യുവജനങ്ങൾ ചോദിക്കുന്നു . . .
സങ്കൽപ്പ-കഥാപാത്ര കളികൾ—എന്തെങ്കിലും അപകടം പതിയിരിക്കുന്നുണ്ടോ?
“സങ്കൽപ്പങ്ങളാണ് അതിൽ എല്ലാം. സങ്കൽപ്പ സാമ്രാജ്യത്തിൽ നിങ്ങൾക്കു വേണമെങ്കിൽ ഒരു ജാലവിദ്യക്കാരനാകാം അല്ലെങ്കിൽ ഒരു യോദ്ധാവാകാം. ആരെല്ലാം ആകാൻ ആഗ്രഹിക്കുന്നുവോ അവരെല്ലാം ആയിത്തീരാം. ഇന്നതേ ആകാൻ പാടുള്ളൂ എന്ന അതിർവരമ്പുകൾ ആരും വെച്ചിട്ടില്ല.”—ക്രിസ്റ്റോഫ്.
“ആകാൻ കഴിയാത്തത് എല്ലാം ആയിത്തീരൂ.” ജനസമ്മതിയാർജിച്ച ഒരു സങ്കൽപ്പ-കഥാപാത്ര കളിയെ കുറിച്ചു വിവരിക്കുന്നതിനിടയിൽ ഒരു മാസിക ഈ പരസ്യവാചകം ഉദ്ധരിക്കുകയുണ്ടായി. സങ്കൽപ്പ-കഥാപാത്ര കളികളുടെ കൽപ്പിതലോകത്തിലേക്ക് ഊളിയിടുന്നത് ലക്ഷക്കണക്കിനു യുവജനങ്ങൾക്ക് ഇന്നൊരു വലിയ ഹരമായി തീർന്നിരിക്കുകയാണ്. എന്നാൽ സങ്കൽപ്പ-കഥാപാത്ര കളികൾ വാസ്തവത്തിൽ എന്താണ്?
ഷ്യൂ ഡി റോൾ (സങ്കൽപ്പ-കഥാപാത്ര കളികൾ) എന്ന പുസ്തകം പറയുന്നു: “ഓരോ കളിക്കാരനും ഒരു പ്രത്യേക നിയോഗത്തിൽ അല്ലെങ്കിൽ എന്തിനെങ്കിലും വേണ്ടിയുള്ള അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഐതിഹാസിക കഥാപാത്രത്തിനു ജീവൻ കൊടുക്കുന്നു. അങ്ങനെ, സങ്കൽപ്പലോകത്തിലെ സാഹസികത നിറഞ്ഞ ഒരു അനുഭവത്തിലൂടെ കടന്നുപോകാൻ സ്വയം ഒരുങ്ങുന്നു.” നിയോഗം നിറവേറ്റുന്നതിനു വേണ്ട അനുഭവസമ്പത്ത്, പണം, ആയുധങ്ങൾ അല്ലെങ്കിൽ മാന്ത്രിക സിദ്ധികൾ എന്നിവ ആർജിച്ചെടുത്ത് ഈ സാങ്കൽപ്പിക കഥാപാത്രത്തെ വികസിപ്പിക്കുക എന്നതാണു കളിയുടെ ലക്ഷ്യം.
1970-കളിലാണ് സങ്കൽപ്പ-കഥാപാത്ര കളികൾ ജനപ്രീതി ആർജിച്ചത്. ഡൻജിയൻസ് ആൻഡ് ഡ്രാഗൺസ്a എന്ന കളി പ്രചാരത്തിൽ വന്നതോടെ ആയിരുന്നു അത്. അതിനു ശേഷം, ബോർഡ് ഗെയിമുകൾ, ട്രേഡിങ് കാർഡുകൾ, പ്രതിപ്രവർത്തക പുസ്തകങ്ങൾ (interactive books), കമ്പ്യൂട്ടർ ഗെയിമുകൾ, സാഹസികത നിറഞ്ഞ ഭാഗങ്ങൾ കളിക്കാർ അഭിനയിച്ചു കാട്ടുന്ന ലൈവ്-ആക്ഷൻ ഗെയിമുകൾ എന്നിവ ഉൾപ്പെടുന്ന ഈ കളികൾ ദശലക്ഷക്കണക്കിനു ഡോളറിന്റെ ഒരു വ്യവസായമായി വളർന്നിരിക്കുന്നു. ഈ കളിയിൽ സ്ഥിരമായി ഏർപ്പെടുന്ന 60 ലക്ഷത്തിലധികം പേർ ഐക്യനാടുകളിൽ തന്നെ ഉണ്ട്, യൂറോപ്പിലും ലക്ഷങ്ങൾ ഇതിൽ ഏർപ്പെടുന്നു. ഫ്രാൻസിലെ അനേകം ഹൈസ്കൂളുകളിൽ സങ്കൽപ്പ-കഥാപാത്ര കളികൾക്കു വേണ്ടിയുള്ള ക്ലബ്ബുകൾ ഉണ്ട്. ജപ്പാനിലാണെങ്കിൽ, ഏറ്റവുമധികം ജനസമ്മതിയുള്ള വീഡിയോ ഗെയിമുകൾ ആണ് ഇവ.
