നിങ്ങളുടെ സേവനത്തിന് എണ്ണ—പക്ഷേ!
ശരി, ഒരു തുള്ളി എണ്ണയായ ഞാൻ എന്റെ സ്വന്തംകാര്യം നോക്കി അവിടെ സ്വസ്ഥമായി ജീവിച്ചിരുന്നു. ഞാൻ എണ്ണമററ വർഷങ്ങളിൽ ദശലക്ഷങ്ങൾ വരുന്ന എന്റെ അയൽതുള്ളികളുമായി സമാധാനപരമായ സഹവർത്തിത്വത്തോടെ നിദ്രയിൽ കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെ, ഞങ്ങളുടെ വീടിന്റെ ഭിത്തിക്കെതിരെ ഉരസുന്ന മൺമയമല്ലാത്ത ഉരുക്കിന്റെ ശബ്ദം കേട്ടു ഞങ്ങൾ ഉണർന്നു. മറെറാരു ലോകത്തിൽനിന്ന് സ്വകാര്യതയെ അക്രമിച്ചത് തുളയ്ക്കൽയന്ത്രത്തിന്റെ മുനയായിരുന്നു. അത് ഞങ്ങളുടെ ജീവിതരീതിയെ ഒററ രാത്രികൊണ്ടു മാററിമറിച്ചു.
ഒരു അഗണ്യ എണ്ണത്തുള്ളിയായ ഞാൻ ഇത്ര പ്രശസ്തനായതെങ്ങനെയായിരുന്നു? എന്റെ കഥക്ക് 1960കളുടെ പ്രാരംഭത്തോളം പഴക്കമുണ്ട്. ആ കാലത്ത് അലാസ്ക്കായുടെ വടക്കേ ചെരുവിൽ എണ്ണപര്യവേഷണം നടത്തപ്പെട്ടിരുന്നു. പല വർഷങ്ങളിൽ എണ്ണക്കമ്പനികൾ അവരുടെ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്ന ലക്ഷ്യത്തിന്റെ—വാണിജ്യപരമായ എണ്ണപ്പാടത്തിന്റെ—തേട്ടത്തിൽ ദശലക്ഷക്കണക്കിനു ഡോളർ ചെലവിട്ടു. ഒടുവിൽ, അവരുടെ ശ്രമത്തിനു പ്രതിഫലം കിട്ടി. 1968ൽ ബ്രഹത്തായ പ്രൂഡോ ഉൾക്കടൽഎണ്ണപ്പാടം കണ്ടുപിടിക്കപ്പെട്ടു.
എന്റെ പൂർവികഭവനമാണ് ആക്രമിക്കപ്പെട്ടത്. ഞാൻ എന്റെ സുഖപ്രദമായ ഭവനം വിട്ട് എനിക്ക് യാതൊരു അറിവുമില്ലാതിരുന്ന ഒരു ലോകത്തിലേക്ക് ഒരു അന്യ ഉരുക്കുകുഴലിലൂടെ മേൽപ്പോട്ടു തള്ളപ്പെട്ടപ്പോൾ എനക്കനുഭവപ്പെട്ട ഭയം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ?
