പുഷ്പങ്ങൾ—കരുതലുള്ള ഒരാളുണ്ടെന്ന് ഉദ്ഘോഷിക്കുന്നു
കൊളംബിയയിലെ ഉണരുക! ലേഖകൻ
ഓമനത്തം തുടിക്കുന്ന ഒരു കൊച്ചുപെൺകുട്ടി തുടുത്ത കൈക്കുമ്പിളിൽ ഒരുപിടി കോളാമ്പിപ്പൂക്കൾ പെറുക്കിയെടുത്ത് ആ വിലയേറിയ ഉപഹാരവുമായി മമ്മിയുടെ അടുക്കലേക്കോടുന്നു. സ്നേഹസമ്പന്നനായ ഒരു ഭർത്താവ് വഴിയോരത്തെ തട്ടുകടയിൽനിന്ന് തന്റെ പ്രിയതമയ്ക്കുവേണ്ടി ഒരു ഡസൻ റോസാപ്പൂക്കൾ വാങ്ങുന്നു, താൻ അവളെ എത്രമാത്രം കരുതുന്നുവെന്നു പ്രകടമാക്കാൻ. വിലമതിപ്പുള്ള ഒരു മകൻ വാടാത്ത ഡാലിയാപ്പൂക്കൾക്കായി അയലത്തെ പൂക്കാരനു ഫോൺ ചെയ്യുന്നു, തന്റെ അമ്മയെ സന്തോഷിപ്പിക്കാൻ. അർപ്പണമനോഭാവമുള്ള ഒരു വീട്ടമ്മ സൂപ്പർമാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങുന്ന കൊച്ചു തള്ളുവണ്ടിയിൽ ബഹുവർണത്തിലുള്ള കാർനേഷൻ പൂക്കൾക്കൊണ്ടുള്ള ഒരു ബൊക്കെ വെക്കുന്നു. അവരുടെ അഭിരുചിക്കൊത്ത് അലങ്കരിച്ച ഭവനത്തിന്റെ മനോഹാരിത അതു വർധിപ്പിക്കും.
പൂക്കൾ, പ്രായഭേദമന്യേ ഏവരുടെയും ഹൃദയങ്ങളെ ഒരുപോലെ കുളിർപ്പിക്കുന്നു. “കരുതലുള്ള ഒരാളുണ്ട്” എന്ന ആശയം കൈമാറാൻ പറ്റിയ ശ്രേഷ്ഠമായ മാർഗമാണത്. ഒരു സ്പാനിഷ് പഴഞ്ചൊല്ലു പറയുന്നു: “ഒരു റോസാപ്പൂവിനോടു കൃതജ്ഞത കാട്ടാത്തവൻ ഒരു കാര്യത്തോടും കൃതജ്ഞത കാട്ടുകയില്ല.” (Quien no agradece una rosa, no agradecerá ninguna cosa.)
പൂവിൽപ്പന മുമ്പെന്നത്തെക്കാളും വേഗത്തിൽ തഴച്ചുവളരുന്നു. ത്വരിത വ്യോമ ഗതാഗതത്തിന്റെ ഈ യുഗത്തിൽ, പൂക്കൾ ഇപ്പോൾ കടകളിൽനിന്നും സൂപ്പർമാർക്കറ്റുകളിൽനിന്നും വഴിയരികിലെ തട്ടുകടകളിൽനിന്നുമൊക്കെ അകലെ ഏറെ വിദൂരത്തിൽപ്പോലും വളർത്താവുന്നതാണ്. അവ അതിലേ കടന്നു പോകുന്നവരുടെ മനംകവരുന്നു. ടൈം മാഗസിൻ ഇപ്രകാരം പറഞ്ഞു: പുഷ്പവ്യവസായം “വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നു. അതിലും വേഗത്തിൽ അതിനു മാറ്റം വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അധികപങ്കും ഉത്പാദിപ്പിക്കപ്പെടുന്നതു ദക്ഷിണാർധഗോളത്തിൽനിന്നാണ്. അതായത്, അധികവും കൊളംബിയയിൽനിന്ന്. പൂക്കളുടെ കയറ്റുമതിയിൽ ഹോളണ്ട് കഴിഞ്ഞാൽ അടുത്ത സ്ഥാനം കൊളംബിയയ്ക്കാണ്.”
