ഭയഗംഭീരമായ പ്രപഞ്ചം
വളരെ ദുർജ്ഞേയം, എങ്കിലും വളരെ ചേതോഹരം
വർഷത്തിന്റെ ഈ സമയത്ത് രാത്രിയിലെ ആകാശം രത്നഭൂഷിതമായ പ്രൗഢിയോടെ നമ്മെ മാടിവിളിക്കുന്നു. തലയ്ക്കുമീതെ അങ്ങു മുകളിലായി കാൽ നീട്ടിവെച്ചു നടക്കുന്ന ശക്തനായ ഓറിയോൺ അലാസ്കയിലെ അങ്കറിജ്മുതൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺവരെ ജനുവരി രാത്രികളിൽ അനായാസം ദൃശ്യമാണ്. ഓറിയോൺ പോലെയുള്ള സുപ്രസിദ്ധ നക്ഷത്രവ്യൂഹങ്ങളിലെ വിൺ നിധികളെ നിങ്ങൾ അടുത്തയിടെയെങ്ങാനും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടോ? ഈയിടെ നന്നാക്കിയ ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ജ്യോതിശ്ശാസ്ത്രജ്ഞൻമാർ ഒരു എത്തിനോട്ടം നടത്തിയിട്ട് അധികനാളായില്ല.
ഓറിയോണിന്റെ അരപ്പട്ടയിലുള്ള മൂന്നു നക്ഷത്രങ്ങളിൽനിന്ന് അവന്റെ വാൾ തൂങ്ങിക്കിടക്കുന്നു. വാളിന്റെ മധ്യത്തിലുള്ള അവ്യക്തമായ നക്ഷത്രം വാസ്തവത്തിൽ ഒരു നക്ഷത്രമേയല്ല. പിന്നെയോ അതു പ്രസിദ്ധമായ ഓറിയോൺ നക്ഷത്രപടലം (nebula) ആണ്. ചെറിയ ഒരു ദൂരദർശിനിയിൽ കൂടി നോക്കിയാൽ പോലും അതിനു കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയാണുള്ളത്. എങ്കിലും അതിന്റെ സ്വർഗീയ ദീപ്തികൊണ്ടൊന്നുമല്ല ജ്യോതിശ്ശാസ്ത്ര വിദഗ്ധർ അതിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നത്.
“ജ്യോതിശ്ശാസ്ത്രജ്ഞൻമാർ ഓറിയോൺ നക്ഷത്രപടലത്തെക്കുറിച്ചും അതിന്റെ അനേകം കൊച്ചു നക്ഷത്രങ്ങളെക്കുറിച്ചും സൂക്ഷ്മാന്വേഷണം നടത്തുന്നു. എന്തുകൊണ്ടെന്നാൽ ആകാശഗംഗയിലെ നമ്മുടെ ഭാഗത്തെ നക്ഷത്രപ്പിറവി നടക്കുന്ന ഏറ്റവും വലുതും സജീവവുമായ മേഖലയാണ് അത്” എന്ന് ജ്യോതിശ്ശാസ്ത്ര (ഇംഗ്ലീഷ്) മാസികയിൽ ഷാൻ പയെർ കെയ്യോ റിപ്പോർട്ടു ചെയ്യുന്നു. ഈ നക്ഷത്രപടലം പ്രപഞ്ചത്തിന്റെ പ്രസവ വാർഡ് ആയി കാണപ്പെടുന്നു! മുമ്പൊരിക്കലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത