മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞകാലത്തിന്റെ കാഴ്ച്ചപ്പാടിൽ
ഭാഗം 9: ക്രി. മു. 551 മുതൽ ശരിയായ മാർഗ്ഗത്തിനായുള്ള പൗരസ്ത്യ അന്വേഷണം
“സത്യത്തിന്റെ മാർഗ്ഗം ഒരു വലിയ പാതപോലെയാണ്.”—മെംഗ്-സൂ, ക്രി. മു. നാലാം നൂററാണ്ടിലെ ചൈനീസ് യോഗി
തങ്ങളുടേത് രക്ഷയിലേക്ക് നയിക്കുന്ന സത്യമാർഗ്ഗമാണെന്ന് നിരവധി മതങ്ങൾ അവകാശവാദം ചെയ്യുന്നു. ദൃഷ്ടാന്തത്തിന് കൺഫ്യൂഷ്യസ്മതം, തായോമതം, ബുദ്ധമതം എന്നിവ ചൈനയിലെ “മൂന്നു മാർഗ്ഗങ്ങൾ” എന്നു വിളിക്കപ്പെടുന്നു. ജപ്പാനിലെ മതങ്ങളും കൊറിയയിലെ മതങ്ങളും സമാനമായ പദങ്ങൾ ഉപയോഗിക്കുന്നു. ഈ വിവിധ “മാർഗ്ഗങ്ങൾ”ക്ക് വ്യത്യാസങ്ങളുണ്ടെങ്കിൽ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
കൺഫ്യൂഷ്യസമതം—മനുഷ്യന്റെ മാർഗ്ഗം
കൺഫ്യൂഷ്യസിനെക്കുറിച്ച് അധികമൊന്നും അറിയപ്പെടുന്നില്ലെങ്കിലും അദ്ദേഹം “ലോകചരിത്രത്തിലെ അത്യന്തം സ്വാധീനമുണ്ടായിരുന്ന മനുഷ്യരുടെ കൂട്ടത്തിൽ എണ്ണപ്പെടണ”മെന്ന് ഒരു കീർത്തിപ്പെട്ട സംശോധകഗ്രന്ഥം പറയുന്നു. ഒരു അദ്ധ്യാപകനും തത്വചിന്തകനും ഒരു രാഷ്ട്രീയസൈദ്ധാന്തികനുമായിരുന്ന അദ്ദേഹം ക്രി.മു. 551നും 479നുമിടക്കാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ കുടംബപേർ കംഗ് എന്നായിരുന്നു, തന്നിമിത്തം അദ്ദേഹം പിൽക്കാലത്ത് കംഗ്ഫ്യൂസു എന്നു വിളിക്കപ്പെട്ടിരുന്നു, അർത്ഥം “കംഗ് ഗുരു.” ലാററിൻഭാഷ്യമാണ് “കൺഫ്യൂഷ്യസ്.”
കൺഫ്യൂഷ്യസ് ഒരു പുതിയ മതം സ്ഥാപിച്ചില്ല. അദ്ദേഹം കേവലം “തന്റെ ജൻമദേശത്ത് പുരാതനമേ സ്ഥിതിചെയ്തിരുന്ന മതത്തെ സംഘടിപ്പിക്കുകയും അതിന്റെ പുസ്തകങ്ങൾക്ക് രൂപവും അതിന്റെ ചടങ്ങുകൾക്ക് മാന്യതയും അതിന്റെ ധാർമ്മികചട്ടങ്ങൾക്ക് ദൃഢതയും കൊടുത്തു”വെന്നേയുള്ളുവെന്ന് ദി വൈക്കിംഗ പോർട്ടബിൾ ലൈബ്രറി വേൾഡ ബൈബിൾ വിശദീകരിക്കുന്നു.” ദൈവശാസ്ത്രമല്ല, മനുഷ്യപെരുമാററമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യതാല്പര്യം. അദ്ദേഹത്തിന്റെ ഉപദേശം മുഖ്യമായി ഒരു സാമൂഹിക ധർമ്മശാസ്ത്രമായിരുന്നു. രാഷ്ട്രീയ സ്ഥാനം നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ തന്റെ ജനത്തിന്റെ കഷ്ടപ്പാടുകൾ നീക്കാനുള്ള ഒരു അദമ്യമായ ആഗ്രഹത്താൽ പ്രേരിതമായിരുന്നു. അപ്പോൾ, ഉചിതമായി, ഉൽക്കർഷേച്ഛുവായ മതനേതാവിനെക്കാളുപരി ഭഗ്നാശനായ രാജ്യതന്ത്രജ്ഞനായിരുന്ന ഈ മമനുഷ്യന്റെ തത്വശാസ്ത്രം “കൺഫ്യൂഷ്യസ് മനുഷ്യമാർഗ്ഗം” എന്നു വിളിക്കപ്പെട്ടിരിക്കുന്നു.