പ്ലാസ്റ്റിക്കുകൊണ്ടു മൂടിയ ഹരിതഗൃഹവും കൃത്രിമ തടാകങ്ങളും
25 വർഷത്തിലേറെയായി ഈ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കൊളംബിയ കാർനേഷൻ പൂക്കളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ്. മൊത്തം പൂവിൽപ്പനയിലാകട്ടെ രണ്ടാം സ്ഥാനത്തും. 1964-ൽ യു.എസ്.എ-യിലെ കാലിഫോർണിയയിലുള്ള ഒരു യൂണിവേഴ്സിറ്റി വിദ്യാർഥി, വർഷത്തിലുടനീളമുള്ള പൂക്കൃഷിക്കു പറ്റിയ ഏറ്റവും അനുകൂല പരിതഃസ്ഥിതികളോടുകൂടിയ പ്രദേശങ്ങൾ കണ്ടെത്തുന്നതിനായി ഒരു കമ്പ്യൂട്ടർ പഠനം നടത്തി. ബോഗറ്റോ സ്ഥിതി ചെയ്യുന്ന തടത്തിന്റെ—ഭൂമധ്യരേഖയുടെ വടക്കായി ആൻഡീസ് പർവതനിരയിൽ ഏതാണ്ട് 2,800 മീറ്റർ ഉയരത്തിൽ—കാലാവസ്ഥയും ഉയരവും പറ്റിയതാണെന്ന് അദ്ദേഹം കണ്ടെത്തി.
കൊളംബിയയിൽ കയറ്റുമതി ചെയ്യാൻവേണ്ടി കൃഷിചെയ്യുന്ന പൂക്കളുടെ 92 ശതമാനവും സ്ഥിതി ചെയ്യുന്ന സേന്റ ഫേ ദെ ബോഗറ്റോയിലെ വിസ്മയം കൊള്ളിക്കുന്ന, പച്ചത്തഴപ്പുള്ള സാവന്നകളിൽ അങ്ങിങ്ങായി കൃത്രിമ തടാകങ്ങളും പ്ലാസ്റ്റിക്കുകൊണ്ടു മൂടിയ ഹരിതഗൃഹങ്ങളും കാണാം. തടികൊണ്ടോ ലോഹംകൊണ്ടോ പണിത ഈ ചട്ടക്കൂടുകൾക്കുള്ളിൽ ഒരു വസന്തകാല പരിതഃസ്ഥിതി ശ്രദ്ധാപൂർവം നിലനിർത്തപ്പെടുന്നു. ലക്ഷക്കണക്കിനു കാർനേഷൻ പുഷ്പങ്ങൾ, ഡാലിയകൾ, റോസാപ്പൂക്കൾ, ക്രിസാന്തെമുകൾ, പെറൂവിയൻ ലില്ലി എന്നിവയും മറ്റു പല ഇനങ്ങളും ഇവിടെ വളർത്തുന്നുണ്ട്. താമസിയാതെ അവ ഇറുത്തെടുത്തു പായ്ക്കു ചെയ്ത് വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്കു കയറ്റി അയയ്ക്കും.
