ചെറുപ്പക്കാർ ചോദിക്കുന്നു . . .
നുണപറയുന്നത് അത്രകണ്ട് മോശമാണോ?
സകലരും ഇഷ്ടപ്പെട്ടിരുന്ന തങ്ങളുടെ അലങ്കാര വസ്തു പൊട്ടിച്ചത് താനാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കുമ്പോൾ അവർ ദേഷ്യപ്പെടുമെന്ന് മിഷൽ മനസ്സിലാക്കിയിരുന്നു. എന്നാൽ അതിനുള്ള ശിക്ഷയോ കടുത്ത ശാസനയോ സ്വീകരിക്കാനുള്ള മനസ്സ് അവൾക്കുണ്ടായിരുന്നില്ല. അതുകൊണ്ട് മാതാപിതാക്കളുടെ ദേഷ്യം ഒഴിവാക്കുന്നതിനുവേണ്ടി അവൾ നിസ്സാരമായ ഒരു മാർഗ്ഗം കണ്ടെത്തി: അത് പൊട്ടിച്ചത് അവളുടെ ഇളയ സഹോദരനാണെന്ന് അവൾ ആരോപിച്ചു.
ചില പ്രത്യേക സാഹചര്യങ്ങളിൽ നുണ പറയുന്നത് തെറ്റല്ലെന്ന് പല ചെറുപ്പക്കാരും വിചാരിക്കുന്നു. നിരപരാധികളെ സംരക്ഷിക്കുന്നതിനോ ആരുടെയെങ്കിലും ജീവൻ രക്ഷിക്കുന്നതിനോ ചില ശിക്ഷകൾ ഒഴിവാക്കുന്നതിനോ വേണ്ടി തങ്ങൾ കള്ളം പറയുമെന്ന് ചിലർ പറയുന്നു. എന്നാൽ അത്തരം സാഹചര്യങ്ങൾ സത്യസന്ധമായ ജീവിതത്തിൽ തുലോം വിരളമാണ്. മിഷലിന്റെതുപോലുള്ള കാരണം നിമിത്തം ചെറുപ്പക്കാർ പലപ്പോഴും നുണ പറയുന്നു; അതായത് ശിക്ഷ ഒഴിവാക്കുന്നതിനോ അപൂർവ്വമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനോ.
ഡൊണാൾഡ് തന്റെ മുറി വൃത്തിയാക്കിയെന്ന് തന്റെ അമ്മയോടു പറഞ്ഞു. അവൻ സകലതും തന്റെ കട്ടിലിന്റെ അടിയിലേക്ക് തള്ളിയിരുന്നു. അതുപോലെ താൻ പരീക്ഷയിൽ തോറ്റത് പഠിക്കാഞ്ഞതുകൊണ്ടല്ല മറിച്ച് ‘തന്റെ അദ്ധ്യാപകനുമായി ഇണങ്ങിപ്പോകാഞ്ഞതിനാലാണ്’ എന്ന് റിച്ചാർഡ് തന്റെ മാതാപിതാക്കളോട് പറഞ്ഞു. അത് അവർക്ക് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഈ നുണകൾ മറ്റുള്ളവരെ ദ്രോഹിക്കാത്തിടത്തോളം കാലം ഇതിൽ യാതൊരു കുഴപ്പവുമില്ലെന്ന് നിങ്ങൾ വിചാരിച്ചേക്കാം. ‘ഒരു ശുദ്ധമായ നുണ പറയുന്നതിലെ കുഴപ്പമെന്താണ്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഡിക്ഷ്നറികൾ ശുദ്ധമായ നുണയെ “സഭ്യമായ അല്ലെങ്കിൽ നിരുപദ്രവകരമായ നുണ” എന്ന് നിർവ്വചിക്കുന്നതിനാൽ ശുദ്ധമായ ഒരു നുണ പറയുന്നത് അത്രകണ്ട് മോശമാണെന്ന് നിങ്ങൾക്ക് തോന്നാതിരുന്നേക്കാം.