തന്റെ നാളിലെ മതം ഏറെയും അന്ധവിശ്വാസമാണെന്ന് പറഞ്ഞുകൊണ്ട് കൺഫ്യൂഷ്യസ് മതത്തെ അത്ര കാര്യമായി വിചാരിച്ചില്ല. അദ്ദേഹം ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോയെന്നു ചോദിച്ചപ്പോൾ “ഞാൻ സംസാരിക്കാനിഷ്ടപ്പെടുന്നില്ല” എന്ന് അദ്ദേഹം പറഞ്ഞതായിട്ടാണ് സങ്കല്പം. എന്നാൽ “സ്വർഗ്ഗം” എന്നർത്ഥമുള്ള ററിയെൻ-നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അനേകം പരാമർശനങ്ങൾ അമൂർത്തമായ ഒരു ഉയർന്ന ശക്തിയെക്കാളുപരിയായ എന്തിലോ അദ്ദേഹം വിശ്വസിച്ചിരുന്നുവെന്ന് അർത്ഥമാക്കുന്നതായി ചിലർ വ്യാഖ്യാനിക്കുന്നു.
കൺഫ്യൂഷ്യസ് കുടുംബമൂല്യങ്ങളെയും അധികാരത്തോടുള്ള ആദരവിനെയും സാമൂഹിക ഐക്യത്തെയും ഊന്നിപ്പറഞ്ഞു. അദ്ദേഹം പ്രാപ്തികൾ വികസിപ്പിച്ചെടുക്കുന്നതിനും മററുള്ളവരെ സേവിക്കുന്നതിനാവശ്യമായ വ്യക്തിപരമായ ഗുണങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിലേക്ക് ശ്രദ്ധക്ഷണിച്ചു. അദ്ദേഹം ജൻ-നെ ദൃഢീകരിച്ചു, അത് പൊതുവേ മനുഷ്യവർഗ്ഗത്തോടുള്ള കാരുണ്യം എന്നും വിശേഷിച്ച് പുത്രയോഗ്യമായ ഭക്തിയെന്നും സഹോദരബഹുമാനം എന്നും അർത്ഥമുള്ള ഒരു പദമാണ്. അദ്ദേഹം പൂർവ്വികാരാധനക്ക് പ്രോൽസാഹനം കൊടുത്തു.
ഈ സവിശേഷ കൺഫ്യൂഷ്യസ് സ്വഭാവങ്ങൾ ഇപ്പോഴും കൺഫ്യൂഷ്യസിന്റെ മാതൃകയിൽ വളർത്തപ്പെട്ട ഏഷ്യക്കാരുടെ ലക്ഷണമാണ്. ചിക്കാഗോയിലുള്ള ഇല്ലിനോയി യൂണിവേഴ്സിററിയിലെ സാമൂഹ്യശാസ്ത്രജ്ഞനായ വില്യം ലിയൂ “കൺഫ്യൂഷ്യസ് ധർമ്മശാസ്ത്രം ആളുകളെ ജോലിചെയ്യാനും മികവുനേടാനും തങ്ങളുടെ മാതാപിതാക്കളോടുള്ള കടപ്പാട് നിറവേററാനും ഉത്തേജിപ്പിക്കുന്നു”വെന്നു പറയുന്നു. അങ്ങനെ ശക്തമായ കൺഫ്യൂഷ്യസ്സ്വാധീനത്തോടുകൂടിയ രാജ്യങ്ങളിൽനിന്നുള്ള കുടിയേററക്കാർ ഐക്യനാടുകളിൽ അത്യന്തം ഉയർന്ന പാണ്ഡിത്യത്തിന് പ്രശസ്തരായിത്തീർന്നിട്ടുണ്ട്.
കൺഫ്യൂഷ്യസിന്റെ ചിന്തയുടെ മൂലക്കല്ല് വൂ ചിംഗ (അഞ്ച് ക്ലാസിക്കുകൾ) എന്നറിയപ്പെടുന്ന ശേഖരമാണ്. 12-ാം നൂററാണ്ടിൽ കൂട്ടിച്ചേർക്കപ്പെട്ട “നാലു പുസ്തകങ്ങൾ” അഥവാ സ്സു ഷു, കൺഫ്യൂഷ്യസ്ചിന്തക്ക് അത്യന്താപേക്ഷിതമാണെന്ന് പറയപ്പെടുന്നു. ഹ്രസ്വതയും സാന്ദ്രതയും ചേർന്ന അവയുടെ ശൈലി അവയെ മനസ്സിലാക്കാൻ പ്രയാസകരമാക്കിത്തീർക്കുന്നു.
