തളർന്നു പിന്മാറാതിരിക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു
കാൻസറിന് എതിരെയുള്ള 17 വയസ്സുകാരൻ മാറ്റ് ടേപീയോയുടെ നീണ്ട പോരാട്ടത്തെ കുറിച്ച് ഒരു ചെറിയ ലേഖനം 1998 ഒക്ടോബർ 22 ലക്കം ഉണരുക!യിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. “അവൻ തളർന്നു പിന്മാറിയില്ല” എന്നതായിരുന്നു അതിന്റെ ശീർഷകം. പ്രസ്തുത ലേഖനം തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്ത്, 1998 ഏപ്രിൽ 19-ാം തീയതി മാറ്റ് മരണമടഞ്ഞു.
മാറ്റുമായി നടത്തിയ റെക്കോർഡ് ചെയ്ത ഒരു അഭിമുഖസംഭാഷണം യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ കേൾപ്പിച്ച കാര്യം ലേഖനത്തിൽ പരാമർശിച്ചിരുന്നു. അതിലെ മാറ്റിന്റെ വാക്കുകൾ, പ്രത്യേകിച്ചും യുവപ്രായക്കാരെ ആഴത്തിൽ സ്പർശിച്ചു. അവരിൽ ചിലരുടെ വികാരങ്ങൾ ചുവടെ ചേർക്കുന്നു.
കാനഡയിൽ നിന്നുള്ള 20 വയസ്സുകാരിയായ ഡെസെരി, യഹോവയോടുള്ള മാറ്റിന്റെ അഗാധ സ്നേഹത്തെ കുറിച്ചു വായിച്ചത് തന്നെയും മുഴുസമയ ശുശ്രൂഷയിലെ പങ്കാളിയെയും സ്വാധീനിച്ച വിധത്തെ കുറിച്ച് എഴുതുകയുണ്ടായി. അവൾ എഴുതി: “ഞങ്ങൾ പൊട്ടിക്കരഞ്ഞു പോയി. ഏറെ നേരത്തേക്കു ഞങ്ങൾക്കു കരച്ചിൽ അടക്കാനായില്ല. . . . ‘ഇപ്പോൾ ചെയ്യാൻ കഴിയുന്നതു ചെയ്യുക! . . . എന്തുതന്നെ സംഭവിച്ചാലും യഹോവയെ കുറിച്ച് സാക്ഷീകരിക്കുന്നത് ഒരിക്കലും നിറുത്തരുത്’ എന്ന മാറ്റിന്റെ വാക്കുകളിൽ നിന്ന് എല്ലാവർക്കും വിശേഷിച്ചും, യുവജനങ്ങൾക്ക് എന്തുമാത്രം പഠിക്കാൻ കഴിയുമെന്നോ!”
ഐക്യനാടുകളിലെ കെന്റക്കിയിൽ താമസിക്കുന്ന എറിൻ ഇപ്രകാരം എഴുതി: “ആ അനുഭവം വായിച്ചപ്പോൾ എനിക്കു കണ്ണീരടക്കാൻ സാധിച്ചില്ല. ആരോഗ്യമുള്ള ഒരു 16 വയസ്സുകാരി എന്ന നിലയിൽ സാധിക്കുന്ന സമയത്ത് എനിക്ക് യഹോവയ്ക്കായി പരമാവധി ചെയ്യണം. അങ്ങനെ, ഒരുനാൾ മാറ്റ് പുനരുത്ഥാനം പ്രാപിച്ചു വരുമ്പോൾ അവന്റെ അനുഭവം എന്നെ എത്ര മാത്രം പ്രോത്സാഹിപ്പിച്ചു എന്ന് എനിക്ക് അവനോടു നേരിട്ടു പറയാനാകും.” ഐക്യനാടുകളിലെ ടെക്സാസിൽ ഉള്ള 15 വയസ്സുകാരി മരിയയും സമാനമായി അഭിപ്രായപ്പെടുകയുണ്ടായി. അവൾ ഇങ്ങനെ വിശദീകരിച്ചു: “ആരോഗ്യമുള്ളപ്പോൾ യഹോവയ്ക്കായി ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ചെയ്യാൻ ഞാൻ തീരുമാനിച്ചുറച്ചിരിക്കുകയാണ്. മാറ്റിന്റെ ബുദ്ധിയുപദേശം എന്നെ കുറച്ചൊന്നുമല്ല സഹായിച്ചത്.”