വിശദാംശങ്ങൾ പിടിച്ചെടുത്തുകൊണ്ട് ഹബിൾ ദൂരദർശിനി ഓറിയോൺ നക്ഷത്രപടലത്തിന്റെ ഫോട്ടോ എടുത്തപ്പോൾ ജ്യോതിശ്ശാസ്ത്രജ്ഞൻമാർ നക്ഷത്രങ്ങളും ജ്വലിക്കുന്ന വാതകവും മാത്രമല്ല കണ്ടത്. പിന്നെയോ കെയ്യോ വർണിക്കുന്നതനുസരിച്ച് അവർ ‘മങ്ങിയ കൊച്ചു ദീർഘവൃത്തങ്ങളും’ കണ്ടു. “ഓറഞ്ച് പ്രകാശത്തിന്റെ കലകളാണ് അവ. ഉച്ചഭക്ഷണം കഴിക്കുമ്പോൾ അറിയാതെ ഫോട്ടോയിലേക്കു തെറിച്ചു വീണ ഭക്ഷണനുറുക്കുകൾ പോലെ അവ കാണപ്പെട്ടു.” ഇവ ഡാർക്ക്റൂമിലെ കുഴപ്പങ്ങൾകൊണ്ട് ഉണ്ടായവയല്ല, മറിച്ച് ഈ മങ്ങിയ ദീർഘവൃത്തങ്ങൾ “പ്രോട്ടോപ്ലാനട്ടറി ഡിസ്കുകൾ അഥവാ 1,500 പ്രകാശവർഷം അകലെനിന്നു വീക്ഷിക്കുമ്പോൾ കാണുന്ന ഭ്രൂണാവസ്ഥയിലുള്ള സൗരയൂഥങ്ങൾ” ആണെന്നു ശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു. നക്ഷത്രങ്ങൾ—സൗരയൂഥങ്ങൾ മുഴുവനായി തന്നെ—ഈ നിമിഷത്തിൽ ഓറിയോൺ നക്ഷത്രപടലത്തിൽ ജനിക്കുന്നുണ്ടോ? ഉണ്ടെന്നാണ് അനേകം ജ്യോതിശ്ശാസ്ത്രജ്ഞൻമാരുടെ വിശ്വാസം.
പ്രസവ വാർഡിൽനിന്നു നക്ഷത്ര ചുടലക്കാട്ടിലേക്ക്
കയ്യിൽ വില്ലുമേന്തി ഓറിയോൺ നീണ്ട കാൽവെപ്പുകളോടെ മുമ്പോട്ടു നീങ്ങുമ്പോൾ അവൻ ഇടവം (Tauras) നക്ഷത്രവ്യൂഹവുമായി, അതായത് കാളയുമായി ഏറ്റുമുട്ടുന്നതായി കാണുന്നു. ചെറിയ ദൂരദർശിനിയിലൂടെ നോക്കുമ്പോൾ കാളയുടെ തെക്കേ കൊമ്പിന്റെ അഗ്രത്തോടടുത്തായി ഒരു മങ്ങിയ പ്രകാശ ശകലം കാണാം. അതു ഞണ്ട് നക്ഷത്രപടലം (Crab Nebula) എന്ന് അറിയപ്പെടുന്നു. ഒരു വലിയ ദൂരദർശിനിയിൽ അതു പ്രത്യക്ഷമാകുന്നത് 9-ാം പേജിൽ കാണിച്ചിരിക്കുന്നതുപോലെ, സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഫോടനത്തിന്റെ രൂപത്തിലാണ്. ഓറിയോൺ നക്ഷത്രപടലം ഒരു നക്ഷത്ര കളരിയാണെങ്കിൽ തൊട്ടപ്പുറത്തുള്ള ഞണ്ട് നക്ഷത്രപടലം സങ്കൽപ്പാതീതമായ ഉഗ്രശക്തിയോടെ മരണമടഞ്ഞ ഒരു നക്ഷത്രത്തിന്റെ ശ്മശാനസ്ഥലമാണ്.
