ഒട്ടകങ്ങളും കാട്ടുകുതിരകളും സ്വൈരവിഹാരം നടത്തുന്നിടം
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഔട്ട്ബാക്ക് ഓസ്ട്രേലിയ അഥവാ ഓസ്ട്രേലിയയിലെ ഒറ്റപ്പെട്ട ഉൾപ്രദേശങ്ങൾ എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്താണ്? ചാടിച്ചാടി നടക്കുന്ന കങ്കാരുവും പറക്കാൻ കഴിവില്ലാത്ത എമുവും നിറഞ്ഞ, പൊടിപാറുന്ന ചെമന്ന മരുഭൂമികളും ചുട്ടുപൊള്ളുന്ന പകലുകളും ഉള്ള ഒരു ദേശത്തിന്റെ ചിത്രമാണോ? നിങ്ങളുടെ ധാരണ കുറെയൊക്കെ ശരിതന്നെ—എന്നാൽ അത് വിസ്മയങ്ങളുടെ നാടു കൂടിയാണ്.
ഭൂമിയിൽ, വന്യമായ ഒട്ടക കൂട്ടങ്ങളുള്ള ഏക സ്ഥലം ഓസ്ട്രേലിയ ആണെന്ന്, ഈ ലോകത്തിൽ കാട്ടുകുതിരകളുടെയും കഴുതകളുടെയും ഏറ്റവും വലിയ കൂട്ടം അധിവസിക്കുന്നത് അവിടെയാണെന്ന്, നിങ്ങൾ അറിഞ്ഞിരുന്നോ? പ്രതികൂല സാഹചര്യങ്ങളെ ചെറുത്തുനിൽക്കാൻ ശേഷിയുള്ള ഈ മൃഗങ്ങളുടെ ആഗമനവും അതിജീവനവും പൊരുത്തപ്പെടൽ പ്രാപ്തിയുടെയും ഏറ്റുമുട്ടലുകളുടെയും അധികമാരും അറിയാത്ത ഒരു കഥയാണ്. ഒപ്പം, പോയ നാളുകളുടെ ഒരു ജീവിക്കുന്ന സ്മാരകവും.
ഒട്ടകങ്ങൾ—ഔട്ട്ബാക്കിന്റെ വികാസത്തിനു പിന്നിൽ
ഓസ്ട്രേലിയയിലെ ഒട്ടകം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഒരു ഗോപാലകൻ ഉണർത്തിയ അതേ പരാതിതന്നെ കഴിഞ്ഞ നാലു ദശാബ്ദങ്ങളായി ചില ഉൾനാടൻ കാലിവളർത്തലുകാരും ഏറ്റുപാടിയിരിക്കുന്നു. ഗോപാലകന്റെ പരാതി ഇതായിരുന്നു: “5 ഒട്ടകങ്ങൾ 10 കിലോമീറ്റർ ദൂരത്തിൽ വേലി തകർത്തിട്ടിരിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു. . . . വേലിയുടെ ഒരു ഭാഗത്ത് അവ കമ്പി തകർത്തു കളഞ്ഞതിനു പുറമേ, വേലിക്കാലും മറിച്ചിട്ടിരുന്നു.”
നീളൻ കാലുകളും പൊണ്ണൻ ശരീരവും ഉള്ള ഒട്ടകം വിചാരിച്ചാൽ എത്ര പണം മുടക്കി നിർമിച്ച വേലിക്കെട്ടും തകർത്തുകളയാവുന്നതേയുള്ളൂ. എന്നാൽ ബലിഷ്ഠമായ ഈ കാലുകൾ തന്നെയാണ് ഈ ഭൂഖണ്ഡത്തിന്റെ വരണ്ടുണങ്ങിയ ഉൾപ്രദേശങ്ങൾക്കു കുറുകെ ജീവത്പ്രധാനമായ ചില നിർമാണപ്രവർത്തനങ്ങൾ സാധ്യമാക്കിയതും.
