ആ പുതിയലോകത്തിലെ ജീവിതം തിരഞ്ഞെടുക്കുക
സ്പഷ്ടമായും, ഈ അതുല്യമായ ചെറിയ, അതിവിശിഷ്ട ഗ്രഹം സൃഷ്ടിക്കുന്നതിൽ ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. മനുഷ്യവർഗ്ഗം അവന്റെ ഉദ്ദേശ്യത്തിൽ ഒരു പ്രധാനപങ്കു വഹിക്കണമെന്ന് അവൻ നിശ്ചയിച്ചു. (യെശയ്യാവു 45:18) നമ്മുടെ ഭൂമിയുടെ ഭയങ്കരമായ അധഃപതനം ദൈവത്തിനു യാതൊരു ബഹുമാനവും കൈവരുത്തുന്നില്ല. എന്നാൽ ഈ അവസ്ഥ തുടരാൻ അവൻ അനുവദിക്കുമെന്നു നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവോ? തീർച്ചയായും ഇല്ല!
ഒരു പുതിയലോകത്തിനുവേണ്ടിയുള്ള മനുഷ്യവർഗ്ഗത്തിന്റെ വാഞ്ഛ വാസ്തവത്തിൽ മനുഷ്യവർഗ്ഗം ഒരുകാലത്ത് അനുഭവിച്ചിരുന്ന ഒന്നിനുവേണ്ടിയുള്ള അതിയായ ആഗ്രഹത്തിന്റെ പ്രതികരണമാണ്. അതൊരു യഥാർത്ഥ, അനുഭവവേദ്യമായ ഭൗമിക പറുദീസ ആയിരുന്നു. ആദ്യ മാനുഷദമ്പതികൾ അത്തരമൊരു ഭവനത്തിൽ ആക്കിവെക്കപ്പെട്ടു, മനുഷ്യവർഗ്ഗം ഭൂമിയിൽ ആ പറുദീസ എന്നേക്കും ആസ്വദിക്കണമെന്നുള്ളതു സ്രഷ്ടാവിന്റെ ആദിമോദ്ദേശ്യമായിരുന്നു.—ഉല്പത്തി 1:28.
വിശ്വസ്തരായ ആളുകളെ തങ്ങളുടെ ഹൃദയങ്ങളുടെ ആഗ്രഹങ്ങൾ സഹിതം അനുഗ്രഹിക്കുന്ന അവന്റെ പുതിയലോകത്തിലെ ജീവിതത്തിനു യഹോവയാം ദൈവം നിങ്ങൾക്ക് ഇപ്പോൾ ഒരു അവസരം വാഗ്ദാനം ചെയ്യുന്നു. (സങ്കീർത്തനങ്ങൾ 10:17; 27:4) അവിടെ ജീവിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുമോ?
നിങ്ങൾക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്
മോശയുടെ വിടവാങ്ങൽ പ്രസംഗം ശ്രവിച്ച ഇസ്രയേൽ ജനത്തിനു സമാനമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. അവർ ഒന്നുകിൽ ദൈവത്തിന്റെ അല്ലെങ്കിൽ അക്കാലത്തെ ജനതകളുടെ ഭരണം തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. മോശയുടെ ഉപദേശം ഇങ്ങനെ ആയിരുന്നു: “ജീവനും മരണവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു . . .നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും. . .നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക.” (ആവർത്തനം 30:19, 20) അതെ, നിങ്ങളുടെ തിരഞ്ഞെടുപ്പും ഒരു ജീവൻ-മരണ വിഷയമാണ്.
ദൈവത്തിന്റെ പുതിയലോകത്തെക്കുറിച്ചുള്ള ഈ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത്, പുതിയലോകം സൃഷ്ടിക്കാനുള്ള മമനുഷ്യന്റെ പൊള്ളയായ വാഗ്ദാനങ്ങളിൽ പ്രത്യാശ വെക്കുന്നതിനുപകരം നിങ്ങളുടെ ഹൃദയത്തെ സ്പർശിച്ച് നിങ്ങളും അതു തിരെഞ്ഞെടുക്കാൻ വേണ്ടിയാണ്. ദൈവത്തിന്റെ പുതിയലോകത്തെക്കുറിച്ചു നിങ്ങൾ പഠിക്കേണ്ട അനേകം അത്ഭുതകാര്യങ്ങൾ ഉണ്ട്.