1054, ജൂലൈ 4-ന് പെട്ടെന്നു പ്രത്യക്ഷമാകുകയും 23 ദിവസത്തേക്കു പകൽനേരം ദൃശ്യമാകത്തക്കവിധം വളരെ ശോഭയോടെ പ്രകാശിക്കുകയും ചെയ്ത ഒരു “അതിഥി നക്ഷത്ര”ത്തെക്കുറിച്ചു വർണിച്ച ചൈനയിലെ ജ്യോതിശ്ശാസ്ത്രജ്ഞൻമാർ ആ ആകാശിക കൊടുംവിപത്തു രേഖപ്പെടുത്തിവെച്ചിട്ടുണ്ടാവണം. ജ്യോതിശ്ശാസ്ത്രജ്ഞനായ റോബർട്ട് ബർനം സൂചിപ്പിക്കുന്നതനുസരിച്ച് “ആ നക്ഷത്രം ഏതാനും ആഴ്ചത്തേക്ക് ഏതാണ്ട് 40 കോടി സൂര്യൻമാരുടെ പ്രകാശത്തോടുകൂടി ജ്വലിച്ചു നിന്നു.” നക്ഷത്രത്തിന്റെ അത്തരം അത്യുഗ്രശോഭയോടുകൂടിയ ആത്മഹത്യയെ ജ്യോതിശ്ശാസ്ത്രജ്ഞൻമാർ വിളിക്കുന്നത് സൂപ്പർനോവ എന്നാണ്. ഇപ്പോഴും, അതായത്, നിരീക്ഷണം കഴിഞ്ഞ് ഏതാണ്ട് ആയിരം വർഷങ്ങൾ പിന്നിട്ടശേഷവും ആ സ്ഫോടനത്തിൽനിന്നുള്ള ബോംബ് ചീളുകൾ ദിവസം എട്ടു കോടി കിലോമീറ്റർ വേഗതയിൽ ബഹിരാകാശത്തിലൂടെ പായുന്നതായി കണക്കാക്കപ്പെടുന്നു.
ഈ മേഖലയിലും ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപകരിച്ചിട്ടുണ്ട്. നക്ഷത്രപടലത്തിന്റെ ഹൃദയഭാഗത്തേക്കു ചൂഴ്ന്നിറങ്ങി അത് “ജ്യോതിശ്ശാസ്ത്രജ്ഞൻമാർ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ഞണ്ടിനുള്ളിലെ വിശദാംശങ്ങൾ” കണ്ടെത്തിയിരിക്കുന്നു എന്ന് ജ്യോതിശ്ശാസ്ത്രം (ഇംഗ്ലീഷ്) എന്ന മാസിക പറയുന്നു. ഈ കണ്ടുപിടിത്തങ്ങൾ “വരും വർഷങ്ങളിൽ സൈദ്ധാന്തിക ജ്യോതിശ്ശാസ്ത്രജ്ഞൻമാരെ വെള്ളം കുടിപ്പിക്കും” എന്ന് ജ്യോതിശ്ശാസ്ത്രജ്ഞനായ പോൾ സ്കോവെൻ പറയുന്നു.
ഇന്ന് തീവ്രമായ ഗവേഷണത്തിന്റെ ഒരു മേഖലയായിരിക്കുന്ന, മറ്റ് ആകാശഗംഗകളിലേക്കുള്ള ദൂരം അളക്കുന്നതിന് അവ ഉപകരിക്കുമെന്നതിനാൽ, ഞണ്ട് നക്ഷത്രപടലം പോലെയുള്ള സൂപ്പർനോവ അവശിഷ്ടങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതു പ്രധാനമാണെന്നാണ് ഹാർവാർഡിലെ റോബർട്ട് ക്രിഷ്നറെപ്പോലെയുള്ള ജ്യോതിശ്ശാസ്ത്രജ്ഞൻമാരുടെ വിശ്വാസം. നാം കണ്ടുകഴിഞ്ഞതുപോലെ, മറ്റ് ആകാശഗംഗകളിലേക്കുള്ള ദൂരങ്ങൾ സംബന്ധിച്ച വിയോജിപ്പുകൾ അടുത്തയിടെ പ്രപഞ്ച സൃഷ്ടിയുടെ മഹാസ്ഫോടന മാതൃകയെച്ചൊല്ലിയുള്ള ചൂടുപിടിച്ച ഒരു വിവാദത്തിനു തിരികൊളുത്തി.
