മലിനീകരണത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നു
ഉവ്വ്, നമ്മിൽ ചിലർക്ക് ടെലിവിഷൻ സെററുകളും മൈക്രോവേവ് അടുപ്പുകളും വ്യക്തിപരമായ കമ്പ്യൂട്ടറുകളും ഉണ്ട്. എന്നാൽ നമുക്ക് ശുദ്ധവായുവും നല്ല ഭക്ഷണവും ശുദ്ധജലവും എവിടെ? ഒരു മനുഷ്യനെ ചന്ദ്രനിലേക്കയക്കാൻ കഴിയുന്ന സാങ്കേതികശാസ്ത്രത്തിന് നമ്മുടെ ഈ അടിസ്ഥാന ആവശ്യങ്ങൾ നിറവേററാൻ പ്രാപ്തിയില്ലെന്നു തോന്നുന്നതെന്തുകൊണ്ട്? എന്തിന്, യഥാർത്ഥത്തിൽ മലിനീകരണത്തിന്റെ മാരകമായ പാതകൾ കൂടുതൽ സ്പഷ്ടമായിത്തീരുകയാണോ?
“സകലവും വളരുകയാണ്”
ഒരു ജർമ്മൻ ശാസ്ത്രീയ മാസികയിൽ ലേഖനമെഴുതിയപ്പോൾ പ്രൊഫസ്സർ കർട്ട് ഹാമറാക്ക് വാദിക്കുന്ന പ്രകാരം “പരിസ്ഥിതി സംബന്ധമായ എല്ലാ പ്രശ്നങ്ങളും, അനിവാര്യമായി, വളർച്ച നിമിത്തം, എല്ലാററിനുമുപരി അപ്രതീക്ഷിതമായി സംഭവിച്ച സത്വരമായ ജനസംഖ്യാവളർച്ച നിമിത്തം, ഉണ്ടാകുന്നതാണ്.” കേവലം 1950 മുതൽ ലോകജനസംഖ്യ ഇരട്ടിയിലധികമായി. അതിനുപുറമേ, നാം ജീവിക്കുന്നത് ഒരു ഐക്യരാഷ്ട്ര പഠനം “സ്ഫോടക നഗരങ്ങളുടെ ഒരു ലോകം” എന്നു വിളിക്കുന്നതിലാണ്. 2000-ാമാണ്ടാകുന്നതോടെ, വികസിത പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുടെ നാലിൽ മൂന്നുഭാഗവും നഗരപ്രദേശങ്ങളിലായിരിക്കും കണ്ടെത്തപ്പെടുക. ജനസാന്ദ്രത വർദ്ധിക്കുമ്പോൾ മലിനീകരണത്തിന്റെ സാദ്ധ്യതകളും വർദ്ധിക്കുന്നു.
വർദ്ധിച്ചുവരുന്ന അറിവും സാങ്കേതികശാസ്ത്രവും സാദ്ധ്യമാക്കുന്ന വസ്തുക്കൾ വേണമെന്നാവശ്യപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ ഒരു വർദ്ധനവുണ്ടാകുമ്പോൾ വ്യാവസായിക ഉൽപ്പാദനവും വ്യാപാരവും വളരുന്നു. ഇതിന്റെ അർത്ഥം പുതിയ ഫാക്ടറികളും രാസവസ്തുശാലകളും സ്ഥാപിക്കപ്പെടുന്നുവെന്നാണ്—മലിനീകരണത്തിന്റെ പുതിയ ഉറവുകൾ. ക്രമത്തിൽ, ഇവക്ക് ഊർജ്ജമാവശ്യമാണ്, തന്നിമിത്തം പുതിയ ഊർജ്ജനിലയങ്ങൾ നിർമ്മിക്കേണ്ടിയിരിക്കുന്നു. ലോകവ്യാപകമായി, അവയിൽ 400-ഓളം ന്യൂക്ലിയർ റീയാക്ടറുകളാണ്.
കൂടാതെ, ആളുകൾക്ക് കിട്ടുന്ന ഇളവു സമയത്തിന്റെ അളവിലും വർദ്ധനവുണ്ട്. ഇത് ഗ്രാമ പ്രദേശങ്ങൾ കൈയേറാൻ അവർക്കു കൂടുതൽ സമയവും അവസരവും കൊടുക്കുന്നു, ഒട്ടുമിക്കപ്പോഴും കരയേയും വായുവിനേയും വെള്ളത്തെയും മലിനപ്പെടുത്തിക്കൊണ്ടും സസ്യ, മൃഗ, ജാലങ്ങളെ അപകടപ്പെടുത്തിക്കൊണ്ടും തന്നെ.
