സാമൂഹിക ഫോബിയയെ നിയന്ത്രിക്കൽ
“ഫോബിയ ഉള്ളവർ ഓർമിക്കേണ്ട ഏറ്റവും പ്രധാന സംഗതി ഫോബിയകൾ ചികിത്സയോട് നന്നായി പ്രതികരിക്കുന്നു എന്നതാണ്. അവർ എന്നും അതും പേറി ജീവിക്കേണ്ടതില്ല.”—ഡോ. ക്രിസ് സ്ലെറ്റൻ.
സന്തോഷകരമെന്നു പറയട്ടെ, സാമൂഹിക ഫോബിയ ഉള്ള പലർക്കും തങ്ങളുടെ ഉത്കണ്ഠ ശമിപ്പിക്കാനും വർഷങ്ങളായി ഭയപ്പെട്ടിരുന്ന സാമൂഹിക ചുറ്റുപാടുകളെ നേരിടാനും ഉള്ള സഹായം ലഭിച്ചിട്ടുണ്ട്. നിങ്ങൾക്ക് സാമൂഹിക ഫോബിയ ഉണ്ടെങ്കിൽ അതിനെ തരണം ചെയ്യുന്നതിനുള്ള ക്രിയാത്മക വിധങ്ങൾ പഠിക്കാൻ കഴിയുമെന്ന് ഉറപ്പുള്ളവരായിരിക്കുക. അതിന്, നിങ്ങളുടെ (1) ശാരീരിക ലക്ഷണങ്ങളിലേക്കും (2) നിങ്ങൾ ഭയപ്പെടുന്ന സ്ഥിതിവിശേഷങ്ങളെക്കുറിച്ചു നിങ്ങൾ പുലർത്തുന്ന വിശ്വാസങ്ങളിലേക്കും (3) ഭയം മൂലമുണ്ടാകുന്ന നിങ്ങളുടെ പെരുമാറ്റത്തിലേക്കും ശ്രദ്ധ തിരിക്കേണ്ടതുണ്ട്.
ബൈബിൾ തത്ത്വങ്ങൾ സഹായകരമാണ്. ദൈവവചനം ഒരു വൈദ്യശാസ്ത്ര പാഠപുസ്തകം അല്ലെന്നതു ശരിതന്നെ. “സാമൂഹിക ഫോബിയ”യെക്കുറിച്ച് അതു പരാമർശിക്കുന്നുമില്ല. എങ്കിലും, ഭയങ്ങളെ കൈകാര്യം ചെയ്യവേ “ജ്ഞാനവും [“പ്രായോഗിക ജ്ഞാനവും,” NW] വകതിരിവും [“ചിന്താപ്രാപ്തിയും,” NW] കാത്തുകൊ”ള്ളാൻ ബൈബിളിനു നിങ്ങളെ സഹായിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 3:21; യെശയ്യാവു 48:17.
സാമൂഹിക ഫോബിയയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കൽ
സാമൂഹിക ഫോബിയയുടെ ശാരീരിക ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഭയപ്പെടുന്ന ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ നിങ്ങളുടെ ശാരീരിക പ്രതികരണം എങ്ങനെയാണ്? നിങ്ങളുടെ കൈകൾ വിറയ്ക്കാറുണ്ടോ? ഹൃദയമിടിപ്പ് കൂടാറുണ്ടോ? വയറിനകത്ത് വല്ലാത്ത വിഷമം അനുഭവപ്പെടാറുണ്ടോ? വിയർക്കുകയോ മുഖം ചുവക്കുകയോ തൊണ്ട വരളുകയോ ചെയ്യാറുണ്ടോ?
മറ്റുള്ളവരുടെ മുന്നിൽവെച്ച് വിയർക്കുകയോ വിക്കുകയോ വിറയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നുമെന്നതു ശരിതന്നെ. എന്നാൽ, എന്തെങ്കിലും സംഭവിച്ചേക്കുമെന്നു വിചാരിച്ച് ഉത്കണ്ഠപ്പെട്ടതുകൊണ്ട് യാതൊരു ഫലവും ഇല്ല. യേശു ഉചിതമായിത്തന്നെ ഇങ്ങനെ ചോദിച്ചു: “ഉത്ക്കണ്ഠമൂലം ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിലാർക്കെങ്കിലും സാധിക്കുമോ?” (മത്തായി 6:27, പി.ഒ.സി. ബൈബിൾ; സദൃശവാക്യങ്ങൾ 12:25, പി.ഒ.സി. ബൈബിൾ, താരതമ്യം ചെയ്യുക.) വാസ്തവത്തിൽ, നിങ്ങളുടെ പ്രശ്നത്തെക്കുറിച്ചും മറ്റുള്ളവർ അവയെക്കുറിച്ച് എന്തു വിചാരിക്കുമെന്നും ഒക്കെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുകയേയുള്ളൂ. “മറ്റുള്ളവർ തങ്ങളുടെ അങ്കലാപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നു കരുതുന്നത് സാമൂഹിക ഫോബിയ ഉള്ളവർക്ക് കൂടുതൽ ഉത്കണ്ഠ തോന്നാൻ കാരണമാകുന്നു” എന്ന് ദ ഹാർവാർഡ് മെന്റൽ ഹെൽത്ത് ലെറ്റർ അഭിപ്രായപ്പെടുന്നു. “തത്ഫലമായി തങ്ങൾ വികൃതമായ പെരുമാറ്റവും മോശമായ പ്രകടനവും കാഴ്ചവെച്ചേക്കുമെന്ന് അവർ കരുതുന്നു—ഇങ്ങനെയുള്ള ചിന്ത അവർ ഭയപ്പെടുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവർക്കു കൂടുതൽ ഭയം തോന്നാൻ ഇടയാക്കുന്നു.”
