മനോഹര വൃക്ഷങ്ങളുടെ ലോകത്തു പര്യവേക്ഷണം നടത്തൽ
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഇംഗ്ലീഷ് കോറ്റ്സ്വോൾഡ്സിലെ ഒരു ഗ്രാമമായ വെസ്റ്റൻബർറ്റ് അതിന്റെ ആർബോററ്റംa നിമിത്തം പ്രസിദ്ധമാണ്. ലോകത്തിൽവെച്ച് ഏറ്റവും പഴക്കംചെന്നതും വലുതും മേൽത്തരവുമായ വൃക്ഷങ്ങളുടെയും കുറ്റിച്ചെടികളുടെയും ശേഖരങ്ങളിലൊന്നാണിത്. നമുക്ക് അതിനെ ഒന്നടുത്തു വീക്ഷിക്കാം.
ചാരുതയും ഗാംഭീര്യവും
“ഈ ശേഖരത്തിന്റെ ചാരുതയാലും ഗാംഭീര്യത്താലും രമണീയതയാലും സ്പർശിക്കപ്പെടാത്തതായി ആരുമുണ്ടാവില്ല,” മേൽനോട്ടക്കാരനായ ഹ്യൂ ആങ്ഗസ് പറയുന്നു. വീണ്ടും വീണ്ടും മടങ്ങിയെത്തുന്ന സന്ദർശകരുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി വിധിക്കുമ്പോൾ അദ്ദേഹം പറയുന്നതു ശരിയാണെന്നു തോന്നുന്നു.
ലോകത്തിലെ ഉഷ്ണമേഖലകളിൽ വളരുന്ന, 9,000 വർഗങ്ങളിലും ഇനങ്ങളിലുംപെട്ട വൃക്ഷങ്ങളുടെയും കുറ്റിച്ചെടികളുടെയും ഏതാണ്ട് പകുതിയെണ്ണത്തെ പ്രതിനിധീകരിക്കുന്ന 18,000 വൃക്ഷങ്ങളും കുറ്റിച്ചെടികളും ഈ ആർബോററ്റത്തിലുണ്ട്. സന്ദർശകർക്ക് 600 ഏക്കർ വരുന്ന പാർക്കിൽ യഥേഷ്ടം ചുറ്റിസഞ്ചരിക്കാവുന്നതാണ്. എങ്കിലും അവർക്ക് ഏറ്റവും ആസ്വാദനം ലഭിക്കാൻ “ആർബോററ്റത്തെ ഞങ്ങൾ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കൂടാതെ, ഓരോന്നും സന്ദർശിക്കേണ്ട ഉചിതമായ സമയവും നിർദേശിച്ചിരിക്കുന്നു,” ഔദ്യോഗിക ഗൈഡ്ബുക്ക് വിശദമാക്കുന്നു. ഇതിനുപുറമേ, ശരത്കാല വർണ സസ്യം, ഹിൽയർ ചെറി ശേഖരം, നാടൻ സസ്യവർഗങ്ങളുടെ ശേഖരം എന്നീ പ്രത്യേക സവിശേഷതകളുമുണ്ട്. എല്ലാറ്റിനെയും അടയാളപ്പെടുത്തുന്ന വഴികാട്ടിത്തൂണുകളുണ്ട്, കൂടാതെ ഇവയുടെയെല്ലാം അതിർത്തിയും കാണിച്ചിരിക്കുന്നു.
ഋതുഭേദ കൗതുകങ്ങൾ
ഉത്തരാർധഗോളത്തിലെ ഋതുപരിവൃത്തി പ്രകൃതിയിലെ ഒരു കൗതുകമാണ്. ആർബോററ്റത്തിൽ ഓരോ ഋതുവിനും അതിന്റേതായ ആകർഷണങ്ങളുണ്ട്. കോണിഫറുകളുടെ വിപുലമായ വൈവിധ്യത്തെ വിലമതിക്കാനും ഇലയില്ലാത്ത അവസ്ഥയിലെ ഇലപൊഴിയും വൃക്ഷങ്ങളുടെ രമണീയമായ ആകൃതിയും കൗതുകമുണർത്തുന്ന ഘടനയും അത്ഭുതം ജനിപ്പിക്കുന്ന നിറങ്ങളും കാണാനുമുള്ള ഏറ്റവും നല്ല സമയമാണ് ശിശിരം. പിന്നീട്, വസന്തത്തിൽ പൂവണയിയുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും—അസലിയകൾ, കദളികൾ, കമീല്യകൾ, ചെറികൾ, റോഡോഡെൻഡ്രോണുകൾ എന്നിവ—വർണപ്പകിട്ടാർന്ന പ്രദർശനം കാഴ്ചവെക്കുന്നു. കാട്ടുപൂക്കളുടെ പരവതാനികൾ രംഗവിധാനത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നു.
