ഓംഡർമാനിലെ ഒട്ടകച്ചന്ത സന്ദർശിക്കൽ
“എവിടെയാണ് മ്വെല?,” ഞങ്ങൾ ചോദിക്കുന്നു. ഞങ്ങളുടെ ചതുർ-ചക്ര-വാഹനം തലസ്ഥാന നഗരിയായ ഖർട്ടോയത്തിൽനിന്നും ഞങ്ങളെ പഴയ ഓംഡർമാന്റെ പടിഞ്ഞാറെ അറ്റത്തേക്ക്, സുഡാനിലെ ഏറ്റവും വലിയ നഗരിയിലേക്കു കൊണ്ടുപോകുകയാണ്.
അവിടെ റോഡടയാളങ്ങളൊന്നുമില്ല. മണൽപാതകളുടെ ഒരു നൂലാമാല മാത്രമുണ്ട്. അതുകൊണ്ട് ഞങ്ങൾ കഴുതപ്പുറത്തുപോകുന്ന ചില ആളുകളോട് മുകളിൽപ്പറഞ്ഞ ചോദ്യം ചോദിക്കുന്നു. അവരുടെ ചുമട്ടു മൃഗങ്ങളുടെ പുറത്ത് കുടിവെള്ളം നിറച്ച വീപ്പകൾ കയറ്റിയിരിക്കുകയാണ്. സഹായമനഃസ്ഥിതിയുള്ള ആ യാത്രക്കാർ ഞങ്ങൾക്കു ശരിയായ ദിശ കാട്ടിത്തരുന്നു. എട്ടു കിലോമീറ്റർകൂടെ യാത്രചെയ്തു കഴിയുമ്പോൾ ഞങ്ങൾ ഞങ്ങളുടെ വാഹനം ഉയരമുള്ള ഒരു മണൽത്തിട്ടയിലേക്ക് ഓടിക്കുന്നു. അപ്പോൾ ശ്രദ്ധേയമായ ഒരു കാഴ്ച കാണുന്നു. ഓംഡർമാനിലെ ഒട്ടകച്ചന്തയായ മ്വെല.
എന്തുകൊണ്ട് ഇവിടെ?
പാശ്ചാത്യലോകത്തെ എയർകണ്ടീഷൻ ചെയ്ത തെരുവുകടകളിൽനിന്നും പാടേ വ്യത്യസ്തം. സഹാറാ മരുഭൂമിയിലെ ചൂടുള്ള കാലാവസ്ഥയിൽ വെളിയിലാണ് ചന്ത പ്രവർത്തിക്കുന്നത്. കൃത്യമായ അതിരുകളില്ലാത്ത, ഏതാണ്ട് മൂന്നു ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള അവിടെ മരങ്ങളോ സസ്യങ്ങളോ ഒന്നുമില്ല. കാണാവുന്ന ദൂരമത്രയും മണൽ മാത്രം. എന്നാൽ നൂറുകണക്കിന് ഒട്ടകങ്ങളെയും ജലബേയ എന്നു പറയുന്ന പരമ്പരാഗത ദേശീയ വേഷം ധരിച്ച ഒട്ടകപാലകരെയും കാണാം.
ഇളം മഞ്ഞനിറത്തിലുള്ള ധൂളി ആ കൊടും മരുഭൂമിക്കു കുറുകെ വീശുന്നതു കാണുമ്പോൾ ഞങ്ങൾ അതിശയിക്കുന്നു, ‘അവരെന്തിനാണ് ഈ ചന്ത ഇവിടെ സ്ഥാപിച്ചിരിക്കുന്നത്?’ ഉത്തരം പെട്ടെന്നുതന്നെ വ്യക്തമാകുന്നു. ആ പരന്ന ചക്രവാളത്തിന്റെ വിരസതക്കു ഭംഗം വരുത്തിക്കൊണ്ട് അതാ തൂക്കിയിട്ടിരിക്കുന്ന ഒരു കൂറ്റൻ ജലസംഭരണി. അതിൽ വെള്ളം നിറയ്ക്കുന്നത് ഒരു കുഴൽക്കിണറിൽനിന്നാണ്. വിലപ്പെട്ട ജലത്തിന്റെ ഈ ഉറവിടം ഇവിടം ചന്തക്കു പറ്റിയ സ്ഥലമാക്കി മാറ്റുന്നു. ഇവിടെനിന്ന് മിക്ക മൃഗങ്ങളെയും ഈജിപ്തിലേക്കും ലിബിയയിലേക്കും കയറ്റിയയയ്ക്കുന്നു.
