ലോകത്തെ വീക്ഷിക്കൽ
സമാധാനപാലനത്തിന്റെ പ്രശ്നങ്ങൾ
“ഒരു ദശകം മുമ്പ് ഐക്യരാഷ്ട്ര സമാധാന ദൗത്യസേനകൾ അനുഷ്ഠിച്ച സ്തുത്യർഹ സേവനത്തെ പ്രതി അവർക്ക് ഒരു സംഘമെന്ന നിലയിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി” എന്നു ടൊറന്റോ വർത്തമാനപത്രമായ ദ ഗ്ലോബ് ആൻഡ് മെയിൽ പ്രസ്താവിക്കുന്നു. “എന്നാൽ ഇന്ന്, സമാധാനപാലന ദൗത്യസേനയിലെ അംഗങ്ങൾ—സൈനികേതരരും പൊലീസും സൈനികരും—പ്രശംസയോടൊപ്പം നിന്ദയും കൊയ്തെടുക്കുന്നു.” ഇത്തരം ഒരു മാറ്റത്തിനു കാരണമെന്താണ്? “ആധുനിക പോരാട്ടങ്ങളുടെ സ്വഭാവമാണ് ഒരു പ്രധാന പ്രശ്നം. ഇന്നത്തെ പല യുദ്ധങ്ങളിലും ഏർപ്പെട്ടിരിക്കുന്നതു വ്യക്തമായ ലക്ഷ്യങ്ങളും തത്ത്വങ്ങളും ഉള്ള സുസംഘടിതമായ സേനകളല്ല. മറിച്ച്, കലഹിക്കുന്ന വിഭാഗങ്ങളും യുദ്ധക്കൊതിയന്മാരും സ്വാർഥ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്ന കൗമാരപ്രായക്കാരായ പോരാളികളാണ്. ഇവ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളല്ല, മറിച്ച് ആഭ്യന്തര യുദ്ധങ്ങളാണ്” എന്ന് ഗ്ലോബ് പറയുന്നു. തന്മൂലം, “രാഷ്ട്രങ്ങൾ തമ്മിലുള്ള വെടിനിർത്തലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം” ഐക്യരാഷ്ട്ര സമാധാനപാലന സേനകൾക്ക്, “സമാധാന തത്പരരാണോ എന്നു സംശയമുള്ള, വ്യക്തമായ ലക്ഷ്യങ്ങളില്ലാത്ത—ചിലപ്പോഴൊക്കെ വ്യക്തമായ നേതൃഘടന പോലുമില്ലാത്ത—വിഭാഗങ്ങൾക്കിടയിൽ മധ്യസ്ഥത വഹിക്കേണ്ടി വരുന്നു” എന്ന് ആ പത്രം കൂട്ടിച്ചേർക്കുന്നു.
പുതിയ ചിന്താഗതി സ്പോർട്സിൽ അക്രമം വിതയ്ക്കുന്നു
1997/98 ഫുട്ബോൾ മത്സര സീസണിൽ ഫ്രഞ്ച് ഫുട്ബോൾ അധികൃതർ 20,825 ശിക്ഷണ നടപടികൾ—അതൊരു റെക്കോർഡ് സംഖ്യയാണ്—കൈക്കൊണ്ടുവെന്നും മറ്റു സ്പോർട്സുകളിലും ശ്രദ്ധേയമാം വിധം അക്രമസംഭവങ്ങൾ വർധിച്ചുവെന്നും ഫ്രഞ്ച് മാസികയായ ലെക്സ്പ്രസ് അഭിപ്രായപ്പെട്ടു. ഇത്രയധികം അക്രമങ്ങൾക്കു കാരണം എന്താണ്? ഗവേഷകനായ റിച്ചർഡ് ഫിസ്റ്റർ പറയുന്നതനുസരിച്ച്, ഒരു കാരണം “ജയിക്കണം എന്ന ചിന്തയാണ്. അന്തസ്സിനെക്കാൾ പണവും കളിയിലെ സന്തോഷത്തെക്കാൾ അതിന്റെ ഫലവും പ്രധാനപ്പെട്ടതായി കണക്കാക്കുമ്പോൾ ഏതു വിധത്തിലുള്ള പെരുമാറ്റവും സ്വീകാര്യം ആയിത്തീരുന്നു.” ആളുകൾ മിക്കപ്പോഴും മാതൃകാപാത്രങ്ങളായി കരുതുന്നവർ പ്രത്യക്ഷത്തിൽ ശിക്ഷിക്കപ്പെടാതെതന്നെ അത്തരം നടപടികളിൽ ഏർപ്പെടുന്നതു കാണുമ്പോൾ, അക്രമത്തെ ന്യായീകരിക്കാനും അത്തരക്കാരെ അനുകരിക്കാനും യുവജനങ്ങൾ പ്രേരിതരാകുന്നു.