ഡയഫ്രംകൊണ്ട് (ഉദരം വികസിക്കുന്ന വിധത്തിൽ) സാവധാനം ശ്വാസോച്ഛ്വാസം ചെയ്ത് ശീലിക്കുക വഴി നിങ്ങൾക്ക് ആ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ കഴിഞ്ഞേക്കും. (“നിങ്ങളുടെ ശ്വസനരീതി ശ്രദ്ധിക്കുക!” എന്ന ചതുരം കാണുക) ക്രമമായി വ്യായാമം ചെയ്യുന്നതും പേശികൾക്ക് അയവു വരുത്തുന്നതും സഹായകരമാണ്. (1 തിമൊഥെയൊസ് 4:8) നിങ്ങളുടെ ജീവിതരീതിക്കും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. ഉദാഹരണത്തിന്, ബൈബിൾ ഇപ്രകാരം ബുദ്ധ്യുപദേശം നൽകുന്നു: “രണ്ടു കയ്യും നിറ[യെ] അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറ[യെ] വിശ്രാമം അധികം നല്ലതു.” (സഭാപ്രസംഗി 4:6) അതുകൊണ്ട് നിങ്ങൾക്ക് ആവശ്യത്തിനു വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ, നിങ്ങളുടെ ഭക്ഷണക്രമവും ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കാതിരിക്കുകയോ സമയം തെറ്റിച്ചു കഴിക്കുകയോ അരുത്. കഫീന്റെ അളവു കുറയ്ക്കേണ്ടത് ആവശ്യമായി വന്നേക്കാം. ഉത്കണ്ഠയ്ക്കിടയാക്കുന്ന ഒരു പ്രധാന ഘടകമാണ് അത്.
എല്ലാറ്റിലും ഉപരിയായി, ക്ഷമ പ്രകടമാക്കുക. (സഭാപ്രസംഗി 7:8) ഒരു സംഘം ഡോക്ടർമാർ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ചില പ്രത്യേക സാമൂഹിക സാഹചര്യങ്ങളിൽ കുറച്ചൊക്കെ ഉത്കണ്ഠ തോന്നിയാലും നിങ്ങളുടെ ശാരീരിക ലക്ഷണങ്ങളുടെ തീവ്രത ഗണ്യമായി കുറയുന്നതായി ക്രമേണ നിങ്ങൾ കണ്ടെത്തും. സർവപ്രധാനമായി, പരിശീലനത്തിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. അങ്ങനെ നിങ്ങൾ ഭയക്കുന്ന സാമൂഹിക സാഹചര്യങ്ങളെ നേരിടാൻ നിങ്ങൾ ഏറെ സജ്ജനായിത്തീരും.”
ഫോബിയയുമായി ബന്ധപ്പെട്ട നിങ്ങളുടെ വിശ്വാസങ്ങളെ അപഗ്രഥിക്കുക
ചിന്തയിൽനിന്നേ വികാരം ഉടലെടുക്കുകയുള്ളൂ എന്നു പറയപ്പെട്ടിരിക്കുന്നു. സാമൂഹിക ഫോബിയയുടെ കാര്യത്തിൽ അത് സത്യമാണെന്നു തോന്നുന്നു. അതുകൊണ്ട്, ശാരീരിക ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് നിങ്ങൾ അവയ്ക്കിടയാക്കുന്ന “അസ്വസ്ഥമാക്കുന്ന ചിന്തകളെ” പരിശോധിക്കേണ്ടതുണ്ടായിരിക്കാം.—സങ്കീർത്തനം 94:19, NW.
