പ്രത്യാശയും സ്നേഹവും അസ്തമിക്കുമ്പോൾ
പതിനേഴു വയസ്സുള്ള ഒരു കാനഡക്കാരി താൻ മരിക്കാൻ ആഗ്രഹിച്ചതിന്റെ കാരണങ്ങൾ എഴുതിവെച്ചു. അവൾ അതിനു നിരത്തിയ കാരണങ്ങളിൽ ചിലത് ഇവയായിരുന്നു: ‘ഏകാന്തത, ഭാവിയെക്കുറിച്ചുള്ള ഭയം; സഹപ്രവർത്തകരെക്കാൾ തീരെ താഴ്ന്നവളാണെന്ന തോന്നൽ; ആണവ യുദ്ധം; ഓസോൺ പാളിയുടെ ശോഷണം.’ അവൾ ഇങ്ങനെയും കുറിച്ചുവെച്ചു: ‘സൗന്ദര്യമില്ലാത്തതു കൊണ്ട് എന്നെ ആരും വിവാഹം കഴിക്കില്ല, അങ്ങനെ ഞാൻ ഒറ്റയ്ക്കാകും; ജീവിക്കുന്നതുകൊണ്ട് എന്തെങ്കിലും മെച്ചമുള്ളതായി എനിക്കു തോന്നുന്നില്ല, അപ്പോൾ പിന്നെ എന്തിനു ജീവിക്കണം? ഞാൻ മരിക്കുന്നതുകൊണ്ടു മറ്റുള്ളവർക്കു ഭാരം ഒഴിഞ്ഞുകിട്ടും; പിന്നെയൊരിക്കലും ആരും എന്നെ വേദനിപ്പിക്കില്ലല്ലോ.’
യുവജനങ്ങൾ സ്വന്തം ജീവനൊടുക്കുന്നതിന്റെ ചില കാരണങ്ങൾ അവയായിരിക്കുമോ? കാനഡയിൽ “വാഹന അപകടം കഴിഞ്ഞാൽ അവർക്കിടയിലെ മുഖ്യ മരണ കാരണം ആത്മഹത്യയാണ്.”—ദ ഗ്ലോബ് ആന്റ് മെയിൽ.
ദക്ഷിണ ഓസ്ട്രേലിയയിലുള്ള ഫ്ളിന്റേഴ്സ് സർവകലാശാലയിലെ പ്രൊഫസറായ റേയിസ് ഹസൻ, “ജീവിച്ചു തീരാത്ത ജീവിതങ്ങൾ: യുവജന ആത്മഹത്യാ പ്രവണതകൾ” എന്ന തന്റെ പ്രബന്ധത്തിൽ ഇങ്ങനെ എഴുതി: “പ്രസ്തുത പ്രശ്നത്തോടു ബന്ധപ്പെട്ട, യുവജന ആത്മഹത്യാ വർധനവിനെ ഗണ്യമായി സ്വാധീനിച്ചതായി കാണപ്പെടുന്ന, നിരവധി സാമൂഹിക കാരണങ്ങൾ ഉണ്ട്. യുവജനങ്ങൾക്ക് ഇടയിലെ വർധിച്ച തൊഴിലില്ലായ്മ; ഓസ്ട്രേലിയൻ കുടുംബങ്ങളിലുണ്ടായ മാറ്റങ്ങൾ; മയക്കുമരുന്നുകളുടെ കൂടുതലായ ഉപയോഗവും ദുരുപയോഗവും; വർധിച്ചു വരുന്ന യുവജന അക്രമം; മാനസിക ആരോഗ്യനില; ‘സൈദ്ധാന്തിക സ്വാതന്ത്ര്യ’വും പരീക്ഷണാധിഷ്ഠിത സ്വയംഭരണവും തമ്മിലുള്ള വർധിച്ചു വരുന്ന വൈരുദ്ധ്യം എന്നിവയാണ് ആ കാരണങ്ങൾ.” ഭാവിയെ കുറിച്ച് ഒരുതരം അശുഭാപ്തി വിശ്വാസം പ്രബലമായിരിക്കുന്നതായി നിരവധി സർവേകൾ വെളിപ്പെടുത്തി എന്ന് ആ പ്രബന്ധത്തിൽ പ്രസ്താവിച്ചിരുന്നു. “യുവജനങ്ങളിൽ അധികപങ്കും തങ്ങളുടെ ഭാവിയെയും ലോകത്തിന്റെ ഭാവിയെയും ഭയത്തോടും നടുക്കത്തോടും കൂടെയാണു വീക്ഷിക്കുന്നത്” എന്നും ആ പ്രബന്ധം വെളിപ്പെടുത്തി. “ആണവ യുദ്ധത്താൽ താറുമാറാക്കപ്പെട്ട, മലിനീകരണത്താലും പരിസ്ഥിതി നാശത്താലും ദുഷിക്കപ്പെട്ട ഒരു ലോകം; മനുഷ്യത്വം നഷ്ടപ്പെട്ട, സാങ്കേതിക വിദ്യ നിയന്ത്രണാതീതം ആയിരിക്കുന്ന, തൊഴിലില്ലായ്മ വേട്ടയാടുന്ന ഒരു സമൂഹം; ഇവയാണ് അവർക്കു വിഭാവനം ചെയ്യാൻ സാധിക്കുന്നത്.”