അഞ്ചൽ പ്രാവ്—ഇപ്പോഴും ഉപയോഗത്തിൽ
ഇന്ത്യയിലെ ഒറീസയിൽ പൊലീസ് വിഭാഗം നൂതന ആശയവിനിമയ ശൃംഖല ഉപയോഗിക്കുന്നുണ്ടെങ്കിലും അവർ ഇപ്പോഴും “പ്രാവുകളുടെ സേവനം,” കരുത്തുറ്റ 800 അഞ്ചൽ പ്രാവുകളുടെ സേവനം, നിർത്തലാക്കിയിട്ടില്ല എന്ന് ദി ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. ഒറീസാ പൊലീസ് ഡയറക്ടർ ജനറലായ ശ്രീ. ബി. ബി. പാണ്ഡ പറയുന്നതനുസരിച്ച്, കഴിഞ്ഞ 50 വർഷമായി പ്രാവുകൾ, വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടാകുമ്പോൾ ആശയവിനിമയത്തിനുള്ള പ്രധാന സരണിയായി വർത്തിച്ചിരിക്കുന്നു. വയർലസ് ബന്ധങ്ങൾ തകരാറിലാകുമ്പോൾ അവ ഇപ്പോഴും ഉപകാരപ്രദമാണ്. ഉദാഹരണത്തിന്, 1982-ൽ ബാങ്കി പട്ടണം വെള്ളത്തിലാഴ്ന്നപ്പോൾ ആ പട്ടണവും കട്ടക്കിലെ ഡിസ്ട്രിക്ട് ആസ്ഥാനവും തമ്മിലുള്ള ഏക ആശയവിനിമയ ഉപാധി പ്രാവുകൾ ആയിരുന്നു. ഒറീസയിൽ ആദ്യത്തെ പ്രാവ്-യൂണിറ്റ് തുടങ്ങിയത് 1946-ൽ ആയിരുന്നു. മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗത്തിൽ 800 കിലോമീറ്റർ ദൂരം വരെ നിർത്താതെ പറക്കാൻ കഴിവുള്ള ഹോമർ എന്ന ബെൽജിയൻ ഇനത്തിൽപ്പെട്ട പ്രാവിനെയാണ് ആദ്യമായി അതിന് ഉപയോഗിച്ചത്. 15-20 വർഷം ആയുർദൈർഘ്യമുള്ള ഈ പക്ഷികളെ ഇപ്പോൾ മൂന്നു കേന്ദ്രങ്ങളിലായി 34 കോൺസ്റ്റബിൾമാരുടെ സംരക്ഷണയിലാണു സൂക്ഷിച്ചിരിക്കുന്നത്. “സെല്ലുലാർ ഫോണിന്റെ നാളുകളിൽ ഈ പ്രാവുകളുടെ സേവനം പ്രാചീനമായി തോന്നിച്ചേക്കാം. എന്നാൽ, അവ ഇപ്പോഴും ഈ സംസ്ഥാനത്തിനുവേണ്ടി വിശ്വസ്ത സേവനം അനുഷ്ഠിക്കുന്നു,” ശ്രീ. പാണ്ഡ പറഞ്ഞു.