എന്റെ ഭവനം ഒരു കുളമല്ല
ഒരുപക്ഷേ ഇപ്പോൾ ഞാൻ വിട്ടുപോകുന്ന ഭവനത്തിന്റെ ഒരു വർണ്ണന നൽകിക്കൊണ്ടു ഞാൻ ഒരു നിമിഷം ചെലവഴിക്കണമായിരിക്കും. ഒന്നാമതുതന്നെ, അത് സമുദ്രനിരപ്പിൽനിന്ന് 8,500 അടി താഴ്ചയിൽ ആയിരുന്നു. എന്തോരു സ്വകാര്യത! കൂടാതെ, ഊഷ്മാവ് 200 ഡിഗ്രി ഫാരൻഹീററ് ആയിരുന്നു—ഞങ്ങളുടെ തൻമാത്രാഘടനക്ക് സുഖപ്രദംതന്നെ. അനേകർ ഞങ്ങളുടെ ഭവനത്തെ ഒരു കുളമായി വർണ്ണിക്കുന്നു. ഇത് ഞാൻ എണ്ണനിറഞ്ഞ ഒരു വലിയ നിലവറയിൽ ജീവിക്കുന്നുവെന്ന തെററിദ്ധാരണ ജനിപ്പിച്ചേക്കാം. അങ്ങനെയല്ല. എന്റെ വസതി ഒരു എണ്ണക്കുളമെന്നാണ് വിളിക്കപ്പെടുന്നത്. എന്നാൽ അത് യഥാർത്ഥത്തിൽ എണ്ണയും വാതകവും നിറഞ്ഞ ഒരു മണൽത്തടമോ ചരൽത്തടമോ ആണ്. ഇതു മനസ്സിലാക്കാൻ പ്രയാസമുണ്ടെങ്കിൽ, മണൽ നിറഞ്ഞിരിക്കുന്ന ഒരു പാത്രത്തെക്കുറിച്ചു സങ്കൽപ്പിക്കുക. നിങ്ങൾക്ക് അതിൽ പിന്നെയും പാത്രത്തിന്റെ വ്യാപ്തത്തിന്റെ 25 ശതമാനത്തോളം വെള്ളം ചേർക്കാൻ കഴിയും—അപ്പോഴും അതു കവിഞ്ഞൊഴുകുകയില്ല.
എന്നാൽ എന്നെ ഒരു പുതിയ ജീവിതത്തിലേക്കു പൊക്കിക്കൊണ്ടുപോയ സമയത്തിലേക്കു ഞാൻ തിരികെ പോകട്ടെ. എണ്ണസംഭരണിയിലെ ഭയങ്കര സമ്മർദ്ദം നിമിത്തം ഞാൻ പൈപ്പിലൂടെ വളരെ വേഗം മേൽപ്പോട്ടു സഞ്ചരിച്ചു. ഇത് തുടക്കത്തിൽ ചതുരശ്രഇഞ്ചിനു 4,000 പൗണ്ട് എന്ന് അളന്നുതിട്ടപ്പെടുത്തിയിരുന്നു. അതിനാൽ അത് എന്നെ വലിയ വേഗത്തിൽ മേല്പ്പോട്ടു തള്ളിനീക്കി.
അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ലോകത്തിന്റെ തുടക്കമായിരുന്നു. ഞാൻ ഇന്ധനമെന്ന നിലയിൽ വളരെ ജനപ്രീതിയുള്ളതായിരിക്കുമെന്നു ചിലർ പറഞ്ഞു. ഞാൻ വേറെ ഒരു ആയിരം വിധങ്ങളിൽ പ്രയോജനകരമായിരിക്കുമെന്ന് മററുള്ളവർക്കു തോന്നി—കുടുംബങ്ങൾക്കും വ്യവസായത്തിനും. ഞാൻ എവിടെ ചെന്നെത്തും? എനിക്ക് ഭയമുണ്ടായിരുന്നു. കുറഞ്ഞപക്ഷം ഞാൻ ഒററക്കായിരുന്നില്ല. പ്രൂഡോ ഉൾക്കടലിലെ എണ്ണപ്പാടങ്ങളിൽനിന്ന് എന്റെ കൂട്ടുതുള്ളികളിൽ കൂടുതൽപേരെ കിട്ടാൻ കൂടുതൽ കിണറുകൾ കുഴിക്കപ്പെട്ടു.
