ബൈബിളിന്റെ വീക്ഷണം
ക്ഷമിക്കുക, മറക്കുക—എങ്ങനെ സാധിക്കും?
“ഞാൻ അവരുടെ അകൃത്യം ക്ഷമിക്കും, ഞാൻ അവരുടെ പാപം മേലാൽ ഓർക്കുകയുമില്ല.”—യിരെമ്യാവ് 31:34, NW.
പ്രവാചകനായ യിരെമ്യാവ് രേഖപ്പെടുത്തിയ ആ വാക്കുകൾ യഹോവയുടെ കരുണയെ സംബന്ധിച്ച് ശ്രദ്ധേയമായ ഒരു സംഗതി വെളിപ്പെടുത്തുന്നു: അവൻ ക്ഷമിക്കുമ്പോൾ, അവൻ മറന്നുകളയുന്നു. (യെശയ്യാവു 43:25) ബൈബിൾ കൂടുതലായി ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവ സൗജന്യമായി നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ചെയ്വിൻ.” (കൊലോസ്യർ 3:13, NW) അതുകൊണ്ട്, ക്രിസ്ത്യാനികളെന്ന നിലയിൽ നാം യഹോവയുടെ ക്ഷമയെ അനുകരിക്കണം.
എന്നിരുന്നാലും, ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉദിക്കുന്നു. യഹോവ ക്ഷമിക്കുമ്പോൾ, അവൻ നമ്മുടെ പാപങ്ങൾ വാസ്തവത്തിൽ ഒരിക്കലും ഓർക്കാതിരിക്കുന്നുവോ? നാം ക്ഷമിക്കുമ്പോൾ, ഓർക്കാൻ കഴിയാത്തവിധം നാം മറക്കണമോ? ആ വിധത്തിൽ നാം മറന്നില്ലെങ്കിൽ വാസ്തവത്തിൽ നാം മറന്നിട്ടില്ല എന്നു പറയാൻ കഴിയുമോ?
യഹോവ ക്ഷമിക്കുന്ന വിധം
മറക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് നീരസം ഒഴിവാക്കുന്നതാണ്. യഹോവ ക്ഷമിക്കുമ്പോൾ, അവൻ അതു പരിപൂർണമായി ചെയ്യുന്നു.a സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ എഴുതി: “[യഹോവ] സദാ കുറ്റപ്പെടുത്തുകയില്ല; തന്റെ കോപം നിത്യം നിലനിർത്തുകയില്ല. കിഴക്ക് പടിഞ്ഞാറിൽനിന്ന് അകന്നിരിക്കുന്നത്ര, ഞങ്ങളുടെ അതിക്രമങ്ങളെ അവൻ ഞങ്ങളിൽനിന്ന് അകറ്റിയിരിക്കുന്നു. പിതാവ് മക്കളോടു കരുണ കാണിക്കും പോലെ, കർത്താവ് [യഹോവ] തന്നെ ഭയപ്പെടുന്നവരോട് കരുണ കാണിക്കുന്നു.”—സങ്കീർത്തനം 103:9, 12, 13, ഓശാന ബൈബിൾ.
