വർഗം എന്താണ്?
വർഗം! ആ പദം നിങ്ങളുടെ മനസ്സിലേക്ക് എന്താണു കൊണ്ടുവരുന്നത്? ചിലരെ സംബന്ധിച്ചിടത്തോളം അതു വിവേചനവും മർദനവും ആണ്. മററു ചിലർക്ക് അതു വിദ്വേഷത്തിന്റെയും കലാപങ്ങളുടെയും കൊലപാതകത്തിന്റെ പോലും പര്യായമാണ്.
ഐക്യനാടുകളിലെ വർഗീയ കലാപങ്ങൾമുതൽ ദക്ഷിണാഫ്രിക്കയിലെ വർണവിവേചനംവരെ, പൂർവ യൂറോപ്പിലെ വംശീയ സംഘങ്ങൾക്കിടയിലെ യുദ്ധങ്ങൾമുതൽ ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവ പോലുള്ള സ്ഥലങ്ങളിലെ പോരാട്ടങ്ങൾവരെ, വർഗം പറഞ്ഞറിയിക്കാനാവാത്ത മാനുഷിക ദുരിതത്തിന്റെയും നാശത്തിന്റെയും സംഗമബിന്ദുവായി മാറിയിരിക്കുന്നു.
എന്നാൽ സംഗതി ഇങ്ങനെയായിരിക്കുന്നത് എന്തുകൊണ്ടാണ്? ആളുകൾ തികച്ചും മറെറന്തിനെയും വച്ചുപൊറുക്കുന്നതായി തോന്നുന്ന ദേശങ്ങളിൽപ്പോലും വർഗം കോളിളക്കം സൃഷ്ടിക്കുന്ന ഒരു വിവാദവിഷയം ആയിരിക്കുന്നത് എന്തുകൊണ്ടാണ്? ഇത്രയധികം കുഴപ്പങ്ങളും അനീതിയും ആളിക്കത്തിക്കുന്ന ഒരു ഫ്യൂസായി വർഗത്തെ മാററുന്നത് എന്താണ്? ലളിതമായി പറഞ്ഞാൽ, വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട ആളുകൾക്ക് ഒത്തുപോകാൻ കഴിയാത്തത് എന്തുകൊണ്ടാണ്?
ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനു വർഗം എന്താണെന്നും ഏതെല്ലാം വിധങ്ങളിൽ വർഗങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നെന്നും ഉള്ളതിലധികം നാം അറിയേണ്ടതുണ്ട്. ഇപ്പോഴത്തെ വർഗബന്ധങ്ങളിൻമേൽ ചരിത്രത്തിനുള്ള പങ്കിനെക്കുറിച്ചും നാം മനസ്സിലാക്കേണ്ടതുണ്ട്. ഒന്നാമതായി പക്ഷേ, ഈ വിഷയത്തെക്കുറിച്ചു ശാസ്ത്രത്തിനു നമ്മോട് എന്തു പറയാൻ കഴിയുമെന്നു നമുക്കു നോക്കാം.
മനുഷ്യരെ വർഗീകരിക്കുന്നതിലെ പ്രശ്നം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്ന ആളുകൾക്കു വൈവിധ്യമാർന്ന ശാരീരിക സവിശേഷതകൾ ഉണ്ട്. ഇവയിൽ തൊലിയുടെ നിറം, മുഖത്തിന്റെ ആകൃതി, മുടിയുടെ ഇഴ അങ്ങനെ പലതും ഉൾപ്പെടുന്നു. അങ്ങനെയുള്ള ശാരീരിക വ്യത്യാസങ്ങൾ ഒരു വർഗത്തെ മറെറാന്നിൽനിന്നു വേർതിരിച്ചു നിർത്തുന്നു.