ക്രി.വ. നാലാം നൂററാണ്ടായതോടെ കൺഫ്യൂഷ്യസിന്റെ ചട്ടങ്ങൾ വടക്കൻകൊറിയയിലെ കോക്കൂരിയോ രാജ്യത്തിൽ പഠിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. ഒരുപക്ഷേ ക്രി.വ. അഞ്ചാം നൂററാണ്ടിന്റെ ആരംഭത്തിൽ കൺഫ്യൂഷ്യസ്മതം ജപ്പാനിലേക്കു വ്യാപിച്ചു. അതിനിടയിൽ, ചൈനയിൽ മറെറാരു മാർഗ്ഗം വികാസം പ്രാപിക്കുന്നുണ്ടായിരുന്നു.
തായോമതം—പ്രകൃതിമാർഗ്ഗം
സഹസ്രാബ്ദങ്ങളിലെ ചൈനീസ്ചിന്തയുടെ കേന്ദ്രമായിരുന്ന തായോയുടെ അർത്ഥം “മാർഗ്ഗം” അഥവാ “പാത” എന്നാണ്. അത് പ്രപഞ്ചം പ്രവർത്തിക്കുന്ന സ്വാഭാവിക വിധത്തിനു ചേർച്ചയായി കാര്യങ്ങൾ ചെയ്യുന്ന ശരിയായ വിധത്തെ കുറിക്കാനിടയായി. അതിന്റെ സ്ഥാപകൻ കൺഫ്യൂഷ്യസിന്റെ ഒരു സമകാലീനനായിരുന്നുവെന്നും അദ്ദേഹത്തിന് ലാവോ ററ്സെ എന്ന സ്ഥാനപ്പേരുണ്ടായിരുന്നുവെന്നും പാരമ്പര്യം പറയുന്നു. അതിന്റെ അർത്ഥം ഒന്നുകിൽ “പ്രായമുള്ള കുട്ടി” എന്നോ “വൃദ്ധ (പൂജ്യനായ) തത്വചിന്തകൻ” എന്നോ ആണ്. അത്ഭുതകരമായ ഗർഭധാരണത്തിനും പല ദശാബ്ദങ്ങളിലെ ഗർഭത്തിനും ശേഷം പ്രായത്താൽ അയാളുടെ മുടി വെളുത്ത ശേഷം അയാളുടെ അമ്മ അയാളെ പ്രസവിച്ചതുകൊണ്ടാണ് ലാവോ ററ്സെ അങ്ങനെ വിളിക്കപ്പെട്ടതെന്നു ചിലർ അവകാശപ്പെടുന്നു. അയാളുടെ ജ്ഞാനപൂർവകമായ ഉപദേശങ്ങളോടുള്ള ബഹുമാനംകൊണ്ടാണ് ഈ സ്ഥാനപ്പേർ കൊടുക്കപ്പെട്ടതെന്ന് മററു ചിലർ പറയുന്നു.
ഒരു കുട്ടിക്ക് ജനനത്തിങ്കൽ ഒരു നിശ്ചിത അളവിൽ “മൗലിക ശ്വാസം” അഥവാ ജീവശക്തി കൊടുക്കപ്പെടുന്നുവെന്ന് തായോമതം പഠിപ്പിക്കുന്നു. ധ്യാനം, ഭക്ഷ്യക്രമങ്ങൾ, ശ്വസനം, ലൈംഗികനിയന്ത്രണം എന്നിങ്ങനെയുള്ള വിവിധമാർഗ്ഗങ്ങളിൽ “മൗലിക ശ്വാസ”ത്തിന്റെ അനാവശ്യമായ ശോഷണം ഒഴിവാക്കാൻ കഴിയും. അങ്ങനെ ദീർഘായുസ്സ് പുണ്യവാളത്വത്തിന്റെ പര്യായമാണ്.