ഈ കളികളെ അനുകൂലിക്കുന്നവർ പറയുന്നത് ഇവ ഭാവനയെ ഉത്തേജിപ്പിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവുകൾ വികസിപ്പിക്കുമെന്നും പരസ്പരം ഇടപഴകാനുള്ള കൂടുതലായ അവസരം ഒരുക്കിത്തരും എന്നുമൊക്കെയാണ്. ഇതിനെ എതിർക്കുന്നവർ പക്ഷേ, ഈ കളികളെ ആത്മഹത്യ, കൊലപാതകം, ബലാത്സംഗം, ശവപ്പെട്ടി കുത്തിത്തുറക്കൽ പോലുള്ള ഹീനകാര്യങ്ങൾ, പൈശാചികത്വം എന്നിവയോടു ബന്ധപ്പെടുത്തുന്നു. സങ്കൽപ്പ-കഥാപാത്ര കളിയുടെ ഇടയിൽ ഒരു 52-കാരനെ കൊലപ്പെടുത്തി എന്ന സംശയത്തിന്റെ പേരിൽ സ്പെയിനിലെ മാഡ്രിഡിൽ രണ്ടു യുവാക്കളെ അറസ്റ്റു ചെയ്യുകയുണ്ടായി. ജപ്പാനിൽ, അതുപോലൊരു കളിയുടെ അന്തിമപാദത്തിൽ ഒരു കൗമാരപ്രായക്കാരൻ മാതാപിതാക്കളെ കൊലപ്പെടുത്തുകയും സ്വന്തം കൈക്കുഴകൾ കീറിമുറിക്കുകയും ചെയ്തു. ഇതെല്ലാം വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ് എന്നതു ശരിതന്നെ. മിക്ക കളിക്കാരും, ബുദ്ധിശാലികളും മറ്റുള്ളവരോടു നന്നായി ഇണങ്ങിപ്പോകുന്ന സ്വഭാവക്കാരുമാണ്. എന്നാലും, ക്രിസ്തീയ യുവാക്കൾ ഇങ്ങനെ സ്വയം ചോദിക്കുന്നതു നന്നായിരിക്കും: ‘സങ്കൽപ്പ-കഥാപാത്ര കളികൾ എനിക്കു പറ്റിയതാണോ? ഞാൻ ജാഗ്രത പാലിക്കേണ്ട കാര്യമുണ്ടോ?’
അക്രമവും ഗൂഢവിദ്യയും
സങ്കൽപ്പ-കഥാപാത്ര കളികൾ അവതരണശൈലിയിലും ഉള്ളടക്കത്തിലും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. അനേകം കളികളിലും—എല്ലാറ്റിലും ഇല്ലെങ്കിലും—അക്രമം ഉൾപ്പെട്ടിരിക്കുന്നു. ഈ കളികൾ സൃഷ്ടിക്കുന്ന സങ്കൽപ്പപ്രപഞ്ചങ്ങളിൽ, മുന്നേറുന്നതിന് അല്ലെങ്കിൽ അതിജീവിക്കുന്നതിന് അക്രമം പലപ്പോഴും ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. അങ്ങനെയാണെങ്കിൽ, അത്തരം കളികൾ ബൈബിളിന്റെ അനുശാസനവുമായി എങ്ങനെ യോജിക്കാനാണ്? സദൃശവാക്യങ്ങൾ 3:31 ഇപ്രകാരം പറയുന്നു: “അക്രമിയോട് അസൂയപ്പെടരുത്, നീ അവന്റെ പെരുമാറ്റം അനുകരിക്കുകയും അരുത്.” (പുതിയ യെരുശലേം ബൈബിൾ) അക്രമം അല്ല, ‘സമാധാനം അന്വേഷിച്ചു പിന്തുടരാൻ’ ആണ് ബൈബിൾ നമ്മെ പ്രചോദിപ്പിക്കുന്നത്.—1 പത്രൊസ് 3:11.