സാമൂഹിക ഫോബിയ, അടിസ്ഥാനപരമായി മറ്റുള്ളവർ തന്നെ അംഗീകരിക്കാതെ വരുമെന്ന ഭയമാണെന്ന് ചില വിദഗ്ധർ പറയുന്നു. ഉദാഹരണത്തിന്, ഒരു സാമൂഹിക കൂടിവരവിൽ ആയിരിക്കുമ്പോൾ സാമൂഹിക ഫോബിയ ഉള്ളയാൾ തന്നോടുതന്നെ ഇങ്ങനെ പറഞ്ഞേക്കാം, ‘എന്നെ കണ്ടാൽ ഒരു വിഡ്ഢിയാണെന്നേ തോന്നൂ. എനിക്ക് ഇവിടെ ആയിരിക്കാനുള്ള യോഗ്യതയില്ലെന്ന് ആളുകൾ വിചാരിക്കുന്നുണ്ടായിരിക്കണം. എല്ലാവരും എന്നെ കളിയാക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്.’ സാമൂഹിക ഫോബിയ ഉള്ള ട്രേസിക്ക് അത്തരം വികാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കാലക്രമത്തിൽ അവൾ തന്റെ വിശ്വാസങ്ങളെ അപഗ്രഥിച്ചു നോക്കി. തന്നെ വിശകലനം ചെയ്ത് വിധിക്കുന്നതിനെക്കാൾ മെച്ചമായ കാര്യങ്ങൾ ആളുകൾക്ക് ചെയ്യാനുണ്ടെന്ന് അവൾ മനസ്സിലാക്കി. “ഞാൻ എന്തെങ്കിലും മുഷിപ്പൻ സംഗതി പറഞ്ഞാൽ തന്നെയും, ഒരു വ്യക്തിയെന്ന നിലയിൽ എന്നെ നിരാകരിക്കാൻ അത് മറ്റുള്ളവർക്ക് സാധുവായ കാരണമാണോ?” അങ്ങനെ പോയി ട്രേസിയുടെ ചിന്ത.
ട്രേസിയെപ്പോലെതന്നെ നിങ്ങൾക്കും നിങ്ങളുടെ ശരിയല്ലാത്ത ചിന്താഗതിയെ—സാമൂഹിക ചുറ്റുപാടുകളിൽ മറ്റുള്ളവർ നിങ്ങളെ നിരാകരിക്കുന്നതിനുള്ള സാധ്യതയെ കുറിച്ചും അത് എത്ര രൂക്ഷമായിരിക്കുമെന്നതിനെ കുറിച്ചുമുള്ള ചിന്തകളെ—അപഗ്രഥിക്കേണ്ടതുണ്ടായിരിക്കാം. നിങ്ങൾ ഏറ്റവും ഭയപ്പെടുന്ന സംഗതി സംഭവിച്ചാൽത്തന്നെ ആളുകൾ നിങ്ങളിൽ അസ്വസ്ഥരാകുമെന്നു വിശ്വസിക്കുന്നതിന് വാസ്തവത്തിൽ സാധുവായ കാരണമുണ്ടോ? ഇനി ചിലർ അസ്വസ്ഥരായാൽപ്പോലും നിങ്ങൾ ആ അവസ്ഥയെ അതിജീവിക്കുകയില്ലെന്നു നിഗമനം ചെയ്യാൻ കാരണമുണ്ടോ? മറ്റൊരാളുടെ അഭിപ്രായം വാസ്തവത്തിൽ ഒരു വ്യക്തിയെന്ന നിലയിലുള്ള നിങ്ങളുടെ മൂല്യത്തിന് കുറവു വരുത്തുമോ? ബൈബിൾ ജ്ഞാനപൂർവം ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “പറഞ്ഞുകേൾക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു.”—സഭാപ്രസംഗി 7:21.
സാമൂഹിക ഫോബിയയെക്കുറിച്ച് എഴുതവേ ഒരു സംഘം ഡോക്ടർമാർ ഇങ്ങനെ പ്രസ്താവിച്ചു: “ജീവിതത്തിലെ ഒഴിച്ചുകൂടാൻ വയ്യാത്ത നിരാകരണങ്ങൾക്ക് ആളുകൾ അമിത പ്രാധാന്യവും അർഥവും കൽപ്പിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. നിരാകരിക്കപ്പെടുന്ന വ്യക്തിക്ക് വലിയ നിരാശ തോന്നാവുന്നതാണ്. അത് ആ വ്യക്തിയെ ശരിക്കും മുറിപ്പെടുത്തിയേക്കാം. എന്നാൽ അതു നിമിത്തം നിങ്ങൾ തകർന്നുപോകേണ്ട ആവശ്യമില്ല. നിങ്ങൾ അതിനെ ഒരു വലിയ ദുരന്തമാക്കിത്തീർത്താലേ അത് അങ്ങനെ ആകുകയുള്ളൂ.”
നമ്മെത്തന്നെ യാഥാർഥ്യ ബോധത്തോടെ വീക്ഷിക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. അത് ഇങ്ങനെ പറയുന്നു: “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു.” (യാക്കോബ് 3:2) അതേ, നാമെല്ലാവരും അപൂർണരാണ്. അതുകൊണ്ട് നാമെല്ലാവരും ചിലസമയങ്ങളിൽ ലജ്ജാവഹമായ രീതിയിൽ പെരുമാറുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കുന്നത് മറ്റുള്ളവരുടെ ബലഹീനതകളെ പ്രതി വിട്ടുവീഴ്ചകൾ ചെയ്യാൻ നമ്മെ സഹായിക്കുന്നു. നമ്മുടെ ബലഹീനതകൾ മനസ്സിലാക്കാൻ അത് മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നു. എങ്ങനെയായാലും യഹോവയാം ദൈവത്തിന്റെ അംഗീകാരമാണ് യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നതെന്ന് ക്രിസ്ത്യാനികൾക്കറിയാം—അവൻ നമ്മുടെ തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.—സങ്കീർത്തനം 103:13, 14; 130:3.