16-നും 24-നും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ നിന്ന് ആത്മഹത്യയ്ക്കുള്ള കൂടുതലായ കാരണങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ദരിദ്രർക്കും സമ്പന്നർക്കും ഇടയിൽ വർധിച്ചു വരുന്ന വിടവ്, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ പെരുകുന്ന എണ്ണം, വർധിച്ചു വരുന്ന തോക്കു സംസ്കാരം, കുട്ടികളോടുള്ള ദുഷ്പെരുമാറ്റം, പൊതുവേ “നാളെയിൽ വിശ്വാസമില്ലായ്മ” എന്നിവയാണ് അവ.
ഐക്യനാടുകളിൽ, “തോക്കുകളുടെ ലഭ്യത ആയിരിക്കാം [കൗമാരക്കാരുടെ ആത്മഹത്യയിലെ] മുഖ്യ ഘടകം” എന്ന് ന്യൂസ്വീക്ക് റിപ്പോർട്ടു ചെയ്യുന്നു. “വ്യക്തമായ മാനസിക രോഗമൊന്നും ഇല്ലാതിരുന്നിട്ടും ആത്മഹത്യ ചെയ്ത കൗമാരക്കാരെയും ആത്മഹത്യയ്ക്കു മുതിരാത്ത കൗമാരക്കാരെയും താരതമ്യം ചെയ്തുകൊണ്ടു നടത്തിയ പഠനം ഒരു വ്യത്യാസമേ കണ്ടെത്തിയുള്ളൂ: വീട്ടിലെ നിറതോക്ക്. തോക്കുള്ളതുകൊണ്ട് ആരും കൊല്ലപ്പെടുന്നില്ല എന്നതു വെറും പൊള്ളയായ പ്രസ്താവനയാണ്.” ദശലക്ഷക്കണക്കിനു വീടുകളിൽ നിറതോക്കുകൾ ഉണ്ട്!
ഭയവും സമൂഹത്തിന്റെ കരുതലില്ലായ്മയും ദുർബലരായ കുട്ടികളെ ആത്മഹത്യയുടെ വക്കിലേക്കു തള്ളിവിടുന്നു എന്നു വരാം. ഇതു പരിചിന്തിക്കുക: മൊത്തം ആളുകളോടു ചെയ്യുന്നതിനെ അപേക്ഷിച്ച് ഇരട്ടിയിൽ അധികം അക്രമാസക്ത കുറ്റകൃത്യം 12-നും 19-നും ഇടയ്ക്കു പ്രായമുള്ളവരോടു ചെയ്യുന്നുണ്ട്. “14-നും 24-നും ഇടയ്ക്കു പ്രായമുള്ള യുവതികളാണ് കൂടുതലും ആക്രമണത്തിന്റെ ഇരകൾ” എന്നു പഠനങ്ങൾ തെളിയിക്കുന്നതായി മക്ലീൻസ് മാസിക റിപ്പോർട്ടു ചെയ്തു. “തങ്ങളെ സ്നേഹിക്കുന്നു എന്നു പറയുന്നവരാലാണു പെൺകുട്ടികൾ ഒട്ടുമിക്കപ്പോഴും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും.” ഫലമോ? ഇവയും മറ്റു ഭയങ്ങളും “ഈ പെൺകുട്ടികളുടെ ആത്മവിശ്വാസത്തെയും സുരക്ഷിതത്വ ബോധത്തെയും കാർന്നു തിന്നുന്നു.” ഒരു പഠനത്തിൽ അഭിമുഖം നടത്തപ്പെട്ട, ബലാൽസംഗത്തിന് ഇരയായവരിൽ ഏതാണ്ടു മൂന്നിലൊരു ഭാഗം ആത്മഹത്യയെ കുറിച്ചു ചിന്തിച്ചിരുന്നു.