ഉത്തരാർധഗോളത്തിലെ പശ്ചിമാകാശത്തിൽ ജനുവരി മാസം നോക്കുകയാണെങ്കിൽ ഇടവത്തിനപ്പുറത്തുള്ള ആൻഡ്രോമിഡാ നക്ഷത്രവ്യൂഹത്തിൽ ഒരു മന്ദ ദീപ്തി കാണാം. ആ ദീപ്തി നഗ്നനേത്രത്തിനു ദൃശ്യമായ ഏറ്റവും അകലെയുള്ള വസ്തുവാണ്, അതായത് ആൻഡ്രോമിഡാ ആകാശഗംഗ. ഓറിയോണിന്റെയും ഇടവത്തിന്റെയും ഈ അത്ഭുതങ്ങളെല്ലാം താരതമ്യേന നമ്മുടെ സമീപത്താണു സംഭവിക്കുന്നത്—ഭൂമിയിൽനിന്നും ഏതാനും ആയിരം പ്രകാശവർഷങ്ങൾക്കുള്ളിൽത്തന്നെ. ഇപ്പോൾ നാം 20 ലക്ഷം പ്രകാശവർഷം അകലത്തിലെന്നു കണക്കാക്കപ്പെടുന്ന, ചുഴിയാകൃതിയിലുള്ള ഒരു വൻ താരാഗണത്തിലേക്കു സൂക്ഷിച്ചുനോക്കുന്നു. അത് ഏറെയും നമ്മുടെ ആകാശഗംഗയെപ്പോലെ, അതായത് ക്ഷീരപഥത്തെപ്പോലെയാണിരിക്കുന്നത്, എന്നാൽ അതിലുമേറെ വലിപ്പമുണ്ട്—അതിന്റെ കുറുകെയുള്ള നീളം ഏതാണ്ട് 1,80,000 പ്രകാശവർഷമാണ്. ആൻഡ്രോമിഡായുടെ ഇളം ദീപ്തിയിലേക്കു ദൃഷ്ടി പായിക്കുമ്പോൾ നിങ്ങൾ കൺകുളിർക്കെ കാണുന്നത് ഒരുപക്ഷേ 20 ലക്ഷത്തിലധികം വർഷം പഴക്കമുള്ള പ്രകാശത്തെയായിരിക്കാം!
മാർഗരറ്റ് ഗെല്ലറും മറ്റുചിലരും നമുക്കു ചുറ്റുമുള്ള എല്ലാ ആകാശഗംഗകളുടെയും ത്രിമാന മാപ്പു വരയ്ക്കുന്നതിനുള്ള അമിത ആഗ്രഹത്തോടെയുള്ള പരിപാടി അടുത്തകാലത്തു തുടങ്ങിവയ്ക്കുകയുണ്ടായി. എന്നാൽ അതിന്റെ ഫലമായി മഹാസ്ഫോടന സിദ്ധാന്തം ഗൗരവമായി ചോദ്യംചെയ്യപ്പെട്ടു. ആകാശഗംഗകൾ എല്ലാ ദിശകളിലേക്കും ഒരുപോലെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നതായി കാണുന്നതിനു പകരം, പ്രപഞ്ചത്തിന്റെ മാപ്പുവരക്കാർ കണ്ടുപിടിച്ചത് “ആകാശഗംഗകളുടെ ഒരു ചിത്രയവനിക”യാണ്, കോടിക്കണക്കിനു പ്രകാശവർഷം ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ഒരു ഘടന തന്നെ. വളരെ ആദരിക്കപ്പെടുന്ന ജേർണലായ ശാസ്ത്രത്തിലെ (ഇംഗ്ലീഷ്) അടുത്തകാലത്തെ ഒരു റിപ്പോർട്ടു പറയുന്നതനുസരിച്ച്, “നവജാത പ്രപഞ്ചത്തിന്റെ ഏതാണ്ട് ഒരേപോലെയുള്ള പദാർഥത്തിൽനിന്ന് ആ ചിത്രയവനിക എങ്ങനെ നെയ്തുണ്ടാക്കപ്പെട്ടു എന്നുള്ളതു പ്രപഞ്ചശാസ്ത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളിലൊന്നാണ്.”
ജനുവരി രാത്രിയിലെ വിഹായസ്സിലേക്ക് ഒന്നു നോക്കിക്കൊണ്ടാണ് നാം ഈ സായാഹ്നം തുടങ്ങിയത്. എന്നാൽ, അമ്പരപ്പിക്കുന്ന സൗന്ദര്യം മാത്രമല്ല, പിന്നെയോ പ്രപഞ്ചത്തിന്റെ പ്രകൃതത്തെയും ഉത്ഭവത്തെയും സംബന്ധിക്കുന്ന ചോദ്യങ്ങളും നിഗൂഢതകളുംകൂടെ ഉണ്ടെന്നു നാം പെട്ടെന്നുതന്നെ കണ്ടെത്തി. പ്രപഞ്ചം എങ്ങനെ ഉണ്ടായി? അതിന്റെ ഇപ്പോഴത്തെ സങ്കീർണ അവസ്ഥയിൽ അത് എങ്ങനെ എത്തിച്ചേർന്നു? നമുക്കു ചുറ്റുമുള്ള ആകാശിക അത്ഭുതങ്ങൾക്ക് എന്തു സംഭവിക്കും? ആർക്കെങ്കിലും പറയാൻ കഴിയുമോ? നമുക്കു നോക്കാം.