ഭയത്തെ നേരിടൽ
സാമൂഹിക ഫോബിയയുമായുള്ള പോരാട്ടത്തിൽ വിജയിക്കണമെങ്കിൽ നിങ്ങൾ നിശ്ചയമായും ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ ഭയങ്ങളെ നേരിടേണ്ടതുണ്ട്. ആദ്യമൊക്കെ അതിനെക്കുറിച്ച് ഓർക്കുന്നതുതന്നെ നിങ്ങളെ ഭയപ്പെടുത്തിയേക്കം. നിങ്ങൾക്ക് ഭയം തോന്നിപ്പിക്കുന്ന സാമൂഹിക ചുറ്റുപാടുകളെ ഇതുവരെ നിങ്ങൾ ഒഴിവാക്കിയിരുന്നിരിക്കാം. എന്നാൽ സാധ്യതയനുസരിച്ച് അത് നിങ്ങളുടെ ആത്മവിശ്വാസത്തെ ചോർത്തിക്കളയുകയും ഭയത്തെ പെരുപ്പിക്കുകയും മാത്രമായിരിക്കാം ചെയ്തിട്ടുള്ളത്. നല്ല കാരണത്തോടെതന്നെ ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും [“പ്രായോഗിക ജ്ഞാനത്തോടും,” NW] അവൻ കയർക്കുന്നു.”—സദൃശവാക്യങ്ങൾ 18:1.
നേരേമറിച്ച്, ഭയങ്ങളെ നേരിടുന്നത് നിങ്ങളുടെ ഉത്കണ്ഠയെ ശമിപ്പിച്ചേക്കാം.a ഡോ. ജോൺ ആർ. മാർഷൽ ഇങ്ങനെ പറയുന്നു: “സാമൂഹിക സമ്പർക്കം പുലർത്തേണ്ട ചുറ്റുപാടുകളിലും സ്ഥാപനങ്ങളിലും പ്രവർത്തനക്ഷമരായിരിക്കാൻ കഠിന ശ്രമം ചെയ്യുന്നതിന് പലപ്പോഴും ഞങ്ങൾ സാമൂഹിക ഫോബിയ ഉള്ള രോഗികളെ—വിശേഷിച്ചും, പൊതുജനസമക്ഷം പ്രസംഗിക്കുന്നതുപോലുള്ള പ്രത്യേക സാഹചര്യങ്ങളെ ഭയപ്പെടുന്നവരെ—പ്രോത്സാഹിപ്പിക്കാറുണ്ട്.”
ഭയപ്പെടുന്ന സാഹചര്യങ്ങളെ നേരിടുന്നത് പിൻവരുന്ന കാര്യങ്ങൾ നിങ്ങളെ ബോധ്യപ്പെടുത്തും: (1) ലജ്ജാവഹമായ ന്യൂനതകൾ ഒട്ടുമിക്കപ്പോഴും മറ്റുള്ളവർ നിങ്ങളെ നിരാകരിക്കുന്നതിൽ കലാശിക്കുന്നില്ല (2) ഇനി, ചിലർ നിങ്ങളെ നിരാകരിക്കുന്നതിന് അത് ഇടയാക്കിയാൽ പോലും അത് ഒരു വലിയ ദുരന്തമൊന്നുമല്ല. എങ്കിലും, പുരോഗതിക്ക് ക്ഷമ ആവശ്യമാണെന്ന് ഓർമിക്കുക. ഒരു രാത്രികൊണ്ട് നല്ല ഫലം കൈവന്നെന്നു വരില്ല. സാമൂഹിക ഫോബിയയുടെ ലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമാകണമെന്നു പ്രതീക്ഷിക്കുന്നതും യാഥാർഥ്യബോധം ഇല്ലായ്മയാണ്. ചികിത്സയുടെ ലക്ഷ്യം രോഗലക്ഷണങ്ങളെ ഇല്ലാതാക്കുകയല്ല മറിച്ച് അവയെ അത്ര കാര്യമല്ലാതാക്കിത്തീർക്കുകയാണ് എന്ന് ഡോ. സാലി വിൻസ്റ്റൺ പറയുന്നു. ലക്ഷണങ്ങൾ അത്ര വലിയ കാര്യമല്ലാതായിത്തീരുമ്പോൾ അവ അപ്രത്യക്ഷമാകുന്നു, കുറഞ്ഞപക്ഷം അവസ്ഥ മെച്ചപ്പെടുകയെങ്കിലും ചെയ്യുന്നു.