ഐക്യനാടുകളിലെ സൗത്ത് കരോളിനയിൽ നിന്നുള്ള ജെസ്സീക്ക എന്ന യുവപ്രായക്കാരി ഇങ്ങനെ എഴുതി: “എനിക്ക് 13 വയസ്സുണ്ട്. യഹോവയോട് അകമഴിഞ്ഞ സ്നേഹവും തീക്ഷ്ണതയും ഉള്ള ഒരു യുവപ്രായക്കാരനെ കുറിച്ച് അറിയാൻ കഴിഞ്ഞതു വ്യക്തിപരമായി എന്നെ വളരെയേറെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. മാറ്റ് ടേപീയോയുടെ അവസ്ഥയെ കുറിച്ചു വായിച്ചപ്പോൾ ആരോഗ്യമുള്ളവൾ ആയിരിക്കുന്നതുകൊണ്ട് ഞാൻ എത്രമാത്രം അനുഗൃഹീതയാണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞു. പുതിയ വ്യവസ്ഥിതിയിൽ കണ്ടുമുട്ടാൻ ഞാൻ ഉദ്ദേശിച്ചിരിക്കുന്ന സഹോദരീസഹോദരന്മാരുടെ പട്ടികയിലേക്ക് മാറ്റിന്റെ പേരു കൂടി ഞാൻ ചേർത്തിട്ടുണ്ട്!”
ഇറ്റലിയിലെ സാൻ സേവേരിനോ മാർക്കേയിൽ താമസിക്കുന്ന സാറാ ഇപ്രകാരം എഴുതി: “ലേഖനം വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. എനിക്ക് മാറ്റിന്റെ അതേ പ്രായമാണ്, 17 വയസ്സ്. എന്നാൽ എനിക്കു നല്ല ആരോഗ്യമുണ്ട്. മാറ്റിനെ പോലെ, യഹോവയെ കുറിച്ചു സാക്ഷീകരിക്കുന്നത് ഒരിക്കലും നിർത്തരുത് എന്നാണ് എന്റെ ആഗ്രഹം. തന്റെ ജീവിതത്തിലെ അങ്ങേയറ്റം പ്രയാസകരമായ നിമിഷങ്ങളിൽ പോലും മാറ്റ് യഹോവയെ കുറിച്ചു സംസാരിക്കാതിരുന്നില്ല. ഇതു പോലുള്ള അനുഭവങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു നന്ദി. ഞങ്ങളുടെ ജീവിതത്തിന്റെയും സമയത്തിന്റെയും ഊർജത്തിന്റെയും ഏറ്റവും മികച്ച ഭാഗം യഹോവയ്ക്കു നൽകാൻ ഇതുപോലുള്ള അനുഭവങ്ങൾ ഞങ്ങൾക്കു പ്രചോദനമേകുന്നു.—സഭാപ്രസംഗി 12:1.”
സഹിച്ചുനിൽക്കാൻ പുനരുത്ഥാന പ്രത്യാശ സഹായിക്കുന്നു
ചെറുപ്പക്കാരായാലും പ്രായമായവരായാലും ശരി, മരണമെന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടി വരിക ഇന്നു തികച്ചും സാധാരണമാണ്. 19 വയസ്സുള്ള ഹെയ്ഡി ഇപ്രകാരം നിരീക്ഷിക്കുകയുണ്ടായി: “കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം എനിക്കു പ്രിയപ്പെട്ട രണ്ടുപേരെയാണ് മരണം അപഹരിച്ചത്. എനിക്കു സാന്ത്വനം പകർന്നുതരുന്ന ഒരേയൊരു സംഗതി, അവരെ പുനരുത്ഥാനത്തിൽ വീണ്ടും കണ്ടുമുട്ടാമെന്ന പ്രത്യാശയാണ്.