മനുഷ്യശരീരം പ്രകൃതിയുമായുള്ള ഉചിതമായ പൊരുത്തത്തിൽ സൂക്ഷിക്കപ്പെടേണ്ട ചെറിയ തോതിലുള്ള ഒരു പ്രപഞ്ചമായി വീക്ഷിക്കപ്പെടുന്നു. ഇതിന് ചൈനാക്കാർ യിൻ എന്നും യാംഗ എന്നും വിളിക്കുന്നതിനോടു ബന്ധമുണ്ട്, അക്ഷരീയമായി അവ ഒരു കുന്നിന്റെ നിഴലുള്ളതും വെയിലുള്ളതുമായ വശങ്ങളാണ്. സകല ചൈനീസ് തത്വശാസ്ത്രങ്ങളുടെയും അടിസ്ഥാനമായ യിൻ-നും യാംഗും വിപരീതമെങ്കിലും പൂരകങ്ങളായ മൂലകങ്ങളാണ്, അവയിൽനിന്നാണ് പ്രകൃതിയിലെ സകലവും രചിക്കപ്പെട്ടിരിക്കുന്നത്. ദി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കാ വിശദീകരിക്കുന്നു: “യിൻ ഇരുണ്ടതിലും നിഴലുള്ളതിലും തണുത്തതിലും നനഞ്ഞതിലും ക്ഷയിക്കുന്നതിലും വളയുന്നതിലും ഭൗമികമായതിലും പെൺവർഗ്ഗത്തിലും പ്രാബല്യംകാട്ടുന്നു, അതേസമയം യാംഗ പ്രശോഭനവും ചൂടുള്ളതും ഉണങ്ങിയതും വർദ്ധിക്കുന്നതും കർക്കശവും ആക്രമണകാരിയും സ്വർഗ്ഗീയവും പുരുഷവർഗ്ഗവുമാണ്.” ഇംഗ്ലീഷിൽ ജിയോമൻസി എന്നു വിളിക്കപ്പെടുന്ന ഒരു ചൈനീസ് ആഭിചാരരൂപമായ ഫെംഗ-ഷൂയ-യിൽ ഈ തത്വത്തിന്റെ ഒരു ബാധകമാക്കൽ കാണപ്പെടുന്നു. അത് പട്ടണങ്ങൾക്കും ഭവനങ്ങൾക്കും വിശേഷാൽ ശവക്കുഴികൾക്കും ശുഭകരമായ സ്ഥാനങ്ങൾ കണ്ടെത്താൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതാണ്. സാദ്ധ്യതയുള്ള ഒരു സ്ഥാനത്തെ യിൻ-യാംഗ ശക്തികൾക്ക് അവിടത്തെ നിവാസികളുടേതിനോടുള്ള പൊരുത്തം അവരുടെ ക്ഷേമത്തിന് ഉറപ്പുവരുത്തുമെന്ന് അവകാശവാദമുണ്ട്. “കോസ്മിക്ക് ശക്തികളുടെ” ഉചിതമായ “സംയോജനം മരിച്ചവർക്കു പ്രയോജനംചെയ്യുമെന്നും പരലോകത്തിലെ അവരുടെ പുരോഗതിയെ സുകരമാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.”
എന്നിരുന്നാലും, യിൻ-യാംഗ ശക്തികളെ സമനിലയിൽ നിർത്താൻ ശ്രമിക്കുമ്പോൾ അവയുടെ സ്വാഭാവികാവസ്ഥയെ ബലമുപയോഗിച്ചു മാററാൻ ശ്രമിക്കാവുന്നതല്ല. ഇത് ദോഷകരമാണെന്നു വിചാരിക്കപ്പെടുന്നു, അത് നിഷ്ക്രിയമതത്തെ പ്രോൽസാഹിപ്പിക്കുന്ന ഒരു വിശ്വാസമാണ്. 1986-ൽ ഒരു പ്രായമുള്ള സന്യാസി അതിനെ ഇങ്ങനെ വിശദീകരിച്ചു: “തായോമതത്തിന്റെ ഉപദേശം യാതൊന്നും ചെയ്യാതെ മൗനമായിരിക്കാനാണ്. യാതൊന്നും ചെയ്യാതിരിക്കുന്നതിലാണ് സകലവും ചെയ്യുന്നതിന്റെ കിടപ്പ്.” അതുകൊണ്ട് തായോമതത്തിന്റെ ശക്തിയെ വെള്ളത്തോട് ഉപമിച്ചിട്ടുണ്ട്, അതിന്റെ മാർദ്ദവം ഗണ്യമാക്കാതെ അത് സകല ജീവികൾക്കും പ്രയോജനംചെയ്യുന്നു.
മുമ്പ്, തായോ തത്വശാസ്ത്രവും (ക്രി.മു. 4-ാം⁄3-ാം നൂററാണ്ട്) തായോമതവും തമ്മിൽ വ്യത്യാസംകൽപ്പിക്കുന്നത് പതിവായിരുന്നു. ഈ വ്യത്യാസം മേലാൽ അത്ര വ്യക്തമല്ല, എന്തുകൊണ്ടെന്നാൽ തായോമതം അതിനുമുമ്പത്തെ തായോ ദർശനത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് സ്പഷ്ടമാണ്. ഒരു മതമെന്ന നിലയിൽ റേറയോയിസം “പുരാതന ചൈനയിലെ സാമാന്യജനങ്ങളുടെ മതത്തിന്റെ തുടർച്ചയിൽ കവിഞ്ഞതൊന്നുമല്ല. അതിന്റെ ഉൾക്കാമ്പിൽ എല്ലായിടത്തും കൂടുകെട്ടി മനുഷ്യജീവനെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന [ആത്മാക്കളുമായുള്ള] ലളിതമായ ഒരു ആത്മവിദ്യാരൂപമാണ് സ്ഥിതിചെയ്യുന്നത് . . . ഇന്നത്തെ ചൈനയിൽ തായോമതം ജനസമൂഹങ്ങൾക്കുവേണ്ടിയുള്ള ഒരു അന്ധവിശ്വാസ മതരൂപമായി അധഃപതിച്ചിരിക്കുന്നു” എന്ന് മതപ്രൊഫസ്സറായ ഹാൻസ്-ജോയാക്കിം പറയുന്നു.
ഷിന്റോ—കാമിമാർഗ്ഗം
ജപ്പാൻ ഒരു പുരാതന ജനകീയ മതം സംബന്ധിച്ചും കീർത്തിപ്പെട്ടതാണ്. അത് ഒരു ഗ്രന്ഥകാരൻ വർണ്ണിക്കുന്നതുപോലെ “ബഹുദൈവപ്രകൃതിയുടെയും പൂർവികാരാധനയുടെയും” ഒരു സങ്കലനമാണ്. ആദ്യം ഈ വംശീയമതം പേരില്ലാത്തതായിരുന്നു. എന്നാൽ ക്രി. വ. ആറാം നൂററാണ്ടിൽ ജപ്പാനിൽ ബുദ്ധമതം അവതരിപ്പിക്കപ്പെട്ടപ്പോൾ ബുദ്ധമതത്തിന് കൊടുക്കപ്പെട്ടിരുന്ന ഒരു പേര് ബുദ്ധസുഡോ എന്നായിരുന്നു “ബുദ്ധന്റെ മാർഗ്ഗം.” അങ്ങനെ ഇതും നാട്ടുമതവും തമ്മിൽ വ്യത്യാസം കൽപ്പിക്കുന്നതിന് നാട്ടുമതം പെട്ടെന്നുതന്നെ ഷിന്റോ എന്നറിയപ്പെട്ടു, “കാമി മാർഗ്ഗം.”
(വിവിധ ദൈവങ്ങളോ ദേവികളോ ആയ) കാമി ആണ് തീർച്ചയായും ഷിന്റോയുടെ കേന്ദ്രബിന്ദു. കാമി പ്രകൃതിദൈവങ്ങളും, പ്രമുഖ മനുഷ്യരും, ദൈവീകരിക്കപ്പെട്ട പൂർവികരും, അല്ലെങ്കിൽ “ഒരാദർശത്തിന് ഉതകുന്നതോ ഒരു അമൂർത്തശക്തിയെ പ്രതീകപ്പെടുത്തുന്നതോ ആയ ദൈവങ്ങൾ”പോലും ഉൾപ്പെടുന്ന ഏതു പ്രകൃതാതീത ശക്തിയെയും അഥവാ ദൈവത്തെയും പരാമർശിക്കാൻ ഇടയായി. (മതവിജ്ഞാനകോശം) യായോറോസു-നോ-കാമി എന്ന പദം അക്ഷരീയമായി എൺപതു ലക്ഷം ദൈവങ്ങൾ എന്ന് അർത്ഥമാക്കുന്നുവെങ്കിലും ആ പദപ്രയോഗം “അനേകം ദൈവങ്ങളെ” സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു. കാരണം ഷിന്റോ മതത്തിലെ ദൈവങ്ങളുടെ എണ്ണം എന്നും വർദ്ധിച്ചുകൊണ്ടിരിക്കയാണ്. മനുഷ്യർ കാമിയുടെ മക്കൾ ആകയാൽ അവർക്ക് മുഖ്യമായി ഒരു ദിവ്യസ്വഭാവമുണ്ട്. അതുകൊണ്ട് കാമിയോടുള്ള ചേർച്ചയിൽ ജീവിക്കുക എന്നതാണ് ആശയം, അപ്പോൾ നിങ്ങൾക്ക് സംരക്ഷണവും അംഗീകാരവും ഉണ്ടായിരിക്കും.