പരിഗണിക്കേണ്ട മറ്റൊരു സംഗതി, മിക്കപ്പോഴും ഈ കളികളിൽ മന്ത്രവാദത്തിന് ഒരു ഗണ്യമായ സ്ഥാനം തന്നെയുണ്ട് എന്നതാണ്. പലപ്പോഴും കളിക്കാർക്ക് ക്ഷുദ്രക്കാരോ അല്ലെങ്കിൽ മന്ത്രശക്തിയുള്ള മറ്റാരെങ്കിലുമോ ആയി അഭിനയിക്കാൻ കഴിയും. അപ്പോൾ, ശത്രുക്കളെ നേരിടുന്നതിന് അല്ലെങ്കിൽ മുന്നിലെ തടസ്സങ്ങൾ നീക്കുന്നതിന് അവർ ഗൂഢവിദ്യ ഉപയോഗിക്കുന്നു. ജനപ്രീതിയാർജിച്ച ഒരു കളിയിൽ “കളിക്കാർക്ക് പ്രധാനദൂതന്മാരുടെ സേവകരായ മാലാഖമാരായോ ഭൂത രാജകുമാരന്മാരുടെ സേവകരായ ഭൂതങ്ങളായോ അഭിനയിക്കാൻ സാധിക്കും . . . കളിയിലെ ദൈവനിന്ദാപരമായ ധ്വനി അതിനെ രസകരമാക്കിത്തീർക്കുന്നു.” ഒരു കമ്പ്യൂട്ടർ കളിയിൽ “സാത്താൻ” എന്ന പദം വെറുതെ ടൈപ്പു ചെയ്താൽ ആ കളിക്കാരനു കളിയിൽ പൂർണ ആധിപത്യം പുലർത്താൻ കഴിയും.
എന്നിരുന്നാലും, ഇത്തരം കളികളിൽ ഒരുപാടു സമയം ചെലവിടാത്തിടത്തോളം കാലം കുഴപ്പമൊന്നുമില്ല എന്നു ചില ക്രിസ്തീയ യുവജനങ്ങൾ ന്യായവാദം ചെയ്തിട്ടുണ്ട്. ഒരു യുവാവ് ഇങ്ങനെ പറയുന്നു: “അതു വെറുമൊരു കളിയാണ്.” ശരിയായിരിക്കാം. പക്ഷേ, ഗൂഢവിദ്യകളിൽ ഏർപ്പെടുന്നതിന് എതിരെ ദൈവം ഇസ്രായേല്യർക്കു മുന്നറിയിപ്പു നൽകി. മോശെക്കു നൽകിയ ന്യായപ്രമാണത്തിൽ “പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു” എന്നു വ്യക്തമാക്കിയിരിക്കുന്നു.—ആവർത്തനപുസ്തകം 18:10-12.
അങ്ങനെയെങ്കിൽ, ഗൂഢവിദ്യയെ പ്രോത്സാഹിപ്പിക്കുന്ന ഏതെങ്കിലും ഒരു കളിയിൽ ഏർപ്പെടുന്നതു ബുദ്ധി ആയിരിക്കുമോ? മന്ത്രശക്തിയുള്ള കഥാപാത്രങ്ങളായി അഭിനയിക്കുന്നത് “‘സാത്താന്റെ ആഴമേറിയ രഹസ്യങ്ങളിലേക്ക്’” കുഴിച്ചിറങ്ങുന്നതിനു തുല്യമാകില്ലേ? (വെളിപ്പാട് 2:24, ഓശാന ബൈബിൾ) ഒരു യുവാവ് ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ദിവസം മുഴുവൻ സങ്കൽപ്പ-കഥാപാത്ര കളിയിൽ ഏർപ്പെട്ടതിനു ശേഷം എനിക്കു വീട്ടിൽ നിന്നു പുറത്തിറങ്ങാൻതന്നെ പേടിയായിരുന്നു. ആരെങ്കിലും എന്നെ ആക്രമിക്കും എന്ന തോന്നലായിരുന്നു എനിക്ക്.” വാസ്തവത്തിൽ സപ്തനാഡികളെയും തളർത്തിക്കളയുന്ന അത്തരം ഭയം ഉളവാക്കുന്ന എന്തെങ്കിലും ആരോഗ്യാവഹമായിരിക്കുമോ?