ആധുനിക നാഗരികത മലിനീകരണത്തെ തടയുന്നതിനു പകരം, കൂടിയാൽ ഒരു സമ്മിശ്ര അനുഗ്രഹമായ ഒരു ഭൗതിക വീക്ഷണം വളർത്തിക്കൊണ്ട് മലിനീകരണം സൃഷ്ടിക്കുകയാണു ചെയ്യുന്നത്. നിർബാധമായ വളർച്ച നാശത്തിലേക്കു നയിക്കുന്നുവെന്ന് ഉത്തരവാദിത്വമുള്ള അനേകർ ഇപ്പോൾ മുന്നറിയിപ്പു നൽകുന്നുണ്ട്. അന്ത്യവിധിദിന പുസ്തകത്തിൽ ജി. ആർ. ടെയ്ലർ ഇങ്ങനെ നിഗമനം ചെയ്യുന്നു: “ഇതുവരെ . . . ഭൗതികത്വ വീക്ഷണം . . . ജയഭേരി മുഴക്കേണ്ടതാണെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അതിന് ജയഭേരി മുഴക്കാൻ സാദ്ധ്യമല്ലെന്ന് പെട്ടെന്ന് പ്രത്യക്ഷമായിത്തുടങ്ങുകയാണ്.”
അതെ, “സകലവും വളരുകയാണ്, പ്രശ്നങ്ങൾ ഉൾപ്പെടെ” എന്ന് പ്രൊഫസ്സർ ഹാമറാക്ക് പറയുന്നു. എന്നാൽ മലിനീകരണത്തിനെതിരായ പോരാട്ടം നന്നായി പുരോഗമിക്കാത്തതിന് കൂടുതൽ അടിസ്ഥാനപരമായ മററു കാരണങ്ങളുണ്ട്.
അപര്യാപ്തമായ അറിവ്
ദൃഷ്ടാന്തമായി, “ഒരേ സമയത്ത് നിലവിലുള്ള പല പ്രദൂഷകങ്ങൾ തമ്മിൽ നടക്കുന്ന പരസ്പര പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രായോഗികമായി യാതൊന്നും തന്നെ അറിയപ്പെടുന്നില്ല” എന്ന് അന്ത്യവിധിദിന പുസ്തകം പറയുന്നു. കൂടാതെ, പ്രതികൂല ഫലങ്ങൾ കൂടാതെ, ഒരു വ്യക്തിക്ക് വിധേയപ്പെടാവുന്ന വിഷവസ്തുക്കളുടെയോ റേഡിയോ ആക്ററിവിററിയുടെയോ അളവും അനിശ്ചിതമാണ്. ബ്രമൻ യൂണിവേഴ്സിററിയിലെ വിഷവിജ്ഞാനിയായ എൽ. ഹോസ്ററ് ഗ്രിം അവകാശപ്പെടുന്ന പ്രകാരം “പ്രദൂഷകങ്ങളുടെ ഉൽപ്പാദനം, ഉപയോഗം, വിതരണം എന്നിവയിൽനിന്ന് സംജാതമാകുന്ന അപകടത്തിന്റെ അളവ് തിട്ടപ്പെടുത്തുക സാദ്ധ്യമല്ല”. ഒരു പ്രദൂഷകം അപകടരാഹിത്യത്തിൽനിന്ന് അപകടത്തിലേക്കു കടക്കുന്നത് ഏതു തലത്തിലെന്ന് സുനിശ്ചിതമായി നിർണ്ണയിക്കാൻ മാർഗ്ഗമില്ലെന്ന് അദ്ദേഹം വിചാരിക്കുന്നു. “മിക്ക സന്ദർഭങ്ങളിലും സ്വീകാര്യമായ പരിധികൾ നിശ്ചയിക്കാൻ കഴിയുന്നതിന് വിദഗ്ദ്ധർക്ക് കേവലം വേണ്ടത്ര അറിവില്ല” എന്ന് അദ്ദേഹം പറയുന്നു. കൂടാതെ “സ്വീകാര്യമായ പരിധികളുടെ”പോലും ദീർഘകാലഫലങ്ങൾ എന്തായിരിക്കാമെന്ന് ആർക്കും യഥാർത്ഥമായി അറിയാൻപാടില്ലാത്തവിധം ഗവേഷണം വളരെ അടുത്തകാലത്തേതാണ്.