ഇപ്പോൾ, ഇത് ചെലവേറിയതും അപകടസാദ്ധ്യതയുള്ളതുമായ ഒരു പണിയാണ്. പലപ്പോഴും വളരെയധികം മർദ്ദമുള്ള സ്ഥലങ്ങളിൽ ഡ്രില്ലിംഗ്റിഗ്ഗുകൾ തുളച്ചുചെല്ലും. നിങ്ങൾ ഞങ്ങളെ നിയന്ത്രിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് പൊട്ടിത്തെറിച്ച് വലിയ സ്ഫോടനത്തിനിടയാക്കി തുന്ദ്രാപ്രദേശത്തും വന്യജീവികൾക്കും വളരെയധികം കൊടുതി വരുത്താൻകഴിയും. എന്നാൽ ഈ കുററം എനിക്കില്ലായിരുന്നു. ഞാൻ നിങ്ങളെ സേവിക്കുകയെന്ന എന്റെ ലക്ഷ്യത്തിന്റെ മാർഗ്ഗത്തിൽ പൈപ്ലൈൻ വഴി സഞ്ചരിച്ചു.
സന്ദർഭവശാൽ, എന്നെ അങ്ങോട്ടു കൊണ്ടുപോകുന്ന പൈപ്പ്ലൈൻ സ്ഥിരതുഷാരഭൂമി ഉരുകുന്നതു തടയാൻ തുന്ദ്രക്ക് മീതെകൂടെയാണു പോകുന്നത്. വടക്കേ ചെരുവിൽ ഈ സ്ഥിരതുഷാരഭൂമിക്ക് ശരാശരി 2,000 അടി ഘനമുണ്ട്. അത് 30 ശതമാനം ഉറഞ്ഞ വെള്ളമാണ്. അതുകൊണ്ട്, ചൂടുള്ള എണ്ണ ഭൂമിക്കടിയിലൂടെ ഒഴുകിയാൽ മഞ്ഞുരുകുകയും ഞങ്ങളുടെ പൈപ്പ്ലൈൻ എളുപ്പത്തിൽ വളഞ്ഞ് പൊട്ടുകയും ചെയ്യും. അതിന്റെ കെടുതി നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? ഒഴുകിവീഴുന്ന ആയിരക്കണക്കിനു ഗ്യാലൻ ക്രൂഡോയിൽ ദുർബലമായ തുന്ദ്രായിൽ എന്തോരു വിനാശമായിരിക്കും വരുത്തിക്കൂട്ടുന്നത്!
വാൽഡസിൽനിന്നുള്ള എന്റെ യാത്രാപരിപാടി ദൂരെയുള്ള ഒരു എണ്ണശുദ്ധീകരണശാലയിലേക്ക് ഒരു എണ്ണക്കപ്പലിൽ ഞാൻ സഞ്ചരിക്കേണ്ടതാവശ്യമാക്കിത്തീർത്തു. അവിടെ ഞാൻ ഒരു പുതിയ ജീവിതം ആരംഭിക്കേണ്ടതാണ്. വാതകവും വെള്ളവും മറെറാരു ലക്ഷ്യസ്ഥാനത്തേക്കു പോകുന്നതിന് വേർതിരിക്കപ്പെടണം. ‘വാതകം’ എന്നോ നിങ്ങൾ പറയുന്നത്? ‘നമ്മൾ എണ്ണയെക്കുറിച്ചു സംസാരിക്കുന്നുവെന്നാണ് ഞാൻ വിചാരിച്ചത്.’ ശരി, ഞാൻ ജീവിക്കുന്നിടത്ത് എല്ലായ്പ്പോഴും പരിസരത്തിൽ വാതകമുണ്ടെന്ന് മിക്കവരും തിരിച്ചറിയുന്നില്ല. യഥാർത്ഥത്തിൽ എന്റെ ഘടനയിൽ അധികപങ്കും വാതകമാണ്. വാസ്തവത്തിൽ, ഞാൻ ഭൂമിയുടെ ഉപരിതലത്തിലെത്തിയാലുടനെ ഞാൻ സ്വതന്ത്രനാകാൻ അവർ അനുവദിക്കുകയാണെങ്കിൽ ഞാൻ ഒരു നൂറുമടങ്ങിലധികം വികസിക്കും—അപ്പോൾ ഞാൻ എന്തോരു ശബ്ദമായിരിക്കും ഉണ്ടാക്കുക!
