‘ഇത്തവണയെങ്കിലും അദ്ദേഹത്തിനു മാറ്റം വരുമായിരിക്കും’
നല്ല ചുറുചുറുക്കുള്ള സുന്ദരിയായ ഒരു വീട്ടമ്മയാണു റോക്സാനാ.a തെക്കേ അമേരിക്കയിലെ ആദരണീയനായ ഒരു ശസ്ത്രക്രിയാ വിദഗ്ധന്റെ ഭാര്യ. നാലു കുട്ടികളുടെ അമ്മ. റോക്സാനാ പറയുന്നു: “സ്ത്രീകളോടുള്ള എന്റെ ഭർത്താവിന്റെ പെരുമാറ്റം വളരെ ഹൃദ്യമാണ്. പുരുഷന്മാരുടെ ഇടയിലോ അദ്ദേഹം സുസമ്മതനും.” എന്നാൽ റോക്സാനായുടെ ഭർത്താവിന്, അടുത്ത സുഹൃത്തുക്കൾ പോലും കാണാത്ത മറ്റൊരു മുഖമുണ്ട്. “വീട്ടിൽ അദ്ദേഹം ഒരു ഭീകരനാണ്. കടുത്ത അസൂയയാണ് അദ്ദേഹത്തിന്റെ പ്രശ്നം.”
തന്റെ കദനകഥ തുടരവേ റോക്സാനായുടെ മുഖം ഉത്കണ്ഠയാൽ വലിഞ്ഞു മുറുകുന്നു. “വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കകംതന്നെ പ്രശ്നം തലപൊക്കി. എന്റെ അമ്മയും ആങ്ങളമാരും ഞങ്ങളെ കാണാൻ വന്നു. അവരുമായി വർത്തമാനം പറഞ്ഞും ചിരിച്ചും ഞാൻ വളരെ സന്തോഷകരമായി സമയം ചെലവഴിച്ചു. എന്നാൽ അവർ പോയ ഉടനെ അദ്ദേഹത്തിന്റെ ഭാവം മാറി. ദേഷ്യത്തോടെ അദ്ദേഹം എന്നെ സോഫയിലേക്കു തള്ളിയിട്ടു. എനിക്കതു വിശ്വസിക്കാനായില്ല.”
ദുഃഖകരമെന്നു പറയട്ടെ, റോക്സാനായുടെ ദുരിതങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്. അന്നുമുതൽ വർഷങ്ങളായി അവർക്കു നിരന്തരം ഇങ്ങനെയുള്ള ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നിരിക്കുന്നു. ഈ പീഡനം എല്ലായ്പോഴും ഒരു പ്രത്യേക മാതൃക പിൻപറ്റുന്നതു പോലെ കാണപ്പെടുന്നു. റോക്സാനായുടെ ഭർത്താവ് അവരെ അടിക്കും. അതിനുശേഷം കാലുപിടിച്ചു ക്ഷമ ചോദിക്കും, ഇനിയൊരിക്കലും അത് ആവർത്തിക്കില്ല എന്ന് ഉറപ്പു കൊടുക്കും. കുറച്ചു കാലത്തേക്ക് കുഴപ്പമൊന്നും കാണില്ല. അതിനുശേഷം വീണ്ടും എല്ലാം പഴയപടി തന്നെ. “ഓരോ പ്രാവശ്യവും ഞാൻ വിചാരിക്കും ഇത്തവണയെങ്കിലും അദ്ദേഹത്തിനു മാറ്റം വരുമെന്ന്. ഓടിപ്പോയാലും പിന്നെയും ഞാൻ അദ്ദേഹത്തിന്റെ അടുക്കലേക്കുതന്നെ മടങ്ങി ചെല്ലും,” റോക്സാനാ പറയുന്നു.