ദൈവത്തിന്റെ ക്ഷമയുടെ പൂർണത കൂടുതലായി പ്രവൃത്തികൾ 3:19-ൽ വിശദീകരിച്ചിരിക്കുന്നു: “നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ.” ‘മാഞ്ഞുകിട്ടുക’ എന്ന പദം വരുന്നത് “തുടച്ചുമാറ്റുക, മായ്ച്ചുകളയുക” എന്നർഥമുള്ള ഒരു ഗ്രീക്കു ക്രിയയിൽനിന്നാണ് (എക്സാലെയ്ഫോ). (കാണുക: വെളിപ്പാടു 7:17; 21:4.) ദ ന്യൂ ഇന്റർനാഷണൽ ഡിക്ഷ്ണറി ഓഫ് ന്യൂ ടെസ്റ്റമെൻറ് തിയോളജി ഇങ്ങനെ വിശദീകരിക്കുന്നു: “ഈ ക്രിയ ഇവിടെയും ഒരുപക്ഷേ മറ്റുള്ളിടങ്ങളിലും പ്രകടമാക്കുന്ന ആശയം, വീണ്ടും ഉപയോഗിക്കുന്നതിനു വേണ്ടി മെഴുകുകൊണ്ടുള്ള ഒരു എഴുത്തുപലകയുടെ പ്രതലം മിനുസപ്പെടുത്തുന്നതായിരിക്കാനാണ് ഏറ്റവും സാധ്യത. (‘സ്ലേറ്റ് തുടച്ചു വൃത്തിയാക്കു’ന്നതിനോട് [താരതമ്യം ചെയ്യുക]).” നാം നമ്മുടെ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുമ്പോൾ യഹോവ നമ്മുടെ പ്രവൃത്തികളെ തുടച്ചു ശുദ്ധീകരിക്കുന്നു. നമ്മുടെ പാപങ്ങൾ അവൻ മേലാൽ ഓർക്കുന്നില്ല എന്ന് അതിനർഥമുണ്ടോ? നമുക്കു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഉദാഹരണം പരിശോധിക്കാം.
ദാവീദ് രാജാവ് ബേത്-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും പിന്നീട് അവളുടെ ഭർത്താവിന്റെ മരണം ഒരുക്കിക്കൊണ്ട് അതു മറയ്ക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ, ദാവീദിനെ ശാസിക്കാൻ യഹോവ നാഥാൻ പ്രവാചകനെ അയച്ചു. (2 ശമൂവേൽ 11:1-17; 12:1-12) ഫലമെന്തായിരുന്നു? ദാവീദ് ആത്മാർഥമായി അനുതപിച്ചു, യഹോവ അവനോടു ക്ഷമിക്കുകയും ചെയ്തു. (2 ശമൂവേൽ 12:13; സങ്കീർത്തനം 32:1-5) യഹോവ ദാവീദിന്റെ പാപങ്ങൾ മറന്നുകളഞ്ഞോ? അശേഷമില്ല! പിന്നീട്, ബൈബിൾ എഴുത്തുകാരായ ഗാദും നാഥാനും ദാവീദിന്റെ മരണത്തിനു തൊട്ടുമുമ്പ് 2 ശമൂവേൽ (പൊ.യു.മു. 1040-നോടടുത്ത് പൂർത്തിയാക്കപ്പെട്ടു) എന്ന ബൈബിൾ പുസ്തകത്തിൽ ആ മുഴു വിവരണവും രേഖപ്പെടുത്തി.
അതുകൊണ്ട്, ദാവീദിന്റെ പാപങ്ങളെക്കുറിച്ചുള്ള—അതുപോലെതന്നെ അവന്റെ അനുതാപത്തെയും തുടർന്നുള്ള യഹോവയുടെ ക്ഷമയെയും കുറിച്ചുള്ള—രേഖ അഥവാ ഓർമ തുടർന്നു നിലനിൽക്കുന്നു, ഇന്നോളമുള്ള ബൈബിൾ വായനക്കാരുടെ പ്രയോജനത്തിനു വേണ്ടി. (റോമർ 15:4; 1 കൊരിന്ത്യർ 10:11) “[ബൈബിളിൽ അടങ്ങിയിരിക്കുന്നതു പോലെ] കർത്താവിന്റെ [“യഹോവയുടെ,” NW] വചനമോ എന്നേക്കും നിലനില്ക്കുന്നു.” ദാവീദിന്റെ പാപങ്ങളെക്കുറിച്ചുള്ള രേഖ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല!—1 പത്രൊസ് 1:25.