വിഷലിപ്തമായ പാഴ്വസ്തുക്കളെ നിർമ്മാർജ്ജനം ചെയ്യുന്നതെങ്ങനെയെന്നുള്ളതും പ്രശ്നം സൃഷ്ടിക്കുന്നു. പശ്ചിമയൂറോപ്പിൽത്തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹാനികരമായ പാഴ്വസ്തുക്കൾ പ്രതിവർഷം ദശലക്ഷക്കണക്കിനു ടൺവരുമെന്നുള്ളതുകൊണ്ട് ഇത് ഒരു ചെറിയ പ്രശ്നമായിരിക്കുന്നില്ല. (ചാർട്ട് കാണുക.) മുഖ്യമായ ആറ് നിർമ്മാർജ്ജനരീതികൾ ഉപയോഗിക്കപ്പെടുന്നു: (1) സമുദ്രത്തിൽ തള്ളുക; (2) ഭൂമി നികത്തുക; (3) ദീർഘകാലം സംഭരിച്ചുവെക്കുക; (4) ഭൗതികമായോ രാസപരമായോ ജീവശാസ്ത്രപരമായോ കൈകാര്യം ചെയ്യുക; (5) കരയിലോ കടലിലോ ചുട്ടെരിക്കുക; (6) വീണ്ടെടുക്കലും പുന:പരിവൃത്തിയും. ഈ രീതികളിലൊന്നും പൂർണ്ണമായും തൃപ്തികരമോ അവികലമോ അല്ല.
മാനുഷ ദൗർബല്യങ്ങളും പരിമിതികളും
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തെട്ടു മാർച്ചിലെ ഒരു കൊടുങ്കാററിന്റെ രാത്രിയിൽ അമോക്കോ കാഡിസ് എന്ന സൂപ്പർ ടാങ്കർ ചുക്കാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഫ്രാൻസിലെ ബ്രിട്ടനി തീരത്ത് ഉറച്ചു. 2,00,000-ത്തിൽ പരം ടൺ ക്രൂഡ് ഓയിൽ സമുദ്രത്തിലേക്ക് തൂവുകയും ഏതാണ്ട് 10,000 പക്ഷികളെ കൊല്ലുകയും മുത്തുച്ചിപ്പി വ്യവസായത്തെ താറുമാറാക്കുകയും നൂറിലധികം മൈൽ കടൽത്തീരത്തെ മലിനീകരിക്കുകയും ഒരു വമ്പിച്ച ഓയിൽ കുഴമ്പ് സൃഷ്ടിക്കുകയും ചെയ്തു. കുററം മാനുഷികമായ അനാസ്ഥയുടേതായിരുന്നു.
മനുഷ്യ ദൗർബ്ബല്യത്തിന്റെ കൂടുതൽ ഭയാനകമായ ഒരു ദൃഷ്ടാന്തം 1986 ഏപ്രിലിൽ സംഭവിച്ചതായിരുന്നു. യു. എസ്. എസ്. ആറിലെ ചെർനോബിലിൽ ഒരു ന്യൂക്ലിയർ റീയാക്ടർ പ്ലാൻറിൽ നടന്ന ഗുരുതരമായ ഒരു അപകടം ഏതാണ്ടു 30 പേരുടെ കഥകഴിക്കുകയും എണ്ണമററ ആയിരങ്ങളെ അപകടത്തിലാക്കുകയും 1,35,000 സോവ്യററ് പൗരൻമാരെ ഒഴിപ്പിക്കേണ്ടതാവശ്യമാക്കിത്തീർക്കുകയും ചെയ്തു. ദി വാൾസ്ട്രീററ ജേണൽ റിപ്പോർട്ടു ചെയ്യുന്നു: “ന്യൂക്ലിയർ അപകടത്തിനുശേഷം സോവ്യററുകളും യൂറോപ്യൻമാരും ആഗിരണം ചെയ്ത വികിരണത്തിന്റെ ദീർഘകാല ആരോഗ്യഫലങ്ങൾ വർഷങ്ങളോളം അജ്ഞാതമായി നിലകൊള്ളുമെന്ന് അനേകം ശാസ്ത്രജ്ഞൻമാർ പറയുന്നു. . . . [അവർ] ശ്വാസകോശ കാൻസറിന്റെയും സ്തനാർബ്ബുദത്തിന്റെയും തൈറോയിഡ് കാൻസറിന്റെയും വർദ്ധിച്ച കേസുകൾ പ്രതീക്ഷിക്കുന്നു.” ഒരു പ്രവ്ദാ റിപ്പോർട്ടനുസരിച്ച്, അപകടത്തിനു കാരണം “ഉത്തരവാദിത്വമില്ലായ്മയും ഗുരുതരമായ കർത്തവ്യ വിലോപവും ശിക്ഷണത്തിന്റെ അഭാവവു”മായിരുന്നു.
