മർദ്ദകരായ ഭർത്താക്കൻമാർ—ഒരു അടുത്ത വീക്ഷണം
ഭാര്യാമർദ്ദകൻമാർക്ക് അടിസ്ഥാനപരമായി ഒരേ വ്യക്തി വിശേഷങ്ങളാണുള്ളത് എന്ന കാര്യത്തിൽ വിദഗ്ദ്ധൻമാർ ഏകാഭിപ്രായക്കാരാണ്. ഡോക്ടർമാർ, നിയമജ്ഞൻമാർ, പോലീസ് ഉദ്യോഗസ്ഥൻമാർ, കോടതി ഉദ്യോഗസ്ഥൻമാർ—തങ്ങളുടെ തൊഴിലിന്റെ സ്വഭാവം നിമിത്തം കുടുംബ അക്രമവുമായ ദിനംപ്രതി സമ്പർക്കത്തിൽ വരുന്നവർ—ഇതിനോട് യോജിക്കുന്നു. ഒരു കോടതി ഉദ്യോഗസ്ഥൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നാർസിസിസ്സം [സ്വസ്നേഹം]—ഇതാണ് മുഖ്യസ്വഭാവവിശേഷം. ഒരു കൊച്ചു കുട്ടിയ്ക്കും ഒരു മർദ്ദകനും മദ്ധ്യേ കൽപ്പിക്കുന്ന സാദൃശ്യം അതിശയിപ്പിക്കുന്നതാണ്. ഞാൻ കൈകാര്യം ചെയ്യേണ്ടിവന്ന ഓരോ സ്ത്രീയും അകാരണമായ ക്ഷോഭത്തിന്റെ കഥകൾ പറഞ്ഞു. തന്റെ ആവശ്യങ്ങൾ ലോകം എങ്ങനെ നിറവേററിത്തരും എന്ന അടിസ്ഥാനത്തിലാണ് മർദ്ദകൻ ലോകത്തോട് സമീപനം പുലർത്തുന്നത്.” ഈ ഉദ്യോഗസ്ഥൻ മർദ്ദകനെ “സാമൂഹ്യരോഗി” [“സോഷിയോപഥിക്”] എന്ന് നാമകരണം ചെയ്യുന്നു. അതിന്റെ അർത്ഥം, തന്റെ പ്രവൃത്തിയുടെ പരിണതഫലങ്ങൾ ചിന്തിക്കാൻ അയാൾ അപ്രാപ്തനാണ് എന്നാണ്.
“രസകരമെന്ന് പറയട്ടെ,” എന്ന് പറഞ്ഞുകൊണ്ട് ഒരു എഴുത്തുകാരൻ ഇങ്ങനെ പറയുന്നു: “ഉപദ്രവികളായ പുരുഷൻമാർ പൊതുവെ ഒരു താണ പ്രതിച്ഛായ നിമിത്തം പ്രയാസപ്പെടുന്നവരാണ്. ഇതേ ലക്ഷണം അവർ അവരുടെ ഇരകളിലേക്കും പകരാൻ പ്രയത്നിക്കുന്നു.” “നഷ്ടശങ്ക, അസൂയ അതുപോലെ ലൈംഗിക അപര്യാപ്തത, താഴ്ന്ന സ്വയമതിപ്പ് എന്നിവയെല്ലാമാണ് സ്ത്രീകളെ മർദ്ദിക്കുന്ന പുരുഷൻമാരുടെ സാധാരണ പ്രത്യേകതകൾ,” എന്ന് ഒരു പ്രസ്സ് റിപ്പോർട്ട് പറഞ്ഞു. ഒരു ഭാര്യാമർദ്ദകന്റെ ഈ ചിത്രത്തോട് യോജിച്ചുകൊണ്ട് ഒരു ശ്രദ്ധേയനായ മന:ശാസ്ത്രജ്ഞൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അപര്യാപ്തത അനുഭവിക്കുന്ന മനുഷ്യൻ തന്റെ പുരുഷത്വം തെളിയിക്കാൻ ശ്രമിക്കുന്ന ഒരു മാർഗ്ഗമാണിത്.”