നമ്മുടെ പാപങ്ങൾ സംബന്ധിച്ച് നാം ആത്മാർഥമായി അനുതപിക്കുമ്പോൾ യഹോവ സ്ലേറ്റ് പൂർണമായി തുടച്ചുകളയുന്നുവെന്ന് എങ്ങനെ പറയാൻ കഴിയും? “ഞാൻ അവരുടെ അകൃത്യം ക്ഷമിക്കും, ഞാൻ അവരുടെ പാപം മേലാൽ ഓർക്കുകയുമില്ല” എന്ന യഹോവയുടെ വാക്കുകൾ നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും?—യിരെമ്യാവ് 31:34, NW.
യഹോവ മറക്കുന്ന വിധം
‘ഞാൻ ഓർക്കും’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ ക്രിയ (സാഖർ എന്നതിന്റെ ഒരു രൂപം) ഭൂതകാലം കേവലം ഓർക്കുന്നതിനെയല്ല അർഥമാക്കുന്നത്. തിയളോജിക്കൽ വേഡ്ബുക്ക് ഓഫ് ദി ഓൾഡ് ടെസ്റ്റമെൻറ് പറയുന്നതിൻപ്രകാരം, അതിന് “പരാമർശിക്കുക, പ്രഖ്യാപിക്കുക, ഉരുവിടുക, ഘോഷിക്കുക, അഭ്യർഥിക്കുക, അനുസ്മരിക്കുക, കുറ്റപ്പെടുത്തുക, ഏറ്റുപറയുക” എന്നെല്ലാം അർഥമാക്കാൻ കഴിയും. തിയളോജിക്കൽ ഡിക്ഷ്ണറി ഓഫ് ദി ഓൾഡ് ടെസ്റ്റമെൻറ് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “വാസ്തവത്തിൽ, വളരെ സാധാരണമായി [സഖാർ] ഒരു പ്രവൃത്തിയെ കുറിക്കുകയോ പ്രവൃത്തിയെ സൂചിപ്പിക്കുന്ന ക്രിയകളോടു ചേർന്നുവരുകയോ ചെയ്യുന്നു.” അതുകൊണ്ട്, തന്റെ വഴിപിഴച്ച ജനത്തെക്കുറിച്ച്, ‘അവരുടെ അകൃത്യം ഓർക്കും’ എന്നു യഹോവ പറയുമ്പോൾ, അവരുടെ അനുതാപമില്ലായ്മ നിമിത്തം അവൻ അവർക്കെതിരെ നടപടിയെടുക്കും എന്നാണർഥം. (യിരെമ്യാവു 14:10) നേരേമറിച്ച്, “ഞാൻ അവരുടെ പാപം മേലാൽ ഓർക്കുകയുമില്ല” എന്നു യഹോവ പറയുമ്പോൾ, അവൻ നമുക്ക് ഉറപ്പു തരുന്നത് ഒരിക്കൽ അവൻ നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകഴിഞ്ഞാൽ നമ്മെ കുറ്റപ്പെടുത്താനോ കുറ്റംവിധിക്കാനോ ശിക്ഷിക്കാനോ വേണ്ടി അവ വീണ്ടും ഉന്നയിക്കുകയില്ല എന്നാണ്.
ഏതർഥത്തിലാണ് താൻ ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നത് എന്ന് യഹോവ പ്രവാചകനായ യെഹെസ്കേൽ മുഖാന്തരം വിശദീകരിച്ചു: “ദുഷ്ടൻ താൻ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും. അവൻ ചെയ്ത അതിക്രമങ്ങളിൽ ഒന്നിനെയും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതിയാൽ അവൻ ജീവിക്കും.” (യെഹെസ്കേൽ 18:21, 22; 33:14-16) അതേ യഹോവ ഒരു അനുതാപിയായ പാപിയോടു ക്ഷമിക്കുമ്പോൾ, അവൻ സ്ലേറ്റ് പൂർണമായി തുടച്ചുകളയുകയും ആ പാപങ്ങൾ സംബന്ധിച്ചു ഭാവിയിലേതെങ്കിലും സമയത്ത് നടപടി എടുക്കുകയില്ലെന്നുള്ള അർഥത്തിൽ മറക്കുകയും ചെയ്യുന്നു.—റോമർ 4:7, 8.