ആയിരത്തെണ്ണൂറ്ററുപതിൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ഒട്ടകങ്ങൾ, ഓസ്ട്രേലിയയുടെ തെക്കുനിന്ന് വടക്കോട്ടുള്ള ഐതിഹാസിക യാത്രയിൽ പര്യവേക്ഷകരായ ബർക്കിനോടും വിൽസിനോടും ഒപ്പമുണ്ടായിരുന്നു. അസാധാരണ കരുത്തും സഹനശേഷിയും ഉള്ള ഈ മൃഗങ്ങൾ ആദ്യകാല സാഹസികരുടെ പ്രിയപ്പെട്ട കൂട്ടാളികളായിത്തീർന്നു. അപാര മൈലേജുള്ള അവയ്ക്ക് 15 ലിറ്റർ വെള്ളം മാത്രം അകത്താക്കിക്കൊണ്ട് 300 കിലോഗ്രാം ഭാരവും പേറി 800 കിലോമീറ്റർ സഞ്ചരിക്കാൻ കഴിഞ്ഞു.
തികച്ചും ആശ്രയയോഗ്യരായ ഈ മൃഗങ്ങൾ, പുതുതായി കണ്ടെത്തിയ സ്വർണ വയലുകളിൽ ഭക്ഷണവും സാമഗ്രികളും എത്തിക്കുന്നതിലും ആഡെലെയ്ഡിൽനിന്ന് ഡാർവിനിലേക്ക് കരമാർഗം ടെലഗ്രാഫ് ലൈൻ നിർമിക്കുന്നതിലും സിഡ്നിയെ പെർത്തുമായി ബന്ധിപ്പിക്കുന്ന ട്രാൻസ്-ഓസ്ട്രേലിയൻ റെയിൽ പാതയ്ക്കുവേണ്ടി സ്ഥലം സർവേ ചെയ്യുന്നതിലും സഹായിച്ചു. നാൽപ്പതു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ അവ പാത തെളിച്ച് മുന്നേറി. ആ പാത പിന്തുടരാൻ ആധുനിക വാഹനങ്ങൾക്ക് ഇപ്പോൾ പോലും ബുദ്ധിമുട്ടാണ്.
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിരണ്ട് ആയപ്പോഴേക്കും മെരുക്കിയെടുത്ത ഒട്ടകങ്ങളുടെ എണ്ണം 22,000 എന്ന അത്യുച്ചത്തിലെത്തി. എന്നാൽ മോട്ടോർവാഹനങ്ങൾ വന്നെത്തിയതോടെ നിരവധി ഒട്ടകങ്ങളെ സ്വതന്ത്രമായി വിട്ടയച്ചു. യഥേഷ്ടം ചുറ്റിത്തിരിയാനും പെറ്റുപെരുകാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഫലമായി, ഇന്ന് ഓസ്ട്രേലിയൻ മരുഭൂമികളിലെ ഒട്ടകങ്ങളുടെ എണ്ണം 2,00,000 കവിഞ്ഞിരിക്കുന്നുവത്രെ. ആറു വർഷത്തിനുള്ളിൽ ഇവയുടെ എണ്ണം ഇരട്ടിയാകുമെന്ന് ചിലർ കണക്കാക്കുന്നു.
എന്നാൽ പ്രകൃതിയുടെ മടിത്തട്ടിൽ സ്വൈരവിഹാരം നടത്താനുള്ള അവസരം ഈ ഒട്ടകങ്ങളിൽ എല്ലാറ്റിനുമില്ല. മധ്യ ഓസ്ട്രേലിയൻ ഒട്ടക സമിതിയുടെ ഒരു വക്താവ് ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “ലോകത്തിൽ രോഗങ്ങളില്ലാത്ത ഒട്ടക കൂട്ടങ്ങൾ ഉള്ളത് ഓസ്ട്രേലിയയിൽ മാത്രമാണ്. അതുകൊണ്ട്, എല്ലാ വർഷവും കുറച്ച് എണ്ണത്തെ ഐക്യനാടുകളിലെയും ഏഷ്യയിലെയും മൃഗശാലകളിലേക്കും പാർക്കുകളിലേക്കും കയറ്റി അയയ്ക്കുന്നുണ്ട്.” കൂടാതെ, ഒട്ടകപ്പുറത്തേറി ഓസ്ട്രേലിയയുടെ ഉൾപ്രദേശത്തെ വന്യ ചുറ്റുപാടുകളിൽ സന്ദർശനം നടത്താനുള്ള അവസരം പ്രാദേശിക ടൂർ സംഘാടകർ സന്ദർശകർക്കു നൽകുന്നുണ്ട്. ഒട്ടകങ്ങൾക്കു പുറമേ, അടിമനുകത്തിൽനിന്നു മോചിപ്പിക്കപ്പെട്ട മറ്റു ചുമട്ടു മൃഗങ്ങളെയും അവിടെ കാണാം.