തന്റെ ഭാര്യയുടെമേൽ തന്റെ നിയന്ത്രണം നിലനിർത്തുന്നതിനും അവളുടെ മേൽ തന്റെ അധികാരം പ്രയോഗിക്കുന്നതിനുമുള്ള ഒരു ആയുധമെന്നവണ്ണമാണ് ദ്രോഹിയായ പുരുഷൻ അക്രമത്തെ ഉപയോഗിക്കുന്നത്, എന്ന് സ്പഷ്ടമാകുന്നു. ഒരു ഭാര്യാമർദ്ദകൻ ഇങ്ങനെ പ്രഖ്യാപിച്ചു: “അടി നിർത്തിയാൽ നിയന്ത്രണം നഷ്ടപ്പെടും. അത് ചിന്തിക്കാനോ സഹിക്കാനോ വഹിയാത്ത സംഗതിയാണ്.”
പലപ്പോഴും മർദ്ദകനായ ഭർത്താവു കാരണം കൂടാതെ ന്യായബോധരഹിതനായി, നഷ്ടശങ്കയും അസൂയയും വച്ചുപുലർത്തിയേക്കാം. അയാൾ തന്റെ ഭാര്യയ്ക്കു പോസ്ററുമാൻ, പാൽക്കാരൻ, ഒരു കുടുംബസുഹൃത്ത് അല്ലെങ്കിൽ അവൾ സംസാരിക്കാനിടയുള്ള മററാരെങ്കിലുമായോ പ്രേമബന്ധമുള്ളതായി ഭാവനയിൽ കണ്ടേക്കാം. അഥവാ ദേഹനൊമ്പരമേൽപ്പിച്ചുകൊണ്ട് അയാൾ ഭാര്യയെ മോശമായി കൈകാര്യം ചെയ്താൽ തന്നെ, അവൾ തന്നെ വിട്ടുപോവുമോ അല്ലെങ്കിൽ അവൾ തനിക്ക് നഷ്ടപ്പെടുമോ എന്ന ശങ്ക അയാൾക്കുണ്ടായിരിക്കും. ഉപദ്രവിക്കപ്പെട്ട ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഭീഷണി ഉയർത്തിയാൽ അയാൾ അവളെ കൊന്നിട്ട് ആത്മഹത്യ ചെയ്യാൻ വരെ തുനിഞ്ഞേക്കും.
ദു:ശങ്ക അതിന്റെ വികൃത മുഖം ഉയർത്താറുള്ളത് ഭാര്യ ഗർഭവതി ആയിരിക്കുമ്പോഴാണ്. തന്റെ ഭാര്യയുടെ പ്രിയം തന്നിൽ നിന്നു വഴുതിമാറുന്നതിനും ശിശു ശ്രദ്ധാ കേന്ദ്രമായിത്തീരുന്നതിനുമുള്ള സാദ്ധ്യത അയാൾക്ക് ഒരു ഭീഷണിയായി തോന്നിയേക്കാം. പ്രഥമ ഗർഭധാരണത്തിന്റെ കാലത്ത് ഭർത്താവ് ആദ്യമായി വയററിൽ ഇടിച്ചപ്പോഴായിരുന്നു ഭർത്താവിൽനിന്നുള്ള ഉപദ്രവം ആദ്യമായി അനുഭവിച്ചത് എന്ന് ഉപദ്രവിക്കപ്പെട്ട ഭാര്യമാർ പലരും റിപ്പോർട്ട് ചെയ്യുന്നു. “അയാൾ പുലർത്തുന്ന സ്വസ്നേഹം സ്വന്തം കുഞ്ഞിന്റെ ഭ്രൂണത്തെ കൊന്നുകളയാനൊരുമ്പെടുന്ന ഒരു നിലയിൽ വരെ അയാളെ കൊണ്ടെത്തിച്ചേക്കാം,” എന്ന് ഒരു കോടതി ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
അക്രമത്തിന്റെ ഒരു പരിവൃത്തി