[8-ാം പേജിലെ ചതുരം]
അത് എത്ര ദൂരെയാണെന്ന് അവർക്ക് എങ്ങനെയറിയാം?
അൻഡ്രോമിഡാ ആകാശഗംഗ 20 ലക്ഷം പ്രകാശവർഷം അകലെയാണെന്നു ജ്യോതിശ്ശാസ്ത്രജ്ഞൻമാർ നമ്മോടു പറയുമ്പോൾ വാസ്തവത്തിൽ അവർ ഇപ്പോഴത്തെ ചിന്തയെ അടിസ്ഥാനമാക്കിയുള്ള ഒരു ഊഹക്കണക്കാണു തരുന്നത്. മനസ്സിനെ അന്ധാളിപ്പിക്കുന്ന അത്തരം ദൂരങ്ങൾ നേരിട്ടളക്കാനുള്ള ഒരു മാർഗം ആരും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഏറ്റവും അടുത്ത നക്ഷത്രങ്ങളിലേക്കുള്ള അകലങ്ങൾ, അതായത് 200 പ്രകാശവർഷത്തിനുള്ളിലോ മറ്റോ ഉള്ളവ, നക്ഷത്ര ലംബനം (stellar parallax) ഉപയോഗിച്ചു നേരിട്ട് അളക്കാവുന്നതാണ്. അതിൽ ഉൾപ്പെട്ടിരിക്കുന്നതു ലളിതമായ ത്രികോണമിതിയാണ്. ഭൂമി സൂര്യനെ ചുറ്റുമ്പോൾ അൽപ്പാൽപ്പമായി നീങ്ങുന്നതായി കാണപ്പെടത്തക്കവിധം ഭൂമിയോട് അത്രമാത്രം അടുത്തായിരിക്കുന്ന നക്ഷത്രങ്ങൾക്കു മാത്രമേ ഇതു ബാധകമാകുന്നുള്ളൂ. മിക്ക നക്ഷത്രങ്ങളും എല്ലാ ആകാശഗംഗകളും വളരെയധികം അകലെയാണ്. അപ്പോഴാണ് ഊഹാപോഹം ആരംഭിക്കുന്നത്. ഓറിയോണിലെ പ്രസിദ്ധ ചുവന്ന അതിഭീമനായ ബെറ്റെൽഗീസിനെപ്പോലെയുള്ള, താരതമ്യേന നമ്മുടെ അടുത്തുള്ള നക്ഷത്രങ്ങൾപ്പോലും ഊഹക്കണക്കിന് ഇരകളാണ്. ബെറ്റെൽഗീസിന്റെ കണക്കാക്കപ്പെടുന്ന അകലം 300 പ്രകാശവർഷങ്ങൾമുതൽ 1000-ത്തിലധികം പ്രകാശവർഷങ്ങൾവരെ വ്യത്യാസപ്പെടുന്നു. അതുകൊണ്ട്, ഇതിന്റെ ഒരു ദശലക്ഷം ഇരട്ടി അകലെയുള്ള ആകാശഗംഗകളുടെ അകലങ്ങൾ സംബന്ധിച്ചു ജ്യോതിശ്ശാസ്ത്രജ്ഞൻമാരുടെയിടയിൽ വിയോജിപ്പ് ഉണ്ടെന്നതു നമ്മെ അതിശയിപ്പിക്കരുത്.