മറ്റു ഘടകങ്ങൾ
“കാലം ചുരുങ്ങിയിരിക്കുന്നു” എന്ന് 1 കൊരിന്ത്യർ 7:29-ൽ ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. ഈ കളികളുടെ മറ്റൊരു ദൂഷ്യവശം ഇവ മിക്കപ്പോഴും വളരെയധികം സമയം കവർന്നെടുക്കുന്നു എന്നതാണ്. ഇവയിൽ ചിലതു കളിച്ചുതീരുന്നതിന് മണിക്കൂറുകൾ, ദിവസങ്ങൾ, എന്തിന് ആഴ്ചകൾ പോലും എടുത്തേക്കാം. അതുമാത്രമോ, കഥാപാത്രത്തെ അങ്ങേയറ്റം ഉൾക്കൊള്ളുന്നതു കൊണ്ട് കളിയോട് ഒരുതരം ആസക്തി ഉടലെടുത്തേക്കാം. അങ്ങനെ, മറ്റെന്തും ഇതു കഴിഞ്ഞേ ഉള്ളൂ എന്ന ഒരു അവസ്ഥതന്നെ സംജാതമായേക്കാം. ഒരു യുവാവ് ഇപ്രകാരം സമ്മതിക്കുന്നു: “കളിയുടെ ഓരോ ഘട്ടം കഴിയുമ്പോഴും എനിക്കു കുറെക്കൂടി കടുത്ത വെല്ലുവിളികൾ വേണമെന്നായി, യഥാർഥ ജീവിതവുമായി കുറെക്കൂടി ഇണങ്ങുന്ന വിധത്തിൽ അഭിനയിക്കണമെന്നായി. ഞാൻ ശരിക്കും അതിന് അടിമയായി കഴിഞ്ഞിരുന്നു.” അത്തരം ആസക്തി ഒരു യുവാവിന്റെ പഠനത്തെയും ആത്മീയ പ്രവർത്തനങ്ങളെയും എപ്രകാരമായിരിക്കും ബാധിക്കുക?—എഫെസ്യർ 5:15-17.
ജപ്പാനിലെ ഒരു യുവാവ് ഇങ്ങനെ അനുസ്മരിക്കുന്നു: “കളിയിലെ അടുത്ത നീക്കം എന്തായിരിക്കണം എന്നതിനെ കുറിച്ചായിരുന്നു ഏതു നേരവും എന്റെ ചിന്ത, കളിക്കാതിരിക്കുമ്പോൾ പോലും. സ്കൂളിൽ ആണെങ്കിലും യോഗസ്ഥലത്ത് ആണെങ്കിലും കളിയെ കുറിച്ചുള്ള ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ. അങ്ങനെ മറ്റൊന്നും ചിന്തിക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ എത്തിച്ചേർന്നു ഞാൻ. എന്റെ ആത്മീയത താറുമാറായി.” തുടക്കത്തിൽ പരാമർശിച്ച ക്രിസ്റ്റോഫ് താൻ “ഈ ലോകത്തെങ്ങും അല്ലാത്ത” ഒരു അവസ്ഥയിലായി തീർന്നിരുന്നതിനെ കുറിച്ചു പറയുന്നു. ‘ചിരിപ്പാനും നൃത്തംചെയ്വാനും ഒരു കാലം’ ഉണ്ട് എന്നുള്ളതു സത്യമാണ്. പക്ഷേ, ആത്മീയ പ്രവർത്തനങ്ങൾക്ക് ഒട്ടും നേരമില്ലാത്തവിധം വിനോദങ്ങളിൽ മുഴുകുന്നത് ശരിയാണോ?—സഭാപ്രസംഗി 3:4.