സിദ്ധാന്തമോ ദൈവശാസ്ത്രമോ സംബന്ധിച്ച് ഷിന്റോ ശക്തമല്ലാതിരിക്കെ അത് ജപ്പാൻകാർക്ക് മൂല്യങ്ങളുടെ ഒരു സംഹിത കൊടുക്കുകയും അവരുടെ പെരുമാററത്തെ കരുപ്പിടിപ്പിക്കുകയും അവരുടെ ചിന്താരീതിയെ നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു. അത് അവർക്ക് ക്ഷേത്രങ്ങൾ പ്രദാനം ചെയ്യുന്നു, അവർക്ക് ആവശ്യം തോന്നുമ്പോൾ അവിടെ ആരാധന നടത്താൽ കഴിയും.
ഷിന്റോയുടെ മുഖ്യരൂപങ്ങൾ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്ര ഷിന്റോയ്ക്കും ജനകീയ ഷിന്റോയ്ക്കും ഗണ്യമായ വ്യത്യാസങ്ങൾ ഏറെയില്ല. മറിച്ച് വിഭാഗീയ ഷിന്റോ പത്തൊൻപതാം നൂററാണ്ടിൽ സ്ഥാപിക്കപ്പെട്ട 13 വിഭാഗങ്ങൾ ചേർന്നുണ്ടായിരിക്കുന്നതാണ്. അവയിൽ വിവിധ തോതുകളിൽ കൺഫ്യൂഷ്യസ്മതത്തിന്റെയും ബുദ്ധമതത്തിന്റെയും തായോമതത്തിന്റെയും ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
ഷിന്റോയുടെമേലുള്ള ബുദ്ധമതസ്വാധീനം വിശേഷാൽ ശക്തമാണ്. ഇതാണ് അനേകം ജപ്പാൻകാർ ഒരേസമയം ബുദ്ധമതക്കാരും ഷിന്റോമതക്കാരുമായിരിക്കുന്നതിന്റെ കാരണം. ഒരു പാരമ്പര്യ ജാപ്പനീസ്ഭവനത്തിൽ രണ്ട് ബലിപീഠങ്ങളുണ്ട്, കാമിയെ ബഹുമാനിക്കാൻ ഒരു ഷിന്റോ ബലിപീഠവും ഒരുവന്റെ പൂർവപിതാക്കളെ ബഹുമാനിക്കാൻ ഒരു ബൗദ്ധ ബലിപീഠവും. ഒരു ജാപ്പനീസ്ബാലികയായ കെയ്ക്കോ വിശദീകരിക്കുന്നു: “ഞാൻ എന്റെ പൂർവികരോട് ആദരവു പ്രകടമാക്കുന്നു, ബുദ്ധമതത്തിലൂടെയാണ് ഞാൻ അതു ചെയ്യുന്നത് . . . ഞാൻ ജപ്പാൻകാരിയാണ്, അതുകൊണ്ട് ഞാൻ സകല ചെറിയ കർമ്മങ്ങളും അനുഷ്ഠിക്കുന്നു.” അനന്തരം അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഒരു ക്രിസ്തീയവിവാഹം യഥാർത്ഥത്തിൽ മനോഹരമായിരിക്കുമെന്ന് ഞാൻ വിചാരിച്ചു. അത് ഒരു വൈരുദ്ധ്യമാണ്, പക്ഷെ അതുകൊണ്ടെന്ത്?”
