മനുഷ്യനും മൃഗത്തിനും മദ്ധ്യെ സമാധാനത്തിനുള്ള തടസ്സങ്ങൾ
ഈ മാസികയുടെ കവറിലേതുപോലുള്ള ചിത്രങ്ങൾ കുട്ടികൾക്ക് ഒരാനന്ദം ആണ്. പലപ്പോഴും മുതിർന്നവർകൂടി ഇതുപോലുള്ള ഒരു രംഗത്തിൽ ആകൃഷ്ടരാകുന്നു.
മനുഷ്യർ ഈ വിധത്തിൽ പ്രതികരിക്കുന്നതെന്തുകൊണ്ടാണ്? ഏററവും ശൗര്യമേറിയ വന്യമൃഗത്തിനും മനുഷ്യനും ഇടയിലെ യഥാർത്ഥമായ സമാധാനം വെറും ബാലിശമായൊരു സ്വപ്നമാണോ? അതോ അതൊരു യാഥാർത്ഥ്യമായിത്തീരുമോ?
മനുഷ്യൻ ഒരു തടസ്സം
അത്തരം സമാധാനത്തിനുള്ള ഒരു വലിയ തടസ്സം മനുഷ്യൻ തന്നെയാണ്. പ്രാചീനമായൊരു പഴമൊഴി ഇങ്ങനെ പറയുന്നു: “മനുഷ്യൻ തന്റെ ദ്രോഹത്തിനായി മനുഷ്യന്റെമേൽ അധിപതിയായിരിക്കുന്നു,” (സഭാപ്രസംഗി 8:9) തന്റെ സ്വന്ത വർഗ്ഗത്തോട് മനുഷ്യൻ ദ്രോഹം ചെയ്തുപോന്നതിന്റെ ചരിത്രം മൃഗങ്ങളോടുള്ള അവന്റെ പെരുമാററത്തിൽ പ്രതിഫലിച്ചു കാണുന്നു.
ദൃഷ്ടാന്തത്തിന് മനുഷ്യൻ അസംഖ്യം വന്യമൃഗങ്ങളെ വേട്ടയാടി പുരാതന റോമിലെ പോർക്കളങ്ങളിൽ അവയെക്കൊണ്ട് പോരാട്ടം ചെയ്യിച്ചിട്ടുണ്ട്. റിപ്പോർട്ടനുസരിച്ച് ക്രി.വ. 105-ൽ റോമൻ ചക്രവർത്തിയായിരുന്ന ട്രാജൻ, ക്രൂരവിനോദികളായ പ്രേക്ഷകരുടെ ചോരക്കൊതിയെ തൃപ്തിപ്പെടുത്താൻ ഒരുക്കിയ പന്തയപ്പോരിൽ 10,000 പോരാളികളും 11,000 വന്യമൃഗങ്ങളും അരുംകൊല ചെയ്യപ്പെട്ടു.
ആ പ്രത്യേക രൂപത്തിലുള്ള വിനോദം ഇന്ന് പ്രചാരത്തിലില്ലായിരിക്കാം. പക്ഷേ വംശനാശം ഭവിച്ചവയും അതിന്റെ ഭീഷണിയെ നേരിടുന്നവയും ആയ വർഗ്ഗങ്ങളുടെ നീളുന്ന പട്ടിക, മൃഗങ്ങളോടുള്ള മമനുഷ്യന്റെ പെരുമാററത്തിന് എന്തോ അപാകത ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യ ജനസംഖ്യയുടെ വിസ്ഫോടനമുണ്ടാകുമ്പോൾ വന്യമൃഗങ്ങളുടെ ആവാസ മേഖല ചുരുങ്ങുന്നു. മമനുഷ്യന്റെ അത്യാർത്തി നിമിത്തം അപൂർവസുന്ദരങ്ങളായ മൃഗത്തോൽ, കൊമ്പുകൾ, ദന്തങ്ങൾ എന്നിവക്ക് ആവശ്യമേറിയിരിക്കുന്നു. ഏററവും വലിപ്പമുള്ള മിക്ക ഇനങ്ങളുടെയും ആകെയുള്ള മാതൃകകൾ ഒടുവിൽ മൃഗശാലയിൽ മാത്രമായി ഒതുങ്ങും എന്നാണ് ചില വിദഗ്ദ്ധർ ഭയപ്പെടുന്നത്.
