രോഗ വിമുക്തിയിലേക്കുള്ള പാത
ഹൃദയാഘാതത്തെ തുടർന്ന്, ഭയവും ഉത്കണ്ഠയും അനുഭവപ്പെടുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്. എനിക്കു മറ്റൊരു ആഘാതമുണ്ടാകുമോ? വേദനയാലും ശക്തിയും ഉൻമേഷവും നഷ്ടപ്പെടുന്നതിനാലും ഞാൻ വൈകല്യമുള്ളവനോ പരിമിതനോ ആയിരിക്കുമോ?
കാലം കടന്നുപോകുന്നതോടെ അനുദിന അസ്വാസ്ഥ്യവും നെഞ്ചുവേദനയും കെട്ടടങ്ങുമെന്ന്, രണ്ടാമത്തെ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ജോൺ പ്രത്യാശിച്ചു. എന്നാൽ ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം പറഞ്ഞു: “ഇതുവരെ അവ കെട്ടടങ്ങിയിട്ടില്ല. അതോടൊപ്പം പെട്ടെന്നു ക്ഷീണിക്കുന്നതിനാലും ഹൃദയസ്പന്ദനം ദ്രുതഗതിയിലായതിനാലും, ‘ഞാൻ മറ്റൊരു ആഘാതത്തിന്റെ പാതയിലാണോ?’ എന്ന് എന്നോടുതന്നെ നിരന്തരം ചോദിക്കാൻ അതെന്നെ പ്രേരിപ്പിക്കുന്നു.”
ഹൃദയാഘാതസമയത്ത് ഒരു യുവ വിധവയായിരുന്ന ഐക്യനാടുകളിൽനിന്നുള്ള ജെയ്ൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ഞാൻ ജീവിച്ചിരിക്കാൻ പോകുന്നില്ലെന്ന് അല്ലെങ്കിൽ മറ്റൊരു ആഘാതമുണ്ടായി മരിക്കുമെന്ന് ഞാൻ വിചാരിച്ചു. എനിക്കു മൂന്നു കുട്ടികളെ പരിപാലിക്കാനുണ്ടായിരുന്നതിനാൽ പരിഭ്രാന്തി വർധിച്ചു.”
“എന്റെ ഹൃദയത്തിനു മേലാൽ മുമ്പത്തെപ്പോലെ പ്രവർത്തിക്കാനാവില്ലെന്ന് എന്നോടു പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; ഹൃദയത്തിന്റെ പമ്പിങ് നിരക്ക് 50 ശതമാനം കുറഞ്ഞിരുന്നു. യഹോവയുടെ സാക്ഷികളിലെ ശുശ്രൂഷകൻ എന്നനിലയിലുള്ള എന്റെ പ്രവർത്തനങ്ങളിൽ ചിലതു വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് എനിക്കു മിക്കവാറും ഉറപ്പായിരുന്നു, കാരണം ഞാൻ ചെയ്തുകൊണ്ടിരുന്നതിന്റെ പകുതിയിൽതാഴെ മാത്രമേ എനിക്കു ചെയ്യാൻ കഴിയുമായിരുന്നുള്ളൂ,” ജപ്പാനിലെ ഹിരോഷി പറഞ്ഞു.
ഒരുവന്റെ ശക്തി ക്ഷയിക്കുമ്പോൾ വിഷാദവും തന്നെക്കൊണ്ട് ഒന്നിനും കൊള്ളുകയില്ലെന്നുള്ള ചിന്തയും ദൃഢമായേക്കാം. യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനത്തിനായി മുഴുസമയവും അർപ്പിച്ച 83 വയസ്സുള്ള ഓസ്ട്രേലിയക്കാരിയായ മേരി ഇങ്ങനെ വിലപിച്ചു: “മുമ്പത്തെ അത്രയും ഊർജസ്വലയായിരിക്കാൻ കഴിയാഞ്ഞത് എന്നെ ദുഃഖിപ്പിച്ചു. മറ്റുള്ളവരെ സഹായിക്കുന്നതിനു പകരം, എനിക്കു സഹായം ആവശ്യമായിവന്നു.” ദക്ഷിണാഫ്രിക്കയിലെ ഹാരോൾഡ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “മൂന്നു മാസത്തേക്കു ഞാൻ ജോലിചെയ്യാൻ അപ്രാപ്തനായിരുന്നു. അപ്പോൾ എനിക്ക് ഏറ്റവും അധികമായി ചെയ്യാൻ കഴിയുമായിരുന്നത് ഉദ്യാനത്തിലൂടെ വെറുതെ നടക്കുകയെന്നതായിരുന്നു. അതു നിരാശാജനകമായിരുന്നു!”