ചന്ദോഗ്യോ—കൊറിയയിലെ സ്വർഗ്ഗീയമാർഗ്ഗത്തിന്റെ മതം
തായോമതത്താൽ ബലിഷ്ഠമാക്കപ്പെട്ട ബുദ്ധമതവും കൺഫ്യൂഷസ് മതവുമാണ് കൊറിയയിലെ മുഖ്യ ക്രിസ്തീയേതര മതങ്ങൾ. അവ ചൈനയിൽനിന്ന് അവതരിപ്പിക്കപ്പെട്ടശേഷം കൊറിയയിലെ ജനകീയമതമായ ശാമാനിസത്താൽ സ്വാധീനിക്കപ്പെട്ടു. മതവിജ്ഞാനകോശം പറയുന്നപ്രകാരം അവ “വിവിധ അളവുകളിൽ കൊറിയൻ ഉപദ്വീപിൽ പ്രബലപ്പെട്ടിരുന്ന സാമൂഹികവും ബൗദ്ധികവുമായ അവസ്ഥകളോട് അനുരൂപപ്പെടുത്തപ്പെടുകയും രൂപാന്തരപ്പെടുത്തപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.”a
കൊറിയയിലെ മറെറാരു മതമാണ് ചന്ദോഗ്യോ, “സ്വർഗ്ഗീയ മാർഗ്ഗത്തിന്റെ മതം,” 1905 മുതൽ അതിന്റെ പേരാണത്. 1860-ൽ ചോ സൂൺ (ചേയൂ) സ്ഥാപിച്ച അത് ക്രിസ്ത്യാനിത്വത്തിനുള്ള പദമായ സോഹാക്കിന്, “പാശ്ചാത്യ പഠിപ്പിന്,” വിരുദ്ധമായ തൊംഗാക്ക്, “പൗരസ്ത്യപഠിപ്പ്, എന്ന് ആദ്യം വിളിക്കപ്പെട്ടു. ക്രിസ്ത്യാനിത്വത്തെ ചെറുത്തുനിൽക്കാനാണ് ചാന്ദോഗ്യോ ആദ്യമായി വികസിപ്പിക്കപ്പെട്ടത്. ജർമ്മൻഗ്രന്ഥകാരനായ ഗർഹാർഡ് ബലിംഗർ പറയുന്നതനുസരിച്ച് ചന്ദോഗ്യോ “കൺഫ്യൂഷ്യസിന്റെ മാനുഷ ദയയുടെയും നീതിയുടെയും ആദർശങ്ങളും തായോമതത്തിന്റെ നിഷ്ക്രിയത്വവും ബുദ്ധമത സഹാനുഭൂതിയും കൂട്ടിക്കലർത്താൻ ശ്രമിക്കുന്നു,” അതാണ് അതിന്റെ സ്ഥാപകൻ ഉദ്ദേശിച്ചത്. ചന്ദോഗ്യോയിൽ ശാമാനിസത്തിന്റെയും റോമൻ കത്തോലിക്കാമതത്തിന്റെയും മൂലതത്വങ്ങളും അടങ്ങിയിരിക്കുന്നു. മതപരമായ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നതായി അത് അവകാശപ്പെടുന്നുണ്ടെങ്കിലും അത് 1935 ആയതോടെ കുറഞ്ഞപക്ഷം 17 പുത്രീവിഭാഗങ്ങളെ ജനിപ്പിച്ചു.
“സ്വർഗ്ഗീയ മാർഗ്ഗമതത്തിന്റെ” കേന്ദ്രമാണ് മനുഷ്യൻ ഫലത്തിൽ ദിവ്യനാണ്, ദൈവികഭാഗമാണ് എന്ന വിശ്വാസം. അതുകൊണ്ട് സെയിൻ യോചോൻ (“മനുഷ്യനെ ദൈവത്തെപ്പോലെ കരുതുക”) എന്നത് ഒരു മുഖ്യ ധർമ്മശാസ്ത്ര തത്വമാണ്. അത് സഹമനുഷ്യരോട് “അത്യന്തം താൽപ്പര്യത്തോടും ആദരവോടും ആത്മാർത്ഥതയോടും മാന്യതയോടും സമഭാവനയോടും നീതിയോടുംകൂടെ പെരുമാറണമെന്ന്” ആവശ്യപ്പെടുന്നതായി റോഡ് ഐലൻറ് യൂണിവേഴ്സിററിയിലെ യോംഗ് ചുൺ കിം വിശദീകരിക്കുന്നു.
ഈ സമുന്നത തത്വങ്ങളെ പിന്തുടർന്നുകൊണ്ട് സാമൂഹ്യക്രമത്തിനു മാററം വരുത്താനുള്ള ശ്രമം സ്ഥാപകനായ സൂണിനെ ഗവൺമെൻറുമായുള്ള പോരാട്ടത്തിലേക്കു വരുത്തി. രാഷ്ട്രീയമായ ഇടപെടൽ അയാളുടെയും അയാളുടെ പിൻഗാമിയുടെയും വധത്തിലേക്കു നയിച്ചു. അത് 1894-ലെ സീനോ ജാപ്പനീസ് യുദ്ധം ഇളക്കിവിടാനും സഹായിച്ചു. യഥാർത്ഥത്തിൽ രാഷ്ട്രീയപ്രവർത്തനം പുതിയ കൊറിയൻമതങ്ങളുടെ സ്വഭാവമാണ്. അതിൽ തോംഗാക്ക്പ്രസ്ഥാനം ആദ്യത്തേതു മാത്രമായിരുന്നു. മിക്കപ്പോഴും ദേശീയത്വം ഒരു മുഖ്യ പ്രമേയമാണ്, കൊറിയക്ക് ലോകപ്രാമുഖ്യതയുടെ ഒരു ഭാവിസ്ഥാനം നിയോഗിക്കപ്പെടുന്നു.