ന്യൂസിലൻഡിൽ നിന്നുള്ള ഒരു റിപ്പോർട്ട് യുവജന ആത്മഹത്യയുടെ മറ്റൊരു വശത്തെ കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുന്നു: “വ്യക്തികളുടെ നേട്ടത്തെ സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും ശക്തിയുടെയും തുലാസ്സിൽ തൂക്കുന്ന നിലവിലുള്ള ഭൗതികത്വ-ലൗകിക സദാചാര സംഹിത, തങ്ങൾക്കു യാതൊരു വിലയുമില്ല എന്നും സമൂഹം തങ്ങളെ പുറംതള്ളിയിരിക്കുന്നു എന്നുമുള്ള തോന്നൽ യുവജനങ്ങളിൽ ഉളവാക്കുന്നു.” അതിനു പുറമേ ദ ഫ്യൂച്ചറിസ്റ്റ് ഇങ്ങനെ പറയുന്നു: “[യുവജനങ്ങൾ] തീവ്രമായി തത്ക്ഷണ മോഹസാഫല്യം കാംക്ഷിക്കുന്നവരാണ്. അവർക്ക് എല്ലാം വേണം, ഉടനടി വേണം. അവരുടെ പ്രിയപ്പെട്ട ടിവി പരിപാടികൾ വികാരാർദ്ര നാടക പരമ്പരകളാണ്. അത്തരം പരിപാടികളിൽ കാണുന്ന പോലത്തെ സൗന്ദര്യമുള്ള, പുതുപുത്തൻ ഫാഷൻ വസ്ത്രങ്ങളണിഞ്ഞ, ധാരാളം പണവും പ്രതാപവുമുള്ള, വലിയ അധ്വാനമൊന്നും കൂടാതെ ജീവിക്കുന്ന, സുഖലോലുപരായ ആളുകൾ തങ്ങളുടെ ലോകത്തിൽ ഉണ്ടായിരിക്കാനാണ് അവരുടെ ആഗ്രഹം.” യാഥാർഥ്യബോധമില്ലാത്ത, നിവൃത്തിയേറുകയില്ലാത്ത അത്തരം പ്രതീക്ഷകൾ അവരെ നിരാശയിൽ ആഴ്ത്തുകയും ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യും.
ജീവരക്ഷാകരമായ ഒരു ഗുണമോ?
“മഴ കഴിഞ്ഞുള്ള വെയിൽ പോലെ സാന്ത്വനദായകമാണ് സ്നേഹം” എന്നു ഷേക്സ്പിയർ എഴുതി. “സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 13:8) യുവജനങ്ങൾ ആത്മഹത്യയ്ക്കു മുതിരുന്നതിന്റെ ഒരു പ്രധാന കാരണം ആ ഗുണവുമായി ബന്ധപ്പെട്ടു കിടക്കുന്നു—സ്നേഹത്തിനും ആശയവിനിമയത്തിനുമുള്ള അവരുടെ വാഞ്ഛ. ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ എൻസൈക്ലോപീഡിയ ഓഫ് മെഡിസിൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ആത്മഹത്യാ പ്രവണത ഉള്ളവർക്കു പൊതുവേ ഏകാന്തത അനുഭവപ്പെടുന്നു. അനുകമ്പയും സഹാനുഭൂതിയും ഉള്ള ഒരാളുമായി സംസാരിക്കാൻ സാധിക്കുന്നതുതന്നെ നിരാശകൊണ്ട് ഉണ്ടാകുന്ന അത്തരം പ്രവർത്തനത്തെ തടയാൻ ചിലപ്പോൾ പര്യാപ്തമാണ്.”