കാട്ടുകുതിര
ആദ്യത്തെ ഇംഗ്ലീഷ് നാവികവ്യൂഹം തടവുകാരെയും പട്ടാളക്കാരെയും കുതിരകളെയും കൊണ്ട് 1788-ലാണ് ഓസ്ട്രേലിയൻ തീരത്ത് എത്തിയത്. ഈ രാജ്യത്തെ കുതിരയുടെ ചരിത്രം അതിന്റെ കൂട്ടാളിയായ മനുഷ്യന്റേതു പോലെ തന്നെ, സാഹസികതയും ദുരിതവും ഇഴകോർത്തതാണ്.
ആദ്യകാല കുടിയേറ്റക്കാരെ ഭൂഖണ്ഡത്തിന്റെ നാലു കോണിലും എത്തിച്ചുകൊണ്ട് കുതിരകൾ പുതിയ പ്രദേശം കീഴടക്കാനുള്ള അവരുടെ നെട്ടോട്ടത്തിൽ ഒരു നിർണായക പങ്കുതന്നെ വഹിച്ചു. ഇതിനിടയിൽ ഒറ്റതിരിഞ്ഞുപോയവയും കടന്നുകളഞ്ഞവയും ആയ കുതിരകൾ ചേർന്ന് കാട്ടുകുതിരകളുടെ പറ്റങ്ങൾ രൂപം കൊണ്ടു. ഇങ്ങനെ കാടുകയറിപ്പോകുന്ന കുതിരകളെ കുറിക്കാൻ ഉപയോഗിക്കുന്ന ആംഗലേയ പദമായ “ബ്രംബി” ക്വീൻസ്ലാൻഡിലെ ആദിവാസി പദമായ ബാരൂംബിയിൽനിന്ന് ഉണ്ടായതാകാനിടയുണ്ട്. “വന്യം” എന്നാണ് ഈ പദത്തിനർഥം.
കാട്ടുകുതിരയുടെ സ്വതന്ത്രവും വന്യവും ആയ പ്രകൃതി എ. ബി. (ബാഞ്ചോ) പാറ്റെഴ്സണിനെപോലുള്ള കവികളുടെ ഭാവനയെ തൊട്ടുണർത്തി. അദ്ദേഹത്തിന്റെ “ദ മാൻ ഫ്രം സ്നോവി റിവർ” എന്ന കാവ്യം, പല ഓസ്ട്രേലിയക്കാരുടെയും ഹൃദയങ്ങളിൽ കാട്ടുകുതിരയുടെ സ്ഥാനം ഉറപ്പാക്കി. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വെയ്ലറിന്റെ—ഓസ്ട്രേലിയൻ ലൈറ്റ് ഹോഴ്സ് ബ്രിഗേഡിനുവേണ്ടി പ്രത്യേകം ഉത്പാദിപ്പിച്ചെടുത്തതും ഇന്ത്യൻ സേന ഉപയോഗിച്ചിരുന്നതുമായ കുതിരയാണ് അത്—ഡിമാൻഡ് കുറയുകയും അവയെ സ്വതന്ത്രമായി വിട്ടയയ്ക്കുകയും ചെയ്തതോടെ കാട്ടുകുതിരകളുടെ എണ്ണം വർധിച്ചു. ഓസ്ട്രേലിയയിൽ ഇപ്പോൾ 3,00,000 കാട്ടുകുതിരകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.
