കഴുകന്റെ “കൂട്ടിൽ” നക്ഷത്രപ്പിറവി
● നക്ഷത്രങ്ങൾ പിറക്കുന്നത് എങ്ങനെയാണ്? ചിലത് മറ്റുള്ളവയെക്കാൾ വലുതും ശോഭയുള്ളതുമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് എടുത്ത ഒരു കൂട്ടം ചിത്രങ്ങൾ പകിട്ടേറിയ രീതിയിൽ നക്ഷത്രങ്ങൾ ഉണ്ടാകുന്ന പ്രക്രിയ വെളിപ്പെടുത്തിയേക്കാം. ഈ അസാധാരണ പ്രവർത്തനം നടക്കുന്നത്, നമ്മുടെ ക്ഷീരപഥ താരാപംക്തിയിലെ, വാതകവും പൊടിപടലവും കൊണ്ടുള്ള ഒരു മേഘമായ കഴുകൻ നക്ഷത്രപടലത്തിലാണ്.
ഭൂമിയിലെ നക്ഷത്രനിരീക്ഷകർക്ക് കഴുകൻ നക്ഷത്രപടലം, ചിറകുവിടർത്തി നഖങ്ങൾ പ്രദർശിപ്പിച്ചു നിൽക്കുന്ന ഒരു പക്ഷിയെപ്പോലെ തോന്നിക്കുന്നു. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ജ്യോതിശ്ശാസ്ത്രജ്ഞനായ ജെഫ് ഹെസ്റ്ററും സഹപ്രവർത്തകരും അതിന്റെ നഖങ്ങളുടെ ഭാഗത്തെ ചിത്രമെടുക്കാനാണ് താത്പര്യപ്പെട്ടത്. ഇവ ഓരോന്നും ആനയുടെ തുമ്പിക്കൈയോടു സദൃശമായ സ്തംഭങ്ങൾ പോലെയാണ്. അവിടെ അൾട്രാവയലറ്റ് വികിരണം ഹൈഡ്രജൻ തന്മാത്രകളെ അയോണീകരിക്കുന്നു—അതായത്, അവയുടെ ഇലക്ട്രോണുകളെ നീക്കം ചെയ്യുന്നു.
ബഹിരാകാശത്തുനിന്നെടുത്ത ഹബിൾ ചിത്രങ്ങൾ ചേർത്തുവെക്കുമ്പോൾ, സ്തംഭത്തിന്റെ അഗ്രങ്ങളിൽനിന്നു തള്ളിനിൽക്കുന്ന ഡസൺകണക്കിനു ചെറിയ വിരലുകൾ കാണാം. വിരലറ്റങ്ങളിൽ, ഘനീഭവിക്കുന്ന വാതകങ്ങൾ ചെറുഗോളങ്ങളായി രൂപംകൊള്ളുന്നു. ഇവയിൽ നക്ഷത്രങ്ങളും, ചില ജ്യോതിശ്ശാസ്ത്രജ്ഞന്മാർ പറയുന്നതനുസരിച്ച്, ഒരുപക്ഷേ ഗ്രഹങ്ങൾപോലും വികാസംപ്രാപിക്കുന്നുണ്ടായിരിക്കാം. എങ്കിലും, ഈ നക്ഷത്രപടലത്തിൽനിന്നു മുമ്പു രൂപംകൊണ്ട നൂറുകണക്കിനു കൊച്ചു കൊച്ചു നക്ഷത്രങ്ങളിൽനിന്നുള്ള ശക്തമായ നക്ഷത്രവാതങ്ങൾ ഈ വസ്തുക്കളുടെ വികാസത്തെ തടയുന്നു. ഈ നക്ഷത്രങ്ങളിൽ ഏറ്റവും ശോഭയേറിയത് നമ്മുടെ സൂര്യനെക്കാൾ 1,00,000 ഇരട്ടി ഉജ്ജ്വലമോ എട്ടിരട്ടി ചൂടുള്ളതോ ആയിരുന്നേക്കാം. അവയുടെ വികിരണം നക്ഷത്രപടലത്തിന്റെ ശുഷ്കമായ ഭാഗങ്ങളെ ക്ഷയിപ്പിച്ചുകളഞ്ഞതായി തോന്നുന്നു. പ്രകാശബാഷ്പീകരണം എന്നു വിളിക്കപ്പെടുന്ന ഈ പ്രക്രിയ, നക്ഷത്രഭ്രൂണങ്ങൾ വിഴുങ്ങിക്കളഞ്ഞേക്കുമായിരുന്ന ദ്രവത്തെ നീക്കം ചെയ്തുകൊണ്ടു നക്ഷത്ര രൂപീകരണത്തെ തടഞ്ഞേക്കാം. ചിത്രങ്ങളിൽ, ബാഷ്പീകരിക്കപ്പെടുന്ന വാതകം വാതക-ധൂളി സ്തംഭങ്ങളിൽനിന്നു വമിക്കുന്ന ആവിപോലെ തോന്നിക്കുന്നു.