“മാറ്റിനെ കുറിച്ചും തീരെ സുഖമില്ലെങ്കിൽ കൂടിയും മറ്റുള്ളവരോടു സാക്ഷീകരിക്കാൻ ഉള്ള അവന്റെ ദൃഢനിശ്ചയത്തെ കുറിച്ചും എനിക്കു വളരെയേറെ അഭിമാനം തോന്നുന്നു. അവൻ എല്ലാവർക്കും ഒരു യഥാർഥ മാതൃകയാണ്. പുനരുത്ഥാനത്തിൽ മടങ്ങിയെത്തുമ്പോൾ അവനെ സ്നേഹത്തോടെ ഒന്ന് ആലിംഗനം ചെയ്യാൻ ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.”
നാൻസി എന്നു പേരുള്ള ഒരു അമ്മ ഇപ്രകാരം എഴുതി: “കണ്ണീരോടെയാണ് ഞാൻ ലേഖനം വായിച്ചത്. ഞങ്ങളുടെ മകൾ റേഷലിനും മസ്തിഷ്ക സ്തംഭത്തിൽ മുഴ ആയിരുന്നു. അവൾ മരിച്ചത് 1996 ജനുവരി 11-ന് ആണ്, മാറ്റ് സ്നാപനമേൽക്കുന്നതിനു രണ്ടു ദിവസങ്ങൾക്കു മുമ്പ്. മരിക്കുമ്പോൾ റേഷലിന് വെറും ആറു വയസ്സായിരുന്നു പ്രായം. പക്ഷേ, മാറ്റിനെ പോലെ അവളും ഒരു പോരാളിയായിരുന്നു. യഹോവയെ പ്രീതിപ്പെടുത്താൻ തന്നാലാകുന്നതെല്ലാം ചെയ്യാൻ അവൾ എല്ലായ്പോഴും ശ്രമിച്ചിരുന്നു.
“ഞങ്ങളുടെ പൊന്നോമന നല്ല ആരോഗ്യത്തോടെ അവളുടെ ബാല്യം പൂർണമായി ആസ്വദിക്കുന്നതു കാണാൻ യഹോവ ഞങ്ങളെ അനുവദിക്കുന്ന ആ ദിനം എത്രയോ മഹത്തായതായിരിക്കും. യായീറൊസിനെയും ഭാര്യയെയും പോലെ ഞങ്ങളും ‘വിസ്മയത്താൽ [‘ഹർഷോന്മാദത്താൽ,’ NW]’ മതിമറക്കും.”—മർക്കോസ് 5:42.
ഐക്യനാടുകളിലെ ജോർജിയയിൽ നിന്നുള്ള ഷാന്നോൺ എഴുതി: “രോഗി ആയിരിക്കുമ്പോൾ പോലും ഒരുവന് യഹോവയ്ക്കു വേണ്ടി ശക്തമായി നിലകൊള്ളാൻ ആകുമെന്ന് ഈ ജീവിതകഥ എനിക്കു മനസ്സിലാക്കി തന്നു. എനിക്ക് ഗുരുതരമായ രോഗമൊന്നും ഇല്ല. എല്ലായ്പോഴും നല്ല ആരോഗ്യം ഉണ്ടായിരുന്നിട്ടുണ്ടു താനും. എന്നാലും, പിന്നീട് വായിക്കുന്നതിനു വേണ്ടി ഞാൻ ഇതു സൂക്ഷിച്ചു വെക്കുന്നുണ്ട്.
“പുനരുത്ഥാന പ്രത്യാശ മാറ്റിന്റെ മാതാപിതാക്കൾക്ക് ആശ്വാസമേകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. എനിക്കു പ്രാണനായിരുന്ന മുത്തശ്ശിയെ മരണം കവർന്നെടുത്തത് 1995-ലാണ്. യഹോവയെ അറിയാമെന്നതിലും എന്റെ പ്രിയപ്പെട്ടവരെ വീണ്ടും കാണാമെന്ന പ്രത്യാശയുള്ളതിലും ഞാൻ എന്തുമാത്രം നന്ദിയുള്ളവളാണെന്നോ.”
