കുറ്റകൃത്യത്തിനെതിരെ പരാജയമടയുന്ന പോരാട്ടം
“എല്ലാവരും ശ്രമം നടത്താൻ ഒരുക്കമായിരുന്നെങ്കിൽ വളരെ പെട്ടെന്ന് കുറ്റകൃത്യത്തെ നിയന്ത്രിക്കാൻ കഴിയുമായിരുന്നു” എന്ന് മെട്രോപോളിറ്റൻ പൊലീസിന്റെ ഒരു മുൻ തലവൻ പറഞ്ഞതായി ഇംഗ്ലണ്ടിലെ ലിവർപൂൾ ഡെയ്ലി പോസ്റ്റ് ഉദ്ധരിക്കുകയുണ്ടായി. തീർച്ചയായും, എല്ലാവരും നിയമം അനുസരിക്കുകയാണെങ്കിൽ കുറ്റകൃത്യം ഇല്ലാതാകും.
എങ്കിലും, മിക്ക സ്ഥലങ്ങളിലും കുറ്റകൃത്യം വർധിച്ചുവരുകയാണ്. ആയിരക്കണക്കിനു വർഷം മുമ്പ് ഉച്ചരിക്കപ്പെട്ട വാക്കുകൾ നമ്മുടെ കാലത്തിനു ബാധകമാകുന്നു: “ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” (ഉല്പത്തി 6:11)—എതിർപേജിലെ ചതുരം കാണുക.
കുറ്റകൃത്യം ചെറിയ കാര്യങ്ങളിൽ തുടങ്ങുന്നു
ചെറിയ കാര്യങ്ങളിലെ നിയമലംഘനം കൂടുതൽ വലിയ കാര്യങ്ങളിൽ നിയമം ലംഘിക്കുന്നതിന് ഒരാളെ പരുവപ്പെടുത്തുന്നു. ഈ വസ്തുത തന്റെ വിദ്യാർഥികളുടെ മനസ്സിൽ പതിപ്പിക്കുന്നതിനുവേണ്ടി ഒരു അധ്യാപിക ഇങ്ങനെ വിശദീകരിച്ചു: “സ്കൂളിൽ പെൻസിൽ മോഷ്ടിക്കുന്നതുപോലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവരാണ് ഭാവിയിൽ ബാങ്കുകൊള്ളക്കാരായിത്തീരുന്നത്.”
ഇനി, ജോലിസ്ഥലത്ത് മിക്കപ്പോഴും എന്താണ് സംഭവിക്കുന്നത്? ആളുകൾ ജോലിക്കുപോകാതെ രോഗം നടിച്ച് വീട്ടിൽ കുത്തിയിരിക്കുകയും എന്നിട്ട് തങ്ങൾ അർഹിക്കാത്ത ആനുകൂല്യങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. സത്യസന്ധമല്ലാത്ത ഈ നടപടി ഇന്നു സാധാരണമാണ്, നാം വിചാരിച്ചേക്കാവുന്നതിനെക്കാൾ പോലും. ഉദാഹരണത്തിന്, ജർമനിയിലെ ജോലിക്കാർ രോഗാവധികളുടെ 6 ശതമാനം ബുധനാഴ്ചകളിലും 10 ശതമാനം ചൊവ്വാഴ്ചകളിലും 16 ശതമാനം വ്യാഴാഴ്ചകളിലും എന്നാൽ അതിലും വളരെക്കൂടിയ 31 ശതമാനം തിങ്കളാഴ്ചകളിലും ഏറ്റവും ഉയർന്ന 37 ശതമാനം വെള്ളിയാഴ്ചകളിലും എടുക്കുന്നു! തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും വാസ്തവത്തിൽ ആളുകൾക്ക് കൂടുതലായി രോഗം പിടിപെടുന്നുണ്ടോ? അതോ ഇത് മോഷണത്തിന്റെ മറ്റൊരു രൂപം മാത്രമാണോ?
ആരാണ് കുറ്റവാളികൾ?
തീർച്ചയായും, സാധാരണക്കാരായ ആളുകൾ നടത്തുന്ന കുറ്റകൃത്യങ്ങൾ സാധാരണഗതിയിൽ അധികാരസ്ഥാനങ്ങളിലിരിക്കുന്നവർ നടത്തുന്ന കുറ്റകൃത്യങ്ങളുടെയത്രയും പ്രത്യാഘാതമുളവാക്കാറില്ല. ഒരു രാഷ്ട്രീയ കുറ്റകൃത്യം 1970-കളുടെ ആരംഭത്തിൽ ഐക്യനാടുകളെ ഉലച്ചു. അതുമായി ബന്ധപ്പെട്ട പേര് ആംഗലേയ ഭാഷയുടെ ഭാഗം പോലുമായിത്തീരത്തക്കവിധം അത്രമാത്രം ഭയങ്കരമായിരുന്നു ആ കുറ്റകൃത്യം.
ബാൺഹാർട്ട് ഡിക്ഷ്ണറി ഓഫ് ന്യൂ ഇംഗ്ലീഷ് പറയുന്നതനുസരിച്ച് “വാട്ടർഗേറ്റ്” ഒരു “കുംഭകോണം, പ്രത്യേകിച്ചും ഹാനികരമായ വിവരങ്ങളോ നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ പൊതിഞ്ഞുവെക്കാനുള്ള ശ്രമം ഉൾപ്പെടുന്ന ഒന്നാണ്.”a എന്നിട്ടത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “വാട്ടർഗേറ്റ് സംഭവം 1970-കളിലെ ഭാഷയുടെമേൽ ശക്തമായ ഒരു മുദ്ര പതിപ്പിച്ചു. ആ പദം പലതരം പദസൃഷ്ടികൾക്ക് ഇടയാക്കി. കൂടാതെ, കുംഭകോണത്തെയോ അഴിമതിയെയോ സൂചിപ്പിക്കുന്നതിനായി ഇംഗ്ലീഷിൽ പദങ്ങളുടെ ഒടുവിൽ -ഗേറ്റ് എന്ന് ചേർത്തുപയോഗിക്കാനും തുടങ്ങി.”
നിയമം ഉയർത്തിപ്പിടിക്കുന്നതിൽ മാതൃകകളായിരിക്കേണ്ടവരുടെ ഇടയിൽപ്പോലും കുറ്റകൃത്യം വ്യാപകമാണെന്ന് അതിനുശേഷം അനേകം വാട്ടർഗേറ്റുകൾ പ്രകടമാക്കിയിരിക്കുന്നു. ജപ്പാനിൽ രാഷ്ട്രീയ അഴിമതി വളരെ വ്യാപകമായിത്തീർന്നതിനാൽ അതിനെ ചെറുക്കുന്നതിന് 1990-കളുടെ ആരംഭത്തിൽ പുതിയ നിയമങ്ങൾ പാസ്സാക്കേണ്ടിവന്നു. 1992-ൽ ബ്രസീലിലെ പ്രസിഡൻറിനെ അഴിമതി ആരോപണങ്ങളുടെ പേരിൽ താഴെയിറക്കി.
മാതാപിതാക്കൾ, സ്കൂളധ്യാപകർ, നിയമപാലകർ എന്നിവരുൾപ്പെടെ അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുടെ തെറ്റായ പ്രവർത്തനങ്ങൾ സാധാരണജനങ്ങളെ കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നുവെന്നതു സ്പഷ്ടമല്ലേ?