ഭാര്യാദണ്ഡകന്റെ സ്വഭാവവിശേഷതയിലെ മറെറാരു പ്രത്യേകത സംഭവിക്കാറുള്ള അക്രമ പരിവൃത്തിയാണ്. ഒന്നാം ഘട്ടത്തിൽ ഭർത്താവ് ഭാര്യയെ അസഭ്യഭാഷയിൽ ചീത്തവിളിക്കുക മാത്രം ചെയ്തേക്കാം. അയാൾ കുട്ടികളെ അവളിൽ നിന്ന് അകററിക്കൊണ്ടു പോകുമെന്നും മേലാൽ അവർ തമ്മിൽ കാണുകയില്ലെന്നും പറഞ്ഞേക്കാം. ഭീഷണിക്ക് വിധേയയായി, അയാളുടെ ദ്രോഹകരമായ പെരുമാററത്തിനുള്ള ഉത്തരവാദിത്തം ഏററുകൊണ്ട് എല്ലാം തന്റെ കുററമാണ് എന്ന് അവൾ സമ്മതിച്ചേക്കാം. ഇതോടെ അവൾ അയാളുടെ കൈയ്യിലെ പാവയായി മാറുകയാണ്. അയാൾ നിയന്ത്രണം ആർജ്ജിക്കുന്നു. പക്ഷേ അയാൾക്ക് കൂടുതൽ ആധിപത്യം വേണം. ഈ ആദ്യ ദശ വിവാഹം കഴിഞ്ഞ് ഏതു സമയത്ത് വേണമെങ്കിലും സംഭവിക്കാം—ചിലപ്പോൾ ആഴ്ചകൾക്കുള്ളിൽ തന്നെ.
രണ്ടാംഘട്ടം ഒരു അക്രമത്തിന്റെ പൊട്ടിത്തെറിയോടെ വന്നേക്കാം—തൊഴി, ഇടി, കടി, മുടി വലിച്ചു പറിക്കൽ, അക്രമാസക്തമായ വിധത്തിൽ ലൈംഗിക നടപടികൾ ചെയ്യൽ തുടങ്ങിയവ. അപ്പോഴാദ്യമായി കുററക്കാരി താനല്ലെന്ന് ഭാര്യ മനസ്സിലാക്കിയേക്കാം. സാദ്ധ്യതയനുസരിച്ച് ഒരു ബാഹ്യ ഉറവിടമാണ് പ്രശ്നത്തിന്റെ മൂലഹേതു എന്നവൾ ന്യായവാദം ചെയ്തേക്കാം—തൊഴിലിടത്തെ സംഘർഷം, അല്ലെങ്കിൽ സഹജോലിക്കാരോട് പൊരുത്തമില്ലായ്മ എന്നിവ.
അക്രമത്തിന്റെ പൊട്ടിത്തെറികഴിഞ്ഞ് ഉടൻ ഭാര്യയെ ഭർത്താവ് പശ്ചാത്താപം കൊണ്ട് ആശ്വസിപ്പിക്കുന്നു. അയാൾ ഇപ്പോൾ തന്റെ പരിവൃത്തിയുടെ മൂന്നാം ഘട്ടത്തിലാണ്. അയാൾ അവളെ സമ്മാനങ്ങൾകൊണ്ട് പൊതിയുന്നു. അയാൾ അവളോട് ക്ഷമ ചോദിക്കുന്നു. മേലാൽ അങ്ങനെ സംഭവിക്കുകയില്ല എന്ന് അയാൾ വാഗ്ദാനവും ചെയ്യുന്നു.
പക്ഷേ, അതു വീണ്ടും വീണ്ടും സംഭവിക്കുന്നു. ഇനിമേൽ പശ്ചാത്താപമില്ല. ഇത് ജീവിതരീതിയായി മാറിക്കഴിഞ്ഞു. അവൾ വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയാൽ അവളെ കൊന്നുകളയുമെന്ന മറുഭീഷണി എപ്പോഴും ഉണ്ടായിരിക്കും. അവൾ ഇപ്പോൾ സമ്പൂർണ്ണാധിപത്യത്തിന്റെ കീഴിലായിരിക്കുന്നു. ഒരു ഭാര്യാമർദ്ദകൻ മുമ്പ് ഉദ്ധരിച്ച പിൻവരുന്ന വാക്കുകൾ ഓർമ്മിക്കുക: “ഞങ്ങൾ അടി നിർത്തിയാൽ നിയന്ത്രണം കൈവിട്ടുപോകും, അത് ചിന്തിക്കാനേ വയ്യ.”