ഓസ്ട്രേലിയയിലെ തോമസിന് രണ്ടാംതവണ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബൈപാസ് ശസ്ത്രക്രിയ അത്യാവശ്യമായിരുന്നു. അദ്ദേഹം പറഞ്ഞു: “എനിക്കു വേദന കാര്യമായി സഹിക്കാനാവില്ല, വലിയ ഒരു ശസ്ത്രക്രിയയ്ക്കു വിധേയമാകുന്നത് ചിന്തിക്കാവുന്നതിനപ്പുറമായിരുന്നു.” ഹൃദയ ശസ്ത്രക്രിയയുടെ അനന്തരഫലത്തെക്കുറിച്ച് ബ്രസീലിലെ ഷോർഷ ഇങ്ങനെ അഭിപ്രായപ്പെട്ടു: “എന്റെ ദരിദ്രമായ സാമ്പത്തികസ്ഥിതി നിമിത്തം ഭാര്യയെ നിരാലംബയാക്കേണ്ടിവരുമെന്ന് ഞാൻ ഭയപ്പെട്ടു. ഞാൻ അധികനാൾ ജീവിച്ചിരിക്കില്ലെന്ന് എനിക്കു തോന്നി.”
രോഗവിമുക്തി
സൗഖ്യംപ്രാപിക്കാനും വൈകാരിക സുസ്ഥിരതയിലേക്കു മടങ്ങാനും അനേകരെയും സഹായിച്ചിരിക്കുന്നത് എന്താണ്? “എനിക്ക് അതിയായ ഭയം തോന്നിയപ്പോഴെല്ലാം, എന്റെ ഭാരങ്ങൾ യഹോവയിൽ അർപ്പിച്ച് അവയെ അവിടെത്തന്നെ വിട്ടുകൊണ്ട് ഞാൻ പ്രാർഥനയിൽ അവങ്കലേക്കു പോകുമായിരുന്നു”വെന്ന് ജെയ്ൻ പറഞ്ഞു. (സങ്കീർത്തനം 55:22) ഒരുവൻ ഉത്കണ്ഠകളെ അഭിമുഖീകരിക്കുമ്പോൾ അത്യന്താപേക്ഷിതമായിരിക്കുന്ന മാനസിക ശക്തിയും സമാധാനവും കൈവരിക്കാൻ പ്രാർഥന ഒരുവനെ സഹായിക്കുന്നു.—ഫിലിപ്പിയർ 4:6, 7.
ജോണും ഹിരോഷിയും പുനഃസ്ഥിതീകരണ പരിപാടികളിൽ പങ്കെടുത്തു. നല്ല ആഹാരക്രമവും വ്യായാമവും അവരുടെ ഹൃദയത്തെ ശക്തിപ്പെടുത്തി, അതുകൊണ്ട് ഇരുവരും ജോലി പുനരാരംഭിച്ചു. ദൈവാത്മാവിന്റെ ശക്തിയെ തങ്ങളുടെ മാനസികവും വൈകാരികവുമായ സൗഖ്യമാകലിന്റെ ഹേതുവായി അവർ ചൂണ്ടിക്കാട്ടി.