ഉദ്ദേശ്യശുദ്ധി മാത്രം പോരാ
ഗവൺമെൻറുകൾ കുറ്റകൃത്യത്തെ തുടച്ചുനീക്കാൻ ആഗ്രഹിക്കുന്നുവെന്നതിനോട് മിക്കയാളുകളും യോജിക്കും. എന്നാൽ, ഉദ്യോഗത്തിൽനിന്നു വിരമിച്ച ഒരു അധികാരി തന്റെ രാജ്യത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നീതിയന്ത്രത്തെ വേഗത്തിലും ഫലപ്രദമായും പ്രവർത്തിപ്പിക്കുന്നതിന് ഗവൺമെൻറ് വളരെ കുറച്ചേ ചെയ്തിട്ടുള്ളൂ. വേണ്ടത്ര ജഡ്ജിമാരില്ല, അതുകൊണ്ട് നമുക്കുള്ള കുറച്ചുപേർ അത്യധ്വാനം ചെയ്തിരിക്കുന്നു. പൊലീസിലാണെങ്കിൽ വേണ്ടത്ര ജോലിക്കാരും സജ്ജീകരണങ്ങളും ഇല്ല. പൊലീസുകാർക്ക് ചിലപ്പോൾ സമയത്ത് ശമ്പളം കിട്ടുന്നില്ല. അതുകൊണ്ട് കൈക്കൂലി വാങ്ങുന്നതിന് അവർക്ക് വളരെയധികം പ്രലോഭനം തോന്നുന്നു.”
“സംഘടിത കുറ്റകൃത്യത്തെ കൈകാര്യം ചെയ്യുന്നതിലുള്ള രാഷ്ട്രത്തിന്റെ അപ്രാപ്തി”യെക്കുറിച്ച് ഇറ്റാലിയൻ മാഗസിനായ ലാ ചിവിൽറ്റാ കാറ്റോലിക്കാ വിലപിക്കുന്നു. എന്നിട്ടത് ഇങ്ങനെ പറയുന്നു: “കുറ്റകൃത്യത്തോടു പോരാടുന്നതിൽ നിയമപാലക ഏജൻസികൾക്കും നീതിന്യായവകുപ്പിനുമുള്ള പ്രതിബദ്ധത അംഗീകരിക്കപ്പെടുന്നു, എന്നാൽ അത് സംഘടിത കുറ്റകൃത്യത്തിന്റെമേൽ യാതൊരു ഫലവും ഉളവാക്കുന്നില്ല എന്നത് പ്രകടമാണ്; പ്രത്യുത, അതിന്റെ ആക്കവും ശക്തിയും കൂടിവരികയാണ്.”
കുറ്റകൃത്യത്തോടു പോരാടുന്ന കാര്യത്തിൽ ഗവൺമെൻറുകൾക്ക് ഉദ്ദേശ്യശുദ്ധിയുണ്ടായതുകൊണ്ട് മതിയാകുന്നില്ല എന്നതു വ്യക്തം. കുടിയേറ്റത്തിന്റെയും നീതിന്യായ കാര്യങ്ങളുടെയും യൂറോപ്യൻ കമ്മീഷണറായ ആനീറ്റ ഗ്രാഡിൻ ഉചിതമായിത്തന്നെ പിൻവരുന്നപ്രകാരം അഭിപ്രായപ്പെട്ടു: “മയക്കുമരുന്നു കള്ളക്കടത്ത്, മയക്കുമരുന്നു വ്യാപാരം, വിദേശികളെ അനധികൃതമായി ഒരു രാജ്യത്തേക്കു കടത്തുന്നത്, നിയമവിരുദ്ധമായ കുടിയേറ്റം, സംഘടിത കുറ്റകൃത്യം, വഞ്ചന, അഴിമതി എന്നിവയ്ക്കെതിരെ സഹകരിച്ചു പോരാടുന്നതിന് നമുക്ക് കൂടുതൽ മെച്ചവും ഫലപ്രദവുമായ പ്രവർത്തന രീതികൾ ആവശ്യമാണ്.”
നിയമാധികാരികൾ എത്രത്തോളം പ്രതിജ്ഞാബദ്ധരാണ്?