18 ഡിഗ്രി സെൽഷ്യസിനും 20 ഡിഗ്രി സെൽഷ്യസിനും ഇടയ്ക്കുള്ള താപനിലയാണ് പൂക്കൃഷിക്കു പറ്റിയത്. സാവന്നയിൽ വർഷത്തിലുടനീളമുള്ള പകൽസമയ താപനില ഇതാണ്. ഇവിടെ മഴവെള്ളം യഥേഷ്ടം ലഭ്യമാണ്. മണ്ണ് ഫലഭൂയിഷ്ഠമാണ്. കൂടാതെ, കുറഞ്ഞ കൂലിക്കു പണിയെടുക്കാൻ ആളുകളെയും ലഭിക്കുന്നു. രാത്രിസമയങ്ങളിൽ താപനില ഖരാങ്കത്തിനടുത്തെത്തുന്നു. ചില സമയങ്ങളിലാകട്ടെ, -2 ഡിഗ്രി സെൽഷ്യസായി കുറയുന്നു. നെരിപ്പോടുകൾ, ഉയർന്ന വാട്ടേജിൽ കത്തുന്ന ബൾബുകൾ അല്ലെങ്കിൽ സ്പ്രിംഗ്ലറുകൾ എന്നിവ തണുപ്പിൽനിന്നു സംരക്ഷണം നൽകുന്നു. കത്തുന്ന ബൾബുകൾ പകൽസമയ പ്രകാശം നീട്ടിക്കൊടുക്കാൻ തക്കവണ്ണം ഉതകുന്നു. അങ്ങനെ ചില സസ്യങ്ങൾ ഉണർന്നിരിക്കുകയും അവയുടെ വളർച്ച ത്വരിതഗതിയിലാകുകയും ചെയ്യുന്നു.
മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള ഉത്പാദനം
കൊളംബിയയിൽ 1,20,000-ത്തിലധികം തൊഴിലാളികൾ പുഷ്പവ്യവസായത്തിന്റെ ഏതെങ്കിലും വശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. സാവന്നയിൽ ചിതറിക്കിടക്കുന്ന സമുദായങ്ങളിലുള്ള ഒട്ടേറെ യഹോവയുടെ സാക്ഷികൾ ഇവരിൽ ഉൾപ്പെടുന്നു. ഫാകാറ്റാറ്റിവായിലെ സഭകളിലൊന്നിലെ ഒരു ക്രിസ്തീയ മൂപ്പനായ ബെനിറ്റോ ക്വിന്റേനോ ഒരു നഴ്സറിയിൽ ഉത്പാദക മേൽനോട്ടക്കാരനായി ജോലി ചെയ്യുന്നു. അദ്ദേഹം വിവരിക്കുന്നു: “വിപണിയിലെ കാലിക ആവശ്യങ്ങൾ നിവർത്തിക്കാൻ മാസങ്ങൾക്കു മുമ്പുതന്നെ ഞങ്ങൾക്ക് ഉത്പാദനം ക്രമീകരിക്കേണ്ടിവരും. കാർനേഷൻ പുഷ്പങ്ങളുടെ മാതൃസസ്യങ്ങൾ ഹോളണ്ടിൽനിന്നും അല്ലെങ്കിൽ ഇറ്റലിയിൽനിന്നും ഡാലിയകൾ ഫ്ളോറിഡയിൽനിന്നും ഇറക്കുമതി ചെയ്യുന്നു. സ്ത്രീകൾ ശ്രദ്ധാപൂർവം ചെറിയ കൂമ്പുകൾ നുള്ളിയെടുത്തശേഷം, ഇളംചൂടുള്ള ഒരു ഹരിതഗൃഹത്തിൽ മൺവരികളിൽ അവ നടുന്നു. അവിടെ, അവയ്ക്കു വേരുപിടിക്കുന്നതുവരെ മേഘസദൃശമായ മൂടൽമഞ്ഞുകൊണ്ടു നനവു ലഭിക്കുന്നു. ഡാലിയകൾ വേരുപിടിക്കുന്നതു 12 ദിവസംകൊണ്ടാണ്, താപനില 20 ഡിഗ്രി സെൽഷ്യസിനും 35 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കണം. രാത്രിയിൽ രണ്ടു മണിക്കൂർ സമയത്തേക്ക് പ്രകാശം കൂടുതലായി വേണ്ടിവരും. കാർനേഷൻ ചെടികൾക്കു വേരുപിടിക്കുന്നത് 23 ദിവസംകൊണ്ടാണ്, താപനില 15 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കണം. രാത്രിയിൽ പ്രകാശം ഒട്ടും പാടില്ല. പിന്നെ ഞങ്ങൾ തൈകൾ മറ്റൊരു ഹരിതഗൃഹത്തിലുള്ള തടങ്ങളിലേക്കു മാറ്റുന്നു. അവിടെ, പൂവിടുന്നതുവരെ അവയ്ക്കു സമ്പുഷ്ടമായ വളം നൽകുന്നു, കീടനാശിനികൾ തളിക്കുന്നു, നനയ്ക്കുകയും ചെയ്യുന്നു. കാർനേഷനുകളുടെ കാര്യത്തിൽ ഇത് ആറു മാസമെടുക്കും ഡാലിയകൾക്കാകട്ടെ മൂന്നു മാസവും.”