[8-ാം പേജിലെ ചതുരം]
സൂപ്പർനോവകളും പൾസറുകളും തമോഗർത്തങ്ങളും
ഞണ്ട് നക്ഷത്രപടലത്തിന്റെ ഹൃദയഭാഗത്തായി ഇന്നറിയപ്പെടുന്ന പ്രപഞ്ചത്തിലെ ഏറ്റവും വിചിത്രമായ വസ്തുക്കളിൽ ഒന്നു സ്ഥിതിചെയ്യുന്നു. ശാസ്ത്രജ്ഞൻമാർ പറയുന്നതനുസരിച്ച്, അവിശ്വസനീയമായ സാന്ദ്രതകളിൽ ഞെക്കി ഒതുക്കപ്പെട്ടിരിക്കുന്ന ഒരു മൃത നക്ഷത്രത്തിന്റെ കൊച്ചു ജഡശരീരം, 1968-ൽ ആദ്യമായി ഭൂമിയിൽവെച്ച് കണ്ടെത്തപ്പെട്ട റേഡിയോ തരംഗങ്ങളുടെ ഒരു വീചി പുറപ്പെടുവിച്ചുകൊണ്ട് സെക്കൻറിൽ 30 തവണ വേഗതയിൽ അതിന്റെ ശവക്കുഴിയിൽ കിടന്നു ചുറ്റിത്തിരിയുന്നു. ഇത് പൾസർ എന്നറിയപ്പെടുന്നു. തുടക്കത്തിലുണ്ടായിരുന്ന നക്ഷത്രത്തിലെ ആറ്റങ്ങളിലുള്ള ഇലക്ട്രോണുകളും പ്രോട്ടോണുകളും ഞെരുങ്ങിക്കൂടി ന്യൂട്രോണുകൾ ഉണ്ടാകത്തക്കവിധം ഞെക്കി ഒതുക്കപ്പെട്ടിരിക്കുന്നതും ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നതുമായ സൂപ്പർനോവ അവശിഷ്ടം എന്ന് അതിനെ വർണിച്ചിരിക്കുന്നു. അതൊരിക്കൽ ഓറിയോണിലെ ബെറ്റെൽഗീസോ റൈജെലോ പോലെയുള്ള ഒരു അതിഭീമൻ നക്ഷത്രത്തിന്റെ ഭാരിച്ച അകക്കാമ്പായിരുന്നുവെന്നു ശാസ്ത്രജ്ഞൻമാർ പറയുന്നു. നക്ഷത്രത്തിനു സ്ഫോടനം സംഭവിച്ചു പുറം പാളികൾ ബഹിരാകാശത്തിലേക്കു പൊട്ടിച്ചിതറിയപ്പോൾ സങ്കോചിച്ച അകക്കാമ്പു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അതായത്, ആണവ ജിഹ്വകൾ ദീർഘനാൾ മുമ്പെ അണഞ്ഞുപോയ, ശ്വേതതാപം പുറപ്പെടുവിക്കുന്ന ഉജ്ജ്വലമായ ഒരു കിട്ടം മാത്രം ബാക്കിവന്നു.
നമ്മുടെ രണ്ടു സൂര്യൻമാരുടെയത്രയും പിണ്ഡമുള്ള ഒരു നക്ഷത്രത്തെ 15 മുതൽ 20 വരെ കിലോമീറ്റർ വ്യാസമുള്ള ഒരു പന്തുപോലെ ഞെക്കി ഒതുക്കുന്നതായി സങ്കൽപ്പിക്കുക! ഭൗമ ഗ്രഹത്തെ 120 മീറ്ററിലേക്കു ഞെക്കി ഒതുക്കുന്നതായി സങ്കൽപ്പിക്കുക. അത്തരം 16 ഘന സെന്റീമീറ്റർ പദാർഥത്തിനു 1600 കോടി ടണ്ണിലധികം ഭാരം വരും.