നുണയുടെ പ്രാധാന്യം എന്ന പുസ്തകത്തിൽ എച്ച്. എൽ. മെൻക്കെൻ ചിലർ നുണ പറയുന്നതിന്റെ മറ്റൊരു കാരണം വിവരിക്കുന്നു: “സത്യം പറയാതിരിക്കാനുള്ള ഒരു കാരണം അത് പലപ്പോഴും മറ്റുള്ളവരുടെ ഉൻമേഷവും ആശ്വാസവും കെടുത്തിക്കളയുന്നു എന്നതാണ്. മനുഷ്യ മനസ്സ് കൂടുതൽ ലാളനയും മുഖസ്തുതിയും ഇഷ്ടപ്പെടുന്നു.” അതുകൊണ്ട് ആളുകൾ പലപ്പോഴും സത്യം കേൾക്കാൻ ഇഷ്ടപ്പെടാത്തത് അതിശയമല്ല. മറിച്ച് അവർ തങ്ങളുടെ “കർണ്ണങ്ങൾ” രസിപ്പിക്കപ്പെടാൻ ഇഷ്ടപ്പെടുന്നു. (2 തിമോഥെയോസ് 4:3) ജീവിച്ചിരുന്നതിൽ വച്ചേറ്റവും വലിയ ഉപദേഷ്ടാവായിരുന്ന യേശു ഇത് സത്യമാണെന്ന് കണ്ടെത്തി. അവൻ തന്റെ നാളിലെ ആളുകളോടിപ്രകാരം പറഞ്ഞു: “ഞാൻ സത്യം പറയുന്നെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതെന്ത്?” (യോഹന്നാൻ 8:46) ചിലപ്പോൾ ജനപ്രീതി നേടാത്ത സത്യം സംസാരിക്കുന്നതിനു പകരം പ്രീതി നേടുന്ന നുണ പറയുന്നത് എത്രയോ പ്രലോഭനാത്മകമാണ്!
ഒരു നുണ ആകർഷണീയമാണെന്നോ അത് നിസ്സാരമായ ഒന്നിനേക്കുറിച്ചാണെന്നോ അല്ലെങ്കിൽ അത് അർത്ഥവത്താണെന്നോ കരുതി നുണ പറയുന്നത് ശരിയാണെന്ന് അർത്ഥമുണ്ടോ?
നുണ പറയുന്നതു സംബന്ധിച്ച ദൈവിക വീക്ഷണം
നുണ പറയുന്ന മാനുഷിക പ്രവണത ബൈബിൾ കാലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്: “അവർ അന്യോന്യം നുണ പറഞ്ഞുകൊണ്ടിരിക്കുന്നു. പ്രിയംവദമായ അധരത്തോടും ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു. “അവരുടെ അധരങ്ങൾക്കു പിന്നിൽ സ്വാർത്ഥ താൽപ്പര്യമാണുള്ളത്. അവർ ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങൾ ജയിക്കും. ഞങ്ങളുടെ [വ്യാജ]അധരങ്ങൾ ഞങ്ങൾക്ക് തുണ. ഞങ്ങൾക്ക് യജമാനൻ ആർ?” എന്നാൽ ദൈവം അവരുടെ വ്യാജമാർഗ്ഗങ്ങളെ വീക്ഷിച്ചതെങ്ങനെയെന്ന് ശ്രദ്ധിക്കുക: “യഹോവ പ്രിയംവദമായ സകല അധരങ്ങളെയും വമ്പുപറയുന്ന നാവിനെയും ഛേദിച്ചുകളയും!”—സങ്കീർത്തനം 12:2-4.
അതെ, “യഹോവ വെറുക്കുന്ന”തും വെറുത്തതുമായ ഒന്നാണ് “വ്യാജനാവ്”. (സദൃശവാക്യങ്ങൾ 6:16,17) കാരണം പിശാചായ സാത്താനാണ് “ഭോഷ്ക്കിന്റെ പിതാവ്.” (യോഹന്നാൻ 8:44) രസകരമെന്നു പറയട്ടെ, നുണയും ശുദ്ധനുണയും തമ്മിൽ ബൈബിൾ യാതൊരു വ്യത്യാസവും കൽപ്പിക്കുന്നില്ല. അത് ഇത്രമാത്രം പറയുന്നു, “യാതൊരു ഭോഷ്കും സത്യത്തിൽ നിന്ന് ഉൽഭവിക്കുന്നില്ല.” (1 യോഹന്നാൻ 2:21) അതുകൊണ്ട് “വക്രതയുള്ളവൻ യഹോവക്ക് വെറുപ്പാകുന്നു. നീതിമാൻമാർക്കോ അവന്റെ സഖ്യതയുണ്ട്.” (സദൃശവാക്യങ്ങൾ 3:32) അതെ, സത്യസന്ധരല്ലാത്തവരുമായി യഹോവക്ക് ഒരു സുഹൃദ്ബന്ധം ഉണ്ടായിരിക്കയില്ല.
