“ഞാൻ മരണത്തെ ഭയപ്പെടുന്നില്ല!”
ഒൻപതു വയസ്സുകാരനായ ക്രിസ്ററഫർ ഹിസ്ലോപ്പ് അയാളുടെ സഹോദരനായ 14 വയസ്സുകാരനായ മാത്യുവിനേപ്പോലെ യഹോവയുടെ സാക്ഷികളിലൊരാളായിരുന്നു. അവർ ഇംഗ്ലണ്ടിലെ മാഞ്ചസ്റററിനടുത്ത് ഒക്ടോബറിലെ ഒരു പ്രഭാതത്തിൽ അവരുടെ അമ്മാവനും അമ്മാവിയും രണ്ടു മാതുലപുത്രൻമാരുമൊത്ത് തങ്ങളുടെ ക്രിസ്തീയ ശുശ്രൂഷയിൽ വീടുതോറുമുള്ള പ്രവർത്തനത്തിലേർപ്പെട്ടിരുന്നു. സായാഹ്നത്തിൽ അവർ അടുത്തുള്ള ഒരു സമുദ്രതീര സന്ദർശക കേന്ദ്രമായ ബ്ലാക്ക്പൂളിലേക്ക് കാഴ്ചകാണാൻ പോയി. ആ ആറുപേരും ഒരു വാഹനാപകടത്തിൽ തൽക്ഷണം കൊല്ലപ്പെട്ട പന്ത്രണ്ടുപേരിൽ ഉൾപ്പെട്ടു, “ഒരു പൂർണ്ണമായ ദുരന്ത”മെന്ന് പോലീസ് അതിനെ വിവരിച്ചു.
ആ ദുരന്തത്തിന്റെ തലേ രാത്രി, ഹിസ്ലോപ്പ് കുടുംബം സംബന്ധിച്ചിരുന്ന അയൽപക്കത്തെ ഒരു ബൈബിളദ്ധ്യയനത്തിൽ ചർച്ചചെയ്യപ്പെട്ട വിഷയം മരണമെന്നതായിരുന്നു. “ക്രിസ്ററഫർ എപ്പോഴും വലിയ ചിന്തയുള്ള ഒരു കുട്ടിയായിരുന്നു” എന്ന് അവന്റെ പിതാവായ ഡേവിഡ് പറഞ്ഞു. ആ രാത്രിയിൽ അവൻ ഒരു പുതിയലോകത്തേക്കുറിച്ചും ഭാവിയേ സംബന്ധിച്ച അവന്റെ പ്രത്യാശയേക്കുറിച്ചും വ്യക്തമായി സംസാരിച്ചിരുന്നു. ഞങ്ങളുടെ ചർച്ച തുടർന്നപ്പോൾ ക്രിസ്ററഫർ പെട്ടെന്ന് ഇപ്രകാരം പറഞ്ഞു: ‘യഹോവയുടെ സാക്ഷികളിലൊരുവനായിരിക്കയെന്നതിൽ ഒരു കാര്യം, മരണം ഉപദ്രവിക്കുമ്പോൾ നാം ഒരുനാൾ ഭൂമിയിൽ വീണ്ടും തമ്മിൽ കാണും എന്ന് നമുക്കറിയാമെന്നതാണ്.’ ആ വാക്കുകൾ എത്ര സ്മരണാർഹമായിത്തീരാൻ പോകുന്നു എന്നത് ഹാജരായിരുന്ന ഞങ്ങളാരും തിരിച്ചറിഞ്ഞിരുന്നില്ല.”
അപകടത്തിനുശേഷം മാഞ്ചസ്ററർ ഈവനിംഗ് ന്യൂസിന്റെ ശീർഷകത്തിൽ ഇപ്രകാരം എഴുതി: “ഞാൻ മരണത്തെ ഭയപ്പെടുന്നില്ല എന്ന് കൊല്ലപ്പെട്ട കുട്ടി പറഞ്ഞു,” ആ ലേഖനം ക്രിസ്ററഫറുടെ കൃത്യമായ വാക്കുകൾ ഉദ്ധരിക്കയും ചെയ്തു. ഒൻപതു വയസ്സുള്ള ഒരു കുട്ടിക്ക് ഇത്ര ഉറപ്പോടെ എങ്ങനെ സംസാരിക്കാൻ കഴിയും? ക്രിസ്ററഫർ എന്തു വിശ്വസിക്കാനാണ് പഠിപ്പിക്കപ്പെട്ടിരുന്നത്?