കുട്ടികൾക്കു വിദ്യാഭ്യാസം ലഭിക്കുന്നില്ല
ഐക്യരാഷ്ട്രങ്ങളുടെ പൊതുസഭ 1948-ൽ പുറത്തിറക്കിയ ‘സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം’ വിദ്യാഭ്യാസത്തിനുള്ള മൗലിക അവകാശത്തെ കുറിച്ചു വിശദീകരിച്ചു. പ്രശംസാർഹമായ പല ശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും, ഇപ്പോഴും ലക്ഷ്യം വിദൂരത്തിലാണ്. “സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം പുറത്തിറക്കി 50 വർഷം പിന്നിട്ടിട്ടും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത 13 കോടി കുട്ടികൾ ഇപ്പോഴും ഉണ്ട്” എന്നു ജർമൻ വർത്തമാനപത്രമായ ആൾജെമൈനെ റ്റ്സൈട്ടുങ് മൈന്റ്സ് റിപ്പോർട്ടു ചെയ്യുന്നു. “ലോകത്തിലെ മൊത്തം കുട്ടികളിൽ 20 ശതമാനത്തിന് അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടില്ല എന്നാണ് ഇതിന്റെ അർഥം.” ജർമനിയിലെ ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ തലവനായ റൈൻഹാർട്ട് ഷ്ലാഗിന്റ്വൈറ്റ് പറയുന്നതനുസരിച്ച്, ലോകവ്യാപകമായി എല്ലാ കുട്ടികൾക്കും പ്രാഥമിക [വിദ്യാഭ്യാസം] ലഭ്യമാക്കുന്നതിന് ഏകദേശം 700 കോടിയിലധികം ഡോളർ വേണ്ടിവരും. ഈ തുക വർഷംതോറും യൂറോപ്പുകാർ ഐസ്ക്രീമിനുവേണ്ടി ചെലവിടുന്ന, അല്ലെങ്കിൽ അമേരിക്കക്കാർ സൗന്ദര്യവർധക വസ്തുക്കൾക്കായി ചെലവിടുന്ന തുകയിലും വളരെ കുറവാണ്. അത്, ലോകമൊട്ടാകെ സൈനിക ആയുധങ്ങൾക്കായി ചെലവിടുന്ന തുകയുടെ ചെറിയ ഒരംശം മാത്രമേ ആകുന്നുള്ളൂ.
വിപത്ഗ്രസ്തമായ ഏഷ്യ
“കഴിഞ്ഞ വർഷം ലോകവ്യാപകമായി ഉണ്ടായ 10 വൻ വിപത്തുകളിൽ ആറെണ്ണം ഏഷ്യയിൽ ആണു സംഭവിച്ചത്. അത് 27,000 പേരുടെ ജീവനൊടുക്കുകയും 3,800 കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്തു” എന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് പ്രസ്താവിക്കുന്നു. ബംഗ്ലാദേശിലും ചൈനയിലും ഉണ്ടായ വെള്ളപ്പൊക്കവും ഇന്തോനേഷ്യയിൽ ഉണ്ടായ, അയൽ ദേശങ്ങളിലേക്കുപോലും പുകപടലങ്ങൾ വ്യാപിക്കാനിടയായ കാട്ടുതീയും അവയിൽ ഉൾപ്പെടുന്നു. “ലോകത്തിലെ മറ്റ് ഏതൊരു മേഖലയെക്കാളും പ്രകൃതിവിപത്തുകൾ കെടുതി വിതച്ചിരിക്കുന്നത് ഏഷ്യയിലാണ്” എന്ന് ഏഷ്യാ-പസിഫിക്ക് മേഖലയ്ക്കു വേണ്ടിയുള്ള ഐക്യരാഷ്ട്ര സാമ്പത്തിക സാമൂഹിക കമ്മീഷൻ പറയുന്നു. “21-ാം നൂറ്റാണ്ടിലെ പ്രധാന വെല്ലുവിളികളിൽ ഒന്നായിരിക്കും വിപത്സാധ്യതകൾ കുറയ്ക്കൽ, പ്രത്യേകിച്ചും ഏഷ്യയിൽ.”