തിരക്കേറിയ സമയത്തു കഠിനാധ്വാനം
പൂക്കൾ ഇറുത്തെടുക്കാനുള്ള സമയം വന്നെത്തുന്നു. ആ ജോലി ഏറ്റവും മെച്ചമായി ചെയ്യുന്നതു സ്ത്രീകളാണ്. കൈയുറകളുപയോഗിക്കാതെ നല്ല വൃത്തിയുള്ള കൈകൾകൊണ്ടാണ് അവർ അതു ചെയ്യുന്നത്. പുഷ്പങ്ങളുടെ ഗുണമേന്മ നിർണയിക്കുന്ന ഘടകങ്ങൾ—പൂമൊട്ടുകൾ എത്രത്തോളം വിരിഞ്ഞിട്ടുണ്ട്, തണ്ടുകളുടെ വടിവ് എങ്ങനെയുണ്ട് എന്നൊക്കെ—വിലയിരുത്താനുള്ള കഴിവ് യന്ത്രങ്ങൾക്കില്ല.
ഫാകാറ്റാറ്റിവായിൽനിന്നുള്ള ഹൂഡിറ്റ് കൊറെഡോർ വിശദമാക്കുന്നു: “ക്ഷമയോടെ മൃദുവായി പൂക്കൾ ഇറുത്തെടുക്കാൻ സാധിക്കുന്നതു സ്ത്രീകൾക്കാണ്. അതുപോലെതന്നെ ആവശ്യമായ വേഗവും പാടവവും അവർക്കാണുള്ളത്.” ഹൂഡിറ്റ് തുടരുന്നു, “പ്രഭാതം പൊട്ടിവിരിയുന്നതോടെ നാം ഹരിതഗൃഹത്തിലേക്കു പ്രവേശിക്കുമ്പോൾ സാവന്നയിൽ മിക്കവാറും മൂടൽമഞ്ഞുണ്ടായിരിക്കും; നല്ല തണുപ്പുമുണ്ടായിരുന്നേക്കാം, ഉറഞ്ഞുപോകുന്ന തണുപ്പ്. പെൺകുട്ടികളിൽ പലരും സ്കാർഫുകൾ ധരിക്കും. പകൽസമയത്ത് അന്തരീക്ഷം ചൂടായിത്തുടങ്ങും. ചിലപ്പോൾ താപനില 32 ഡിഗ്രി സെൽഷ്യസിനു മുകളിൽവരെ എത്തും. കഠിനമായി അധ്വാനിക്കണം, പ്രത്യേകിച്ചും തിരക്കുള്ള സമയത്ത്. വേഗത്തിൽ പണിയെടുക്കണം. ജോലി സമയത്തിനുശേഷവും ഞങ്ങൾക്കു പണിയെടുക്കേണ്ടിവരും.”
വർണാഭമായ സൗരഭ്യ സന്ദേശം
ഇറുത്തെടുത്തശേഷം, ധാരാളം വായുവും വെളിച്ചവുമുള്ള ഒരു പ്രത്യേക മുറിയിലേക്കു പൂക്കൾ കൊണ്ടുപോകുന്നു. ഇവിടെ, പൂവിന്റെ ഗുണമേന്മയും തണ്ടിന്റെ വടിവും വണ്ണവും നീളവും അനുസരിച്ച് സ്ത്രീകൾ അവയെ തരംതിരിക്കുന്നു. പിന്നീട് പൂക്കളെ സുതാര്യമായ പ്ലാസ്റ്റിക്കിൽ പൊതിയുന്നു. ഓരോ കെട്ടിലും 25 എണ്ണം വീതമുണ്ടായിരിക്കും. ഇപ്പോൾ അവ പായ്ക്കിങ്ങിന് തയ്യാറായിക്കഴിഞ്ഞു. ഏറ്റവും നല്ലതു മാത്രമേ കയറ്റി അയയ്ക്കാൻ തിരഞ്ഞെടുക്കുന്നുള്ളൂ.