ഏതായാലും, ശുദ്ധീകരണശാലയിൽ ഞാൻ ഒരു രൂപാന്തരത്തിനു വിധേയമാകാൻ ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. ഞാൻ അംശങ്ങളായി, അല്ലെങ്കിൽ ഭാഗങ്ങളായി പിരിക്കപ്പെടണം. അത് ആംശിക സ്വേദനം എന്നു വിളിക്കപ്പെടുന്ന ഒരു പ്രക്രിയയാണ്. ക്രൂഡോയിൽ ആവിയാകുന്നതുവരെ ചൂടാക്കുന്നു, പിന്നെ ഒരു വലിയ ഗോപുരത്തിലൂടെ ഉയരാൻ അനുവദിക്കപ്പെടുന്നു. ഇത് പ്രത്യേകതലങ്ങളിൽ വ്യത്യസ്ത അംശങ്ങൾ സാന്ദ്രീകരിക്കാനും വാൽവുകളിലൂടെ വലിച്ചെടുക്കപ്പെടാനും ഇടയാക്കുന്നു. എന്റെ ഏതാണ്ടു പകുതിയോളം പെട്രോൾ ആയിത്തീരേണ്ടതാണെന്ന് നിങ്ങൾക്കറിയാമായിരിക്കും. അതു സംഭവിക്കുമ്പോൾ നിങ്ങൾ ഒരു പെട്രോൾ പമ്പിലേക്കുചെന്ന് “നിറക്കാൻ” പറയുമ്പോൾ ഞാൻ നിങ്ങളെ സേവിക്കുന്നതായിരിക്കും.
എന്നാൽ എനിക്ക് മററു പലതുമായിത്തീരാൻ കഴിയും. തുള്ളികളായ ഞങ്ങൾ ആദ്യത്തേതുപോലെയായിരിക്കുകയില്ല ഏറെയും കാണപ്പെടുന്നത്. എന്നാൽ നിങ്ങളുടെ മുറിയിൽ ചുററുപാടും നോക്കുക. ആ കസേര പ്ലാസ്ററിക്കോ വിനൈലോ കൃത്രിമ റബ്ബറോ കൊണ്ടു നിർമ്മിക്കപ്പെട്ടതായിരിക്കാം. ആ മനോഹരമായ അടുക്കളമേശക്ക് എണ്ണ അടിസ്ഥാനമാക്കിയുള്ള ഒരു പ്രതലാവരണം ഉണ്ടായിരിക്കാം. നിങ്ങളുടെ തറവിരി ധാരാളം എണ്ണയുൽപ്പന്നങ്ങൾ നൽകുന്ന ഒരു രാസവസ്തുശാലയിൽനിന്നുള്ള ഫീഡ്സ്റേറാക്കിന്റെ ഫലമായിരിക്കാം—നിങ്ങളെ സേവിക്കാൻ ഒരായിരം മാർഗ്ഗങ്ങൾ!