ഞെക്കി ഒതുക്കപ്പെട്ട പദാർഥത്തെക്കുറിച്ചുള്ള വർണന ഇതുകൊണ്ടൊന്നും തീരുന്നില്ല. നാം ഭൂമിയെ ഒരു ഗോലിയുടെ അത്രയും വലിപ്പത്തിലേക്കു സങ്കോചിപ്പിക്കുന്നെങ്കിൽ, പ്രകാശത്തിനു പോലും രക്ഷപ്പെടാൻ കഴിയാത്തവണ്ണം ഭൂമിയുടെ ഗുരുത്വാകർഷണ മേഖല ഒടുവിൽ അത്രമാത്രം ശക്തമായിത്തീരും. ഈ ഘട്ടത്തിൽ നമ്മുടെ കൊച്ചു ഭൂമി തമോഗർത്തം എന്നു വിളിക്കപ്പെടുന്നതിന്റെ ഉള്ളിൽ അപ്രത്യക്ഷമാകും. തമോഗർത്തങ്ങളുണ്ടെന്നു മിക്ക ശാസ്ത്രജ്ഞൻമാരും വിശ്വസിക്കുന്നുണ്ടെങ്കിലും അവയുടെ അസ്തിത്വം ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. ഏതാനും വർഷം മുമ്പു വിചാരിച്ചിരുന്നതുപോലെ അവ അത്ര കൂടെക്കൂടെ പ്രത്യക്ഷമാകുന്നുമില്ല.
[10-ാം പേജിലെ ചതുരം]
ആ വർണങ്ങൾ യഥാർഥമാണോ?
ഒരു ചെറിയ ദൂരദർശിനി ഉപയോഗിച്ച് ആകാശത്തിൽ സൂക്ഷ്മനിരീക്ഷണം നടത്തുന്നവർ പ്രസിദ്ധമായ ഒരു ആകാശഗംഗയെയോ നക്ഷത്രപടലത്തെയോ ആദ്യമായി നിരീക്ഷിക്കുമ്പോൾ പലപ്പോഴും നിരാശരാകുന്നു. ഫോട്ടോകളിൽ കണ്ട ആ മനോഹര വർണങ്ങളെവിടെ? “ആകാശഗംഗകളുടെ വർണങ്ങൾ മനുഷ്യനേത്രത്തിനു നേരിട്ടോ നിലവിലുള്ള ഏറ്റവും വലിയ ദൂരദർശിനികളിലൂടെയോ കാണാൻ കഴിയില്ല. എന്തുകൊണ്ടെന്നാൽ റെറ്റിനയിലെ വർണ സ്വീകാരികളെ ഉത്തേജിപ്പിക്കാൻ പറ്റാത്ത വിധം അവയുടെ പ്രകാശം അത്രമാത്രം മങ്ങിയതാണ്” എന്ന് ജ്യോതിശ്ശാസ്ത്രജ്ഞനും ശാസ്ത്രീയ എഴുത്തുകാരനുമായ തിമോത്തി ഫെറിസ് സൂചിപ്പിക്കുന്നു. ജ്യോതിശ്ശാസ്ത്ര ഫോട്ടോകളിൽ കാണുന്ന മനോഹര വർണങ്ങൾ കളിപ്പീരാണെന്ന്, പ്രോസസ് ചെയ്തപ്പോൾ എങ്ങനെയെങ്കിലും കൂട്ടിച്ചേർത്തതാണെന്നു ചിലയാളുകൾ നിഗമനം ചെയ്യാൻ ഇത് ഇടയാക്കിയിട്ടുണ്ട്. എങ്കിലും സത്യം അതല്ല. “വർണങ്ങൾ യഥാർഥമാണ്. അവയെ കൃത്യമായി പുനരുത്പാദിപ്പിക്കാനുള്ള ജ്യോതിശ്ശാസ്ത്രജ്ഞൻമാരുടെ ഏറ്റവും നല്ല ശ്രമങ്ങളെ ആ ഫോട്ടോകൾ പ്രതിനിധീകരിക്കുന്നു” എന്ന് ഫെറിസ് എഴുതുന്നു.