അതുകൊണ്ട് ആളുകൾ സാധാരണമായി തൊലിയുടെ നിറത്തെ മുൻനിർത്തി വെള്ളക്കാരെക്കുറിച്ചും കറുത്തവരെക്കുറിച്ചും സംസാരിക്കുന്നു. പക്ഷേ, ആളുകൾ സ്പെയിൻകാരെയും ഏഷ്യാക്കാരെയും സ്കാൻഡിനേവിയക്കാരെയും യഹൂദൻമാരെയും റഷ്യാക്കാരെയും കുറിച്ചും സംസാരിക്കാറുണ്ട്. ഒടുവിൽ പറഞ്ഞ പേരുകൾ ശാരീരിക സവിശേഷതകളെക്കാൾ ഭൂമിശാസ്ത്രപരമോ ദേശീയമോ സാംസ്കാരികമോ ആയ വ്യത്യാസങ്ങളെയാണു പരാമർശിക്കുന്നത്. അതുകൊണ്ടു മിക്കയാളുകളെ സംബന്ധിച്ചും വർഗത്തെ നിശ്ചയിക്കുന്നതു ശാരീരിക സവിശേഷതകൾ മാത്രമല്ല, ആചാരങ്ങളും ഭാഷയും സംസ്കാരവും മതവും ദേശീയതയും ഒക്കെയാണ്.
എന്നിരുന്നാലും ഈ വിഷയത്തെക്കുറിച്ച് എഴുതുന്ന ചില എഴുത്തുകാർ “വർഗം” എന്ന പദം ഉപയോഗിക്കാൻ തീർത്തും മടിക്കുന്നു എന്നതു രസാവഹമാണ്; അതു വരുന്ന ഓരോ തവണയും അവർ ആ പദം ഉദ്ധരണി ചിഹ്നങ്ങളിൽ ഇടുന്നു. മററു ചിലർ ഈ പദം പൂർണമായി ഒഴിവാക്കി, പകരം “വംശീയ കൂട്ടങ്ങൾ,” “ഗണങ്ങൾ,” “ജനപദങ്ങൾ,” “വിവിധതരം ആളുകൾ” തുടങ്ങിയ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. എന്തുകൊണ്ട്? പൊതുവേ മനസ്സിലാക്കുന്നതുപോലെ “വർഗം” എന്ന പദം പേറുന്ന ദുരർഥധ്വനികളും സൂചനകളും നിരവധിയാണ്. അതുകൊണ്ട്, വേണ്ടത്ര അർഥം വ്യക്തമാക്കാതെ അതുപയോഗിച്ചാൽ ചർച്ചയുടെ കാതൽ തന്നെ ആശയക്കുഴപ്പത്തിലാണ്ടു പോവുന്നു.
ജീവശാസ്ത്രജ്ഞരെയും നരവംശശാസ്ത്രജ്ഞരെയും സംബന്ധിച്ചിടത്തോളം മിക്കപ്പോഴും ഒരു വർഗമെന്നാൽ കേവലം “ഒരു ജാതിയിലെതന്നെ, മററു ഗണങ്ങളിൽനിന്നു വേർതിരിച്ചറിയിക്കുന്ന ശാരീരിക സ്വഭാവവിശേഷതകൾ സഹജമായുള്ള ആ ജാതിയുടെ ഒരു ഉപവിഭാഗം ആണ്.” ഏതായാലും ചോദ്യമിതാണ്, മനുഷ്യജാതിക്കുള്ളിലെ ഉൾപ്പിരിവുകളെ വർണിക്കാൻ ഏതു സ്വഭാവവിശേഷതകൾ ഉപയോഗിക്കാൻ കഴിയും?
തൊലിയുടെ നിറം, മുടിയുടെ നിറവും ഇഴയും, കണ്ണുകളുടെയും മൂക്കിന്റെയും ആകൃതി, തലച്ചോറിന്റെ വലിപ്പം, രക്തഗ്രൂപ്പ് തുടങ്ങിയ ഘടകങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ മനുഷ്യവർഗവിഭാഗങ്ങളെ വർഗീകരിക്കുന്ന ഘടകമെന്ന നിലയിൽ ഇവയിലൊന്നും പൂർണമായും തൃപ്തികരമെന്നു തെളിഞ്ഞിട്ടില്ല. അത്തരം സവിശേഷതകളിൽ തികഞ്ഞ ഐകരൂപ്യമുള്ള ആളുകൾ സഹജമായി ഉണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ കാരണം.