ക്രിസ്ത്യാനികൾക്ക് സാമൂഹിക ഭയങ്ങളെ തരണം ചെയ്യുന്നതിന് ശക്തമായ പ്രചോദനമുണ്ട്. വാസ്തവത്തിൽ, “നമ്മുടെ സഭായോഗങ്ങളെ [“കൂടിവരവുകളെ,” NW] ഉപേക്ഷിക്കാതെ . . . സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക” എന്ന് അവരോട് പറഞ്ഞിരിക്കുന്നു. (എബ്രായർ 10:24, 25) ക്രിസ്തീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മിക്കപ്പോഴും മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുന്നതിനാൽ, സാമൂഹിക ഭയങ്ങളെ നിയന്ത്രിക്കാൻ കഠിനശ്രമം ചെയ്യുന്നത് നിങ്ങളുടെ ആത്മീയ പുരോഗതിക്ക് വളരെയധികം ഉപകരിക്കും. (മത്തായി 28:19, 20; പ്രവൃത്തികൾ 2:42; 1 തെസ്സലൊനീക്യർ 5:14) പ്രാർഥനയിൽ പ്രശ്നം യഹോവയാം ദൈവത്തിന്റെ മുമ്പാകെ സമർപ്പിക്കുക. എന്തെന്നാൽ അവന് “അത്യന്തശക്തി [“സാധാരണയിൽ കവിഞ്ഞ ശക്തി,” NW]” പ്രദാനം ചെയ്യാൻ കഴിയും. (2 കൊരിന്ത്യർ 4:7; 1 യോഹന്നാൻ 5:14) മറ്റുള്ളവരുടെ അംഗീകാരം സംബന്ധിച്ച് സമനിലയുള്ള ഒരു വീക്ഷണം ആർജിക്കുന്നതിനും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന് ആവശ്യമായ പ്രാപ്തി വളർത്തിയെടുക്കുന്നതിനുമുള്ള സഹായത്തിനായി അവനോട് അപേക്ഷിക്കുക.
ഫോബിയ ഉള്ള ഓരോ വ്യക്തിയുടെയും പ്രശ്നങ്ങൾ വ്യത്യസ്തമാണ്. ഓരോരുത്തർക്കും വ്യത്യസ്ത പ്രതിബന്ധങ്ങളെ ആണ് തരണം ചെയ്യാനുള്ളത്, വ്യത്യസ്ത പ്രാപ്തികൾ ആണ് ആർജിച്ചെടുക്കാനുള്ളത്. മേൽപ്പറഞ്ഞ നിർദേശങ്ങൾ ബാധകമാക്കുക വഴി ചിലർ ഗണ്യമായ പുരോഗതി വരുത്തിയിട്ടുണ്ട്. കൂടുതലായ സഹായം ആവശ്യമായിരുന്നേക്കാവുന്നവരുണ്ട്. ഉദാഹരണത്തിന്, ചിലർക്ക് ഔഷധ ചികിത്സ വേണ്ടിവന്നിട്ടുണ്ട്.b മറ്റുചിലർ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടിയിരിക്കുന്നു. ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സ ശുപാർശ ചെയ്യുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. ഒരു ക്രിസ്ത്യാനി അത്തരം ചികിത്സ സ്വീകരിക്കണമോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്നിരുന്നാലും, ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമായ ഏതെങ്കിലും ചികിത്സാ നടപടി കൈക്കൊള്ളാതിരിക്കാൻ അദ്ദേഹം ശ്രദ്ധയുള്ളവനായിരിക്കണം.
“നമ്മുടേതുപോലത്തെ വികാരങ്ങളുള്ള” മനുഷ്യർ
ബൈബിൾ വലിയ പ്രോത്സാഹനത്തിന്റെ ഉറവായിരിക്കാൻ കഴിയും. എന്തുകൊണ്ടെന്നാൽ ദൈവം ആവശ്യപ്പെട്ടതു ചെയ്യുന്നതിനു വ്യക്തിപരമായ പ്രതിബന്ധങ്ങളെ മറികടന്ന ആളുകളുടെ യഥാർഥ ജീവിത മാതൃകകൾ അതിലുണ്ട്. ഏലീയാവിന്റെ കാര്യമെടുക്കുക. ഇസ്രായേലിലെ മുന്തിയ പ്രവാചകന്മാരിൽ ഒരാളായിരുന്ന അവൻ അമാനുഷം എന്നു തോന്നിയേക്കാവുന്ന വിധത്തിൽ ധൈര്യം പ്രകടിപ്പിച്ചു. എങ്കിലും “ഏലീയാവ് നമ്മുടേതുപോലത്തെ വികാരങ്ങളുള്ള ഒരു മനുഷ്യനായിരുന്നു” എന്ന് ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. (യാക്കോബ് 5:17, NW) കൊടുംഭീതിയും ഉത്കണ്ഠയും ഒക്കെ അവനും തോന്നിയിട്ടുണ്ട്.—1 രാജാക്കന്മാർ 19:1-4.
ക്രിസ്തീയ അപ്പോസ്തലനായ പൗലൊസ് “ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ” കൊരിന്ത്യയിലേക്കു പോയി. വ്യക്തമായും അവന് സ്വന്തം പ്രാപ്തികളെക്കുറിച്ച് വളരെ ആശങ്കയുണ്ടായിരുന്നതിനാൽ ആയിരുന്നു അത്. അവന് ഒരളവുവരെ നിന്ദ സഹിക്കേണ്ടിവരികതന്നെ ചെയ്തു. പൗലൊസിന്റെ ചില എതിരാളികൾ അവനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: അവന്റെ “ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ.” എങ്കിലും മറ്റുള്ളവരുടെ വളച്ചൊടിച്ച അഭിപ്രായം തന്നെക്കുറിച്ചോ തന്റെ പ്രാപ്തികളെക്കുറിച്ചോ ഉള്ള പൗലൊസിന്റെ വീക്ഷണത്തെ സ്വാധീനിക്കാൻ അവൻ അനുവദിച്ചതായി ഒരു സൂചനയുമില്ല.—1 കൊരിന്ത്യർ 2:3-5; 2 കൊരിന്ത്യർ 10:10.