സ്വതന്ത്രമായി ചുറ്റിത്തിരിയുന്ന ഈ കുതിരകളുടെ കുളമ്പുകൾ കൊല്ലന്റെ ചുറ്റിക പോലെ വർത്തിക്കുന്നു. അവ ദുർബലമായ മേൽമണ്ണിനെ പൊടിച്ചുകളയുകയും ജലാശയക്കരയിലെ മണ്ണിനെ അടർത്തിക്കളയുകയും ചെയ്യുന്നു. വരൾച്ചക്കാലത്ത്, അവ പട്ടിണി കിടന്നോ വെള്ളം കിട്ടാതെയോ ചാകുന്നു. ഇപ്പോൾത്തന്നെ കന്നുകാലിപ്പറ്റങ്ങളുടെ പെരുപ്പത്താൽ പൊറുതി മുട്ടുന്ന ഒരു രാജ്യത്ത് ഈ കാട്ടുകുതിരകൾ താങ്ങാനാവാത്ത ഒരു ഭാരമായിത്തീർന്നിരിക്കുന്നു. അതുകൊണ്ട് അവയുടെ എണ്ണം കുറയ്ക്കാനായി ഓരോ വർഷവും നിയമത്തിന്റെ പിന്തുണയോടുകൂടിത്തന്നെ ആയിരക്കണക്കിനെണ്ണത്തെ കൊന്നുകളയുന്നു. ചിലതിനെ മനുഷ്യൻ ഇറച്ചിക്കായി ഉപയോഗിക്കുന്നു. മറ്റു ചിലതിനെ മൃഗങ്ങൾക്കുള്ള തീറ്റയായി വിൽക്കുന്നു.
എണ്ണം കണക്കിലെടുക്കുമ്പോൾ യഥാർഥത്തിൽ സ്വൈരവിഹാരം നടത്തിയിരിക്കുന്നത് കാട്ടുകുതിരയുടെ ബന്ധുവായ കാട്ടുകഴുതയാണ്. കാട്ടുകുതിരയെക്കാളും ഉത്പാദന ശേഷിയുള്ളതും ഒട്ടകത്തെക്കാളും വ്യാപകവുമായ കാട്ടുകഴുതയ്ക്ക് സ്വന്തം നേട്ടം ഒരു ശാപമായിത്തീർന്നിരിക്കുന്നു.
യൂദാ പദ്ധതി
കുതിരകളെപ്പോലെതന്നെ കഴുതകളും ആദ്യമായി ഇറക്കുമതി ചെയ്യപ്പെട്ടത് 1700-കളുടെ അവസാനത്തോടെയാണ്. ഭാരം വലിക്കാനോ നിലം ഉഴാനോ ആയി ഉപയോഗിക്കപ്പെട്ട അവ പെട്ടെന്നുതന്നെ പുതിയ പരിതഃസ്ഥിതിയുമായി ഇണങ്ങിച്ചേർന്നു. 1920-കളിൽ വന്യ പരിസ്ഥിതിയിലേക്ക് അവയെ കൂട്ടത്തോടെ വിട്ടയച്ചു. തുടർന്ന് അവയുടെ അംഗസംഖ്യ സ്വാഭാവിക കാട്ടുകഴുതകളുടേതിന്റെ 30 ഇരട്ടിയായിത്തീർന്നു.
ഒട്ടകങ്ങളെപ്പോലെ മരുഭൂമിയിലെ ജീവിതത്തിന് അനുയോജ്യമായ ശരീരഘടനയാണ് കഴുതകൾക്കുമുള്ളത്. ശരീരത്തിൽ ജലാംശം തീരെ കുറവായിരിക്കുന്ന സമയത്ത് വിയർപ്പിലൂടെ ജലം നഷ്ടപ്പെടുന്നത് തടയാൻ അവയ്ക്കു കഴിയും. കൂടാതെ, ശരീരഭാരത്തിന്റെ 30 ശതമാനം വരെ ജലം നഷ്ടപ്പെട്ടാലും അവയ്ക്കു ജീവിച്ചിരിക്കാൻ കഴിയും. (ശരീരഭാരത്തിന്റെ 12 മുതൽ 15 വരെ ശതമാനം ജലനഷ്ടം പോലും താങ്ങാൻ മറ്റു പല സസ്തനികൾക്കും സാധ്യമല്ല.) തഴച്ചുവളരുന്ന മേച്ചിൽപ്പുറങ്ങളോടാണ് അവയ്ക്കു പ്രിയം. എങ്കിലും കന്നുകാലികൾ തിരിഞ്ഞു നോക്കുകപോലും ഇല്ലാത്ത പരുക്കൻ സസ്യങ്ങൾ തിന്നു ജീവിക്കാൻ അവയ്ക്കു ബുദ്ധിമുട്ടില്ല. 1970-കൾ ആയപ്പോഴേക്കും 7,50,000-ത്തിലധികം കഴുതകൾ ഭൂഖണ്ഡത്തിന്റെ പകുതി ഭാഗത്ത് വിഹരിച്ചിരുന്നു. ഇവയുടെ എണ്ണം വർധിച്ചുവരുന്നത് പരിസ്ഥിതി വ്യവസ്ഥയ്ക്കും കന്നുകാലി വ്യവസായത്തിനും ഒരു ഭീഷണിയായിത്തീർന്നു; അതുകൊണ്ട് ഇതിനെതിരെ നടപടി എടുക്കേണ്ടത് ആവശ്യമായി വന്നു.