തൊലിയുടെ നിറംതന്നെ എടുക്കുക. തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യവർഗത്തെ അഞ്ചു വർഗങ്ങളായി തരംതിരിക്കാൻ കഴിയുമെന്നു മിക്കയാളുകളും കരുതുന്നു: വെളുത്തവരും കറുത്തവരും തവിട്ടുനിറമുള്ളവരും മഞ്ഞനിറക്കാരും ചെമന്നവരും. വെള്ളവർഗത്തിനു പൊതുവേ വെളുത്ത തൊലിയും ഇളംനിറത്തിലുള്ള മുടിയും നീലക്കണ്ണുകളും ഉള്ളതായി കണക്കാക്കപ്പെടുന്നു. എന്നാൽ വാസ്തവത്തിൽ, വെളുത്ത വർഗക്കാർ എന്നു വിളിക്കപ്പെടുന്നവരുടെ ഇടയിൽത്തന്നെ മുടിയുടെ നിറത്തിലും കണ്ണിന്റെ നിറത്തിലും തൊലിയുടെ നിറത്തിലും വലിയ വൈവിധ്യം ഉണ്ട്. മനുഷ്യജാതി (The Human Species) എന്ന പുസ്തകം റിപ്പോർട്ടു ചെയ്യുന്നു: “എല്ലാ അംഗങ്ങളും ഒരേപോലിരിക്കുന്ന ഒരു ജനവിഭാഗവും യൂറോപ്പിൽ ഇന്നില്ല; അങ്ങനെയുള്ള ജനവിഭാഗങ്ങൾ ഒരിക്കലും ഒട്ടുണ്ടായിരുന്നിട്ടുമില്ല.”
മനുഷ്യവർഗവിഭാഗങ്ങൾ (The Kinds of Mankind) എന്ന പുസ്തകം കുറിക്കൊള്ളുന്നതുപോലെ മനുഷ്യജാതിയെ വർഗീകരിക്കുന്നതു തീർച്ചയായും ദുഷ്കരമാണ്: “ആകെ നമുക്കു പറയാൻ കഴിയുമെന്നു തോന്നുന്നത് ഇതാണ്: മനുഷ്യരാരും തന്നെ മററു മനുഷ്യരെപ്പോലെ കാണപ്പെടാതിരിക്കുകയും ആളുകൾ ആളുകളെ വ്യത്യസ്തമാക്കുന്ന ധാരാളം വിധങ്ങൾ നമുക്കു വ്യക്തമായി കാണാൻ കഴിയുകയും ചെയ്യുന്നെങ്കിലും, മനുഷ്യവർഗത്തിൽ കൃത്യമായി എത്ര വിഭാഗങ്ങൾ ഉണ്ടെന്നുള്ളതു സംബന്ധിച്ചു ശാസ്ത്രജ്ഞർ ഇപ്പോഴും യോജിപ്പുള്ളവരല്ല. ആളുകൾ ഒരു വർഗത്തിൽ അല്ലെങ്കിൽ മറെറാരു വർഗത്തിൽ പെട്ടവരാണ് എന്നു നിശ്ചയിക്കാൻ ഏതു മാനദണ്ഡങ്ങൾ ഉപയോഗിക്കാം എന്നുപോലും അവർ തീരുമാനിച്ചിട്ടില്ല. ചില ശാസ്ത്രജ്ഞർ ഗവേഷണം ഉപേക്ഷിച്ചുകളയുകയും ഈ പ്രശ്നം വളരെ ബുദ്ധിമുട്ടേറിയതാണെന്ന്—യാതൊരു പരിഹാരവുമില്ല എന്നു തന്നെ—പറയുകയും ചെയ്യുന്നു!”