ഏതു “മാർഗ്ഗം” ജീവനിലേക്കു നയിക്കുന്നു?
ഒരുവൻ ഏതു “മത മാർഗ്ഗം” പിന്തുടരുന്നുവെന്നതിൽ വലിയ കാര്യമില്ലെന്ന് അനേകം ഏഷ്യാക്കാർ വിചാരിക്കുന്നു എന്ന് സ്പഷ്ടമാണ്. എന്നാൽ യേശുക്രിസ്തു സകല മത “മാർഗ്ഗങ്ങളും” ദൈവത്തിനു സ്വീകാര്യമാണെന്നുള്ള വീക്ഷണത്തെ തള്ളിക്കളഞ്ഞു. ഒന്നാം നൂററാണ്ടിലെ അവന്റെ മതവും “മാർഗ്ഗം” എന്നു വിളിക്കപ്പെട്ടിരുന്നു. അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “നാശത്തിലേക്കു നയിക്കുന്ന പാത ധാരാളം ഇടംസഹിതം വീതിയുള്ളതാണ്, . . . എന്നാൽ ജീവനിലേക്കു നയിക്കുന്ന പാത ചെറുതും ഇടുങ്ങിയതുമാണ്, അത് കണ്ടെത്തുന്നവർ ചുരുക്കമാണ്.”—പ്രവൃത്തികൾ 9:2; 19:9; മത്തായി 7:13, 14, ദി ന്യൂ ഇംഗ്ലീഷ ബൈബിൾ, അടിക്കുറിപ്പ്; സദൃശവാക്യങ്ങൾ 16:25 താരതമ്യം ചെയ്യുക.
തീർച്ചയായും ഒന്നാം നൂററാണ്ടിലെ മിക്ക യഹൂദൻമാരും അവന്റെ വാക്കുകളെ അവഗണിച്ചു. അവർ യേശുവിൽ തങ്ങളുടെ യഥാർത്ഥ മശിഹായെയോ അവന്റെ മതത്തിൽ ശരിയായ “മാർഗ്ഗമോ” കണ്ടെത്തിയെന്ന് അവർ വിചാരിച്ചില്ല. ഇന്ന്, 19 നൂററാണ്ടുകൾക്കുശേഷം അവരുടെ സന്തതികൾ ഇപ്പോഴും തങ്ങളുടെ മശിഹായിക്കുവേണ്ടി കാത്തിരിക്കയാണ്. എന്തുകൊണ്ടെന്ന് ഞങ്ങളുടെ അടുത്ത ലക്കം വിശദീകരിക്കും. (g89 5/8)
[അടിക്കുറിപ്പുകൾ]
a ശാമാനിസം സങ്കൽപ്പമനുസരിച്ച് രോഗശാന്തിയുടെ മന്ത്രവിദ്യകൾ പ്രയോഗിക്കുകയും ആത്മലോകവുമായി ആശയവിനിയമം നടത്തുകയും ചെയ്യുന്ന ഒരു മത നേതാവായ ശാമാനെ കേന്ദ്രീകരിച്ചുള്ളതാണ്.
[23-ാം പേജിലെ ചിത്രങ്ങൾ]
ചൈനീസ് ജനകീയമതത്തിലെ ഒരു യുദ്ധദേവനും സൈനിക, വ്യാപാര, വർഗ്ഗങ്ങളുടെ രക്ഷാധികാരിയുമായ ജനറൽ ഗുവാൻ യൂ▶
▼ഇടത്തുനിന്ന്, ഹാൻ സിയാംഗ്സി, ലൂഡോംഗ്ബിൻ, ലീ ററിയെഗ്വായ്—എട്ട് തായൊ അമർത്ത്യരിൽ മൂന്നുപേർ—കൂടാതെ ദീർഘായുസ്സിന്റെ നക്ഷത്രദൈവമായ ഷൌലാവോയും
[കടപ്പാട്]
Courtesy of the British Museum
[25-ാം പേജിലെ ചിത്രങ്ങൾ]
ഒരു ഷിന്റോക്ഷേത്രത്തിന്റെ പരിസരങ്ങളിൽ വിവിധ പ്രതിമകൾ കാണപ്പെടുന്നു, ഇടതുവശത്തെ കാവൽ നായ് ഭൂതങ്ങളെ ഓടിക്കുന്നതായി വിചാരിക്കപ്പെടുന്നു
ടോക്കിയോയിലെ യുഷിമാ റെറൻജിൻ ഷിന്റോ ക്ഷേത്രത്തിൽ വിദ്യാർത്ഥികൾ മാതാപിതാക്കൻമാരോടൊത്ത് പരീക്ഷകളിലെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു