യുവജനങ്ങൾ ചോദിക്കുന്നു . . .
ഒരു സുഹൃത്തു കുഴപ്പത്തിൽ അകപ്പെടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?
പതിന്നാലു വയസ്സുള്ള ഷെറി ഇപ്രകാരം പറയുന്നു: “എന്റെ ഏറ്റവും നല്ല സുഹൃത്ത് മെല്ലെമെല്ലെ ഒരു ക്രിസ്ത്യാനിയല്ലാതായിത്തീർന്നു. അത് എന്നെ ദുഃഖിതയാക്കുന്നു. അവളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ എത്ര പാടുപെട്ടു!”a
നിങ്ങളോട് അടുപ്പമുള്ള ആരെങ്കിലും കുഴപ്പത്തിൽ അകപ്പെട്ടിരിക്കുന്നുവോ, അല്ലെങ്കിൽ ചോദ്യം ചെയ്യപ്പെടാവുന്നതായ ജീവിതരീതി പിൻപറ്റാൻ തുടങ്ങിയിട്ടുണ്ടോ? “ഞാൻ ക്രിസിനോട് അടുപ്പത്തിലായിരുന്നു” എന്നു ജോണി പറയുന്നു. “ഞങ്ങൾ ഉത്തമ സുഹൃത്തുക്കൾ ആയിരുന്നു. ഒരു ദിവസം അവൻ വീട്ടിൽനിന്നും ഒളിച്ചോടി. അത് എന്നെ ഞെട്ടിച്ചു, അവനെ തേടിപ്പോകാൻ ഞാൻ ബാധ്യസ്ഥനാണെന്ന് എനിക്കു തോന്നി. അവനെ അന്വേഷിച്ചു മുഴു രാത്രിയും ഞാൻ വണ്ടിയോടിച്ചു.”
അന്ത്യകാലത്ത്, യുവജനങ്ങളുടെയും പ്രായമായവരുടെയുംമേൽ വലിയ സമ്മർദങ്ങൾ ഉണ്ടാകുമെന്നു ബൈബിൾ മുന്നറിയിപ്പു നൽകി. (2 തിമൊഥെയൊസ് 3:1-5) അതുകൊണ്ടു ചിലപ്പോഴൊക്കെ ഒരു യുവക്രിസ്ത്യാനി ഇടറുമ്പോൾ അതു നമ്മെ ഞെട്ടിക്കരുത്. എന്നാൽ നിങ്ങൾക്കു വേണ്ടപ്പെട്ട ആർക്കെങ്കിലും അങ്ങനെ സംഭവിക്കുമ്പോൾ സങ്കടവും അനുകമ്പയുംമുതൽ കോപംവരെയുള്ള അനേകം വികാരങ്ങളുടെ ഒരു ഒഴുക്കുതന്നെ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ സുഹൃത്തിനെ സഹായിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ എങ്ങനെ നിങ്ങൾക്ക് അപ്രകാരം ചെയ്യുവാൻ കഴിയും?
‘എനിക്ക് അവനെ രക്ഷിക്കാൻ കഴിയും’
ബൈബിൾ ഇപ്രകാരം പറയുന്നു: “പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ [പാപിയുടെ] പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും.” (യാക്കോബ് 5:20) എന്നാൽ അപ്രകാരം ചെയ്യുന്നത് നിങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് അത് അർഥമാക്കുന്നുണ്ടോ? അവശ്യം അങ്ങനെ ആയിരിക്കണമെന്നില്ല. അവന്റെ കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്വം നിങ്ങളുടെ സുഹൃത്തിന്റെ മാതാപിതാക്കൾക്കാണുള്ളത്.b (എഫെസ്യർ 6:4) ഗലാത്യർ 6:1-ൽ ബൈബിൾ കൂടുതലായി ഇങ്ങനെ പറയുന്നു: “സഹോദരൻമാരേ, ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മീകരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ.” സഭാമേൽവിചാരകൻമാർ ഈ സംഗതിയിൽ വിശേഷാൽ യോഗ്യതയുള്ളവരാണ്. അതുകൊണ്ട്, സഹായം നൽകുന്നതിന് അവർ നിങ്ങളെക്കാൾ മെച്ചമായ സ്ഥാനത്താണ്.