മറ്റൊരു സാദൃശ്യം
അടിക്ക് കാരണമുണ്ടാക്കുന്നത് ഭാര്യമാരാണ് എന്ന് ഭാര്യാദ്രോഹികൾ അവരുടെ ഇണകളെ എപ്പോഴും പഴിചാരുന്നു. മർദ്ദിതരായ ഭാര്യമാർക്കുവേണ്ടിയുള്ള ഒരു പരിപാടിയുടെ ഡയറക്ടർ ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: “ഉപദ്രവി തന്റെ ഇണയോട് പറയുന്നതിങ്ങനെയാണ്, ‘നീ ഇത് ചൊവ്വെ ചെയ്യുന്നില്ല, അതുകൊണ്ടാണ് ഞാൻ നിന്നെ തല്ലുന്നത്’ അല്ലെങ്കിൽ ‘അത്താഴം താമസിച്ചു, അതുകൊണ്ടാണ് ഞാൻ നിന്നെ തല്ലുന്നത്.’ എപ്പോഴും കുററം അവളുടെതായിരിക്കും. ഇത്തരം വൈകാരിക ദ്രോഹം വർഷങ്ങളോളം തുടരുമ്പോൾ അത് വിശ്വസിക്കുമാറ് അവൾ മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യപ്പെടുന്നു.”
തന്റെ ഭാര്യ തെററായി ചെയ്ത കാര്യങ്ങൾ വഴി അവൾ ആക്രമണങ്ങൾക്ക് പ്രലോഭിപ്പിക്കുകയാണ് എന്നു ഒരു ഭർത്താവ് ഭാര്യയോട് പറഞ്ഞു. “അക്രമം വർദ്ധിച്ചതോടെ ഒഴികഴിവുകളും വർദ്ധിച്ചു. അതെപ്പോഴും ഇങ്ങനെ ആയിരുന്നു: ‘നീ എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിച്ചെന്ന് നോക്കുക. ഞാനിതെല്ലാം ചെയ്യാൻ നീ എന്തിനിടയാക്കുന്നു?’”
പരിവർത്തനം വന്ന ഒരു മുൻകാല ഭാര്യാഉപദ്രവി, (അയാളുടെ പിതാവും ഒരു ഭാര്യാ മർദ്ദകനായിരുന്നു) ഇങ്ങനെ പറഞ്ഞു: “തനിക്ക് തെററിപ്പോയി എന്ന് എന്റെ പിതാവ് ഒരിക്കലും സമ്മതിക്കുകയില്ലായിരുന്നു. അദ്ദേഹം ഒരിക്കലും മാപ്പു ചോദിക്കുകയോ തന്റെ നടപടികൾക്കുള്ള ധാർമ്മിക ഉത്തരവാദിത്തം ഏററുകൊള്ളുകയോ ചെയ്തിരുന്നിട്ടില്ല. അദ്ദേഹം തന്റെ ഇരയെ എപ്പോഴും പഴിചാരി.” മകനും ഇങ്ങനെ സമ്മതിച്ചു പറയുന്നു, “തന്റെ മേലുള്ള ഉപദ്രവം സ്വയം ക്ഷണിച്ചു വരുത്തിയതിന് ഞാൻ എന്റെ ഭാര്യയെ കുററപ്പെടുത്തിയിരുന്നു.” മറെറാരാൾ പറഞ്ഞതിങ്ങനെയാണ്: “ഞാൻ പതിനഞ്ചു വർഷക്കാലം എന്റെ ഭാര്യയെ മർദ്ദിച്ചിരുന്നു, കാരണം അവൾ യഹോവയുടെ ഒരു സാക്ഷി ആയിരുന്നു. ഞാൻ എന്റെ ഭാര്യയെ സർവ്വതിനും കുററപ്പെടുത്തിയിരുന്നു. ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയ സമയം വരെ ഞാൻ ചെയ്തിരുന്നത് അങ്ങേയററം മോശമായ കാര്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നത് ഒരു ദുഃഖസ്മരണയാണ്. ഞാനത് മറക്കാൻ ശ്രമിക്കുന്നു, പക്ഷേ അതെപ്പോഴും അവിടെ തങ്ങി നിൽക്കുന്നു.”