കുറ്റകൃത്യത്തോടു പോരാടുന്നതിൽ വാസ്തവത്തിൽ അധികാരികൾ എത്രത്തോളം പ്രതിജ്ഞാബദ്ധരാണെന്നതു സംബന്ധിച്ച് ചിലർ സംശയം പ്രകടിപ്പിക്കുന്നു. എല്ലാവരും കുറഞ്ഞപക്ഷം പരസ്യമായിട്ടെങ്കിലും “അഴിമതിയെയും സാമ്പത്തിക കുറ്റകൃത്യങ്ങളെയും കുറ്റംവിധിക്കുന്നു”വെന്ന് ഒരു രാജ്യത്തെ മുൻ പൊലീസ് ഇൻസ്പെക്ടർ ജനറൽ പറയുന്നു. എന്നാൽ, കുറ്റകൃത്യത്തെയും അഴിമതിയെയും നിർമാർജനംചെയ്യാനുള്ള യഥാർഥ ആഗ്രഹം എല്ലാവർക്കുമില്ലെന്ന് അദ്ദേഹം പറയുന്നു. കൈക്കൂലി, വഞ്ചന, മോഷണം എന്നിവയെ മുന്നേറുന്നതിനുള്ള സ്വീകാര്യ മാർഗങ്ങളായി പ്രത്യക്ഷത്തിൽ വീക്ഷിക്കുന്ന നിയമാധികാരികൾ ഉൾപ്പെടെയുള്ള ആളുകളുടെ എണ്ണം വർധിച്ചുവരുകയാണ്.
ഒരു കസ്റ്റംസ് ഓഫീസർ പറഞ്ഞതുപോലെ, “കുറ്റകൃത്യങ്ങൾ ചെയ്യുന്ന” പലരും “ശിക്ഷകൂടാതെ രക്ഷപ്പെടുന്നത്” നിസ്സംശയമായും കുറ്റകൃത്യം വർധിച്ചുവരുന്നതിനുള്ള ഒരു കാരണമാണ്. ഉദാഹരണത്തിന്, ഒരു റഷ്യൻ പ്രസിദ്ധീകരണം “കുറ്റവാളികൾ ശിക്ഷ ലഭിക്കാതെ വളരെ എളുപ്പത്തിൽ രക്ഷപ്പെട്ടുപോകുന്നതി”നെക്കുറിച്ച് പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: ഇത് “അങ്ങേയറ്റം മൃഗീയമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധാരണ പൗരൻമാർക്കു പ്രചോദനം നൽകുന്നതായി തോന്നുന്നു.” ഏതാണ്ട് 3,000 വർഷം മുമ്പ് ബൈബിളെഴുത്തുകാരൻ പ്രസ്താവിച്ചതിനോട് തികച്ചും ചേർച്ചയിലാണ് ഇത്: “ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്വാൻ ധൈര്യപ്പെടുന്നു.”—സഭാപ്രസംഗി 8:11.
ഗവൺമെൻറുകൾ കുറ്റകൃത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ പരാജയമടയുകയാണെന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. ജർമൻ പത്രമായ റൈനിഷെർ മെർകൂർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ വർധനവിനെക്കുറിച്ചുള്ള പൊതുജന ഭയം ആഴത്തിൽ വേരൂന്നിയതാണ്. രാഷ്ട്രീയ പാർട്ടികൾക്കിടയിൽ സാധാരണ നടക്കുന്ന ചേരിപ്പോരോ സ്ഥിതിവിശേഷം വിചാരിക്കുന്ന അത്രയും മോശമല്ല എന്നു സൂചിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളോ അതിനെ ലഘൂകരിക്കുകയില്ല.”
കുറ്റകൃത്യം, വിചാരിക്കുന്ന അത്രയും രൂക്ഷമല്ല എന്നതിനെക്കാൾ മറിച്ചായിരിക്കാനാണ് കൂടുതൽ സാധ്യത. എങ്കിലും ശുഭാപ്തിവിശ്വാസത്തിനിടമുണ്ട്. കുറ്റകൃത്യമില്ലാത്ത ഒരു ലോകം എന്നത്തേതിലും സമീപമാണ്. നിങ്ങൾക്ക് അതു കാണുക സാധ്യമായേക്കാം. എന്തുകൊണ്ടാണ് ഞങ്ങൾ അങ്ങനെ പറയുന്നതെന്ന് അടുത്ത ലേഖനം ചർച്ചചെയ്യും.