നരഭോജികൾ
സമാധാനത്തിനുള്ള മറെറാരു തടസ്സം ചില കാട്ടുമൃഗങ്ങൾ തന്നെയാണെന്ന് തോന്നിയേക്കാം. ആഫ്രിക്കയിലും ഏഷ്യയിലും മനുഷ്യരെ ആക്രമിച്ചു കൊന്ന വന്യമൃഗങ്ങളെക്കുറിച്ച് വായിക്കുക അസാധാരണമല്ല. “ഒരു പക്ഷേ, പ്രതിവർഷം ആയിരത്തോളം വരുന്ന മരണങ്ങൾക്ക് ഉത്തരവാദികൾ” മാർജ്ജാര കുലത്തിലെ അംഗങ്ങളാണെന്ന് ദി ഗിന്നസ് ബുക്ക് ഓഫ് അനിമൽ ഫാക്ററ്സ് ആൻഡ് ഫീററ്സ് പ്രസ്താവിക്കുന്നു. ഇന്ത്യയിൽ മാത്രം കടുവകൾ [പാന്ഥെറാ ടൈഗ്രിസ്] പ്രതിവർഷം 50-ലധികം ആളുകളെ കൊല്ലുന്നു. ആ രാജ്യത്തെ ചില പുള്ളിപ്പുലികൾ [പാന്ഥെറാ പാർഡസ്] കൂടെ നരഭോജികളായിത്തീർന്നിട്ടുണ്ട്.
പകർച്ചവ്യാധികളുടെ ബാധയെത്തുടർന്നു പെരുകുന്ന മനുഷ്യ ശവശരീരങ്ങൾ തിന്ന് പുള്ളിപ്പുലികൾ ചിലപ്പോഴെല്ലാം നരഭോജികളായി മാറുന്നുണ്ട് എന്ന് റോജർ കരാസ് ഡെയ്ഞ്ചറസ് ററു മാൻ എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നു. പകർച്ചവ്യാധികളുടെ പിന്നാലെ “പുള്ളിപ്പുലികൾ മനുഷ്യ മാംസത്തിന്റെ പുത്തൻ സ്വാദിൽ ഹരം പിടിച്ച് കൊല ചെയ്തു തുടങ്ങുന്നതോടെ മാസങ്ങൾ നീണ്ട ഭീകരത വന്നുചേരുന്നു” എന്ന് അദ്ദേഹം വിശദമാക്കുന്നു.
പുലികളുടെ ആക്രമണങ്ങൾക്കെല്ലാററിനും കാരണം പക്ഷേ പകർച്ചവ്യാധികളല്ല. മറെറാരു കാരണം വിശേഷിച്ച് കുഞ്ഞുങ്ങളുടെ സമീപമായിരിക്കുമ്പോൾ പെട്ടെന്ന് പ്രകോപിതമാകുന്ന മൃഗത്തിന്റെ പ്രകൃതമാണ്.
ദി മാൻ-ഈററിംഗ് ലെപ്പാഡ് ഓഫ് രുദ്രപ്രയാഗ് എന്ന തന്റെ പുസ്തകത്തിൽ കേണൽ ജെ. കോർബററ് റിപ്പോർട്ട് ചെയ്യുന്നപ്രകാരം 1918-25 വർഷങ്ങളിൽ ഇന്ത്യയിൽ ഒരൊററ പുള്ളിപ്പുലി 125 മനുഷ്യരെ കൊന്നു. ദശകങ്ങൾക്കു ശേഷം നരഭോജികളായ പുലികൾ ബഗൽപ്പൂർ ജില്ലയിൽ കുറഞ്ഞത് 82 ആളുകളെ കൊന്നിട്ടുണ്ട്.
രുപ്പോണ്ടാ ഗ്രാമത്തിനു ചുററുമുള്ള ആളുകളെ ഭയചകിതരാക്കിയ ഒരു നരഭോജിപ്പുലിയെ വെടിവെച്ചു കൊല്ലാൻ 1950-ൽ അഞ്ചു മാസങ്ങളോളം താൻ പരിശ്രമിച്ചു പരാജയമടഞ്ഞതെങ്ങനെ എന്ന് ടാങ്കനിക്ക (ഇന്ന് ടാൻസാനിയായുടെ ഭാഗം) യിലെ ഒരു വന്യമൃഗ സങ്കേതത്തിന്റെ റേയ്ഞ്ചർ വർണ്ണിച്ചു. ഒടുവിൽ 18 കുട്ടികളെ അത് കൊന്നതിനെ തുടർന്ന് ഒരു ആഫ്രിക്കൻ ഗ്രാമീണൻ അതിനെ കുടുക്കി. മറെറാരു പുലി മസാഗുരു ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളുമായി 25 പേരെ വകവരുത്തി.