പുരുഷന്മാർ, നഴ്സറിയുടെ പേരെഴുതിയ പ്രത്യേകരീതിയിൽ മടക്കിയ കാർഡ്ബോർഡ് പെട്ടികളിൽ പൂക്കൾ പായ്ക്കു ചെയ്യുന്നു. ഒരു പെട്ടിയിൽ കാർനേഷൻ പൂക്കളുടെ 24 കെട്ടുകൾ ഉണ്ടായിരിക്കും. പായ്ക്കിങ് ജോലി ചെയ്യുന്ന, ബെനിറ്റോയുടെ സഹോദരനായ അലേഹാൻഡ്രോ ക്വിന്റേനോ പറയുന്നു: “ഞങ്ങൾ വേഗത്തിൽ പണിയെടുക്കണം. കാരണം എല്ലാ വിളകളിലുംവെച്ച് ഏറ്റവും വേഗത്തിൽ നശിക്കുന്നതു പൂക്കളാണ്. പെട്ടികളിൽനിന്നു ചൂടുവായു വലിച്ചെടുക്കുന്ന രണ്ടു പമ്പുകൾ ഞങ്ങളുടെ കമ്പനിക്കുണ്ട്. ഒരു സമയത്ത് 112 പെട്ടികളിൽനിന്ന് ഇങ്ങനെ ചെയ്യാൻ സാധിക്കും. രണ്ടു മണിക്കൂർ നേരത്തേക്ക് തണുത്ത വായു അകത്തേക്കു കയറ്റിവിടുന്നു. അങ്ങനെ താപനില ഖരാങ്കത്തിന് ഏതാനും ഡിഗ്രി അടുത്തെത്തുന്നു. പിന്നെ പെട്ടികളിലെ തുളകൾ അടയ്ക്കുന്നു. എയർപോർട്ടിലേക്കു കൊണ്ടുപോകുന്നതിനു ട്രക്കിൽ കയറ്റുന്നതുവരെ പൂക്കൾ കോൾഡ് സ്റ്റോറേജുകളിൽത്തന്നെ വെക്കുന്നു.”
ബോഗറ്റോയിലെ എൽ ഡറേഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂക്കൾ കയറ്റുമതി പരിശോധനയ്ക്കു വിധേയമാക്കിയശേഷം കടലിനക്കരെയുള്ള സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതിനായി വലിയ ജെറ്റ് വിമാനങ്ങളിൽ കയറ്റുന്നതുവരെ അവയെ ഏതാനും മണിക്കൂർ കോൾഡ് സ്റ്റോറേജുകളിൽ വെക്കുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം ഭവനങ്ങളിലും ഓഫീസുകളിലും രോഗി കിടക്കുന്ന മുറിയിലും അല്ലെങ്കിൽ മറ്റെവിടെയെങ്കിലും, കരുതലുള്ള ഒരാളുണ്ടെന്ന വർണാഭമായ സൗരഭ്യ സന്ദേശം അറിയിച്ചുകൊണ്ട് ഈ പൂക്കൾ വിടരും.
യഥാർഥ കരുതലുള്ള ഒരാൾ
ലോകത്തിന്റെ ഏതു ഭാഗത്തുപോയാലും എല്ലായിടത്തുംതന്നെ നമ്മുടെ ആസ്വാദനത്തിനുവേണ്ടിയുള്ള പൂക്കൾ കാണാം. മലമുകളിൽ അങ്ങുയരത്തിൽ, ഹിമപ്പരപ്പിന്റെയും ഹിമാനികളുടെയും ഓരങ്ങളിൽ, വനങ്ങളിൽ, പുൽമേടുകളിൽ, അരുവികളുടെയും നദികളുടെയും ഓരങ്ങളിൽ, സമുദ്രതീരങ്ങളിൽ, എന്നുവേണ്ട ചുട്ടുപഴുത്ത, വരണ്ട മരുഭൂമികളിൽപ്പോലും അവ കാണപ്പെടുന്നു. ഭൂമിയിൽ മനുഷ്യൻ പ്രത്യക്ഷപ്പെടുന്നതിനുമുമ്പുതന്നെ പൂക്കൾ ഉണ്ടായിരുന്നു. ‘എല്ലാ ജന്തുക്കളുടെയും മനുഷ്യരുടെയും ജീവന് ആധാരം പൂവിടുന്ന ചെടിക’ളാണ്, അവയെക്കൂടാതെ മനുഷ്യനോ മൃഗങ്ങൾക്കോ നിലനിൽക്കാനാവില്ല’ എന്ന് സസ്യശാസ്ത്രജ്ഞന്മാർ തറപ്പിച്ചുപറയുന്നു.