“ആകാശഗംഗയിൽ ഒരു ദൂരദർശിനിയുടെ ലക്ഷ്യം കേന്ദ്രീകരിച്ചിട്ടു നക്ഷത്രവെളിച്ചം ഫോട്ടോഗ്രാഫിക് എമൾഷനിലേക്ക് ഊറിച്ചെല്ലത്തക്കവിധം അനേകം മണിക്കൂർ നേരത്തേക്ക് ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റ് തുറന്നുവെച്ച് എടുക്കുന്ന ടൈം എക്സ്പോഷറുകളാണ്” ആകാശഗംഗകളും മിക്ക നക്ഷത്രപടലങ്ങളും പോലുള്ള മങ്ങിയ വിദൂര വസ്തുക്കളുടെ ഫോട്ടോകൾ എന്ന് ആകാശഗംഗകൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഫെറിസ് വിശദീകരിക്കുന്നു. “ഈ സമയത്ത് ഒരു ഡ്രൈവിങ് യന്ത്ര സംവിധാനം ഭൂമിയുടെ കറക്കത്തിനു പകരമായി പ്രവർത്തിക്കുകയും ദൂരദർശിനിയുടെ ലക്ഷ്യം ആകാശഗംഗയിൽത്തന്നെ കേന്ദ്രീകരിച്ചു നിർത്തുകയും ചെയ്യുന്നു. അപ്പോൾ ഒരു ജ്യോതിശ്ശാസ്ത്രജ്ഞൻ, അല്ലെങ്കിൽ ചിലപ്പോഴൊക്കെ ഒരു ഓട്ടോമാറ്റിക് ഗൈഡിംഗ് സിസ്റ്റം നിസ്സാരമായ ഭേദഗതികൾ വരുത്തുന്നു.”
[7-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
1 ഓറിയോൺ നക്ഷത്രവ്യൂഹം, ലോകവ്യാപകമായി ജനുവരി ആകാശങ്ങളിലെ പരിചിതമായ ഒരു കാഴ്ച
2 ഓറിയോൺ നക്ഷത്രപടലം, മങ്ങിയ “നക്ഷത്ര”ത്തിന്റെ അത്ഭുതകരമായ ഒരു അടുത്ത ചിത്രം
3 ഓറിയോൺ നക്ഷത്രപടലത്തിന്റെ ഉൾക്കാമ്പ്—പ്രപഞ്ചത്തിന്റെ ഒരു പ്രസവ വാർഡോ?
[കടപ്പാട്]
#2: Astro Photo - Oakview, CA
#3: C. R. O’Dell/Rice University/NASA photo
[9-ാം പേജിലെ ചിത്രം]
നഗ്നനേത്രത്തിന് ദൃശ്യമായ ഏറ്റവും അകലെയുള്ള വസ്തുവായ ആൻഡ്രോമിഡാ ആകാശഗംഗ. അതിന്റെ ഭ്രമണ നിരക്ക് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തെ ലംഘിക്കുന്നതായി തോന്നുന്നു, മാത്രമല്ല അത് ദൂരദർശിനികൾക്ക് അദൃശ്യമായ ഇരുണ്ട പദാർഥം ഉണ്ടോയെന്ന ചോദ്യമുന്നയിക്കുകയും ചെയ്യുന്നു
[കടപ്പാട്]
Astro Photo - Oakview, CA
[9-ാം പേജിലെ ചിത്രം]
ഇടവത്തിലെ ഞണ്ട് നക്ഷത്രപടലം—ഒരു നക്ഷത്ര ശ്മശാനസ്ഥലമോ?
[കടപ്പാട്]
Bill and Sally Fletcher
[10-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: വണ്ടിച്ചക്ര ആകാശഗംഗ. വലിപ്പം കുറഞ്ഞ ഒരു ആകാശഗംഗ അതുമായി കൂട്ടിയിടിച്ചിട്ട് അതിലൂടെ വളഞ്ഞുപുളഞ്ഞു കടന്നുപോയി. പോയ പാതയിൽത്തന്നെ ആ വലിപ്പം കുറഞ്ഞ ആകാശഗംഗ വണ്ടിച്ചക്ര ആകാശഗംഗയെ ചുറ്റിനിൽക്കുന്ന പുതുതായി ഉണ്ടായ കോടിക്കണക്കിനു നക്ഷത്രങ്ങളുടെ നീല വലയം അവശേഷിപ്പിച്ചു.
[കടപ്പാട്]
Kirk Borne (ST Scl), and NASA
താഴെ: പൂച്ചക്കണ്ണൻ നക്ഷത്രപടലം. രണ്ടു നക്ഷത്രങ്ങൾ പരസ്പരം ഭ്രമണം ചെയ്യുന്നതിന്റെ ഫലം സങ്കീർണമായ ഘടനകളെ ഏറ്റവും എളുപ്പത്തിൽ വിശദീകരിക്കുന്നു
[കടപ്പാട്]
J. P. Harrington and K. J. Borkowski (University of Maryland), and NASA