പുനരുത്ഥാനം—സുനിശ്ചിത പ്രത്യാശ
“ആദിമ ക്രിസ്തീയ പ്രസംഗത്തിലെ ഏററം ത്രസിപ്പിക്കുന്ന സവിശേഷത പുനരുത്ഥാനം സംബന്ധിച്ച അതിന്റെ ഊന്നൽ ആണ്,” എന്ന് ന്യൂ ബൈബിൾ നിഘണ്ടു പറയുന്നു. അത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ആദിമപ്രസംഗകർക്ക് ക്രിസ്തു ഉയിർത്തുവെന്നതും അനന്തരഫലമായി തക്കസമയത്ത് വിശ്വാസികൾ ഉയിർക്കുമെന്നതും സുനിശ്ചിതമാണെന്ന് ഉറപ്പുണ്ടായിരുന്നു. അത് പുരാതനലോകത്തിലെ മറെറല്ലാ ഉപദേഷ്ടാക്കളിൽനിന്നും അവരെ വേർതിരിച്ചുനിർത്തി.”
സത്യക്രിസ്ത്യാനികൾ അതുപോലെതന്നേ ഇന്നും വ്യത്യസ്തരാണ്. അവർ മനുഷ്യന് ഒരു “അമർത്യ ദേഹി”യുണ്ടെന്ന് വ്യാജമായി അവകാശപ്പെട്ടുകൊണ്ട് ഗ്രീക്ക് തത്വജ്ഞാനംകൊണ്ട് കളിക്കുന്നില്ല. പകരം അവർ ‘സ്മാരകക്കല്ലറകളിൽ ഉള്ളവർ എന്റെ ശബ്ദം കേട്ട് പുറത്തുവരും’ എന്ന യേശുവിന്റെ പ്രഖ്യാപനത്തിൽനിന്ന് ശക്തിയാർജ്ജിക്കുന്നു. ക്രിസ്തീയ വിശ്വാസത്തിനുള്ള അടിസ്ഥാനമതാണ്—ദൈവത്തിന്റെ സ്മരണയിലുള്ളവരുടെ, മരണത്തിൽനിന്ന് ഭൗമിക പറുദീസയിലെ ജീവനിലേക്കുള്ള പുനരുത്ഥാനം.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 17:31; 1 കൊരിന്ത്യർ 15:14 ഇവയും കാണുക.
ഡേവിഡ് ഹിസ്ലോപ്പും അയാളുടെ ഭാര്യ എയ്ലീനും തങ്ങളുടെ രണ്ടു പുത്രൻമാരെ ഈ അടിസ്ഥാന ബൈബിൾ സത്യം പഠിപ്പിച്ചിരുന്നു, അതിന്റെ ഫലമായി ഇപ്പോൾ അവർതന്നേ വലിയ ആശ്വാസം അനുഭവിക്കുന്നു. “സ്വാഭാവികമായി, ഞങ്ങൾ ഇപ്പോൾ പുനരുത്ഥാനം സംബന്ധിച്ച് വളരെയധികം ചിന്തിക്കുന്നു, ഞങ്ങൾക്ക് ചിലപ്പോഴൊക്കെ അനുഭവപ്പെടുന്നതുപോലെ ഞങ്ങൾക്ക് എപ്പോഴെങ്കിലും നിരാശ തോന്നിയാൽ പെട്ടെന്ന് ഞങ്ങൾ ഭാവിയേക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുകയും ഞങ്ങളുടെ നഷ്ടം താല്ക്കാലികം മാത്രമാണെന്ന് ഗ്രഹിക്കയും ചെയ്യുന്നു,” എന്ന് ഡേവിഡ് പറയുന്നു. എയ്ലൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇത് നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മറെറാരു രാജ്യത്ത് കുടിയേറിപ്പാർക്കുന്നതുപോലെയാണ്. അവർ എത്രകാലം അകലെയായിരിക്കുമെന്ന് നിങ്ങൾക്കറിഞ്ഞുകൂടാ, എന്നാൽ അവർ മടങ്ങിവരുമ്പോൾ അവരെ കാണാൻവേണ്ടി നോക്കിപ്പാർക്കുന്നു.”
ഒരു ആത്മാർത്ഥമായ ക്ഷണം
നിങ്ങൾ അത്തരം വിശ്വാസം പങ്കിടാൻ ആഗ്രഹിക്കുന്നുവോ? അതു ചെയ്യുന്നതിന് പ്രയാസമില്ല.