ഉൾക്കാഴ്ചയോടെ ശലോമോൻ രാജാവ് ഉദ്ഘോഷിച്ചു: ‘അവൻ സകലവും അതതിന്റെ സമയത്ത് ഭംഗിയായി ചെയ്തു.’ (സഭാപ്രസംഗി 3:11) ദൈവത്തിന്റെ ദാനമായ എല്ലാ തരത്തിലുംപെട്ട മനോഹര പുഷ്പങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സ്മരണാതീതകാലംമുതൽ അവ പ്രായഭേദമന്യേ ഏവരുടെയും ഹൃദയങ്ങളെ കുളിർപ്പിച്ചിട്ടുണ്ട്. തീർച്ചയായും, ദൈവം കരുതുകതന്നെ ചെയ്യുന്നു!
[17-ാം പേജിലെ ചതുരം]
ദീർഘനേരത്തേക്കു പൂക്കൾ വാടാതിരിക്കാൻ
• പൂക്കൾ പൂപ്പാത്രത്തിൽ വെക്കുന്നതിനുമുമ്പ് തണ്ടുകൾ വെള്ളത്തിനടയിൽവെച്ചു ചെരിച്ചുവെട്ടുക. തണ്ടുകളുടെ അറ്റത്തു പറ്റിയിരിക്കുന്ന വെള്ളത്തുള്ളികൾ വായു അകത്തു കടക്കാതെ സൂക്ഷിക്കുകയും അങ്ങനെ വെള്ളവും പോഷകങ്ങളും ഉള്ളിലേക്കെടുക്കുന്നതു തടയുകയും ചെയ്യും.
• ഒരു ആസ്പിരിൻ ഗുളികയോ ഒരു ടീസ്പൂൺ പഞ്ചസാരയോ അല്ലെങ്കിൽ അൽപ്പം കോളയോ വെള്ളത്തിൽ ചേർത്താൽ പൂക്കൾ ഏറെ നേരത്തേക്കു വാടാതിരിക്കുമെന്ന് കൊളംബിയൻ തോട്ടനിർമാണവിദഗ്ധർ പറയുന്നതായി ഗേയോമൂൺഡോ മാഗസിൻ ഉദ്ധരിക്കുന്നു. പൂമൊട്ടുകൾ വേഗത്തിൽ വിടരാൻ ഇളംചൂടുള്ള വെള്ളമാണ് പറ്റിയതെങ്കിലും, രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വെള്ളം മാറ്റിക്കൊണ്ടിരിക്കുക. സാധാരണ ഊഷ്മാവിലുള്ള വെള്ളം ഉപയോഗിക്കുക.
• ചെറുതായി വാടിയ പൂക്കളുടെ തണ്ടുകൾ പത്തു മിനിറ്റ് നേരത്തേക്കു ചൂടുവെള്ളത്തിൽ മുക്കിവെക്കുകയും അതേ സമയം ഇതളുകളിൽ തണുത്ത വെള്ളം തളിക്കുകയും ചെയ്താൽ വാട്ടം മാറിക്കിട്ടും. പൂക്കളെ താപസ്രോതസ്സുകളിൽനിന്നും കാറ്റടിക്കുന്ന സ്ഥലങ്ങളിൽനിന്നും നേരിട്ടുള്ള സൂര്യപ്രകാശത്തിൽനിന്നും മാറ്റി സൂക്ഷിക്കുക.