1978 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ കഴുതകൾ ക്രമീകൃതമായി കൊലചെയ്യപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഓസ്ട്രേലിയയിൽത്തന്നെ 5,00,000-ത്തിലധികം കഴുതകളെയാണ് കൊന്നൊടുക്കിയത്. യൂദാ പദ്ധതി എന്നു വിളിക്കപ്പെടുന്ന ഒന്ന് ഇപ്പോൾ നടപ്പാക്കിവരുകയാണ്. കഴുതകളിൽ റേഡിയോ ട്രാൻസ്മിറ്ററുകൾ ഘടിപ്പിച്ചിട്ട്—ഇപ്പോൾ 300 കഴുതകളിൽ ഇത് ഘടിപ്പിച്ചിട്ടുണ്ട്—അവയെ വിട്ടയയ്ക്കുന്നു. മറ്റു കഴുതകളുടെ അടുത്തേക്കു പോകുന്ന ഇവ, ഹെലികോപ്റ്ററിൽ പിന്തുടരുന്ന നിരീക്ഷകർക്ക് ഫലത്തിൽ അവയെ ഒറ്റിക്കൊടുക്കുന്നു. ഇങ്ങനെ കണ്ടെത്തുന്ന കഴുതകളെ ദയാപൂർവമായ രീതിയിൽ കൊന്നൊടുക്കുന്നു. യൂദാ കഴുത മറ്റൊരു പറ്റത്തിന്റെ അടുത്തേക്കു പോകുമ്പോൾ അവയെയും കണ്ടെത്താനാകുന്നു.
“ഇത് ദീർഘകാല അടിസ്ഥാനത്തിലുള്ള ഒരു പ്രശ്നമാണ്” പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഒരു കൃഷി സംരക്ഷണ ഓഫീസർ ഉണരുക!-യോടു പറഞ്ഞു. “പ്രത്യുത്പാദന ശേഷിയുള്ള കഴുതകളുടെ ചെറിയ പറ്റങ്ങളെ അങ്ങനെ വിട്ടിരുന്നാൽ, വളരെ ചുരുങ്ങിയ കാലഘട്ടംകൊണ്ട് കഴുതകളുടെ എണ്ണം 1970-കളിലെ അത്രയുംതന്നെ ആകും,” അദ്ദേഹം മുന്നറിയിപ്പു നൽകി. “ഈ മൃഗങ്ങളെ കൊല്ലുകയും അവിടെത്തന്നെ ഉപേക്ഷിച്ചുപോരുകയും ചെയ്യുന്നതിന്റെ കാരണം ആളുകൾക്ക് പലപ്പോഴും മനസ്സിലാകുന്നില്ല. എന്നാൽ അങ്ങനെ ചെയ്യുകയല്ലാതെ വേറെ നിർവാഹമില്ല എന്നതാണു സത്യം. ഈ പ്രദേശങ്ങളിൽ എത്തിപ്പെടാൻതന്നെ നന്നേ ബുദ്ധിമുട്ടാണ്. അവിടെ റോഡുകൾ ഒന്നുമില്ല. മിക്കയിടങ്ങളിലും ഹെലികോപ്റ്റർ വഴി മാത്രമേ എത്തിച്ചേരാനാവൂ. മനുഷ്യന്റെ ഇടപെടലാണ് പ്രശ്നമുണ്ടാക്കിയത്. അതുകൊണ്ട് കഴിയുന്നിടത്തോളം മനുഷ്യത്വപരമായി കെടുതികൾ കുറയ്ക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.”