മറ്റുള്ളവർ തങ്ങളെ സ്നേഹിക്കാനും വേണ്ടപ്പെട്ടവരായി കരുതാനും യുവജനങ്ങൾ അതിയായി ആഗ്രഹിക്കുന്നു. നാശം വിതയ്ക്കുന്ന, സ്നേഹരഹിതമായ ഒരു ലോകത്ത്—അവർക്ക് അഭിപ്രായ പ്രകടനം നടത്താൻ വളരെ കുറച്ചു മാത്രം കഴിയുന്ന അല്ലെങ്കിൽ കഴിയാത്ത ലോകത്ത്—അത് പൂർവാധികം ദുഷ്കരം ആയിത്തീരുന്നു. കുടുംബച്ഛിദ്രവും വിവാഹമോചനവും നിമിത്തം മാതാപിതാക്കൾ കുട്ടികളോടു കാണിക്കുന്ന അവഗണനയാകാം യുവജന ആത്മഹത്യയ്ക്കുള്ള ഒരു അടിസ്ഥാന കാരണം. അത്തരം അവഗണന പല വിധങ്ങളിൽ പ്രകടമാണ്.
വീട്ടിൽ കുട്ടികളോടൊപ്പം അധിക സമയമൊന്നും ചെലവഴിക്കാത്ത മാതാപിതാക്കളുടെ കാര്യമെടുക്കാം. മാതാപിതാക്കൾ തങ്ങളുടെ ജോലികളിൽ അങ്ങേയറ്റം വ്യാപൃതരായിരിക്കാം. അല്ലെങ്കിൽ കുട്ടികളെ കൂടാതെ ചില വിനോദങ്ങളിൽ ഏർപ്പെടുന്നു എന്നു വരാം. അത്തരം മാതാപിതാക്കൾ മക്കൾക്കു നൽകുന്ന അവഗണനയുടെ സന്ദേശം സുവ്യക്തമാണ്. വിഖ്യാതനായ പത്രപ്രവർത്തകനും ഗവേഷകനുമായ ഹ്യൂ മക്കേ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മാതാപിതാക്കൾ പൂർവാധികം സ്വാർഥമതികളായി മാറുകയാണ്. സ്വന്തം താത്പര്യങ്ങൾക്കു മാത്രം മുൻതൂക്കം നൽകിക്കൊണ്ട് അവർ തങ്ങൾ ആഗ്രഹിക്കുന്ന ജീവിതരീതി പിന്തുടരുന്നു. . . . കുട്ടികളെ അനാവശ്യ വസ്തുക്കളായി കാണുന്നു എന്നത് ഒരു ക്രൂര സത്യമാണ്. . . . ജീവിതം ദുഷ്കരംതന്നെ. ആളുകൾ സ്വാർഥ താത്പര്യങ്ങളിൽ മുഴുകിയിരിക്കുന്നു.”
ചില സംസ്കാരങ്ങളിൽ, അതിരുകവിഞ്ഞ പുരുഷ മേധാവിത്വബോധമുള്ള പുരുഷന്മാർ പരിപാലകർ ആയിരിക്കാൻ താത്പര്യപ്പെടുന്നില്ല. പത്രപ്രവർത്തകനായ കേറ്റ് ലെഗ് അതേക്കുറിച്ച് ഇങ്ങനെ പറയുന്നു: “പൊതുസേവന ചായ്വുള്ള പുരുഷന്മാർ പൊതുവേ പരിപാലനം നൽകുന്നതിനെക്കാൾ ജീവരക്ഷാ പ്രവർത്തനത്തിലോ അഗ്നിശമന പ്രവർത്തനങ്ങളിലോ ഏർപ്പെടാൻ താത്പര്യപ്പെടുന്നു. . . . മനുഷ്യോന്മുഖർ ആയിരിക്കുന്നതിനു പകരം കെടുതികളോടു പോരാടുന്ന വീരനായകന്മാർ ആയിരിക്കാനാണ് അവർക്കു താത്പര്യം.” തീർച്ചയായും, ഇപ്പോൾ ഏറ്റവുമധികം മനുഷ്യോന്മുഖമായ ഒരു പ്രവൃത്തി മക്കളെ വളർത്തുന്നതാണ്. മോശമായ വിധത്തിൽ കുട്ടിയെ വളർത്തുന്നതു കുട്ടിയെ അവഗണിക്കുന്നതിനു തുല്യമാണ്. തത്ഫലമായി, കുട്ടിയിൽ അനഭിലഷണീയമായ അപകർഷതാബോധം വളർന്നുവന്നേക്കാം. തന്മൂലം അവർക്കു മറ്റുള്ളവരുമായി ഇണങ്ങിപ്പോകാനും കഴിയാതെ വരും. ദി എജുക്കേഷൻ ഡൈജസ്റ്റ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “തങ്ങളെ കുറിച്ചുതന്നെ ശുഭാപ്തിവിശ്വാസം ഇല്ലെങ്കിൽ കുട്ടികൾക്കു തങ്ങളുടെ ഉത്തമ താത്പര്യങ്ങൾ മുൻനിർത്തി തീരുമാനങ്ങൾ എടുക്കാനാകില്ല.”