ശസ്ത്രക്രിയയെ അഭിമുഖീകരിക്കുന്നതിനുള്ള ധൈര്യം തന്റെ ക്രിസ്തീയ സഹോദരൻമാരുടെ പിന്തുണയിലൂടെ തോമസ് ആർജിച്ചു. അദ്ദേഹം പറഞ്ഞു: “ഓപ്പറേഷനു മുമ്പ് ഒരു മേൽവിചാരകൻ എന്നെ സന്ദർശിക്കാൻ വന്നു, അദ്ദേഹം എന്നോടൊപ്പം പ്രാർഥിച്ചു. വളരെ ഉത്കടമായ ഒരു പ്രാർഥനയിൽ, എന്നെ ശക്തീകരിക്കാൻ അദ്ദേഹം യഹോവയോട് അപേക്ഷിച്ചു. ആ രാത്രി ഞാൻ അദ്ദേഹത്തിന്റെ പ്രാർഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അദ്ദേഹത്തെപ്പോലുള്ള മൂപ്പൻമാർ ഉള്ളത് ഒരു അനുഗ്രഹമായി കരുതുകയും ചെയ്തു. വൈകാരിക സംഘട്ടനത്തിന്റെ സമയത്ത് അദ്ദേഹത്തെപ്പോലുള്ളവരുടെ സമാനുഭാവം സൗഖ്യമാകൽ പ്രക്രിയയുടെതന്നെ ഒരു ഭാഗമാണ്.”
ഇറ്റലിയിൽനിന്നുള്ള ആന്നാ വിഷാദത്തെ ഈ വിധത്തിൽ തരണം ചെയ്തു: “ഞാൻ നിരുത്സാഹിതയാകുമ്പോൾ, ദൈവദാസരിൽ ഒരുവളെന്ന നിലയ്ക്ക് എനിക്ക് ഇപ്പോൾത്തന്നെ ലഭിച്ചിട്ടുള്ളതും ദൈവരാജ്യത്തിൻ കീഴിൽ വരാനിരിക്കുന്നതുമായ എല്ലാ അനുഗ്രഹങ്ങളെയും കുറിച്ചു ഞാൻ ചിന്തിക്കുന്നു. ശാന്തത പുനരാർജിക്കാൻ ഇത് എന്നെ സഹായിക്കുന്നു.”
യഹോവയുടെ സഹായത്തിനു മേരി കൃതജ്ഞതയുള്ളവളാണ്. അവളുടെ കുടുംബം അവളോടൊപ്പം ഉണ്ടായിരുന്നു. അവൾ പറയുന്നു: “വഹിക്കാൻ സ്വന്തം ചുമടുകളുള്ള എന്റെ ആത്മീയ സഹോദരീസഹോദരൻമാർ എന്നെ സന്ദർശിക്കാനോ ഫോണിൽ വിളിക്കാനോ കാർഡുകൾ അയയ്ക്കാനോ സമയം മാറ്റിവെച്ചു. അവർ കാണിച്ച ഈ സ്നേഹമെല്ലാം ഉണ്ടായിരിക്കെ എനിക്കെങ്ങനെ ദുഃഖിതയായിരിക്കാൻ കഴിയുമായിരുന്നു?”
ഏകാന്ത ഹൃദയങ്ങളല്ല
സൗഖ്യമായിക്കൊണ്ടിരിക്കുന്ന ഹൃദയം ഏകാന്ത ഹൃദയമായിരിക്കരുതെന്നു പറയപ്പെട്ടിരിക്കുന്നു. അക്ഷരീയമായും ആലങ്കാരികമായും ഭേദപ്പെടേണ്ട ഹൃദയമുള്ളവരുടെ സൗഖ്യമാകലിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയ്ക്കു ക്രിയാത്മകമായി സാരമായ പങ്കുണ്ട്.
ദക്ഷിണാഫ്രിക്കയിലെ മൈക്കിൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “കടുത്ത നിരാശയിലായിരിക്കുന്നത് എന്തുപോലെയാണെന്നു മറ്റുള്ളവരോടു വിശദീകരിക്കുക പ്രയാസമാണ്. എന്നാൽ ഞാൻ രാജ്യഹാളിലേക്കു നടന്നുകയറുമ്പോൾ, സഹോദരൻമാർ കാണിക്കുന്ന താത്പര്യം എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയോഷ്മളവും പ്രോത്സാഹജനകവുമാണ്.” സഭ പ്രകടമാക്കിയ ആഴമായ സ്നേഹത്താലും സഹാനുഭൂതിയാലും ഓസ്ട്രേലിയയിലെ ഹെൻട്രിയും ശക്തീകരിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: “പ്രോത്സാഹനത്തിന്റെ ആ മൃദുലമായ വാക്കുകൾ എനിക്ക് യഥാർഥത്തിൽ ആവശ്യമാണ്.”