ഈ കളികൾ എത്തരം ആത്മാവിനെ ആണ് ഉന്നമിപ്പിക്കുന്നത് എന്ന കാര്യവും പരിചിന്തിക്കുക. സങ്കൽപ്പ-കഥാപാത്ര കളികളെ ഫ്രാൻസിലെ ഒരു മാസിക പിൻവരുന്ന വാക്കുകളിൽ വർണിക്കുകയുണ്ടായി: “രക്തം ഉറഞ്ഞുപോകുന്ന തരത്തിലുള്ള, ലോകത്തെ സംബന്ധിച്ച നിങ്ങളുടെ വീക്ഷണം എന്നേക്കുമായി മാറ്റിമറിക്കാൻ പോന്ന, അധഃപതിച്ചതും അനാരോഗ്യകരമായതും ദുഷിച്ചതുമായ കുറെ അനുഭവങ്ങളാകും അവ നിങ്ങൾക്കു സമ്മാനിക്കുക.” അത്തരം ആത്മാവ് “തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ” എന്ന ബൈബിൾ ബുദ്ധിയുപദേശത്തിനു ചേർച്ചയിലാണോ? (1 കൊരിന്ത്യർ 14:20) താൻ ഏർപ്പെട്ടിരുന്ന കളികൾ “ക്രിസ്തീയ ധാർമികതയ്ക്കു ചേർച്ചയിൽ അല്ലായിരുന്നുവെന്ന” നിഗമനത്തിൽ ക്രിസ്റ്റോഫ് ഒടുവിൽ എത്തിച്ചേർന്നു. അവൻ പറയുന്നു: “പ്രസംഗപ്രവർത്തനം, യോഗങ്ങൾ, ക്രിസ്തീയ സ്നേഹം പോലുള്ള പ്രയോജനകരമായ കാര്യങ്ങളെ കുറിച്ചുള്ള പഠനം തുടങ്ങിയവയിൽ എല്ലാം പങ്കെടുക്കുമ്പോൾ തന്നെ ഞാൻ ക്രിസ്ത്യാനിത്വവുമായി ഒട്ടും ചേർന്നു പോകാത്ത ഒരു സങ്കൽപ്പ-കഥാപാത്രമായി അഭിനയിക്കുകയുമായിരുന്നു. അത് ഒട്ടും ശരിയായിരുന്നില്ല.”
മിഥ്യയോ യാഥാർഥ്യമോ?
യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നതിനു വേണ്ടിയാണു മിക്ക യുവാക്കളും ഈ കളികളിൽ ഏർപ്പെടുന്നത്. എന്നിരുന്നാലും, ഒരു മായികലോകത്തിൽ സ്വയം മറന്നു ജീവിക്കുന്നത് ആരോഗ്യകരമായിരിക്കുമോ? ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ ലോറാൻ ട്രേമെൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഭാവിയെ സംബന്ധിച്ച അനിശ്ചിതത്വം മുഖമുദ്ര ആയുള്ള യഥാർഥ ലോകത്തിന് . . . നേരെ വിപരീതമാണ് യഥാർഥമെന്നു തോന്നിപ്പിക്കുന്ന സങ്കൽപ്പലോകങ്ങളിലെ ജീവിതം. ക്രമേണ നിങ്ങൾക്ക് അതിലെ സർവ നിയമങ്ങളും പഠിച്ചെടുക്കാനാകും എന്നു മാത്രമല്ല നിങ്ങളെ പോലെ തന്നെയോ നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നുവോ ആ വ്യക്തിയെ പോലെയോ ഉള്ള ഒരു കഥാപാത്രത്തിനു ജീവൻ നൽകാനും കഴിയും.” മാനസിക ആരോഗ്യ വിദഗ്ധയായ എറ്റി ബ്യൂസിൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ കളിയിൽ ഏർപ്പെടുമ്പോൾ യുവാക്കളുടെ വിചാരം, ലോകത്തെ ഉടച്ചു വാർക്കാൻ പോന്ന ഒരു അപകടം പിടിച്ച ജീവിതമാണു തങ്ങൾ നയിക്കുന്നത് എന്നാണ്. എന്നാൽ വാസ്തവത്തിൽ അതും വെറും തോന്നലാണ്. അവർ സമൂഹത്തിൽ നിന്നും അതിന്റെ കൂച്ചുവിലങ്ങുകളിൽ നിന്നും പലായനം ചെയ്യുക മാത്രമാണു ചെയ്യുന്നത്.”