ഞങ്ങൾ അടുത്തു ചെല്ലുമ്പോൾ പുഞ്ചിരിതൂകുന്ന അറബി ഒട്ടകപാലകർ ഞങ്ങളെ സ്വാഗതം ചെയ്യുന്നു. ഓരോ ഒട്ടകക്കാരനും തന്റെ ഒട്ടകങ്ങളെ ഒന്നിച്ചു കൂട്ടുന്നു. പല മൃഗങ്ങളുടെയും ഇടത്തെ മുൻകാൽ വളച്ചിട്ട് കെട്ടിവെച്ചിരിക്കുന്നത് ഞങ്ങൾ കാണുന്നു. അവർ മൃഗങ്ങൾക്ക് ഈ താത്കാലിക മുടന്ത് ഏൽപ്പിക്കുന്നതെന്തിനാണ്? ഇടത്തെ കാൽ സാത്താന്റേതാണെന്നുള്ള ഒരു അന്ധവിശ്വാസം അവിടെയുണ്ട്! അന്ധവിശ്വാസത്തിന്റെ കാര്യമൊഴിച്ചാൽ, ഒരു കാൽ കെട്ടിവെക്കുന്നത് മൃഗം അങ്ങോട്ടുമിങ്ങോട്ടും മാറാതിരിക്കാൻ സഹായിക്കുന്നു, അങ്ങനെ ഇടപാടുകാർക്ക് അവയുടെ പരിശോധന എളുപ്പമാകുന്നു.
വളരെ ഡിമാൻഡുള്ളത്
ഈ കമ്പോളത്തിൽ ഒട്ടകത്തിന് ഇത്ര ഡിമാൻഡെന്തുകൊണ്ട്? കഠിനമായ മരുഭൂ സാഹചര്യങ്ങൾക്ക് അത് അങ്ങേയറ്റം സജ്ജമാണ് എന്നതാണ് അതിനു കാരണം; ഈ വരണ്ട മേഖലയിൽ അത് നല്ലൊരു ഗതാഗത മാർഗമായി ഉതകുന്നു. അതിന്റെ നീണ്ടു പിളർന്ന മൂക്കുകൾ മരുഭൂമിയിൽ കാറ്റുണ്ടാകുമ്പോൾ പെട്ടെന്ന് അടയുന്നു. അതിന്റെ ചെവികൾ തലയുടെ പിൻവശത്തേക്കാണ്. മണൽ ഉള്ളിലേക്കു കടക്കാതിരിക്കാൻ അവയിൽ നിറയെ രോമങ്ങളാണ്. മുഖ്യമായും കൊഴുപ്പുകൊണ്ടു നിർമിതമായ അതിന്റെ മുതുകിലെ മുഴ നീണ്ട യാത്രകളിൽ ഭക്ഷ്യശേഖരമായി ഉതകുന്നു. അതിന്റെ ഉരസ്സിലും കാൽമുട്ടുകളിലും ഉള്ള കട്ടിയുള്ള ചർമാവരണം ചൂടു മണലിൽനിന്നും ഉപദ്രവകാരികളായ പ്രാണികളിൽനിന്നും അതിനെ സംരക്ഷിക്കുന്നു. കൂടാതെ, ഒട്ടകങ്ങൾക്ക് അങ്ങേയറ്റം ദൃഢവും മുള്ളുകളുള്ളതുമായ മരുഭൂ സസ്യങ്ങൾ തിന്നാനും വെള്ളം കുടിക്കാതെ അനേക ദിവസങ്ങൾ യാത്രചെയ്യാനും കഴിയും.a
രസകരമെന്നു പറയട്ടെ, ഗതാഗതത്തിന് ഉപയോഗപ്പെടുത്താത്ത പല ഒട്ടകങ്ങളുമുണ്ട്. വെറും നിക്ഷേപങ്ങളെന്ന നിലയിലാണ് ചിലവയെ വാങ്ങുന്നത്. എന്തിന്, ഈ അടുത്തകാലംവരെ, വിവാഹങ്ങൾക്കു സ്ത്രീധനമായി ഒട്ടകങ്ങളെ കൊടുത്തിരുന്നു! ഈ മൃഗങ്ങളിൽ പലതും ഒടുവിൽ ചെന്നെത്തുന്നതോ വിരുന്നു പ്ലേറ്റിൽ. ഓംഡർമാനിൽത്തന്നെ, അസംഖ്യം ഭക്ഷണശാലകൾ പൊരിച്ച ഒട്ടകയിറച്ചിക്ക് പ്രസിദ്ധമാണ്. ബസ്റ്റെർമാ എന്നു പറയുന്ന ഉപ്പിട്ട ഒരു ഒട്ടക വിഭവമാണ് പ്രസിദ്ധമായ മറ്റൊരു ആഹാരസാധനം. മിക്കപ്പോഴും ഒട്ടകയിറച്ചികൊണ്ടുണ്ടാക്കുന്ന ഇത് ഈജിപ്തിലും മറ്റ് മധ്യപൗരസ്ത്യ രാജ്യങ്ങളിലും ഒരു വിശിഷ്ട ഭോജ്യമായി വീക്ഷിക്കപ്പെടുന്നു.
അപ്പോൾപ്പിന്നെ, മുതുകിൽ ഒറ്റ മുഴയുള്ള ഈ അറബി ഒട്ടകങ്ങളെ ഓംഡർമാൻ ഒട്ടകച്ചന്തയിലേക്ക് ആഴ്ചയിൽ രണ്ടു പ്രാവശ്യം കൊണ്ടുവരുമ്പോൾ അവിടെ തിരക്കിട്ട പ്രവർത്തനം നടക്കുന്നതിൽ അതിശയിക്കാനില്ല. മിക്കവയെയും പടിഞ്ഞാറൻ സുഡാനിൽനിന്നാണു കൊണ്ടുവരുന്നത്. തങ്ങളുടെ ഒട്ടകങ്ങളെ പ്രദർശിപ്പിക്കാൻ ദൃഢചിത്തരായ അറബി ഒട്ടകപാലകർ വാങ്ങാൻ വന്നിരിക്കുന്നവരെ അക്ഷരാർഥത്തിൽ പൊതിഞ്ഞിരിക്കുകയാണ്.
ശക്തമായ വിലപേശൽ
മൃഗത്തെ വാങ്ങാൻ ഉദ്ദേശ്യമുള്ള ഒരാൾ ആദ്യംതന്നെ പരിശീലിതവും വിമർശനാത്മകവുമായ ഒരു ദൃഷ്ടിയോടെ മൃഗങ്ങളെ പരിശോധിക്കുന്നു. കൊഴുപ്പിന്റെ സമൃദ്ധമായ ഒരു ശേഖരമുണ്ടോയെന്നു കാണാൻ അയാൾ മുതുകിലെ മുഴയിൽ തൊട്ടു നോക്കുന്നു. എന്നിരുന്നാലും, വലിപ്പവും പ്രായവും അനുസരിച്ചാണ് ഒട്ടകങ്ങൾക്കു വിലകൽപ്പിക്കുന്നത്. ഒരു വയസ്സുള്ള ഒട്ടകങ്ങളെ ഹീവാർ എന്നും രണ്ടു വയസ്സുള്ളവയെ മഫ്രൂഡ് എന്നും മൂന്നു വയസ്സുള്ളവയെ വെഡ് ലബൂൺ എന്നും വിളിക്കുന്നു. എന്നാൽ താരുണ്യത്തിലെത്തിയവയാണ് ഏറ്റവും വിലകൂടിയ മൃഗങ്ങൾ. പെൺ ഒട്ടകങ്ങൾ നാലു വയസ്സാകുമ്പോൾ താരുണ്യത്തിലെത്തുന്നു. ആൺ ഒട്ടകങ്ങൾ എട്ടു വയസ്സാകുമ്പോഴും. ഇവയെ യഥാക്രമം ഹാക്ക് എന്നും സൂഡെയ്സ് എന്നും വിളിക്കുന്നു. പൂർണ വളർച്ചയെത്തിയ മൃഗങ്ങളിലൊന്നിനെ കാണിച്ചു കഴിയുമ്പോൾ അത് യഥാർഥത്തിൽ താരുണ്യത്തിൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാങ്ങിക്കാൻ വന്നയാൾ അതിനെ പരിശോധിക്കുന്നു.