നാം അപൂർണരായിരിക്കുന്നതിനാൽ, യഹോവ ചെയ്യുന്നതുപോലെ പൂർണമായ ഒരു അർഥത്തിൽ നമുക്കു ക്ഷമിക്കാൻ ഒരിക്കലും കഴിയുകയില്ല; അവന്റെ ചിന്തകളും വഴികളും നമ്മുടെതിനെക്കാൾ അനന്തമായി ഉയർന്നതാണ്. (യെശയ്യാവു 55:8, 9) അങ്ങനെയെങ്കിൽ, മറ്റുള്ളവർ നമുക്കെതിരെ പാപം ചെയ്യുമ്പോൾ നാം ന്യായമായി എത്രത്തോളം ക്ഷമിക്കാനും മറക്കാനുമാണു പ്രതീക്ഷിക്കപ്പെടുന്നത്?
നമുക്കു ക്ഷമിക്കാനും മറക്കാനും കഴിയുന്ന വിധം
“അന്യോന്യം സൗജന്യമായി ക്ഷമിപ്പിൻ” എന്ന് എഫേസ്യർ 4:32 [NW] ഉദ്ബോധിപ്പിക്കുന്നു. നിഘണ്ടുരചയിതാവായ ഡബ്ലിയു. ഈ. വൈൻ പറയുന്നതനുസരിച്ച്, ‘സൗജന്യമായി ക്ഷമിക്കുക’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു പദത്തിന്റെ (ഖരിസോമായ്) അർഥം “നിരുപാധികമായി ഒരു ഉപകാരം ചെയ്യുക” എന്നാണ്. നമുക്കെതിരെ ചെയ്യപ്പെടുന്ന തെറ്റുകൾ സ്വഭാവത്തിൽ നിസ്സാരമായിരിക്കുമ്പോൾ, ക്ഷമിക്കാൻ നമുക്ക് അധികം പ്രയാസമില്ലായിരിക്കാം. നാം അപൂർണരാണെന്ന കാര്യം മനസ്സിൽ പിടിക്കുന്നത് മറ്റുള്ളവരുടെ തെറ്റുകൾക്കു വിട്ടുവീഴ്ച ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു. (കൊലൊസ്സ്യർ 3:13) നാം ക്ഷമിക്കുമ്പോൾ, നീരസം ഒഴിവാക്കുന്നു. മാത്രവുമല്ല, തെറ്റു ചെയ്ത ആളോടുള്ള നമ്മുടെ ബന്ധത്തിനു സ്ഥായിയായ ഹാനി സംഭവിക്കുകയുമില്ല. കാലക്രമേണ, അത്തരം നിസ്സാര തെറ്റിന്റെ ഓർമതന്നെ മങ്ങിമറഞ്ഞുപോയേക്കാം.
