്
ഫോർമോസാ
ഫ്രഞ്ച്
ഇൻഡോ ചൈന
ഫിലിപ്പൈൻസ്
മലയ
സുമാട്രാ
ബോർണിയൊ
ജാവാ
നെതർലാൻഡ്സ്
ന്യൂഗിനിയാ
ആസ്ട്രേലിയാ
ആറ്റു
അഗാറ്റു
കിസ്കാ
വെയ്ക്ക്
മാർഷൽ
ഐലണ്ട്സ്
ഗിൽബർട്ട്
ഐലണ്ട്സ്
വടക്കു കിഴക്കെ
ന്യൂഗിനിയ
പസഫിക്ക് മഹാ സമുദ്രം
[19-ാം പേജിലെ ചിത്രങ്ങൾ]
രാഷ്ട്രങ്ങൾ യുദ്ധത്തിന്റെ കഠോരവേദനയിൽ
[കടപ്പാട്]
U.S. Army photos