മുമ്പും ഇതുപോലുള്ള അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. “മനുഷ്യവർഗ്ഗം പലപ്രാവശ്യം കഴിഞ്ഞകാല വിപത്തിൽനിന്ന് തലനാരിഴക്ക് രക്ഷപെട്ടിട്ടുണ്ട്” എന്ന് ഡർ സ്പെജെൽ പറയുന്നു. അന്താരാഷ്ട്ര അണുശക്തി സംഘടനയിൽ ഫയൽചെയ്യപ്പെട്ട റീയാക്ടർ അപകടങ്ങളുടെ 250-ൽപരം റിപ്പോർട്ടുകളിൽ 48-ലും ഈ ജർമ്മൻ മാസിക എത്തുപെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നു; അവ അർജൻറീനാ ബൽഗേറിയാ, പാകിസ്ഥാൻ എന്നിങ്ങനെയുള്ള വിദൂരസ്ഥലങ്ങളിൽ നടന്ന അപകടങ്ങളാണ്. ഐക്യനാടുകളിലെ ത്രീ മൈൽ അയലണ്ടിൽ 1979 മാർച്ചിൽ നടന്ന ഭാഗികമായ ഉരുകൽ ഉൾപ്പെടെ ഇവയിൽ പലതും മാനുഷികമായ തെററിനാൽ സംഭവിച്ചതാണെന്ന് കണ്ടുപിടിക്കപ്പെട്ടു.
മനുഷ്യർ തെററു വരുത്താൻ ചായ്വുള്ളവരാണെന്നു മാത്രമല്ല, അവർ മൂലകങ്ങളുടെമേലുള്ള നിയന്ത്രണത്തിൽ പരിമിതിയുള്ളവരുമാണ്. മദ്ധ്യയൂറോപ്പിലെ സാധാരണ കാററിന്റെ മാതൃക പടിഞ്ഞാറുനിന്ന് കിഴക്കോട്ടായതിനാൽ ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി ഇംഗ്ലണ്ടിൽ നിന്ന് വീശുന്ന മലിനീകൃത വായു സഹിക്കേണ്ടിയിരിക്കുന്നു. അതേസമയം ജർമ്മൻ ഡമോക്രാററിക് റിപ്പബ്ലിക്കും ചെക്കോസ്ലൊവോക്യയും ഫെഡറൽ റിപ്പബ്ലിക്കിൽ നിന്ന് വീശുന്ന മലിനീകൃത വായുവിന്റെ സിംഹഭാഗവും സഹിക്കേണ്ടിവരുന്നു. എന്നാൽ കാററുകൾ ചപലമായിരിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, ചെർനോബിൽ വിപത്തിന്റെ സമയത്ത് അവ മാറിവീശുകയും പോളണ്ടും ബാൾട്ടിക്ക് രാജ്യങ്ങളും സ്കാൻഡിനേവ്യായും—സോവ്യററ് യൂണിയനെ സംബന്ധിച്ച് പറയുകയുംവേണ്ട—യൂറോപ്പിന്റെ മററു ഭാഗങ്ങളെക്കാൾ റേഡിയോ ആക്ററീവ് വായുവിൽ ഗുരുതരമായി മലിനീകരിക്കപ്പെടാനിടയാക്കുകയും ചെയ്തു.