ഞങ്ങളുടെ ആദ്യലേഖനം ഇംഗ്ലണ്ടിൽ ഈ അടുത്തയിട നടത്തിയ സർവേയെസംബന്ധിച്ച് പരാമർശിച്ചിരുന്നു. രസാവഹമായി, പള്ളിയിൽപോക്കുകാരല്ലാത്തവരോട് തങ്ങൾ ആരാധനാസ്ഥലം തിരഞ്ഞെടുക്കുകയാണെങ്കിൽ ഏത് തിരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോൾ 27 ശതമാനം (ഏററം വലിയ സംഖ്യ) യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ എന്ന് പ്രസ്താവിച്ചു.
കൂടാതെ, “നിങ്ങൾ ഉൽക്കടമായി ബൈബിൾ, ക്രിസ്തീയവിശ്വാസം മുതലായവ സംബന്ധിച്ച് എന്തെങ്കിലും അറിയാൻ ആഗ്രഹിച്ചിരുന്നെങ്കിൽ നിങ്ങൾ ആരോടു ചോദിക്കുമായിരുന്നു?” എന്ന ചോദ്യത്തിനുത്തരമായി 19 ശതമാനംപേർ, യഹോവയുടെ സാക്ഷികളോട് എന്ന് മറുപടി പറഞ്ഞു.
നിങ്ങൾ എവിടെ ജീവിക്കുന്നെങ്കിലും യഹോവയുടെ സാക്ഷികൾ നിങ്ങളുടെ ബൈബിളിൽ കാണുന്ന ഉപദേശങ്ങൾ സംബന്ധിച്ച നിങ്ങളുടെ വിശ്വാസം കെട്ടുപണിചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ സന്തോഷമുള്ളവരായിരിക്കും. അവരുടെ രാജ്യഹോളുകളിലുള്ള എല്ലാ മീററിംഗുകളും വ്യക്തിപരമായ ഭവന ബൈബിൾ പ്രബോധനങ്ങളും സൗജന്യമായി പ്രദാനം ചെയ്യപ്പെടുന്നു. എന്തുകൊണ്ട് മുൻകൈയെടുത്ത് അവരെ സമീപിച്ചുകൂടാ? നിങ്ങൾക്ക് പെട്ടെന്ന് മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള അറിവിനെ സംബന്ധിച്ചടത്തോളം ആശ്വാസം ലഭിക്കുകമാത്രമല്ല, എന്നാൽ “മേലാൽ മരണം ഉണ്ടായിരിക്കയില്ലാത്ത” നീതിയുള്ള ഒരു പുതിയലോകത്തിന്റെ പ്രത്യാശയും ലഭിക്കും.—വെളിപ്പാട് 21:4. (g88 7/8)
[11-ാം പേജിലെ ചതുരം]
മരണത്തിൽനിന്ന് ഒരു മടങ്ങിവരവ്?
“വൈദ്യശാസ്ത്രപരമായി മരിച്ച” ആളുകൾ പുനരുജ്ജീവിപ്പിക്കപ്പെടുകയെന്നത് അജ്ഞാതമല്ല. പുനരുജ്ജീവിച്ചു കഴിയുമ്പോൾ ചിലർക്ക് ‘മറെറാരു ജീവിതത്തിന്റെ’ അസാധാരണമായ അനുഭവമുണ്ടായതായി അവർ അവകാശപ്പെടുന്നു. എന്നിരുന്നാലും ഇതിന് ഒരു വൈദ്യശാസ്ത്രപരമായ വിശദീകരണമുണ്ട്. ഇംഗ്ലണ്ടിലെ ലണ്ടനിൽനിന്ന് പുറപ്പെടുന്ന “ദി ഇൻഡിപെൻഡൻറ്” എന്ന പത്രം ഇപ്രകാരം പ്രസ്താവിക്കുന്നു: “രക്തപര്യയനത്തിലെ കാർബൺഡയോക്സൈഡിന്റെ ഉയർന്ന ലവലുകൾ നിമിത്തമോ ഓക്സിജന്റെ താണ ലവലുകൾനിമിത്തമോ തലച്ചോറിന്റെ ഒരേ ഭാഗങ്ങൾ ബാധിക്കപ്പെടുന്നതിന്റെ ഫലമായി ആളുകൾ മരണത്തോടടുക്കുമ്പോൾ ഈ മതിഭ്രമങ്ങൾ ഉണ്ടാകാനിടയുള്ളതായി തോന്നുന്നു.” ബോധം തിരിച്ചു കിട്ടുമ്പോൾ ഈ മതിഭ്രമങ്ങൾക്ക് മരിച്ചതായും ജീവനിലേക്കു മടങ്ങിവന്നതായും ഉള്ള തോന്നൽ ഉളവാക്കാൻ കഴിയും.