ഉദാഹരണമായി, ഈ പുതിയലോകം ആസന്നമാണ് എന്നതിന് എന്തു തെളിവുണ്ട്? അത് എങ്ങനെ ഭൂമിയിലെ എല്ലാ ഗവൺമെൻറുകളെയും മാററിസ്ഥാപിക്കും? എന്തു സംഭവങ്ങൾ ഇതിലേക്കു നയിക്കും? ബൈബിൾ വാഗ്ദാനം ചെയ്യുന്നതു സത്യമായി ഭവിക്കുമെന്നു നമുക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
ഇവക്കും മററനേകം ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ലഭ്യമാണ്. ദൈവത്തിന്റെ പുതിയലോകത്തിലെ അനുഗ്രഹങ്ങളെക്കുറിച്ചു വിവരിക്കുക മാത്രമല്ല ദൈവത്തിന്റെ ഗവൺമെൻറ് എപ്പോൾ, എങ്ങനെ അതിന്റെ ഭരണം ആരംഭിക്കുകയും അന്തിമമായി, മുഴുഭൂമിയെയും നിയന്ത്രിക്കാൻ ആ ഭരണം വികസിപ്പിക്കുകയും ചെയ്യുമെന്നു വിവരിക്കുന്ന വാക്യങ്ങൾ നിങ്ങളുടെ ബൈബിൾപ്രതിയിൽനിന്നും കാണിച്ചുതരുവാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും.
അപ്പൊസ്തലനായ പൗലോസിനെ ശ്രദ്ധിച്ച ഒന്നാം നൂററാണ്ടിലെ ബരോവക്കാരെപ്പോലെ പ്രതികരിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അവർ “അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.” (പ്രവൃത്തികൾ 17:11) ജ്ഞാനപൂർവ്വം, നിങ്ങൾ അതുതന്നെ ചെയ്യേണ്ടതുണ്ട്. ദൈവം നമുക്കു വാഗ്ദാനം ചെയ്യുന്ന ആനന്ദകരമായ ഭാവിയെക്കുറിച്ചു നിങ്ങൾ പഠിക്കുമ്പോൾ യഹോവയുടെ സാക്ഷികളോടൊപ്പമുള്ള നിങ്ങളുടെ ബൈബിൾ ചർച്ചകൾ വലിയ ആത്മീയ സംതൃപ്തി കൈവരുത്തുമെന്നു തീർച്ചയാണ്.
ദൈവത്തെയും അവന്റെ രാജ്യഗവൺമെൻറിന്റെ താത്പര്യങ്ങളെയും സേവിക്കണമോ തങ്ങളേത്തന്നെ ഭരിക്കാനുള്ള മമനുഷ്യന്റെ ശ്രമങ്ങളിൽ ആശ്രയവും പ്രത്യാശയും വെക്കണമോ എന്നതു സംബന്ധിച്ചു നിങ്ങൾ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. നിങ്ങളുടെ തീരുമാനം അറിവിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കുന്നതിനു ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ചു നിങ്ങൾക്ക് ആവുന്നത്ര പഠിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ബൈബിൾജ്ഞാനം സമ്പാദിക്കുന്നതു ഭാവിക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രത്യാശയെ ഉജ്ജീവിപ്പിക്കുന്നുവെന്നു മാത്രമല്ല മാനുഷഭരണത്തിന്റെ ഈ അന്തിമനാളുകളിൽ ആത്മീയമായി ഉണർവ്വുള്ളവരായിനിൽക്കുന്നതിനും നിങ്ങളെ സഹായിക്കും.—2 തിമൊഥെയൊസ് 1:13.
പുതിയലോകത്തിനുവേണ്ടിയുള്ള അനേകവർഷങ്ങളിലെ മമനുഷ്യന്റെ കാത്തിരിപ്പ് ഏതാണ്ടു തീരാറായിരിക്കുന്നു. നിങ്ങൾക്ക് ആ പുതിയലോകത്തിലേക്കു പ്രവേശനം ലഭിക്കുന്നതിനും ജീവിതം എന്നേക്കും ആസ്വദിക്കുന്നതിനും യഹോവയുടെ സാക്ഷികൾ ആഗ്രഹിക്കുന്നു. ദൈവം ആഗ്രഹിക്കുന്നതും അതുതന്നെയാണ്. നിങ്ങൾ ദൈവത്തിന്റെ പുതിയലോകം തിരഞ്ഞെടുക്കുമെന്നു ആത്മാർത്ഥമായി പ്രതീക്ഷിക്കപ്പെടുന്നു. നിങ്ങൾ അങ്ങനെ ചെയ്യുമെങ്കിൽ, ഒരു പുതിയലോകത്തിനുവേണ്ടിയുള്ള മമനുഷ്യന്റെ അഭിലാഷം ഒരിക്കലും വ്യർത്ഥമല്ലായിരുന്നുവെന്നു നിങ്ങൾ കാണും. (g92 10⁄22)