ഗുരുതരമായ പോരായ്മകൾ
മലിനീകരണം സംബന്ധിച്ച വസ്തുതകളെ വിലയിരുത്തുമ്പോൾ ആളുകൾക്ക് മിക്കപ്പോഴും സത്യസന്ധതയും വസ്തുനിഷ്ഠതയും കുറഞ്ഞുപോകുന്നു. പരിസ്ഥിതി സംരക്ഷകർ തങ്ങളുടെ വാദത്തിനനുകൂലമായി നിഷേധാത്മകവശങ്ങളെ പെരുപ്പിക്കുമ്പോൾ അവരുടെ എതിർകക്ഷികൾ ക്രിയാത്മകവശത്തെ പെരുപ്പിച്ചേക്കാം. ദൃഷ്ടാന്തത്തിന്, മലിനീകൃത നദികളെക്കുറിച്ച് ഒരു പ്രാമാണികൻ പറയുന്നു: “നൂററാണ്ടിന്റെ ആരംഭത്തിൽ, മൽസ്യ സമ്പത്തു സംബന്ധിച്ച് യൂറോപ്യൻ ജലപാതകളിൽ ഉയർന്നതെന്ന് കരുതപ്പെട്ട എൽബെയുടെ ഒരു നല്ലഭാഗം ജീവശാസ്ത്രപരമായി പണ്ടേ മൃതമായിക്കഴിഞ്ഞു.” വിശേഷിച്ച്, സാൻഡോസ് ദുരന്തത്തിനുശേഷം റൈൻനദിയെ സംബന്ധിച്ച് ഇതേ അവകാശവാദം പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. മറിച്ച്, “സാൻഡോസിലെ തീപിടുത്തത്തിനുശേഷം പോലും, റൈൻ ഇപ്പോഴും പത്തുവർഷം മുമ്പത്തേതിലും മെച്ചപ്പെട്ട അവസ്ഥയിലാണ്” എന്ന് രാസവ്യവസായത്തിന്റെ ഒരു വക്താവ് അവകാശപ്പെടുന്നു.
കൃത്യമായി പറഞ്ഞാൽ, 1983-ൽ ഗവൺമെൻറ് മലിനീകരണ വിരുദ്ധ നിയമം ഫലപ്രദമെന്നു തെളിഞ്ഞതായും റൈൻ ശ്രദ്ധേയമാം വിധം ശുദ്ധമായിത്തീരുന്നതായും സൂചനകളുണ്ടായിരുന്നതുകൊണ്ട് അതു സത്യമായിരിക്കാം. ബ്രിട്ടനിലെ തെംസ് നദിയെ സംബന്ധിച്ച് നാഷനൽ ജ്യോഗ്രാഫിക്ക് മാസിക ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “കഴിഞ്ഞ 30 വർഷക്കാലത്ത് മലിനീകരണം 90 ശതമാനം കുറയ്ക്കപ്പെട്ടിട്ടുണ്ട്.” സംഘടിതശ്രമംകൊണ്ടുമാത്രമാണ് ഇതു സാദ്ധ്യമായിട്ടുള്ളത്. “പരിസ്ഥിതിസംബന്ധമായ വിപത്ത് ഇപ്പോഴും പരക്കെ മററാരുടെയോ പ്രശ്നമായി കാണപ്പെടുന്ന”തുകൊണ്ട് മററു രാജ്യങ്ങളിൽ സംഘടിതശ്രമത്തിന്റെ കുറവുണ്ടെന്നാണ് പത്രപ്രവർത്തകനായ തോമസ് നെററർ പറയുന്നത്.
ഗവൺമെൻറുകൾക്ക് അന്താരാഷ്ട്ര മലിനീകരണ നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതിൽ വളരെയധികം പ്രയാസമുള്ളതിന്റെ കാരണങ്ങളിലൊന്ന് ഇതാണെന്നുള്ളതിനു സംശയമില്ല. വർഷങ്ങളായി കാനഡായും ഐക്യനാടുകളും അമ്ലമഴക്കെതിരെ പോരാടുന്നതിൽ ഒരു യോജിപ്പിലെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. ഒടുവിൽ, 1986-ൽ അൽപ്പമായ പുരോഗതി ഉണ്ടായി. ഒരു കനേഡിയൻ ഉദ്യോഗസ്ഥൻ പറഞ്ഞതുപോലെ, അതുവരെ “വെള്ളത്തിൽ മൽസ്യത്തെപ്പോലെ തന്നെ അമ്ലമഴയും മൃതമായിരുന്നു.” ഭൂമിയുടെ ഓസോൺ പാളിയെ നശിപ്പിക്കുന്നതായി തോന്നുന്ന ഏറോസോൾ സ്പ്രേയുടെ ഉൽപ്പാദനം പകുതികണ്ടുകുറവുചെയ്യാൻ 1987-ൽ 31 രാഷ്ട്രങ്ങൾ സമ്മതിച്ചെങ്കിലും ഈ നൂററാണ്ടു കഴിയുന്നതുവരെ ആ ലക്ഷ്യം പ്രാപിക്കുകയില്ല. കൂടുതലായ അന്താരാഷ്ട്ര സഹകരണത്തെ പ്രോൽസാഹിപ്പിക്കുന്നതിന്, യൂറോപ്യൻ ജനസമുദായം 1987-നെ “പരിസ്ഥിതി വർഷ”മായി നിർദ്ദേശിച്ചു.