ശരത്കാലത്തെയോ വർഷകാലത്തെയോ സസ്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾക്കു മുമ്പായി, ഇലകൾ തഴച്ചുനിൽക്കുന്ന വേനൽക്കാലത്തെ ആർബോററ്റത്തിൽ പ്രശാന്തത കളിയാടുന്നു. കീർത്തികേട്ട നിറപ്പകിട്ടാർന്ന ഈ പ്രദർശനം കാണാൻ ഏതാണ്ട് 90,000 സന്ദർശകർ ഒക്ടോബറിൽ വെസ്റ്റൻബർട്ടിലേക്കു പ്രവഹിക്കുന്നു. ഇവിടെ, കടുംചുവപ്പു നിറത്തോടു കൂടിയ വിവിധയിനം ജാപ്പനീസ് മേപ്പിളുകൾ പ്രദർശനത്തിൽ നിറഞ്ഞുനിൽക്കുന്നു.
ജാപ്പനീസ് മേപ്പിളുകളുടെ വെസ്റ്റൻബർറ്റിലെ പഴക്കമേറിയ മാതൃകകൾ, 1603-നും 1867-നും ഇടയ്ക്കത്തെ എഡോ കാലഘട്ടത്തിൽ ഇറക്കുമതി ചെയ്യപ്പെട്ട ആദ്യ ഇനങ്ങളായിരിക്കാം. ഖേദകരമെന്നു പറയട്ടെ, പഴക്കമേറിയ ഈ ഇനങ്ങളുടെ ജാപ്പനീസ് നാമങ്ങളെ സംബന്ധിച്ച രേഖകളില്ല. യൂറോപ്പിലേക്കു കൊണ്ടുവന്ന് താമസിയാതെതന്നെ മേപ്പിളുകൾക്ക് ജപ്പാനിൽ പ്രചാരം കുറഞ്ഞു. തന്മൂലം, ആദ്യകാലങ്ങളിൽ ഇറക്കുമതി ചെയ്തവയിൽ അതിജീവിച്ചിരിക്കുന്നവയെ ജാപ്പനീസ് ശേഖരങ്ങളുമായോ നഴ്സറി ശേഖരങ്ങളുമായോ ഒത്തുനോക്കാൻ സാധിക്കില്ല. പഴക്കംചെന്ന ജാപ്പനീസ് മേപ്പിളുകളുടെ എണ്ണം കുറഞ്ഞുവരവേ ഇളം വൃക്ഷങ്ങളുടെ കൂട്ടങ്ങൾ നട്ടുപിടിപ്പിക്കുന്നു. ഏതാണ്ട് എല്ലാ വൃക്ഷങ്ങൾക്കും വ്യത്യസ്ത ആകൃതിയിലും നിറത്തിലുമുള്ള ഇലകളാണുള്ളത്. പഴയ മേപ്പിൾ വൃക്ഷത്തിൽനിന്നു ശേഖരിച്ച വിത്തുകളിൽനിന്നാണു വൃക്ഷങ്ങൾ വളർന്നുവന്നത്. അവയുടെ ശരത്കാല വർണങ്ങൾ നിമിത്തം അവ തിരഞ്ഞെടുക്കപ്പെട്ടു. മേപ്പിളുകൾക്കു സംരക്ഷണവും തണലുമേകാൻ അവ ഓക്കുമരങ്ങൾക്കും കോണിഫറുകൾക്കും ഇടയ്ക്കാണ് നടുന്നത്. കൂടാതെ അവ ഒരു സുവർണഹരിത പശ്ചാത്തലവും പ്രദാനം ചെയ്യുന്നു. ഇതിലൂടെ ശരത്കാല സൂര്യകിരണങ്ങൾ മേപ്പിളിനെ ദീപ്തമാക്കുന്നു.