മേലാൽ ‘നിങ്ങളെ സേവിക്കുന്നില്ല’
എന്നാൽ എന്നെ സംബന്ധിച്ചടത്തോളം ഞാൻ അതൊന്നുമായിത്തീരുകയില്ല. ഞാൻ വാൾഡസിൽനിന്ന് എകസോൺ വാൾഡസ എന്നു വിളിക്കപ്പെടുന്ന ഒരു എണ്ണക്കപ്പലിൽ ഒരു എണ്ണശുദ്ധീകരണശാലയിലേക്കുള്ള എന്റെ യാത്ര തുടങ്ങുന്നു. അർദ്ധരാത്രി കഴിഞ്ഞപ്പോൾ പെട്ടെന്ന് പാറയുമായി ലോഹം ഉരസുന്നു—നോർത്ത് സ്ലോപ്പിലെ എന്റെ ഭവനത്തിൽ തുളപ്പൻയന്ത്രം ആക്രമിച്ചപ്പോഴത്തേതിലും വളരെയധികം ഭയാവഹമായിത്തന്നെ! പെട്ടെന്നുതന്നെ എന്നെ വഹിച്ചിരുന്ന ടാങ്ക് പ്രിൻസ് വില്യം സൗണ്ടിലെ ബ്ളൈ റീഫിൽവെച്ച് പിളരുന്നു. ഞാൻ 1,10,00,000യോളം ഗ്യാലൻ വരുന്ന എന്റെ സഹയാത്രികരുമായി ആ വെള്ളത്തിലേക്ക് കുതിക്കുന്നു. ഞാൻ ഭയങ്കരമായ ഒരു മലിനീകരണത്തിന്റെ ഭാഗം, വടക്കേ അമേരിക്കയിൽ ഉണ്ടായിട്ടുള്ളതിലേക്കും വലിയ എണ്ണതൂകലിന്റെ ഭാഗം, ആയിത്തീർന്നിരിക്കുന്നു!
ഞാൻ ഒരിക്കലും ഒരു സേർവീസ് സ്റേറഷനിൽ നിങ്ങളുടെ ടാങ്കുനിറക്കാൻ സഹായിക്കുകയില്ല. ഞാൻ നിങ്ങളുടെ തീൻമേശയിലെ ആ പ്ലാസ്ററിക്ക്പ്ലേററുകളോ നിങ്ങളുടെ ടെലിവിഷൻ സെററിന്റെ ഭാഗമോ നിങ്ങൾക്കിഷ്ടപ്പെട്ട സൗന്ദര്യവർദ്ധക ക്രീമോ നിങ്ങൾ ധരിക്കുന്ന വസ്ത്രമോ നിങ്ങൾ ആ വശ്യമായ സൗരഭ്യത്തിനുവേണ്ടി ഉപയോഗിക്കുന്ന സുഗന്ധദ്രവ്യമോ ആയിത്തീരുകയില്ല. ഞാൻ ഇറങ്ങിത്തിരിച്ചതുപോലെ നിങ്ങളെ സേവിക്കുന്നതിന് ഒരിക്കലും ഹാജരാകുകയില്ല. ഇനി അതൊന്നുമില്ല!
പകരം ഞാൻ പ്രിൻസ്വില്യം സൗണ്ടിനെയും ഗൾഫ് ഓഫ് അലാസ്ക്കായെയും മലിനീകരിക്കുന്നതിൽ കലാശിക്കുകയാണ്. ഞാൻ നൂറുകണക്കിനു മൈൽ കടലോരത്തെ ദുഷിപ്പിക്കുന്നതിൽ പങ്കെടുത്തു. ഞാൻ ആയിരക്കണക്കിനു പക്ഷികളുടെയും മൃഗങ്ങളുടെയും മരണത്തിൽ പങ്കുവഹിക്കുന്നു. ഞാൻ ഒട്ടേറെ മീൻപിടുത്തക്കാരുടെ ഉപജീവനവും മുട്ടിക്കുന്നു. ഞാൻ പ്രൂഡോ ഉൾക്കടലിലെ നോർത്ത് സ്ലോപ്പിൽ സമുദ്രനിരപ്പിൽനിന്ന് 8,500 അടി താഴ്ചയിലുള്ള എന്റെ ഭവനത്തിലെ സുഖാവഹമായ ചൂടിൽ വിശ്രമിച്ചും സ്വന്തം കാര്യം നോക്കിയും ഒരു എണ്ണത്തുള്ളിയായി കഴിയുന്നതായിരുന്നു എനിക്ക് ഏറെ മെച്ചം. (g89 11⁄22)