തുടർന്നിതാ ആഫ്രിക്കൻ സിംഹം [പാന്ഥെറാ ലിയോ]. അത് മനുഷ്യരെ തിന്നുന്നതിലേക്ക് തിരിഞ്ഞാൽ ഇരകൾ മിക്കപ്പോഴും മുതിർന്ന പുരുഷൻമാരായിരിക്കും. “വന്യ മൃഗ സംരക്ഷണ വകുപ്പിലെ എന്റെ ഇരുപത്തിമൂന്നു വർഷങ്ങളിൽ ഞാൻ നാല്പതിലധികം സിംഹങ്ങളെ വെടിവെച്ചിട്ടുണ്ട്, അവയിൽ ഭൂരിപക്ഷവും നരഭോജികളായിരിക്കെ, ശേഷിച്ചവ നരഭോജികളോ കന്നുകാലികളെ വേട്ടയാടുന്നവയോ ആയിത്തീരാനുള്ള അവയുടെ പാതയിലായിരുന്നു” എന്ന് മമ്പാസ് ആൻഡ് മാൻ-ഈറേറഴ്സ് എന്ന തന്റെ പുസ്തകത്തിൽ സി. അയോണിഡസ് എഴുതുന്നു. അയോണിഡസ് അഭിപ്രായപ്പെടുന്നതനുസരിച്ച് സിംഹങ്ങളുടെ സാധാരണ ഇരകളെ മനുഷ്യൻ വൻതോതിൽ ഒടുക്കിക്കളയുമ്പോഴാണ് നിംഹങ്ങൾ മനുഷ്യന് ഒരു ശല്യം ആയിത്തീരുന്നത്.
ഭൂവ്യാപകമായ സമാധാനം മുന്നറിയിച്ചിരിക്കുന്നു!
മനുഷ്യനും മൃഗവും തമ്മിലുള്ള സമാധാന ബന്ധത്തിന് അത്തരം തടസ്സങ്ങളുണ്ടായിരുന്നിട്ടും ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഓരോ ഇനം വന്യമൃഗവും . . . ഇണക്കപ്പെടേണ്ടവയാണ്, മനുഷ്യജാതിയോട് അവ ഇണങ്ങിയുമിരിക്കുന്നു.”—യാക്കോബ് 3:7.
യെഹെസ്ക്കേൽ 34:25-ൽ ബൈബിൾ ഇങ്ങനെ മുന്നറിയിക്കുന്നു: “ഞാൻ [ദൈവം] അവയോട് ഒരു നിയമം ചെയ്യും, ഹനിക്കുന്ന കാട്ടുമൃഗങ്ങൾ ദേശത്തു നിന്നു പൊയ്പ്പോകാൻ ഞാൻ നിശ്ചയമായും ഇടയാക്കും, അവ മരുഭൂമിയിൽ നിർഭയമായി വസിക്കുകയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.”
അത്തരം ബൈബിൾ പ്രവചനങ്ങൾ വെറുമൊരു അയഥാർത്ഥ സ്വപ്നമാണോ? മനുഷ്യനും വന്യമൃഗവും തമ്മിലുള്ള ഭൂവ്യാപകമായ സമാധാനത്തിന്റെ പ്രത്യാശ തള്ളിക്കളയുന്നതിനു മുമ്പ് ബൈബിൾ പറയുന്ന കാര്യങ്ങളുടെ സത്യതയിലേക്ക് വിരൽ ചൂണ്ടുന്ന ചില സൂചനകൾ പരിചിന്തിക്കുക. അപകടകാരികളായ മൃഗങ്ങൾക്കും അവയെ പരിപാലിക്കുന്ന മനുഷ്യർക്കും ഇടയിലുള്ള യോജിപ്പിന്റെ വിസ്മയം ജനിപ്പിക്കുന്ന ഉദാഹരണങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. (g91 4/8)