എന്നെങ്കിലും ഒരിക്കൽ തന്റെ ഭർത്താവ് കൂടുതൽ അക്രമത്തിനു മുതിരും എന്നു റോക്സാനാ ഭയപ്പെടുന്നു. “എന്നെയും കുട്ടികളെയും കൊന്നശേഷം ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്” എന്ന് അവർ പറയുന്നു. “ഒരിക്കൽ കത്രിക എന്റെ കഴുത്തോട് അടുപ്പിച്ചുപിടിച്ച് അദ്ദേഹം ഭീഷണിപ്പെടുത്തി. മറ്റൊരിക്കൽ ഒരു തോക്ക് എന്റെ ചെവിക്കു നേരെ പിടിച്ച്, കാഞ്ചി വലിച്ചു! അതിൽ ഉണ്ടയില്ലാതിരുന്നത് ദൈവാനുഗ്രഹം. പക്ഷേ പേടികൊണ്ട് എന്റെ പകുതി ജീവൻ പോയി.”
നിശ്ശബ്ദ സഹനത്തിന്റെ പാരമ്പര്യം
റോക്സാനായെ പോലെ, അക്രമാസക്തരായ പുരുഷന്മാരുടെb പീഡനത്തിന് ഇരകളാകുന്ന ദശലക്ഷക്കണക്കിനു സ്ത്രീകൾ ലോകവ്യാപകമായുണ്ട്. അവരിൽ അനേകരും അതു പുറത്തു പറയാറില്ല. പരാതിപ്പെടുന്നതുകൊണ്ട് കാര്യമൊന്നും ഇല്ലെന്ന് അവർ ചിന്തിക്കുന്നു. “പെട്ടെന്നു വികാരംകൊള്ളുന്ന സ്വഭാവമാണ് എന്റെ ഭാര്യയുടേത്” അല്ലെങ്കിൽ “അവൾക്ക് കാര്യങ്ങൾ ഊതിവീർപ്പിക്കുന്ന ഒരു സ്വഭാവമുണ്ട്” എന്നൊക്കെ പറഞ്ഞ് പലപ്പോഴും, ഭാര്യമാരെ ഉപദ്രവിക്കുന്നവർ കുറ്റാരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നതായാണു കണ്ടുവരുന്നത്.
ഏറ്റവും സുരക്ഷിതത്വം തോന്നേണ്ട സ്ഥലത്ത്, അതായത് സ്വന്തം ഭവനത്തിൽ, പല സ്ത്രീകളും സദാ കൊടുംഭീതിയോടെ കഴിയേണ്ടി വരുന്ന ഈ അവസ്ഥ വളരെ പരിതാപകരമാണ്. എന്നിരുന്നാലും പലപ്പോഴും മർദനത്തിന് ഇരയാകുന്നവരോടല്ല മറിച്ച് മർദിക്കുന്നവരോടാണ് ആളുകൾ സഹതാപം കാണിക്കുന്നത്. സമൂഹത്തിൽ നിലയും വിലയുമുള്ള ഒരു വ്യക്തി തന്റെ ഇണയെ ഉപദ്രവിക്കും എന്നത് എന്തുകൊണ്ടോ അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഉദാഹരണത്തിന്, മറ്റുള്ളവരുടെ മുമ്പിൽ വളരെ മാന്യനായി കാണപ്പെട്ട തന്റെ ഭർത്താവ് തന്നെ പീഡിപ്പിക്കുന്നതിനെ കുറിച്ചു പുറത്തു പറഞ്ഞപ്പോൾ അനീറ്റ എന്ന സ്ത്രീക്കു ലഭിച്ച പ്രതികരണം എന്തായിരുന്നുവെന്ന് നോക്കുക. “ഞങ്ങളുടെ ഒരു പരിചയക്കാരൻ എന്നോടു പറഞ്ഞു: ‘ഇത്ര നല്ലൊരു മനുഷ്യനെ കുറിച്ചാണോ നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്? കഷ്ടംതന്നെ.’ ഞാൻ ഏതെങ്കിലും രീതിയിൽ അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കുന്നുണ്ടാകും എന്നായിരുന്നു മറ്റൊരു വ്യക്തിയുടെ നിഗമനം! എന്റെ ഭർത്താവിന്റെ തനിനിറം വെളിച്ചത്തായപ്പോൾ പോലും ചില സുഹൃത്തുക്കൾ എന്നെ ഒഴിവാക്കാൻ തുടങ്ങി. ‘ആണുങ്ങൾ അങ്ങനെയൊക്കെയാണ്,’ ഞാൻ അതു സഹിച്ചും ക്ഷമിച്ചും കഴിയണം എന്നായിരുന്നു അവരുടെ പക്ഷം.”