സ്പെയിനിലെ ഒരു കൗമാരപ്രായക്കാരി ഇങ്ങനെ എഴുതി: “ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകേണ്ടതിന്റെ പ്രാധാന്യം മാതാപിതാക്കൾ എന്റെയും നാലു സഹോദരിമാരുടെയും മനസ്സുകളിൽ ഉൾനട്ടിട്ടുണ്ട്. എന്നാൽ അവയ്ക്കു കേവലം ഒരു യാന്ത്രിക ചര്യയായി മാറാനും കഴിയും എന്ന് ഈ അനുഭവം വായിച്ചപ്പോൾ എനിക്കു മനസ്സിലായി. മാറ്റിന് ഇത്ര നല്ല ആത്മീയ വിദ്യാഭ്യാസം നൽകിയതിന് അവന്റെ മാതാപിതാക്കളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ നമുക്ക് എല്ലാവർക്കും ഒരു മാതൃകയാണ്. ഇത്തരം നഷ്ടത്തോടു പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണെങ്കിലും, യഹോവ എല്ലായ്പോഴും നമ്മോടൊപ്പം ഉണ്ട് എന്ന് അവർ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
“പുതിയ ലോകത്തിൽ മാറ്റിനെ കണ്ടുമുട്ടാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അവൻ ഒരു ഉത്തമ ദൃഷ്ടാന്തമാണെന്നും ഞങ്ങളെല്ലാം അവനെ ഹൃദയപൂർവം സ്മരിക്കാറുണ്ടായിരുന്നെന്നും എനിക്ക് അവനോടു പറയണം. യഹോവ ജീവനുള്ളവരുടെ ദൈവമാണ്. നാലു വർഷം മുമ്പ് മരിച്ചുപോയ എന്റെ അനുജത്തി എവിടെയാണോ അവിടെത്തന്നെയാണ് മാറ്റും ഇപ്പോൾ—യഹോവയുടെ ഓർമയിൽ. (ലൂക്കൊസ് 20:38) മാറ്റ്, എന്റെ അനുജത്തി ഇവാ, വിശ്വസ്തരായ മറ്റനേകം ദൈവദാസന്മാർ ഇവർക്കെല്ലാം അവിടെ സ്ഥാനമുണ്ട്. യഹോവ അങ്ങേയറ്റം നല്ലവനാണ്. അവൻ നമ്മെ ഒരിക്കലും ഉപേക്ഷിക്കില്ല.”
അതെ, അത്ഭുതകരമായ ഒന്നാണ് പുനരുത്ഥാന പ്രത്യാശ. ഒരു നിധി പോലെ നമുക്ക് അതിനെ കരുതാം. നമ്മുടെ സ്രഷ്ടാവായ ദൈവത്തെ നിത്യം സ്മരിച്ചുകൊണ്ട് നമുക്ക് ഈ മഹത്തായ വാഗ്ദാനത്തോടുള്ള വിലമതിപ്പു പ്രകടമാക്കാം, അവന്റെ പ്രിയപുത്രനായ യേശുക്രിസ്തു ചെയ്തതു പോലെ.
[24-ാം പേജിലെ ചിത്രം]
ഡെസെരി
[24-ാം പേജിലെ ചിത്രം]
എറിൻ
[24-ാം പേജിലെ ചിത്രം]
മരിയ
[24-ാം പേജിലെ ചിത്രം]
ജെസ്സീക്ക
[25-ാം പേജിലെ ചിത്രം]
സാറാ
[25-ാം പേജിലെ ചിത്രം]
ഹെയ്ഡി
[25-ാം പേജിലെ ചിത്രം]
നാൻസി, ഭർത്താവിനോടും മകൾ റേഷലിനോടും ഒപ്പം
[25-ാം പേജിലെ ചിത്രം]
ഷാന്നോൺ