ഫറവോനെ സമീപിക്കാൻ താൻ പ്രാപ്തനാണെന്ന് മോശയ്ക്കും തോന്നിയില്ല. താൻ “വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്ന് അവൻ പറഞ്ഞു. (പുറപ്പാടു 4:10) യഹോവയാം ദൈവം സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തപ്പോഴും മോശ ഇങ്ങനെ കേണപേക്ഷിച്ചു: “കർത്താവേ, നിനക്കു ബോധിച്ച മററാരെയെങ്കിലും അയക്കേണമേ.” (പുറപ്പാടു 4:13) മോശയ്ക്ക് തന്റെ പ്രാപ്തികൾ കാണാൻ കഴിഞ്ഞില്ല, പക്ഷേ യഹോവയ്ക്ക് അവ കാണാൻ കഴിഞ്ഞു. നിയമനം നിറവേറ്റുന്നതിന് മോശ ശാരീരികമായും മാനസികമായും യോഗ്യനാണെന്ന് യഹോവ കണ്ടു. എന്നിട്ടും, യഹോവ സ്നേഹപുരസ്സരം മോശയ്ക്ക് ഒരു സഹായിയെ കൊടുത്തു. ഫറവോന്റെ അടുത്തേക്ക് തനിയെ ചെല്ലാൻ അവൻ മോശയെ നിർബന്ധിച്ചില്ല.—പുറപ്പാടു 4:14, 15.
ഇക്കാര്യത്തിൽ മറ്റൊരു മുന്തിയ ദൃഷ്ടാന്തം യിരെമ്യാവിന്റേതാണ്. ദൈവത്തിന്റെ പ്രവാചകനായി നിയമിക്കപ്പെട്ടപ്പോൾ ആ യുവാവ് ഇങ്ങനെ പ്രതികരിച്ചു: “അയ്യോ, യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ.” തന്റെ നിയമനം നിർവഹിക്കാൻ യിരെമ്യാവ് സ്വതവേ പ്രാപ്തനല്ലായിരുന്നു. എങ്കിലും യഹോവ അവനോടൊപ്പം ഉണ്ടായിരുന്നു. “സർവ്വദേശത്തിന്നും . . . നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും” ആയിത്തീരുന്നതിന് അവൻ യിരെമ്യാവിനെ സഹായിച്ചു.—യിരെമ്യാവു 1:6, 18, 19.
അതുകൊണ്ട്, ഭയങ്ങളും ഉത്കണ്ഠകളും നിങ്ങളെ ക്ലേശിപ്പിക്കുന്നെങ്കിൽ അതു നിങ്ങൾക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണെന്നോ യഹോവ നിങ്ങളെ തള്ളിക്കളഞ്ഞതുകൊണ്ടാണെന്നോ നിഗമനം ചെയ്യാതിരിക്കുക. പ്രത്യുത, “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.”—സങ്കീർത്തനം 34:18.
തീർച്ചയായും, വിശ്വാസത്തിൽ ബലിഷ്ഠരായവർ പോലും തങ്ങൾ അപര്യാപ്തരാണെന്ന തോന്നലുകളുമായി മല്ലിട്ടെന്ന് മുകളിൽ പരാമർശിച്ച ബൈബിൾ ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു. ഏലീയാവിനോടും പൗലൊസിനോടും മോശയോടും യിരെമ്യാവിനോടും ഒക്കെ അവർക്ക് ന്യായമായി ചെയ്യാൻ കഴിയുന്നതിലുമധികം യഹോവ ആവശ്യപ്പെടാതിരുന്നപ്പോൾ തന്നെ അവർ ഓരോരുത്തരും പ്രതീക്ഷിച്ചിരുന്നിരിക്കാവുന്നതിലും അധികം ചെയ്യാൻ അവൻ അവരെ സഹായിച്ചു. യഹോവ ‘നമ്മുടെ പ്രകൃതി അറിയുകയും നാം പൊടി എന്നു ഓർക്കുകയും’ ചെയ്യുന്നതിനാൽ നിങ്ങളുടെ കാര്യത്തിലും അവന് അതു തന്നെ ചെയ്യാൻ കഴിയുമെന്ന് ഉറപ്പുള്ളവരായിരിക്കുക..—സങ്കീർത്തനം 103:14.