[അടിക്കുറിപ്പ്]
a വാട്ടർഗേറ്റ് എന്നു പേരുള്ള ഒരു കെട്ടിടം ഭേദിച്ചു കടന്നപ്പോൾ സംഗതി വെളിച്ചത്തായതുകൊണ്ടാണ് ആ സംഭവത്തിന് ആ പേരു ലഭിച്ചത്. കുംഭകോണം ഒടുവിൽ യു.എസ്. പ്രസിഡൻറ് റിച്ചർഡ് നിക്സൻ രാജിവെക്കുന്നതിലേക്കും അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാക്കളിൽ പലരും തടവിലാകുന്നതിലേക്കും നയിച്ചു.
[6-ാം പേജിലെ ആകർഷകവാക്യം]
അനേകരും മുന്നേറുന്നതിനുള്ള ഒരു സ്വീകാര്യ മാർഗമായി കുറ്റകൃത്യത്തെ വീക്ഷിക്കുന്നു
[5-ാം പേജിലെ ചതുരം]
അക്രമം നിറഞ്ഞ ഒരു ഭൂമി
ബ്രസീൽ: “അക്രമത്തിന്റെ വർധിച്ചുവരുന്ന തിരത്തള്ളലിൽ പ്രതിഷേധിച്ചുകൊണ്ട്, തങ്ങളുടെ നഗരത്തെ പിടിച്ചടക്കിയിരിക്കുന്ന കുറ്റകൃത്യത്തിൽ ഭയവും കോപവും പ്രകടിപ്പിച്ചുകൊണ്ട്, ലക്ഷക്കണക്കിനാളുകൾ [റിയോ ഡി ജനിറോ പട്ടണത്തിന്റെ] ഹൃദയഭാഗത്തെ തെരുവുകളിൽ തടിച്ചുകൂടി.”—ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ.
ചൈന: “ഗുണ്ടകൾ ചൈനയിൽ വീണ്ടും തലപൊക്കുകയാണ്. വലിയ കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായിരിക്കുന്നതായി കാണപ്പെടുന്നു. . . . കുറ്റകൃത്യസംഘങ്ങളും ‘രഹസ്യ സമൂഹങ്ങളും’ പൊലീസിന് എണ്ണാൻ കഴിയുന്നതിലും വേഗത്തിൽ വർധിക്കുകയാണെന്ന് ചൈനയിലെ വിദഗ്ധർ പറയുന്നു.”—ദ ന്യൂയോർക്ക് ടൈംസ്.
ജർമനി: “അക്രമത്തിലേക്കു തിരിയാനുള്ള സന്നദ്ധതയ്ക്കും അക്രമത്തിന് ഒരുവനെ പ്രേരിപ്പിക്കുന്ന സാഹചര്യത്തിനും ഇടയ്ക്കുള്ള വിടവ് ക്രമാനുഗതമായി കുറഞ്ഞുവന്നിരിക്കുന്നു. അതുകൊണ്ട്, അക്രമം ഒരു ദൈനംദിന സംഭവമായിത്തീർന്നിരിക്കുന്നത് അതിശയകരമല്ല.”—റൈനിഷെർ മെർകൂർ.
ഗ്രേറ്റ് ബ്രിട്ടൻ: “ആളുകളിപ്പോൾ കൂടുതൽ എളുപ്പത്തിൽ അക്രമത്തിലേക്കു തിരിയുന്നു. അപരാധി മറ്റേതൊരു മാർഗവും അവലംബിക്കുന്നതിനു മുമ്പെ അക്രമത്തിലേക്കു തിരിയുന്നതിനുള്ള സാധ്യത വർധിച്ചുവരികയാണ്.”—ദി ഇൻഡിപ്പെൻഡൻറ്.
അയർലൻഡ്: “മാഫിയ സ്റ്റൈലിലുള്ള കുറ്റകൃത്യസംഘങ്ങൾ ഡബ്ലിന്റെ ഉൾഭാഗത്തും ഏറെ ദരിദ്രമായ അതിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലും വേരുപിടിച്ചിരിക്കുന്നു. കുറ്റകൃത്യസംഘങ്ങൾ കൂടുതൽ സായുധരായിത്തീർന്നുകൊണ്ടിരിക്കുന്നു.”—ദി ഇക്കണോമിസ്റ്റ്.