ഒരു യൗവനക്കാരൻ എന്നനിലയിൽ ജീവിതത്തിൽ പരിമിതമായ അനുഭവപരിചയമേ നിങ്ങൾക്കുള്ളൂ എന്നു തിരിച്ചറിയേണ്ടതുണ്ട്. (എബ്രായർ 5:14 താരതമ്യം ചെയ്യുക.) അതുകൊണ്ട് ഈ സംഗതിയിലുള്ള നിങ്ങളുടെ പരിമിതികൾ വിനയപൂർവം അംഗീകരിക്കുകയും ചവയ്ക്കാവുന്നതിനെക്കാളധികം വായ്ക്കകത്താക്കാതിരിക്കുകയും ചെയ്യുക. (സദൃശവാക്യങ്ങൾ 11:2) റിബേക്ക എന്നു പേരുള്ള ഒരു യുവതിയുടെ കാര്യം പരിഗണിക്കുക. മയക്കുമരുന്നിൽ ഉൾപ്പെട്ടുപോയ തന്റെ ചാർച്ചക്കാരനായ ഒരു സുഹൃത്തിനെ സഹായിക്കുവാൻ അവൾ ശ്രമിച്ചു. അവൾ ഇപ്രകാരം വിവരിക്കുന്നു: “അവൻ വിശ്വാസം അർപ്പിച്ചിരുന്നത് അവന്റെ മാതാപിതാക്കളിലല്ല മറിച്ച് എന്നിലായിരുന്നു എന്നതാണ് എന്റെമേൽ കൂടുതൽ സമ്മർദം ഉളവാക്കിയത്. അവനെ സഹായിക്കുവാൻ ഞാൻ ശ്രമിച്ചു, പക്ഷേ അതു തികച്ചും വിഫലമായിരുന്നു. എനിക്കു യാതൊന്നും ചെയ്യുവാൻ കഴിയില്ലെന്നു ഞാൻ അവസാനമായി തിരിച്ചറിഞ്ഞത് എനിക്കു സഹായമായിരുന്നു . . . എനിക്ക് അവന്റെ രക്ഷക ആയിരിക്കുവാൻ കഴിയുമായിരുന്നില്ല.” യോഗ്യരായ മുതിർന്നവരിൽനിന്നു സഹായം തേടാൻ അപ്പോൾ റിബേക്ക അവനെ ഉത്സാഹിപ്പിച്ചു.
യുവാവായ മാത്യുവും സമാനമായ ഒരു സാഹചര്യത്തിലായിരുന്നു, എന്നാൽ ആരംഭദശയിൽതന്നെ അവൻ തന്റെ പരിമിതികൾ സമ്മതിച്ചു. കുഴപ്പത്തിൽചാടിയ ഒരു സുഹൃത്തിനെക്കുറിച്ച് അവൻ ഇപ്രകാരം പറയുന്നു: “അവൻ തന്റെ പ്രശ്നങ്ങളുമായി എന്റെ അടുക്കൽ വരുമായിരുന്നു, എന്നാൽ അവന്റെ മാതാപിതാക്കളെ സമീപിക്കുവാൻ ഞാൻ അവനോടു പറയുമായിരുന്നു. അവന്റെ പ്രശ്നങ്ങൾക്കു പരിഹാരം തേടേണ്ടത് അവനായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു.”
നിങ്ങൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
സഹായിക്കുന്നതിനുവേണ്ടി നിങ്ങൾക്കു യാതൊന്നും ചെയ്യുവാൻ കഴിയുകയില്ലെന്ന് ഇതർഥമാക്കുന്നില്ല. അധികവും സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ചിലപ്പോൾ നിങ്ങളുടെ സുഹൃത്ത് നിങ്ങളിൽ വിശ്വാസം അർപ്പിക്കുവാൻ ആഗ്രഹിച്ചേക്കാം. സ്വാഭാവികമായും, നിങ്ങൾ അവനെ പിന്താങ്ങാനും കേൾക്കാൻ സന്നദ്ധൻ ആയിരിക്കാനും ആഗ്രഹിക്കും. (സദൃശവാക്യങ്ങൾ 18:24; 21:13) അല്ലെങ്കിൽ, ചോദ്യം ചെയ്യപ്പെടാവുന്ന ഒരു ജീവിതരീതി പിന്തുടരാൻ അവൻ തുടങ്ങിയിട്ടുണ്ടാകാം. മുൻകൈ എടുക്കുകയും അവനുവേണ്ടി കരുതുന്നുവെന്നിരിക്കെ അവൻ ചെയ്യുന്ന കാര്യങ്ങളെ അംഗീകരിക്കുവാൻ നിങ്ങൾക്കു കഴിയുകയില്ലെന്നു പറയുകയും ചെയ്യുന്നത് ഉചിതമായിരിക്കും.
ഉൾപ്പെട്ടിരുന്നേക്കാവുന്ന മറ്റൊരു സാഹചര്യം, ഗുരുതരമായ തെറ്റു ചെയ്തുവെന്ന് ഏറ്റുപറയുന്ന ഒരു സുഹൃത്തിന്റേതായിരിക്കാം. മൗനം പാലിച്ചുകൊള്ളാമെന്നു ശപഥം ചെയ്യുവാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകപോലും ചെയ്തേക്കാം. എന്നാൽ ബൈബിൾ ഇപ്രകാരം പറയുന്നു: “ . . . അന്യൻമാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിർമലനായി കാത്തുകൊൾക.” (1 തിമൊഥെയൊസ് 5:22) നിങ്ങളുടെ സുഹൃത്തു ഗുരുതരമായി രോഗിയായിരിക്കുകയും വൈദ്യസഹായം ആവശ്യമായിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ, ഒരു ഡോക്ടറുടെ അടുത്തു പോകുവാൻ നിങ്ങൾ നിർബന്ധിക്കുമായിരുന്നില്ലേ? സമാനമായി, അവൻ ഗുരുതരമായ തെറ്റിൽ അകപ്പെട്ടിരിക്കുന്നുവെങ്കിൽ അവന് ആത്മീയ സഹായം ആവശ്യമാണ്. കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് അവനെ ആത്മീയമായി കൊല്ലുകയും സഭയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൊണ്ട്, വിവരം സഭാമൂപ്പൻമാരെ ധരിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനുള്ള കടമ നിങ്ങൾക്കുണ്ട്.—ലേവ്യപുസ്തകം 5:1 താരതമ്യം ചെയ്യുക.
തന്റെ മാതാപിതാക്കളോടു ഭോഷ്കുപറയുമായിരുന്ന തന്നിഷ്ടക്കാരിയായ ഒരു സുഹൃത്തിനോടുള്ള ബന്ധത്തിൽ യുവതിയായ കാരളൈൻ ധീരമായൊരു നിലപാട് എടുത്തു. അവൾ ഇപ്രകാരം പറയുന്നു: “മൂപ്പൻമാരെ സമീപിക്കുവാൻ ഞാൻ അവൾക്കു രണ്ടാഴ്ച സമയം നൽകി. അവൾ അപ്രകാരം ചെയ്തില്ലെങ്കിൽ ഞാൻ അവരെ സമീപിക്കുമെന്നു ഞാൻ അവളോടു പറഞ്ഞു. ഇതു ചെയ്യുന്നത് എനിക്ക് എളുപ്പമായിരുന്നില്ല.” ആരംഭത്തിൽ പരാമർശിച്ചിരിക്കുന്ന ജോണിയും സമാനമായ സ്വഭാവ ദാർഢ്യം പ്രകടമാക്കി. തന്റെ സുഹൃത്തിനെക്കുറിച്ചു ജോണി ഇപ്രകാരം അനുസ്മരിക്കുന്നു: “അവൻ ഒരു പെൺകുട്ടിയോടൊപ്പം ജീവിക്കുകയായിരുന്നുവെന്നു കണ്ടെത്തിയത് എന്നെ അതിശയിപ്പിച്ചു. മദ്യപാനത്തിലും പുകവലിയിലും ഏർപ്പെട്ടുകൊണ്ടു മറ്റു ചിലരും അവനോടൊപ്പം ഉണ്ടായിരുന്നു.” തന്റെ സുഹൃത്തിനോട് അവന്റെ പ്രവർത്തനഗതിവിടാൻ ജോണി ആവശ്യപ്പെടുകയും സഭാമൂപ്പൻമാരുടെ സഹായം തേടാൻ ശക്തമായി ശുപാർശചെയ്യുകയും ചെയ്തു.