ജോലിചെയ്യാൻ പ്രാപ്തനായിത്തീരുന്നതുവരെ തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചുകൊണ്ടു മറ്റുള്ളവർ കാണിച്ച താത്പര്യത്തിന്റെ ആഴത്തെ ഷോർഷ വിലമതിച്ചു. സമാനമായി, ഒട്ടനവധി ആത്മീയ സഹോദരീസഹോദരൻമാർ തനിക്കും തന്റെ കുടുംബത്തിനും നൽകിയ പ്രായോഗിക സഹായത്തെ സ്വീഡനിലെ ഓൽഗ വിലമതിച്ചു. ചിലർ അവൾക്കുവേണ്ടി കടയിൽപോയി സാധനങ്ങൾ വാങ്ങി, മറ്റുള്ളവർ അവളുടെ വീടു വൃത്തിയാക്കി.
തങ്ങൾ പ്രിയപ്പെട്ടതായി കരുതിയിരിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് ഹൃദ്രോഗികൾ മിക്കപ്പോഴും പരിമിതപ്പെടുത്തേണ്ടതുണ്ട്. സ്വീഡനിലെ സ്വെൻ ഇങ്ങനെ വിവരിച്ചു: “കാലാവസ്ഥ വളരെ കാറ്റുള്ളതോ തണുത്തതോ ആയിരിക്കുമ്പോൾ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിൽനിന്നു ഞാൻ ചിലപ്പോൾ ഒഴിഞ്ഞിരിക്കേണ്ടതുണ്ട്, കാരണം അതു രക്തക്കുഴലിലെ പേശീസങ്കോചത്തിന് ഇടയാക്കുന്നു. ഈ സംഗതിയിൽ എന്റെ സഹസാക്ഷികളിൽ അനേകരും കാണിക്കുന്ന സഹാനുഭൂതിയെ ഞാൻ വിലമതിക്കുന്നു.” സ്വെൻ ശയ്യാവലംബനാകുമ്പോൾ, സഹോദരൻമാർ സ്നേഹപൂർവം യോഗങ്ങൾ ടേപ്പിൽ റെക്കോർഡു ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തിന് അവ ശ്രദ്ധിക്കാൻ കഴിയുന്നു. “സഭയിൽ എന്തു നടക്കുന്നുവെന്നതു സംബന്ധിച്ച് അവരെന്നെ അറിയിച്ചുകൊണ്ടിരിക്കുന്നു, പങ്കെടുക്കുന്ന ഒരുവൻ എന്നപോലെ അനുഭവപ്പെടാൻ ഇത് ഇടയാക്കുന്നു.”
തന്നോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നവർ തന്റെ അടുത്തുവരുന്നതിനെ ശയ്യാവലംബയായ മേരി ഒരു അനുഗ്രഹമായി കരുതുന്നു. ഇപ്രകാരം, താൻ നോക്കിപ്പാർത്തിരിക്കുന്ന വിസ്മയാവഹമായ ഭാവിയെക്കുറിച്ചു ചർച്ചചെയ്യുന്നതിൽ തുടരാൻ അവൾക്കു കഴിയുന്നു. തന്നോടു കാണിച്ച താത്പര്യത്തിൽ തോമസ് കൃതജ്ഞതയുള്ളവനാണ്: “മൂപ്പൻമാർ വളരെ പരിഗണനയുള്ളവരായിരുന്നു, എനിക്കു തരുന്ന നിയമനങ്ങളുടെ എണ്ണം അവർ കുറച്ചിരിക്കുന്നു.”