നമ്മെ ആഴമായി മുറിവേൽപ്പിക്കുന്ന ഗുരുതരമായ ഒരു വിധത്തിൽ മറ്റുള്ളവർ നമുക്കെതിരെ തെറ്റു ചെയ്യുകയാണെങ്കിലോ? അഗമ്യഗമനം, ബലാൽസംഗം, കൊലപാതകശ്രമം എന്നിവ പോലുള്ള അങ്ങേയറ്റത്തെ കേസുകളിൽ ക്ഷമിക്കുന്നതിൽ അനേകം ഘടകങ്ങൾ ഉൾപ്പെട്ടിരിക്കാം. തെറ്റുകാരന്റെ പക്ഷത്ത് തെറ്റു സംബന്ധിച്ച സമ്മതവും അനുതാപവും ക്ഷമാപണവും ഇല്ലാത്തപ്പോൾ അതു പ്രത്യേകിച്ചും സത്യമായിരിക്കും.b (സദൃശവാക്യങ്ങൾ 28:13) അനുതപിക്കാത്ത, കഠിനരായ പാപികളോട് യഹോവതന്നെ ക്ഷമിക്കുന്നില്ല. (എബ്രായർ 6:4-6; 10:26) ഒരു മാനസിക മുറിവ് ആഴമുള്ളതായിരിക്കുമ്പോൾ, സംഭവിച്ച കാര്യം നമ്മുടെ മനസ്സിൽനിന്നു പൂർണമായി അകറ്റിനിർത്തുന്നതിൽ നാം ഒരിക്കലും വിജയിക്കാതിരുന്നേക്കാം. എന്നിരുന്നാലും, വരാനിരിക്കുന്ന പുതിയ ലോകത്തിൽ, “മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല” എന്ന ഉറപ്പിനാൽ നമുക്ക് ആശ്വാസം തേടാൻ കഴിയും. (യെശയ്യാവു 65:17; വെളിപ്പാടു 21:4) അപ്പോൾ നാം എന്ത് ഓർമിച്ചാലും ഇപ്പോൾ നമുക്കു തോന്നുന്നതുപോലെ അത് ആഴമായ മുറിവോ വേദനയോ ഉളവാക്കുകയില്ല.
മറ്റു ചില സന്ദർഭങ്ങളിൽ കാര്യങ്ങൾ നേരെയാക്കുന്നതിന്, നമുക്കു ക്ഷമിക്കാൻ കഴിയുന്നതിനു മുമ്പ് നാം മുൻകൈ എടുക്കേണ്ടതുണ്ടായിരിക്കാം, ഒരുപക്ഷേ തെറ്റു ചെയ്ത ആളോടു സംസാരിച്ചുകൊണ്ട്. (എഫെസ്യർ 4:26) ആ വിധത്തിൽ, ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാനും ഉചിതമായ ക്ഷമാപണം നടത്താനും ക്ഷമ കാട്ടാനും കഴിയും. മറക്കുന്നതു സംബന്ധിച്ചോ? ചെയ്ത കാര്യം പൂർണമായി മറന്നുകളയാൻ നമുക്ക് ഒരിക്കലും കഴിയാതിരുന്നേക്കാം, എങ്കിലും തെറ്റു ചെയ്ത ആളോടു നീരസം വെക്കാതിരിക്കുകയും ഭാവിയിൽ ഏതെങ്കിലുമൊരു സമയത്ത് ഇക്കാര്യം എടുത്തിടാതിരിക്കുകയും ചെയ്യുക എന്ന അർഥത്തിൽ നമുക്കു മറക്കാൻ കഴിയും. നാം അതിനെക്കുറിച്ച് കുശുകുശുക്കുന്നില്ല, നാം തെറ്റു ചെയ്ത വ്യക്തിയെ പൂർണമായി ഒഴിവാക്കുന്നുമില്ല. എന്നിരുന്നാലും, തെറ്റുകാരനുമായുള്ള നമ്മുടെ ബന്ധം നല്ല വിധത്തിൽ ആയിത്തീരാൻ കുറെ സമയം പിടിച്ചേക്കാം, മുമ്പത്തെപ്പോലെ അതേ അടുപ്പം ആസ്വദിക്കാൻ കഴിയാതെയും വന്നേക്കാം.
ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക: ആശ്രയയോഗ്യനായ ഒരു വ്യക്തിയോടു തികച്ചും വ്യക്തിപരമായ കാര്യങ്ങൾ തുറന്നുപറയുന്നുവെന്നു വെക്കുക, അയാൾ മറ്റുള്ളവരോടു കാര്യം പാട്ടാക്കിയെന്നു നിങ്ങൾ പിന്നീടു മനസ്സിലാക്കുന്നു, അതു നിങ്ങൾക്കു വളരെ ദുഃഖവും വേദനയും കൈവരുത്തുന്നു. നിങ്ങൾ അദ്ദേഹത്തെ സമീപിച്ച് കാര്യങ്ങൾ തുറന്നു സംസാരിക്കുന്നു, അദ്ദേഹത്തിനു വളരെ ഖേദമുണ്ട്; അദ്ദേഹം നിങ്ങളോടു മാപ്പു പറയുകയും ക്ഷമ യാചിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആത്മാർഥമായ ക്ഷമാപണം കേട്ടതുകൊണ്ട്, അദ്ദേഹത്തോടു ക്ഷമിക്കാൻ നിങ്ങളുടെ ഹൃദയം പ്രേരിതമാകുന്നു. സംഭവിച്ച കാര്യം നിങ്ങൾ എളുപ്പം മറന്നുകളയുന്നുവോ? സാധ്യതയില്ല; ഭാവിയിൽ അദ്ദേഹത്തോടു രഹസ്യം തുറന്നുപറയുന്ന കാര്യത്തിൽ നിങ്ങൾ വളരെ ശ്രദ്ധയുള്ളവനായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും, നിങ്ങൾ അദ്ദേഹത്തോടു ക്ഷമിക്കുന്നു; നിങ്ങൾ പ്രസ്തുത കാര്യത്തെക്കുറിച്ച് നിരന്തരം അദ്ദേഹത്തോടു സംസാരിക്കുകയില്ല. നീരസം വെച്ചുകൊണ്ടിരിക്കുകയോ അതിനെപ്പറ്റി മറ്റുള്ളവരോട് കുശുകുശുക്കുകയോ ചെയ്യുകയില്ല. നേരത്തെ തോന്നിയതുപോലുള്ള ഒരടുപ്പം നിങ്ങൾക്കു തോന്നാതിരിക്കാം, എന്നാൽ നിങ്ങളുടെ ഒരു ക്രിസ്തീയ സഹോദരനായി അദ്ദേഹത്തെ നിങ്ങൾ അപ്പോഴും സ്നേഹിക്കുന്നു.—താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 20:19.
കാര്യങ്ങൾ നേരെയാക്കാൻ നിങ്ങൾ ശ്രമം നടത്തിയിട്ടും, തെറ്റുകാരൻ തന്റെ തെറ്റു സമ്മതിക്കുകയോ ക്ഷമ ചോദിക്കുകയോ ചെയ്യുന്നില്ലെങ്കിലെന്ത്? നീരസം ഒഴിവാക്കുക എന്ന അർഥത്തിൽ നിങ്ങൾക്കു ക്ഷമിക്കാൻ കഴിയുമോ? മറ്റുള്ളവരോടു ക്ഷമിക്കുന്നു എന്നതിന്റെ അർഥം അവർ ചെയ്തതിനെ ലാഘവമായി എടുക്കുന്നുവെന്നോ നിസ്സാരീകരിക്കുന്നുവെന്നോ അല്ല. നീരസം കൊണ്ടുനടക്കാൻ ഭാരിച്ച ഒരു ചുമടാണ്; അതിനു നമ്മുടെ ചിന്തകളെ തിന്നുകളയാൻ സാധിക്കും, നമ്മുടെ സമാധാനത്തെ കവർന്നുകളയാൻ സാധിക്കും. ഒരിക്കലും വരികയില്ലാത്ത ഒരു ക്ഷമാപണത്തിനു വേണ്ടി കാത്തിരുന്നാൽ നാം കൂടുതൽക്കൂടുതൽ നിരാശിതരായിത്തീരുകയേ ഉള്ളൂ. ഫലത്തിൽ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ നാം തെറ്റുകാരനെ അനുവദിക്കുന്നു. അതുകൊണ്ട്, നാം മറ്റുള്ളവരോട് ക്ഷമിക്കേണ്ടതുണ്ട്, നമ്മുടെ നീരസം ഒഴിവാക്കേണ്ടതുണ്ട്. അവരുടെ പ്രയോജനത്തിനു വേണ്ടി മാത്രമല്ല, നമ്മുടെ പ്രയോജനത്തിനും കൂടെ, തുടർന്നു സന്തോഷത്തോടെ ജീവിക്കേണ്ടതിന്.