എന്നിരുന്നാലും, അത്യാഗ്രഹികൾ പണലാഭത്തിനുവേണ്ടിയും സ്വാർത്ഥമതികൾ സൗകര്യത്തിനുവേണ്ടിയും മന:പൂർവ്വം മലിനീകരിക്കുമ്പോൾ, അധികമായ പുരോഗതിയൊന്നും ഉണ്ടാകുകയില്ല. വിജയം ആശ്രയിച്ചിരിക്കുന്നത് അന്യോന്യമുള്ള ക്ഷേമത്തിലുള്ള താൽപ്പര്യത്തിലും വ്യക്തിപരമായ ഉത്തരവാദിത്തം സ്വീകരിക്കുന്നതിനുള്ള മനസ്സൊരുക്കത്തിലുമാണ്. “മലിനീകരണ നിയന്ത്രണം ഭവനത്തിൽ തുടങ്ങുന്നു—ഇതിനെക്കുറിച്ച് എനിക്ക് ബോദ്ധ്യം വന്നിട്ടുണ്ട്” എന്ന് ജർമ്മനിയിലെ പരിസ്ഥിതി മന്ത്രിയായ ക്ലോസ് റേറാപ്ഫർ പറയുന്നു. അതുകൊണ്ട് ഓരോ പൗരനും തന്റെ പങ്കു നിർവ്വഹിക്കണം. ചെറിയ മനുഷ്യൻ വലിയ മനുഷ്യനുനേരെ—രാസവസ്തുശാലകൾക്കും ഫാക്ടറികൾക്കും നേരെ—സ്വയനീതിയോടെ വിരൽ ചൂണ്ടിയേക്കാം. എന്നാൽ ചെറിയ മനുഷ്യൻതന്നെ ചപ്പുചവറുകൾ ചിതറിച്ചിടുമ്പോൾ അവൻ അൽപ്പമെങ്കിലും മെച്ചമാണോ?
“അന്ത്യനാളുകളിൽ” ആളുകൾ “സ്വസ്നേഹികളും പണസ്നേഹികളും, . . . യാതൊരു യോജിപ്പിനും മനസ്സില്ലാത്തവരും . . . നൻമപ്രിയമില്ലാത്തവരും” ആയിരിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയോസ് 3:1-5) മലിനീകരണത്തെ പ്രോൽസാഹിപ്പിക്കുന്നത് ഈ ഗുണങ്ങൾ തന്നെയായതിനാൽ സാഹചര്യം ഇരുളടഞ്ഞതായി കാണപ്പെട്ടേക്കാം. എന്നാലും, മലിനീകരണ വിമുക്തമായ ഒരു ലോകത്തിലെ മാർഗ്ഗതടസ്സങ്ങൾ സത്വരം നീക്കപ്പെടുമെന്നു വിശ്വസിക്കാൻ നമുക്ക് കാരണമുണ്ട്! (g88 5/8)
[6-ാം പേജിലെ ചതുരം]
മലിനീകരണത്തിനെതിരെയുള്ള മമനുഷ്യന്റെ പോരാട്ടത്തിലെ പ്രതിബന്ധങ്ങൾ
◼ അനിയന്ത്രിത വളർച്ച
◼ അപര്യാപ്തമായ അറിവ്
◼ മാനുഷ ദൗർബല്യങ്ങൾ
◼ മൂലകങ്ങളുടെമേലുള്ള നിയന്ത്രണത്തിന്റെ അഭാവം
◼ മററുള്ളവരുടെ ക്ഷേമത്തോടുള്ള സ്വാർത്ഥപരമായ അവഗണന
[7-ാം പേജിലെ ഭൂപടം/ചാർട്ട്]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
അടുത്തകാലത്തെ ഒരു വർഷത്തിൽ ഉൽപ്പാദിപ്പിച്ച വിഷപാഴ്വസ്തുക്കളുടെ കണക്കാക്കപ്പെട്ട ടണ്ണുകൾ
നോർവേ 1,20,000
ഫിൻലൻഡ് 87,000
സ്വീഡൻ 5,50,000
നെഥർലാൻഡ്സ് 2,80,000
ബ്രിട്ടൻ 15,00,000
എഫ്. ആർ. ഓഫ് ജർമ്മനി 48,92,000
ഫ്രാൻസ് 20,00,000
സ്വിററ്സർലണ്ട് 1,00,000