വാങ്ങുന്നയാൾക്ക് ഒട്ടകത്തെ ഇഷ്ടപ്പെട്ടുകഴിഞ്ഞാൽ വിലപേശൽ ആരംഭിക്കുകയായി. വിലപേശാനുള്ള കഴിവ് മധ്യപൗരസ്ത്യദേശത്ത് ഒഴിച്ചുകൂടാനാവാത്ത ഒരു വൈദഗ്ധ്യമാണ്! “ബിസ്മ ഇലാ” (ദൈവത്തിന്റെ നാമത്തിൽ) എന്നിവയാണ് ആദ്യം പറയുന്ന വാക്കുകൾ. പിന്നെ വിലപേശൽ ആരംഭിക്കുകയായി. ഒച്ചപ്പാടൊന്നുമില്ലാതെ ശാന്തവും തിരക്കുകൂടാതെയുമാണ് ചർച്ചകൾ നടക്കുന്നത്. വാങ്ങുന്നയാളും വിൽക്കുന്നയാളും തമ്മിൽ യോജിപ്പിലെത്തുന്നില്ലെങ്കിൽ “യിഫ്റ്റാ ആലാ” (ദൈവം മറ്റൊരു അവസരം തുറന്നുതരും) എന്നുമാത്രം പറഞ്ഞുകൊണ്ട് സംസാരം അവസാനിപ്പിക്കുന്നു.
പക്ഷേ ഞങ്ങൾ വാങ്ങാനല്ല, കാര്യങ്ങൾ കാണാൻ വന്നവരാണ്. ഉച്ചയ്ക്കത്തെ പൊരിയുന്ന ചൂടിൽ കുറച്ചു സമയം നിന്നുകഴിഞ്ഞപ്പോഴേ ഞങ്ങൾക്ക് വീട്ടിൽ പോകണമെന്നായി. എന്നാൽ ഒട്ടകങ്ങൾക്ക് ഈ ചൂടേറ്റിട്ട് ഒരു കുഴപ്പവുമില്ലാത്തതായി തോന്നുന്നു. ‘മരുഭൂമിയിലെ ഈ കപ്പലുകൾ’ അവയുടെ ചുറ്റുപാടിനോട് എത്ര നന്നായി ഇണങ്ങുന്നുവെന്ന് ഞങ്ങൾ ഓർത്തുപോയി. ഓംഡർമാനിലെ ആകർഷകമായ ഒട്ടകച്ചന്തയിൽ തുടർച്ചയായ ബിസിനസ്സിനെ ഇതർഥമാക്കുമെന്നുള്ളതിനു സംശയമില്ല!
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ 1992, ജൂൺ 8 (ഇംഗ്ലീഷ്) ലക്കത്തിലെ “അറേബ്യൻ ഒട്ടകം—ആഫ്രിക്കയുടെ സർവോദ്ദേശ്യ വാഹനം” എന്ന ലേഖനം കാണുക.