ആത്യന്തികമായി അത്തരം ഒളിച്ചോട്ടം ഒരുവനെ നിരാശയിലാഴ്ത്തുക മാത്രമായിരിക്കും ചെയ്യുക. കാരണം, കളി തീർന്നാലും ജീവിതത്തിന്റെ കയ്പേറിയ യാഥാർഥ്യങ്ങൾ പിന്നെയും ബാക്കി കിടക്കുന്നുണ്ടാകും. ഇവയെ ഒടുവിൽ നേരിട്ടേ പറ്റൂ. ഒരു സാങ്കൽപ്പിക കഥാപാത്രമെന്ന നിലയിൽ എത്രമാത്രം വിജയിച്ചാലും എത്രമാത്രം സാഹസികത പ്രകടമാക്കിയാലും, ജീവിതം സമ്പൂർണ പരാജയമായി മാറുന്നതിന്റെ അല്ലെങ്കിൽ ജീവിതത്തിൽ ഉയരങ്ങൾ താണ്ടാനാകാതെ വരുന്നതിന്റെ കുറവ് അതു നികത്തുകയില്ല. ചെയ്യേണ്ട ശരിയായ സംഗതി, ജീവിത യാഥാർഥ്യങ്ങളെ ചങ്കുറപ്പോടെ നേരിടുക എന്നതാണ്! യഥാർഥ ജീവിത സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് നിങ്ങളുടെ ഗ്രഹണപ്രാപ്തികൾക്കു മൂർച്ചകൂട്ടുക. (എബ്രായർ 5:14, NW) പ്രശ്നങ്ങളെ നേരിടുന്നതിനു നിങ്ങളെ പ്രാപ്തനാക്കുന്ന ആത്മീയ ഗുണങ്ങൾ വളർത്തിയെടുക്കുക. (ഗലാത്യർ 5:22, 23) അങ്ങനെ ചെയ്യുന്നത് ഏതെങ്കിലും ഒരു കളിയിൽ ഏർപ്പെടുന്നതിനെക്കാൾ വളരെയധികം സന്തുഷ്ടി പകർന്നു തരും എന്നു മാത്രമല്ല, പ്രതിഫലദായകവും ആയിരിക്കും.
സങ്കൽപ്പ-കഥാപാത്രമായുള്ള അഭിനയം ഉൾപ്പെടുന്ന എല്ലാ കളികളും ദോഷം ചെയ്യും എന്ന് ഇതിന് അർഥമില്ല. ബൈബിൾ കാലങ്ങളിൽ പോലും, കൊച്ചുകുട്ടികൾ കുറച്ചൊക്കെ ഭാവനയും സങ്കൽപ്പ-കഥാപാത്രമായുള്ള അഭിനയവും ഉൾപ്പെട്ടിരുന്ന കളികൾ കളിക്കുമായിരുന്നു. യേശു ഇത്തരം കളികൾ നിരീക്ഷിച്ചിട്ടുള്ളതായി ബൈബിൾ രേഖപ്പെടുത്തുന്നു. (ലൂക്കൊസ് 7:32) നിഷ്കളങ്കമായ വിനോദങ്ങളെ യേശു കുറ്റം വിധിച്ചില്ല. എന്നിരുന്നാലും, ക്രിസ്തീയ യുവജനങ്ങളും അവരുടെ മാതാപിതാക്കളും “കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊ”ണ്ടേയിരിക്കണം. (എഫെസ്യർ 5:9) ഒരു കളിയിൽ ഏർപ്പെടുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോൾ, നിങ്ങളോടു തന്നെ ചോദിക്കുക: ‘അതു “ജഡത്തിന്റെ പ്രവൃത്തിക”ളെയാണോ പ്രതിഫലിപ്പിക്കുന്നത്? ദൈവവുമായുള്ള എന്റെ ബന്ധത്തെ അതു തടസ്സപ്പെടുത്തുമോ?’ (ഗലാത്യർ 5:19-21) ഇത്തരം സംഗതികൾ പരിചിന്തിക്കുക വഴി സങ്കൽപ്പ-കഥാപാത്ര കളികളെ സംബന്ധിച്ച് ബുദ്ധിപൂർവകമായ ഒരു തീരുമാനമെടുക്കാൻ നിങ്ങൾക്കു കഴിയും.
[അടിക്കുറിപ്പുകൾ]
a 1982 മാർച്ച് 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 26-ഉം 27-ഉം പേജുകൾ കാണുക.
[13-ാം പേജിലെ ചിത്രങ്ങൾ]
ചില സങ്കൽപ്പ-കഥാപാത്ര കളികൾ ഏതു തരത്തിലുള്ള ആത്മാവിനെ ആണ് ഉന്നമിപ്പിക്കുന്നത്?