മെക്സിക്കോ: “വളരെ ഹ്രസ്വമായ കാലഘട്ടംകൊണ്ട് കുറ്റകൃത്യം ഞെട്ടിക്കുംവിധം ശീഘ്രമായി വർധിച്ചിരിക്കുന്നു.”—ദ വാൾ സ്ട്രീറ്റ് ജേർണൽ.
നൈജീരിയ: “പൊലീസ് വക്താവായ ശ്രീ. ഫ്രാങ്ക് ഓഡിറ്റ പറയുന്നതനുസരിച്ച്, കുടുംബം, ദേവാലയങ്ങൾ, മുസ്ലീംപള്ളികൾ, സ്കൂളുകൾ, ക്ലബ്ബുകൾ എന്നിവ കുറ്റകൃത്യത്തിൽനിന്നു യുവജനങ്ങളെ തടയുക എന്ന അവയുടെ കർത്തവ്യത്തിൽ പരാജയമടഞ്ഞിരിക്കുന്നു.”—ഡെയ്ലി ചാമ്പ്യൻ.
ഫിലിപ്പീൻസ്: “തങ്ങൾക്ക് വീട്ടിലോ തെരുവിലോ സുരക്ഷിതത്വം തോന്നുന്നില്ലെന്ന് ഫിലിപ്പീൻസിലെ ഓരോ പത്തു കുടുംബങ്ങളിലും ആറു വീതം പറയുന്നു.”—ഏഷ്യാവീക്ക്.
റഷ്യ: “സോവിയറ്റ് നാളുകളിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായിരുന്നതിനെ മാഫിയ സമാന കുറ്റകൃത്യസംഘങ്ങൾ ഫലത്തിൽ ഒരു കുറ്റകൃത്യകേന്ദ്രമാക്കിത്തീർത്തിരിക്കുന്നു. . . . ‘ഞാൻ 17 വർഷമായി റോന്തുചുറ്റുന്നെങ്കിലും,’ പൊലീസ് ലെഫ്റ്റെനൻറ് ഗെനാഡി ഗ്രോഷികോവ് പറയുന്നു, ‘മോസ്കോയിൽ ഇത്രയധികം കുറ്റകൃത്യം ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഇത്രയും ദുഷ്ടതയും ഞാൻ കണ്ടിട്ടില്ല.’”—ടൈം.
ദക്ഷിണാഫ്രിക്ക: “കടിഞ്ഞാണില്ലാത്ത, ഫലത്തിൽ അനിയന്ത്രിതമായ അക്രമം ഞങ്ങളെ ഓരോരുത്തരെയും, ഞങ്ങൾ ചെയ്യുന്ന ഓരോ കാര്യത്തെയും ഭീഷണിപ്പെടുത്തുന്നു—കാര്യമായിട്ടെന്തെങ്കിലും ചെയ്തേ പറ്റൂ.”—ദ സ്റ്റാർ.
തായ്വാൻ: “തായ്വാനിൽ . . . വർധിച്ചുവരുന്ന കൊള്ളയും ആക്രമണങ്ങളും കൊലപാതകങ്ങളും അറിയാതെതന്നെ സമൂഹത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു . . . തീർച്ചയായും, കുറ്റകൃത്യ നിരക്കുകൾ ക്രമേണ വർധിച്ചുവരികയാണ്. ചില കേസുകളിൽ അവ പാശ്ചാത്യ രാജ്യങ്ങളുടേതിനെ കടത്തിവെട്ടുന്നു.”—ദ ന്യൂയോർക്ക് ടൈംസ്.
ഐക്യനാടുകൾ: “യു.എസ്. ആണ് വ്യവസായവത്കൃത ലോകത്തിലെ ഏറ്റവും അക്രമാസക്തമായ രാഷ്ട്രം. . . . മറ്റൊരു വ്യവസായവത്കൃത രാഷ്ട്രവും അതിന്റെ അടുത്തെങ്ങുമെത്തില്ല.”—ടൈം.