നിരാശയായിരിക്കാം കാരണം
ആത്മഹത്യയുടെ ഒരു പ്രധാന കാരണം നിരാശ ആണെന്നു ഗവേഷകർ വിശ്വസിക്കുന്നു. ഓസ്ട്രേലിയയിലെ യുവജന ആത്മഹത്യയെ കുറിച്ച് എഴുതുന്ന ഒരു ലേഖകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആത്മഹത്യാ ചിന്തകളുമായി നൈരാശ്യത്തിനാണു വിഷാദത്തെക്കാൾ കൂടുതൽ ബന്ധമുള്ളതെന്നു കരുതപ്പെടുന്നു. നിരാശ വിഷാദത്തിന്റെ ഒരു അടയാളമായി ചിലപ്പോഴൊക്കെ നിർവചിക്കപ്പെടുന്നു. . . . അത് യുവജനങ്ങളുടെ ഭാവി സംബന്ധിച്ച്, പ്രത്യേകിച്ചും സാമ്പത്തിക ഭാവി സംബന്ധിച്ച്, പൊതുവേ ഇച്ഛാഭംഗവും വിഷണ്ണതയും കലർന്ന ചിത്രം രചിക്കുന്നു; ആഗോള സ്ഥിതിയെ കുറിച്ചും അത് ഒരു പരിധിവരെ നൈരാശ്യം ഉളവാക്കുന്നു.”
രാഷ്ട്രീയ നേതാക്കന്മാരുടെ മോശമായ മാതൃക തങ്ങളുടേതായ സദാചാര സംഹിതയോ ധാർമികതയോ നട്ടുവളർത്താൻ യുവജനങ്ങൾക്കു പ്രേരണയേകുന്നില്ല. തന്മൂലം, “എന്തിന് ആത്മാർഥത കാട്ടണം?” എന്ന മനോഭാവം അവരിൽ വളർന്നുവരുന്നു. കാപട്യം തിരിച്ചറിയാൻ യുവജനങ്ങൾക്കുള്ള കഴിവിനെ കുറിച്ച് ഹാർപ്പേഴ്സ് മാഗസിൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “കാപട്യത്തെ അതിന്റെ മുഴു ഭാവത്തിലും തിരിച്ചറിയാൻ കഴിവുള്ള യുവജനങ്ങൾ കഴിവുറ്റ വായനക്കാരാണ്—പുസ്തകങ്ങൾ വായിക്കാനുള്ള കഴിവല്ല ഉദ്ദേശിച്ചത്. തങ്ങൾക്ക് അഷ്ടിക്കുള്ള വക തേടാൻ കഷ്ടപ്പെടേണ്ടി വരുന്ന ലോകത്തിൽനിന്ന് ഉളവാകുന്ന സാമൂഹിക സംജ്ഞകളാണ് അവർ സസൂക്ഷ്മം വായിച്ചെടുക്കുന്നത്.” ആ സംജ്ഞകൾ എന്താണു വ്യക്തമാക്കുന്നത്? സ്റ്റെഫാനി ഡൗറിക് എന്ന എഴുത്തുകാരി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “എങ്ങനെ ജീവിക്കണം എന്നതു സംബന്ധിച്ച് ഇത്രയധികം വിവരങ്ങൾ മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ല. നാം മുമ്പെന്നത്തെക്കാളും ധനികരും വിദ്യാസമ്പന്നരും ആണ്. എന്നിട്ടും, എവിടെയും നിരാശ മാത്രം.” രാഷ്ട്രീയ, മത സമൂഹങ്ങളിലെ മേൽത്തട്ടുകളിൽ മാതൃകാപാത്രം എന്നു പറയാവുന്നതായി വിരലിൽ എണ്ണാവുന്നവരേ ഉള്ളൂ. ഡൗറിക്ക് യുക്തിസഹമായ ഏതാനും ചോദ്യങ്ങൾ ഉന്നയിക്കുന്നു: “അർഥശൂന്യമായ യാതനയിൽനിന്നു നമുക്ക് എങ്ങനെ അർഥം കണ്ടെത്താനാകും, ജ്ഞാനവും കരുത്തും സമ്പാദിക്കാനാകും? സ്വാർഥതയുടെയും നിഷ്ഠുരതയുടെയും അത്യാഗ്രഹത്തിന്റെയും വിളനിലത്തിൽ നമുക്ക് എങ്ങനെ സ്നേഹം നട്ടുവളർത്താൻ സാധിക്കും?”