കുടുംബങ്ങൾക്കു പിന്തുണ ആവശ്യമാണ്
രോഗിയെപ്പോലെതന്നെ കുടുംബാംഗങ്ങൾക്കും രോഗവിമുക്തിയിലേക്കുള്ള പാത ദുഷ്കരമായിരിക്കാം. അവർ വളരെയേറെ സമ്മർദത്തിനും ഭയത്തിനും വിധേയരാണ്. തന്റെ ഭാര്യയുടെ ഉത്കണ്ഠയെക്കുറിച്ചു ദക്ഷിണാഫ്രിക്കയിലെ ആൽഫ്രെഡ് ഇങ്ങനെ പറഞ്ഞു: “ഞാൻ ആശുപത്രിയിൽനിന്നു വീട്ടിൽ വന്നപ്പോൾ, എനിക്കു കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ ഭാര്യ എന്നെ രാത്രിയിൽ നിരവധി തവണ വിളിച്ചുണർത്തുമായിരുന്നു, മൂന്നു മാസം കൂടുമ്പോൾ പരിശോധനയ്ക്കായി ഞാൻ ഡോക്ടറെ സന്ദർശിക്കണമെന്ന് അവൾ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു.”
“മനോവ്യസനം ഹേതുവായി മമനുഷ്യന്റെ മനസ്സിടിയുന്നു”വെന്നു സദൃശവാക്യങ്ങൾ 12:25 പ്രസ്താവിക്കുന്നു. തനിക്കു ഹൃദയാഘാതം ഉണ്ടായതുമുതൽ, സ്നേഹനിധിയും പിന്തുണയ്ക്കുന്നവളുമായ ഭാര്യ “വിഷാദത്തിലകപ്പെട്ടിരിക്കുന്നുവെന്ന്” ഇറ്റലിയിലെ കാർലോ പറയുന്നു. ഓസ്ട്രേലിയയിൽനിന്നുള്ള ലോറൻസ് ഇങ്ങനെ പറഞ്ഞു: “ശ്രദ്ധിക്കേണ്ട സംഗതികളിൽ ഒന്ന് നിങ്ങളുടെ ഇണയ്ക്കു പരിപാലനം ലഭിക്കുന്നുവെന്നതാണ്. ഇണയ്ക്ക് അനുഭവപ്പെടുന്ന സമ്മർദം വളരെ വലുതായിരിക്കാവുന്നതാണ്.” അതുകൊണ്ട് കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലുള്ള എല്ലാവരുടെയും ആവശ്യങ്ങൾ നാം ഓർമിക്കണം. പ്രസ്തുത സാഹചര്യത്തിന് വൈകാരികവും ശാരീരികവുമായ കഷ്ടനഷ്ടങ്ങൾ അവരുടെ മേൽ വരുത്തിവെക്കാവുന്നതാണ്.
രണ്ടാമത്തെ ലേഖനത്തിൽ പരാമർശിച്ച ജെയിംസ് തന്റെ പിതാവിന്റെ ഹൃദയാഘാതത്തിനു ശേഷം ഒതുങ്ങിക്കൂടികഴിഞ്ഞു. അവൻ പറഞ്ഞു: “എനിക്കു മേലാൽ വിനോദങ്ങളൊന്നും ഉണ്ടായിരിക്കാനാവില്ലെന്ന് എനിക്കു തോന്നി, കാരണം വിനോദിക്കാൻ തുടങ്ങുന്ന ഉടൻതന്നെ മോശമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ വിചാരിച്ചു.” പിതാവിനോടു തന്റെ ഭയത്തെക്കുറിച്ചു വെളിപ്പെടുത്തിയതും മറ്റുള്ളവരുമായി നല്ല ആശയവിനിയമം സ്ഥാപിക്കാൻ ശ്രമിച്ചതും ആകുലതയിൽനിന്നു മുക്തനാകാൻ അവനെ സഹായിച്ചു. തന്റെ ജീവിതത്തിൻമേൽ ശക്തമായ ഫലമുണ്ടായിരുന്ന മറ്റൊരു കാര്യവും ആ സമയത്തു ജെയിംസ് ചെയ്തു. അവൻ ഇങ്ങനെ പറഞ്ഞു: “ബൈബിളിന്റെ വ്യക്തിപരമായ പഠനവും നമ്മുടെ ക്രിസ്തീയ യോഗങ്ങൾക്കു വേണ്ടിയുള്ള തയാറാകലും ഞാൻ വർധിപ്പിച്ചു.” മൂന്നു മാസത്തിനുശേഷം അവൻ തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ച് ജലസ്നാപനത്താൽ അതിനെ പ്രതീകപ്പെടുത്തി. “അന്നു മുതൽ ഞാൻ യഹോവയുമായി വളരെ അടുത്ത ഒരു ബന്ധം വളർത്തിയെടുത്തിരിക്കുന്നു. അവനു നന്ദി നൽകുന്നതിനു വാസ്തവത്തിൽ എനിക്കു ധാരാളം കാരണമുണ്ട്” എന്ന് അവൻ പറയുന്നു.