പിടിച്ചുനിൽക്കാൻ കഴിവുള്ളവയും അത്യുത്പാദനശേഷിയുള്ളവയും
ഓസ്ട്രേലിയയുടെ മധ്യഭാഗം ആർക്കും വേണ്ടാത്ത ചുമട്ടു മൃഗങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞ ഒരു സ്ഥലമാണെന്ന ധാരണയാണ് നിങ്ങൾക്കിപ്പോൾ ഉണ്ടായിരിക്കുന്നതെങ്കിൽ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ ഓസ്ട്രേലിയയുടെ ഉൾപ്രദേശം വളരെ വലുതാണ്. യൂറോപ്പിന്റെ അത്രയും വലിപ്പവും എത്തിപ്പെടാൻ ഏതാണ്ട് ചന്ദ്രനിൽ പോകുന്ന അത്രതന്നെ ബുദ്ധിമുട്ടുള്ളതുമായ ഒരു പ്രദേശത്താണ് ഈ മൃഗങ്ങൾ വിഹരിക്കുന്നത്—അവിടത്തെ ഭൂപ്രദേശത്തിനും രണ്ടു സ്ഥലങ്ങളോടും സാദൃശ്യമുണ്ട്. ഈ മൃഗപറ്റങ്ങളെ പിന്തുടരുന്നതുതന്നെ ഒരു വെല്ലുവിളിയാണ്, അപ്പോൾപ്പിന്നെ അവയെ നിയന്ത്രിക്കുന്ന കാര്യം പറയാനുണ്ടോ!
വംശനാശഭീഷണി നേരിടുന്ന പല തദ്ദേശ ജീവിവർഗങ്ങളിൽനിന്നും വ്യത്യസ്തമായി പ്രതികൂല സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിവുള്ളവയും അത്യുത്പാദനശേഷിയുള്ളവയും ആയ ഈ മൃഗങ്ങൾ പരിസ്ഥിതിവ്യവസ്ഥയുടെ ഒരു സ്ഥിര ഘടകമായിത്തീർന്നുകൊണ്ടിരിക്കുകയാണ്. സ്വാഭാവിക ഇരപിടിയന്മാരിൽനിന്നു സ്വതന്ത്രമായി, രോഗങ്ങൾക്കു പിടികൊടുക്കാതെ കഴിയുന്ന അവ ഓസ്ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ സ്വൈരവിഹാരം നടത്തുന്നു! (g01 4/8)
[26-ാം പേജിലെ ചിത്രം]
ഓസ്ട്രേലിയയിലെ മരുഭൂമികളിൽ 2,00,000-ത്തോളം ഒട്ടകങ്ങൾ യഥേഷ്ടം ചുറ്റിത്തിരിയുന്നുണ്ട്
[കടപ്പാട്]
Agriculture Western Australia
[26, 27 പേജുകളിലെ ചിത്രങ്ങൾ]
സിംപ്സൺ മരുഭൂമിയുടെ ഓരത്ത് കാട്ടുകുതിരകൾ വിഹരിക്കുന്നു
[27-ാം പേജിലെ ചിത്രം]
ആട്ടുരോമ കെട്ടുകൾ വലിച്ചു കൊണ്ടുപോകുന്ന ഒട്ടകങ്ങൾ, 1929
[കടപ്പാട്]
Image Library, State Library of New South Wales
[28-ാം പേജിലെ ചിത്രം]
കാട്ടുകുതിരകളെ ഒരുമിച്ചു കൂട്ടുന്നു—ഔട്ട്ബാക്ക് ശൈലി
[കടപ്പാട്]
© Esther Beaton
[28-ാം പേജിലെ ചിത്രം]
യൂദാ കഴുതയിൽ റേഡിയോ ട്രാൻസ്മിറ്റർ ഘടിപ്പിക്കുന്നു
[കടപ്പാട്]
Agriculture Western Australia