സ്വയം ഇക്കിളിപ്പെടുത്താൻ സാധിക്കാത്തതിന്റെ കാരണം
“കൃത്യസ്ഥാനത്ത് ഇക്കിളികൂട്ടിയാൽ മുതിർന്ന വ്യക്തിയാണെങ്കിലും ഒന്നും ചെയ്യാനാകാതെ വല്ലാത്ത ഒരു അവസ്ഥയിലായിപ്പോകും. എന്നാൽ, എത്ര പെട്ടെന്ന് ഇക്കിളിയാകുന്ന വ്യക്തിയാണെങ്കിലും സ്വയം ഇക്കിളിപ്പെടുത്താൻ അയാൾക്കു സാധിക്കില്ല എന്നതാണു രസകരമായ സംഗതി,” ദി ഇക്കോണമിസ്റ്റ് പ്രസ്താവിക്കുന്നു. കാരണം? സമീപകാല ഗവേഷണങ്ങൾ അനുസരിച്ച്, പേശീ പ്രവർത്തനത്തെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗമായ സെറിബെല്ലത്തിലാണ് ഉത്തരം കുടികൊള്ളുന്നത്. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ മാത്രമല്ല, അവ ഉളവാക്കുന്ന സംവേദനങ്ങൾ പ്രവചിക്കുന്നതിലും സെറിബെല്ലം പങ്കു വഹിക്കുന്നതായി ഗവേഷകർ വിശ്വസിക്കുന്നു. തന്നിമിത്തം, ആളുകൾ സ്വയം ഇക്കിളികൂട്ടുമ്പോൾ സെറിബെല്ലം സംവേദനം മൂൻകൂട്ടി അറിഞ്ഞ് അതിനെ അടക്കിവെക്കുന്നു. എന്നാൽ, മറ്റാരെങ്കിലും ഇക്കിളികൂട്ടുമ്പോൾ ഉദ്ദീപനവും സെറിബെല്ലത്തിന്റെ കണക്കുകൂട്ടലുകളും തമ്മിൽ ഏകോപിപ്പിക്കുക സാധ്യമല്ലാത്തതിനാൽ സംവേദനം അടക്കിവെക്കപ്പെടുന്നില്ല. സമാനമായ ഒരു ലേഖനത്തിൽ ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ സംഗ്രഹിച്ചു: “വ്യക്തി സ്വയം ഇക്കിളികൂട്ടുമ്പോൾ അതു തിരിച്ചറിഞ്ഞ് അതിന് കുറഞ്ഞ പ്രാധാന്യം നൽകാൻ മസ്തിഷ്കത്തിനു സാധിക്കുന്നു. അങ്ങനെ, അടിയന്തിരമായ ബാഹ്യ സംവേദനങ്ങളോടു കൂടുതലായി പ്രതികരിക്കാൻ അതിനു സാധിക്കുന്നു.”
മോർസ് കോഡ്
1832-ൽ ഉണ്ടാക്കപ്പെട്ട മോർസ് കോഡ്, “വാണിജ്യത്തിന്റെയും ചരിത്രത്തിന്റെതന്നെയും വികസനത്തിൽ അമൂല്യമായ പങ്കുവഹിച്ചിരിക്കുന്നു” എന്നു ലോക കപ്പൽഗതാഗതത്തിന്റെ നിയന്ത്രണം വഹിക്കുന്ന ഐക്യരാഷ്ട്ര ഏജൻസിയിലെ റോജർ കൊഹ്ൻ സമ്മതിച്ചു പറയുന്നു. ടൈറ്റാനിക്, എസ്ഒഎസ് (SOS) കോഡ്—മൂന്നു കുത്തുകളും മൂന്നു വരകളും മൂന്നു കുത്തുകളും—ഉപയോഗിച്ച 1912 മുതൽ അന്താരാഷ്ട്ര മാനദണ്ഡമായി കപ്പലുകൾ അപകട സമയത്ത് അത് ഉപയോഗിച്ചു പോന്നിരുന്നു എന്ന് ദ ടൊറന്റോ സ്റ്റാർ പറയുന്നു. എന്നാൽ 1999 ഫെബ്രുവരി 1-ാം തീയതി മുതൽ ‘അന്താരാഷ്ട്ര നാവിക സംഘടന’ ഉപയോഗത്തിൽ കൊണ്ടുവന്ന ഒരു പുതിയ ഉപഗ്രഹ ആശയവിനിമയ സംവിധാനത്തിലൂടെ, “കപ്പലിലെ ഉപഗ്രഹ ടെർമിനലിലെ ഒരു ‘ഹോട്ട് ബട്ടൻ’ അമർത്തി”ക്കൊണ്ട് “ലോകമെമ്പാടുമുള്ള രക്ഷാപ്രവർത്തന ഏകോപന കേന്ദ്രങ്ങളിലേക്ക്” ഓട്ടോമാറ്റിക്കായി വിവരങ്ങൾ അയയ്ക്കാൻ സാധിക്കും. കപ്പലിന്റെ ഒമ്പതക്ക തിരിച്ചറിയൽ സംഖ്യക്കു പുറമേ, സന്ദേശത്തിൽ “സമയവും കപ്പലിന്റെ സ്ഥാനവും അപകടത്തിന്റെ സ്വഭാവവും ഉൾപ്പെടുത്താനാകും—ഒന്നുകിൽ അപകടം എന്താണെന്ന് എടുത്തു പറയാതെ അല്ലെങ്കിൽ തീപിടിത്തം, വെള്ളം കയറൽ, കപ്പൽ ചെരിയൽ, കടൽക്കൊള്ള എന്നിങ്ങനെ പട്ടികപ്പെടുത്തിയിരിക്കുന്ന 12 അപകടങ്ങളിൽ ഏതെങ്കിലും എടുത്തു പറഞ്ഞുകൊണ്ട്” എന്ന് സ്റ്റാർ പറയുന്നു. ഒരുതരം നഷ്ടബോധത്തോടെ എന്നവണ്ണം അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചരിത്രത്തിലെ ഏറ്റവും നല്ല ചില വാർത്തകൾ അറിയിക്കാൻ മോർസ് ആയിരുന്നു ഉപയോഗിച്ചത്. ഉദാഹരണത്തിന്, രണ്ടു ലോക മഹായുദ്ധങ്ങളിലെയും വെടിനിർത്തലിനെ കുറിച്ചു പ്രക്ഷേപണം ചെയ്യാൻ അത് ഉപയോഗിക്കുകയുണ്ടായി.”
ഷൂസുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ
“ആറിൽ ഒരാൾക്കു വീതം ഷൂസുകളുമായി ബന്ധപ്പെട്ടതെന്നു പറയാവുന്ന ഗുരുതരമായ പാദപ്രശ്നങ്ങൾ ഉള്ളതായി വൈദ്യരംഗത്തുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു” എന്ന് ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. മുട്ടിനു വേദന, ഇടുപ്പിനു വേദന, നടുവേദന, തലവേദന എന്നിവയെല്ലാം നിങ്ങളുടെ ഷൂസുകൾ പരിശോധിക്കണമെന്നുള്ളതിന്റെ സൂചനയായിരിക്കാം. “ഷൂസുകൾ ഒരിക്കലും പാദങ്ങളുമായി ഇണങ്ങുന്നില്ല, മറിച്ച് പാദങ്ങൾ അതിനോടാണ് ഇണങ്ങുന്നത് എന്നതാണ് ഓർത്തിരിക്കേണ്ട ഒരു പ്രധാന സംഗതി,” സ്റ്റാർ പറയുന്നു. “സാവധാനം പാദങ്ങളുമായി ഇണങ്ങുമെന്നു വിചാരിച്ചു ഷൂസുകൾ വാങ്ങരുത്. കടയിൽവെച്ച് ഇട്ടുനോക്കുമ്പോൾ ശരിക്കും പാകമല്ലെങ്കിൽ അതു വാങ്ങരുത്.” “എല്ലാ ദിവസവും, സമയം കടന്നുപോകുന്നത് അനുസരിച്ചു പാദങ്ങൾ കുറേശ്ശേ ചീർക്കുന്നു.” അതുകൊണ്ട്, ഉച്ചകഴിഞ്ഞുള്ള സമയത്തു ഷൂസുകൾ വാങ്ങുക. “ഷൂസുകൾ വാങ്ങുമ്പോൾ ഉപ്പൂറ്റി ഭാഗത്തു പാകമാണോ എന്നു നോക്കുന്നതിനു പകരം കാലിന്റെ മുൻഭാഗത്തു പാകമാണോ എന്നു നോക്കുക.” കണക്കുകൾ അനുസരിച്ച്, പാദസംബന്ധമായ പ്രശ്നങ്ങളും വൈകല്യങ്ങളും കൂടുതലുള്ളതു സ്ത്രീകൾക്കാണ്. അവരിൽ 90 ശതമാനം പേരും “തീരെ ചെറിയ അല്ലെങ്കിൽ വളരെ ഇറുക്കമുള്ള ഷൂസുകൾ ധരിക്കുന്നതു” കൊണ്ടും “ഉപ്പൂറ്റി പൊങ്ങിയ ഷൂസുകൾ അങ്ങേയറ്റം ഗുരുതരമായ പല പാദരോഗങ്ങൾക്കും വഴിതെളിക്കുന്നതു” കൊണ്ടും ആണ് അങ്ങനെ സംഭവിക്കുന്നത് എന്നു കരുതപ്പെടുന്നു. “ക്ഷതം ഉണ്ടായ ശേഷമേ വേദന ഉണ്ടാകുന്നുള്ളൂ എന്ന കാര്യം ഓർത്തിരിക്കുന്നതും പ്രധാനമാണ്” എന്ന് ആ പത്രം കൂട്ടിച്ചേർത്തു.
ചൈനയിലെ ബൈബിൾ പ്രസിദ്ധീകരിക്കൽ
“കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ചൈന വിശുദ്ധ ബൈബിളിന്റെ രണ്ടു കോടിയിലധികം പ്രതികൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. 1990-കളുടെ ആരംഭം മുതൽ അവിടെ ഏറ്റവും പ്രചാരം സിദ്ധിച്ചിരിക്കുന്ന പുസ്തകങ്ങളിൽ ബൈബിളും ഉൾപ്പെടുന്നു” എന്നു ഷിൻവാ ന്യൂസ് ഏജൻസി പറയുന്നു. ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിന്റെ കീഴിലുള്ള ‘ലോക മത ഇൻസ്റ്റിറ്റ്യൂട്ടി’ലെ പ്രൊഫസറായ ഫെങ്ക് ജിൻയുയാൻ പറയുന്നപ്രകാരം, ചൈനയിലെ ക്രിസ്ത്യാനികൾക്കു ബൈബിളിന്റെ രണ്ടു പ്രതികൾ വീതം വാങ്ങാനുള്ള അധികാരം ഉണ്ട്. 20 വ്യത്യസ്ത പതിപ്പുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. “ചൈനീസ് പരിഭാഷയുള്ള ഇംഗ്ലീഷ് പതിപ്പുകളും പരമ്പരാഗത, ലളിത ലിപിയിലുള്ള ചൈനീസ് പതിപ്പുകളും ന്യൂനപക്ഷ വംശീയ വിഭാഗങ്ങളുടെ ഭാഷകളിലുള്ള പരിഭാഷകളും അക്കൂട്ടത്തിൽ പെടുന്നു. കൂടെ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലും മേശപ്പുറത്തു വെക്കാവുന്ന വലിപ്പത്തിലുമൊക്കെ അവ ലഭ്യമാണ്.” അതിനുപുറമേ, നിരവധി ബൈബിൾ കഥ പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവ ബൈബിളിന്റെ വിതരണത്തെ കടത്തിവെട്ടുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. “1990-കളുടെ ആരംഭം മുതൽ രാജ്യത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള പുസ്തകങ്ങളിൽ ബൈബിൾ 32-ാം സ്ഥാനത്തു നിൽക്കുന്നു” എന്ന് ആ ലേഖനം പ്രസ്താവിച്ചു. എങ്കിലും, “പൊതുവെ പറഞ്ഞാൽ, പാശ്ചാത്യരോടുള്ള താരതമ്യത്തിൽ മതം ചൈനാക്കാരിൽ കുറഞ്ഞ സ്വാധീനമേ ചെലുത്തുന്നുള്ളൂ.”