മറ്റുള്ളവരോടു ക്ഷമിക്കുന്നത് എല്ലായ്പോഴും എളുപ്പമല്ല. എന്നാൽ, ആത്മാർഥമായ അനുതാപം ഉണ്ടായിരിക്കുമ്പോൾ യഹോവയുടെ ക്ഷമയെ അനുകരിക്കാൻ നമുക്കു ശ്രമിക്കാം. അവൻ അനുതാപമുള്ള തെറ്റുകാരോട് ക്ഷമിക്കുമ്പോൾ അവൻ നീരസം നീക്കിക്കളയുന്നു—അവൻ സ്ലേറ്റ് തുടച്ചു വൃത്തിയാക്കുന്നു, അതായത് ഭാവിയിൽ അവർക്കു നേരെ അവൻ ആ തെറ്റുകൾ കണക്കിടുകയില്ല. തെറ്റുകാരൻ അനുതാപം കാണിക്കുമ്പോൾ നീരസം ഒഴിവാക്കാൻ നമുക്കും ശ്രമിക്കാം. എന്നിരുന്നാലും, ക്ഷമിക്കാനുള്ള ബാധ്യത പോലുമില്ലാത്ത അവസരങ്ങൾ ഉണ്ടായിരുന്നേക്കാം. അങ്ങേയറ്റം അനീതിപരമോ ക്രൂരമോ ആയ പെരുമാറ്റത്തിനു വിധേയമായ ആരെയും അനുതാപമില്ലാത്ത ഒരു തെറ്റുകാരനോടു ക്ഷമിക്കാൻ നിർബന്ധിക്കരുത്. (താരതമ്യം ചെയ്യുക: സങ്കീർത്തനം 139:21, 22.) എന്നാൽ അനേകം കേസുകളിലും മറ്റുള്ളവർ നമുക്കെതിരെ തെറ്റു ചെയ്യുമ്പോൾ, നീരസം വെച്ചുകൊണ്ടിരിക്കാതിരിക്കുക എന്ന അർഥത്തിൽ നമുക്കു ക്ഷമിക്കാൻ കഴിയും. ഭാവിയിൽ നമ്മുടെ സഹോദരനെതിരെ അതു കണക്കിടാതിരിക്കുക എന്ന അർഥത്തിൽ നമുക്ക് മറക്കാനും കഴിയും.
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ (ഇംഗ്ലീഷ്) 1993 ഡിസംബർ 8 ലക്കത്തിന്റെ 18-19 പേജുകളിൽ വന്ന “ബൈബിളിന്റെ വീക്ഷണം: ദൈവത്തിന്റെ ക്ഷമ എത്ര പൂർണമാണ്?” എന്ന ലേഖനം കാണുക.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) അതിന്റെ I-ാം വാല്യം 862-ാം പേജിൽ ഇങ്ങനെ പറയുന്നു: “അനുതാപമില്ലാതെ ദ്രോഹകരമാംവണ്ണം, മനഃപൂർവം പാപം ചെയ്തുകൊണ്ടിരിക്കുന്നവരോട് ക്രിസ്ത്യാനികൾ ക്ഷമിക്കേണ്ടതില്ല. അത്തരക്കാർ ദൈവത്തിന്റെ ശത്രുക്കളായിത്തീരുന്നു.—വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
[9-ാം പേജിലെ ചിത്രം]
യോസേഫും അവന്റെ സഹോദരന്മാരും