അതുകൊണ്ട് ദൈവഭക്തരായ യുവാക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള നുണ സ്വീകാര്യമാണെന്ന് വീക്ഷിക്കാൻ കാരണമില്ല. ടൈറോൺ എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ പറഞ്ഞതുപോലെ “അത് ശരിയോ തെറ്റോ എന്ന് എഴുതുന്ന എഴുത്തു പരീക്ഷപോലെയാണ്. ഒരു സംഗതി ഒന്നുകിൽ തെറ്റ് അല്ലെങ്കിൽ ശരി.
നുണ പറയുന്നത് ഉപദ്രവകരമായിരിക്കുന്നതെന്തുകൊണ്ട്?
നുണപറയുന്നത് ഇത്ര വലിയ തെറ്റായിരിക്കുന്നതെന്തുകൊണ്ട്? ഒരു നുണ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കയില്ലേ? ഒരു പക്ഷേ. എന്നാൽ ആ നുണ വെളിച്ചത്തു വന്നാൽ എന്തു സംഭവിക്കും? വൈകിയാണെങ്കിലും അപ്പോഴും ശിക്ഷ ലഭിക്കും. യുവാവായ ആൻഡ്രുവും ഇപ്രകാരം പറയുന്നു: “ആരെങ്കിലും നിങ്ങളോടു പറയുന്ന എന്തെങ്കിലും പിന്നീട് നുണയായിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകുമ്പോൾ നിങ്ങളുടെ തലക്ക് പിച്ചുപിടിക്കുന്നു. “അതെ, നുണ ദേഷ്യവും നീരസവും ഉളവാക്കുന്നു. നിങ്ങൾ നുണ പറയുന്നത് നിങ്ങളുടെ മാതാപിതാക്കളോടാണെങ്കിൽ കടുത്ത ശിക്ഷണം ലഭിച്ചേക്കാം.
ബൈബിൾ ഇപ്രകാരം പറയുന്നത് അതിശയമല്ല: “കള്ള നാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു.” മറ്റ് വാക്കുകളിൽ പറഞ്ഞാൽ, നുണ പറയുന്നതുമൂലം ലഭിക്കുന്ന ലാഭങ്ങൾ ആവിയെപ്പോലെ ക്ഷണികമാണ്.
നുണപറയലും നിങ്ങളുടെ മനസ്സാക്ഷിയും
നുണ പറയുന്നത് ആ വ്യക്തിക്കുതന്നെ ഉപദ്രവം കൈവരുത്തുന്നു. തന്റെ സഹോദരനാണ് തങ്ങളുടെ അലങ്കാര വസ്തു പൊട്ടിച്ചത് എന്ന് തന്റെ മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്താൻ (തുടക്കത്തിൽ വിവരിച്ച) മിഷലിന് കഴിഞ്ഞു. എന്നാൽ പിന്നീട് മാതാപിതാക്കളോട് തന്റെ തെറ്റ് സമ്മതിക്കാൻ അവൾ നിർബന്ധിതയായി. അവൾ വിവരിക്കുന്നു: “എനിക്ക് എപ്പോഴും മനസ്സിൽ പ്രയാസം തോന്നി. എന്റെ മാതാപിതാക്കൾ എന്നിൽ വിശ്വാസമർപ്പിച്ചിരുന്നു. എന്നാൽ ഞാൻ അവരെ നിരാശപ്പെടുത്തി.”
മിഷലിന്റെ മനസ്സാക്ഷി അപ്പോസ്തലനായ പൗലോസ് പ്രസ്താവിച്ച ഒരു തത്വം നന്നായി ദൃഷ്ടാന്തീകരിക്കുന്നു. റോമർ 2:14,15-ൽ ദൈവം മനുഷ്യവർഗ്ഗത്തിന് മനസ്സാക്ഷിയുടെ പ്രാപ്തി നൽകിയിട്ടുണ്ടെന്ന് അവൻ ചൂണ്ടിക്കാണിക്കുന്നു. ഈ മനസ്സാക്ഷി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പൗലോസ് വിശദീകരിക്കുന്നു: “അവരുടെ മനസ്സാക്ഷി അവരോട് സാക്ഷ്യം വഹിക്കുന്നു. അവരുടെ സ്വന്തം ചിന്തകൾക്കിടയിൽ അവർ കുറ്റപ്പെടുത്തപ്പെടുകയോ കുറ്റവിമുക്തരാക്കപ്പെടുകയോ ചെയ്യുന്നു.” മിഷലിന്റെ സംഗതിയിൽ, നുണ പറയുന്നത് തെറ്റാണെന്ന് അവളുടെ മനസ്സാക്ഷി അവളോട് ‘സാക്ഷ്യം പറയുകയും’ ‘അവളെ കുറ്റപ്പെടുത്തുകയും’ ചെയ്തു.—അപരാധബോധത്താൽ അവൾ പീഡിപ്പിക്കപ്പെട്ടു.