അടുത്ത ലേഖനത്തിൽ അതിനുള്ള ഉത്തരങ്ങൾ കണ്ടെത്താനാകും. അവ നിങ്ങളെ അതിശയിപ്പിച്ചേക്കാം.
[6-ാം പേജിലെ ആകർഷകവാക്യം]
“യുവജനങ്ങളിൽ അധികപങ്കും തങ്ങളുടെ ഭാവിയെയും ലോകത്തിന്റെ ഭാവിയെയും ഭയത്തോടും നടുക്കത്തോടും കൂടെയാണു വീക്ഷിക്കുന്നത്”
[7-ാം പേജിലെ ആകർഷകവാക്യം]
‘അനുകമ്പയും സഹാനുഭൂതിയും ഉള്ള ഒരാളുമായി സംസാരിക്കാൻ സാധിക്കുന്നതുതന്നെ നിരാശകൊണ്ട് ഉണ്ടാകുന്ന പ്രവർത്തനത്തെ തടയാൻ ചിലപ്പോൾ പര്യാപ്തമാണ്.’
[6-ാം പേജിലെ ചതുരം]
ചില ആത്മഹത്യാ സൂചനകൾ
• ഉറക്ക പ്രശ്നങ്ങൾ, വിശപ്പില്ലായ്മ
• ഒറ്റപ്പെടൽ, അന്തർമുഖത, അപകടങ്ങൾ വരുത്തിവെക്കാനുള്ള ചായ്വ്
• വീട്ടിൽനിന്ന് ഒളിച്ചോടൽ
• വേഷവിധാനത്തിൽ വിസ്മയാവഹമായ മാറ്റങ്ങൾ
• മയക്കുമരുന്ന്/മദ്യ ദുരുപയോഗം അല്ലെങ്കിൽ രണ്ടും
• വിക്ഷോഭവും ആക്രമണപരതയും
• മരണത്തെ കുറിച്ചുള്ള സംസാരം; സ്വവിനാശത്തെ കുറിച്ചുള്ള കുറിപ്പുകൾ; ആക്രമണത്തെ—പ്രത്യേകിച്ചും തനിക്ക് എതിരെയുള്ളത്—ചിത്രീകരിക്കുന്ന കലാസൃഷ്ടികൾ
• കുറ്റബോധം
• നിരാശ, ഉത്കണ്ഠ, വിഷാദം, ഇടവിട്ടുള്ള കരച്ചിൽ
• സ്വന്തം വസ്തുക്കൾ കൊടുത്തു തീർക്കൽ
• ഏകാഗ്രതക്കുറവ്
• ഉല്ലാസപ്രദമായ പ്രവർത്തനങ്ങളിൽ താത്പര്യക്കുറവ്
• സ്വയം കുറ്റപ്പെടുത്തൽ
• കുത്തഴിഞ്ഞ ലൈംഗികത
• പഠിത്തത്തിൽ പെട്ടെന്നുള്ള ഉഴപ്പ്, ക്ലാസ്സിൽ ഹാജരാകാതിരിക്കൽ
• വ്യക്തിപൂജാ പ്രസ്ഥാനത്തിലോ മുഷ്കര സംഘത്തിലോ അംഗമാകൽ
• വിഷാദത്തിനു ശേഷമുള്ള അത്യുത്സാഹം
പ്രതിസന്ധിയിൽ ആയിരിക്കുന്ന കൗമാരക്കാർ (ഇംഗ്ലീഷ്) (അമേരിക്കൻ സ്കൂൾ അധികാരികളുടെ സംഘടന പ്രസിദ്ധീകരിച്ചത്) എന്നതിനെയും ഫിലിപ്പ് ജി. പെട്രോസ്, ടോണിയ കെ. ഷാമൂ എന്നിവർ രചിച്ച കൊച്ചു കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിലെ വിഷാദവും ആത്മഹത്യയും (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തെയും ആസ്പദമാക്കിയുള്ളത്
[7-ാം പേജിലെ ചിത്രങ്ങൾ]
ഊഷ്മള സ്നേഹത്തിനും അനുകമ്പയ്ക്കും ജീവനെ വിലമതിക്കാൻ യുവജനങ്ങളെ സഹായിക്കാനാകും