സത്യമതം നൽകുന്ന പ്രത്യാശ
നമ്മെ ബാധിക്കുന്ന അല്ലെങ്കിൽ ആവേശഭരിതരാക്കുന്ന കാര്യങ്ങൾ സംസാരിക്കാൻ നാം സ്വതവെ ഇഷ്ടപ്പെടുന്നു. യഹോവയുടെ സാക്ഷികൾ ബൈബിളിലെ അത്ഭുതകരമായ സന്ദേശം മറ്റുള്ളവരുമായി പങ്കിടുന്നതിന്റെ ഒരു കാരണം അതാണ്. ദൈവരാജ്യത്തെ വിശേഷവത്കരിക്കുന്ന ആ സന്ദേശത്തിൽ, ഇന്ന് ആളുകളെ വളരെയധികം ഉത്കണ്ഠപ്പെടുത്തുന്ന ഭാവി, സുരക്ഷ, ആരോഗ്യം, സന്തുഷ്ടി തുടങ്ങിയ സംഗതികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഉത്തരങ്ങൾ അടങ്ങിയിരിക്കുന്നു.—ലൂക്കൊസ് 4:43.
അങ്ങനെയെങ്കിൽ, ദൈവരാജ്യം എന്നാൽ എന്താണ്?
രോമാഞ്ചജനകമായ പ്രത്യാശ
ദൈവരാജ്യം എന്നത് ദൈവത്തിന്റെ പുത്രൻ, “സമാധാന പ്രഭു,” ഭരിക്കുന്ന ഗവൺമെന്റാണ്. അവനെ കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു . . . സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.”—യെശയ്യാവു 9:6, 7.
ഭാവിയെ പരാമർശിച്ചുകൊണ്ട്, അതേ, ചരിത്രപ്രധാനമായ നമ്മുടെ കാലഘട്ടത്തെ സൂചിപ്പിച്ചുകൊണ്ടു മറ്റൊരു പ്രവചനം ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; . . . അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
സമാധാന പ്രഭുവായ ക്രിസ്തുവിനാൽ ഭരിക്കപ്പെടുന്ന ഈ ദൈവരാജ്യം, യേശു തന്റെ അനുഗാമികളെ പഠിപ്പിച്ച ഈ പ്രാർഥനയ്ക്ക് ഉത്തരമായിത്തീരും: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . . നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) ദൈവരാജ്യം ഭൂമിക്കും നമുക്കും എന്തു കൈവരുത്തും? ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന, യഹോവയാം ദൈവത്തിന്റെ വാഗ്ദത്തങ്ങൾ പരിചിന്തിക്കുക. അവയിൽ ചിലത് ഈ പേജുകളിൽ വിശദീകരിച്ചിരിക്കുന്നു.
ദൈവത്തിൽ നിന്നുള്ള ഒരു സന്ദേശം
ദൈവവചനത്തിൽ നിന്നുള്ള മഹത്തായ വാഗ്ദത്തങ്ങൾ മറച്ചുവെച്ചുകൂടാ. അത് മതത്തെ കുറിച്ചു ചർച്ച ചെയ്യുന്നത് അനിവാര്യമാക്കുന്നു. ഈ വ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പായി തന്റെ അനുഗാമികൾ ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിക്കുന്നതിനു മുൻകൈ എടുക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14; 28:19, 20; പ്രവൃത്തികൾ 1:8.
ദൈവരാജ്യത്തെ കുറിച്ചുള്ള ഈ സന്ദേശമാണ് യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഘോഷിക്കുന്നത്. ഈ മാസികയുടെ കൂട്ടുമാസികയായ വീക്ഷാഗോപുരം ഇപ്പോൾ 130 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ ലക്കത്തിന്റെയും 2.2 കോടിയിലധികം പ്രതികൾ അച്ചടിക്കപ്പെടുന്ന ആ മാസികയുടെ പുറംതാളിൽ “യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു” എന്ന് എഴുതിയിരിക്കുന്നു.
ജ്ഞാനിയായ ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ ജീവിതത്തെ കുറിച്ച് അഭിജ്ഞമായ തീരുമാനങ്ങൾ എടുക്കാൻ ആഗ്രഹിക്കും. (സദൃശവാക്യങ്ങൾ 18:13) തന്മൂലം, മഹത്തായ ദൈവരാജ്യത്തെ കുറിച്ചും അതു നിങ്ങൾക്ക് എന്ത് അർഥമാക്കിയേക്കാം എന്നതിനെ കുറിച്ചും വ്യക്തിപരമായി മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. അതിനു മുതിരവേ, ബൈബിൾ ചർച്ചകളിൽ നിന്നു വിട്ടുനിൽക്കരുത്. മറ്റൊരു ചർച്ചയും അതിനെക്കാൾ വിജ്ഞാനപ്രദവും രസകരവും സുപ്രധാനവും ആയിരിക്കില്ല.—യോഹന്നാൻ 17:3
[8, 9 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
പറുദീസാ ഭൂമിയെ കുറിച്ചുള്ള വാഗ്ദത്തങ്ങൾ
മുഴു ഭൂമിയിലും സമ്പൂർണ സമാധാനം കളിയാടും. “അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.”—സങ്കീർത്തനം 72:7, 8.
മരിച്ചവർ ജീവനിലേക്കു തിരികെ വരുത്തപ്പെടും. “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15.
സകലരും പൂർണ ആരോഗ്യം ആസ്വദിക്കും. “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാടു 21:3-5എ.
ആളുകൾ സ്വന്തമായി വീടുകൾ പണിതു പാർക്കും. “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.”—യെശയ്യാവു 65:21.
ആഹാരം സമൃദ്ധമായി ഉണ്ടായിരിക്കും. “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:16.