വാസ്തവത്തിൽ ഒരു വ്യക്തിക്ക് തന്റെ മനസ്സാക്ഷി കടുപ്പപ്പെടുത്തിക്കൊണ്ട് അതിനെ അവഗണിക്കാൻ കഴിയും. ഉദാഹരണത്തിന് യൗവനം എന്ന മാസികയിലെ ഒരു ലേഖനത്തിൽ ചെറുപ്പക്കാർ നുണ പറയുന്നത് തെറ്റായി വീക്ഷിക്കുന്നത് കുറിക്കൊണ്ടു. എന്നാൽ അവർക്ക് പ്രായമാകുമ്പോൾ നുണ പറയുന്നത് സംബന്ധിച്ച അവരുടെ വീക്ഷണം കഠിനപ്പെടുന്നു. “നുണ പറയുന്നത് തെറ്റല്ലെന്നുള്ള ആശയം 12 വയസ്സുകാരെക്കാൾ കൂടുതൽ 15 വയസ്സുകാർ വെച്ചുപുലർത്തുന്നു” എന്ന് ആ ലേഖനം പറയുന്നു. ഒരു വ്യക്തി എത്രകണ്ട് നുണ പറയുന്നുവോ അത്രകണ്ട് അയാൾ ‘സ്വന്ത മനസ്സാക്ഷിയിൽ ചൂടുവെച്ച’വനായിത്തീരാനുള്ള അപകടത്തിലാണ്.—1 തിമോഥെയോസ് 4:2.
“സത്യസന്ധമായ ഒരു മനസ്സാക്ഷി” വികസിപ്പിക്കൽ
അതിനു വിപരീതമായി, അപ്പോസ്തലനായ പൗലോസിന് തന്നെക്കുറിച്ചും തന്റെ സഹകാരികളെക്കുറിച്ചും ഇപ്രകാരം പറയാൻ കഴിഞ്ഞു: “ഞങ്ങൾക്ക് സത്യസന്ധമായ ഒരു മനസ്സാക്ഷിയുണ്ടെന്ന് ഞങ്ങൾ ഉറച്ചിരിക്കുന്നു.” (എബ്രായർ 13:18) നുണയോ അർദ്ധസത്യങ്ങളോ പറയാൻ പൗലോസിന്റെ മനസ്സാക്ഷി അനുവദിക്കുകയില്ല. അതുപോലെ നിങ്ങളുടെ മനസ്സാക്ഷി വ്യാജം പറയുന്നതിനെതിരാണോ? അല്ലെങ്കിൽ, ഈ മാസികയും ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരവും പോലുള്ള ബൈബിളധിഷ്ഠിത സാഹിത്യങ്ങളും ബൈബിളും പഠിച്ചുംകൊണ്ട് നിങ്ങളുടെ മനസ്സാക്ഷിയെ പരിശീലിപ്പിക്കുക.
ബോബി എന്നു പേരുള്ള ഒരു യുവാവ് അത് ചെയ്തു, അവന് നല്ല ഫലം ലഭിക്കുകയും ചെയ്തു. ഒരവസരത്തിൽ ഈ പ്രസിദ്ധീകരണങ്ങൾ അവനുണ്ടായിരുന്ന ഒരു പ്രശ്നം ചർച്ച ചെയ്യുകയുണ്ടായി. തന്റെ പ്രശ്നം പല നുണകളാൽ മറക്കുന്നതിന് പകരം തന്റെ മാതാപിതാക്കളെ സമീപിച്ച് സത്യസന്ധമായി അതു ചർച്ചചെയ്യാൻ അവന്റെ മനസ്സാക്ഷി അവനെ കുത്തി. ഇത് ചിലപ്പോൾ ശിക്ഷണം ലഭിക്കുന്നതിൽ പരിണമിച്ചിട്ടുണ്ട്. എന്നിരുന്നാലും സത്യസന്ധനായിരിക്കുന്നതിനാൽ ‘ഹൃദയത്തിൽ സുഖം തോന്നുന്നു’ എന്ന് അവൻ സമ്മതിച്ചു പറയുന്നു.