ഹൃദയാഘാതത്തിനു ശേഷമുള്ള സമയത്ത് ഒരുവനു ജീവിതം പുനഃപരിശോധിക്കുന്നതിനുള്ള അവസരമുണ്ട്. ഉദാഹരണത്തിന്, ജോണിന്റെ കാഴ്ചപ്പാടിനു മാറ്റംഭവിച്ചു. അദ്ദേഹം പറഞ്ഞു: “ലൗകിക അനുധാവനങ്ങൾ എത്ര മൂല്യരഹിതമാണെന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹം എത്ര പ്രധാനമാണെന്നും യഹോവയ്ക്കു നാം എത്ര മൂല്യമുള്ളവരാണെന്നും തിരിച്ചറിയുന്നു. യഹോവയോടും എന്റെ കുടുംബത്തോടും എന്റെ സഹോദരീസഹോദരൻമാരോടുമുള്ള ബന്ധത്തിന് ഇപ്പോൾ ഒരു ഉയർന്ന മുൻഗണനയുണ്ട്.” തന്റെ അനുഭവത്തിന്റെ ഭീകരതയെക്കുറിച്ചു ചിന്തിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന ഒരു സമയത്തെക്കുറിച്ചുള്ള പ്രത്യാശയില്ലാതെ ഇതിനെ തരണം ചെയ്യുന്നതിനെപ്പറ്റി എനിക്കു വിഭാവന ചെയ്യാൻ കഴിയുന്നില്ല. വിഷാദം അനുഭവിക്കുമ്പോൾ ഞാൻ ഭാവിയെക്കുറിച്ചു ചിന്തിക്കുന്നു. ഇപ്പോൾ സംഭവിക്കുന്നതു പ്രാധാന്യം കുറഞ്ഞതായി കാണപ്പെടുന്നു.”
ഹൃദയാഘാതത്തെ അതിജീവിച്ച ഇവർ രോഗവിമുക്തിയിലേക്കുള്ള നിമ്നോന്നത പാതയിലൂടെ സഞ്ചരിക്കവേ, ഏതു രാജ്യത്തിനുവേണ്ടി പ്രാർഥിക്കാൻ യേശുക്രിസ്തു നമ്മെ പഠിപ്പിച്ചുവോ ആ രാജ്യത്തിൽ തങ്ങളുടെ പ്രത്യാശ ദൃഢമായുറപ്പിച്ചിരിക്കുന്നു. (മത്തായി 6:9, 10) ദൈവരാജ്യം മനുഷ്യവർഗത്തിനു പറുദീസാ ഭൂമിയിലെ പൂർണതയുള്ള നിത്യജീവൻ കൈവരുത്തും. അപ്പോൾ ഹൃദ്രോഗവും മറ്റെല്ലാ വൈകല്യങ്ങളും എന്നേക്കുമായി തുടച്ചുനീക്കപ്പെട്ടിരിക്കും. പുതിയ ലോകം തൊട്ടുമുമ്പിലാണ്. സത്യമായും ഏറ്റവും മെച്ചമായ ജീവിതം വരാനിരിക്കുന്നതേയുള്ളൂ!—ഇയ്യോബ് 33:25; യെശയ്യാവു 35:5, 6;വെളിപ്പാടു 21:3-5.
[13-ാം പേജിലെ ചിത്രം]
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയ്ക്ക് സൗഖ്യമാകലിൽ ഒരു ക്രിയാത്മകമായ പങ്കുണ്ട്