ഈ ചെറുവാതകഗോളങ്ങളിൽ ഒന്നു പ്രകാശിച്ചുതുടങ്ങണമെങ്കിൽ ആണവ പ്രതിപ്രവർത്തനം തുടങ്ങാൻ കഴിയത്തക്കവിധം അതു വലുപ്പമുള്ളതായിരിക്കണം. അതിന്റെ വലുപ്പം സൂര്യന്റെ വലുപ്പത്തിന്റെ 8 ശതമാനമെങ്കിലും ഉണ്ടായിരിക്കണമെന്ന് ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു. ഇതിനു പുറമേ, പ്രകാശം പുറത്തുവരത്തക്കവിധം ചുറ്റുമുള്ള പൊടിപടലങ്ങളിൽ കുറെ നീക്കം ചെയ്യപ്പെടുകയും വേണം. എങ്കിലും, ആ ചെറുഗോളം പ്രകാശം ചൊരിയാൻ മാത്രം വലുതാകുന്നില്ലെങ്കിൽ അത് തവിട്ടു വാമനൻ എന്നറിയപ്പെടുന്ന വെറുമൊരു ഇരുണ്ട വാതകഗോളമായി മാറുന്നു. അടുത്തയിടെ, ശാസ്ത്രജ്ഞന്മാർ തിരിച്ചറിയാൻ പാകത്തിലുള്ള ആദ്യത്തെ തവിട്ടു വാമനനെ കണ്ടെത്തുകയുണ്ടായി.
പേമാരിയുള്ള ദിവസങ്ങളിൽ കാണപ്പെടുന്ന കനത്ത കാർമേഘങ്ങൾക്കു സദൃശമായ, കഴുകൻ നക്ഷത്രപടലത്തിലെ ധൂളിപടലങ്ങൾ കാണുമ്പോൾ അവ അത്ര വലുതൊന്നുമല്ലെന്നു നിങ്ങൾ തെറ്റിദ്ധരിച്ചേക്കാം. വാസ്തവത്തിൽ, ഓരോ മേഘസ്തംഭവും വളരെ നീളമുള്ളവയാണ്. ഒരറ്റത്ത് ഉത്പാദിപ്പിക്കപ്പെടുന്ന പ്രകാശകിരണം മറ്റേയറ്റത്ത് എത്താൻ ഏതാണ്ട് ഒരു വർഷം സഞ്ചരിക്കണം. കൂടാതെ, ചിത്രത്തിൽ കാണുന്ന ഓരോ “കൊച്ചു” ഗോളവും നമ്മുടെ സൗരയൂഥത്തോളം വലുപ്പമുള്ളവയാണ്. അതിലുമുപരി, നക്ഷത്രപടലം വളരെ അകലെയാണ്. അതിൽനിന്നുള്ള പ്രകാശം സെക്കൻറിൽ 2,99,792 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് നമ്മുടെയടുത്തെത്താൻ ഏതാണ്ട് 7,000 വർഷം വേണ്ടിവന്നു. അതായത്, മനുഷ്യൻ ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് കഴുകൻ നക്ഷത്രപടലം എങ്ങനെ കാണപ്പെട്ടിരുന്നോ ആ വിധത്തിലാണ് നാം ഇന്ന് അതിനെ കാണുന്നതെന്നർഥം.
ഓറിയോൺ നക്ഷത്രപടലംപോലെയുള്ള മറ്റു നക്ഷത്രപടലങ്ങളിലും നക്ഷത്ര രൂപീകരണം നടക്കുന്നതായി ജ്യോതിശ്ശാസ്ത്രജ്ഞന്മാർ നിരീക്ഷിക്കുന്നു. എങ്കിലും മറ്റു നക്ഷത്രപടലങ്ങളുടെ സ്ഥാനം നിമിത്തം അവയിൽ നടക്കുന്ന ഈ പ്രക്രിയ വ്യക്തമായി കാണാൻ സാധിക്കുന്നില്ല. നക്ഷത്രങ്ങൾ കത്തിത്തീരുകയോ ഒരു സൂപ്പർനോവയായി ഉഗ്രമായി പൊട്ടിത്തെറിക്കുകയോ ഗുരുത്വാകർഷണബലത്തിന്റെ ഫലമായി തകർന്ന് ഒരു തമോഗർത്തമായിത്തീരുകയോ ചെയ്തേക്കാം. പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവം നക്ഷത്രങ്ങളുടെ കണക്കു സൂക്ഷിക്കുന്നു. അവൻ അവയെ എല്ലാറ്റിനെയും എണ്ണി പേരുചൊല്ലി വിളിക്കുന്നു. (യെശയ്യാവു 40:26) നക്ഷത്ര കഴുകന്റെ “കൂട്” ദൈവം “പ്രകാശത്തെ നിർമ്മി”ക്കുകയും വ്യത്യസ്ത തേജസ്സുള്ള നക്ഷത്രങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന ചില വിധങ്ങൾ കാട്ടിത്തന്നേക്കാം.—യെശയ്യാവു 45:7; 1 കൊരിന്ത്യർ 15:41.—സംഭാവന ചെയ്യപ്പെട്ടത്.
[15-ാം പേജ് നിറയെയുള്ള ചിത്രം]
[14-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
J. Hester and P. Scowen, (AZ State Univ.), NASA