ഒരു യുവാവ് ഇപ്രകാരം പറഞ്ഞത് മനസ്സിലാക്കാവുന്നതേയുള്ളു: “നിങ്ങൾ സത്യം പറഞ്ഞാൽ നിങ്ങളുടെ മാതാപിതാക്കളെ വേദനിപ്പിക്കും.” എന്നാൽ നിങ്ങൾ അവരോട് സത്യം പറയുന്നത് അവർ ആദരിക്കും. മാത്രമല്ല, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിങ്ങൾ ഉത്തരവാദികളാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും നിങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും അത് പ്രകടിപ്പിക്കും.
സത്യസന്ധമായ മനസ്സാക്ഷി വികസിപ്പിച്ചെടുക്കാനുള്ള മറ്റൊരു സഹായം കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധയുള്ളവരായിരിക്കുക എന്നതാണ്. “ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയായിത്തീരും. ഭോഷൻമാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും” എന്ന് സദൃശവാക്യം 13:20 പറയുന്നു. “നുണ പറയുന്ന ഒരു സുഹൃത്തിനോടുകൂടെ നടക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും. അയാൾ ആശ്രയയോഗ്യനായ ഒരു കൂട്ടുകാരനല്ല” എന്ന് ബോബി പറയുന്നു. അതുകൊണ്ട് സങ്കീർത്തനക്കാരൻ ബുദ്ധിപൂർവ്വം ഇപ്രകാരം പറഞ്ഞു: “ഭോഷ്കാളികളോടുകൂടെ ഞാൻ ഇരുന്നിട്ടില്ല.” (സങ്കീർത്തനം 26:4) ദൈവീക നിലവാരങ്ങളെ ആദരിക്കുന്ന കൂട്ടുകാരെ കണ്ടുപിടിക്കാൻ ശ്രദ്ധിക്കുക.
അന്തിമമായി, നുണപറയാൻ പ്രേരിപ്പിക്കപ്പെട്ടാൽ, തന്റെ സുഹൃത്തുക്കൾക്കുവേണ്ടി യഹോവയാം ദൈവം വച്ചിരിക്കുന്ന നിലവാരങ്ങൾ ഓർക്കുക. “യഹോവേ, നിന്റെ കൂടാരത്തിൽ ആര് ഒരതിഥിയായിരിക്കും?” എന്ന് സങ്കീർത്തനക്കാരൻ ചോദിച്ചു. “തന്റെ ഹൃദയത്തിൽ സത്യം സംസാരിക്കുന്നവൻ തന്നെ.” (സങ്കീർത്തനം 15:1,2) ദൈവവുമായുള്ള ബന്ധം ഒരു മഹത്തായ പദവിയാണെന്ന് തിരിച്ചറിയുന്നത് ഒരുവനെ സത്യസന്ധനായിരിക്കാൻ പ്രേരിപ്പിക്കുന്നു.
സത്യം പറയുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. “നിങ്ങൾ ആയിരിക്കുന്ന സമൂഹത്തിലെ എല്ലാവരും ഒരു നുണ പറയുകയും നിങ്ങൾ മാത്രം സത്യം പറയുകയും ചെയ്യേണ്ട സാഹചര്യം നിങ്ങൾക്കുണ്ടായേക്കാം” എന്ന് യുവാവായ മാർക്ക് പറയുന്നു. എന്നാൽ സത്യം പറയാൻ നിർണ്ണയിക്കുന്നവൻ ഒരു നല്ല മനസ്സാക്ഷിയും യഥാർത്ഥ സുഹൃത്തുക്കളുമായി നല്ലോരു ബന്ധവും നിലനിർത്തും. യുവാവായ സ്റ്റീവൻ ഇപ്രകാരം പറഞ്ഞുകൊണ്ട് വസ്തുതകൾ സമാഹരിക്കുന്നു: “മറ്റുള്ളവർ കള്ളം പറയുന്നുവെന്നു കരുതി നിങ്ങൾ കള്ളം പറയണമെന്ന് അതിനർത്ഥമില്ല!” (g87 10/8)
[16-ാം പേജിലെ ആകർഷകവാക്യം]
നുണകൾ പലപ്പോഴും സംശയത്തിനധീനമാണ്, അത് വെളിച്ചത്തുവരുന്നതുവരെ ശിക്ഷ വിളംബിക്കുക മാത്രമേയുള്ളു
[17-ാം പേജിലെ ചിത്രം]
ഒരു തെറ്റ് സമ്മതിക്കുന്നത് എളുപ്പമല്ല, എന്നാൽ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ സത്യസന്ധത ആദരിക്കും