[അടിക്കുറിപ്പുകൾ]
a ഈ പടി സ്വീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണെങ്കിൽ ഭയപ്പെടുന്ന സാഹചര്യത്തിൽ ആയിരിക്കുന്നതായി നിങ്ങളെത്തന്നെ സങ്കൽപ്പിക്കുന്നത് ഒരു ശീലമാക്കാൻ ചില ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. ആ രംഗത്തിന്റെ കഴിയുന്നത്ര വിശദാംശങ്ങൾ വിഭാവന ചെയ്യുക. നിങ്ങളുടെ ഉത്കണ്ഠ വർധിച്ചേക്കാം. എന്നാൽ, മറ്റുള്ളവർ നിങ്ങളെ നിരാകരിക്കാൻ നിങ്ങൾ വിചാരിച്ചതുപോലെ സാധ്യതയില്ലെന്ന് അല്ലെങ്കിൽ അത് അത്ര രൂക്ഷമല്ലെന്ന് സ്വയം ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുക. ഭാവനയുടെ ഒടുക്കം ആ വീക്ഷണത്തെ പിന്താങ്ങുന്ന വിധത്തിൽ ആക്കിത്തീർക്കുക.
b ഔഷധ ചികിത്സ സ്വീകരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നവർ അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും തൂക്കി നോക്കേണ്ടതുണ്ട്. ഔഷധ ചികിത്സ ആവശ്യമായിരിക്കത്തക്കവണ്ണം അത്ര ഗുരുതരമാണോ ഫോബിയ എന്ന സംഗതിയും അവർ പരിചിന്തിക്കേണ്ടതുണ്ട്. ഫോബിയ ഉള്ളയാളുടെ ഭയങ്ങളെയും പെരുമാറ്റത്തെയും കേന്ദ്രീകരിച്ചുള്ള ചികിത്സ കൂടെ ഒപ്പം നടത്തുന്ന പക്ഷം ഔഷധ ചികിത്സ ഏറ്റവും ഫലപ്രദമാണെന്ന് പല വിദഗ്ധരും വിചാരിക്കുന്നു.
[8-ാം പേജിലെ ചതുരം]
ഭയം വിഭ്രാന്തിയിലേക്കു നയിക്കുമ്പോൾ
സാമൂഹിക ഫോബിയ ഉള്ള ചിലരുടെ ഉത്കണ്ഠ വിഭ്രാന്തിബാധയ്ക്ക് ഇടയാക്കുംവിധം അത്ര തീവ്രമായിരിക്കും. പെട്ടെന്നുണ്ടാകുന്ന ഈ കൊടുംഭീതി പലപ്പോഴും രോഗിയിൽ കിതപ്പും തലകറക്കവും ഉളവാക്കുന്നു. തനിക്ക് ഹൃദയാഘാതം ഉണ്ടാകുകയാണെന്ന് അപ്പോൾ അയാൾ വിചാരിച്ചേക്കാം.
വിഭ്രാന്തിബാധയെ ചെറുക്കാതിരിക്കുകയാണ് ഏറ്റവും നല്ലത് എന്ന് വിദഗ്ധർ പറയുന്നു. പകരം, ഉത്കണ്ഠ തനിയെ മാറുന്നതുവരെ അതു സഹിക്കാൻ അവർ രോഗിയെ ബുദ്ധ്യുപദേശിക്കുന്നു. ജെറിലിൻ റോസ് ഇങ്ങനെ പറയുന്നു: “അതു തുടങ്ങിയാൽ പിന്നെ നിങ്ങൾക്കു നിർത്താനാവില്ല. . . . തനിയെ അവസാനിക്കേണ്ടതുണ്ട്. അത് ഭീതിജനകമാണെങ്കിലും അപകടകരമല്ലെന്നും അത് അവസാനിക്കാൻ പോകുകയാണെന്നും നിങ്ങളെത്തന്നെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുക.”
ആഗൊരഫോബിയയെ ചികിത്സിക്കുന്ന ഒരു ഏജൻസിയുടെ ഡയറക്ടറായ മെൽവിൻ ഗ്രീൻ വിഭ്രാന്തിബാധയെ കടൽത്തീരത്തേക്ക് അടുത്തുവരുന്ന ഒരു ചെറിയ തിരമാലയോട് ഉപമിക്കുന്നു. “ഉത്കണ്ഠ തുടക്കത്തിൽ അതുപോലെയാണ്,” അദ്ദേഹം പറയുന്നു. “കരയോട് അടുക്കുന്തോറും തിരമാല വലുതായിവരുന്നു. ഇത് നിങ്ങളുടെ ഉത്കണ്ഠ വർധിച്ചുവരുന്നതിനോടു സമാനമാണ്. പെട്ടെന്ന് തിരമാല വളരെ വലുതായി പരമാവധി ഉയരുന്നു. പിന്നെ അത് ചെറുതായി ചെറുതായി അവസാനം തീരത്ത് വന്നലച്ച് ഇല്ലാതാകുന്നു. ഈ ഉദാഹരണം ഉത്കണ്ഠാ ബാധയുടെ തുടക്കത്തെയും ഒടുക്കത്തെയും ചിത്രീകരിക്കുന്നു.” രോഗികൾ വികാരങ്ങളെ ചെറുക്കാൻ പാടില്ലെന്നും അവ സ്വതവേ അപ്രത്യക്ഷമാകുന്നതുവരെ കാത്തിരിക്കണമെന്നും ഗ്രീൻ പറയുന്നു.