ഭാര്യാമർദ്ദകരായ പിതാവിന്റെയും പുത്രന്റെയും അനുഭവം മറെറങ്ങും കാണാത്തതല്ല. അത് മറിച്ച് മർദ്ദകരായ ഭർത്താക്കൻമാരുടെ പൊതു സ്വഭാവമുള്ള ചിത്രമാണ്. അപ്പൻമാരിൽ നിന്ന് ആൺമക്കളിലേക്ക് കൈമാറി, കൈമാറി ഭാര്യാമർദ്ദനം തന്റെ കുടുംബത്തിൽ 150 വർഷം പിൻചെല്ലുന്നു എന്ന് പുത്രൻ സമ്മതിച്ചു പറഞ്ഞു. ഗാർഹിക അക്രമത്തിനെതിരെയുള്ള ദേശീയ സഖ്യം പറയുന്നതനുസരിച്ച് “ഗാർഹിക അക്രമം കണ്ടു വളരുന്ന ആൺകുട്ടികളിൽ 60 ശതമാനം കാലാന്തരത്തിൽ മർദ്ദകൻമാരായും പെൺകുട്ടികളിൽ 50 ശതമാനം മർദ്ദന പാത്രങ്ങളായും തീരുന്നു.”
ഒരു പത്രലേഖകൻ ഇങ്ങനെ പറഞ്ഞു: “തങ്ങൾ അക്രമത്തിൽ നിന്നൊഴിവാക്കപ്പെടുകയോ പുറമെ യാതൊരു മാനസികക്ഷതവും കാണിക്കാതിരിക്കുകയോ ചെയ്തേക്കാം. എങ്കിലും ഈ കുട്ടികൾ തങ്ങളുടെ ജീവിതകാലത്തൊരിക്കലും മറക്കാത്ത ഒരു കാര്യം പഠിച്ചിരിക്കും: അക്രമാസക്തമായ വിധത്തിൽ പ്രശ്നങ്ങളും സംഘർഷവും നേരിടുന്നത് സ്വീകാര്യമായ ഒരു നടപടിയാണ് എന്നുതന്നെ.”
മർദ്ദിതരായ സ്ത്രീകൾക്കുവേണ്ടി അഭയകേന്ദ്രങ്ങൾ നടത്തുന്ന ആളുകൾ പറയുന്നത്, തങ്ങളുടെ അപ്പൻമാർ തങ്ങളുടെ അമ്മമാരെ തല്ലുന്നത് കണ്ടു വളരുന്ന ആൺകുട്ടികൾ മിക്കപ്പോഴും അവരുടെ അമ്മമാരുടെ നേരെ അക്രമാസക്തമായി തിരിയുകയോ അവരുടെ സഹോദരിമാരെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യും എന്നാണ്. “ഇത് വെറും കുട്ടിക്കളി അല്ല,” എന്നൊരാൾ പറഞ്ഞു. “അതു തികച്ചും മനപൂർവ്വകമാണ്.” തങ്ങളുടെ മാതാപിതാക്കൾ അക്രമം കൊണ്ട് കോപം കൈകാര്യം ചെയ്യുന്നത് കണ്ടു ശീലിച്ച കുട്ടികൾ, അവലംബിക്കാനുള്ള ഏകമാർഗ്ഗം ഇതുതന്നെ എന്നു കാണുന്നു.
ഒരു നേഴ്സറിക്കവിത, കൊച്ചു ബാലികമാർ “പഞ്ചസാരയും, പരിമളവസ്തുക്കളും എല്ലാ നല്ല വസ്തുക്കളും” കൊണ്ടാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് എന്നു പാടുന്നു. ഈ കൊച്ചു കുട്ടികളാണ് വളർന്ന് നമ്മുടെ അമ്മമാരോ ഭാര്യമാരോ ആയിത്തീരുന്നത്. അവരെക്കുറിച്ച് ഭർത്താക്കൻമാർ പറയുന്നത് അവരെകൂടാതെ അവർക്ക് ജീവിക്കാൻ വഹിയാ എന്നാണ് താനും. തീർച്ചയായും, ആ സ്ഥിതിക്ക്, നീതി ഭാര്യാമർദ്ദനത്തിനെതിരാണ്, പക്ഷേ ആരുടെ നീതി—മനുഷ്യന്റെയോ ദൈവത്തിന്റെയോ? (g88 11/22)