നിങ്ങളുടെ ശ്രമങ്ങളെ നിങ്ങളുടെ സുഹൃത്തു വിലമതിക്കുകയോ വിലമതിക്കാതിരിക്കുകയോ ചെയ്തേക്കാം. തന്റെ സഹോദരൻമാർ തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ യുവാവായ യോസേഫ് ‘അവരെക്കുറിച്ചുള്ള ദുഃശ്രുതി അപ്പനോടു പറഞ്ഞു’ എന്നു ബൈബിൾ നമ്മോടു പറയുന്നു. ഇതു സുനിശ്ചിതമായും തന്റെ സഹോദരൻമാരുടെ ഇടയിലുള്ള അവന്റെ സമ്മിതിയെ പരിപുഷ്ടിപ്പെടുത്തിയില്ല. തീർച്ചയായും, അവർ “അവനെ പകച്ചു.”—ഉല്പത്തി 37:2-4.
ഒരു കുഴപ്പവും ഇല്ലെന്നുള്ളമട്ടിൽ പ്രവർത്തിക്കൽ?
യാതൊന്നും സംഭവിച്ചിട്ടില്ല എന്നമട്ടിൽ നിങ്ങളുടെ സുഹൃത്തുമായി നിങ്ങൾ തുടർച്ചയായി ഇടപഴകിക്കൊണ്ടിരുന്നാൽ, സഹായിക്കുവാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്കതു തുരങ്കംവയ്ക്കും. ദുഷ്പ്രവൃത്തിക്കാരുമായി സഹവസിക്കുന്നതിനെതിരെ അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 1533-ൽ ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു നൽകി. അത്തരം വ്യക്തികളുമായുള്ള അടുത്ത സഹവാസം നിങ്ങളെ അധഃപതിപ്പിക്കുകയേ ഉള്ളൂ!
തന്റെ സുഹൃത്തായ സാലി രഹസ്യമായി ഡേറ്റിങ് ആരംഭിച്ചപ്പോൾ ചെറുപ്പക്കാരിയായ മോളിക്ക് അതു വിഷമമുണ്ടാക്കി. സാലി വിവാഹപ്രായത്തിൽ എത്തിയിരുന്നില്ലെന്നു മാത്രമല്ല ക്രിസ്ത്യാനികൾ അല്ലാത്ത ആൺകുട്ടികളോടൊപ്പമാണ് അവൾ ഡേറ്റിങിൽ ഏർപ്പെട്ടിരുന്നത്. മോളി അതൊന്നും കാര്യമാക്കാതെ തന്റെ സുഹൃത്തുമായി സഹവസിക്കുന്നതിൽ തുടർന്നു. അതിന്റെ ഫലം? മോളി ഇപ്രകാരം പറയുന്നു: “ഒടുവിൽ അവൾ എനിക്കു ലോകക്കാരനായ ഒരു ആൺകുട്ടിയുമായി ഡേറ്റിങ് ക്രമീകരിച്ചു, ഒരു ഡേറ്റിങ്ങിനായി ഞങ്ങൾ പുറത്തുപോവുകയും ചെയ്തു.” അനുഗ്രഹകരമെന്നു പറയട്ടെ, സാഹചര്യം കൂടുതൽ വഷളാകുന്നതിനു മുമ്പു മോളിക്ക് സഭാമൂപ്പൻമാരിൽനിന്നു സഹായം ലഭിച്ചു.
സമാനമായി, ബേത്ത് എന്നു പേരുള്ള ഒരു പെൺകുട്ടിയുമായുള്ള തന്റെ സുഹൃദ്ബന്ധം നിലനിർത്തുന്നതിനുവേണ്ടി ലിൻ അപകടകരമായ ചില വിട്ടുവീഴ്ചകൾ വരുത്തി. “അവളെ രക്ഷിക്കുവാൻ കഴിയുമെന്ന് എനിക്കു തോന്നി” എന്ന് ലിൻ അനുസ്മരിക്കുന്നു, “എന്നാൽ അതു വിജയിച്ചില്ല. ഞാൻ അവളോടൊപ്പം നിശാക്ലബ്ബുകളിൽ പോയി. അതു തെറ്റായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അവളെ മുഷിപ്പിക്കുവാൻ ഞാൻ ആഗ്രഹിച്ചില്ല. അവളുടെ പ്രശ്നം എന്നെ ഭാരപ്പെടുത്തുവാൻ തുടങ്ങി. പ്രശ്നം അകന്നുപോയിക്കൊള്ളും എന്നു വിചാരിച്ചുകൊണ്ടു പ്രസ്തുത സംഗതിയെക്കുറിച്ചു ഞാൻ നിശബ്ദയായിരുന്നു, എന്നാൽ അതു കൂടുതൽ വലുതായിത്തീർന്നു.” ഒരു ദുരന്തം ലിന്നിനെ കിടിലംകൊള്ളിച്ചു. അവളുടെ സുഹൃത്തായ ബേത്ത് അവളുമായി ഡേറ്റിങ്ങിൽ ഏർപ്പെട്ടിരുന്ന യുവാവിനാൽ കൊല്ലപ്പെട്ടു.