ശാസ്ത്രീയ മേൽനോട്ടം
1829-ൽ ഒരു സ്വകാര്യ ഹോബി എന്ന നിലയിലാണ് വെസ്റ്റൻബർറ്റ് ആർബോററ്റത്തിനു തുടക്കമിട്ടത്. 1956-ൽ, ബ്രിട്ടീഷ് ഫോറസ്റ്ററി കമ്മീഷൻ അത് ഏറ്റെടുത്തു. പൊതുജനങ്ങൾക്ക് വിനോദം പ്രദാനം ചെയ്യുക എന്നതുമാത്രമല്ല അതിന്റെ ഉദ്ദേശ്യം. പ്രാദേശിക അവസ്ഥകൾക്ക് ഏറ്റവും അനുയോജ്യമായ ഒരു ശാസ്ത്രീയ ശേഖരം വികസിപ്പിച്ചെടുക്കുക എന്നതാണ് അതിന്റെ പ്രധാന ലക്ഷ്യം. ഈ ഉദ്ദേശ്യം മുന്നിൽ കണ്ടുകൊണ്ട് പ്രജനന രീതികളിലൂടെ ഗവേഷണം നടത്തപ്പെടുന്നു. ഫലങ്ങൾ—വിജയങ്ങളും പരാജയങ്ങളും—മറ്റു ബൊട്ടാണിക്കൽ ഗാർഡനുകളുമായി പങ്കുവെക്കുന്നു.
ഓരോ മാതൃകകളുടെയും വിശദവിവരങ്ങൾ—അതിന്റെ ഉത്ഭവം, വിത്തിൽനിന്ന് പൂർണവളർച്ചയെത്തുന്നതുവരെയുള്ള പുരോഗതി, ആരോഗ്യം, രോഗത്തിനുള്ള ചികിത്സ, നശിച്ചുപോകുന്നതിന്റെ കാരണം എന്നിവ—രേഖപ്പെടുത്തുന്ന, കമ്പ്യൂട്ടർ ഉപയോഗിച്ച് വിവരപ്പട്ടിക തയ്യാറാക്കുന്ന സംവിധാനം വെസ്റ്റൻബർറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രകൃതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സമിതി, വംശനാശഭീഷണി അഭിമുഖീകരിക്കുന്നവയെന്ന് പട്ടികപ്പെടുത്തിയിരിക്കുന്നവയുൾപ്പെടെ അപൂർവവും അസാധാരണവുമായ വർഗങ്ങളുടെ പ്രജനനമാണ് മറ്റൊരു പ്രധാനപ്പെട്ട ദൗത്യം. അധികൃത ഉറവുകളിൽനിന്നാണ് വിത്തുകൾ ലഭിക്കുന്നത്, സങ്കരപ്രജനനം തടയാനാണിത്. മാതൃകകൾ മറ്റ് ആർബോററ്റങ്ങൾക്കും ലഭ്യമാക്കുന്നു.
വെസ്റ്റൻബർറ്റ് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടെയാണ്. വൃക്ഷത്തെ തിരിച്ചറിയാനാകുന്ന വിധം, വനനശീകരണത്തെക്കുറിച്ചുള്ള പ്രസംഗങ്ങൾ, പ്രസംഗപര്യടനങ്ങൾ, സ്ലൈഡ് ഷോകൾ എന്നിങ്ങനെയുള്ള പരിപാടികളുണ്ട്. വർഷത്തിൽ ചില സമയങ്ങളിൽ സന്ദർശകരായ സ്കൂൾകുട്ടികൾക്ക് ദിവസേന ചിത്രീകരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകൾ പ്രദാനം ചെയ്യുന്നു.
അവിസ്മരണീയമായ ഒരനുഭവത്താൽ സമ്പുഷ്ടരാക്കപ്പെട്ട് മനസ്സില്ലാമനസ്സോടെ നാം ആർബോററ്റം വിട്ടുപോകുമ്പോൾ മറ്റ് ഋതുക്കളുടെ പകിട്ട് പങ്കിടാനായി തിരച്ചുവരാനുള്ള ഒരു പ്രേരണ നമുക്ക് അനുഭവപ്പെടും. മനോഹര വൃക്ഷങ്ങളുടെ ഈ ലോകത്തു പര്യവേക്ഷണം നടത്തിയത്, അവയുടെ ഗാംഭീര്യത്തെയും അതുപോലെതന്നെ ഭൂമിയിലെ ജീവന്റെ മാതൃകയിലുള്ള അവയുടെ പ്രാധാന്യത്തെയും കുറിച്ചുള്ള വർധിച്ച ബോധ്യം നമുക്കു നൽകിയിരിക്കുന്നു.
[അടിക്കുറിപ്പ്]
a “വൃക്ഷം” എന്നർഥമുള്ള ലാറ്റിനിലെ ആർബർ എന്നതിൽനിന്നും ഉരുത്തിരിഞ്ഞ ഒരു പദം.
[17-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: ലോസൺസ് സൈപ്രസ് മരങ്ങൾ
നടുക്ക്: ജാപ്പനീസ് മേപ്പിൾ
താഴെ: ലബനോനിലെ ദേവദാരു