[9-ാം പേജിലെ ചതുരം]
നിങ്ങളുടെ ശ്വസനരീതി ശ്രദ്ധിക്കുക!
സാമൂഹിക ഫോബിയ ഉള്ള ചിലർക്ക് ശ്വസനരീതിയിൽ ശ്രദ്ധിക്കുക വഴി അതിന്റെ ശാരീരിക ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ കഴിയുന്നുണ്ട്. ആദ്യം ഇത് വിചിത്രമായി തോന്നിയേക്കാം. എന്തായാലും, ശ്വസിക്കാൻ അറിയില്ലാത്ത ആരുമില്ലല്ലോ! എന്നാൽ ഉത്കണ്ഠാ സംബന്ധമായ പ്രശ്നങ്ങളുള്ള പലയാളുകളും ശരിയായ രീതിയിലല്ല ശ്വാസോച്ഛ്വാസം നടത്തുന്നതെന്ന് വിദഗ്ധർ പറയുന്നു. പലപ്പോഴും അവർ ആഴത്തിൽ ശ്വാസമെടുക്കുന്നില്ല, അല്ലെങ്കിൽ വളരെ വേഗത്തിൽ ശ്വാസോച്ഛ്വാസം ചെയ്യുന്നു, അതുമല്ലെങ്കിൽ അവർ നെഞ്ചുകൊണ്ടാണ് കൂടുതലും ശ്വാസോച്ഛ്വാസം നടത്തുന്നത്.
ശ്വാസം സാവധാനം ഉള്ളിലേക്കെടുക്കാനും പുറത്തേക്കു വിടാനും പരിശീലിക്കുക. വായിലൂടെ ശ്വസിക്കുന്നതിനു പകരം മൂക്കിലൂടെ ശ്വസിക്കുമ്പോൾ ഇത് കൂടുതൽ എളുപ്പമാണ്. കൂടാതെ, ഡയഫ്രംകൊണ്ട് ശ്വാസോച്ഛ്വാസം നടത്താൻ പഠിക്കുക. എന്തുകൊണ്ടെന്നാൽ നെഞ്ചിന്റെ മുകൾ ഭാഗംകൊണ്ട് ശ്വസിക്കുന്നത് കിതപ്പിനുള്ള സാധ്യത വർധിപ്പിക്കുന്നു. നിങ്ങൾ ഇവയിൽ ഏതു ഭാഗംകൊണ്ടാണ് ശ്വസിക്കുന്നത് എന്നു പരിശോധിക്കുന്നതിന് എഴുന്നേറ്റുനിന്ന് ഒരു കൈ നിങ്ങളുടെ അരക്കെട്ടിനു മുകളിലും മറ്റേ കൈ നെഞ്ചിന്റെ മധ്യഭാഗത്തും വെക്കുക. ശ്വസിക്കുമ്പോൾ ഏതു കൈയാണ് കൂടുതൽ ചലിക്കുന്നത് എന്ന് ശ്രദ്ധിക്കുക. നെഞ്ചത്തു വെച്ചിരിക്കുന്ന കൈയാണ് കൂടുതൽ ചലിക്കുന്നതെങ്കിൽ നിങ്ങൾ ഡയഫ്രംകൊണ്ട് ശ്വാസോച്ഛ്വാസം ചെയ്യാൻ പരിശീലിക്കേണ്ടതുണ്ട്.
തീർച്ചയായും, ശ്വസനം എല്ലായ്പോഴും ഡയഫ്രംകൊണ്ട് ആയിരിക്കണമെന്നില്ല. (ഡയഫ്രവും നെഞ്ചും കൊണ്ടുള്ള ശ്വാസോച്ഛ്വാസത്തിന്റെ സാധാരണ അനുപാതം ഏകദേശം 4-ന് 1 എന്നതാണ്. എന്നാൽ ഇത് ചിലപ്പോഴൊക്കെ വ്യത്യാസപ്പെട്ടിരിക്കും.) എന്നാൽ ഒരു മുന്നറിയിപ്പ് ഉചിതമാണ്: ശ്വസനസംബന്ധമായി സ്ഥായിയായ തകരാറുകളുള്ളവർ—എംഫിസിമയോ ആസ്ത്മയോ പോലെയുള്ള തകരാറുള്ളവർ—പുതിയ ശ്വസനരീതികൾ അവലംബിക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതുണ്ട്.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ഉത്കണ്ഠ കുറയ്ക്കുന്നതിന് നിങ്ങളുടെ ആഹാരക്രമം ശ്രദ്ധിക്കുക, പതിവായി വ്യായാമം ചെയ്യുക, വേണ്ടത്ര വിശ്രമമെടുക്കുക
[10-ാം പേജിലെ ചിത്രം]
യഹോവ മോശയെപ്പോലുള്ളവരെ, അവർ പ്രതീക്ഷിച്ചിരുന്നിരിക്കാവുന്നതിലും അധികം ചെയ്യാൻ സഹായിച്ചു