ഒരു സുഹൃത്തിനോടു പറ്റിനിൽക്കുന്നതു കുലീനമാണെന്നു തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ സുഹൃത്ത് അക്ഷരീയമായിത്തന്നെ ശക്തമായൊരു നീർച്ചുഴിയിൽ അകപ്പെട്ടു മുങ്ങിമരിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ, നിങ്ങൾ തന്നെ അതിലേക്ക് എടുത്തു ചാടുമോ? നിങ്ങൾ ഇരുവരും കൊല്ലപ്പെടും എന്നതായിരിക്കും അതിന്റെ ഫലം. ചെയ്യേണ്ട വിവേകപൂർവകമായ സംഗതി ജീവരക്ഷാകരമായ എന്തെങ്കിലും അവന് എറിഞ്ഞു കൊടുക്കുന്നതായിരിക്കും. സമാനമായി, അകലത്തിൽ നിന്നുകൊണ്ടായിരിക്കണം സഹായം നൽകേണ്ടത്.—യൂദാ 22, 23.
നിങ്ങളുടെ സുഹൃത്ത് സഭയിൽനിന്നു പുറത്താക്കപ്പെടുന്നുവെങ്കിൽ നിങ്ങളുടെ അകലം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെയുള്ള ഒരുവനോടു “സംസർഗ്ഗം അരുതു” എന്നതാണ് ബൈബിളിന്റെ കല്പന. (1 കൊരിന്ത്യർ 5:11) നിങ്ങൾ തുടർന്നും അവനോട് ഇഷ്ടംകാണിക്കുമ്പോൾതന്നെ, നിങ്ങൾക്ക് അവനെ ഏറ്റവും മെച്ചമായി സഹായിക്കുവാൻ കഴിയുന്നത്, ദുഷ്പ്രവൃത്തിയിലേക്ക് അവനെ പിന്തുടരുന്നതിനാലല്ല, മറിച്ച് യഹോവയോടു വിശ്വസ്തത പ്രകടിപ്പിക്കുന്നതിനാലാണ്. (സങ്കീർത്തനം 18:25) തന്റെ പ്രവർത്തനങ്ങളെ പുനഃപരിഗണിക്കാൻ അവനെ പ്രേരിപ്പിക്കുന്ന അടിസ്ഥാന സംഗതി നിങ്ങളുടെ നീക്കുപോക്കുകൾ വരുത്താത്ത നിലപാട് ആയിരുന്നേക്കാം. കൂടുതൽ പ്രധാനമായി, നിങ്ങളുടെ വിശ്വസ്തത യഹോവയ്ക്കു സന്തോഷം കൈവരുത്തും.—സദൃശവാക്യങ്ങൾ 27:11.
അമിത ഭാരം
എന്നിരുന്നാലും, മിക്കപ്പോഴും ഒരുവന്റെ ഉത്തമശ്രമങ്ങൾ പരാജയപ്പെടുന്നു. തന്റെ സുഹൃത്തിനെക്കുറിച്ചു റിബേക്ക അനുസ്മരിക്കുന്നു: “എത്തിപ്പിടിക്കുവാനും അവളെ സഹായിക്കുവാനും ഞാൻ ശ്രമിച്ചു. ഞാൻ അവൾക്ക് ഒരു കത്തെഴുതുകയും ചെയ്തു, എന്നാൽ അവൾ ഒരിക്കലും അതിനു മറുപടി നൽകിയില്ല.” പ്രശ്നങ്ങളുമായി വിനോദിച്ചുകൊണ്ടിരുന്ന തന്റെ സുഹൃത്തിനെ സഹായിക്കുവാൻ മാസങ്ങളോളം ശ്രമിച്ചശേഷം കാരളൈന് “അത്യായാസം തോന്നിത്തുടങ്ങി.”
“നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിവരും” എന്നു തിരിച്ചറിയുന്നതു പ്രധാനമാണ്. (റോമർ 14:12) പ്രായോഗിക സഹായങ്ങൾ പ്രദാനം ചെയ്തുകൊണ്ട്, തന്റെ ഭാരങ്ങൾ അഥവാ വ്യക്തിപരമായ പ്രശ്നങ്ങൾ വഹിക്കുവാൻ ഒരുവനെ തുണക്കുന്നത് ഉചിതമാണെന്നിരിക്കെ, മറ്റൊരുവന്റെ “ചുമട്”—അതായത് അവനു ദൈവത്തോടുള്ള ഉത്തരവാദിത്വം—വഹിക്കുവാൻ നിങ്ങൾക്കു കേവലം കഴിയുകയില്ല. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്നു ബൈബിൾ പറയുന്നു. (ഗലാത്യർ 6:5) നിങ്ങളുടെ സുഹൃത്തു നടത്തുന്ന തിരഞ്ഞെടുപ്പുകൾക്കു നിങ്ങൾ ഉത്തരവാദിയല്ല.
എന്നിരുന്നാൽത്തന്നെയും ഒരു സുഹൃത്തു തന്റെ ജീവിതം നശിപ്പിക്കുന്നതു നിരീക്ഷിക്കുന്നതു വേദനാജനകമാണ്. മൈക്ക് എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ ഒരു സുഹൃത്തിനെ നഷ്ടമായതിനെ സംബന്ധിച്ച് ഇപ്രകാരം പറയുന്നു: “അത് എന്നെ വളരെയധികം ദുഃഖിപ്പിച്ചു. മാർക്കിനോടും അവന്റെ മാതാപിതാക്കളോടും എനിക്കു വളരെ അടുപ്പം ഉണ്ടായിരുന്നു. ഞാൻ കുറെ വിഷാദം അനുഭവിച്ചു.”
അത്തരത്തിലുള്ള ഒരു നഷ്ടത്തിൽ വ്യസനിക്കുന്നതു സ്വാഭാവികം മാത്രമാണ്. എന്നിരുന്നാലും, നിങ്ങൾക്കു വിശ്വാസമുള്ള ആരോടെങ്കിലും നിങ്ങളുടെ വികാരങ്ങളെ കുറിച്ചു സംസാരിക്കുന്നതു പ്രയോജനകരമായിരിക്കും. (സദൃശവാക്യങ്ങൾ 12:25) “എന്റെ മാതാപിതാക്കളുടെ സഹായത്തോടെ അതിനെ മറികടക്കുവാൻ എനിക്കു കഴിഞ്ഞു” എന്നു റിബേക്ക പറയുന്നു. നിങ്ങളുടെ വികാരങ്ങളെ പ്രാർഥനയിൽ നിങ്ങൾക്കു യഹോവയാം ദൈവത്തിങ്കലേക്കു പകരുവാനും കഴിയും. (സങ്കീർത്തനം 62:8) കാരളൈൻ സാഹചര്യത്തെ ഇങ്ങനെ നന്നായി ചുരുക്കിപ്പറയുന്നു. “യഹോവയോടു പ്രാർഥിക്കുന്നതും മറ്റുള്ളവരോടു പ്രസംഗിക്കുന്നതും എന്നെ വളരെയധികം സഹായിച്ചു. ഞാൻ സഭയിലുള്ള മറ്റുള്ളവരോട് അടുപ്പത്തിലായി, പ്രത്യേകിച്ചും പ്രായമുള്ള സ്ത്രീകളോട്. ആളുകൾ അവരവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികൾ ആണെന്നും ഞാൻ എന്റെ ജീവിതവുമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഞാൻ അവസാനം മനസ്സിലാക്കി.” അവ എല്ലാം ചെയ്യുന്നതിനാൽ നിങ്ങൾ തീർച്ചയായും നിങ്ങളെത്തന്നെ സഹായിക്കും. തന്നിഷ്ടക്കാരനായ സുഹൃത്തിനെയും നിങ്ങൾ സഹായിച്ചേക്കാം.
[അടിക്കുറിപ്പുകൾ]
a ചില പേരുകൾ മാറ്റിയിട്ടുണ്ട്.
b ലാളിത്യത്തിനുവേണ്ടി ഞങ്ങൾ തന്നിഷ്ടക്കാരനായ ഒരു സുഹൃത്തിനെ പുല്ലിംഗത്തിലാവും പരാമർശിക്കുക.
[17-ാം പേജിലെ ചിത്രം]
സഹായം തേടാൻ നിങ്ങളുടെ സുഹൃത്തിനെ പ്രോത്സാഹിപ്പിക്കുക