ഇതെല്ലാം കുഴപ്പിക്കുന്നതാണെന്നു തോന്നിയേക്കാം. മൃഗങ്ങളെയും സസ്യജാലങ്ങളെയും കുടുംബങ്ങളും വർഗങ്ങളും ഉപവർഗങ്ങളും ആയി തരംതിരിക്കുന്നതിൽ ശാസ്ത്രജ്ഞർക്ക് ഒട്ടും വിഷമമില്ലാതിരിക്കെ മാനവജാതിയെ വർഗങ്ങളായി തരംതിരിക്കുന്നത് അവർക്ക് ഇത്ര വലിയൊരു പ്രശ്നം ആയിരിക്കുന്നത് എന്തുകൊണ്ട്?
“മമനുഷ്യന്റെ ഏററവും അപകടകരമായ സങ്കല്പം”
നരവംശശാസ്ത്രജ്ഞനായ ആഷ്ലി മോൺടേഗ്യു പറയുന്നതനുസരിച്ച്, “ശാരീരികവും മാനസികവും ആയ സവിശേഷതകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണെന്നും, ശാരീരിക വ്യത്യാസങ്ങൾ, ഏറെ തീവ്രതരമായ മാനസിക പ്രാപ്തികളിലെ വ്യത്യാസങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ വ്യത്യാസങ്ങൾ ഐക്യൂ (IQ) പരിശോധനകൾ മുഖേനയും ഈ ജനവിഭാഗങ്ങളുടെ സാംസ്കാരിക നേട്ടങ്ങൾ വിലയിരുത്തിയും അളക്കാവുന്നതാണെന്നും” പലയാളുകളും കരുതുന്നു.
അങ്ങനെ വർഗങ്ങൾക്കു വ്യത്യസ്തമായ ശാരീരിക സവിശേഷതകൾ ഉള്ളതുകൊണ്ടു ചില വർഗങ്ങൾ ബുദ്ധിപരമായി ഉയർന്നവരാണെന്നും മററു ചിലർ താഴ്ന്നവരാണെന്നും ഒട്ടനവധിപേർ വിശ്വസിക്കുന്നു. എന്നിരുന്നാലും അത്തരം ചിന്തയെ “മമനുഷ്യന്റെ ഏററവും അപകടകരമായ സങ്കല്പം” എന്നു മോൺടേഗ്യു വിളിക്കുന്നു. മററു വിദഗ്ധരും ഇതിനോടു യോജിക്കുന്നു.
മോർട്ടൺ ക്ലാസ്സും ഹാൾ ഹെൽമാനും മനുഷ്യവർഗവിഭാഗങ്ങൾ എന്ന പുസ്തകത്തിൽ ഇപ്രകാരം വിശദീകരിക്കുന്നു: “വ്യക്തികൾ തീർച്ചയായും വ്യത്യസ്തരാണ്; എല്ലാ ജനവിഭാഗങ്ങളിലും പ്രതിഭകളും കഴിവില്ലാത്തവരും ഉണ്ട്. എന്നാൽ സർവത്ര ഗവേഷണങ്ങൾക്കും ശേഷം ജനവിഭാഗങ്ങൾക്കിടയിൽ ബുദ്ധിയുടെയും പ്രാപ്തിയുടെയും കാര്യത്തിൽ ജനിതക വ്യത്യാസങ്ങൾ ഉണ്ടെന്നുള്ളതിനു ഉത്തരവാദിത്വപ്പെട്ട പണ്ഡിതൻമാർ സ്വീകാര്യമായ തെളിവ് കണ്ടിട്ടില്ല.”
എന്നിരുന്നാലും ഉപരിപ്ലവമായ ശാരീരിക വ്യത്യാസങ്ങൾ വർഗങ്ങൾ അടിസ്ഥാനപരമായി വ്യത്യാസപ്പെട്ടിരിക്കുന്നതായി അർഥമാക്കുന്നുവെന്നു പലരും എന്തുകൊണ്ടു തുടർന്നും വിശ്വസിക്കുന്നു? യഥാർഥത്തിൽ വർഗം എന്നത് എങ്ങനെ ഇത്ര പ്രമാദമായ വിഷയം ആയിത്തീർന്നു? ഈ കാര്യങ്ങൾ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.