അനീറ്റയുടെ അനുഭവം വ്യക്തമാക്കുന്നതുപോലെ, ഭാര്യാമർദനം എന്നത് ഒരു ദാരുണസത്യമാണെന്നു വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടു തോന്നുന്നു. താൻ സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയോട് ഇത്രയും ക്രൂരമായി പെരുമാറാൻ ഒരു പുരുഷനെ പ്രേരിപ്പിക്കുന്നത് എന്താണ്? അക്രമത്തിന് ഇരയാകുന്നവരെ എങ്ങനെ സഹായിക്കാം?(g01 11/8)
[അടിക്കുറിപ്പുകൾ]
a ഈ ലേഖനപരമ്പരയിൽ പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
b അക്രമത്തിന് ഇരയാകുന്ന പുരുഷന്മാരും ഉണ്ടെന്ന വസ്തുത ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ വളരെ ഗുരുതരമായ പരിക്കുകൾ ഏൽക്കാൻ സാധ്യത കൂടുതലുള്ളത് സ്ത്രീകൾക്കാണെന്നു പഠനങ്ങൾ കാണിക്കുന്നു. അതുകൊണ്ട് ഈ ലേഖനങ്ങൾ സ്ത്രീകൾക്കെതിരെയുള്ള പീഡനത്തെ കുറിച്ചാണു ചർച്ച ചെയ്യുന്നത്.
[4-ാം പേജിലെ ചതുരം/ചിത്രം]
വീട്ടിനുള്ളിലെ അക്രമം—പ്രശ്നത്തിന്റെ വ്യാപ്തി
‘സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങളെ നിവാരണം ചെയ്യുന്നതു സംബന്ധിച്ച ഐക്യരാഷ്ട്ര പ്രഖ്യാപനം’ അനുസരിച്ച് “സ്ത്രീകൾക്കു നേരെയുള്ള അക്രമം” എന്ന പദപ്രയോഗം, “സ്വകാര്യ ജീവിതത്തിൽ ആയാലും പൊതു ജീവിതത്തിൽ ആയാലും സ്ത്രീകളുടെ ശാരീരികമോ ലൈംഗികമോ മാനസികമോ ആയ ദ്രോഹത്തിനോ ദുരിതത്തിനോ ഇടയാക്കുന്ന അല്ലെങ്കിൽ അതിലേക്കു നയിച്ചേക്കാവുന്ന ലിംഗഭേദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഏത് അക്രമ പ്രവൃത്തിയെയും കുറിക്കുന്നു. അത്തരം സംഗതികൾ ചെയ്യുമെന്ന ഭീഷണിയും ബലാത്ക്കാരമായ നിയന്ത്രണവും സ്വേച്ഛാധിപത്യപരമായ സ്വാതന്ത്ര്യ നിഷേധവും കൂടെ അതിൽ പെടുന്നു.” മറ്റു സംഗതികൾക്കു പുറമേ ഈ അക്രമത്തിൽ “മർദനം, പെൺകുട്ടികൾക്കു നേരെയുള്ള ലൈംഗിക പീഡനം, സ്ത്രീധന പീഡനം, വൈവാഹിക ബലാത്സംഗം, സ്ത്രീ ജനനേന്ദ്രിയ ഛേദനം, സ്ത്രീകൾക്കു ദോഷകരമായ മറ്റു പരമ്പരാഗത നടപടികൾ എന്നിങ്ങനെ കുടുംബത്തിലോ സമൂഹത്തിലോ നടക്കുന്ന ശാരീരികവും ലൈംഗികവും മാനസികവുമായ അക്രമങ്ങളും” ഉൾപ്പെടുന്നു.